close
Sayahna Sayahna
Search

ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പ്പോൾ കുമാരനല്ലൂർ ഗ്രാമക്കാരനായിരിക്കുന്ന മങ്ങാട്ടു ഭട്ടതിരിയുടെ ഇല്ലം പണ്ടു് ചെങ്ങന്നൂർത്താലൂക്കിലുൾപ്പെട്ട “കാട്ടൂർ” ദേശത്തായിരുന്നു. അക്കാലത്തു് ആ ഇല്ലക്കാർ ധനപുഷ്ടികൊണ്ടും ദാനധർമ്മാദി കൊണ്ടും ഈശ്വരഭക്തികൊണ്ടും പ്രബലന്മാരും പ്രസിദ്ധന്മാരുമായിരുന്നു. ആ ഇല്ലത്തു തിരുവോണംതോറും മഹാവിഷ്ണുവിനെ പൂജിച്ചു നിവൃത്തിയുള്ളിടത്തോളം ബ്രഹ്മചാരികളായിട്ടുള്ള ബ്രാഹ്മണബാലന്മാരെ കാൽ കഴുകിച്ചൂട്ടുക പതിവായിരുന്നു. അങ്ങനെയിരുന്നപ്പോൾ ഒരു ചിങ്ങമാസത്തിൽ തിരുവോണത്തിനു കാൽ കഴുകിച്ചൂട്ടാൻ ബ്രഹ്മചാരികളെ ആരെയും കിട്ടിയില്ല. അവിടെ അടുക്കലൊക്കെ ബ്രാഹ്മണഗൃഹങ്ങൾ ധാരാളമുണ്ടായിരുന്നതിനാൽ തിരുവോണം തോറും ഉണ്ണാൻ പത്തും പന്ത്രണ്ടും ചിലപ്പോൾ അതിലധികവും ബ്രഹ്മചാരികൾ ഇവിടെ വരിക പതിവായിരുന്നു. ബ്രഹ്മചാരികൾ പതിവായി വരാറുള്ള സമയം കഴിഞ്ഞിട്ടും ആരെയും കാണാഞ്ഞിട്ടു ഗൃഹസ്ഥനായ മൂത്ത ഭട്ടതിരി ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ഉടനെ അദ്ദേഹം അടുക്കലുള്ള ഇല്ലങ്ങളിലെല്ലാം ചെന്നന്വേ‌ഷിച്ചിട്ടും ഒരു ബ്രഹ്മചാരിയെപോലും കിട്ടിയില്ല. എല്ലാവരും ദൂരസ്ഥലങ്ങളിലേക്കു പൊയ്പ്പോയിരുന്നു. തിരുവോണമൂട്ടു മുട്ടുമെന്നുതന്നെ ഏകദേശം തീർച്ചയാക്കിയതിനാൽ ഭട്ടതിരിക്കു മനസ്താപം ദുസ്സഹമായിത്തീർന്നു. വിഷ്ണുഭക്തശിരോമണിയും ശുദ്ധമാനസനും അത്യന്തം കൃത്യനിഷ്ഠയുള്ള ആളുമായ മൂത്ത ഭട്ടതിരി ദുഃഖം സഹിക്കവയ്യാതെയായി മഹാവിഷ്ണുവിനെത്തന്നെ മനസ്സിൽ സ്മരിച്ചുകൊണ്ടു് ഇല്ലത്തിന്റെ പുറന്തിണ്ണയിൽ കമഴ്ന്നടിച്ചുകിടന്നു കരഞ്ഞുതുടങ്ങി.

അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ മുറ്റത്തു നിന്നുകൊണ്ടു് ഒരാൾ “ഞാനൊരു വഴിപ്പോക്കനാണു്. ഇന്നു് ഊണു കഴിച്ചിട്ടില്ല. കുളിച്ചു വന്നാൽ ഇവിടെ ഊണു കഴിച്ചു പോകുവാൻ തരമാകുമോ?” എന്നു ചോദിക്കുന്നതു കേട്ടു ഭട്ടതിരി തലപൊക്കി നോക്കിയപ്പോൾ കണ്ടതു്, ഒരു ബ്രഹ്മചാരിയെത്തന്നെയായിരുന്നു. ഉടനെ ഭട്ടതിരി സീമാതീതമായ സന്തോ‌ഷത്തോടുകൂടി എണീറ്റു് “ഹേ! വളരെ വളരെ സന്തോ‌ഷമായി. ഇവിടെയിന്നു തിരുവോണത്തിനു കാൽ കഴുകിച്ചൂട്ടാൻ ഒരു ബ്രഹ്മചാരിയെ കിട്ടാഞ്ഞിട്ടു ഞാൻ വി‌ഷാദിച്ചു കിടക്കുകയായിരുന്നു. ഉണ്ണിയെ ഇപ്പോൾ ഇവിടേക്കു പറഞ്ഞയച്ചതു സാക്ഷാൽ മഹാവിഷ്ണു തന്നെയാണു്. അഥവാ മഹാവിഷ്ണു ഭഗവാൻ തന്നെ എന്റെ സങ്കടമറിഞ്ഞു സദയം ഉണ്ണിയുടെ വേ‌ഷം ധരിച്ചു് ഇവിടെ വന്നിരിക്കുകയല്ലയോ എന്നുകൂടി ഞാൻ സംശയിക്കുന്നു. ഏതെങ്കിലും ഇതൊരു മഹാഭാഗ്യമായി. ഇവിടെ ഊണിനെല്ലാം കാലമായിട്ടുണ്ടു്. ഉണ്ണി കുളിച്ചുവരാത്ത താമസമേ ഉള്ളു. എന്നാൽ വെറും കുളിയായാൽപ്പോരാ; തേച്ചുകുളിക്കണം; അങ്ങനെയാണു് ഇവിടെ പതിവു്” എന്നു പറഞ്ഞു് എണ്ണ, ഇഞ്ചി മുതലായവയെലാം ക്ഷണത്തിൽ എടുത്തുകൊണ്ടുചെന്നു കൊടുത്തു. ബ്രഹ്മചാരി സസന്തോ‌ഷം അവയെല്ലാം വാങ്ങിക്കൊണ്ടു പുഴക്കടവിൽപ്പോയി ക്ഷണത്തിൽ തേച്ചുകുളി കഴിച്ചു വരികയും ഭട്ടതിരി ആ ഉണ്ണിയെ മുറയ്ക്കു് കാലു കഴുകിച്ചു് ഊട്ടുകയും പതിവിലിരട്ടി രണ്ടു പണം ദക്ഷിണ ചെയ്യുകയും ചെയ്തു. ഊണിന്റെ വട്ടം വളരെ കേമമായിരുന്നു. എല്ലാ തിരുവോണത്തിനും അവിടെ ഊണു ചതുർവ്വിധ വിഭവങ്ങളോടുകൂടിയാണു് പതിവു്. അന്നു വിശേ‌ഷിച്ചു് ചിങ്ങമാസത്തിൽ തിരുവോണമായിരുന്നതിനാൽ ഭക്ഷണത്തിന്റെ വട്ടം കെങ്കേമമാക്കിയിരുന്നു.

Chap96pge860.png

ഊണു കഴിഞ്ഞപ്പോൾ ബ്രഹ്മചാരി “ഹേ മൂസ്സു് ഭക്ഷണം വളരെക്കേമവും സുഖവുമായി. ഞാൻ ഭംഗി പറയുകയാണെന്നു വിചാരിക്കരുതു്. വാസ്തവമാണു ഞാൻ പറയുന്നതു്. ഇത്രയൊന്നും ഞാൻ വിചാരിച്ചിരുന്നില്ല. എന്നാൽ ഊണു സുഖമായതു് വിഭവങ്ങളുടെ ധാരാളിത്വവും പാചക ഗുണവും കൊണ്ടു മാത്രമല്ല, നിങ്ങളുടെ മനോഗുണം കൊണ്ടു കൂടിയാണു്. വെളുത്ത ചോറും കറുത്ത മുഖവുമായിരുന്നാൽ ഊണു സുഖവുമാവുകയില്ല. വലിയ വട്ടമൊന്നുമില്ലെങ്കിലും ഉള്ളതു മനസ്സോടും സന്തോ‌ഷത്തോടുകൂടി കൊടുത്താൽ ഉണ്ണുന്നവർക്കു തൃപ്തിയാകും. ഇപ്രകാരം തിരുവോണമൂട്ടിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ കുടുംബത്തിൽ ഒരു കാലത്തും സന്തതിയില്ലാതെ വരികയില്ല. എന്നാൽ ഇനി പിന്നെക്കാണാം. എനിക്കു പല ബദ്ധപ്പാടുകളുള്ളതുകൊണ്ടു് താമസിക്കാൻ നിവൃത്തിയില്ല” എന്നു പറഞ്ഞു യാത്രയായപ്പോൾ മൂത്ത ഭട്ടതിരി “വർത്തമാനമൊന്നും പറഞ്ഞില്ലല്ലോ. ഉണ്ണി എവിടെയുള്ള ഏതില്ലത്തേതാണെന്നു തന്നെ എനിക്കു മനസ്സിലായില്ല. നിവൃത്തിയുണ്ടെങ്കിൽ എല്ലാ തിരുവോണത്തിനും ഇവിടെ വന്നാൽ കൊള്ളാം” എന്നു പറഞ്ഞു. അതു കേട്ടു ബ്രഹ്മചാരി “വർത്തമാനമൊക്കെ താമസിയാതെ അറിയിച്ചു കൊള്ളാം. ഇപ്പോൾ എനിക്കു താമസിക്കാൻ നിവൃത്തിയില്ല. എല്ലാ തിരുവോണത്തിനും ഇവിടെ വരുന്ന കാര്യം അസാധ്യമാണു്. എങ്കിലും ചിങ്ങമാസത്തിൽ തിരുവോണത്തിനു് ഇനി ആണ്ടുതോറും ഭട്ടതിരിയുടെ അന്നം തന്നെ ഭക്ഷിക്കണമെന്നാണു് എന്റെ ആഗ്രഹം. എന്നാൽ പിന്നെക്കാണം” എന്നു പറഞ്ഞു പുഴക്കടവിൽച്ചെന്നു തടിക്കച്ചവടക്കാർ പുഴയിൽ കൂടി കൊണ്ടുപൊയ്ക്കൊണ്ടിരുന്ന ഒരു തടിച്ചങ്ങാടത്തിൽ കയറി അവിടെനിന്നു പോയി.

അടുത്ത കൊല്ലം ചിങ്ങമാസത്തിൽ തിരുവോണത്തിനു് ഏതാനും ദിവസങ്ങൾക്കും മുമ്പു് ഒരു ദിവസം രാത്രിയിൽ മങ്ങാട്ടൂ മൂത്ത ഭട്ടതിരി കിടന്നുറങ്ങിയപ്പോൾ ഒരു സ്വപ്നം കണ്ടു. മുൻകൊല്ലം ചിങ്ങമാസത്തിൽ തിരുവോണ ദിവസം ഇല്ലത്തു വന്നു് ഊണുകഴിച്ചുപോയ ബ്രഹ്മചാരി തന്റെ അടുക്കൽ വന്നു് “അടുത്ത ചിങ്ങമാസത്തിൽ തിരുവോണത്തിനു് ഉണ്ണാൻ ഇല്ലത്തു വരാൻ എനിക്കു നിവൃത്തിയില്ല. അതിനാൽ ഇന്നു് എനിക്കു് ഭക്ഷണത്തിനു വേണ്ടുന്നതെല്ലാം ഞാനിരിക്കുന്ന സ്ഥലത്തു കൊണ്ടു വരണം. ആ ഒരു ദിവസം ഞാൻ ഭട്ടതിരിയുടെ അന്നമല്ലാതെ ഭക്ഷിക്കുകയില്ലെന്നു പറഞ്ഞിട്ടുണ്ടല്ലോ. ഞാനിപ്പോൾ താമസിക്കുന്നതു് ആറന്മുള ക്ഷേത്രത്തിലാണു്. അതിനാൽ ആ ക്ഷേത്രത്തിൽ ഒരു ദിവസത്തെ പൂജ മുതലായവയ്ക്കു വേണ്ടുന്ന സകല സാധനങ്ങളും ഭട്ടതിരി അവിടെ കൊണ്ടുവന്നു സകലകാര്യങ്ങളും വീഴ്ച കൂടാതെ നടത്തിക്കൊള്ളണം” എന്നു പറഞ്ഞു എന്നായിരുന്നു സ്വപ്നം. ഉടനെ ഭട്ടതിരി ഉണർന്നു കണ്ണു തുറന്നുനോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല.

അടുത്ത ദിവസം തന്നെ ഭട്ടതിരി അതിസമർത്ഥനായ ഒരു പ്രശ്നക്കാരനെ വരുത്തി പ്രശ്നംവെയ്പ്പിച്ചുനോക്കിയപ്പോൾ കഴിഞ്ഞ കൊല്ലം ചിങ്ങമാസത്തിൽ തിരുവോണ ദിവസം ബ്രഹ്മചാരിയുടെ വേ‌ഷത്തിൽ ഇല്ലത്തു് വന്നു ഊണൂ കഴിച്ചു പോയതും സ്വപ്നത്തിൽ കാണപ്പെട്ടതും ആറന്മുളദേവൻ തന്നെയാണെന്നും ഭഗവാൻ അരുളിച്ചെയ്ത പ്രകാരമെല്ലാം ചെയ്തില്ലെങ്കിൽ ദേവന്റെ കോപവും ചെയ്താൽ മേൽക്കുമേൽ ശ്രേയസ്സുമുണ്ടാകുമെന്നും പ്രശ്നക്കാരൻ വിധിച്ചു. അതിനാൽ ഭട്ടതിരി ഭഗവാനരുളി ചെയ്തപ്രകാരം നടത്തുന്നതിനു വേണ്ടതെല്ലാമൊരുക്കിത്തുടങ്ങി.

ഇപ്രകാരമുള്ള കാര്യങ്ങൾ നടത്തുന്നതിനു മങ്ങാട്ടു ഭട്ടതിരിക്കു യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. ചെങ്ങന്നൂർ താലൂക്കിലുൾപ്പെട്ട കാട്ടൂർ, അയിരൂർ എന്നി രണ്ടു ദേശങ്ങളിലുള്ള സ്ഥാവരവസ്തുക്കളെല്ലാം അക്കാലത്തു ഭട്ടതിരിയുടെ വകയും ജനങ്ങളെല്ലാം ഭട്ടതിരിയുടെ കൊഴുവ(കുടിയാന്മാ)രുമായിരുന്നു. ആ രണ്ടു കരകളിലും ഭട്ടതിരിക്കു നെൽപ്പുരകളും മഠങ്ങളുമുണ്ടായിരുന്നു. ചിങ്ങമാസത്തിൽ ഉത്രാടത്തുന്നാൾ ഭട്ടതിരി കാട്ടൂർ മഠത്തിൽച്ചെന്നിരിക്കുകയും കുടിയാന്മാരെല്ലാവരും ഓണക്കാഴ്ചയായി നേന്ത്രക്കുല, ചേന, മത്തങ്ങ മുതലായ സാധനങ്ങൾ അവിടെ ക്കൊണ്ടുചെന്നു കൊടുക്കുകയും കുടിയാന്മാർക്കു ഓണച്ചെലവു വകയ്ക്കുള്ള നെല്ലു് ഭട്ടതിരി നെൽപ്പുരയിൽനിന്നു യഥായോഗ്യം കൊടുപ്പിക്കുകയും പതിവായിരുന്നു.

ആറന്മുളദേവനു ചിങ്ങമാസത്തിൽ തിരുവോണത്തുന്നാൾ നിവേദ്യത്തിനു് അമ്പുതുപറ അരിയാണു് പതിവു്. ആ ദിവസം ഉണ്ണാനായി ക്ഷേത്ര സന്നിധിയിൽ ചെല്ലുന്നവർക്കെല്ലാം ഭക്ഷണം കൊടുക്കണമെന്നാണു് ചട്ടം. അതിനു നിവേദ്യച്ചോറുതന്നെയാണു് പതിവു്. സാമാന്യംപോലെ ഒരു ഊണിന്റെ വട്ടങ്ങളുമുണ്ടായിരിക്കണം. ഈ വകയ്ക്കു് വേണ്ടുന്നവയെല്ലാം ഭട്ടതിരി കുടിയാന്മാർ മുഖാന്തരം ഉത്രാടത്തുന്നാൾ ഉച്ചയ്ക്കു് മുമ്പായി കാട്ടൂർ മഠത്തിൽ വരുത്തി ശേഖരിച്ചു. ഓണക്കാഴ്ച വക സാമാനങ്ങൾ ധാരാളമായി വന്നിട്ടുണ്ടായിരുന്നതിനാൽ കറിക്കോപ്പുകളൊന്നും വേറെ അന്വേ‌ഷിക്കേണ്ടതായിട്ടുണ്ടായിരുന്നില്ല.

ഉത്രാടത്തുന്നാൾ രാത്രിയിൽ ക്ഷേത്രത്തിലെ ഊരാളന്മാർ മുതലായവർക്കും ഒരു സ്വപ്നമുണ്ടായി. അതു്, “നാളെ ക്ഷേത്രത്തിൽ പൂജ മുതലായവയ്ക്കു വേണ്ടുന്നതെല്ലാം മങ്ങാട്ടു ഭട്ടതിരി ഇവിടെക്കൊണ്ടുവന്നു സകല കാര്യങ്ങളും അദ്ദേഹം നടത്തിക്കൊള്ളും നാളെ ക്ഷേത്ര കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം നടത്തികൊള്ളണം” എന്നായിരുന്നു.

ഉത്രാടത്തുന്നാൾ അത്താഴം കഴിഞ്ഞു മങ്ങാട്ടു ഭട്ടതിരി നിവേദ്യത്തിനുള്ള അമ്പതുപറ ഉണക്കലരിയും കറിക്കോപ്പുകളും വിറകു മുതലായ വയുമെല്ലം വള്ളങ്ങളിലാക്കികൊണ്ടും ഭട്ടതിരിയും ഭൃത്യന്മാരുമെല്ലാം വള്ളങ്ങളിൽക്കയറി, വഞ്ചിപ്പാട്ടും ആർപ്പുവിളിയും വാദ്യഘോ‌ഷങ്ങളും പൊടിപൊടിച്ചുകൊണ്ടും കാട്ടൂർമഠക്കടവിൽനിന്നു പുറപ്പെട്ടു്, വെളുപ്പാൻ കാലത്തു് ഏഴര നാഴിക വെളുപ്പാനുള്ളപ്പോൾ ആറന്മുള അമ്പലക്കടവിലെത്തുകയും ഉടനെ ഭൃത്യന്മാർ മുതലായവർ കുളിച്ചു സാമാനങ്ങളെല്ലാമെടുത്തു് അമ്പലത്തിലേക്കു കൊണ്ടുപോകുകയും ഭട്ടതിരി കുളിച്ചു് തറ്റുടുത്തു് അമ്പലത്തിലെത്തുകയും ചെയ്തു. പിന്നെ ക്ഷേത്രത്തിൽ പള്ളിയുണർത്തുക മുതലായ സകല കാര്യങ്ങളും ഭട്ടതിരിയുടെ അനുവാദ പ്രകാരം നടത്തപ്പെട്ടു. അന്നു് അത്താഴശ്ശീവേലി വരെയുള്ള സകല കാര്യങ്ങളും മുറയ്ക്കു് നടത്തിയതിന്റെ ശേ‌ഷം ഭട്ടതിരി സപരിവാരം കാട്ടൂരേയ്ക്കു മടങ്ങിപ്പോരികയും ഇപ്രകാരം അദ്ദേഹം ആണ്ടുതോറും ശരിയായി നടത്തിക്കൊണ്ടിരിക്കുകയും അതവിടെ ഒരു പതിവായിത്തീരുകയും ഭട്ടതിരിക്കു ശ്രേയസ്സു ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

അക്കാലത്തു് കാട്ടൂർ, അയിരൂർ മുതലായ പ്രദേശങ്ങളിൽ മങ്ങാട്ടു ഭട്ടതിരിയുടെ സ്വജനങ്ങളായ നമ്പൂരിമാരുടെ ഇല്ലങ്ങൾ ധാരാളമുണ്ടായിരുന്നു. ആ ഇല്ലക്കാരുടെ മനസ്സു് ഒട്ടും നല്ലതല്ലായിരുന്നു. ഭട്ടതിരിക്കു ഐശ്വര്യവും യശസ്സും പ്രതിദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നതു് കണ്ടിട്ടു് അവർക്കു സഹിക്കവയ്യതെയുള്ള അസൂയയുണ്ടായി. അതിനാലവർ നിവൃത്തിയുള്ളിടത്തോളം ഓരോ വിധത്തിൽ ഭട്ടതിരിയെ ഉപദ്രവിച്ചു തുടങ്ങി. അതു ഭക്തവത്സലനായ ആറന്മുളയപ്പനു് ഒട്ടും രസിച്ചില്ല. അതിനാൽ ഭഗവാന്റെ കോപം ആ ഇല്ലക്കാരുടെ മേൽ കലശലായിട്ടുണ്ടായി. അതുനിമിത്തം ആ ഇല്ലക്കാർ ക്രമേണ നശിച്ചു നശിച്ചു് ഒടുക്കം നാമാവശേ‌ഷന്മാരായിത്തീർന്നു. അതും ഒരു വിധത്തിൽ ഭട്ടതിരിക്കു ഉപദ്രവമായിട്ടാണു് തീർന്നതു്. ശ്രാദ്ധാദികൾക്കും മറ്റും സമീപത്തു സ്വജനങ്ങളില്ലാതെയിരുന്നാൽ ജാതിമര്യാദപ്രകാരം കഴിഞ്ഞുകൂടാൻ വളരെ പ്രയാസമായിത്തീരുമല്ലോ.

ദൂരസ്ഥലങ്ങളിൽ നിന്നു് ആളുകളെ വരുത്തി ശ്രാദ്ധാദികളും മറ്റും നടത്തുന്നതിനുള്ള ബുദ്ധിമുട്ടും ചെലവും ക്രമത്തിലധികം വർദ്ധിക്കുകയും ചിലപ്പോൾ ചില അടിയന്തിരങ്ങൾ മുട്ടുകയും ചെയ്തുതുടങ്ങിയപ്പോൾ ഭട്ടതിരിക്കു വളരെ മനസ്താപമുണ്ടായി. ഭട്ടതിരിയും അദ്ദേഹത്തിന്റെ ഇല്ലത്തുള്ളവരെല്ലാവരും ആറന്മുള ദേവനെ തങ്ങളുടെ കുടുംബപരദേവതയായി വിചാരിക്കുകയും ആചരിക്കുകയും ചെയ്തുകൊണ്ടാണിരുന്നതു്. ആ ഇല്ലത്തുള്ളവർ കൂടെക്കൂടെ ആറന്മുളപോയി സ്വാമിദർശനം നടത്തുകയും വഴിപാടുകൾ കഴിക്കുകയും ചെയ്തിരുന്നു. ഈ ദേശം വിട്ടു സ്വജനങ്ങളുള്ള ദൂരസ്ഥലങ്ങളിൽപ്പൊയി താമസിച്ചാൽപ്പിന്നെ അതിനൊന്നിന്നും അത്ര എളുപ്പമില്ലല്ലോ എന്നു വിചാരിച്ചും അവർക്കു വളരെ മനസ്താപമുണ്ടായി.

അങ്ങനെയിരിക്കുന്ന കാലത്തു് അന്നത്തെ മൂത്ത ഭട്ടതിരിക്കു ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ അടുക്കൽച്ചെന്നു് ഒരാൾ “സ്വജനങ്ങളില്ലാത്ത ഈ ദിക്കിൽ താമസിച്ചു് അങ്ങു കഷ്ടപ്പെടണമെന്നില്ല. എന്നെക്കുറിച്ചു വിചാരിച്ചും അങ്ങു വി‌ഷാദിക്കേണ്ടാ. എന്റെ സഹോദരിയായ കാർത്ത്യായനി അധിവസിക്കുന്ന സ്ഥലമായ കുമരനല്ലൂർ പോയി അങ്ങു കുടുംബസഹിതം താമസിച്ചുകൊള്ളണം. അവിടെ സ്വജനങ്ങൾ ധാരാളമുണ്ടല്ലോ. കുടുംബസഹിതം അങ്ങു താമസിക്കുന്ന സ്ഥലത്തു് എന്നെ കുടിയിരുത്തി ഭക്തിപൂർവം പൂജിച്ചുകൊണ്ടാൽ എന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കും. ഇവിടെ വരുന്നതിനുപകരം എന്നെ അവിടെ സേവിക്കുകയും വന്ദിക്കുകയും ചെയ്താൽ മതി. അതുകൊണ്ടു് ഞാൻ പ്രസാദിക്കുകയും സകലാഭീഷ്ടങ്ങളും സാധിപ്പിക്കുകയും ചെയ്തു കൊള്ളാം. എന്നാൽ ചിങ്ങമാസത്തിൽ തിരുവോണത്തിനു് എന്റെ അടുക്കൽ വന്നു് ഇപ്പോൾ നടത്തിപ്പോരുന്നതു പോലെയെല്ലാം എന്നും നടത്തണം. അതു വേണ്ടെന്നുവെയ്ക്കാൻ പാടില്ല. അതിനു് ഈ ഇല്ലത്തു നിന്നു് ഒരാൾ വന്നാൽ മതിയല്ലോ” എന്നു പറഞ്ഞു എന്നായിരുന്നു സ്വപ്നം. ആ മൂത്ത ഭട്ടതിരിയും കണ്ണു തുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. അതിനാലദ്ദേഹം അടുത്ത ദിവസംതന്നെ ഒരു പ്രശ്നക്കാരനെ വരുത്തി പ്രശ്നം വെയ്പ്പിച്ചു നോക്കുകയും സ്വപ്നം കാണിച്ചതു് ആറന്മുളയപ്പൻ തന്നെയാണെന്നു പ്രശ്നക്കാരൻ വിധിക്കുകയും ചെയ്തു.

അനന്തരം മങ്ങാട്ടു ഭട്ടതിരി കുമാരനല്ലൂർദേശത്തു വന്നു് തനിക്കു് ഇല്ലം പണിയിച്ചു് പാർക്കുന്നതിനു് ഒരു പുരയിടം വാങ്ങി കൈവശപ്പെടുത്തിയതിന്റെ ശേ‌ഷം വീണ്ടും കാട്ടൂരേക്കു പോയി. അവിടെച്ചെന്നു് അദ്ദേഹത്തിനു് കാട്ടൂർ, അയിരൂർ എന്നീ ദേശങ്ങളിലുണ്ടായിരുന്ന സകല സ്ഥാവരവസ്തുക്കളും ആറന്മുള ദേവസ്വത്തിലേക്കു് എഴുതിക്കൊടുക്കുകയും ഈ വസ്തുക്കളിൽ നിന്നുള്ള ആദായം കൊണ്ടു് താൻ ചിങ്ങമാസത്തിൽ തിരുവോണദിവസം ക്ഷേത്രത്തിൽ നടത്തിവരുന്ന അടിയന്തിരങ്ങളും ദേവസ്വക്കാർ വട്ടംകൂട്ടി നടത്തിക്കൊള്ളണമെന്നും താൻ ഉത്രാടത്തുന്നാൾ കാട്ടൂർ മഠത്തിലെത്തുമെന്നും അപ്പേഴേക്കും പതിവു പോലെ സകലസാധനങ്ങളും അവിടെ ശേഖരിച്ചിരിക്കണമെന്നും അടിയന്തിരം കഴിച്ചു ബാക്കിവരുന്ന പണം കണക്കുതീർത്തു തനിക്കു തരണമെന്നും പറഞ്ഞു ചട്ടംകെട്ടീട്ടു് ഇല്ലം പൊളിപ്പിച്ചു വള്ളങ്ങളിലാക്കി കൊണ്ടു് അദ്ദേഹം കുടുംബസഹിതം കുമാരനല്ലൂർക്കു പോന്നു.

കുമാരനല്ലൂരെത്തി അദ്ദേഹം സ്വജനങ്ങളിലൊരാളുടെ ഇല്ലത്തു കുടുംബസഹിതം താമസിച്ചുകൊണ്ടു താൻ വാങ്ങിയിരുന്ന പുരയിടത്തിൽ ഇല്ലം പണി കഴിപ്പിച്ചു് പുണ്യാഹം, പാലുകാച്ചു മുതലായവ നടത്തി സുമുഹൂർത്തത്തിൽ കുടുംബസഹിതം അവിടെത്താമസവും തുടങ്ങി. ചെങ്ങന്നൂർ താലൂക്കിൽച്ചേർന്ന കാട്ടൂർ ദേശത്തു താമസിച്ചിരുന്ന മങ്ങാട്ടു ഭട്ടതിരി കുടുംബസഹിതം കുമാരനല്ലൂർദേശത്തു വന്നു താമസമായതു് ഇങ്ങനെയാണു്.

മങ്ങാട്ടു ഭട്ടതിരി കുമാരനല്ലൂർദേശത്തു വന്നു താമസമായതിന്റെ ശേ‌ഷം, പാർത്ഥസാരഥിയായ ആറന്മുളദേവന്റെ ഒരു വിഗ്രഹമുണ്ടാക്കിച്ചു് യഥാവിധി ഇല്ലത്തു കുടിയിരുത്തി ഭക്തിപൂർവ്വം പൂജിച്ചു് സേവിച്ചു തുടങ്ങി. അങ്ങനെ ഇപ്പോഴും ചെയ്തുവരുന്നുമുണ്ടു്. ആറന്മുളദ്ദേവന്റെ സാന്നിദ്ധ്യം വേണ്ടതുപോലെ ഇവിടെ ഉണ്ടായിട്ടുണ്ടെന്നതിലേക്കു് അനേകം ദൃഷ്ടാന്തങ്ങൾ കണ്ടിട്ടുണ്ടെന്നല്ല, ഇപ്പോഴും കണ്ടുകൊണ്ടുമാണിരിക്കുന്നതു്. ചിലർ ചില കാര്യങ്ങൾക്കായി ആറന്മുളദ്ദേവനു പന്തിരുനാഴി, ചതുശ്ശതം മുതലായ ചില വഴിപാടുകൾ പ്രാർത്ഥിച്ചിട്ടു് അവിടെച്ചെന്നു നടത്താൻ പ്രയാസമായിത്തീരുകയാൽ അവ മങ്ങാട്ടു ഭട്ടതിരിയുടെ ഇല്ലത്തുവെച്ചു നടത്താറുണ്ടു്. എന്നാൽ പിന്നീടു പ്രശ്നം വെയ്പിച്ചു നോക്കിയാൽ ഇതുകൊണ്ടു് ആറന്മുളദ്ദേവനു തൃപ്തിയായി എന്നല്ലാതെ ഒരിക്കലും കാണാറില്ല.

ഊരാളന്മാരുടെ വകയായിരുന്ന ആറന്മുളക്ഷേത്രം, തിരുവിതാംകൂർ സർക്കാർ വകയായതിന്റെ ശേ‌ഷവും അവിടെ മങ്ങാട്ടു ഭട്ടതിരിയുടെ പതിവുകൾക്കൊന്നിന്നും യാതൊരു ഭേദഗതിയും വന്നിട്ടില്ല. ഇപ്പോഴും അവയെല്ലാം ശരിയായിത്തന്നെ നടന്നു പോരുന്നുണ്ടു്. ഇപ്പോഴും ഭട്ടതിരി ചിങ്ങമാസത്തിലുത്രാടത്തുന്നാൾ കാട്ടൂർ മഠത്തിലെത്തുമ്പോഴേക്കും ആറന്മുളയ്ക്കു കൊണ്ടുപോകാനുള്ള ഉണക്കലരി മുതലായ സകല സാധനങ്ങളും ദേവസ്വക്കാർ അവിടെ ശേഖരിച്ചുവെച്ചിരിക്കും. കുടിയന്മാരെല്ലാവരും ഭട്ടതിരിക്കു ഓണക്കാഴ്ച കൊണ്ടുവന്നു കൊടുക്കുകയും ചെയ്യും. ഓണക്കാഴ്ചയായി വരുന്ന നേന്ത്രക്കുല മുതലായ സാധനങ്ങളിൽ മൂന്നിൽ രണ്ടു ഭാഗം ആറന്മുളയ്ക്കു കൊണ്ടുപോവുകയും ഒരു ഭാഗം ഭട്ടതിരി ഇല്ലത്തേക്കുകൊണ്ടു പോരികയുമാണു് പതിവു്.

കാട്ടൂർ മഠത്തിൽനിന്നു് അത്താഴം കഴിഞ്ഞു് പൂജ മുതലായവയ്ക്കുള്ള സാധനങ്ങളും വള്ളത്തിലാക്കികൊണ്ടു ഭട്ടതിരിയും ദേവസ്വക്കാർ മുതലായവരും വള്ളങ്ങളിൽക്കയറി വാദ്യഘോ‌ഷങ്ങൾ, വഞ്ചിപ്പാട്ടുകൾ മുതലായവയോടുകൂടിപ്പോവുകയും വെളുപ്പാൻ കാലത്തു് ആറന്മുളക്ഷേത്രക്കടവിലെത്തുകയും ഉടനെ ഭട്ടതിരി കുളിച്ചു തറ്റുടുത്തു ക്ഷേത്രത്തിലെത്തുകയും ഭട്ടതിരിയുടെ അനുവാദത്തോടുകൂടി ക്ഷേത്രകാര്യങ്ങളെല്ലാം നടത്തുകയും മറ്റും ഇപ്പോഴും യഥാപൂർവ്വം നടന്നുവരുന്നുണ്ടു്. ഭട്ടതിരി ദേവസ്വത്തിലേക്കു കൊടുത്തിട്ടുള്ള വസ്തുക്കളിലെ ആദായത്തിൽ ചെലവു കഴിച്ചു ബാക്കി വരുന്ന പണം കണക്കുതീർത്തു ദേവസ്വക്കാർ ഭട്ടതിരിക്കു കൊടുത്തുവന്നിരുന്നതുപോലെ ഇപ്പോഴും കൊടുക്കുന്നണ്ടു്. എന്നാൽ ആ വക പണം അവർ കൊണ്ടു പോകാറില്ല ദേവന്റെ ഭണ്ഡാരത്തിലിട്ടു തൊഴുതു പോരികയാണു് പതിവു്. അങ്ങനെ തന്നെ ഇപ്പോഴും ചെയ്തുപോരുന്നു.

മങ്ങാട്ടു ഭട്ടതിരിയുടെ ഇല്ലത്തുള്ളവർക്കു് ചിങ്ങമാസത്തിൽ തിരുവോണത്തിനു് ആറന്മുളയ്ക്കു പോകാൻ നിവൃത്തിയില്ലാത്ത വിധത്തിൽ എന്തെങ്കിലും പ്രതിബന്ധം ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ളതായ കേട്ടുകേൾവിപോലുമില്ല. ആ ഇല്ലത്തുള്ളവരിൽ ആർക്കെങ്കിലും പ്രസവമോ മരണമോ ആസന്നമായിരുന്നാൽ ആറന്മുളയ്ക്കു പോകാനുള്ള ദിവസമാകുമ്പോഴേക്കും അശുദ്ധി കഴിയാൻതക്കവണ്ണം പ്രസവിക്കുകയോ മരിക്കുകയോ ചെയ്യും. അല്ലെങ്കിൽ പോകാനുള്ള ആൾ പോയി വന്നതിനു ശേ‌ഷം പ്രസവിക്കുകയോ മരിക്കുകയോ ചെയ്യാറുള്ളു. ഇങ്ങനെയൊക്കെയാണു് ഇപ്പോഴും കണ്ടുവരുന്നതു്. ആ ഇല്ലത്തു ബാലമരണമോ കുട്ടികൾക്കു പക്ഷിബാധ മുതലായ സുഖക്കേടുകളോ ഒരിക്കലും ഉണ്ടാകാറില്ല. അവിടെ ഇപ്പോഴും ഐശ്വര്യം വർദ്ധിച്ചുകൊണ്ടു തന്നെയാണിരിക്കുന്നതു്. ഭഗവൽകൃപകൊണ്ടു മേലാലും അങ്ങനെ തന്നെയിരിക്കട്ടെ.