close
Sayahna Sayahna
Search

കുട്ടഞ്ചേരി മൂസ്സു്


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഷ്ടവൈദ്യന്മാരുടെ ഇല്ലങ്ങൾ ഇപ്പോൾ എട്ടു മാത്രമേ ഉള്ളുവെങ്കിലും അവ ഒരു കാലത്തു ശാഖോപശാഖകളായി വർദ്ധിച്ചു പതിനെട്ടായിത്തീർന്നു. അക്കാലത്തു കുട്ടഞ്ചേരി മൂസ്സിനു തന്നെ മൂന്നില്ലങ്ങൾ ഉണ്ടായിരുന്നുവെന്നും ആ മൂന്നു സ്ഥലങ്ങളിലും പ്രത്യേകം പ്രത്യേകം ഓരോ ശാഖക്കാർ താമസിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ടു്. അവയിൽ ഒരില്ലം കൊച്ചിശ്ശീമയിൽ തലപ്പിള്ളി താലൂക്കിൽ കണ്ടാണശ്ശേരി വില്ലേജിൽ വടുതല ദേശത്തായിരുന്നു. അതു വളരെക്കാലം മുൻപുതന്നെ നാമാവശേഷമായിപ്പോയി. പിന്നെയൊന്നു തലപ്പിള്ളി താലൂക്കിൽ തന്നെ കുമരനല്ലൂർ (വടക്കാഞ്ചേരി) ദേശത്താണു്. ആ ഇല്ലവും മൂസ്സിന്റെ സ്വന്തമായി ഒരു ക്ഷേത്രവും ഏതാനും വസ്തുക്കളും അവിടെ ഇപ്പോഴുമുണ്ടു്. എങ്കിലും ആ ഇല്ലത്തും കുറച്ചു കാലമായിട്ടു് ആരും ചെന്നു് സ്ഥിരമായി താമസിക്കാറില്ല. ഇപ്പോൾ ഈ ഇല്ലക്കാരുടെ സ്ഥിരവാസം ബ്രിട്ടീഷു മലബാറിൽ പൊന്നാനി താലൂക്കിൽ ചാഴിയാട്ടിരി അംശത്തിൽ അകലാണം (അകലമണ്ണു്) ദേശത്താണു്. ഏതു ദേശത്തായാലും ഇല്ലപ്പേരു ‘കുട്ടഞ്ചേരി’ എന്നു തന്നെയാണു പറയുക പതിവു്. എങ്കിലും ഈ ഇല്ലത്തിനു് ആ ദേശത്തുള്ളവരിൽ ചിലർ ‘അകലമണ്ണുമന’ എന്നും പറയാറുണ്ടു്.

മുൻകാലങ്ങളിൽ കേരളീയ രാജാക്കന്മാർ ഓരോരുത്തരും അഷ്ടവൈദ്യന്മാരിൽ ആരെയെങ്കിലും ഒരാളെ സ്വന്തം വൈദ്യനാക്കി വെച്ചു ചില അനുഭവങ്ങൾ പതിവായി കൊടുത്തു വന്നിരുന്നു. അക്കൂട്ടത്തിൽ കൊച്ചി രാജാവു് തന്റെ പ്രധാന വൈദ്യനാക്കി വെച്ചതു് കുട്ടഞ്ചേരി മൂസ്സിനെ ആണു്. അതിനാൽ, പണ്ടത്തെ ആ പതിവനുസരിച്ചു കൊച്ചി രാജകുടുംബത്തിൽ നിന്നു കുട്ടഞ്ചേരി മൂസ്സിനു കൊല്ലംതോറും വർഷാശനമായി അഞ്ഞൂറും ‘താനം’ വകയായി നൂറ്റൊന്നും ‘കലം’ വകയായി അൻപത്തൊന്നും പുത്തൻ വീതം ഇപ്പോഴും കൊടുത്തു വരുന്നുണ്ടു്. (പുത്തൻ എന്നതു് ഏതാനും കൊല്ലങ്ങൾക്കു മുൻപു വരെ കൊച്ചി രാജ്യത്തു നടപ്പുണ്ടായിരുന്നതും പത്തു പൈ വിലയുള്ളതുമായ ഒരു വെള്ളി നാണയമാണു്). ഈ സംഖ്യകളെല്ലാം അതാതു കാലത്തു നാടുവാഴുന്ന വലിയ തമ്പുരാന്റെ തിരുനാൾ ദിവസമാണു് കൊടുക്കുക പതിവു്.

ചിലർക്കു പുത്തരിച്ചോറുണ്ടാൽ വയറ്റിൽ സുഖക്കേടുണ്ടാകാറുണ്ടല്ലോ. ഇരിങ്ങാലക്കുട കൂടൽമാണിക്യദേവനും അങ്ങനെയുള്ള ഒരാളാണത്രേ. അവിടേക്കും പുത്തരിനിവേദ്യം കഴിഞ്ഞാൽ സുഖക്കേടുണ്ടാകുമെന്നാണു് വെച്ചിരിക്കുന്നതു്. കൂടൽമാണിക്യദേവനു് ആണ്ടുതോറും പുത്തരിനിവേദ്യം തുലാമാസത്തിൽ തിരുവോണ ദിവസം മകരം രാശി സമയത്താണു് പതിവു്. അതു കഴിഞ്ഞാൽ പിറ്റേ ദിവസം ഒരു മുക്കുടി നിവേദ്യവും പതിവുണ്ടു്. മുക്കുടി വയറ്റിൽ സുഖക്കേടിനു വിധിച്ചിട്ടുള്ളതാണല്ലോ. കൂടൽമാണിക്യദേവനു മുക്കുടിക്കുള്ള മരുന്നുകൾ അവിടെക്കൊണ്ടുചെന്നു് ബ്രാഹ്മണരെക്കൊണ്ടു് അരപ്പിച്ചു പാകപ്പെടുത്തിച്ചു കൊടുക്കുന്നതിനുള്ള ചുമതല കുട്ടഞ്ചേരി മൂസ്സിനാണു്. മൂസ്സു് മരുന്നുകളുംകൊണ്ടു് പുത്തരിയുടെ തലേദിവസം ഇരിങ്ങാലക്കുടെ എത്തണം. മരുന്നുകൾ ഇല്ലത്തു നിന്നു തന്നെ കൊണ്ടുപോവുകയാണു് പതിവു്. അവ എന്തെല്ലാമാണെന്നു് കുട്ടഞ്ചേരി മൂസ്സന്മാർക്കല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാ. അവർ ആ യോഗം അന്യന്മാർക്കു പറഞ്ഞുകൊടുക്കാറില്ല. ഈ മരുന്നുകൾ കൊണ്ടുചെന്നു കൊടുക്കുന്ന വകയ്ക്കു മൂസ്സിനു ദേവസ്വത്തിൽ നിന്നു കൊല്ലത്തിൽ നൂറു പറ നെല്ലും കർമ്മികളുടെ സഭവക സ്വത്തിൽ നിന്നു് ഒരു രൂപയും വീതം അനുഭവം കൊടുത്തുവരുന്നുണ്ടു്. ഈ മുക്കുടി സേവിച്ചാൽ സകല രോഗങ്ങളും, വിശേഷിച്ചു് എല്ലാ ഉദരരോഗങ്ങളും ശമിക്കുമെന്നാണു് വിശ്വാസം. അതിനാൽ മുക്കുടി നിവേദ്യദിവസം കൂടൽമാണിക്യക്ഷേത്രത്തിൽ ദർശനത്തിനായി അസംഖ്യമാളുകൾ ചെല്ലുകയും ചെല്ലുന്നവർക്കൊക്കെ മുക്കുടി കൊടുക്കുകയും ചെയ്യുന്നുണ്ടു്. എന്നു മാത്രമല്ല, ഈ ദിവ്യൗഷധം ദേവസ്വത്തിൽ നിന്നു് കൊച്ചി രാജകുടുംബത്തിലേക്കും എത്തിച്ചു കൊടുക്കുക പതിവാണു്.

ഈ മുക്കുടി മരുന്നുകൾ കൊടുക്കാനുള്ള അവകാശം കുട്ടഞ്ചേരി മൂസ്സിനു സിദ്ധിച്ചതിനെക്കുറിച്ചു കേട്ടിട്ടുള്ള ഒരൈതിഹ്യം താഴെച്ചേർക്കുന്നു.

Chap85pge738.png

പണ്ടൊരിക്കൽ ഒരു കുട്ടഞ്ചേരി മൂസ്സു് തെക്കു് എവിടെയോ പോകുന്നതിനായി തൃശ്ശിവപേരൂർ വഴി പുറപ്പെട്ടു് ഒരു ദിവസം ഏകദേശം പത്തു നാഴിക രാച്ചെന്ന സമയം ഇരിങ്ങാലക്കുടെ വടക്കു വശത്തുള്ള പാടത്തെത്തി. അപ്പോൾ ശരത്ക്കാലമായിരുന്നതിനാൽ ചന്ദ്രിക നല്ലപോലെ പ്രകാശിച്ചിരുന്നതുകൊണ്ടു് അവിടെ ഒരാൾ ഇരിക്കുന്നതായിക്കണ്ടു. മൂസ്സു കടന്നു പോയപ്പോൾ അവിടെ ഇരുന്നിരുന്നയാൾ അദ്ദേഹത്തെ അടുക്കൽ വിളിച്ചു് അദ്ദേഹം ആരാണെന്നും എവിടെ പോവുകയാണെന്നും മറ്റും ചോദിച്ചറിഞ്ഞതിന്റെ ശേഷം, “ഇന്നു പുത്തരിച്ചോറുണ്ടതുകൊണ്ടു് എനിക്കു വയറ്റിൽ നല്ല സുഖമില്ല. കൂടെക്കൂടെ വയറിളകിപ്പോകുന്നു. ഇതാ ഇപ്പോൾത്തന്നെ മലവിസർജനത്തിനായിട്ടാണു് ഞാൻ ഇവിടെ വന്നതു്. അതിനാൽ മൂസ്സു് ഒരു മുക്കുടിക്കു വേണ്ടുന്ന മരുന്നുകൾ നാളെ രാവിലെ ബ്രാഹ്മണരെക്കൊണ്ടു് അരപ്പിച്ചു കൂടൽമാണിക്യസ്വാമിയുടെ നടയിൽ വെയ്പിച്ചു കൊടുക്കണം. ശേഷം വേണ്ടുന്നതെല്ലാം അവിടെയുള്ളവർ ചെയ്തുകൊള്ളും. എന്നെ അവിടെക്കണ്ടില്ലെങ്കിലും ഞാനവിടെ ഉണ്ടെന്നുതന്നെ വിശ്വസിച്ചുകൊള്ളണം” എന്നു പറയുകയും ഉടനെ അദൃശ്യനായി ഭവിക്കുകയും ചെയ്തു. അപ്പോൾ മൂസ്സു് ഭയവിസ്മയപരവശനായിട്ടു്, “ഈ ആൾ കേവലം മനുഷ്യനല്ല. മനുഷ്യാകൃതി കൈക്കൊണ്ടിരിക്കുന്ന ഒരു ദേവനോ മറ്റോ ആയിരിക്കണം. ഒരു സമയം കൂടൽമാണിക്യസ്വാമി തന്നെയാണെന്നും വരാം. ഏതായാലും ഈ ദിവ്യൻ പറഞ്ഞതുപോലെ ചെയ്യാതെ പോകുന്നതു ശരിയല്ല” എന്നു വിചാരിച്ചു് ഉടനെ കൂടൽമാണിക്യക്ഷേത്രസന്നിധിയിലെത്തി, അന്നു് അവിടെത്താമസിച്ചു. ആ രാത്രിയിൽതന്നെ കൂടൽമാണിക്യക്ഷേത്രത്തിലെ ഉദ്യോഗസ്ഥന്മാർക്കും മേൽശാന്തി മുതലായവർക്കും ഒരു സ്വപ്നമുണ്ടായി. അവർ ഉറങ്ങിക്കിടന്നിരുന്നപ്പോൾ ആരോ ഒരാൾ അടുക്കൽച്ചെന്നു്, “നാളെ രാവിലെ കുട്ടഞ്ചേരി മൂസ്സു് ഇവിടെ വന്നു് ഒരു മുക്കുടിക്കുള്ള മരുന്നുകൾ അരപ്പിച്ചു നടയിൽ വെയ്ക്കും. അതെടുത്തു കലക്കിത്തിളപ്പിച്ചു മുക്കുടിയാക്കി നിവേദിക്കുകയും മരുന്നുകൾ കൊണ്ടുവരുന്നതിന്റെ പ്രതിഫലമായി മൂസ്സിനു ദേവസ്വത്തിൽ നിന്നു നൂറ്റൊന്നു പറ നെല്ലു കൊടുക്കുകയും ഇതും പതിവു കണക്കിൽ ചേർത്തു കൊല്ലം തോറും പുത്തരിയുടെ പിറ്റേ ദിവസം മുക്കുടി നിവേദ്യം പതിവായി നടത്തുകയും ചെയ്യണം” എന്നു പറഞ്ഞതായി തോന്നി. അവർക്കെല്ലാവർക്കും ഈ സ്വപ്നമുണ്ടായതു് ഒരേ സമയത്തും ഒരേ വിധത്തിലുമായിരുന്നു. പിറ്റേ ദിവസം രാവിലെ അവരെല്ലാവരും ഈ സംഗതി പരസ്പരം പറയുകയും ദേവസ്വക്കാർ ഒരു പ്രശ്നക്കാരനെ വരുത്തി കൂടൽമാണിക്യ സ്വാമിയുടെ നടയിൽ വച്ചു പ്രശ്നം വെയ്പിച്ചു് നോക്കിക്കുകയും അവരുടെ അടുക്കൽച്ചെന്നു മേൽപ്പപറഞ്ഞ പ്രകാരം പറഞ്ഞതു കൂടൽമാണിക്യസ്വാമി തന്നെയാണെന്നു പ്രശ്നക്കാരൻ വിധിക്കുകയും അപ്പോഴേയ്ക്കും കുട്ടഞ്ചേരി മൂസ്സു് മരുന്നുകൾ അരപ്പിച്ചു നടയിൽ കൊണ്ടുവന്നു വെയ്ക്കുകയും തലേദിവസം രാത്രിയിൽ ഒരാൾ പാടത്തു വെച്ചു തന്നോടു പറഞ്ഞ വിവരം ദേവസ്വക്കാരേയും മറ്റും ഗ്രഹിപ്പിക്കുകയും ശാന്തിക്കാർ ആ മരുന്നെടുത്തു മുക്കുടിയാക്കി ദേവനു നിവേദിക്കുകയും ദേവസ്വക്കാർ മൂസ്സിനു് നൂറ്റൊന്നു പറ നെല്ലു കൊടുക്കുകയും അതു പതിവായിത്തീരുകയും ചെയ്തു. ഇപ്രകാരം ആ മുക്കുടി നിവേദ്യം ഇപ്പോഴും അവിടെ നടന്നു വരുന്നുണ്ടു്.

കുട്ടഞ്ചേരി മൂസ്സന്മാർ വൈദ്യശാസ്ത്രം അഭ്യസിച്ചു കഴിഞ്ഞാൽ ‘നെല്ലുവായി’ ക്ഷേത്രത്തിൽ ചെന്നു് ഒരു സംവത്സരം ഭജിച്ചതിനു ശേഷമേ ചികിത്സകൾ ചെയ്തു തുടങ്ങാറുള്ളൂ. ഇതിനെക്കുറിച്ചു കേട്ടിട്ടുള്ള കാരണവും താഴെ ചേർക്കുന്നു.

ഒരു കാലത്തു് കുട്ടഞ്ചേരി മൂസ്സിന്റെ ഇല്ലത്തു ജ്യേഷ്ഠാനുജന്മാരായി രണ്ടു പേരുണ്ടായിരുന്നു. ബുദ്ധിയും ശാസ്ത്രജ്ഞാനവും ആ രണ്ടുപേർക്കും ഒരുപോലെ തന്നെയായിരുന്നു. എങ്കിലും ജ്യേഷ്ഠൻ മൂസ്സിനു ഭാഗ്യവും കൈപുണ്യവും വളരെ കുറവായിരിന്നു. അതിനാൽ ചികിത്സാ വിഷയത്തിൽ അദ്ദേഹത്തിനും പ്രസിദ്ധിയും പ്രചാരവും അനുജൻ മൂസ്സിനെ പോലെ ഉണ്ടായിരുന്നില്ല. രോഗവിവരങ്ങൾ അറിയിക്കുന്നതിനായും രോഗികളെ കാണിക്കുന്നതിനു് മൂസ്സിനെ കൂട്ടിക്കൊണ്ടു പോകുന്നതിനായും ഇല്ലത്തു വരുന്നവരാരും ജ്യേഷ്ഠൻ മൂസ്സിനെ അന്വേഷിക്കുകയും കാണുകയും ചെയ്തിരുന്നില്ല. എല്ലാവരും അനുജൻ മൂസ്സിനെ തന്നെയാണു് കാണുകയും കൂട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നതു്.

അങ്ങനെയിരുന്ന കാലത്തു് അക്കാലത്തെ സാമൂതിരിപ്പാട്ടിലേക്കു് എന്തോ രോഗം ബാധിക്കുകയാ, അനുജൻ മൂസ്സിനെ കൂട്ടിക്കൊണ്ടു ചെല്ലാനായി ആളെ അയച്ചു. അയയ്ക്കപ്പെട്ടയാൾ മൂസ്സിന്റെ ഇല്ലത്തു ചെന്നപ്പോൾ അനുജൻ മൂസ്സു് അവിടെയില്ലായിരുന്നു. അതിനാൽ ആ ആൾ ജ്യേഷ്ഠൻ മൂസ്സിനെക്കണ്ടു വിവരം പറഞ്ഞു. അപ്പോൾ ജ്യേഷ്ഠൻ മൂസ്സു്, “അനുജൻ ഇപ്പോൾ ഇവിടെയില്ല. ദൂരെ ഒരു സ്ഥലത്തു പോയിരിക്കുകയാണു്. മടങ്ങി വരുന്നതിനു് ഏതാനും ദിവസത്തെ താമസമുണ്ടായേക്കും. അതിനാൽ ഞാൻ നിങ്ങളോടു കൂടി വന്നേക്കാം.” എന്നു പറഞ്ഞു. ഉടനെ ആ വന്നയാൾ “അതു വേണമെന്നില്ല. അനുജൻ മൂസ്സിനെ കൊണ്ടു ചെല്ലണമെന്നാണു് കൽപ്പന.” എന്നു പറഞ്ഞു് മടങ്ങിപ്പോയി. ജ്യേഷ്ഠൻ മൂസ്സിനു് അപാരമായ മനസ്താപമുണ്ടായി. “കഷ്ടം! ഈശ്വരാ! എന്റെ സ്ഥിതി ഇങ്ങനെയായല്ലോ. ഞാനും അനുജനും പഠിച്ചിട്ടുള്ളതു് ഒരുപോലെയാണു്. എങ്കിലും എന്നെ ആർക്കും ആവശ്യമില്ല. എല്ലാവർക്കും അനുജൻ മതി. ഈ സ്ഥിതിയിൽ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണു്? ഞാനിങ്ങനെയായിപ്പോയതു് എനിക്കു് അനുജനുള്ളതു പോലെ ഈശ്വരസഹായം ഇല്ലാഞ്ഞിട്ടായിരിക്കും. അതിനാൽ ഇവിടെ ഈശ്വരനെ സേവിക്കുക തന്നെയാണു് വേണ്ടതു്” എന്നു് ആലോചിച്ചുകൊണ്ടു് അദ്ദേഹം ഇല്ലത്തിനു സമീപമുള്ള നെല്ലുവായിൽ ക്ഷേത്രത്തിൽ ചെന്നു വലിയ നിഷ്ഠയോടു കൂടി ഭജനം തുടങ്ങി. തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരിയിലുള്ള ഇല്ലത്തു നിന്നു് ഏകദേശം ആറു നാഴിക പടിഞ്ഞാറാണു് നെല്ലുവായിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നതു്. അതിനാൽ വിചാരിച്ച ദിവസംതന്നെ അദ്ദേഹത്തിനു ഭജനം തുടങ്ങാൻ സാധിച്ചു. ഒരു സംവത്സരം ഭക്തിപൂർവ്വം ധന്വന്തരിയെ സേവിച്ചതിന്റെ ശേഷം ജ്യേഷ്ഠൻ മൂസ്സു് മടങ്ങി ഇല്ലത്തെത്തി. അക്കാലം മുതൽ അദ്ദേഹത്തെ കാണാൻ രോഗികൾ ധാരാളമായി വന്നു തുടങ്ങുകയും അദ്ദേഹം ചെയ്ത ചികിത്സകളെല്ലാം ശരിയായി ഫലിച്ചു തുടങ്ങുകയും ചെയ്തു. ക്രമേണ അദ്ദേഹത്തിന്റെ കീർത്തി ലോകത്തിന്റെ സർവ്വത്ര വ്യാപിച്ചു. ജേഷ്ഠൻ മൂസ്സു് ചികിത്സിച്ചാൽ അസാദ്ധ്യരോഗങ്ങളും ഭേദമാകുമെന്നൊരു വിശ്വാസം ജങ്ങൾക്കു് പരക്കെ ഉണ്ടായിത്തീരുകയും ചെയ്തു. ഒരു കൊല്ലത്തിനു മുമ്പു് സാമൂതിരിപ്പട്ടിലേക്കു് ആരംഭിച്ചിരുന്ന ദീനം അനുജൻ മൂസ്സിന്റെ ചികിത്സകൊണ്ടു സ്വൽപം ശമിച്ചുവെന്നല്ലാതെ അപ്പോഴും നല്ലപോലെ ഭേദമായിരുന്നില്ല. അതിനാൽ സാമൂതിരിപ്പാട്ടീന്നു് ആളയച്ചു ജ്യേഷ്ഠൻ മൂസ്സിനെ കൊണ്ടുപോയി. ജ്യേഷ്ഠൻ മൂസ്സിന്റെ ചികിത്സകൊണ്ടു് സാമൂതിരിപ്പാടു് അചിരേണ പൂർണ സുഖത്തെ പ്രാപിക്കുകയും അവിടെ നിന്നു മൂസ്സിനു വിലപിടിച്ച പല സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. അക്കാലം മുതൽക്കാണു് കുട്ടഞ്ചേരി മൂസ്സന്മാർ വൈദ്യശാസ്ത്രം അഭ്യസിച്ചു കഴിഞ്ഞാൽ നെല്ലുവായിൽ ക്ഷേത്രത്തിൽ സംവത്സര ഭജനം കൂടി കഴിഞ്ഞിട്ടേ ചികിത്സിച്ചു തുടങ്ങാവൂ എന്നുള്ള ഏർപ്പാടു വെച്ചതു്.

കുട്ടഞ്ചേരി മൂസ്സന്മാർ അവരുടെ പൂർവ്വന്മാരുടെ അടുക്കലല്ലാതെ അന്യന്മാരുടെ അടുക്കൽ വൈദ്യശാസ്ത്രം പഠിക്കുക പതിവില്ല. നേരെ മറിച്ചു് അവിടെച്ചെന്നു പലരും പഠിക്കാറുമുണ്ടു്. അഷ്ടവൈദ്യന്മാരിൽ തന്നെ പ്രസിദ്ധന്മാരായിരുന്ന എളേടത്തു തൈക്കാട്ടു മൂസ്സു്, തൃശ്ശിവപേരൂർ മൂസിന്റെ ശിഷ്യന്മാരായിരുന്നുവല്ലോ.

കഴിഞ്ഞുപോയ കുട്ടഞ്ചേരി വാസുദേവൻ (അപ്ഫൻ) മൂസ്സവർകൾ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിനു് ഏറ്റവും സമർത്ഥനായിരുന്നു. അഷ്ടാംഗഹൃദയത്തിന്റെ അർത്ഥം പറയുന്നതിനു് അവിടുത്തെപ്പോലെ ആരുമില്ലായിരുന്നുവെന്നുള്ളതു പ്രസിദ്ധമാണല്ലോ. പണ്ടു് അഷ്ടവൈദ്യന്മാരിലാരും അഷ്ടാഗഹൃദയത്തിന്റെ സൂത്രസ്ഥാനം നായന്മാർ മുതലായവരെ പഠിപ്പിക്കാറില്ലായിരുന്നു. ആ സ്ഥാനം നായന്മാർ മുതലായവരെ പഠിപ്പിച്ചു തുടങ്ങിയതു് അപ്ഫൻ മൂസ്സവർകളാണു്. ആ സ്ഥാനം പഠിക്കുന്നവർ അതു പഠിച്ചു കഴിയുന്നതുവരെ അവിടുത്തെ ക്ഷേത്രത്തിൽ ഭജിക്കണമെന്നുകൂടി അവിടേക്കു് നിർബ്ബന്ധമുണ്ടായിരുന്നു.

ഈ അപ്ഫൻ മൂസ്സവർകളുടെ ജേഷ്ഠന്റെ പുത്രനായ ഇപ്പോഴത്തെ അച്ഛൻ മൂസ്സവർകൾ ചികിത്സാ വിഷയത്തിൽ സ്വൽപം ഔദാസീന്യമുള്ള ആളാണെങ്കിലും ശാസ്ത്രം നല്ലപോലെ പഠിച്ചിട്ടുള്ള ഒരു നല്ല വൈദ്യനാണു്. ഈ മൂസ്സവർകളെപ്പോലെ ജാമാതൃഭാഗ്യം ഇതിനു മുമ്പു് ആ ഇല്ലത്തു മറ്റാർക്കും ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. അഷ്ടവൈദ്യന്മാരുടെ മിക്ക കുടുംബങ്ങളിലേക്കും സ്വപുത്രിമാരെ വിവാഹം കഴിച്ചു കൊടുത്തു് അവരുടെയെല്ലാം ബന്ധുത്വം സമ്പാദിക്കാൻ സംഗതിയായതു് ഒരു വലിയ ഭാഗ്യമാണല്ലോ.