close
Sayahna Sayahna
Search

കുഞ്ചമൺപോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ചാത്തനെസ്സേവിച്ചു പ്രത്യക്ഷമാക്കിയ പ്രസിദ്ധനായ കുഞ്ചമൺ പോറ്റിയും, ശ്രീപോർക്കലിയിൽപ്പോയി ഭ്രദ്രകാളിയെ സേവിച്ചു പ്രത്യക്ഷപ്പെടുത്തിയ വിശ്വവിശ്രുതനായ മറ്റപ്പള്ളിനമ്പൂരിപ്പാടും ഒരുകാലത്തു ജീവിച്ചിരുന്നവരാണു്. മറ്റപ്പള്ളിനമ്പൂരിപ്പാട്ടിലെ ഇല്ലപ്പേർ ആദ്യകാലത്തു് ‘മറ്റപ്പള്ളി’ എന്നു മാത്രമായിരുന്നു. ആ ഇല്ലത്തു നിന്നു് ഒരാൾ ശ്രീപോർക്കലിയിൽ പോയി ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷമാക്കി വന്നതിനാൽ അക്കാലം മുതൽ ഇല്ലപ്പേർ ‘ഭദ്രകാളിമറ്റപ്പള്ളി’ എന്നു പ്രസിദ്ധമായിത്തീർന്നു. അതിനാൽ എല്ലാവരും പറയുന്നതും ആ ഇല്ലത്തുള്ളവർ എഴുത്തുകുത്തുകളിൽ പേരുവയ്ക്കുന്നതുമെല്ലാം ഇന്നും ‘ഭദ്രകാളിമറ്റപ്പള്ളി നമ്പൂരി’ (പ്പാടു്) എന്നുതന്നെയാണു്.

സാക്ഷാൽ ഭദ്രകാളി മറ്റപ്പള്ളി നമ്പൂരിപ്പാടു് ഒരിക്കൽ ഒരു തോണിയിൽക്കയറി വേമ്പനാട്ടുകായലിൽക്കൂടി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. വൈക്കത്തു പടിഞ്ഞാറുവശത്തായപ്പോൾ അവിടെ ക്ഷേത്രത്തിൽ ഒരു പാണി കൊട്ടുന്നതു കേട്ടു. ആ പാണി ഒരു അസാധാരണരീതിയിൽ ആയിരുന്നതിനാൽ, “ശാസ്ത്രപ്രകാരം ഇത്ര ശരിയായി ഈ പാണി കൊട്ടുന്നതു് ആരാണെന്നറിയണം. ഇതു മനു‌ഷ്യരിലാരുമാണെന്നു തോന്നുന്നില്ല. ദേവന്മാരിൽ ആരെങ്കിലുമായിരിക്കണം. ഏതെങ്കിലും തോണി ഇവിടെ അടുക്കട്ടെ” എന്നു പറഞ്ഞു തോണി അടുപ്പിച്ചു നമ്പൂരിപ്പാടു കരയ്ക്കിറങ്ങി, കുളിയും കഴിച്ചു ക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടെ ഉൽസവകാലമായിരുന്നു. ഉൽസവബലിയുടെ പാണികൊട്ടാണു് നമ്പൂരിപ്പാടു് കേട്ടതു്. ആ പാണി കൊട്ടിയിരുന്നതു ഒരു സ്ത്രീയായിരുന്നു.

വൈക്കത്തുക്ഷേത്രത്തിൽ പ്രവൃത്തിക്കാരും അവകാശികളുമായവരിൽ ഒരു മാരാന്റെ വീട്ടിൽ ഒരുകാലത്തു പുരു‌ഷന്മാരാരുമില്ലാതെയായിത്തീർന്നു. ഒരു സ്ത്രീയും രണ്ടുമൂന്നു പെൺകുട്ടികളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അവർക്കു പതിവായി ക്ഷേത്രത്തിൽനിന്നുള്ള ചോറല്ലാതെ ഉപജീവനത്തിനു യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. ആ വീട്ടുകാർ ക്ഷേത്രത്തിൽ പ്രതിദിനം നടത്തേണ്ടുന്ന കൊട്ടു്, പാട്ടു് മുതലായ പ്രവൃത്തികൾ ആ സ്ത്രീ ശേ‌ഷമുള്ള മാരാന്മാരോടു നല്ലവാക്കു പറഞ്ഞു അവരെക്കൊണ്ടു നടത്തിച്ചു ചോറു വാങ്ങി ഉപജീവനം കഴിച്ചുവന്നു.

Chap18pge136.png

അങ്ങനെയിരിക്കുമ്പോൾ ഒരുൽസവകാലത്തു് അവിടെ ശേ‌ഷമുള്ള മാരാന്മാരെല്ലാവരുംകുടി, ആ സ്ത്രീയുടെ വീട്ടിൽനിന്നു നടത്തേണ്ടുന്ന പ്രവൃത്തികൾ നടത്താതെ മുട്ടിച്ചാൽ അവർക്കുള്ള അവകാശം പോവുകയും ആ അവകാശവും അതിനുള്ള ആദായങ്ങളും കൂടി തങ്ങൾക്കു കിട്ടുകയും ചെയ്യുമല്ലോ എന്നു വിചാരിച്ചു് അവരുടെ ആൾപ്പേരായി ആരും അടിയന്തിരം നടത്തിക്കൊടുക്കരുതെന്നു പറഞ്ഞു നിശ്ചയിച്ചു. പിന്നെ അവർ എല്ലാവരുംകൂടി ആ സ്ത്രീയെ വിളിച്ചു്, “നിങ്ങളുടെ ആൾപ്പേരായിട്ടു ക്ഷേത്രത്തിലെ പ്രവൃത്തികൾ നടത്താൻ ഞങ്ങൾക്കാർക്കും മനസ്സില്ല. നാളെ ഉൽസവബലിയാണു്. അതിന്റെ പാണി നടത്തുന്നതിനുള്ള പ്രധാന ചുമതല നിങ്ങളുടെ തറവാട്ടേക്കാണല്ലോ. അതിനാൽ ആരെയെങ്കിലും വരുത്തി അടിയന്തിരം നടത്തിച്ചുകൊള്ളണം. അല്ലെങ്കിൽ അടിയന്തിരം മുട്ടും. ഞങ്ങൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു” എന്നു പറയുകയും ചെയ്തു. അന്നു വൈക്കത്തു പേരുംതൃക്കോവിൽ ക്ഷേത്രം ചില നമ്പൂരിമാരുടെ ഊരാൺമയോടും രാജ്യാധിപതിയായ വടക്കുംകൂർ രാജാവിന്റെ മേങ്കോയിമ്മസ്ഥാനത്തോടും കൂടിയായിരുന്നതിനാൽ ആ മാരാന്മാർ ആ സ്ത്രീയുടെ ആൾപ്പേരായി ക്ഷേത്രത്തിലെ അടിയന്തിരങ്ങൾ നടത്താൻ തങ്ങൾക്കു മനസ്സില്ലെന്നുള്ള വിവരം ഊരാൺമക്കാരുടെയും രാജാവിന്റെയും അടുക്കലും കൂടി പറയുകയും ചെയ്തു. ആ സാധുസ്ത്രീ വളരെ താഴ്മയോടുകൂടി പലവിധത്തിൽ പറഞ്ഞിട്ടും ദുഷ്ടന്മാരും ദുരാഗ്രഹികളുമായ മാരാന്മാർ സമ്മതിച്ചില്ല. ആൾപ്പേരായിട്ടു് അടിയന്തിരം നടത്താൻ മനസ്സില്ലെന്നുതന്നെ അവർ വീണ്ടും തീർച്ചയായിട്ടു പറഞ്ഞു. അപ്പോഴേക്കും സൂര്യൻ അസ്തമിക്കാറായിരുന്നതിനാൽ പിറ്റേദിവസത്തേക്കു ദൂരസ്ഥലങ്ങളിൽ നിന്നു് ആളെ വരുത്തി അടിയന്തിരം നടത്തിക്കാൻ നിവൃത്തിയില്ലായിരുന്നു. പാണി പരിചയമുള്ള മാരാന്മാർ അടുക്കലെങ്ങും വേറെ ഉണ്ടായിരിന്നുമില്ല. ആകപ്പാടെ ആ സ്ത്രീ വിചാരവും വി‌ഷാദവും കൊണ്ടു പരവശയായിത്തീർന്നു. അവർ വ്യസനംകൊണ്ടു് അത്താഴമുണ്ണാതെ, “എന്റെ പെരുതൃക്കോവിലപ്പാ! അന്നദാനപ്രഭോ! എന്റെ ചോറു മുട്ടിക്കല്ലേ. ഇതിനു് അവിടുന്നുതന്നെ എന്തെങ്കിലും ഒരു മാർഗമുണ്ടാക്കിത്തരണേ. അല്ലാതെ ഞാൻവിചാരിച്ചിട്ടു് ഒരു നിവൃത്തിയും കാണുന്നില്ല” എന്നു പറഞ്ഞു കരഞ്ഞുംകൊണ്ടു് പോയിക്കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ ഉറങ്ങുകയും ഉറക്കത്തിൽ അവർക്കു്, “നീ ഒട്ടും വ്യസനിക്കേണ്ടാ. നീ ഇപ്പോൾ ഗർഭം ധരിച്ചിട്ടുണ്ടു്. നിന്റെ ഉദരത്തിൽ കിടക്കുന്നതു് ഒരു പുരു‌ഷപ്രജയാണു്. അതിനാൽ നാളെ ഉൽസവബലിക്കു നീതന്നെ പാണി കൊട്ടിയാൽ മതി. നീ രാവിലെ കുളിച്ചു ക്ഷേത്രത്തിൽ ചെല്ലണം. അപ്പോൾ പാണി കൊട്ടാനുള്ള എണ്ണങ്ങളെല്ലാം നിനിക്കു ഞാൻ തോന്നിച്ചുതന്നു കൊള്ളാം.” എന്നു പെരുംതൃക്കോവിലപ്പന്റെ ദർശനമുണ്ടാവുകയും ചെയ്തു. അപ്രകാരംതന്നെ ഉൽസവബലിക്കു് ഈ സ്ത്രീയെക്കൊണ്ടു് പാണികൊട്ടിച്ചു കൊള്ളണമെന്നു രാജാവിനും ഊരാൺമക്കാർക്കും തന്ത്രിക്കുംകൂടി അന്നു ദർശനമുണ്ടായി. അതിനാൽ പിറ്റേദിവസം രാവിലെ ആ സ്ത്രീ കുളിച്ചു് അമ്പലത്തിൽ ചെല്ലുകയും പാണി കൊട്ടിക്കൊള്ളുന്നതിനു രാജാവു മുതലായവർ അനുവദിക്കുകയും അവർ പാണി കൊട്ടിത്തുടങ്ങുകയും ചെയ്തു. ഇപ്രകാരമാണു് അന്നു് അവിടെ ഉൽസവബലിക്കു് ഒരു സ്ത്രീ പാണി കൊട്ടാനിടയായതു്.

ആ സ്ത്രീ കുളിച്ചു ക്ഷേത്രത്തിൽ ചെന്നതിന്റെ ശേ‌ഷം ഉൽസവബലി കഴിയുന്നതുവരെ അവർക്കു സുബോധമുണ്ടായിരുന്നില്ല. പെരുംതൃക്കോവിലപ്പൻ തോന്നിച്ചതുപോലെയൊക്കെ അവർ പ്രവർത്തിച്ചു എന്നേയുള്ളു. ഭഗവാൻ തോന്നിച്ചിട്ടു കൊട്ടിയ പാണി ശാസ്ത്രപ്രകാരവും അസാധാരണവുമായിരുന്നതു് ഒരത്ഭുതമല്ലല്ലോ. പാണി വിധിപ്രകാരമായിരുന്നതിനാൽ ഉൽസവബലി ഭുജിക്കുന്നതിനു ഭൂതങ്ങളും പ്രത്യക്ഷമായി വായും വിളർന്നുകൊണ്ടു് തന്ത്രിയുടെ അടുക്കലേക്കു് അടുത്തു തുടങ്ങി. അന്നു വൈക്കത്തു ക്ഷേത്രത്തിൽ തന്ത്രി ‘മേക്കാട്ടു നമ്പൂരി’ ആയിരുന്നു. അദ്ദേഹം ഉൽസവബലിയും മറ്റും ഒരുവിധം കഴിച്ചുകൂട്ടുമായിരുന്നു എന്നല്ലാതെ ദിവ്യമായ ആ പാണിക്കു ചേർന്നവിധം തൂവാൻ തക്കവണ്ണമുള്ള പഠിത്തവും പരിചയവും തപശ്ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭൂതങ്ങളെ പ്രത്യക്ഷമായി കണ്ടപ്പോഴേക്കും തന്ത്രി പേടിച്ചു വിറച്ചുതുടങ്ങി. ഉൽസവബലി വേണ്ടപോലെ ആയില്ലെങ്കിൽ ഭൂതങ്ങൾ തന്ത്രിയെക്കൂടി ഭക്ഷിച്ചുകളയുമെന്നു അദ്ദേഹത്തിനു തോന്നി. ഉടനെ തന്ത്രിനമ്പൂരി, നമ്പൂരിപ്പാടിനോടു് “നമ്പൂരി എന്നെ രക്ഷിക്കണം. അല്ലെങ്കിൽ ഇവർ ഇപ്പോൾ എന്നെ പിടിച്ചു ഭക്ഷിക്കും, ഈ ക്ഷേത്രത്തിലെ തന്ത്രം പകുതി ഞാൻനമ്പൂരിക്കു തന്നിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ നമ്പൂരിപ്പാടു താറുടുത്തു മണ്ഡപത്തിൽ ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്ത്രിനമ്പൂരി മേൽ പറഞ്ഞ പ്രകാരം അപേക്ഷിച്ചു പറഞ്ഞതുകേട്ടു് നമ്പൂരിപ്പാടു മണ്ഡപത്തിൽ നിന്നിറങ്ങിച്ചെന്നു കൈവട്ടകയും പൂപ്പാലികയും വാങ്ങി വിധി പ്രകാരം തൂവാനും ഭൂതങ്ങളെലാം പ്രത്യക്ഷമായി ഉൽസവബലി ഭുജിക്കാനും തുടങ്ങി. ഉൽസവബലി കഴിഞ്ഞപ്പോൾ ഭൂതങ്ങളെല്ലാം വളരെ തൃപ്തിയോടും സന്തോ‌ഷത്തോടുംകൂടി അന്തർധാനം ചെയ്യുകയും ചെയ്തു. ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷമാക്കിയ ആളും സകലശാസ്ത്രപാരംഗതനും നല്ല മന്ത്രവാദിയും തന്ത്രിയുമായ നമ്പൂരിപ്പാടു് ഭൂതങ്ങളെ ഭയപ്പെടാതെയിരുന്നതും അദ്ദേഹം ഉൽസവബലി കഴിച്ചിട്ടു ഭൂതങ്ങളെല്ലാം തൃപ്തിപ്പെടുകയും സന്തോ‌ഷിക്കുകയും ചെയ്തതും ഒരത്ഭുതമല്ലല്ലോ. ഇപ്രകാരമാണു് ഭദ്രകാളി മറ്റപ്പള്ളി നമ്പൂരിപ്പാട്ടിലെ തറവാട്ടേക്കു വൈക്കത്തെ തന്ത്രം പകുതി കിട്ടിയതു്. ഇപ്പോഴും വൈക്കത്തെ തന്ത്രം മേക്കാട്ടു നമ്പൂരിയും മറ്റപ്പള്ളി നമ്പൂരിപ്പാടും കൂടിയാണു് നടത്തിവരുന്നതു്.

സാക്ഷാൽ ഭദ്രകാളിമറ്റപ്പള്ളിനമ്പൂരിപ്പാടു വൈക്കത്തുക്ഷേത്രത്തിൽ തന്ത്രിയായി അവിടെ താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം കുഞ്ചമൺപ്പോറ്റി എവിടെയോ പോയി വരുംവഴി വൈക്കത്തു ചെന്നുചേർന്നു. ഊണു കഴിഞ്ഞു നമ്പൂരിപ്പാടും പോറ്റിയുംകൂടി ഓരോ വെടികൾ പറഞ്ഞുകൊണ്ടിരുന്ന മധ്യേ പ്രസംഗവശാൽ പോറ്റി, “ഒരു മൂർത്തിയെ സേവിക്കുകയാണെങ്കിൽ ചാത്തനെത്തന്നെ സേവിക്കണം. ചാത്തൻ പ്രസാദിച്ചാൽ സാധിക്കാത്ത കാര്യം യാതൊന്നുമില്ല” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞു പറഞ്ഞു് ഒടുക്കം അവർ തമ്മിൽ വാദം വലിയ കലശലായി. വാദം മുറുക്കമായപ്പോൾ പോറ്റി, “എന്നാൽ നമുക്കു് അതു് ഇപ്പോൾത്തന്നെ ഒന്നു പരീക്ഷിച്ചു നോക്കാം, നമുക്കു് അമ്പലത്തിലേക്കു പോകാം” എന്നും പറഞ്ഞു. “അങ്ങനെതന്നെ” എന്നു നമ്പൂരിപ്പാടും പറഞ്ഞു. രണ്ടുപേരുംകൂടി പോയി ക്ഷേത്രത്തിൽ മണ്ഡപത്തിൽ കേറിയിരുന്നു. ഉടനെ പോറ്റി, “ആരവിടെ മുറക്കാൻ കൊണ്ടുവരട്ടെ” എന്നു പറഞ്ഞു. അപ്പോൾ ഒരു കുട്ടിച്ചാത്തൻ ഒരു ഭൃത്യന്റെ വേ‌ഷത്തിൽ വെറ്റില തേച്ചു തെറുത്തു മുറുക്കാൻ തയ്യാറാക്കി പോറ്റിക്കു കൊണ്ടുചെന്നു കൊടുത്തു. ഉടനെ നമ്പൂരിപ്പാടു്, “കാളിയെവിടെ? മുറുക്കാൻ കൊണ്ടു വരട്ടേ” എന്നു പറഞ്ഞു. അപ്പോൾ സാക്ഷാൽ ഭദ്രകാളി അതിസുന്ദരിയായ മനു‌ഷ്യസ്ത്രീയുടെ വേ‌ഷത്തിൽ മുറുക്കാൻ തയ്യാറാക്കി നമ്പൂരിപ്പാട്ടിലേക്കും കൊണ്ടുചെന്നു കൊടുത്തു. ഉടനെ പോറ്റി, “ആരവിടെ, കോളാമ്പി കൊണ്ടുവരട്ടേ” എന്നു പറഞ്ഞു. അപ്പോൾ ഭൂസ്പർശം കൂടാതെ ഒരാളൊരു കോളാമ്പിയും കൊണ്ടു പോറ്റിയുടെ അടുക്കൽ ആവിർഭവിച്ചു. പോറ്റി ആ കോളാമ്പിയിൽ തുപ്പുകയും ആ ആൾ കോളാമ്പിയും കൊണ്ടു മേൾഭാഗത്തേക്കുപോയി അന്തർധാനം ചെയ്യുകയും ചെയ്തു. ഉടനെ നമ്പൂരിപ്പാടും “കാളിയെവിടെ? കോളാമ്പി കൊണ്ടുവരട്ടെ” എന്നു പറഞ്ഞു. അപ്പോൾ ഒരു സ്ത്രീ നിലം തൊടാതെ കോളാമ്പിയുംകൊണ്ടു നമ്പൂരിപ്പാട്ടിലെ അടുക്കൽ ചെല്ലുകയും നമ്പൂരിപ്പാടു് കോളാമ്പിയിൽ തുപ്പുകയും ആ സ്ത്രീയും മേൾഭാഗത്തേക്കു പോയി മറയുകയും ചെയ്തു. ഉടനെ കുഞ്ചമൺപോറ്റി നമ്പൂരിപ്പാടിനോടു്, “അവിടുന്നു തന്നെ ജയിച്ചു. ഞാൻമടങ്ങിയിരിക്കുന്നു. ഞാൻഇത്രത്തോളം വിചാരിച്ചിരുന്നില്ല” എന്നു സമ്മതിച്ചു യാത്രയും പറഞ്ഞു പോയി. ഉടനെ ഭദ്രകാളി, നമ്പൂരിപ്പാട്ടിലെ അടുക്കൽ വീണ്ടും ആവിർഭവിക്കുകയും “ഇപ്രകാരമുള്ള പ്രവൃത്തി എന്നെക്കൊണ്ടു ചെയ്യിച്ചു കളയാമെന്നു വിചാരിച്ചതു ശരിയായില്ല. ഈ വകയൊക്കെ എനിക്കു പ്രയാസമാണു്. അതിനാൽ ഇനി അവിടുന്നു് എന്നെക്കാണുകയില്ല. എങ്കിലും അങ്ങു് ന്യായമായി വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഇനിയും ഞാൻ സാധിപ്പിച്ചുതന്നു കൊള്ളാം” എന്നു് അരുളിചെയ്തിട്ടു മറയുകയും അന്നുമുതൽ ഭദ്രകാളി മറ്റപ്പള്ളിനമ്പൂരിപ്പാട്ടിലേക്കു ഭദ്രകാളി അപ്രത്യക്ഷമായി ഭവിക്കുകയും ചെയ്തു.