close
Sayahna Sayahna
Search

ചേരാനല്ലൂർ കുഞ്ചുക്കർത്താവു്


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ചേരാനലൂർ കർത്താവിന്റെ ഭവനം ഇപ്പോൾ കൊച്ചീ സംസ്ഥാനത്തു് കണയന്നൂർ താലൂക്കിൽ ചേരാനല്ലൂർ ദേശത്താണു്. ഇടപ്പള്ളി തീവണ്ടി സ്റ്റേ‌ഷനിൽനിന്നു രണ്ടു നാഴിക വടക്കുമാറിയാണു് ഈ ഭവനം. ഇവരെ സാധാരണയായി പറഞ്ഞു വരുന്നതു് ‘ചേരാനല്ലൂർ കർത്താവു്’ എന്നാണെങ്കിലും ഇവരുടെ കുടുംബത്തേക്കുള്ള സ്ഥാനപ്പേരു് “കുന്നത്തു രാമക്കുമാരക്കൈമ്മൾ” എന്നാണു്.

പണ്ടു് ഇവരുടെ തറവാടു വരാപ്പുഴയായിരുന്നു. അവിടെയുണ്ടായിരുന്ന സ്ഥാനപ്പേരു് ‘പടിഞ്ഞാറ്റ്യേടത്തു പടനായർ’ എന്നായിരുന്നുവെന്നും ഇവരുടെ തറവാട്ടേക്കു കൊച്ചിരാജാവിന്റെ പടനായകസ്ഥാനമുണ്ടായിരുന്നതിനാലാണു് ഈ സ്ഥാനപ്പേരു സിദ്ധിച്ചതെന്നും ഒരു കേൾവിയുണ്ടു്. ഇവർക്കു വാരാപ്പുഴെ ചില പുരയിടങ്ങളും മറ്റും അടുത്ത കാലംവരെ ഉണ്ടായിരുന്നു. അതിനാൽ ഈ കേൾവി കേവലം അടിസ്ഥാന രഹിതമാണെന്നു തോന്നുന്നില്ല.

എറണാകുളം ജില്ലയ്ക്കു് (കൊല്ലവർ‌ഷം 1100-ൽ) ഇപ്പോൾ ‘അഞ്ചിക്കയ്മൾ ജില്ല’ എന്നാണല്ലോ പേരു പറഞ്ഞുവരുന്നതു് . ആ സ്ഥലം അഞ്ചു് കയ്മൾമാരുടെ വകയായിരുന്നു. അതിനാലാണു് ആ ജില്ലയ്ക്കു് ഈ പേരു സിദ്ധിച്ചതു്. അ കയ്മൾമാർ അന്യംനിന്നുപോയപ്പോൾ അതിലൊരു കുടുംബം പടിഞ്ഞാറ്റ്യേടത്തു് പടനായരുടെ തറവാട്ടേക്കൊതുങ്ങി. അതിനാൽ എറണാകുളത്തു് ഇവരുടെ സ്ഥാനപ്പേരു “ചെറുകാട്ടു് ഇരവിക്കയ്മൾ” എന്നായിത്തിർന്നു. ഈ വക സംഗതികളെല്ലാം കൊണ്ടും മുമ്പു് ഇവരുടെ സ്ഥാനപ്പേരു കയ്മൾ എന്നായിരുന്നു എന്നും കർത്താവെന്നുള്ള സ്ഥാനം പിന്നീടുണ്ടായതാണെന്നും വിചാരിക്കേണ്ടിയിരിക്കുന്നു. കർത്താവെന്നും കയ്മൾ എന്നും പണിക്കരെന്നും കുറുപ്പെന്നും മറ്റുമുള്ള സ്ഥാനങ്ങൾ രാജാക്കന്മാർ കല്പിച്ചുകൊടുക്കുന്നതാണല്ലോ. ചേരാനല്ലൂർ കർത്താവിനു് പണ്ടുണ്ടായിരുന്ന കയ്മൾ എന്ന സ്ഥാനം ഇടക്കാലത്തു് ഏതോ ഒരു രാജാവു ഭേദപ്പെടുത്തി കർത്താവെന്നാക്കിയതായിരിക്കാം.

മുകുന്ദപുരം താലൂക്കിലുള്ള “കോടശ്ശേരിക്കർത്താവി”നെ ചിലർ “തമ്പാൻ” എന്നും പറയാറുണ്ടു്. അവിടെ ഒരു കവിതക്കാരൻ കർത്താവുണ്ടായിരുന്നുവല്ലോ. അദ്ദേഹത്തെ ‘കോടശ്ശേരിക്കുഞ്ഞൻ തമ്പാൻ‍ എന്നാണു സാധാരണയായി പറഞ്ഞുവന്നിരുന്നതു്. കോടശ്ശേരിക്കർത്താവിന്റെ കുടുംബത്തിലെ സ്ത്രീകളെ “തമ്പായിമാർ” എന്നാണു് പറയുന്നതു്. എന്നാൽ ചേരാനലൂർ കർത്താവിന്റെ സ്ത്രീകളെ പറയുന്നതു ‘കുഞ്ഞമ്മമാർ’ എന്നാണു്. ഇവരുടെ ഒരു ശാഖാകുടുംബം തിരുവിതാംകൂറിൽ മൂവാറ്റുപുഴത്താലൂക്കിൽ “തൃക്കാരിയൂർ” ദേശത്തുമുണ്ടു്. അവിടെയുള്ള സ്ത്രീകളെയും കുഞ്ഞമ്മമാർ എന്നുതന്നെയാണു് പറഞ്ഞുവരുന്നതു്. തിരുവിതാംകൂറിൽ വേറെയുള്ള കർത്താക്കന്മാരുടെ സ്ത്രീകളെയും പറഞ്ഞുവരുന്ന കുഞ്ഞമ്മമാർ എന്നുതന്നെയാണു് . തിരുവിതാംകൂറിൽ കയ്മൾ എന്ന സ്ഥാനപ്പേരായിരുന്ന ചില കുടുംബക്കാർ ഈയിടെ കർത്താവെന്നു് പേരുവച്ചു് എഴുത്തുകുത്തുകൾ തുടങ്ങിയിരിക്കുന്നതായിക്കാണുന്നുണ്ടു്. ഈ പെരുമാറ്റം അവർ സ്വയമേവ ചെയ്തതാണു്. രാജകൽപ്പന പ്രകാരവും മറ്റുമല്ല.

മേൽപറഞ്ഞപ്രകാരം പലവിധത്തിലുള്ള സ്ഥാനമാനങ്ങളോടുകൂടി ചേരാനലൂർ കുന്നത്തുകുടുംബത്തിൽ ജനിച്ച ആളാണു് നമ്മുടെ കഥാനായകനായ കുഞ്ചുക്കർത്താവു്. ഇദ്ദേഹത്തിന്റെ ജനനമരണങ്ങൾ ഏതേതാണ്ടുകളിലായിരുന്നു എന്നറിയുന്നതിനു മാർഗ്ഗമൊന്നും കാണുന്നില്ല. എങ്കിലും അദ്ദേഹം ജീവിച്ചിരുന്നതു് ഏകദേശം ഇരുനൂറു കൊല്ലങ്ങൾക്കു മുൻപായിരുന്നു എന്നുള്ളതിനു ചില ലക്ഷ്യങ്ങളുണ്ടു്.

കുഞ്ചുക്കർത്താവു് ചെറുപ്പത്തിൽതന്നെ സ്വദേശം വിട്ടുപോയി. ഏതാനുംകാലം പരദേശങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നു. ആ ദിക്കുക്കളിൽനിന്നു് അദ്ദേഹം മന്ത്രവാദം, വൈദ്യം, പാട്ടു്, വീണവായന, ഇന്ദ്രജാലം മുതലായ പല വിദ്യകളിൽ അനിതരസാധാരണമായ പാണ്ഡിത്യം സമ്പാദിച്ചുകൊണ്ടാണു് സ്വദേശത്തു തിരിച്ചെത്തിയതു്. സ്വദേശത്തു് വന്നതിന്റെ ശേ‌ഷവും അദ്ദേഹം ഉപയോഗിച്ചിരുന്ന വേ‌ഷഭൂ‌ഷാദികളെല്ലാം പരദേശീയംതന്നെയായിരുന്നു.

Chap52pge399.png

കുഞ്ചുക്കർത്താവിനു് പല വിദ്യകൾ അറിയാമായിരുന്നുവെങ്കിലും അദ്ദേഹം അധികമായി പ്രയോഗിച്ചിരുന്നതു് ഇന്ദ്രജാലമാണു്. അതിനാൽ ആ വി‌ഷയത്തിലാണു് അധികം പ്രസിദ്ധിയുണ്ടായതു്. അദ്ദേഹം ഹനുമാനെസ്സേവിച്ചു പ്രത്യക്ഷമാക്കിയിരുന്നതിനാൽ ഏതൊരു കാര്യം സാധിക്കുന്നതിനും അദ്ദേഹത്തിനു യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വിശേ‌ഷിച്ചു് അദ്ദേഹം ചില കുട്ടിച്ചാത്തന്മാരെയും സേവിച്ചു വശംവദന്മാരാക്കിയിരുന്നു. കുഞ്ചുക്കർത്താവു പരദേശത്തുനിന്നു മടങ്ങിവന്നു കുറച്ചുകാലം കഴിഞ്ഞപ്പോൾ തറവാട്ടിൽ മൂപ്പുസ്ഥാനം ലഭിച്ചു. എങ്കിലും അദ്ദേഹം കുടുംബകാര്യങ്ങളൊന്നും അന്വേ‌ഷിച്ചിരുന്നില്ല. അവയെല്ലാം അനന്തരവരെക്കൊണ്ടു നടത്തിക്കുകയാണു് ചെയ്തിരുന്നതു്. അദ്ദേഹം മിക്കപ്പോഴും താമസിച്ചിരുന്നതു് രാജസന്നിധിയിലാണു്. ചിലപ്പോൾ മാത്രമേ സ്വഗൃഹത്തിൽ താമസിച്ചിരുന്നുള്ളൂ.

കൊച്ചീ സംസ്ഥാനത്തു വടുതലപ്പുഴയ്ക്കു വടക്കുള്ള നികുതി മുഴുവനും പിരിച്ചു സർക്കാരിലടയ്ക്കുന്നതിനു് ചേരാനല്ലൂർക്കർത്താവിനെ കൽപ്പനപ്രകാരം അധികാരപ്പെടുത്തിയിരുന്നു. വളരെക്കാലം അവർ ആ ജോലി ശരിയായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ആ ഏർപ്പാടു് ഭേദപ്പെടുത്തിയതു് 1074-ആമാണ്ടാണു്.

ഒരാണ്ടിൽ നികുതി അടച്ചുതീർക്കാതെയിരുന്നതിനാൽ സർക്കാരിൽ നിന്നു് കർത്താവിന്റെ അടുക്കൽ ആളെ അയച്ചു. അപ്പോൾ കുഞ്ചുക്കർത്താവു് ഗൃഹത്തിലുണ്ടായിരുന്നു. തറവാടുകാര്യങ്ങളന്വേ‌ഷിക്കുകയും നികുതി പിരിച്ചു സർക്കാരിലടയ്ക്കുകയും മറ്റും ചെയ്തിരുന്ന അനന്തരവൻ അപ്പോൾ അവിടെയുണ്ടായിരുന്നില്ല. പുറത്തു് എവിടെയോ പോയിരിക്കുകയായിരുന്നു. അതിനാൽ കുഞ്ചുക്കർത്താവു് ആ വന്ന ആളോടു് “അനന്തരവൻ ഇപ്പോൾ ഇവിടെയില്ല. അയാൾ എന്തോ കാര്യമായി പുറത്തെവിടെയോ പോയിരിക്കുകയാണു്. എന്റെ കൈവശം പണമൊന്നുമില്ല. അതിനാൽ നാളെ വരണം. അപ്പോഴേക്കും അനന്തരവൻ വരുമായിരിക്കാം. അയാൾ വന്നില്ലെങ്കിലും നാളത്തേക്കു പണമുണ്ടാക്കിത്തരാം” എന്നു പറഞ്ഞു. വന്നയാൾ അതു കേട്ടു അപ്പോൾ മടങ്ങിപ്പോവുകയും അടുത്ത ദിവസം വീണ്ടും വരുകയും ചെയ്തു. അന്നും കാര്യാന്വേ‌ഷണക്കാരനായ അനന്തരവൻ കർത്താവു് വന്നിട്ടില്ലായിരുന്നു. എങ്കിലും താൻ പറഞ്ഞിരുന്നപോലെ ചെയ്യാതിരിക്കുന്നതു് വിഹിതമല്ലല്ലോ എന്നു വിചാരിച്ചു് കുഞ്ചുക്കർത്താവു് അകത്തുനിന്നു് ഒരു പെട്ടിയെടുത്തുകൊണ്ടു വന്നു തുറന്നു് സർക്കാരിലേക്കു ചെല്ലുവാനുണ്ടായിരുന്ന സംഖ്യ മുഴുവനും അതിൽനിന്നു് എണ്ണിക്കൊടുത്തു. അതു മുഴുവനും അക്കാലത്തു കൊച്ചീരാജ്യത്തു നടപ്പുണ്ടായിരുന്ന ഇരട്ടിപ്പുത്തനായിരുന്നു. മുഴുവനും എണ്ണിക്കഴിഞ്ഞപ്പോൾ “പുത്തനെക്കുറിച്ചു വല്ല സംശയവുമുണ്ടെങ്കിൽ വെട്ടിമുറിച്ചോ ഉരുക്കിയോ നോക്കിക്കൊള്ളണം” എന്നു കുഞ്ചുക്കർത്താവു പറഞ്ഞു. വന്നിരുന്ന ആൾ വേണ്ടുന്ന പരിശോധനയെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം “എല്ലാം നല്ല പുത്തൻതന്നെയാണു്. സംശയമൊന്നുമില്ല” എന്നു പറഞ്ഞു് പുത്തനെല്ലാം വാരിക്കെട്ടിക്കൊണ്ടുപോയി. അയാൾ പോയി കുറച്ചുസമയം കഴിഞ്ഞപ്പോൾ അനന്തരവൻ കർത്താവു വന്നു. അപ്പോൾ അദ്ദേഹത്തോടു നികുതിവക പണത്തിനു സർക്കാരിൽനിന്നു് ആളെ അയച്ചിരുന്നുവെന്നും താൻ പണമുണ്ടാക്കിക്കൊടുത്തയച്ചു എന്നും കുഞ്ചുക്കർത്താവു പറഞ്ഞു. ഇതു കേട്ടപ്പോൾത്തന്നെ അനന്തരവൻ കർത്താവു വല്ലാതെ ഭയപ്പെട്ടു. കാരണവരുടെ കൈവശം പണമുണ്ടായിരുന്നില്ലെന്നു് അനന്തരവനു് അറിയാമായിരുന്നു. പിന്നെ പണമുണ്ടാക്കിക്കൊടുത്തയച്ചതു് ഇന്ദ്രജാലംകൊണ്ടായിരിക്കണമല്ലോ. അതിനാൽ അനന്തരവൻകർത്താവു് “അയ്യോ! ഇതു വേണ്ടായിരുന്നു. സർക്കാരിനെ വഞ്ചിക്കുന്നതു് വിഹിതമല്ലല്ലോ. എന്നു മാത്രമല്ല, സംഗതി വെളിപ്പെടുമ്പോൾ നമ്മൾ ശിക്ഷ അനുഭവിക്കേണ്ടതായും വന്നേക്കാം” എന്നു പറയുകയും പണവുംകൊണ്ടു ക്ഷണത്തിൽ എറണാകുളത്തേക്കു പോവുകയും ചെയ്തു. എറണാകുളത്തെത്തി പണം ഏറ്റുവാങ്ങേണ്ടുന്ന ഉദ്യോഗസ്ഥന്മാരുടെ അടുക്കൽച്ചെന്നു “നികുതി വക പണം ഹാജാരാക്കിയിരിക്കുന്നു. ഇതു് ഏറ്റുവാങ്ങി രസീതു തരണം” എന്നു പറഞ്ഞപ്പോൾ ഉദ്യോഗസ്ഥന്മാർ “നികുതിവക പണമെല്ലാം ഇവിടെ അടച്ചുതീർന്നിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ കർത്താവു്, “കാരണവർ കൊടുത്തയച്ച അപ്പണം വേറൊരിനമാണു്. അതിനാൽ അതു മടക്കിത്തരുകയും ഞാൻ കൊണ്ടുവന്നിരിക്കുന്ന പണം ഏറ്റുവാങ്ങി പ്രമാണം തരുകയും ചെയ്യണ”മെന്നും നിർബന്ധിച്ചു. അതിനാൽ ആ ഉദ്യോഗസ്ഥന്മാർ അങ്ങനെ സമ്മതിച്ചു. കാരണവർ കൊടുത്തയച്ച പണം എടുത്തു കൊണ്ടുവന്നു് എണ്ണിയേൽപ്പിക്കുന്നതിനായി അഴിച്ചു നോക്കിയപ്പോൾ അതു മുഴുവനും ഇരട്ടിപ്പുത്തന്റെ വലിപ്പതിൽ വൃത്താകാരമായി മുറിച്ച ഓലക്ക‌ഷണങ്ങളായിരുന്നു. അതു കണ്ടു് എല്ലാവരും വിസ്മയിക്കുകയും നികുതിവക പണം ഏറ്റുവാങ്ങിക്കൊണ്ടു് അതിനുള്ള രസീതും കൊടുത്തയയ്ക്കുകയും ചെയ്തു. കുഞ്ചുക്കർത്താവു് പരദേശത്തിനിന്നു മടങ്ങി വന്നിട്ടു് ആദ്യം പ്രയോഗിച്ച വിദ്യ ഇതായിരുന്നു. ഇതു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രസിദ്ധി സർവത്ര പരന്നു.

ഒരിക്കൽ തൃപ്പുണിത്തുറെനിന്നും ചില കൊച്ചുതമ്പുരാക്കന്മാർ കർത്താവിന്റെ ഭവനത്തിൽ‍ എഴുന്നള്ളുകയും ചില വിദ്യകൾ‍ കണ്ടാൽക്കൊള്ളാമെന്നു കുഞ്ചുക്കർത്താവിനോടു് ആവശ്യപ്പെടുകയും ചെയ്തു. കുഞ്ചുക്കർത്താവു നാലു തോക്കെടുത്തു നിറച്ചു നാലു ഭൃത്യന്മാരെ വിളിച്ചു് ഓരോ തോക്കുവീതം അവരുടെ കയ്യിൽകൊടുത്തു് അവിടെയുള്ള കുളത്തിന്റെ നാലു കരയിലും നിറുത്തീട്ടു്, “ഞാൻ ഈ കുളത്തിൽ മുങ്ങിയാൽ പൊങ്ങിവരുന്ന സമയം നിങ്ങൾ എന്നെ വെടിവയ്ക്കണം” എന്നു പറഞ്ഞു. ഭൃത്യന്മാർ അരയും തലയും മുറുക്കി വെടിവയ്ക്കാനായി സന്നദ്ധരായിക്കഴിഞ്ഞു എന്നു കണ്ടപ്പോൾ കർത്താവു കുളത്തിലിറങ്ങി മധ്യഭാഗത്തു ചെന്നു മുങ്ങി. കൊച്ചുതമ്പുരാക്കന്മാരും ഭൃത്യന്മാരും നോക്കിക്കൊണ്ടു് നിന്നു. ഏകദേശം മൂന്നേമുക്കാൽ നാഴിക കഴിഞ്ഞപ്പോൾ കുഞ്ചുക്കർത്താവിന്റെ തല വെള്ളത്തിനു മുകളിൽ കണ്ടു. ഉടനെ ഭൃത്യന്മാർ വെടിവെക്കുകയും കുഞ്ചുക്കർത്താവിന്റെ തല പൊട്ടിച്ചിതറുകയും കുളത്തിലെ വെള്ളം രക്തമയമായിത്തീരുകയും കുറച്ചുസമയം കഴിഞ്ഞപ്പോൾ‍ കുഞ്ചുക്കർത്താവിന്റെ മൃതശരീരം വെള്ളത്തിനു മീതെ പൊങ്ങിവരുകയും ചെയ്തു. ഇതെല്ലാം കണ്ടു കൊച്ചുതമ്പുരാക്കന്മാർ വല്ലാതെ ഭയപ്പെടുകയും “കർത്താവു് ഇങ്ങനെ മരിച്ചതിന്റെ കാരണമെന്തായിരിക്കും? കാരണമെന്തായാലും വലിയ കഷ്ടമായിപ്പോയി. കർത്താവിന്റെ വിദ്യ കാണാൻ വന്നിട്ടു് നമുക്കു മരണം കാണാനാണല്ലോ സംഗതിയായതു്. കർത്താവു് പറഞ്ഞിട്ടാണെങ്കിലും ഈ ഭൃത്യന്മാർ വെടിവച്ചതു് ന്യായമായില്ല. വെടിവയ്ക്കുന്ന സമയം കർത്താവു് വെള്ളത്തിൽ മുങ്ങിക്കളയും. വെടി കൊള്ളാനിടയാവുകയില്ല എന്നാണു് വിചാരിച്ചതു്. അല്ലെങ്കിൽ വെടിവെയ്ക്കാൻ സമ്മതിക്കയില്ലായിരുന്നു. അഥവാ കർത്താവിനു് അബദ്ധം പറ്റിപ്പോയതല്ലയോ? വെടി വരുമ്പോഴേക്കും മുങ്ങിക്കളയാമെന്നായിരിക്കും വിദ്വാൻ വിചാരിച്ചിരുന്നതു്. വെടിയുണ്ടയുടെ വേഗംകൊണ്ടു് അതിനിടകിട്ടിയില്ലായിരിക്കും. എങ്ങനെയായാലും കാര്യം വലിയ കഷ്ടമായി” എന്നും മറ്റും അരുളിച്ചെയ്യുകയും ചെയ്തു. അപ്പോഴേക്കും കുഞ്ചുക്കർത്താവിന്റെ മൃതശരീരം വെള്ളത്തിൽത്താണു്. ഉടനെ അദ്ദേഹത്തിന്റെ മാളികയിൽ ഒരു വീണ വായന കേട്ടുതുടങ്ങി. അപ്പോൾ ആ വെടിക്കാരായ ഭൃത്യന്മാർ കൊച്ചുതമ്പുരാക്കന്മാരുടെ അടുക്കൽചെന്നു് “ഈ കഷ്ടസംഭവം തൃക്കൺപാർത്തതിനാൽ തിരുമനസ്സിലുണ്ടായിരുന്ന അസ്വാസ്ഥ്യം ആ മാളികയിലെഴുന്നള്ളി വീണവായന കുറച്ചുകേട്ടാൽത്തീരും” എന്നറിയിച്ചു. ഉടനെ കൊച്ചുതമ്പുരാക്കന്മാർ മാളികയിലെഴുന്നള്ളി. അപ്പോൾ അവിടെ വീണ വായിച്ചുകൊണ്ടിരുന്നതു് കുഞ്ചുക്കർത്താവായിരുന്നു. കർത്താവിനെക്കണ്ടപ്പോൾ ആ തമ്പുരാക്കന്മാർക്കുണ്ടായ സന്തോ‌ഷവും വിസ്മയവും എത്രമാത്രമായിരുന്നു എന്നു പറയാൻ പ്രയാസം. അവർ കരുതിക്കൊണ്ടു് വന്നിരുന്ന സമ്മാനങ്ങളെല്ലാം കൊടുത്തു് കർത്താവിനെ അത്യന്തം ബഹുമാനിച്ചതിന്റെ ശേ‌ഷം മടങ്ങിയെഴുന്നള്ളുകയും ചെയ്തു.

Chap52pge401.png

ഒരു ദിവസം കുഞ്ചുക്കർത്താവും ഒരു നമ്പൂരിയുംകൂടി ചതുരംഗംവച്ചുകൊണ്ടിരുന്നപ്പോൾ കർത്താവിന്റെ ചില സ്നേഹിതന്മാർ അവിടെച്ചെന്നു്, “ഞങ്ങൾ വഞ്ചികളിക്കാനായി പുറപ്പെട്ടിരിക്കുകയാണു്. യജമാനൻകൂടെ വരണം” എന്നു പറഞ്ഞു. ചതുരംഗത്തിലുള്ള രസംകൊണ്ടു് കർത്താവു്, ‘ഞാൻ വരുന്നില്ല നിങ്ങൾ പോയി വഞ്ചികളിക്കുവിൻ; ഞങ്ങൾ ചതുരംഗം കളിക്കാം’ എന്നും പറഞ്ഞു. അതു കേട്ടു് ആ സ്നേഹിതന്മാർ സമ്മതിക്കാതെ വീണ്ടും നിർബന്ധിക്കുകയാൽ കർത്താവു് നമ്പൂരിയോടു്, “ഞാൻപോയി ക്ഷണത്തിൽ മടങ്ങി വന്നേക്കാം. അവിടുന്നു് ഇവിടെത്തന്നെ ഇരിക്കണം. പൊയ്ക്കളയരുതു്” എന്നു് പറഞ്ഞിട്ടു് അവരോടുകൂടിപ്പോയി. ഉടനെ എല്ലാവരുംകൂടിച്ചെന്നു് തോണിയിൽ കയറി സ്വല്പസമയം കഴിഞ്ഞപ്പോൾ തോണിയുടെ കളി തുടങ്ങി. കൊമ്പത്തിരുന്ന കർത്താവു് എങ്ങനെയോ തെറിച്ചു വെള്ളത്തിൽ വീഴുകയും ഉടനെ താണുപോവുകയും ചെയ്തു. വഞ്ചിയിലുണ്ടായിരുന്ന കൂട്ടുകാർക്കു പരിഭ്രമമായി. ചിലർ വെള്ളത്തിൽ ചാടി മുങ്ങിത്തപ്പിനോക്കി. കർത്താവിന്റെ മൃതശരീരം പോലും എങ്ങും കണ്ടില്ല. പിന്നെ വലക്കാരെ വരുത്തി വലവീശിച്ചുനോക്കി. എന്നിട്ടും കണ്ടില്ല. കർത്താവിന്റെ ശവംപോലും കണ്ടുകിട്ടുന്ന കാര്യം അസാദ്ധ്യമെന്നു തീർച്ചയാവുകയാൽ അവരെല്ലാവരും ഏറ്റവും വി‌ഷാദത്തോടുകൂടി കളി മതിയാക്കി കരയ്ക്കു കയറി. ഈ വർത്തമാനം കർത്താവിന്റെ ഗൃഹത്തിലറിയിക്കാതിരിക്കുന്നതു ശരിയല്ലല്ലോ എന്നു വിചാരിച്ചു് അവരെല്ലാവരും കൂടി അങ്ങോട്ടു നടന്നു.

അവർ അവിടെച്ചെന്നപ്പോൾ കർത്താവും നമ്പൂരിയുംകൂടി യഥാപൂർവ്വം ചതുരംഗം വച്ചുകൊണ്ടിരിക്കുന്നതു് കണ്ടു് അവർ അത്ഭുതപ്പെട്ടു. “യജമാനൻ‍ ഞങ്ങളെ ഇങ്ങനെ വ്യസനിപ്പിച്ചതു് വലിയ കഷ്ടമായിപ്പോയി” എന്നു് അവർ പറഞ്ഞപ്പോൾ “നിങ്ങൾ ഞങ്ങളുടെ ചതുരംഗായോധനമൂർദ്ധ്വമാക്കാൻ ശ്രമിച്ചതു കഷ്ടമായിപ്പോയി” എന്നു കർത്താവു് പറഞ്ഞു.

കുഞ്ചുക്കർത്താവിന്റെ അത്ഭുതകർമ്മങ്ങളെക്കുറിച്ചു് പരദേശത്തു് കേൾക്കുകയാൽ അവിടെനിന്നു കെങ്കേമനായ ഒരിന്ദ്രജാലക്കാരൻ ഇദ്ദേഹത്തെ പരീക്ഷിക്കാനായി ഇങ്ങോട്ടു പുറപ്പെട്ടു. അയാൾ എറണാകുളത്തെത്തി, അടുത്ത ദിവസം കായലിൽവച്ചു് ഒരു കളി നടത്താൻ നിശ്ചയിച്ചിരിക്കുന്നതായി ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. നിശ്ചിതസമയമായപ്പോഴേക്കും എറണാകുളത്തുള്ള കായൽക്കരയിൽ അസംഖ്യമാളുകൾ കൂടി. കൊച്ചീ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടും പരിവാരസമേതം അവിടെ എഴുന്നള്ളി. അക്കൂട്ടത്തിൽ കുഞ്ചുക്കർത്താവുമുണ്ടായിരുന്നു. ആ പരദേശി വന്നിരിക്കുന്നതു് കുഞ്ചുക്കർത്താവിനെ പരീക്ഷിക്കാനാണെന്നു് ആർക്കും അറിയാൻ പാടില്ലായിരുന്നു. അയാൾ ആ പരമാർത്ഥം ആരോടും പറഞ്ഞുമില്ല. എങ്കിലും കുഞ്ചുക്കർത്താവു് ഈ വാസ്തവം ഊഹിക്കാതിരുന്നില്ല. സമയമായപ്പോൾ ആ ഐന്ദ്രജാലികൻ ചില സാമാനങ്ങൾ കെട്ടിയെടുത്തുകൊണ്ടു് ഒരു മെതിയടിയിൽക്കയറി വെള്ളതിന്റെ മീതെ നടന്നു കായലിലേക്കു പോയി. കരയിൽനിന്നു് ഏകദേശം നൂറടി അകലെച്ചെന്നു് അവിടെ വെള്ളത്തിനുമീതെ ഒരു കരിമ്പടം വിരിച്ചു് അതിൽ “പേനക്കത്തികൾ പേനയും പെനിസിലും പിച്ചാത്തി പിഞ്ഞാണവും ചീനത്തൂശിയുമുണ്ടനൂലു ചരടും തീപ്പെട്ടി കാൽപ്പെട്ടിയും” മറ്റും നിരത്തിവച്ചു് “ഓടിവരുവിൻ, ഓടിവരുവിൻ, സാമാനം മെച്ചം, വില സഹായം ഇപ്പോൾ തീർന്നുപോകും” എന്നും മറ്റും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ‘കുഞ്ചുക്കർത്താവിനു വായുസ്തംഭം, ജലസ്തംഭം മുതലായവ അറിയാമെങ്കിൽ വെള്ളത്തിന്റെ മീതെ നടന്നുചെല്ലും. അങ്ങനെ ചെന്നില്ലെങ്കിൽ അദ്ദേഹത്തിനു് ആവക വിദ്യകൾ അറിഞ്ഞു കൂടെന്നു തീർച്ചപ്പെടുത്തുകയും ചെയ്യാമല്ലോ’ എന്നു വിചാരിച്ചാണു് ആ പരദേശി ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നതു്. അയാൾ സാഹങ്കാരം ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടപ്പോൾ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു കുഞ്ചുക്കർത്താവിനെ അടുക്കൽ വിളിച്ചു് “എന്താ, അവിടെച്ചെന്നു വല്ലതും വാങ്ങിക്കൊണ്ടുവരാൻ വയ്യേ” എന്നു കല്പിച്ചു ചോദിച്ചു. “കല്പനയുണ്ടെങ്കിൽ പരീക്ഷിച്ചു നോക്കാം” എന്നു കർത്താവു മറുപടി അറിയിച്ചപ്പോൾ “ആട്ടെ, ഒന്നു പരീക്ഷിച്ചു നോക്കൂ” എന്നു വീണ്ടും കല്പിച്ചു. ഉടനെ കുഞ്ചുക്കർത്താവു് ഒരു വലിയ വെള്ളക്കുതിരയുടെ പുറത്തു കയറി വെള്ളത്തിനുമീതെ ഓടിച്ചു് അങ്ങോട്ടു ചെന്നു. അപ്പോഴേക്കും കരിമ്പടവും കച്ചവടസ്സാമാനങ്ങളും കച്ചവടക്കാരനും എല്ലാം വെള്ളത്തിൽ താണുകഴിഞ്ഞു. കായലിൽക്കിടന്നു മുങ്ങിയും പൊങ്ങിയും വെള്ളംകുടിച്ചു മരിക്കാൻ തുടങ്ങിയ ആ പരദേശികനെ കുഞ്ചുക്കർത്താവും പിടിച്ചുവലിച്ചു് തന്റെ കുതിരയുടെ പുറത്തു് കയറ്റിയിരുത്തിക്കൊണ്ടു് കുതിരയെ തിരിയെ ഓടിച്ചു കരയ്ക്കെത്തീട്ടു് ആ പരദേശിയോടു് “എന്താ, പരീക്ഷ ഒട്ടു മതിയായോ” എന്നു ചോദിച്ചു. അപ്പോൾ ആ പരദേശി തൊഴുതുകൊണ്ടു് “അബദ്ധം പിണഞ്ഞുപോയി. ക്ഷമിക്കണം. എന്റെ പ്രാണരക്ഷചെയ്തതിനായി പ്രത്യേകം വന്ദനംപറഞ്ഞുകൊള്ളുന്നു. ഇനി എന്റെ ജീവനുള്ളപ്പോൾ ഞാൻ യജമാനനെ പരീക്ഷിക്കാൻ പുറപ്പെടുകയില്ല” എന്നു പറഞ്ഞു സത്യം ചെയ്തു ലജ്ജാവനമ്രമുഖനായി അവിടെനിന്നു മടങ്ങി പരദേശത്തേക്കുതന്നെ പോയി.

Chap52pge403.png

ആ വേനൽക്കാലത്തു് വഴിപോക്കരായും മറ്റുമുള്ള അനവധിയാളുകൾ കർത്താവിന്റെ മാളികയിൽ വന്നുകൂടി. അവർ വെയിലുകൊണ്ടു് പരവശന്മാരായിട്ടാണു് അവിടെക്കയറിയതു്. ദാഹം കലശലായിട്ടുണ്ടായിരുന്നതിനാൽ കുടിക്കാൻ വെള്ളം വേണമെന്നു് അവർ കുഞ്ചുക്കർത്താവിനോടു് പറഞ്ഞു. “എന്തു വെള്ളമാണു വേണ്ടതു്” എന്നു കർത്താവു ചോദിച്ചപ്പോൾ കരിക്കായാൽകൊള്ളാം; അല്ലെങ്കിൽ ഇവിടുത്തെ സൗകര്യം പോലെ എന്തു വെള്ളമായാലും വിരോധമില്ല” എന്നവർ പറഞ്ഞു. അപ്പോൾ കർത്താവു്, “കരിക്കുതന്നെ ആവാം, ഇവിടെ സൗകര്യക്കുറവൊന്നുമില്ല. പക്ഷേ തെങ്ങിന്മേൽക്കയറാൻ ഇപ്പോൾ ഇവിടെ നമ്മുടെ ഭൃത്യന്മാരാരുമില്ല എന്നൊരു തരക്കേടു മാത്രമേ ഉള്ളു. വാലിയക്കാരെ ഒക്കെ ഓരോ കാര്യങ്ങൾക്കായി ഓരോ സ്ഥലങ്ങളിലേക്കു പറഞ്ഞയച്ചിരിക്കുകയാണു്. അതുകൊണ്ടു് വിരോധമൊന്നുമില്ല. തെങ്ങിന്മേൽക്കയറാൻ എനിക്കുമറിയാം. നല്ല പരിചയമില്ല എന്നേ ഉള്ളു” എന്നു പറഞ്ഞു് കർത്താവു തന്നെ ചെന്നു് ഒരു തെങ്ങിന്മേൽനിന്നു മറ്റൊരു തെങ്ങിന്മേലേക്കു ചാടി. അതിന്മേൽനിന്നും ഒരു കരിക്കു പറിച്ചിട്ടു് പിന്നൊരു തെങ്ങിന്മേലേക്കു ചാടി. അങ്ങനെ ഓരോ കരിക്കുവീതം പറിച്ചുകൊണ്ടു് അദ്ദേഹം ഒരു കുരങ്ങനെപ്പോലെ അവിടെയുണ്ടായിരുന്ന തെങ്ങിന്മേലൊക്കെ ചാടി നടന്നു. അവിടെ കൂടിയിരുന്നവർ ഇതു കണ്ടു് അത്യന്തം വിസ്മയിച്ചു. എങ്കിലും ഒടുക്കം ചാട്ടം പിഴച്ചു കർത്താവു നിലത്തുവീണു. അതുകണ്ടു പരിഭ്രമിച്ചു് അവിടെയുണ്ടായിരുന്നവരെല്ലാം ഓടിച്ചെന്നു നോക്കിയപ്പോൾ അദ്ദേഹത്തിനു ബോധമില്ലായിരുന്നു. അത്യന്തം വിവശനായിരിക്കുന്നതു് കണ്ടു് അദ്ദേഹം അപ്പോൾത്തന്നെ മരിച്ചുപോകുമെന്നു് എല്ലാവരും തീർച്ചപ്പെടുത്തി. കർത്താവിന്റെ അവശത കണ്ടപ്പോൾ വെള്ളം കുടിക്കണമെന്നു വിചാരിച്ച കാര്യം എല്ലാവരും മറന്നു. അവർ ഏറ്റവും വി‌ഷണ്ണന്മാരായിത്തീർന്നു. അവരെല്ലാവരും ഇതികർത്തവ്യതാമൂഢന്മാരായി അങ്ങനെ നിന്നപ്പോൾ കർത്താവു് വായ് തുറന്നു് കാണിച്ചു് . അതു കണ്ടിട്ടു് “അദ്ദേഹത്തിനു വെള്ളം കുടിക്കണമെന്നുണ്ടായിരിക്കും; അതുകൊണ്ടായിരിക്കും വായ് പൊളിച്ചുകാണിക്കുന്നതു് . ആരെങ്കിലും ചെന്നു് ഒരു കരിക്കു ക്ഷണത്തിൽ ചെത്തിക്കൊണ്ടു വരണം” എന്നു് ഒരാൾ പറഞ്ഞു. ഉടനെ ചിലർ കരിക്കു ചെത്തിക്കൊണ്ടുവരുവാനായി ഓടിപ്പോയി. അപ്പോൾ ഒരു ചെത്തിയ കരിക്കുംകൊണ്ടു് കുഞ്ചുക്കർത്താവു അവിടെ വന്നു. തെങ്ങിൽ നിന്നു് വീണു് അവശനായിക്കിടന്നിരുന്ന കുഞ്ചുക്കർത്താവു് തൽക്ഷണം അദൃശ്യനായിത്തീരുകയും ചെയ്തു. ആ സമയം അവിടെയുണ്ടായിരുന്ന ജനങ്ങൾക്കുണ്ടായ വിസ്മയം വാചാമഗോചരമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. കർത്താവു് തെങ്ങിന്മേലെല്ലാം ചാടി നടന്നതു് ഹനുമാന്റെ അനുഗ്രഹംകൊണ്ടും താഴെ വീണു് മരിക്കാൻ തുടങ്ങിയതായിക്കാണിച്ച ഇന്ദ്രജാലവിദ്യകൊണ്ടുമായിരുന്നു എന്നുള്ളതു് വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. കർത്താവു് തെങ്ങിന്മേൽ ചാടിനടക്കുന്നതു് കണ്ടപ്പോൾ ജനങ്ങൾക്കുണ്ടായ വിസ്മയം അവശനായിക്കിടന്നിരുന്ന അദ്ദേഹത്തെ സ്വസ്ഥശരീരനായിക്കണ്ടപ്പോൾ ശതഗുണീഭവിച്ചു. കരിക്കു ചെത്തിക്കുടിച്ചു ദാഹം തീർത്തതിന്റെ ശേ‌ഷം വീണ്ടും എല്ലാവരും മാളികയിൽക്കൂടി. അപ്പോൾ കുഞ്ചുക്കർത്താവു്, “വെള്ളംകുടി കഴിഞ്ഞുവല്ലോ, ഇനി ഒന്നു മുറുക്കിയാൽക്കൊള്ളാമെന്നുണ്ടായിരിക്കും, ഇല്ലേ? ആവശ്യമുള്ളവർക്കൊക്കെ മുറുക്കാം” എന്നു പറഞ്ഞു മുറുക്കപ്പെട്ടി തുറന്നുവെച്ചു. അതിൽ മുറുക്കാനുള്ളതൊന്നുമുണ്ടായിരുന്നില്ല. അപ്പോൾ ഒരാൾ “ഈ പെട്ടിയിൽ മുറുക്കാനുള്ളതൊന്നുമില്ലല്ലോ” എന്നു പറഞ്ഞു. ഉടനെ കർത്താവു് “ഒന്നുമില്ലെങ്കിൽ എല്ലാമിപ്പോൾ വരുത്താമല്ലോ” എന്നു പറഞ്ഞു. അതുകേട്ടു് ആ ജനക്കൂട്ടത്തിൽ ഒരാൾ “ഞങ്ങൾക്കുവേണ്ടി അങ്ങനെ ബുദ്ധിമുട്ടണമെന്നില്ല. ഇവിടെയിപ്പോൾ വാലിയക്കാരാരും ഇല്ലാതെയിരിക്കുന്നതുകൊണ്ടു മുറുക്കുസാമാനങ്ങൾ വാങ്ങാനും യജമാനൻതന്നെ പോകണമായിരിക്കുമല്ലോ” എന്നു പറഞ്ഞു. “നിങ്ങൾ അതൊക്കെ എന്തിനറിയുന്നു? നിങ്ങൾ വേണമെങ്കിൽ മുറുക്കിക്കൊള്ളണം. അപ്പം തിന്നുന്നവൻ കുഴിയെണ്ണുന്നതെന്തിനാണു്” എന്നു കർത്താവു് പറഞ്ഞപ്പോഴേക്കും എവിടെ നിന്നോ എന്തോ മുറുക്കാനുള്ള സാധനങ്ങളെല്ലാം പെട്ടിയിൽ നിറഞ്ഞുകഴിഞ്ഞു. ഒന്നാന്തരം വെറ്റില അടയ്ക്ക, പുകയില, നൂറു്, ഏലത്തിരി, ഗ്രാമ്പൂവു്, വാൽമുളകു്, ജാതിക്ക, ജാതിപത്രി മുതലായവയെല്ലാം കണ്ടു് ആ ജനങ്ങൾ പൂർവ്വാധികം വിസ്മയിക്കുകയും ആവശ്യമുള്ളവരൊക്കെ മുറുക്കിയതിന്റെ ശേ‌ഷം എല്ലാവരും കർത്താവിനെ വന്ദിച്ചു് യാത്ര പറഞ്ഞു പോവുകയും ചെയ്തു.

വിശേ‌ഷിച്ചു വല്ലവരുമുള്ളപ്പോൾ ഒരു സാധനവും കുഞ്ചുക്കർത്താവു് വാലിയക്കരെയും മറ്റും പറഞ്ഞയച്ചു വരുത്തുക പതിവില്ല. ആവശ്യമുള്ളതെല്ലാം താനേ അവിടെ വന്നുകൊള്ളും. അങ്ങനെയാണു് പതിവു്. ഈ സാമാനങ്ങളെല്ലാം ആവശ്യംപോലെ കൊണ്ടുവന്നു കൊടുക്കുന്നതു് കുഞ്ചുക്കർത്താവു് സേവിച്ചു പ്രത്യക്ഷമാക്കിട്ടുള്ള കുട്ടിച്ചാത്തന്മാരാണെന്നുള്ളതു് വിശേ‌ഷിച്ചു് പറയണമെന്നില്ലല്ലോ.

കുഞ്ചുക്കർത്താവിന്റെ അത്ഭുതകർമ്മങ്ങൾ ഇങ്ങനെ ഇനിയും വളരെപ്പറയാനുണ്ടു്. അവ മിക്കവാറും കൈപ്പുഴത്തമ്പാന്റെ വിദ്യകളെ അനുകരിക്കുന്നവയാകയാലും ലേഖനദൈർഘ്യത്തെ ഭയപ്പെട്ടും ഇനി അധികം വിസ്തരിക്കുന്നില്ല. ദേവാസുരയുദ്ധത്തിൽ സഹായിക്കുന്നതിനു ചെല്ലാനായിട്ടു് ക്ഷണക്കത്തു് നൂലിന്മേൽക്കെട്ടി ആകാശമാർഗ്ഗത്തിങ്കിൽ നിന്നു ദേവേന്ദ്രൻ കൈപ്പുഴത്തമ്പാന്റെ പേർക്കയയ്ക്കാറുള്ളതുപോലെ കുഞ്ചുക്കർത്താവിന്റെ പേർക്കും അയയ്ക്കാറുണ്ടു്. തമ്പാനെപ്പോലെ കർത്താവും നൂലിന്മേൽ പിടിച്ചുതന്നെ സ്വർഗ്ഗത്തിലേക്കു കയറിപ്പോവുകയും മറ്റും പലപ്പോഴും ഉണ്ടായിട്ടുമുണ്ടു്. തമ്പാൻ തിരുവിതാംകൂർ മഹാരാജാവിന്റെ തിരുമുമ്പിൽവച്ചാണെന്നും കർത്താവും കൊച്ചി വലിയ തമ്പുരാന്റെ തിരുമുമ്പിൽവച്ചാണെന്നും മാത്രമേ വ്യത്യാസമുള്ളൂ. രണ്ടു പേർ കാണിച്ചതാണെങ്കിലും ഒരുപോലെയുള്ള രണ്ടു സംഗതികൾ പ്രത്യേകം പ്രത്യേകം വിവരിക്കുന്നതു് അനാവശ്യമാണല്ലോ.

Chap52pge405.png

കുഞ്ചുക്കർത്താവു് വൈദ്യം വകയായും മന്ത്രവാദം വകയായും ഇന്ദ്രജാലം വകയായും അസ്ത്രശാസ്ത്രപ്രയോഗങ്ങൾ സംബന്ധിച്ചുള്ളവയായും സേവാമാർഗ്ഗങ്ങൾ വിവരിക്കുന്നവയായും മറ്റും അനേകം ഗ്രന്ഥങ്ങൾ‍ പരദേശത്തുനിന്നു സമ്പാദിച്ചുകൊണ്ടുവന്നു സ്വഗൃഹത്തിൽ‍ സൂക്ഷിച്ചുവച്ചിരുന്നു. അദ്ദേഹം അവിടെയില്ലാതെയിരിക്കുന്ന സമയങ്ങളിൽ അനന്തരവന്മാരിൽ ചിലർ ആ ഗ്രന്ഥങ്ങളെടുത്തുനോക്കി സ്വകാര്യമായി ചില വിദ്യകൾ പഠിച്ചുതുടങ്ങി. കുറച്ചുകാലത്തേക്കു കുഞ്ചുക്കർത്താവു് അനന്തരവരുടെ ഈ കളവു് അറിഞ്ഞില്ല. കുറച്ചു് കഴിഞ്ഞപ്പോൾ ഇതറിയുന്നതിനു ചില കാരണങ്ങളുണ്ടായി.

ചേരാനല്ലൂർ കർത്താവിന്റെ ഗൃഹമിരിക്കുന്ന പുരയിടത്തിന്റെ കിഴക്കുവശം കുമ്പളം, വെള്ളരി, മത്ത മുതലായവ കൃ‌ഷിചെയ്യുന്നതിനു കൊള്ളാവുന്ന സ്ഥലമാണു്. അവിടെ ആണ്ടുതോറും പതിവായി മേൽപറഞ്ഞ കൃ‌ഷി ചെയ്യാറുണ്ടായിരുന്നു. കുഞ്ചുക്കർത്താവു് അവിടെയുള്ളപ്പോൾ അദ്ദേഹം കാലത്തെ എഴുന്നേറ്റു് അവിടെച്ചെന്നു് നോക്കി കുമ്പളം, മത്ത മുതലായവയുടെ ഫലപുഷ്ടി കണ്ടാനന്ദിക്കുക പതിവായിരുന്നു. ആ പതിവനുസരിച്ചു് അദ്ദേഹം ഒരു ദിവസം കാലത്തു ചെന്നു നോക്കിയപ്പോൾ ഒരു കുമ്പളങ്ങയിന്മേൽ രൂപാവട്ടത്തിൽ മറുപുറം തുളഞ്ഞതായ ഒരു ദ്വാരം കണ്ടു. ഇതെന്തെന്നു സംശയിച്ചു പരിശോധിച്ചപ്പോൾ എല്ലാത്തിന്മേലും അങ്ങനെ ഓരോ ദ്വാരം വീതം കാണുകയാൽ അനന്തരവരെ വിളിച്ചു് ഇതിന്റെ കാരണമെന്തെന്നു ചോദിച്ചു. അപ്പോൾ ഒരനന്തരവൻ, “ഞാൻ അസ്ത്രശാസ്ത്രഗ്രന്ഥമെടുത്തു നോക്കിയപ്പോൾ ഒരു പ്രയോഗം കണ്ടു. ആ വിദ്യ ഫലിക്കുമോ എന്നു പരീക്ഷിച്ചു നോക്കുവാനായി തെങ്ങിന്റെ ഈർക്കിൽകൊണ്ടു് ഒരസ്ത്രമുണ്ടാക്കി പ്രയോഗിച്ചതാണു്. ഞാൻ ഒന്നിന്മേൽ മാത്രമേ എയ്തുനോക്കിയുള്ളൂ” എന്നു പറഞ്ഞു. അതു കേട്ടു കുഞ്ചുക്കർത്താവു്, “ഗുരൂപദേശം കൂടാതെ ഗ്രന്ഥത്തിൽ കാണുന്നവ പ്രയോഗിച്ചുതുടങ്ങിയാൽ അനർത്ഥങ്ങളുണ്ടായേക്കും, അതിനാൽ അങ്ങനെ ചെയ്യരുതു്’ എന്നുമാത്രം മറുപടി പറഞ്ഞു.

വേറൊരനന്തരവൻ സേവാക്രമഗ്രന്ഥമെടുത്തു നോക്കി ചില മന്ത്രങ്ങൾ പഠിച്ചു കൊണ്ടു ഹനുമാനെ സേവ തുടങ്ങി. ഒടുക്കം അയാൾക്കു ഭ്രാന്തുപിടിച്ചു. അതുകൂടെയായപ്പോൾ കുഞ്ചുക്കർത്താവു് “ഈ ഗ്രന്ഥങ്ങൾ ഇവിടെ വച്ചിരുന്നാൽ ഇനി ഇതിനേക്കാൾ വലിയ അനർത്ഥങ്ങളും ഉണ്ടായേക്കും” എന്നു വിചാരിച്ചു് അവയെല്ലാമെടുത്തു് ചുട്ടുനശിപ്പിച്ചുകളഞ്ഞു. ആ ഭ്രാന്തുപിടിച്ച ആളുടെ ബാധയെ പിടിച്ചു് ചിറ്റൂർ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ആൽത്തറയ്ക്കൽ കുടിയിരുത്തുകയും ചെയ്തു.

ചേരാനല്ലൂർ കർത്താവിന്റെ വകയായി ചിറ്റൂർ എന്ന ദേശത്തു് ഒരു ക്ഷേത്രമുണ്ടു്. ഗുരുവായൂരപ്പനെത്തന്നെയാണു് അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതു്. ചേരാനല്ലൂർ കർത്താവിനുണ്ടായിട്ടുള്ള ശ്രേയസ്സുകൾക്കൊക്കെ പ്രധാന കാരണം ആ സ്വാമിയാണു്. കുഞ്ചുക്കർത്താവു് ആ ക്ഷേത്രത്തിൽ മൂന്നുപ്രാവശ്യം അതിനിഷ്ഠയോടുകൂടി സംവത്സരഭജനം നടത്തീട്ടുണ്ടു്. മൂന്നാമത്തെ സംവത്സരഭജനം കഴിഞ്ഞതിൽപിന്നെയാണു് അദ്ദേഹത്തിന്റെ കീർത്തി ലോകത്തിൽ സർവ്വത്ര വ്യാപിച്ചതു്. ഇനി ആ ക്ഷേത്രമുണ്ടായതു് എങ്ങനെയെന്നുകൂടി പറഞ്ഞിട്ടു് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.

ഇളമുറക്കാരനായിരുന്ന ഒരു ചേരാനല്ലൂർ കർത്താവു് ഗുരുവായൂർ ചെന്നു ഭക്തിപൂർവ്വം സ്വാമിയെ ഭജിച്ചു താമസിച്ചിരുന്നു. അങ്ങനെ പത്തുപന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ കാരണവർ മരിച്ചുപോവുകയാൽ ഈ കർത്താവിനു് തറവാട്ടിൽ മൂപ്പായി.

തറവാട്ടിൽ മൂത്തയാൾ നടത്തേണ്ടതായ അനേകം കാര്യങ്ങളുള്ളതിനാൽ അദ്ദേഹം തറവാട്ടിൽ വന്നു താമസിക്കണമെന്നു് പറഞ്ഞു് ആളുകൾ ചെന്നു. അപ്പോൾ അദ്ദേഹത്തിനു ഗുരുവായൂരപ്പന്റെ സന്നിധിയിൽനിന്നു് വിട്ടുപിരിയുന്ന കാര്യം ഏറ്റവും വ്യസനകരമായിത്തീർന്നു. തറവാടിൽ വന്നു താമസിക്കാതെയിരിക്കാൻ നിവൃത്തിയില്ലാതെയും വന്നു. അതിനാൽ അദ്ദേഹം വല്ലാതെ വിഷണ്ണനായി ഭവിച്ചു. “എന്റെ ഗുരുവായൂരപ്പാ! ഞാനെന്താണു് ചെയ്യേണ്ടതു? അവിടുന്നു തന്നെ ഇതിനൊരു നിവൃത്തിയുണ്ടാക്കിത്തരണം” എന്നു വിചാരിച്ചുകൊണ്ടു് രാത്രിയിൽ കിടന്നുറങ്ങിയപ്പോൾ കർത്താവിനു് ഒരു സ്വപ്നമുണ്ടായി. “നീ ഒട്ടും വ്യസനിക്കേണ്ട; നാളെത്തന്നെ സ്വഗൃഹത്തിലേക്കു പൊയ്ക്കൊള്ളുക. ഞാൻ അവിടെ വന്നു കൊള്ളാം. അവിടെ ഒരു നല്ല സ്ഥലം നോക്കി ക്ഷേത്രം പണിയിക്കുകയും സമൂഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തിക്കുകയും ചെയ്യണം. എന്റെ സാന്നിദ്ധ്യം അവിടെയുണ്ടായിരിക്കും. പ്രതിഷ്ഠയ്ക്കു സമയമാകുമ്പോൾ അവിടെ വരുന്ന തന്ത്രിയെക്കൊണ്ടു പ്രതിഷ്ഠ നടത്തിക്കണം. മുൻകൂട്ടി ആരോടും പറയണമെന്നില്ല” എന്നൊരാൾ അടുക്കൽചെന്നു പറഞ്ഞതായിട്ടാണു് കർത്താവു് സ്വപ്നം കണ്ടതു്. ഇതു ഗുരുവായൂരപ്പൻ അരുളിച്ചെയ്തതുതന്നെയാണെന്നു വിശ്വസിച്ചു് കർത്താവു് പിറ്റേ ദിവസംതന്നെ സ്വദേശത്തേക്കു പോന്നു.

കർത്താവു സ്വഗൃഹത്തിലെത്തി താമസം തുടങ്ങീട്ടു് അധികം താമസിയാതെ തന്നെ സ്ഥലം നോക്കി നിശ്ചയിച്ചു ക്ഷേത്രംപണി നടത്തിക്കുകയും പ്രതിഷ്ഠിക്കാനുള്ള വിഗ്രഹമുണ്ടാക്കിച്ചു് വയ്ക്കുകയും മുഹൂർത്തം നോക്കിച്ചു് നിശ്ചയിക്കുകയും പ്രതിഷ്ഠയ്ക്കു വേണ്ടുന്ന ഉപകരണങ്ങളെല്ലാം ശേഖരിക്കുകയും ചെയ്തു്, തന്ത്രി വരാനായി കാത്തിരുന്നു.

അക്കാലത്തു ചേന്നാസ്സുനമ്പൂരിപ്പാട്ടിലേക്കും ഒരു സ്വപ്നമുണ്ടായി. “ചേരാനല്ലൂർ കർത്താവു ചിറ്റൂർ ദേശത്തു് ഒരു ക്ഷേത്രം പണിയിച്ചു്, പ്രതിഷ്ഠയ്ക്കെല്ലാം വട്ടംകൂട്ടി വച്ചുകൊണ്ടിരിക്കുന്നു. മുഹൂർത്തം ഇന്നപ്പോഴാണു്. അതിനു തക്കവണ്ണം അവിടെച്ചെന്നു പ്രതിഷ്ഠ നടത്തണം” എന്നായിരുന്നു സ്വപ്നം. അതനുസരിച്ചു നമ്പൂരിപ്പാടു് അവിടെയെത്തുകയും നിശ്ചിതമുഹൂർത്തത്തിൽത്തന്നെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. കർത്താവു തന്ത്രിക്കു ദക്ഷിണചെയ്തതു് ഒരു പൊൻകിണ്ണം നിറയെ വിൽക്കാശായിരുന്നു. കിണ്ണം നിറയെ വിൽക്കാശു കൊണ്ടു് ചെന്നു തന്ത്രിയുടെ മുൻപിൽ ചൊരിഞ്ഞിട്ടു് കിണ്ണം തിരിയെ കൊണ്ടുപോന്നു. തന്ത്രി കർത്താവിനോടു് “എല്ലാം വളരെ ഭംഗിയായി. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം എന്നും വേണ്ടതുപോലെ ഉണ്ടായിരിക്കും” എന്നു സന്തോ‌ഷസമേതം പറഞ്ഞു് അനുഗ്രഹിച്ചു. അപ്പോൾ കർത്താവു് “ഈ ക്ഷേത്രം കാലക്രമേണ ഗുരുവായൂർ ക്ഷേത്രത്തെ അതിശയിക്കും, ഇല്ലേ? എന്നു ചോദിച്ചു? “അതില്ല, അതിലൊരുപടി താഴെയായിരിക്കയേ ഉള്ളു” എന്നു തന്ത്രി പറഞ്ഞപ്പോൾ, “അതെന്തു കൊണ്ടാണു്? എന്നു കർത്താവു് ചോദിച്ചു. അപ്പോൾ തന്ത്രി, “ആ പൊൻകിണ്ണത്തോടു കൂടിതന്നെ ദക്ഷിണ ചെയ്തിരുന്നുവെങ്കിൽ കർത്താവു് വിചാരിച്ചതു് പോലെതന്നെ ആകാമായിരുന്നു. അങ്ങനെ ചെയ്തില്ലല്ലോ. അതു കൊണ്ടാണു്” എന്നു പറഞ്ഞു. കർത്താവു് ആ പൊൻകിണ്ണംകൂടി എടുത്തുകൊണ്ടു് ചെന്നുകൊടുത്തു. തന്ത്രി അതു സ്വീകരിച്ചില്ല. “എനിക്കു മനസ്സോടുകൂടി തന്നതു മതി. അതിലധികം ആവശ്യമില്ല” എന്നു പറഞ്ഞു തന്ത്രി നമ്പൂരിപ്പാടു് പോവുകയും ചെയ്തു. ഇപ്രകാരമാണു് ആ ക്ഷേത്രത്തിന്റെ ഉത്ഭവം. ഇവിടത്തെ ദേവനെ ചേരാനല്ലൂർ കർത്താക്കന്മാർ അവരുടെ കുലപരദേവതയായി ഇപ്പോഴും ആചരിച്ചു വരുന്നുമുണ്ടു്.