close
Sayahna Sayahna
Search

അറയ്ക്കൽ ബീബി


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

റയ്ക്കൽ ബീബിയുടെ സ്വദേശം ബ്രിട്ടി‌ഷ് മലബാറിലുൾപ്പെട്ട ചിറയ്ക്കൽ താലൂക്കിൽ ചേർന്ന കണ്ണൂരും കുടുംബം ചിറയ്ക്കൽത്തന്നെയുള്ള കോലത്തിരി രാജവംശത്തിൽ നിന്നു പിരിഞ്ഞുപോയ ഒരു ശാഖയുമാണു്. ആ രാജവംശത്തിൽ നിന്നു ഈ ശാഖ പിരിഞ്ഞുപോയതിന്റെ കാരണത്തെക്കുറിച്ചുള്ള ഐതിഹ്യം താഴെപ്പറയുന്നു.

കൊല്ലവർ‌ഷം നാലാം ശതാബ്ദംവരെ കോലത്തിരിരാജകുടുംബം കോലത്തുനാട്ടിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന ഏഴിമലക്കോട്ടയിലായിരുന്നു സ്ഥിരമായിത്താമസിച്ചിരുന്നതു്. തദനന്തരം കുടുംബാംഗങ്ങൾ പല ശാഖകളായി വളരെ വർദ്ധിക്കുകയും കോലത്തിരി രാജാവും ശേ‌ഷം കൂറുവാഴ്ചക്കാരായ തമ്പുരാക്കന്മാരും തമ്മിൽ സ്പർദ്ധ മുഴുക്കുകയും ചെയ്യുകയാൽ ഓരോ ശാഖകൾ ഓരോരിക്കലായി മൂലകുടുംബത്തിൽ നിന്നു പിരിഞ്ഞു കത്തിമംഗലം, മാരിപ്പത്തു, പഴയങ്ങാടി, ചെറുകുന്നു, വളപട്ടണം, ചിറക്കൽ എന്നിങ്ങനെ പല സ്ഥലങ്ങളിൽ കോവിലകങ്ങളുണ്ടാക്കി താമസമുറപ്പിച്ചു. എന്നാൽ കോലത്തിരി രാജാവു് ഏഴാം ശതാംബ്ദം വരെ ഏഴിമലക്കോട്ടയിലെ കോവിലകത്തുതന്നെയാണു താമസിച്ചിരുന്നതു്. ചിറയ്ക്കലുള്ള ആ സ്ഥലം കണ്ണുരിൽനിന്നു് ഇരുപതു നാഴിക വടക്കാണു്. അവിടെയുള്ള ഏഴിമല എന്ന കുന്നിന്മേൽ ഇപ്പോഴും കോട്ടയുടെ നഷ്ടാവശിഷ്ടങ്ങൾ ചിലതെല്ലാം കാണ്മാനുണ്ടു്. ആ ഏഴിമലയിൽനിന്നു പടിഞ്ഞാറെ സമുദ്രത്തിലേക്കു് അല്പം ദൂരമേയുള്ളു. മലയുടെ താഴ്വരയിൽ പതിനെട്ടു നാലുകെട്ടുകളോടുകൂടിയ ഒരു വലിയ കോവിലകമുണ്ടായിരുന്നു. ആ കോവിലകമിരുന്നിരുന്ന പറമ്പും വളരെ വലിയതായിരുന്നു. ആ പുരയിടത്തിന്റെ അടുക്കൽ കൂടി ഒരു നദി പ്രവഹിക്കുന്നുമുണ്ടായിരുന്നു. ആ കോവിലകത്തിന്റെ ചുറ്റുമായി അനേകം ബ്രാഹ്മണാലയങ്ങളും പടയാളികളായ നായന്മാരുടെ അഞ്ഞൂറു് ഗൃഹങ്ങളും സ്വല്പം അകലെ ധനവാന്മാരും യുദ്ധവിദഗ്ദ്ധന്മാരുമായ ചില മുഹമ്മദീയരുടെ വീടുകളുമുണ്ടായിരുന്നു.

അക്കാലത്തു് ഏഴിമലക്കോവിലകത്തു താമസിച്ചിരുന്ന അവിവാഹിതകളായ രണ്ടു കൊച്ചു തമ്പുരാട്ടിമാർ, കോവിലകത്തുനിന്നു പുഴയിലേക്കു മതിൽ കെട്ടിയിറക്കിയിരുന്ന കുളിക്കടവിലേക്കു കുളിക്കാനായിട്ടു പതിവു പോലെ ഒരു ദിവസം പോയിട്ടു പതിവലധികം നേരം വെള്ളത്തിൽക്കിടന്നു ചാടുകയും മറിയുകയും സോത്സാഹം പുഴയുടെ മദ്ധ്യത്തിലേക്കു നീന്തുകയും ചെയ്തു ക്രീഡീച്ചു. നവയൗവ്വന യുക്തകളായിരുന്ന അവരുടെ ചോരത്തിളപ്പു സ്വല്പസമയം കഴിഞ്ഞപ്പോൾ ഒട്ടുശമിക്കുകയും രണ്ടു പേരും ക്ഷീണിക്കുകയും ചെയ്തു. അതിനാൽ അനുജത്തിയായിരുന്ന കൊച്ചുതമ്പുരാട്ടി നീന്തി കരയ്ക്കു കയറി. ജ്യേഷ്ഠത്തിയായിരുന്ന മറ്റേ കൊച്ചുതമ്പുരാട്ടി കരയിലേക്കു് നീന്തിയിട്ടു കൈയും കാലും കുഴഞ്ഞു പോവുകയാൽ കരയിലെത്താൻ സാധിക്കാതെ ഒഴുക്കിലകപ്പെട്ടു താഴ്ന്നു പോയിത്തുടങ്ങി. കരയിൽ നിന്നിരുന്ന കൊച്ചുതമ്പുരാട്ടി അതു കണ്ടു പരിഭ്രമിച്ചു് ഉറക്കെ നിലവിളിച്ചു. അപ്പോൾ സ്വല്പം ദൂരെ പുഴക്കടവിൽത്തന്നെ കുളിച്ചുകൊണ്ടു നിന്നിരുന്ന യുവാവും സുമുഖനുമായിരുന്ന ഒരു മുഹമ്മദീയൻ നിലവിളി കേട്ടു് ഈ കടവിൽ ഓടിയെത്തുകയും സംഗതി മനസ്സിലാവുകയാൽ തന്റെ രണ്ടാമുണ്ടും കൂടി അരയിൽ മുറുക്കിക്കെട്ടിക്കൊണ്ടു വെള്ളത്തിൽച്ചാടി രാജകുമാരിയുടെ കൈ പിടിച്ചു കരയോടടുപ്പിചിട്ടു കരയ്ക്കു കയറുകയും ചെയ്തു. രാജകന്യക നിലയുള്ള സ്ഥലത്തായിട്ടും കരയ്കു കയറാതെ കഴുത്തോളം വെള്ളത്തിൽത്തന്നെ നിന്നതേയുള്ളു. ബുദ്ധിമാനായിരുന്ന ആ മുഹമ്മദീയൻ അതിന്റെ കാരണ മറിഞ്ഞു തന്റെ അരയിൽക്കെട്ടിയിരുന്ന രണ്ടാംമുണ്ടു നനഞ്ഞിരുന്നുവെങ്കിലും കോടിയായിരുന്നതിനാൽ അതഴിച്ചു രാജകുമാരിക്കു് എറിഞ്ഞു കൊടുത്തതിന്റെ ശേ‌ഷം അവിടെ നിൽക്കാതെ വീട്ടിലേക്കു പോയി. രാജകുമാരി ഉടുത്തിരുന്ന വസ്ത്രം ഒഴുക്കിന്റെ ശക്തിയാൽ വെള്ളത്തിൽ പൊയ്പോയതുകൊണ്ടായിരുന്നു കരയ്ക്കു് കയറാതെ വെള്ളത്തിൽത്തന്നെ നിന്നിരുന്നതു്. അപ്പോൾ ആ മുഹമ്മദീയന്റെ രണ്ടാം മുണ്ടു് കിട്ടിയതിനാൽ അതുടുത്തുകൊണ്ടു കരയ്ക്കു കയറി കുളിപ്പുരയിൽ ചെന്നു കുളി കഴിച്ചു. അപ്പോഴേക്കും തുണയ്ക്കു വേണ്ടുന്ന ദാസിമാർ അവിടെയെത്തുകയാൽ അവരോടുകൂടി ആ കന്യകമാർ കോവിലകത്തേക്കു് പോവുകയും ചെയ്തു.

ഈ വർത്തമാനമെല്ലാം ക്ഷണനേരം കൊണ്ടു ദാവാഗ്നിയെന്ന പോലെ ആ ദിക്കിൽ സർവ്വത്ര പരക്കുകയും ആപത്തിൽനിന്നു രക്ഷ പ്രാപിച്ച ആ കന്യകയുടെ മാതുലനായിരുന്ന കോലത്തിരിരാജാവിന്റെ കർണ്ണങ്ങളിലുമെത്തുകയും ചെയ്തു. തന്റെ ഭാഗിനേയിയെ ആ അത്യാപത്തിൽനിന്നു രക്ഷിച്ച മുഹമ്മദീയനെക്കുറിച്ചു വളരെ സന്തോ‌ഷം തോന്നുകയാൽ തമ്പുരാൻ ഉടനെ ആളെ അയച്ചു് ആ മുഹമ്മദീയനെ കോവിലകത്തു വരുത്തി. അപ്പോൾ ആ യുവാവു് തന്റെ സൈന്യത്തിൽച്ചേർന്നിട്ടുള്ള ഒരു ഭടനാണെന്നുകൂടി അറിയുകയാൽ തമ്പുരാനു് അയാളെക്കുറിച്ചുള്ള സന്തോ‌ഷം പൂർവ്വാധികം വർദ്ധിക്കുകയും അയാൾക്കു് അനേകം സമ്മാനങ്ങളും വളരെ വസ്തുവകകളും പട്ടാളത്തിൽ ഉയർന്ന തരത്തിലുള്ള ഒരുദ്യോഗവും കല്പിച്ചു കൊടുക്കുകയും ചെയ്തു.

Chap119pge1106.png

നീരാട്ടുകുളി കഴിഞ്ഞു കോവിലകത്തേക്കു ചെന്ന രാജകന്യകമാരിൽ മൂത്ത കന്യക അകത്തു കടക്കാതെ അവിടെ അടുത്തുതന്നെ ഉണ്ടായിരുന്ന ഉപഗൃഹത്തിൽ ചെന്നിരുന്നു. അമ്മത്തമ്പുരാട്ടി മുതലായ തമ്പുരാട്ടിമാരും മറ്റും വളരെപ്പറയുകയും നിർബന്ധിക്കുകയും ചെയ്തിട്ടും ആ കന്യക അവിടെനിന്നു് ഇളകിയില്ല. ഗുരുജനങ്ങൾ നിർബന്ധിച്ചപ്പോൾ ആ രാജകുമാരി “വെള്ളത്തിൽ നിന്നു് എന്നെ പിടിച്ചുകയറ്റിയപ്പോൾ ആ മുഹമ്മദീയൻ എന്നെ പാണിഗ്രഹണം കഴിച്ചു. പിന്നെ നനഞ്ഞെങ്കിലും കോടിയായ ഒരു മുണ്ടു് എനിക്കുടുക്കാൻ അയാൾ തരികയും ചെയ്തു. ഇതു രണ്ടുംകൊണ്ടു് എന്റെ വിവാഹകർമ്മം മിക്കവാറും കഴിഞ്ഞിരിക്കുന്നു. രാജകന്യകമാരെ മുഹമ്മദീയർ വിവാഹം കഴിക്കുക വിഹിതമല്ലല്ലോ. അതിനാൽ ഞാനിപ്പോൾ ഭ്രഷ്ടയായിരിക്കുന്നു. എനിക്കിനി അകത്തു കടക്കാൻ പാടില്ല” എന്നാണു് സമാധാനം പറഞ്ഞതു്. ഈ വർത്തമാനമറിഞ്ഞപ്പോൾ കോലത്തിരിത്തമ്പുരാൻ “എന്തു ചെലവു വന്നാലും തക്കതായ വൈദികപ്രായച്ഛിത്തങ്ങൾ ചെയ്യിച്ചു രാജകുമാരിയെ ശുദ്ധീകരിച്ചു വീണ്ടെടുക്കണമെ”ന്നു തീർച്ചപ്പെടുത്തി ആളുകളെ അയച്ചു വൈദികന്മാരെയെല്ലാം വരുത്തി വിവരം പറഞ്ഞു. അതുകേട്ടു വൈദികന്മാർ “പണം തട്ടാൻ ഇതുതന്നെ തരം” എന്നു കരുതി പലവിധ പ്രായശ്ചിത്തങ്ങൾക്കും ചാർത്തുണ്ടാക്കിക്കൊടുക്കുകയും “പ്രായച്ഛിത്തം നടത്തിക്കാൻ വേണ്ടുന്നവരൊക്കെ വന്നുചേർന്നാൽ എല്ലാം കഴിഞ്ഞു് എല്ലാവരും പിരിഞ്ഞു പോകുന്നതുവരെ രണ്ടുനേരവും വലിയ സദ്യയും വേണം” എന്നറിയിക്കുകയും ചെയ്തു. അതൊന്നുകൊണ്ടും തമ്പുരാനു ഒരു കൂസലുമുണ്ടായില്ല. “ദിവസം നിശ്ചയിച്ചു വിവരിമറിയിക്കാം” എന്നു പറഞ്ഞു വൈദികന്മാരെയെല്ലാം യഥോചിതം സൽക്കരിച്ചു മടക്കിയയച്ചു.

കോലത്തിരിത്തമ്പുരാൻ വൈദികപ്രായച്ഛിത്തംകൊണ്ടു തന്റെ ഭാഗിനേയിയെ ശുദ്ധീകരിച്ചു വീണ്ടെടുക്കുവാൻ നിശ്ചയിച്ചതിന്റെശേ‌ഷം ആ വിവരം ചില സ്ത്രീജനങ്ങൾ മുഖാന്തരം ആ രാജകുമാരിയെ അറിയിച്ചു. അതുകൊണ്ടും ആ രാജകുമാരിയുടെ നിശ്ചയത്തിനു ലേശവുമിളക്കമുണ്ടായില്ല. പിന്നെ തമ്പുരാൻ തന്നെ ആ ഭാഗിനേയിയുടെ അടുക്കൽച്ചെന്നു വളരെ നിർബന്ധിച്ചു നോക്കി. അതുകൊണ്ടും ഫലമൊന്നുമുണ്ടായില്ല. വിദു‌ഷിയായ ആ രാജകന്യകയുടെ നിശ്ചയത്തിനു് ഇളക്കം വരുത്തുകയെന്നുള്ളതു് ആരാലും സാദ്ധ്യമല്ലെന്നു് ഉറപ്പുവരികയാൽ കോലത്തിരിത്തമ്പുരാൻ കോവിലകത്തുണ്ടായിരുന്ന ശേ‌ഷം തമ്പുരാക്കന്മാരോടും മറ്റും ആലോചിച്ചു് എല്ലാവരുടെയും സമ്മതപ്രകാരം പ്രധാന കോവിലകത്തോടടുത്തുതന്നെ കെങ്കേമമായിട്ടു വേറെ ഒരു കോവിലകം പണിയിച്ചു രാജകന്യകയുടെ താമസം അവിടെ ആക്കുകയും ആ രാജകുടുംബത്തിൽ ശേ‌ഷമുണ്ടായിരുന്ന തമ്പുരാട്ടിമാരെപ്പോലെ സുഖമായിക്കഴിഞ്ഞുകൂടുവാൻ തക്കവണ്ണമുള്ള വസ്തുവകകളും പണ്ടങ്ങളും പാത്രങ്ങളും മറ്റുമെല്ലാം കൊടുക്കുകയും പ്രാണരക്ഷ ചെയ്ത ആ യുവാവിനെക്കൊണ്ടുതന്നെ മുഹമ്മദീയവിധിപ്രകാരം ആ രാജകന്യകയെ കല്യാണം കഴിപ്പിക്കുകയും ചെയ്തു. അക്കാലം മുതൽ ആ രാജകുമാരിയുടെ നാമധേയം “അറയ്ക്കൽ ബീബി” എന്നായിത്തീർന്നു. തിരുവിതാംകൂർ മഹാരാജകുടുംബത്തിലേയും മറ്റും കൊച്ചുതമ്പുരാട്ടിമാരെ പള്ളിക്കെട്ടു കഴിക്കുന്ന കോയിത്തമ്പുരാക്കന്മാരെ എന്നപോലെ ഈ ബീബിയെ കല്യാണം കഴിച്ച മുഹമ്മദീയനെയും ചെലവിനെല്ലാം കൊടുത്തു ബീബിയുടെ കൂടെത്തന്നെ താമസിപ്പിച്ചു. അയാൾക്കു വേണ്ടുന്ന പരിചാരകന്മാരെയും നിയമിച്ചുകൊടുത്തു. വസ്തുവകകളുടെ ഉടമസ്ഥതയും കൈകാര്യകർത്തൃത്വവും ബീബിക്കുതന്നെയായിരുന്നു. കാര്യങ്ങളെല്ലാം ശരിയായി നോക്കി ഭരിച്ചിരുന്നതിനാൽ “അറയ്ക്കൽ ബീബി” എന്നുള്ള നാമം ലോകപ്രസിദ്ധമായിത്തീരുകയും ചെയ്തു. അറയ്ക്കൽ ബീബിയുടെ സന്താനപരമ്പരയ്യിലുൾപ്പെട്ട പുരു‌ഷന്മാരെ “അറയ്ക്കൽ രാജാക്കന്മാർ” എന്നാണു് പറഞ്ഞുവരുന്നതു്.

മുഹമ്മദീയസ്ത്രീകൾ ഘോ‌ഷാസമ്പ്രദായം സ്വീകരിച്ചിട്ടുള്ളവരാകയാൽ അവരെ അന്യപുരു‌ഷന്മാർക്കു കാണുവാൻ പാടില്ലെന്നാണല്ലോ വെച്ചിരിക്കുന്നതു്. എന്നാൽ കോലത്തിരി രാജാവിന്റെ വംശ്യരായ ചിറയ്ക്കൽ കോവിലകത്തുള്ള തമ്പുരാക്കന്മാർക്കു് അറയ്ക്കൽ ബീബിമാരെ കാണുന്നതിനു യാതൊരു വിരോധവുമില്ല. ചിറയ്ക്കൽ കോവിലകത്തുള്ള തമ്പുരാക്കന്മാർ അവിടെ എഴുന്നള്ളിയാൽ അമൂല്യങ്ങളായ തിരുമുൽക്കാഴ്ചകൾ വെച്ചാണു് അറയ്ക്കൽ രാജാക്കന്മാർ മുഖം കാണിക്കുക പതിവു്. കോലത്തിരി രാജവംശ്യരായി തിരുവിതാംകൂറിലെ തമ്പുരാക്കന്മാർ ചെന്നാലും അറയ്ക്കൽ ബീബികളെ കാണുന്നതിനു വിരോധമില്ലെന്നാണു് വെച്ചിരിക്കുന്നതു്. ഇവർക്കും അറയ്ക്കൽ രാജാക്കന്മാർ തിരുമുൽക്കാഴ്ച വെയ്ക്കുകയും മറ്റും പതിവുണ്ടു്. അറയ്ക്കൽ രാജകുടുംബത്തിലും ഐശ്വര്യം ക്രമേണ വളരെ വർദ്ധിക്കുകയാൽ ജനങ്ങൾ “ചിറയ്ക്കൽപ്പകുതി അറയ്ക്കൽ” എന്നു പറഞ്ഞു് ആ കുടുംബത്തെ പുകഴ്ത്തുകയാൽ അതൊരു പഴഞ്ചൊല്ലായിത്തീർന്നു.

ഇനി ഈ അറയ്ക്കൽ രാജകുടുംബം കണ്ണൂരിലായിത്തീർന്നതെങ്ങനെയെന്നുകൂടി ചുരുക്കത്തിൽ താഴെ പറഞ്ഞുകൊള്ളുന്നു.

കൊല്ലവർ‌ഷം ഏഴാം ശതാബ്ദത്തിന്റെ ആദ്യകാലത്തു കോലത്തിരി രാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന “അരയൻകുളങ്ങര നായർ” മുഹമ്മദുമതം സ്വീകരിച്ചു് ഒരു “മുഹമ്മദാലി”യായിത്തീർന്നു. പിന്നേയും അയാൾ കോലത്തിരിത്തമ്പുരാന്റെ മന്ത്രിസ്ഥാനം ഉപേക്ഷിച്ചില്ല. ആ മുഹമ്മദാലി തന്റെ സ്വാമിയായ തമ്പുരാന്റെ അനുവാദത്തോടുകൂടി അറയ്ക്കൽകൊട്ടാരത്തിൽനിന്നു് ഒരു ബീബിയെ കല്യാണം കഴിച്ചു. അയാളുടെ കാലാനന്തരം അയാളുടെ പുത്രന്മാരായ “മമ്മാലിക്കിടാവു”കൾ കോലത്തിരിത്തമ്പുരാന്റെ പ്രധാനസേവകന്മാരായിത്തീർന്നു. അവരിൽ കോലത്തിരിരാജാവിന്റെ സേനാനായകനായിത്തീർന്ന “ആലിമൂസ്സ” എന്ന യുദ്ധവിദഗ്ദ്ധൻ “മാലിദ്വീപുകൾ” പിടിച്ചടക്കി തന്റെ സ്വാമിക്കു കൈവശപ്പെടുത്തിക്കൊടുത്തു. കോലത്തിരിത്തമ്പുരാൻ ഏറ്റവും സന്തോ‌ഷിച്ചു് ആ ദ്വീപുകളിൽനിന്നു കൊല്ലംതോറും കിട്ടുന്ന പാട്ടത്തിൽനിന്നു് ആലിമൂസ്സാഖാനും അയാളുടെ കുടുംബത്തിലും എന്നും അനുഭവിക്കാനായി പതിനെണ്ണായിരം പണവും കണ്ണൂരിൽ അവിടേക്കു് (തമ്പുരാനു്) ഉണ്ടായിരുന്ന ഒരു വലിയ കോട്ടയും കാനത്തൂരു്, കാനോത്തുചാലു് എന്നീ രണ്ടു ദേശങ്ങളും സമ്മാനമായി കൊടുത്തു. തദനന്തരം കൊല്ലവർ‌ഷം എഴുന്നൂറ്റിനാല്പതിൽ കോലത്തിരിത്തമ്പുരാൻ ഏഴിമലക്കോട്ടു വിട്ടു വളപട്ടണം കോട്ടയിലും, ആലിമൂസ്സ അറയ്ക്കൽകുടുംബവും തമ്പുരാൻ കല്പിചുകൊടുത്ത കണ്ണൂർകോട്ടയിലും താമസമാക്കി.

അതിനുശേ‌ഷം എഴുന്നൂറ്റിനാല്പത്തഞ്ചിൽ ആലിമൂസ്സയുടെ സഹായത്താൽ കോലത്തിരിത്തമ്പുരാൻ ലക്ഷദ്വീപുകളെ ആക്രമിച്ചു പിടിച്ചടക്കുകയും ആ ദ്വീപുകളെ ആണ്ടുതോറും ആറായിരം പണം കപ്പം കൊടുക്കണമെന്ന നിശ്ചയത്തോടുകൂടി അറയ്ക്കൽ ബീബിക്കു വിട്ടു കൊടുക്കുകയും ചെയ്തു. അതുകൂടാതെ കോലത്തിരിത്തമ്പുരാൻ ആലിമൂസ്സയ്ക്കു് “ആഴിരാജാവു്” എന്നൊരു സ്ഥാനവും കല്പിചു കൊടുത്തു. അതുകാലക്രമേണ ഭേദപ്പെട്ടു് “ആലിരാജാവു്” എന്നായിത്തീർന്നു. ഇപ്പോൾ ആഴിരാജാവെന്നു് ആരും പറയാറില്ല. എല്ലാവരും ആലിരാജാവെന്നു തന്നെയാണു് പറഞ്ഞുവരുന്നതു്.

അനന്തരം മലബാർ ബ്രിട്ടീ‌ഷു ഗവൺമെണ്ടിന്റെ അധീനത്തിലായതിന്റെ ശേ‌ഷം അന്നത്തെ ബീബി ലക്ഷദ്വീപുകൾകൂടി നോക്കി ഭരിക്കുവാനായി ബ്രിട്ടീ‌ഷു ഗവർമെണ്ടിനെ ഏല്പിച്ചു. ആ ദ്വീപുകളിൽനിന്നുണ്ടാകുന്ന ആദായത്തിൽനിന്നു് ഒരു ഭാഗം ആണ്ടുതോറും ബീബിക്കുകൊടുക്കണമെന്നുള്ള നിശ്ചയത്തോടുകൂടിയാണു് അങ്ങനെ ചെയ്തതു്. എങ്കിലും ബ്രിട്ടീ‌ഷ് ഗവർമെണ്ടു് ബീബിക്കു യാതൊന്നും കൊടുക്കാതെ ആ ദ്വീപുകൾ സ്വന്തമെന്നപോലെ കൈവശംവെച്ചു് ആദായങ്ങൾ മുഴുവൻ എടുത്തു കൊണ്ടിരുന്നു.

ഏകദേശം ഇരുപതുകൊല്ലങ്ങൾക്കുമുമ്പു് ആലിരാജാവവർകളും ബ്രിട്ടീ‌ഷ് ഗവർമെണ്ടും തമ്മിൽ ലക്ഷദ്വീപുകളെ സംബന്ധിച്ചു കേമമായിട്ടു് ഒരു വ്യവഹാരാമുണ്ടായി. ഒടുക്കം ബ്രിട്ടീ‌ഷ് ഗവർമെണ്ടു് ആണ്ടുതോറും തക്കതായ ഒരു നല്ല സംഖ്യ അറയ്ക്കൽ രാജകുടുംബത്തിലേക്കു കൊടുത്തുകൊള്ളാമെന്നു സമ്മതിക്കുകയാൽ ആ വ്യവഹാരം രാജിയായിട്ടു തീർന്നു. ബ്രിട്ടീ‌ഷ്ഗവർമെണ്ടു് ആ സംഖ്യ ഇപ്പോഴും ആണ്ടുതോറും അറയ്ക്കൽ രാജകുടുംബത്തിലേക്കു് കൊടുത്തുവരുന്നുണ്ടു്. ഇതുകൂടാതെ ചിറയ്ക്കൽ രാജകുടുംബത്തിലുള്ള സകലർക്കും ബ്രിട്ടീ‌ഷ് ഗവർമെണ്ടു് പണ്ടുതന്നെ മാലിഖാൻ അനുവദിച്ചിട്ടുമുണ്ടു്. ഇന്നും അറയ്ക്കൽ കോവിലകത്തുള്ളവരും ചിറയ്ക്കൽ രാജകുടുംബത്തിലുള്ളവരും ഏറ്റവും മൈത്രിയോടും വിശ്വസ്തതയോടുംകൂടിത്തന്നെയാണു് വർത്തിച്ചുപോരുന്നതു് ആ രണ്ടു വിശിഷ്ടസ്ഥാനങ്ങളിലും ക്ഷേമവും ഐശ്വര്യവും എന്നും ഉപര്യുപരി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനു് സർവ്വേശ്വരൻ സദയം സഹായിക്കുമാറാകട്ടെ.