close
Sayahna Sayahna
Search

മണ്ടക്കാട്ടമ്മനും കൊടയും


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ണ്ടക്കാട്ടു് എന്ന സ്ഥലം തിരുവിതാംകൂർ സംസ്ഥാനത്തു് ഇരണിയൽ (ഇപ്പോൾ കൽക്കുളം) താലൂക്കിന്റെ തെക്കേ അറ്റവും സമുദ്രതീരവുമാണു്. ഇവിടെ ഒരു ബ്രാഹ്മണാലയവും നാലഞ്ചു നായർ ഗൃഹങ്ങളും ഏതാനും വാണിയന്മാരുടെ പാർപ്പിടങ്ങളും പലതരക്കാരായ ഒട്ടുവളരെ മറ്റു ജാതിക്കാരുടെ വാസസ്ഥലങ്ങളും ഇവയുടെ ഇടയ്ക്കു് ഒരു അമ്മൻകോവിലും (ഭഗവതിക്ഷേത്രവും) ഒരു ശാസ്താംകോവിലും (ശാസ്താവിന്റെ അമ്പലവും) ഉണ്ടു്.

ഇനി അവിടെ ഈ അമ്മൻകോവിലുണ്ടായതു് എങ്ങനെയെന്നു പറയാം. ഇരണിയൽ മുതലായ പ്രദേശങ്ങളിൽ കന്നുകാലികളെ മേയ്ക്കുന്നപുലയർ രണ്ടുഭാഗമായി നിന്നു മദ്ധ്യഭാഗത്തു് ഒരു പനന്തേങ്ങയിട്ടു് അങ്ങോട്ടുമിങ്ങോട്ടും അടിച്ചു കളിക്കുക ആ ദിക്കുകളിൽ സാധാരണമാണു്. ഒരിക്കൽ അങ്ങനെ അടിച്ച ഒരു പനന്തേങ്ങ അവിടെ അടുത്തുണ്ടായിരുന്ന ഒരു ചിതൽപ്പുറ്റിന്മേൽ ചെന്നു കൊള്ളുകയും പുറ്റു സ്വല്പം പൊട്ടുകയും ആ പൊട്ടിയ സ്ഥലത്തു നിന്നു രക്തം പ്രവഹിച്ചുതുടങ്ങുകയും ചെയ്തു. കളിച്ചുകൊണ്ടു നിന്നിരുന്ന പുലയർ ആ രക്തപ്രവാഹം കണ്ടു ഭയവിഹ്വലരായി ഉറക്കെ നിലവിളിച്ചു. ചിലർ ബോധം കെട്ടു് അവിടെത്തന്നെ വീഴുകയും ചെയ്തു. അപ്പോഴേക്കും ഈ വർത്തമാനം അറിഞ്ഞു് ആ സ്ഥലത്തിന്റെയും കന്നുകാലികളുടെയും ഉടമസ്ഥന്മാരും മറ്റനേകം ജനങ്ങളും താലൂക്കിൽനിന്നു തഹശീൽദാർ മുതലായവരും ആ സ്ഥലത്തെത്തി. അപ്പോഴും പുറ്റിൽനിന്നു രക്തം പ്രവഹിച്ചുകൊണ്ടുതന്നെയിരുന്നു. അപ്പോൾ അമ്മന്റെ ഒരു ഭൂതം ഒരു മനുഷ്യന്റെ ദേഹത്തിന്മേൽ ആവേശിച്ചു് അയാൾ തുള്ളി. ഈ പുറ്റു സാക്ഷാൽ അമ്മന്റെ വിഗ്രഹമാണെന്നും അമ്മൻ വല്മീക (പുറ്റു്) രൂപത്തിൽ ഇവിടെ ആവിർഭവിച്ചിരിക്കുകയാണെന്നും ഈ പുറ്റു് ദേവി (ഭദ്രകാളി) തന്നെയെന്നു വിശ്വസിച്ചു പൂജിക്കുകയും വന്ദിക്കുകയും ചെയ്താൽ മനുഷ്യർക്കു സകലാഭിഷ്ടങ്ങളും സിദ്ധിക്കുമെന്നും ഈ ചിതൽപ്പുറ്റു പൊട്ടിയിരിക്കുന്ന സ്ഥലത്തു ചന്ദനമരച്ചു തേച്ചു വിടവടച്ചാൽ രക്തപ്രവാഹം നിൽക്കുമെന്നും താൻ അമ്മന്റെ ഒരു ഭൂതമാണെന്നും പറഞ്ഞു. ഉടനെ തഹശീൽദാരും മറ്റും കൂടി ഒരു നല്ല പ്രശ്നകാരനെ വരുത്തി പ്രശ്നംവെപ്പിച്ചു നോക്കിക്കുകയും ആ മനുഷ്യൻ തുള്ളിപ്പറഞ്ഞതെല്ലാം വാസ്തവമാണെന്നു പ്രശ്നകാരൻ വിധിക്കുകയും അപ്പോൾ ഈ പുറ്റും അമ്മൻതന്നെയാണെന്നു് എല്ലാവർക്കും വിശ്വാസമാവുകയും ചെയ്തു.

അനന്തരം ആ സ്ഥലത്തിന്റെ ഉടമസ്ഥൻ ബ്രാഹ്മണരെക്കൊണ്ടു രണ്ടുമൂന്നു തുലാം ചന്ദനമരച്ചു പുറ്റിന്റെ വിടവു് അടപ്പിക്കുകയും അപ്പോൾ രക്തപ്രവാഹം നിൽക്കുകയും ചെയ്തു. പിന്നെ അമ്മനു മുറയ്ക്കു പൂജയും തുടങ്ങിച്ചു. ഇപ്രകാരമാണു് മണ്ടക്കാട്ടു് അമ്മന്റെ ആഗമം.

അമ്മന്റെ വിഗ്രഹമായ ആ പുറ്റു നനയാതെയിരിക്കുന്നതിനും അവിടെ അശുദ്ധിയും മറ്റും ബാധിക്കാതെയിരിക്കുന്നതിനുമായി സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ തല്‌ക്കാലം ഓലമേച്ചിലായിട്ടു് ഒരു മേല്ക്കൂരയുണ്ടാക്കിക്കുകയും ചുറ്റും വേലി കെട്ടിക്കുകയും ചെയ്തു. പതിവായി പൂജയും മറ്റും തുടങ്ങിയപ്പോൾ അവിടെ അമ്മന്റെ ചൈതന്യം വർദ്ധിച്ചു തുടങ്ങി. അപ്പോൾ ജനങ്ങൾ അവിടെചെന്നു് അമ്മനെ വന്ദിക്കുകയും സേവിക്കുകയും ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി പ്രാർത്ഥിക്കുകയും വഴിപാടുകൾ കഴിക്കുകയും തുടങ്ങി. അങ്ങനെയായപ്പോൾ മണ്ടക്കാട്ടു് അമ്മന്റെ അടുക്കൽ അപേക്ഷിച്ചാൽ സകല കാര്യങ്ങളും സാധിക്കുമെന്നൊരു വിശ്വാസം ജനങ്ങളുടെ മനസ്സിൽ ദൃഢീഭവിച്ചു. മണ്ടക്കാട്ടമ്മൻ എന്നുള്ള പ്രസിദ്ധി ലോകത്തിൽ സർവത്ര പരക്കുകയും ചെയ്തു. അപ്പോൾ ദേവീദർശനത്തിനായും അവിടെ ഭജിക്കുന്നതിനായും വഴിപാടുകൾനടത്തുന്നതിനായും മറ്റും ദൂരസ്ഥലങ്ങളിൽ നിന്നും ജനങ്ങൾ അവിടെ വന്നുതുടങ്ങി. അപ്പോൾ ചൊവ്വാഴ്ച, വെള്ളിയാഴ്ച ഇങ്ങനെയുള്ള വിശേഷദിവസങ്ങളിൽ അവിടെ കൂടുന്ന ജനങ്ങൾക്കു സംഖ്യയില്ലാതെയായി. അതിനാൽ പണമായിട്ടും പണ്ടങ്ങളായിട്ടും മറ്റു സാധങ്ങളായിട്ടുമുള്ള നടവരവും അസാമാന്യമായി വർദ്ധിച്ചു. അവയെല്ലാം ആ സ്ഥലത്തിന്റെ ഉടമസ്ഥൻ എടുക്കുകയും യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യാമായിരുന്നതുകൊണ്ടു് അയാൾ വലിയ ധനവാനായിത്തീരുകയും ചെയ്തു. അമ്മനു പതിവായി പൂജയും മറ്റും തുടങ്ങിയപ്പോൾ അമ്മന്റെ വിഗ്രഹം (പുറ്റു്) ക്രമേണ വളർന്നു തുടങ്ങി. ഇപ്പോളതു് ഒരു ചെറിയ പർവ്വതം പോലെയായിട്ടുണ്ടു്. അതിനിപ്പോൾ ഏകദേശം ഇരുപതടി പൊക്കവും നാല്പതടി ചുറ്റളവും അഗ്രഭാഗത്തു രണ്ടുമൂന്നു ശിഖരങ്ങളുമുണ്ടു്. ആ കൊടുമുടികൾ അതിനൊരു ഭൂഷണമായിത്തന്നെ ശോഭിക്കുന്നു. ഇത്രയുമായിട്ടും അമ്മന്റെ വളർച്ച നിന്നിട്ടില്ല.

Chap125pge1154.png

അമ്മൻ കോവിലിന്റെ ഉടമസ്ഥാവകാശം സിദ്ധിച്ചിരുന്ന കുടുംബക്കാർ നടവരവുകൊണ്ടും മറ്റും വലിയ ധനവാന്മാരായിത്തീർന്നപ്പോൾ അവർക്കു പണം സമ്പാദിക്കുന്നതിലുള്ള ആഗ്രഹം വർദ്ധിക്കുകയും ദേവിയെക്കുറിച്ചുളള ഭക്തിയും ദേവീകാര്യങ്ങളിലുള്ള ശ്രദ്ധയും കുറയുകയും ചെയ്തു. നേരനീക്കം കൂടാതെ പൂജയും മറ്റും നടത്തിക്കണമെന്നുള്ള വിചാരം പോലും അവർക്കില്ലാതെയായി. അപ്പോളവിടെ സർക്കാരിൽ നിന്നു പ്രവേശിച്ചു് അമ്മൻ‌കോവിലും ആ സ്ഥലവും മറ്റും സർക്കാരിൽ ചേർത്തു. അതിനെക്കുറിച്ചു് ഉടമസ്ഥന്മാർ മഹാരാജാവു് തിരുമനസ്സിലെ സന്നിധിയിൽ സങ്കടമറിയിക്കുകയാൽ കല്പനപ്രകാരം അവർക്കു് ഏതാനും പണം കൊടുത്തു് അവരുടെ ഉടമസ്ഥാവകാശം സർക്കാരിലേക്കു് എഴുതി വാങ്ങി. അങ്ങനെ അമ്മൻ‌കോവിലും അതിനോടു ചേർന്ന സ്ഥലവുമെല്ലാം തിരുവിതംകൂറു് സർക്കാർവകയായിത്തീർന്നു. പിന്നെ സർക്കാരിൽനിന്നു കോവിലിലെ നിത്യനിദാനം, മാസവിശേഷം, ആട്ടവിശേഷം മുതലായവയ്ക്കെല്ലാം പതിവുകൾ നിശ്ചയിക്കുകയും അതു പ്രകാരം സകലതും ശരിയായി നടത്തിത്തുടങ്ങുകയും ചെയ്തു.

പൂജയും മറ്റും ശരിയായി നടത്തിത്തുടങ്ങിയപ്പോൾ അവിടെ അമ്മന്റെ ശക്തിയും ചൈതന്യവും പൂർവ്വാധികം വർദ്ധിച്ചു. ദേവിക്കു ‘ഭയങ്കരി’ എന്നുളള നാമം യഥാർത്ഥമായിത്തീർന്നു. നട്ടുച്ച സമയത്തുപോലും ഭയം നിമിത്തം ജനങ്ങളവിടെ പോകാതായി. അപ്പോൾ ദേവിയുടെ ശക്തി കുറയുന്നതിനായി പതിവായിട്ടുള്ള പൂജ കുരുക്കൾ എന്ന ജാതിക്കാർ നടത്തുന്നതിനും ബ്രാഹ്മണരുടെ പൂജ വിശേഷദിവസങ്ങളിൽ മാത്രം മതിയെന്നും നിശ്ചയിച്ചു. അങ്ങനെ നടത്തിത്തുടങ്ങിയപ്പോൾ അമ്മന്റെ ശക്തി കുറഞ്ഞു യഥാപൂർവ്വം പാകത്തിലായി. അതിനാൽ ഇപ്പോഴും അങ്ങനെ തന്നെ നടന്നുവരുന്നു.

ഇനി കൊടയെക്കുറിച്ചു പറയാം. ‘മണ്ടക്കാട്ടുകൊട’ എന്നു പറഞ്ഞാൽ മണ്ടക്കാട്ടമ്മന്റെ പരിവാരങ്ങളായ ഭൂതപ്രേതപിശാചാദികൾക്കു് ആടും കോഴിയും വെട്ടി ബലി കൊടുക്കുകയാണു്. ദേവി വസൂരിവിത്തു തന്റെ പരിവാരങ്ങളിൽ കൊടുക്കുകയും അവർ കൊണ്ടുപോയി ജനങ്ങളുടെ മേൽ വിതയ്ക്കുകയും ചെയ്യുന്നു എന്നും അങ്ങനെയാണു് ജനങ്ങൾക്കു് വസൂരി അല്ലെങ്കിൽ മസൂരി ഉണ്ടാകുന്നതെന്നും ദേവിയുടെ പരിവാരങ്ങൾക്കു ബലി കൊടുത്തു പ്രസാദിപ്പിച്ചുകൊണ്ടാൽ ആ ദീനം ഉണ്ടാവുകയില്ലെന്നും ഈ പരിവാരങ്ങളെ പ്രസാദിപ്പിക്കുന്നതു് ദേവിക്കും സന്തോഷകരമാണെന്നുമാണു് ജനങ്ങളുടെ വിശ്വാസം.

അമ്മൻ‌കോവിലിൽ പ്രധാന ദിവസം ചൊവ്വാഴ്ചയാണു് വിശേഷിച്ചു മാസംതോറും ഒടുവിലത്തെ ചൊവ്വാഴ്ച അതിപ്രധാനമാണു്. അതിനാൽ ചൊവാഴ്ചതോറുമാണു് അവിടെ ദർശനത്തിനും വഴിപാടുകൾ നടത്താനുമായി ജനങ്ങൾ വന്നുകൂടുന്നതു്. എല്ലാ ചൊവ്വാഴ്ചയ്ക്കും അവിടെ സ്ത്രീകളും പുരുഷന്മാരുമായി അഞ്ഞൂറിൽ കുറയാത്ത ജനങ്ങൾ കൂടുന്നുണ്ടു്. ഒടുവിലത്തെ ചൊവ്വാഴ്ച കൂടുന്ന ജനങ്ങളുടെ സംഖ്യ ആയിരത്തിൽ ഒട്ടും കുറവായിരിക്കയില്ല. ഒടുവിലത്തെ ചൊവ്വാഴ്ചതോറും അവിടെ അമ്മനെ എഴുന്നള്ളിക്കുകയും പതിവാണു്. അതൊരു പതിവടിയന്തിരമാകയാൽ അതിനു വലിയഘോഷമൊന്നുമില്ല. ചെറിയ ശ്രീകോവിൽ പോലെ അല്ലെങ്കിൽ പഴുക്കാമണ്ഡപം പോലെ ഒരു വാഹനം കെട്ടിയുണ്ടാക്കി അലങ്കരിച്ചു് അതിൽ ദേവിയുടെ പരിശൂലം വെച്ചാണു് എഴുന്നള്ളിക്കുന്നതു്. ശ്രീകോവിൽ പോലെ കെട്ടിയുണ്ടാക്കുന്ന വാഹനത്തിനു് അവിടെ പറയുന്ന പേർ ‘ചപ്രം’ എന്നാണു്. ചൊവ്വാഴ്ചയ്ക്കു് അവിടെ കൂടുന്ന ജനങ്ങൾ അരി വീതിച്ചെടുത്തു കഞ്ഞിവെച്ചു പാവങ്ങൾക്കു കൊടുക്കുകയും പതിവാണു്. അതും ദേവീപ്രസാദകരമായ ഒരു വഴിപാടാണു്. ഇങ്ങനെ കഞ്ഞി കൊടുക്കുന്നതിനു മാസംതോറും ഏകദേശം മുപ്പതു നാല്പതു പറ അരിയോളം വേണ്ടിവരും. ഇതുകൊണ്ടു് അവിടെ കൂടുന്ന അഗതികളും കുറച്ചൊന്നുമല്ലെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.

കൊട കുംഭമാസത്തെ ഒടുവിലത്തെ ചൊവ്വാഴ്ച നടത്തണമെന്നാണു് വെച്ചിരിക്കുന്നതു്. എന്നാൽ അന്നു് ഏകാദശിയാണെങ്കിൽ കൊട അതിന്റെ മുമ്പിലത്തെ ചൊവ്വാഴ്ചയായിരിക്കും. കൊടയുടെ പത്തു ദിവസം മുമ്പു് വരുന്ന ഞായറാഴ്ച കൊടിയേറി പത്തു ദിവസത്തെ ഉത്സവവും അതിനിടയ്ക്കു വരുന്ന വെള്ളിയാഴ്ച ദിവസം ‘വലിയ പടുക്ക’ എന്നൊരു അടിയന്തരവും പതിവുണ്ടു്. ഒട്ടുവളരെ മലരും പഴവും അട, വട, അപ്പം, തിരളി മുതലായവയുണ്ടാക്കി നടയിൽ കൊണ്ടുചെന്നു കൂട്ടുന്നതിനാണു് ‘വലിയ പടുക്ക’ എന്നു പറയുന്നതു്. ഇതും ദേവിയുടെ പരിവാരങ്ങൾ പ്രസാദിക്കാനായി ചെയ്യുന്നതാണു്. കൊടയുടെ ദിവസമറിഞ്ഞു ദൂരസ്ഥലങ്ങളിൽ നിന്നുകൂടെ ജനങ്ങൾ വന്നു ചേരേണ്ടതാകകൊണ്ടു് കൊട, കൊടിയേറ്റു്, വലിയ പടുക്ക ഇവയുടെ ദിവസങ്ങൾ രണ്ടുമൂന്നു മാസം മുമ്പേ നോക്കിയറിഞ്ഞു് ‘ഇരുമ്പിലി ആശാൻ’ എന്ന സ്ഥാനി താലൂക്കിലേക്കു് എഴുതിയയയ്ക്കുകയും അതു തഹശീൽദാർ എഴുതിയയച്ചു സർക്കാർ ഗസറ്റിൽ ചേർത്തു പ്രസിദ്ധപ്പെടുത്തുകയും പതിവാണു്. ഗസറ്റുകളിലെ പരസ്യം കണ്ടു കൊടിയേറ്റു മുതൽ പല സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ മണ്ടക്കാട്ടു വന്നുകൂടിത്തുടങ്ങും. എങ്കിലും കൊല്ലത്തു നിന്നാണു് അധികമാളുകൾ അവിടെ വന്നു കൂടുന്നതു്. അതിനാൽ ഏതു ദിക്കിൽനിന്നു വരുന്നവരേയും ആ ദിക്കുകാർ പറയുന്നതു ‘കൊല്ലത്തുകാർ’ എന്നാണു്. കൊല്ലത്തുകാർ വന്നു തുടങ്ങി, കൊല്ലത്തുകാർ പോയിത്തുടങ്ങി എന്നു പറയുക അവിടെ സാധാരണമാണു്. കൊടയ്ക്കായി മണ്ടക്കാട്ടു വന്നു കൂടുന്നതു് അധികവും താഴ്ന്ന ജാതിക്കാരാണു്. ഉയർന്ന ജാതിക്കാരായ ഹിന്ദുക്കൾ വളരെ ചുരുക്കമായിട്ടേ വരാറുള്ളൂ. അടുത്ത ദേശക്കാരിൽ അധികം അവിടെ കൂടുന്നതു കുളച്ചൽ ചെട്ടികളും കീഴ്ക്കര കൃഷ്ണൻ‌വകക്കാരെന്നു പറയപ്പെടുന്ന ജാതിക്കാരുമാണു്. ഇവരൊക്കെ വരുന്നതു പല തരത്തിലുളള ആടുകളേയും കോഴികളേയും കൊണ്ടാണു്. അവർക്കു് ആടുകളേയും കോഴികളേയും വെട്ടി വധിച്ചുതുടങ്ങുക പതിവായിരുന്നു. കൊടിയേറ്റു മുതൽ കൊടദിവസം കഴിയുന്നതുവരെ ആ ദേശത്തെല്ലാം സദാ ആടുകളുടെയും കോഴികളുടെയും മരണവേദനയോടെയുളള രോദനം കേട്ടിരുന്നു. കരുണാനിധിയായ സേതുലക്ഷ്മീഭായി സി. ഐ. മഹാരാജ്ഞി തിരുമനസ്സിലെ റീജൻസി ഭരണകാലത്തുണ്ടായ ജീവകാരുണ്യസംയുക്തമായ കല്പന നിമിത്തം ഇപ്പോൾ അവിടെ അതു നിശ്ശേഷം നിന്നുപോയിരിക്കുന്നു. എന്നാൽ കൊട സംബന്ധിച്ചുള്ള മറ്റു ചടങ്ങുകൾക്കും ഉത്സവം, വലിയ പടുക്ക മുതലായവയ്ക്കും യാതൊരു കുറവും വ്യത്യാസവും വന്നിട്ടില്ല. അവയെല്ലാം യഥാപൂർവ്വം ഇപ്പോഴും നടന്നുവരുന്നുണ്ടു്.

മുമ്പു മണ്ടക്കാട്ടമ്മനു മീനമാസത്തിൽ ഭരണിനാൾ തൂക്കം എന്നൊരു വഴിപാടു പതിവുണ്ടായിരുന്നു. അതു് ഏറ്റവും ഭയങ്കരവും ആപല്‌ക്കരവുമായിരുന്നതിനാൽ ഏതാനും കൊല്ലങ്ങൾക്കു മുമ്പു് അതും സർക്കാരിൽ നിന്നു നിർത്തലാക്കി. ഇതൊന്നുകൊണ്ടും അവിടെ അമ്മന്റെ ചൈതന്യവും ശക്തിയും കുറഞ്ഞിട്ടില്ല. അവ ഇപ്പോഴും വർദ്ധിച്ചുകൊണ്ടുതന്നെയാണിരിക്കുന്നതു്.

മണ്ടക്കാട്ടു് അമ്മൻ‌കോവിൽ സർക്കാർ വകയായതിൽപ്പിന്നെ അവിടെ വളരെ പരിഷ്ക്കാരം വന്നിട്ടുണ്ടു്. കോവിലിന്റെ മേച്ചിൽ ഓലയായിരുന്നതു മാറ്റി ഓടാക്കി. കോവിലിന്റെ ചുറ്റുമുള്ള തിരുമുറ്റത്തിനു വിസ്താരം വളരെ വർദ്ധിപ്പിച്ചു. കോവിലിന്റെ ദർശനം വടക്കോട്ടാകയാൽ ആ വശത്തു നല്ലതായിട്ടു് ഒരു കളിത്തട്ടുണ്ടാക്കിച്ചു. മാറിയുള്ള ശാസ്താങ്കോവിലിന്റെ ജീർണ്ണോദ്ധാരണം കഴിപ്പിച്ചു. അവിടെയിപ്പോഴും അടുത്തെങ്ങും ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളുടെ വാസമില്ലെന്നുള്ള ദോഷം മാത്രമേ ഉള്ളൂ. കാലക്രമേണ ആ ദോഷവും നീങ്ങിപ്പോകുമായിരിക്കാം.

കടുത്ത വേനൽക്കാലമാകുമ്പോൾ (മീനം, മേടം ഈ മാസങ്ങളിൽ) അമ്മന്റെ വിഗ്രഹം (ആ ചിതൽപ്പുറ്റു്) ചില ഭാഗങ്ങളിൽ പൊട്ടി വിടവുണ്ടാവുക പതിവാണു്. ദേവിയുടെ പരിവാരങ്ങൾ വസൂരിവിത്തു കൊണ്ടുപോയി മനുഷ്യരുടെ ദേഹത്തിൽ വിതച്ചുകഴിഞ്ഞിട്ടു മിച്ചം വരുന്നതു് അക്കാലത്തു് തിരികെ കൊണ്ടു ചെന്നു ദേവിയ ഏല്പിക്കും അതു വാങ്ങി ദേവി തന്റെ ദേഹത്തിലാക്കി സൂക്ഷിക്കും അതുകൊണ്ടാണു് ദേവിയുടെ ദേഹത്തിൽ ഈ പൊട്ടലുണ്ടാകുന്നതെന്നാണു് ഭക്തജനങ്ങളുടെ വിശ്വാസം. ഇങ്ങനെ പൊട്ടലുണ്ടായാൽ ബ്രാഹ്മണരെക്കൊണ്ടു ചന്ദനമരപ്പിച്ചു തേപ്പിച്ചു് ആ വിടവുകളടയ്ക്കുക പതിവാണു്. ഇതിനു മുപ്പതു നാല്പതു തുലാം ചന്ദനം വേണ്ടിവരും. ആ വിടവുകൾ ഇങ്ങനെ അടയ്ക്കാതെയിരുന്നാൽ വസൂരിവിത്തു തന്നെ പൊട്ടി പുറത്തേക്കു തെറിച്ചു സർവത്ര വ്യാപിക്കും . വേനൽക്കാലങ്ങളിൽ ചിലപ്പോൾ ദക്ഷിണതിരുവിതാം കൂറിൽ വസൂരി കലശൽ കൂട്ടുന്നതു് ഈ വിടവുകളടയ്ക്കാൻ താമസിച്ചിട്ടാണത്രേ. ഇങ്ങനെ മണ്ടക്കാട്ടമ്മന്റെ കഥകൾ ഇനിയും വളരെപ്പറയാനുണ്ടു്. ഇപ്പോഴത്തെ പുതിയ പരിഷ്ക്കാരികൾക്കു് ഈ വകയിലൊന്നും വിശ്വാസമില്ലാത്തതിനാൽ ഇനി അധികം വിസ്തരിക്കുന്നില്ല.