close
Sayahna Sayahna
Search

കൊട്ടാരക്കര ചന്ദ്രശേഖരൻ


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ർമ്മരാജാവു് എന്നുള്ള പ്രസിദ്ധിയോടുകൂടി കൊല്ലം 933-ആം ആണ്ടു മുതൽ 973-ആം ആണ്ടു വരെ തിരുവിതാംകൂർ രാജ്യം വാണിരുന്ന കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവു് തിരുമനസ്സിലെ കാലത്തു തിരുവിതാംകൂർ, കൊച്ചി എന്നീ രാജ്യങ്ങൾ കൂടിച്ചേരുന്ന അതിർത്തിസ്ഥലത്തുള്ള ഒരു മലയിൽ കൊച്ചി സർക്കാരിൽനിന്നു് ഒരിക്കൽ തീർപ്പിച്ച (കുഴപ്പിച്ച) ഒരാനക്കുഴി തിരുവിതാംകൂറിലേക്കു സ്വൽപം കടത്തിയിരുന്നു. ഈ വിവരം മഹാരാജാവു തിരുമനസ്സുകൊണ്ടു് ഉടനെ അറിഞ്ഞുവെങ്കിലും കൽപിച്ചു് ഒന്നും ചെയ്തില്ല. അക്കാലത്തു് അതിർത്തി തിരിച്ചു് എലുകക്കല്ലുകളിടുകയും മറ്റും ചെയ്തിരുന്നില്ല. ആദായങ്ങളെടുക്കുന്നതു് അപ്പോഴത്തെത്തരംപോലെയും അവരവരുടെ സാമർത്ഥ്യംപോലെയുമായിരുന്നു അക്കാലത്തു നടന്നിരുന്നതു്. അതിനാൽ കുഴിയിൽ ആന വീഴുമ്പോൾ അതിനേക്കുറിച്ചു് ആലോചിച്ചാൽ മതിയല്ലോ എന്നായിരുന്നു തിരുമനസ്സിലെ വിചാരം. എന്നു മാത്രമല്ല, അന്നു കൊച്ചി രാജ്യം വാണിരുന്നതു് പ്രസിദ്ധനായ ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ടുമായിരുന്നു. ആ തിരുമനസ്സുകൊണ്ടും മഹാരാജാവു തിരുമനസ്സുകൊണ്ടും പരസ്പരം ഏറ്റവും സ്നേഹമായിട്ടാണു് ഇരുന്നിരുന്നതു്. അതിനാൽ തൽക്കാലം വഴക്കുണ്ടാക്കി ശക്തൻതിരുമേനിയെ മുഷിപ്പിക്കേണ്ട എന്നുള്ള വിചാരവും മഹാരാജാവു തിരുമനസ്സിലേക്കുണ്ടായിരുന്നു. അതുകൊണ്ടുംകൂടിയാണു് ഈ കുഴിയെടുപ്പിച്ചതിനെക്കുറിച്ചു മഹാരാജാവു തിരുമനസ്സുകൊണ്ടു് ഒന്നും മിണ്ടാതെ മൗനത്തെ അവലംബിച്ചതു്.

അതൊക്കെ എങ്ങനെയായാലും ആ കുഴി തീർത്തതു നല്ല സ്ഥലത്തും നല്ല സമയത്തുമായിരുന്നു എന്നുള്ളതിനു സംശയമില്ല. അതു തീർന്നിട്ടു് അധികം താമസിയാതെതന്നെ അതിൽ ഒരു കൂട്ടിക്കൊമ്പൻ വീണു. ആ ആനക്കുട്ടി സർവ്വശുഭലക്ഷണങ്ങളും തികഞ്ഞതായിരുന്നു. ഉടലിന്റെ പുഷ്ടിയും ഭംഗിയും ഇത്രയുമുള്ള ഒരാനക്കുട്ടിയെ അതിനുമുമ്പു് ആരും കണ്ടിട്ടില്ലായിരുന്നു. ഈ വർത്തമാനം കേട്ടു് ആ കുട്ടിക്കൊമ്പനെ കുഴിയിൽനിന്നു കയറ്റിക്കുന്നതിനു ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ടും കുഴിസ്ഥലത്തെഴുന്നള്ളി. കൊച്ചിരാജ്യത്തുള്ള താപ്പാനകളെക്കൊണ്ടു് ഈ കുട്ടിക്കൊമ്പനെ കുഴിയിൽനിന്നു കയറ്റുവാൻ മതിയാവുകയില്ലെന്നു തിരുമനസ്സിൽ തോന്നുകയാൽ തിരുവിതാംകൂർ സർക്കാർ വകയായി അതിർത്തിസ്ഥലത്തു നിന്നിരുന്ന ഒരു താപ്പാനയെക്കൂടെ അവിടെ വരുത്തി. യാതൊരു തരക്കേടും കൂടാതെ ആ ആനക്കുട്ടിയെ കരയ്ക്കു കയറ്റി. ആ ആനക്കുട്ടിയെ കുഴിയിൽ നിന്നു കയറ്റിക്കണ്ടസമയം ശക്തൻതിരുമനസ്സിലേക്കുണ്ടായ സന്തോഷവും വിസ്മയവും സീമാതീതങ്ങളായിരുന്നു. അതിർത്തിസ്ഥലത്തു കൊച്ചി സർക്കാർ വകയായിട്ടുണ്ടായിരുന്ന ആനക്കൂട്ടിൽ ഈ ആനയെ ആക്കിക്കുകയും ആ കുട്ടിക്കൊമ്പനെ ഇടംവലം മുതലായവ പഠിപ്പിച്ചു പഴക്കുകയും പ്രത്യേകം സൂക്ഷിക്കുകയും ചെയ്യുന്നതിനു വേണ്ടതെല്ലാം കൽപിച്ചു ചട്ടംകെട്ടുകയും ചെയ്തതിന്റെ ശേഷമേ തിരുമനസ്സു കൊണ്ടു് അവിടെ നിന്നു തൃപ്പൂണിത്തുറയ്ക്കു തിരിയെ എഴുന്നള്ളിയുള്ളൂ. ഈ ആനക്കുട്ടിയെ കൂട്ടിലാക്കിയതിന്റെശേഷം ശക്തൻ തിരുമനസ്സുകൊണ്ടു താരിവിതാംകൂറിൽനിന്നു വരുത്തിയ താപ്പാനയുടെ ആനക്കാരനോടു് “എന്തെടാ കുട്ടിയാന കേമനല്ലേ” എന്നു കൽപ്പിച്ചു ചോദിച്ചു. അതിനു മറുപടിയായി ആനക്കാരൻ “റാൻ, അടിയന്റെ ആന, തിരുമനസ്സിലെ ആന, ഒന്നാന്തരമാന, പൊന്നുതമ്പുരാന്റെ ആന” എന്നു തിരുമനസ്സറിയിച്ചു. അപ്പോൾ ശക്തൻ തിരുമനസ്സുകൊണ്ടു്, “പോ മടയാ! നിന്റെ ആനയേയുംകൊണ്ടു പൊയ്ക്കോ” എന്നു കൽപിക്കുകയും ആ ആനക്കാരനു രണ്ടു മുണ്ടു കൽപിച്ചു കൊടുക്കകയും ചെയ്തു. ആനക്കാരൻ മുണ്ടു വാങ്ങി തൊഴുതിട്ടു് അപ്പോൾത്തന്നെ ആ താപ്പാനയേയുംകൊണ്ടു് മടങ്ങിപ്പോരികയും ചെയ്തു.

Chap90pge768.png

ഈ താപ്പാന കൊച്ചിരാജ്യത്തുള്ള ഒരാനക്കുഴിയിൽ വീണതും തിരുവിതാംകൂർ സർക്കാരുദ്യോഗസ്ഥന്മാർ ഉപായത്തിൽ അവിടെനിന്നു കയറ്റിക്കൊണ്ടുവന്നു പഴക്കി തിരുവിതാംകൂർ സർക്കാർവക ആക്കീത്തീർത്തതുമായിരുന്നു. ആനക്കാരൻ ശക്തൻതിരുമനസ്സിലെ അടുക്കൽ “അടിയന്റെ ആന, തിരുമനസ്സിലെ ആന” എന്നറിയച്ചതിന്റെ അർത്ഥം ഇതായിരുന്നു. പിന്നെ “ഒന്നാന്തരമാന, പൊന്നു തമ്പുരാന്റെ ആന” എന്നറിയച്ചതിന്റെ അർത്ഥം ഇപ്പോൾ കുഴിയിൽവീണുകിട്ടിയ ആന ഒന്നാംതരമാണെന്നും അതിനെ ഏതുവിധവും പൊന്നുതമ്പുരാൻ (തിരുവിതാംകൂർ മഹാരാജാവു) കൈവശപ്പെടുത്തുമെന്നുമായിരുന്നു.

ഈ സംഗതികളെല്ലാം രണ്ടുദിവസം കഴിഞ്ഞപ്പോൾ മഹാരാജാവു തിരുമനസ്സു കൊണ്ടു തന്റെ ചാരന്മാർ മുഖാന്തരമറിയുകയും ശക്തൻ തിരുമനസ്സിലെ അടുക്കൽ ഉചിതമായ മറുപടി അറിയിച്ച ആനക്കാരനു പ്രതിമാസം പതിനഞ്ചുപണം കൂടി ശമ്പളം കൂട്ടിക്കൊടുക്കുന്നതിനു കൽപിച്ചു ചട്ടം കെട്ടുകയും ചില സമ്മാനങ്ങൾ കൽപിച്ചു് അയച്ചു കൊടുക്കുകയും ചെയ്തു.

ആനക്കുട്ടിയുടെ യോഗ്യതകളെക്കുറിച്ചു കേട്ടപ്പോൾ അതിനെ ഏതുവിധവും കൈവശപ്പെടുത്തണമെന്നു മഹാരാജാവു തിരുമനസ്സുകൊണ്ടു കൽപിച്ചു നിശ്ചയിച്ചു. അതിനുള്ള കൗശലം ആലോചിച്ചു നിശ്ചയിക്കുന്നതിനായി ദിവാൻജിയെ തിരുമുമ്പാകെ വരുത്തി, “നമ്മുടെ രാജ്യത്തിന്റെ അതിർത്തിക്കകത്തു കടന്നു കൊച്ചിക്കാർ ഒരാനക്കുഴി തീർക്കുകയും അതിൽ ഒരു കൊമ്പൻകുട്ടി വീഴുകയും അതിനെ അവർ കയറ്റിക്കൊണ്ടുപോയി കൊച്ചി സർക്കാർ വക ആനക്കൂട്ടിലാക്കി അടയ്ക്കുകയും ചെയ്ത കഥ കേശവൻ അറിഞ്ഞുവോ?” എന്നു കൽപിച്ചു ചോദിച്ചു.

ദിവാൻ
റാൻ, അടിയൻ അറിഞ്ഞു. ഇന്നലെ കൊട്ടാരക്കരെ വെച്ചാണു്, അടിയൻ ഈ സംഗതി അറിഞ്ഞതു്.
മഹാരാജാവു്
ആ കുട്ടിക്കൊമ്പൻ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരൊന്നാന്തരം ആനയാണെന്നാണു കേട്ടതു്. അതിനെ അവർ കൈവശപ്പെടുത്തിയതിനെക്കുറിച്ചു നമുക്കു സാമാന്യത്തിലധികം കുണ്ഠിതമുണ്ടു്. അതിനെ ഏതു വിധവും നമുക്കു കൈവശപ്പെടുത്തണം. അതിനെന്താ കൗശലം?
ദിവാൻ
അതിനെക്കുറിച്ചു തിരുമനസ്സിൽ ഒട്ടും കുണ്ഠിതം വേണ്ട. ആ ആന താമസിയാതെ ഇവിടെ വന്നുചേരും.
മഹാ
അതെങ്ങനെ?
ദിവാൻ
അടിയൻ ഈ വർത്തമാനമിഞ്ഞ ക്ഷണത്തിൽ ആനയെ കൈവശപ്പെടുത്തി കൊണ്ടുവരുന്നതിനായി കുഞ്ചിക്കുട്ടിയെ അങ്ങോട്ടയച്ചിട്ടുണ്ടു്. സഹായത്തിനായി വൈക്കം പത്മനാഭപിള്ളയെയും കുതിരപ്പക്ഷിയെയുംകൂടി പിന്നാലെ വിടകൊണ്ടയച്ചിട്ടാണു് അടിയൻ ഇങ്ങോട്ടു വിടകൊണ്ടു പോന്നതു്.
മഹാ
കുഞ്ചിക്കുട്ടിക്കു് ഇപ്പോഴത്തെ പെരുമ്പടത്തിൽ മൂപ്പിലോക്കുറിച്ചു് അറിയാമോ എന്തോ? അദ്ദേഹത്തിന്റെ ‘ശക്തൻ’ എന്നുള്ള പേരു യഥാർത്ഥമായിട്ടുള്ളതാണു്. അദ്ദേഹം നരസിംഹത്തിന്റെ അവതാരമാണെന്നാണു ജനങ്ങൾ പറയുന്നതു്.
ദിവാൻ
അതൊക്കെ ശരിതന്നെ എങ്കിലും കുഞ്ചിക്കുട്ടി ഒരു കാര്യത്തിനായിപ്പോയാൽ അതു സാധിക്കാതെ മടങ്ങിപ്പോരുന്ന ആളല്ലെന്നാണു് അടിയന്റെ വിശ്വാസം. കുഞ്ചിക്കുട്ടി തേവലശ്ശേരി നമ്പിയുടെ ശിഷ്യനായതുകൊണ്ടു്, ആനയെ അല്ല, സിംഹത്തെത്തന്നെയും സ്വാധീനപ്പെടുത്തിക്കൊണ്ടു പോരുന്നതിനു് അയാൾക്കു് ഒരു പ്രയാസവുമില്ല. എന്നു മാത്രമല്ല, അയാൾ ചെങ്ങന്നൂർ ചെന്നു നമ്പിയെക്കണ്ടിട്ടല്ലാതെ കൊച്ചിയിലേക്കു വിടകൊള്ളുകയില്ല. പിന്നെ സഹായത്തിനു വിട കൊണ്ടിട്ടുള്ളവരും സാമാന്യക്കാരല്ലല്ലോ.
മഹാ
അതൊക്കെ ശരിയാണു്. കുഞ്ചിക്കുട്ടി പോയാൽ കാര്യം സാധിക്കാതെയിരിക്കുകയില്ലെന്നുതന്നെയാണു നമുക്കും തോന്നുന്നതു്.

ഈ സംഭാഷണം കഴിഞ്ഞതിന്റെ ശേഷം ദിവാൻജി തിരുമുമ്പിൽനിന്നു മടങ്ങിപ്പോയി, അന്നത്തെ തിരുവിതാംകൂർ ദിവാൻജി കേശവപിള്ള (കേശവദാസു്) ആയിരുന്നു എന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ.

ദിവാൻജിയുടെ ഉത്തരവു കിട്ടിയ ഉടനെ പുറപ്പെട്ടു കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാർ ചെങ്ങന്നൂരെത്തി തേവലശ്ശേരി നമ്പിയെക്കണ്ടു വന്ദിച്ചു് അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിക്കൊണ്ടു് അന്നുതന്നെ അവിടെനിന്നു മടങ്ങിപ്പോരികയും അടുത്തദിവസം വൈകുന്നേരമായപ്പോഴേയ്ക്കും ആലങ്ങോട്ടുള്ള സ്വഗൃഹത്തിലെത്തുകയും ചെയ്തു. അപ്പോഴേക്കും വൈക്കം പത്മനാഭപിള്ളയും കുതിരപ്പക്ഷിയും അവിടെ ചെന്നുചേർന്നു. പിന്നെ അവർ മൂന്നുപേരുംകൂടി പിന്നീടു വേണ്ടുന്ന കാര്യങ്ങളെക്കുറിച്ചു് ആലോചിച്ചു് നിശ്ചയിക്കുകയും കുഞ്ചിക്കുട്ടിപ്പിള്ള പിന്നാലെ എത്തിക്കൊള്ളാമെന്നു പറഞ്ഞു മറ്റവരെ രണ്ടുപേരെയും ഊണു കഴിപ്പിച്ചു് അപ്പോൾത്തന്നെ അവിടെനിന്നു പറഞ്ഞയയ്ക്കുകയും ചെയ്തു.

പത്മനാഭപിള്ളയും കുതിരപ്പക്ഷിയും രണ്ടു വഴിപോക്കരുടെ വേഷത്തിലാണു പുറപ്പെട്ടതു്. അവർ ആലങ്ങാട്ടുനിന്നു പിറപ്പെട്ടതിന്റെ പിറ്റേദിവസംതന്നെ കൊച്ചി സർക്കാർവക ആനക്കൂടിന്റെ സമീപത്തെത്തി. ആനക്കൂടിന്റെ തണലത്തിരുന്നു് ഒന്നു മുറുക്കിയതിന്റെ ശേഷം കൂട്ടിൽ നിന്നിരുന്ന ആനകളെ നോക്കി പത്മനാഭപിള്ള ആനകളുടെ ലക്ഷണങ്ങളെക്കുറിച്ചു ചില ശ്ളോകങ്ങൾ ചൊല്ലുകയും അവയുടെ അർത്ഥം കുതിരപ്പക്ഷിയെ പറഞ്ഞുകേൾപ്പിക്കുകയും ചെയ്തുതുടങ്ങി. പത്മനാഭപിള്ള ആനകളുടെ ലക്ഷണങ്ങളും മറ്റും പറയുന്ന ‘മാതംഗലീല’ മുതലായ അനേകം ശാസ്ത്രഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ടായിരുന്നതിനാൽ ആ വക ഗ്രന്ഥങ്ങളിലുള്ള ചില ശ്ളോകങ്ങൾ ചൊല്ലിയാണു് കുതിരപ്പക്ഷിയോടു് അർത്ഥം പറഞ്ഞതു്. ഇതു കേട്ടപ്പോൾ അവിടെയുണ്ടയിരുന്ന ആനക്കാരെല്ലാം ഇവരുടെ അടുക്കൽ ചെന്നുകൂടി. ആനകളുടെ ലക്ഷണങ്ങളും മറ്റും പറയുന്നതു കേൾക്കാൻ ആനക്കാർക്കു് അഭിരുചിയുണ്ടാകുന്നതു സ്വാഭാവികമാണല്ലോ. ആ ആനക്കാരിൽ ചിലർ മാതംഗലീലയും മറ്റും കുറേശ്ശെ പഠിച്ചിട്ടുള്ളവരുമായിരുന്നു. അവരിൽ ചിലർ പത്മനാഭപിള്ളയോടു ചില സംശയങ്ങൾ ചോദിക്കുകയും അവയ്ക്കെല്ലാം പത്മനാഭപിള്ള ശരിയായ സമാധാനങ്ങൾ പറഞ്ഞു് അവരെ സമ്മതിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ആ ആനക്കാർക്കു പത്മനാഭപിള്ളയെക്കുറിച്ചു വളരെ ബഹുമാനമുണ്ടായിത്തീർന്നു. ഉടനെ ആ ആനക്കാർ വഴിപോക്കരോടു്, “നിങ്ങൾ എവിടത്തുകാരാണു്? എവിടെപ്പോയി വരുന്നു?” എന്നും മറ്റും ചോദിച്ചു: അതിനു മറുപടിയായി വഴിപോക്കർ, “ഞങ്ങളുടെ ദിക്കു കുറച്ചു തെക്കാണു്. ഞങ്ങളുടെ ദിക്കിലുള്ള ഒരു വലിയ പ്രഭുവിനു് ഒരു ആനയെ വാങ്ങിയാൽ കൊള്ളാമെന്നുണ്ടു്. അതിനായിട്ടു ഞങ്ങൾ അന്വേഷിച്ചു പുറപ്പെട്ടിരിക്കുകയാണു്” എന്നു പറഞ്ഞു.

Chap90pge770.png

ഇവർ ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്ന സമയം ഏറ്റവും പ്രാകൃതവേഷക്കാരനായ ഒരു പട്ടണി അവിടെച്ചെന്നു് “യശമാനന്മാരേ, ഒന്നു തിന്നാൻ പൊഹല തരാമോ?” എന്നു ചോദിച്ചു. അതുകേട്ടു വഴിപോക്കരിൽ ഒരാൾ (പത്മനാഭപിള്ള) “ഇതു പുകയിലക്കച്ചവടസ്ഥലമല്ല; ഇതു് ആനക്കൂടാണു്. ഇവിടെ പുകയിലയില്ല. ഒരാനയെ വേണമെങ്കിൽത്തരാം” എന്നു നേരമ്പോക്കുരീതിയിൽ പറഞ്ഞു. ഉടനെ പട്ടാണി, “എന്നാൽ ആനയായാലുംമതി” എന്നു പറഞ്ഞു. അപ്പോൾ വഴിപോക്കൻ ആനക്കാരന്മാരോടു്, “നമുക്കു് ഇയ്യാളെ ഒരാനപ്പുറത്തൊന്നു കേറ്റണം” എന്നു പറഞ്ഞു. “അങ്ങനെ തന്നെ” എന്നു് ആനക്കാർ സമ്മതിക്കുകയും ചെയ്തു. അപ്പോൾ മറ്റേ വഴിപോക്കൻ (കുതിരപ്പക്ഷി) “ഞങ്ങൾ ഇവിടെ അടുത്തൊരു സ്ഥലത്തു പോയി ക്ഷണത്തിൽ മടങ്ങിവരാം. എന്നിട്ടാവാം. ആനപ്പുറത്തു കേറ്റുകയും മറ്റും. നേരം അസ്തമിക്കാറായി” എന്നു പറഞ്ഞിട്ടു് ആനക്കാരെയെല്ലാം വിളിച്ചുകൊണ്ടു പോയി. അടുത്തുണ്ടായിരുന്ന ഒരു മദ്യശാലിയിൽക്കയറി മദ്യം വാങ്ങിക്കൊടുത്തു് ആനക്കാരെയെല്ലാം മൂക്കോളം കുടിപ്പിച്ചു. ആ വഴിപോക്കൻ കുടിച്ചുമില്ല. ഉടനെ അവർ മടങ്ങി ആനക്കൂട്ടിൽവന്നു. ഉടനെ ആനക്കാർ, “ഏതാനയുടെ പുറത്താണു് കേറേണ്ടതു്?” എന്നു പട്ടാണിയോടു ചോദിച്ചു. പട്ടാണി, “ഇതിന്റെ പുറത്തു്” എന്നുപറഞ്ഞു് ആ പുതിയ കുട്ടിക്കൊമ്പനെ തൊട്ടുകാണിച്ചു. പട്ടാണി തൊട്ടയുടനെ ആ ആനക്കുട്ടി പട്ടാണിയെക്കുത്താനായിത്തിരിഞ്ഞുനിന്നു. അപ്പോൾ ആനക്കാർ “എടോ മാറി നിൽക്കൂ‍! ഇതു് ഉപ്പാപ്പനും മറ്റുമല്ല, ആനക്കുട്ടിയാണു്. അവനെ കുഴിയിൽനിന്നു കേറ്റി കൂട്ടിലാക്കീട്ടു നാലഞ്ചുദിവസമേ ആയുള്ളു. ഒട്ടും പഴകീട്ടുമില്ല. അവൻ മഹാവിഷമക്കാരനാണു്. മിനിഞ്ഞാന്നു് ഒരാനക്കാരന്റേയും ഇന്നലെ ഈ കൂട്ടിൽ കിടന്നിരുന്ന ഒരാനുയുടെയും കഥ ഇവൻ കഴിച്ചു” എന്നു പറഞ്ഞു. അതുകേട്ടു് ഒരു വഴിപോക്കൻ, “എങ്കിലും അയാൾക്കു് അതിന്റെ പുറത്തു കയറാനാണു് ആഗ്രഹമെങ്കിൽ നമുക്കതു സാധിപ്പിക്കണമല്ലോ. ചാകാതെയിരിക്കാൻ സൂക്ഷിക്കേണ്ടതു് അയാളുടെ ചുമതലയാണു്” എന്നു പറഞ്ഞു. ഉടനെ ആനക്കാർ, “എന്നാലങ്ങനെയാവാം” എന്നു പറഞ്ഞു് ആ കുട്ടിയാനയെ രണ്ടു വടങ്ങളിട്ടു കെട്ടി, രണ്ടു താപ്പാനകളെ രണ്ടുവശത്തും നിറുത്തി പിടിച്ചു കൂട്ടിനു വെളിയിലിറക്കി. ഉടനെ ഒരു വഴിപോക്കൻ (പത്മനാഭപിള്ള) അടുത്തുചെന്നു് ആ കുട്ടിക്കൊമ്പനെ ഒന്നു തടവുകയും പുറത്തു കയറിക്കൊള്ളുന്നതിനു പട്ടാണിയോടു പറയുകയും ചെയ്തു. “മരിക്കാൻ മനസ്സും ധൈര്യവുമുണ്ടെങ്കിൽ കേറിക്കൊള്ളൂ” എന്നു് ആനക്കാരും സമ്മതിച്ചു. ഇതു കേട്ട ക്ഷണത്തിൽ പട്ടാണി ഒരു ചാട്ടത്തിനു് ആനപ്പുറത്തു കയറിക്കഴിഞ്ഞു. ഇതു കണ്ടപ്പോൾ ആനക്കാർ, “ഇതെന്തൊരത്ഭുതമാണു്? ആന മടക്കാതെ ഒരു ചാട്ടത്തിനു് ആനപ്പുറത്തു കയറിയ ഇവനാരാണു്? ആരായാലും സാമാന്യക്കാരനല്ല, നിശ്ചയും തന്നെ” എന്നും മറ്റും വിചാരിച്ചു് അന്ധാളിച്ചു നിന്നുപോയി. പട്ടാണി തന്റെ അരവാളൂരി ആനനയുടെ രണ്ടുവശങ്ങളിലുണ്ടായിരുന്ന വടങ്ങൾ വെട്ടിമുറിച്ചു കളഞ്ഞു. ആ സമയം പാന്ഥവേഷധാരിയായിരുന്ന പത്മനാഭപിള്ള വടം പിടിച്ചിരുന്ന താപ്പാനകൾക്കു് ഓരോ അടിവെച്ചുകൊടുത്തു. അടികൊണ്ട മാത്രയിൽ ആ ആനകൾ ഉറക്കെ നിലവിളിച്ചുകൊണ്ടു് ഓടി കാടുകേറി. വടങ്ങൾ വെട്ടിമുറിച്ചു കഴിഞ്ഞപ്പോൾ ആ കുട്ടിക്കൊമ്പൻ നടന്നുതുടങ്ങി. പിന്നാലെ വല്ലവരും വന്നെങ്കിൽ കാണണമെന്നും വിചാരിച്ചു പട്ടാണി ആനയെ തിരിച്ചു പിമ്പോട്ടു നടത്തിയാണു് കൊണ്ടുപോയതു്. അങ്ങനെ അതിർത്തികടന്നു് ഏകദേശം ഒന്നരനാഴിക ദൂരത്തായിതിന്റെ ശേഷം പട്ടാണി ആനയെ മുമ്പോട്ടുതന്നെ നടത്തിക്കൊണ്ടുപോയി. പട്ടാണിവേഷം ധരിച്ചു വന്ന ഈ മനുഷ്യൻ കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാരാണെന്നു പറയാതെ തന്നെ വായനക്കാർ ഊഹിച്ചറിഞ്ഞിരിക്കുമല്ലോ.

ഏകദേശം പത്തുനാഴിക ഇരുട്ടിയപ്പോഴേക്കും കുഞ്ചിക്കുട്ടിപ്പിള്ള ആനയേയുംകൊണ്ടു് ആലങ്ങാട്ടു സ്വഗൃഹത്തിലെത്തി. അപ്പോഴേക്കും പത്മനാഭപിള്ളയും കുതിരപ്പക്ഷിയും അവിടെ വന്നുചേർന്നു. ഉടനെ അവർ അത്താഴം കഴിക്കുകയും ആനയ്ക്കു തീറ്റയും വെള്ളവും കൊടുക്കുകുയം ചെയ്തതിന്റെ ശേഷം മൂന്നു പേരുംകൂടി ആനയെയും കൊണ്ടു് അപ്പോൾതന്നെ പുറപ്പെട്ടു. ഈ ആനക്കുട്ടിയെ മഹാരാജാവു തിരുമനസ്സിലെ തിരുമുമ്പാകെ കൊണ്ടുചെന്നു കാണിക്കാനുള്ള ധൃതിയും അത്യുത്സാഹവും നിമിത്തം അവർ ആലങ്ങാട്ടുനിന്നു പുറപ്പെട്ടിട്ടു് രണ്ടു ദിവസംകൊണ്ടു് കൊട്ടാരക്കരയെത്തി. അനന്തരം ആ മഹാന്മാർ മൂന്നുപേരും പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചു നോക്കീട്ടും ആനയെ അവിടെനിന്നു് ഒരടിപോലും നടത്താൻ സാധിച്ചില്ല. ആനയെ തിരുവനന്തപുരത്തു തിരുമുമ്പാകെ കൊണ്ടുചെന്നു കാണിച്ചെങ്കിലല്ലാതെ തങ്ങളുടെ പ്രയത്നം സഫലമാവുകയില്ലല്ലോ എന്നു വിചാരിച്ചാണു് അവർ ശ്രമിച്ചതു്. എന്തൊക്കെ ചെയ്തിട്ടും ആനയെ അവിടെനിന്നു കൊണ്ടുപോകുവാൻ അവർക്കു സാധിച്ചില്ല. ആന ഒന്നുരണ്ടു ദിസവസം രാപ്പകൽ ഒരുപോലെ അധികദൂരം നടന്നതുകൊണ്ടുള്ള ക്ഷീണം നിമിത്തമായിരിക്കും നടക്കാത്തതെന്നു വിചാരിച്ചു ധാരാളമായി തീറ്റയും മറ്റും കൊടുത്തു് ഒന്നുരണ്ടു ദിവസം ആനയെ അവിടെ നിറുത്തി വിശ്രമിപ്പിച്ചിട്ടു പിന്നെയും കൊണ്ടുപോകാനായി ശ്രമിച്ചുനോക്കി. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. ആന അവിടെത്തന്നെ നിന്നതേയുള്ളൂ. അപ്പോൾ ആ ദിക്കുകാരായ ചില വയോവൃദ്ധന്മാർ കുഞ്ചിക്കുട്ടിപ്പിള്ളയോടു് “ഈ ആനയെ ഇവിടെ കൊണ്ടുവന്നിട്ടു മഹാദേവനു നടയ്ക്കിരുത്താതെ കൊണ്ടുപൊയ്ക്കളയാമെന്നു നിങ്ങൾ വിചാരിച്ചതു് വലിയ സാഹസമായിപ്പോയി. ഈ ആനയെ ഇവിടെ നടയ്ക്കിരുത്താതെ കൊണ്ടുപോകാൻ ആരു വിചരിച്ചാലും ഒരിക്കലും സാധിക്കയില്ല. മഹാദേവൻ ആനയെ വിട്ടയയ്ക്കാതെ എങ്ങനെ കൊണ്ടുപോകും? മഹാദേവനു കൊടുത്തതായി സങ്കൽപ്പിച്ചു നടയ്ക്കിരുത്തിയാൽ പിന്നെ എവിടെ വേണമെങ്കിലും കൊണ്ടുപോകാം” എന്നു പറയുകയും അതു വാസ്തവമായിരിക്കുമെന്നു കുഞ്ചിക്കുട്ടിപ്പിള്ളയ്ക്കു തോന്നുകയും ചെയ്യുകയാൽ അദ്ദേഹം ഈ സംഗതികളെല്ലാം തിരുമനസ്സറിയിക്കുന്നതിനു കേശവപിള്ളദിവാൻജിയുടെ പേർക്കു വിവരത്തിനു് ഒരെഴുത്തഴുതിക്കൊടുത്തു പത്മനാഭപിള്ളയെ തിരുവനന്തപുരത്തിനയയ്ക്കുകയും ആനയെ സൂക്ഷിക്കുകയും പഴക്കുകയും ചെയ്തുകൊണ്ടു കുഞ്ചിക്കുട്ടിപ്പിള്ള കൊട്ടാരക്കരെത്തന്നെ താമസിക്കുകയും ചെയ്തു.

സർവ്വാധികാര്യക്കാരുടെ എഴുത്തു കണ്ടയുടനെ ദിവാൻജി തിരുമുമ്പാകെ ചെന്നു സകലവിവരങ്ങളും തിരുമനസ്സറിയിച്ചു. അപ്പോൾ മഹാരാജാവു തിരുമനസ്സു കൊണ്ടു് “കുഞ്ചിക്കുട്ടി ആനയെ കൊണ്ടുപോകുന്നതുവരെയുള്ള സംഗതികളെല്ലാം ചാരന്മാർ മുഖാന്തരം നാം മുമ്പേ തന്നെ അറിഞ്ഞിരിക്കുന്നു. അതിൽ പിന്നീടുള്ള വിവരങ്ങൾ ഇപ്പോൾ മനസ്സിലായല്ലോ. സന്തോഷമായി. വിചാരിച്ച കാര്യം സാധിച്ചതു് ഈശ്വരാനുകൂല്യംകൊണ്ടാണല്ലോ. അതിനാൽ ആ ആനയെ ഈശ്വരനു സമർപ്പിക്കുന്നതും നമുക്കു് സന്തോഷകരംതന്നെ. താമസിയാതെ നാം കൊട്ടാരക്കരെച്ചെന്നു് ആ ആനക്കുട്ടിയെ നടയ്ക്കിരുത്തിയേക്കാം. അതിനു വേണ്ടുന്നതെല്ലാം ഉടനെ ചട്ടംകെട്ടിക്കൊള്ളണം” എന്നും കൊട്ടാരക്കരയ്ക്കു് എഴുന്നള്ളത്തു പുറപ്പെടുന്നതു് ഇന്ന ദിവസമാണെന്നും കൽപ്പിച്ചു.

Chap90pge773.png

കല്പനപ്രകാരം ദിവാൻജി എഴുന്നള്ളത്തിനും ആനയെ നടയ്ക്കിരുത്തുന്നതിനും വേണ്ടുന്നതെല്ലാം ചട്ടംകെട്ടുകയും നിശ്ചിതദിവസം തന്നെ തിരുമനസ്സു കൊണ്ടു് കൊട്ടാരക്കരെ എഴുന്നള്ളുകയും ചെയ്തു. അപ്പോഴേക്കും കുഞ്ചിക്കുട്ടിപ്പിള്ള ആനപ്പാവുപരിചയമുള്ള ‘രാമശ്ശാരെ’ന്നു പ്രസിദ്ധനായ ഒരാനക്കാരന്റെ സഹായത്തോടുകൂടി ആ കുട്ടിക്കൊമ്പനെ ഇടവും വലവും മറ്റും പഠിപ്പിച്ചു നല്ലതു പോലെ പഴക്കിയിരുന്നു. സർവ്വലക്ഷണങ്ങളും തികഞ്ഞ ആ ആനക്കുട്ടിയെ കണ്ടപ്പോൾ തിരുമനസ്സിലേക്കുണ്ടായ സന്തോഷം അപരിമിതമായിരുന്നു. ആകപ്പാടെ കണ്ടപ്പോൾത്തന്നെ അവൻ മഹാശൂരനും ധീരനുമാണെന്നു തിരുമനസ്സുകൊണ്ടു നിശ്ചയിച്ചു. അക്കാലത്തു് ആ ആനയ്ക്കു് ഏകദേശം ഇരുപതു വയസ്സു പ്രായമായിട്ടുണ്ടായിരുന്നു. ഒരു മുഴത്തിൽ കുറയാതെ കൊമ്പുകൾ പുറത്തേക്കു കാൺമാനുണ്ടായിരുന്നു. ദേഹത്തിന്റെ പുഷ്ടിയും ഉയരവും തലക്കട്ടിയും മസ്തകത്തിന്റെ വിരിവും കൊമ്പിന്റെ ഭംഗിയും മറ്റും ഇത്രത്തോളമുള്ള ഒരാന അക്കാലത്തു വേറെ ഇല്ലായിരുന്നുവെന്നു മാത്രമല്ല, അതിനു മുമ്പു് ഉണ്ടായിരുന്നുമില്ല. ആ കുട്ടിയാനയുടെ പുറത്തു് ആറുപേർക്കു് ധാരാളമായിട്ടിരിക്കാമായിരുന്നു. നട്ടെല്ലിന്റെ രണ്ടുവശത്തും ഓരോരുത്തർക്കു നീണ്ടു നിവർന്നു കിടക്കുകയും ചെയ്യാമായിരുന്നു. നട്ടെല്ലു ലേശംപോലും എഴുന്നിരുന്നില്ല. അതിനാൽ ആ ആനയുടെ പുറത്തിരുന്നാൽ മെത്തപ്പുറത്തിരുന്നാലെന്നതുപോലുള്ള സുഖം തോന്നുമായിരുന്നു. അവന്റെ മുഖത്തു സദാ പ്രകാശിച്ചിരുന്നതു് വീരരസമായിരുന്നു. ആ കൊമ്പന്റെ നെറ്റിയിൽ ചന്ദ്രക്കലപോലെ ഒരു രേഖ ശോഭിച്ചു കാൺമാനുണ്ടായിരുന്നു. അതുകൊണ്ടും കൊട്ടാരക്കരദേവൻ ചന്ദ്രശേഖരൻ (ശിവൻ) ആയിരുന്നതിനാലും ആ ആനക്കുട്ടിക്കു മഹാരാജാവു തിരുമനസ്സുകൊണ്ടു ചന്ദ്രശേഖരൻ എന്നുതന്നെ പേരിട്ടു് അവിടെ നടയ്ക്കിരുത്തി. പിന്നീടു് ‘കൊട്ടാരക്കരച്ചന്ദ്രശേഖരൻ’ എന്നു പ്രസിദ്ധനായിത്തീർന്ന ഗജശ്രഷ്ഠൻ ഈ കുട്ടിക്കൊമ്പനാണെന്നു വിശേഷിച്ചു പറയണമെന്നില്ലല്ലൊ. ആനയെ നടയ്ക്കിരുത്തിയതു സംബന്ധിച്ചു തിരുമനസ്സിലെ വകയായി അന്നു് അവിടെ ക്ഷേത്രത്തിൽ കേമമായിട്ടു കളഭവും വിളക്കും സദ്യയും മറ്റുമുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞിട്ടു നാലുദിവസംകൂടി അവിടെ എഴുന്നള്ളിത്താമസിക്കുകയും കുഞ്ചിക്കുട്ടിപ്പിള്ളയ്ക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊണ്ടിരുന്ന രാമശ്ശാരെത്തന്നെ ചന്ദ്രശേഖരന്റെ ആനക്കാരനായി കൽപിച്ചു നിയമിക്കുകയും “ചന്ദ്രശേഖരനു തീറ്റയും മറ്റും വേണ്ടതുപോലെ കൊടുത്തു് അവനെ ശരിയായി രക്ഷിച്ചു കൊള്ളണം” എന്നു പ്രത്യേകം കൽപ്പിക്കുകയും ചെയ്തിട്ടാണു് തിരുമനസ്സുകൊണ്ടു തിരുവനന്തപുരത്തേക്കു തിരിച്ചെഴുന്നള്ളിയതു്. ചന്ദ്രശേഖരനെ കൊട്ടാരക്കര നടയ്ക്കിരുത്തിയതു് കൊല്ലം 948-ആം ആണ്ടാണു്. അതിനുശേഷം അവനെ സംബന്ധിച്ചുണ്ടായിട്ടുള്ള ചില വിശേഷസംഗതികൾ താഴെപ്പറയുന്നു.

കാലക്രമേണ ചന്ദ്രശേഖരനെക്കുറിച്ചുള്ള സന്തോഷം തിരുമനസ്സിലേക്കും ജനങ്ങൾക്കും സീമാതീതമായി വർദ്ധിച്ചു. അവനു തീറ്റ കൊടുക്കുന്നതിനും അവനെ കുളിപ്പിക്കുന്നതിനും മറ്റും ഒട്ടും അമാന്തം വന്നുപോകരുതെന്നു കരുതി രാമാശ്ശാരുടെ അസിസ്റ്റന്റായി ‘കൊച്ചുകുഞ്ഞു്’ എന്നൊരാളെക്കൂടി ആനക്കാരനായി നിയമിച്ചു. കൊട്ടാരക്കര ദേശത്തുള്ള ജനങ്ങൾ ചന്ദ്രശേഖരനെക്കുറിച്ചുള്ള സന്തോഷംകൊണ്ടു് ആനയെ വൈകുന്നേരം കെട്ടുന്നതു് ഓരോ ദിവസം ഓരോരുത്തരുടെ പുരയിടങ്ങളിൽ വേണമെന്നും തീറ്റി അവർ ശേഖരിച്ചു കൊടുത്തു കൊള്ളാമെന്നും രാമശ്ശാരോടു പറയുകയും രാമശ്ശാർ അങ്ങനെ സമ്മതിക്കുകയും അപ്രകാരം നടത്തിവരികയും ചെയ്തു. ആനയെ എവിടെക്കെട്ടിയാലും പിറ്റേദിവസം രാവിലെ കൊച്ചുകുഞ്ഞു് ആ സ്ഥലത്തുചെന്നു് ആനയെ പൊടിതട്ടിക്കളയുകയും വെള്ളം കൊടുക്കുകയും കൊണ്ടുപോയി കുളിപ്പിക്കുകയും ചെയ്യണമെന്നാണു രാമശ്ശാരു് ഏർപ്പാടു് ചെയ്തിരുന്നതു്. അങ്ങനെ പതിവായി നടന്നുവരികയും ചെയ്തു. ചന്ദ്രശേഖരന്റെ ശുശ്രൂഷകളെല്ലാം ചെയ്തിരുന്നതു് കൊച്ചുകുഞ്ഞായിരുന്നുവെങ്കിലും അവനു സ്നേഹവും ബഹുമാനവും രാമശ്ശാരെക്കുറിച്ചുള്ളതു പോലെ മറ്റാരെക്കുറിച്ചുമുണ്ടായിരുന്നില്ല. കൊച്ചുകുഞ്ഞിനെ ചന്ദ്രശേഖരൻ കൂലിക്കാരനായിട്ടു മാത്രമേ വിചാരിച്ചിരുന്നുള്ളു. രാമശ്ശാർക്കു ചന്ദ്രശേഖരനെക്കുറിച്ചു പുത്രനിർവ്വിശേഷമായ സ്നേഹവും വാത്സത്യവുമുണ്ടായിരുന്നു. അയാൾ ചന്ദ്രശേഖരനെ സാധാരണയായി വിളിച്ചു വന്നിരുന്നതും ‘മകനേ!’ എന്നായിരുന്നു. ചന്ദ്രശേഖരൻ അതിനെ സമ്മതിച്ചും രാമശ്ശാരെ തന്റെ പിതാവിനെപ്പോലെ വിചാരിച്ചുമാണു് വർത്തിച്ചിരുന്നതു്.

ഇപ്രകാരമെല്ലാമിരുന്നപ്പോൾ ഒരു ദിവസം കാലത്തു് ആനയെ അഴിക്കുന്നതിനും മറ്റും പതിവുപോലെ കൊച്ചുകുഞ്ഞു വന്നില്ല. അയാൾ കള്ളു കുടിച്ചു് ബോധം കെട്ടു് എവിടെയോ കിടന്നുപോയി. കൊച്ചുകുഞ്ഞു് പതിവുപോലെ വരുമല്ലോ എന്നു വിചാരിച്ചു രാമശ്ശാരും രാവിലെ വന്നില്ല. അയാൾ ഏകദേശം പത്തുമണിയായപ്പോഴാണു് ആനയുടെ അടുക്കൽ വന്നതു്. അപ്പോൾ ആനയെ അതുവരെ അഴിക്കുകയും പൊടിയടിക്കുകയും വെള്ളം കൊടുക്കുകയും ചെയ്തിട്ടില്ലെന്നറിഞ്ഞു രാമശ്ശാർ വളരെ വ്യസനിച്ചു. ചന്ദ്രശേഖരനും സ്വൽപം സങ്കടം പ്രദർശിപ്പിച്ചു. ഉടനെ രാമശ്ശാർ, “മകനേ ആ കുരുത്തം കെട്ടവൻ പതിവുപോലെ വരുമെന്നു വിചാരിച്ചാണു് ഞാൻ വരാൻ താമസിച്ചതു്. ഇനി ഇങ്ങനെ ഒരിക്കലും വരാതെ ഞാൻ കരുതിക്കൊള്ളാം” എന്നു പറഞ്ഞു് ആനയെ അഴിച്ചു പൊടിയടിച്ചുകൊണ്ടിരുന്ന സമയം കൊച്ചുകുഞ്ഞും അവിടെച്ചെന്നുചേർന്നു. കൊച്ചുകുഞ്ഞിനെക്കണ്ടിട്ടു് ദേഷ്യം കലശലായിട്ടു വരികയാൽ രാമശ്ശാർ അയാളെ സ്വൽപം ശാസിക്കുകയും ശകാരിക്കുകയും ചെയ്തു. അതു കൊച്ചുകുഞ്ഞിനു് ഒട്ടും രസിച്ചില്ല. കൊച്ചുകുഞ്ഞിനു കള്ളിന്റെ ലഹരി നല്ലപോലെ പോയിട്ടില്ലായിരുന്നതുകൊണ്ടും ശകാരം കേട്ടപ്പോൾ ദേഷ്യം വന്നതു കൊണ്ടും അയാൾ രാമശ്ശാരെത്തല്ലാനായി കൈയോങ്ങിക്കൊണ്ടു പാഞ്ഞുചെന്നു. അതു ചന്ദ്രശേഖരനു് ഒട്ടും രസിച്ചില്ല. അവൻ കൊച്ചുകുഞ്ഞിന്റെ കാലിന്മേൽ പിടികൂടി. അതുകണ്ടു രാമശ്ശാർ, “അയ്യോ മകനേ! ചതിക്കരുതേ” എന്നു പറഞ്ഞതും ചന്ദ്രശേഖരൻ കൊച്ചുകുഞ്ഞിനെ പിടിച്ചു് ഒരു മരത്തിന്മേൽ അടിച്ചതും കൊച്ചുകുഞ്ഞിന്റെ തല പൊട്ടിത്തെറിച്ചതും ചന്ദ്രശേഖരൻ കൊലവിളി വിളിച്ചതുമെല്ലാമൊരുമിച്ചു കഴിഞ്ഞു. കൊച്ചുകുഞ്ഞിനെ മരത്തിന്മേലടിക്കാതിരിക്കുന്നതിനു തടസ്സം പിടിക്കാനായി അടുത്തുചെന്ന രാമശ്ശാരുടെ മേൽ തുമ്പിക്കൈ സ്വൽപം ഏശുകയാൽ അയാൾ ബോധംകെട്ടു രണ്ടു് ദണ്ഡു് അകലെപ്പോയി വീണു. ആ സമയം അവിടെത്താമസിച്ചിരുന്ന വീട്ടുകാർക്കുണ്ടായ ഭയവും പരിഭ്രമവും അവർണ്ണനീയമായിരുന്നു. ചന്ദ്രശേഖരന്റെ കൊലവിളികേട്ടു് അസംഖ്യമാളുകൾ അവിടെ വന്നുകൂടുകയും ചെയ്തു.

Chap90pge775.png

രാമശ്ശാർ വീണുകിടക്കുന്നതു കണ്ടു ചന്ദ്രശേഖരൻ വളരെ വ്യസനിച്ചു. ശ്വാസം നേരെ പോകാതെയും ബോധംകെട്ടും കുളിച്ചതുപോലെ വിയർത്തുമാണു് രാമശ്ശാർ കിടന്നിരുന്നതു്. ചന്ദ്രശേഖരൻ ഓടിച്ചെന്നു് അയാളെ തുമ്പിക്കൈയിൽ കോരിയെടുത്തുംകൊണ്ടു് അവിടെനിന്നു പോയി. ഏകദേശം അരനാഴിക ദൂരെച്ചെന്നപ്പോൾ അവിടെ ഒരു മൈതാനവും മൈതാനത്തിന്റെ മദ്ധ്യത്തിങ്കൽ ഒരു പ്ലാവും നല്ല തണലുമുണ്ടായിരുന്നു. ചന്ദ്രശേഖരൻ രാമശ്ശാരെ ആ തണലത്തു കിടത്തിയിട്ടു് പ്ലാവിന്റെ തൂപ്പു് (ഇലയോടുകൂടിയ ചെറിയ കൊമ്പുകൾ) ഒടിച്ചെടുത്തു വീശിത്തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ രാമശ്ശാർ കണ്ണുതുറന്നു. അപ്പോൾ ഒരു മുഹമ്മദീയ സ്ത്രീ ഒരു കുടവുംകൊണ്ടു് അവിടെ അടുത്തുണ്ടായിരുന്ന കിണറ്റിൻകരെ വന്നു വെള്ളം കോരി കുടത്തിലൊഴിച്ചു നിറച്ചു. അതുകണ്ടു ചന്ദ്രശേഖരൻ അങ്ങോട്ടു ചെന്നു. ചന്ദ്രശേഖരൻ ചെല്ലുന്നതുകണ്ടു് ആ സ്ത്രീ കുടമെടുക്കാതെ ഓടി മാറി. ചന്ദ്രശേഖരൻ പതുക്കെ ആ കുടവും വെള്ളവുമെടുത്തുകൊണ്ടുവന്നു രാമശ്ശാരുടെ അടുക്കൽ വെച്ചിട്ടു തുമ്പിക്കൈകൊണ്ടു കുറച്ചു വെള്ളമെടുത്തു് രാമശ്ശാരുടെ ദേഹത്തിൽ തളിച്ചു. പിന്നെയും കുറച്ചുകൂടി വീശി. അപ്പോൾ രാമശ്ശാരു് എഴുന്നേറ്റിരുന്നു. അതു കണ്ടപ്പോൾ ചന്ദ്രശേഖരനു സ്വൽപം മനസ്സമാധാനമുണ്ടായി. അവൻ കുടം യഥാപൂർവ്വം കിണറ്റിൻകരെ കൊണ്ടുവെച്ചിട്ടു മടങ്ങിവന്നു. പിന്നെയും തൂപ്പെടുത്തു് രാമശ്ശാരെ വീശിക്കൊണ്ടുനിന്നു. അപ്പോൾ രാമശ്ശാരു് “മകനേ! ചന്ദ്രശേഖരാ! നീയെന്നെ ഇങ്ങനെ ചെയ്യുമെന്നു് ഞാൻ വിചാരിച്ചിരുന്നില്ല” എന്നു പറഞ്ഞു. അതുകേട്ടു ചന്ദ്രശേഖരൻ “അറിയാതെ വന്നുപോയ അബദ്ധമാണെന്നു” ഭാവംകൊണ്ടു രാമശ്ശാരെ മനസ്സിലാക്കുകയും കണ്ണീരൊലിപ്പിച്ചുകൊണ്ടു വളരെ കരയുകയും ചെയ്തു.

കാലത്തു് അഴിച്ചു് പൊടിതട്ടിയാലുടനെ ചന്ദ്രശേഖരനു കുടിക്കാൻ വെള്ളം കൊടുക്കുക പതിവായിരുന്നു. അന്നു് അതിനിടയായില്ലല്ലോ. അതിനാൽ അവനു കലശലായിട്ടു ദാഹമുണ്ടായിരുന്നു. രാമശ്ശാർക്കു കുറച്ചു സുഖമുണ്ടെന്നു കണ്ടപ്പോഴേക്കും ചന്ദ്രശേഖരനു വെള്ളം കുടിക്കാൻ ധൃതിയായി. അവൻ കിണറ്റിൻകരെച്ചെന്നു കുടത്തിൽ നോക്കി. അതിൽ വെള്ളമുണ്ടായിരുന്നില്ല. അതിനാൽ മടങ്ങിപ്പോന്നു. കുറച്ചുകഴിഞ്ഞപ്പോൾ പിന്നെയും പോയി നോക്കി. അപ്പോഴും കുടത്തിൽ വെള്ളമുണ്ടായിരുന്നില്ല. അതിനാൽ ആ പ്രാവശ്യവും ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോന്നു. അങ്ങനെ മൂന്നുനാലു പ്രാവശ്യമായപ്പോൾ രാമശ്ശാരു്, “മകനേ! എനിക്കു് എണീക്കാറായാൽ ഞാൻ വെള്ളം കോരിത്തരാം” എന്നു പറഞ്ഞു. ആ മുഹമ്മദീയസ്ത്രീ ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടു് അവിടെ ഒരു സ്ഥലത്തു് ഒളിച്ചു നിൽക്കുന്നുണ്ടായിരുന്നു. വെള്ളം കുടിക്കാൻ വൈകീട്ടു് ചന്ദ്രശേഖരനുണ്ടായ പാരവശ്യം കണ്ടിട്ടു് ആ സ്ത്രീ ‘എന്തെങ്കിലും വരുന്നതു വരട്ടെ’ എന്നു നിശ്ചയിച്ചു് കിണറ്റിൻകരെച്ചെന്നു കുടം നിറച്ചു വെള്ളം കോരിയൊഴിച്ചിട്ടു മാറിനിന്നു. ചന്ദ്രശേഖരനെ നോക്കി ”വെള്ളം കുടത്തിൽ നിറച്ചിട്ടുണ്ടു്. വേണമെങ്കിൽ എടുത്തു കുടിക്കാം. എന്റെ കുടം പൊട്ടിച്ചേക്കരുതു്” എന്നു പറഞ്ഞു. അതു കേട്ടു ചന്ദ്രശേഖരൻ ചെന്നു വെള്ളമെടുത്തു കുടിച്ചിട്ടു മതിയായില്ലെന്നുള്ള ഭാവത്തോടുകൂടി മാറിനിന്നു. മുഹമ്മദീയസ്ത്രീ പിന്നേയും ചെന്നു വെള്ളം കോരിയൊഴിച്ചു കുടം നിറച്ചിട്ടു മാറിനിന്നു.

ചന്ദ്രശേഖരൻ ആ വെള്ളവുമെടുത്തു കുടിച്ചു. ഇങ്ങനെ രണ്ടുമൂന്നു പ്രാവശ്യമായപ്പോൾ ചന്ദ്രശേഖരനു വെള്ളം മതിയാവുകയാൽ അവൻ കുടം പതുക്കെ അവിടെ വെച്ചിട്ടു രാമശ്ശാരുടെ അടുക്കലേക്കു പോന്നു. അപ്പോൾ ആ മുഹമ്മദീയ സ്ത്രീ വീണ്ടും ചെന്നു വെള്ളംകോരി കുടം നിറച്ചു് എടുത്തുകൊണ്ടു് അവരുടെ വാസസ്ഥലത്തേക്കും പോയി. അപ്പോഴേക്കും രാമശ്ശാർക്കു് ക്ഷീണം ഒരുവിധം മാറിയതിനാൽ അയാൾ ചന്ദ്രശേഖരനോടുകൂടി അയാളുടെ വീട്ടിലേക്കും പോയി.

കൊച്ചുകുഞ്ഞിനെക്കൊന്നതിന്റെശേഷം ചന്ദ്രശേഖരനെ കുടിപാർപ്പുള്ള പുരയിടങ്ങളിൽ കെട്ടാൻ ആരും സമ്മതിക്കാതെയായി. അതിനാൽ നേരം വൈകുമ്പോൾ രാമശ്ശാർ അവനെക്കൊണ്ടുപോയി ആൾപ്പാർപ്പില്ലാത്ത പറമ്പുകളിലാണു പിന്നീടു കെട്ടയിരുന്നതു്. എങ്കിലും ജനങ്ങൾ കൂടെക്കൂടെ ചന്ദ്രശേഖരനു പഴക്കുല, കരിമ്പു്, ശർക്കര, നാളികേരം മുതലായവ കൊണ്ടുചെന്നു കൊടുത്തിരുന്നു. അങ്ങനെ ആരെങ്കിലും എന്തെങ്കിലും കൊണ്ടുചെന്നു കൊടുത്താൽ അതിൽനിന്നു് ഒരു ഭാഗമെടുത്തു മാറ്റിവെച്ചിട്ടു ശേഷമേ അവൻ തിന്നാറുള്ളൂ. സ്വദേശത്തുവെച്ചാണെങ്കിൽ മാറ്റി വെയ്ക്കുന്ന ഭാഗം അവൻതന്നെ എടുത്തുകൊണ്ടുപോയി, അവനു വെള്ളം കോരിക്കൊടുത്ത മുഹമ്മദീയസ്ത്രീയുടെ കുടിലിന്റെ വാതിൽക്കൽ വെച്ചു് എടുത്തുകൊള്ളുവാൻ ആംഗ്യം കാണിച്ചിട്ടു മടങ്ങിപ്പോരും. ഇതിനു രാമശ്ശാർ കൂടെച്ചെല്ലുകയും മറ്റും വേണ്ട. ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിനും മറ്റുമായി ദൂരസ്ഥലങ്ങളിൽച്ചെല്ലുമ്പോൾ പഴക്കുല മുതലായവ ആരെങ്കിലും കൊടുത്താൽ ചന്ദ്രശേഖരൻ മുഹമ്മദീയസ്ത്രീയ്ക്കുള്ള ഭാഗമെടുത്തു് രാമശ്ശാരെ ഏൽപ്പിക്കും. രാമശ്ശാർ അതു വിറ്റുകിട്ടുന്ന പണം സ്വദേശത്തു ചെല്ലുമ്പോൾ മുഹമ്മദീയസ്ത്രീക്കു കൊടുക്കണം എന്നാണു ചന്ദ്രശേഖരൻ നിശ്ചയിച്ചിരുന്നതു്. രാമശ്ശാർ അങ്ങനെ തന്നെ ചെയ്തിരുന്നു.

ഒരിക്കൽ സ്വദേശത്തു (കൊട്ടാരക്കര) വെച്ചുതന്നെ ഒരാൾ ചന്ദ്രശേഖരനു നാലഞ്ചു പഴക്കുല കൊണ്ടുചെന്നു കൊടുത്തു അതിൽനിന്നു് ഒന്നാംതരം ഒരു കുലയെടുത്തു മാറ്റിവെയ്ക്കുകയും ശേഷമുണ്ടായിരുന്നതു തിന്നുകയും ചെയ്തതിന്റെശേഷം മാറ്റിവെച്ച കുലയുമെടുത്തുകൊണ്ടു ചന്ദ്രശേഖരൻ മുഹമ്മദീയ സ്ത്രീയുടെ കുടിലിങ്കലേക്കു പോയി. അവിടെച്ചെന്നപ്പോൾ ആ സ്ത്രീയും അവരുടെ ഭർത്താവും അവിടെയുണ്ടായിരുന്നില്ല. മുഹമ്മദീയൻ എവിടെയോ കൂലിവേലയ്ക്കും സ്ത്രീ വെള്ളം കോരിക്കൊണ്ടു വരാനും പോയിരിക്കുകയായിരുന്നു. അവരുടെ രണ്ടു കുട്ടികൾ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അഞ്ചും മൂന്നും വീതം മാത്രം വയസ്സു പ്രായമായിരുന്ന ആ കുട്ടികൾ കുടിലിനകത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം കുടിലിന്റെ മേൽക്കൂടിനു തീ പിടിച്ചു കത്തിക്കൊണ്ടിരുന്നു. ഈ കുട്ടികൾ അതിറിഞ്ഞില്ല. അഥവാ അവരറിഞ്ഞാലും വിശേഷമൊന്നുമില്ലല്ലോ. കുടിലിനു തീ പിടിച്ചിരിക്കുന്നതു കണ്ടു് ചന്ദ്രശേഖരൻ ക്ഷണത്തിൽ അടുത്തുചെന്നു പഴക്കുല അവിടെവെച്ചിട്ടു് തുമ്പിക്കൈകൊണ്ടു കുടിലിന്റെ മേൽക്കൂടിനു് ഒരു തട്ടുകൊടുത്തു. മേൽക്കൂടു തെറിച്ചു ദൂരെപ്പോയി വീണു. അതു് അവിടെക്കിടന്നു് അശേഷം ദഹിച്ചുപോയി. കാട്ടുകമ്പുകൾകൊണ്ടു കെട്ടിയുണ്ടാക്കി ഓലമേഞ്ഞതും തീപ്പുകകൊണ്ടും മറ്റും ഉണങ്ങിയിരുന്നതുമായ ആ മേൽപ്പുരയ്ക്കു തീപ്പിടിച്ചാൽപ്പിന്നെ ദഹിക്കാൻ താമസിക്കുമോ? അതു മുഴുവനും ദഹിച്ചുപോയെങ്കിലും ചന്ദ്രശേഖരനതു തട്ടിക്കളഞ്ഞതുകൊണ്ടു് ആ കുട്ടികൾക്കും കുടിലിനകത്തുണ്ടായിരുന്ന സാധനങ്ങൾക്കും തരക്കേടൊന്നും പറ്റിയില്ല. മുഹമ്മദീയസ്ത്രീ എന്തോ വറക്കുന്നതിനായി ഒരു പാത്രത്തിൽ വെളിച്ചെണ്ണ അടുപ്പത്തു വെച്ചിട്ടു് അതു ചൂടുപിടിക്കുമ്പോഴേക്കു മടങ്ങിവരാമെന്നു വിചാരിച്ചാണു് പോയതു്. വഴിക്കു് ആരാണ്ടേക്കണ്ടപ്പോൾ ഇതു മറന്നു് അവരുമായി സംസാരിച്ചുകൊണ്ടു സ്വൽപമധികം സമയം താമസിച്ചുപോയതിനാൽ വെളിച്ചെണ്ണയ്ക്കു തീ പിടിച്ചു് അതു പാളിക്കത്തി മേൽപ്പൂരയ്ക്കു തീപിടിച്ചു. ആ സമയത്താണു് ചന്ദ്രശേഖരൻ അവിടെയെത്തിയതു്. ചന്ദ്രശേഖരൻ മേൽപ്പൂര തട്ടിക്കളഞ്ഞതിന്റെ ശേഷം ആ രണ്ടുകുട്ടികളേയും താങ്ങിയെടുത്തു് ഒരു മരത്തണലിൽക്കൊണ്ടുചെന്നിരുത്തി, പഴക്കുലയെടുത്തു് അവരുടെ മുമ്പിൽ വെച്ചുകൊടുത്തിട്ടു ദൂരെ മാറിനിന്നു. പാർപ്പിടം പോയതുകൊണ്ടുള്ള വിഷമത എത്രമാത്രമുണ്ടെന്നു് അറിയാറായിട്ടില്ലാതെയിരുന്ന കുട്ടികൾ പഴമെടുത്തു തിന്നു സന്തോഷിച്ചു കളിച്ചുകൊണ്ടു് ആ തണലത്തിരുന്നു.

മഹമ്മദീയ സ്ത്രീ വെള്ളം കോരിക്കൊണ്ടു പകുതി വഴി വന്നപ്പോൾ അതികശലായിട്ടുള്ള തീജ്വാലയും പുകയും കണ്ടു്, “അയ്യോ, എന്റെ കുട്ടികളുടെ കഥ കഴിഞ്ഞു” എന്നു പറഞ്ഞു വെള്ളവും കുടവും ദൂരെയെറിഞ്ഞിട്ടു് തല്ലിയലച്ചു നിലവിളിച്ചുകൊണ്ടു് ഓടിയെത്തി. കുടിലിന്റെ സമീപത്തായപ്പോൾ കുട്ടികൾ പഴംതിന്നു കളിച്ചുകൊണ്ടിരിക്കുന്നതും ചന്ദ്രശേഖരൻ അവരെ കാത്തുകൊണ്ടു ദൂരെ മാറി നിൽക്കുന്നതും ആ സ്ത്രീ കണ്ടു. അപ്പോൾ അവരുടെ മനസ്സിനു വളരെ സമാധാനമായി. കുട്ടികൾ കുടിലിൽക്കിടന്നു വെന്തുപൊയിയെന്നുതന്നെയായിരുന്നു ആ സ്ത്രീയുടെ വിചാരം. ചന്ദ്രശേഖരൻ പഴക്കുലയും മറ്റുംകൊണ്ടു കൂടെക്കൂടെ ചെല്ലുക പതിവായിരുന്നതിനാൽ പഴക്കുല അവിടെയിരിക്കുന്നതും ചന്ദ്രശേഖരൻ കാത്തു നില്ക്കുന്നതും കണ്ടിട്ടു തന്റെ കുട്ടികളെ രക്ഷിച്ചതു ചന്ദ്രശേഖരൻ തന്നെയെന്നു നിശ്ചയിച്ചുകൊണ്ടു് ആ സ്ത്രീ, ”എന്റെ ചന്ദ്രശേഖരാ, എന്റെ ഓമനക്കുട്ടികളെ രക്ഷിച്ചതു നീയാണല്ലോ! നിന്നെ പടച്ചവൻ രക്ഷിക്കട്ടെ” എന്നു പറഞ്ഞു. ഉടനെ ചന്ദ്രശേഖരൻ അവിടെനിന്നു പോയി. മുഹമ്മദീയസ്ത്രീ തന്റെകുട്ടികളേയുംകൊണ്ടു അഗ്നിഗ്ദ്ധശിഷ്ടമായ കുടിലിൽച്ചെന്നു നോക്കിയപ്പോൾ അതിലുണ്ടായിരുന്ന സാധനങ്ങളൊന്നും നഷ്ടപ്പെട്ടുപോയിട്ടില്ലെന്നറിഞ്ഞു് അൽപംകൂടി സന്തോഷിച്ചു. എങ്കിലും നേരം വൈകുമ്പോൾ കിടക്കാനൊരു പുരയില്ലല്ലോ എന്നു വിചാരിച്ചു വിഷാദവും അവർക്കുണ്ടാകാതെയിരുന്നില്ല.

കൂലിവേലയ്ക്കു പോയിരുന്ന മുഹമ്മദീയൻ നേരം വൈകിയപ്പോൾ മടങ്ങിയെത്തി. അപ്പോൾ തന്റെ പാർപ്പിടം വെന്തുപോയെന്നറിഞ്ഞു ദുഃഖിക്കുകയും തന്റെ മക്കൾക്കു തരക്കേടൊന്നും പറ്റിയില്ലെന്നറിഞ്ഞു് ഏറ്റവും സന്തോഷിക്കുകയും ചെയ്തു. പിന്നെ ആ മുഹമ്മദീയനും ഭാര്യയുംകൂടി തങ്ങളുടെ കുടിൽ യഥാപൂർവ്വം കെട്ടിയുണ്ടാക്കുന്നതിനു് എന്താ കൗശലമെന്നുള്ള ആലോചനയായി. സാരമില്ലാത്തതാണെങ്കിലും കുറെ കാലും കോലും മുളയും വാരിയുമൊക്കെയില്ലാതെ അതു സാധിക്കുകയില്ലല്ലോ. അഗതികളായ അവർക്കു് അതത്ര ക്ഷിപ്രസാദ്ധ്യമായ കാര്യമല്ലായിരുന്നു.

അവർ അങ്ങനെ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ ചന്ദ്രശേഖരൻ കുറെ കാട്ടുകമ്പുകളും അഞ്ചെട്ടു മുളയും വരിഞ്ഞുകെട്ടാനാവശ്യമുള്ള ചൂരലും വലിച്ചെടുത്തു കൊണ്ടു് അവിടെയെത്തി. ആ സാമാനങ്ങളെല്ലാം ആ മുഹമ്മദീയന്റെ മുമ്പിലിട്ടു കൊടുത്തിട്ടു രാമശ്ശാരുടെ അടുക്കലേക്കു പോയി. സാമാനങ്ങളൊക്കെ കിട്ടിയപ്പോൾ മുഹമ്മദീയനു വളരെ സമാധാനമായി. അയാൾ നല്ല വേലക്കാരനായിരുന്നതുകൊണ്ടു് ആ സാമാനങ്ങളെല്ലാമെടുത്തുപയോഗിച്ചു പിറ്റെദിവസം നേരം വെളുക്കുന്നതിനു മുമ്പു് കുടിൽ കെട്ടിയുണ്ടാക്കി. നേരം വെളുത്തിന്റെ ശേഷം ചില മാന്യന്മാരുടെ അടുക്കൽ ചെന്നു ചോദിച്ചിട്ടു കിട്ടിയ ഓലകൊണ്ടു് ഉടനെ മേച്ചിലും കഴിച്ചു. അഞ്ചെട്ടു നാഴിക പുലർന്നപ്പോൾ ചന്ദ്രശേഖരൻ അവിടെ ചെന്നു നോക്കി. അപ്പോൾ യഥാപൂർവ്വം കുടിലുണ്ടാക്കി ആ മുഹമ്മദീയകുടുംബക്കാരവിടെ പാർപ്പു തുടങ്ങിയിരിക്കുന്നതായിക്കണ്ടു സന്തോഷിച്ചു മടങ്ങിപ്പോയി.

ആ മുഹമ്മീയസ്ത്രീക്കു വിറകിനാവശ്യമുള്ള ഉണങ്ങിയ തടികൾ യഥാകാലം ചന്ദ്രശേഖരൻ മലകളിൽനിന്നു ശേഖരിച്ചു കൊണ്ടുചെന്നു കൊടുത്തിരുന്നു. ഇതെല്ലാം അവനു് ഒരു ദിവസം ദാഹിച്ചപ്പോൾ ആ സ്ത്രീ കുറച്ചു വെള്ളം കോരിക്കൊടുത്തതിന്റെ നന്ദിയാണെന്നുള്ളതു പറയണമെന്നില്ലല്ലോ. ചന്ദ്രശേഖരനെപ്പോലെ കൃതജ്ഞതയുണ്ടായിട്ടു വേറെ ഒരാന അക്കാലത്തെന്നല്ല, അതിനു മുൻപും ഉണ്ടായിരുന്നില്ല. അതിൽപ്പിന്നെ ഉണ്ടായിട്ടുമില്ല. എന്നാൽ അവനെ ആരെങ്കിലും ഉപദ്രവിച്ചാൽ എന്നെങ്കിലും അവനതിനു പകരം ചെയ്യാതെയുമിരിക്കയില്ല.

ഒരിക്കൽ കൊട്ടാരക്കര താലൂക്കിൽത്തന്നെ കൽപിടദേശത്തുള്ള ചിറ്റുമലക്ഷേത്രത്തിൽ ഒരെഴുന്നള്ളിപ്പു കഴിഞ്ഞതിന്റെശേഷം രാമശ്ശാർ ചന്ദ്രശേഖരെ ക്ഷേത്രസമീപത്തുതന്നെ ഒരു മരത്തിന്മേൽ തളച്ചു തീറ്റയ്ക്കു വേണ്ടുന്ന തെങ്ങിൻ പട്ട മുതലായവ ഇട്ടുകൊടുത്തിട്ടു കുളിക്കാനുമുണ്ണാനും പോയി. ആ സമയം ചില കുട്ടികൾ ചന്ദ്രശേഖരന്റെ ചുറ്റും ചെന്നുകൂടി. ഏറ്റവും ദുർബുദ്ധിയായ ഒരു ബാലൻ ഒരു കല്ലെടുത്തു് ഒന്നെറിഞ്ഞു. അങ്ങോട്ടുമെറിയുന്നതിനായി ചന്ദ്രശേഖരൻ ആ കല്ലു തപ്പിയെടുത്തു. അപ്പോഴേക്കും ആ ബാലൻ ഓടിക്കളഞ്ഞു. എങ്കിലും ചന്ദ്രശേഖരൻ ആ കുട്ടിയെ നോക്കി മനസ്സിലാക്കിവെച്ചു. കല്ലു കാലിനടിയിലാക്കി സൂക്ഷിച്ചുകൊണ്ടു ചന്ദ്രശേഖരൻ തീറ്റതിന്നുകയും തിന്നുകഴിഞ്ഞ ഉടനെ കല്ലെടുത്തു വായിലാക്കി സൂക്ഷിക്കുകയും ചെയ്തു. പിന്നെ പതിവായി ചന്ദ്രശേഖരൻ വല്ലതും തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സമയങ്ങളിൽ വായിൽനിന്നു കല്ലെടുത്തു താഴെവയ്ക്കുകയും അതു കഴിഞ്ഞാൽ പിന്നെയും കല്ലെടുത്തു വായിലാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങനെ പതിവായി കണ്ടിരുന്നവെങ്കിലും ഇതിന്റെ കാരണവും ഉദ്ദേശവുമെന്താണെന്നു് രാമശ്ശാർക്കും അറിഞ്ഞുകൂടായിരുന്നു. ആ ബാലൻ ചന്ദ്രശേഖരനെ എറിഞ്ഞപ്പോൾ രാമശ്ശാരടുക്കലുണ്ടായിരുന്നില്ലല്ലോ.

ചന്ദ്രശേഖരനെ ആണ്ടുതോറും ഉത്സവങ്ങൾക്കും മുറജപമുള്ള കാലങ്ങളിൽ നെടുമ്പുരകളുടെ തൂണുകൾ നിവർത്തു നാട്ടുന്നതിനും ലക്ഷദീപദിവസം ആ തൂണുകളെല്ലാമെടുത്തു മാറ്റുന്നതിനും തിരുവനന്തപുരത്തു് കൊണ്ടുപോവുക പതിവായിരുന്നു. അവിടെ കൊണ്ടുചെന്നാലുടനെ തിരുമുമ്പിൽ കൊണ്ടുചെല്ലണമെന്നും പ്രത്യേകം കല്പനയുണ്ടായിരുന്നു. ആ പതിവനുസരിച്ചു് രാമശ്ശാർ ചന്ദ്രശേഖരനെ അക്കൊല്ലവും ഉത്സവത്തിനു തിരുവന്തപുരത്തിനു കൊണ്ടുപോവുകയും അവിടെ എത്തിയ ദിവസം തന്നെ അവനെ തിരുമുമ്പിൽ കൊണ്ടുചെല്ലുകയും ചെയ്തു. രാമവർമ്മ മഹാരാജാവു് തിരുമനസ്സിലേക്കു ചന്ദ്രശേഖരനെക്കുറിച്ചു് പ്രത്യേക വാത്സല്യവും അതിനു കാരണവുമുണ്ടായിരുന്നുവല്ലോ. തിരുമുമ്പിൽ ചെന്നയുടനെ ചന്ദ്രശേഖരൻ നടനാലും മടക്കി നമസ്കരിച്ചു. ചന്ദ്രശേഖരൻ തിരുമുമ്പിൽ ചെല്ലുമ്പോളെല്ലാം അങ്ങിനെ ചെയ്യുക പതിവാണു്. അതു് രാമശ്ശാർ പറഞ്ഞിട്ടും മറ്റുമല്ല, അവൻ സ്വമേധയാ ചെയ്യുന്നതാണു്. ചന്ദ്രശേഖരൻ നമസ്കരിച്ചെണിറ്റപ്പോഴേക്കും കല്പനപ്രകാരം പതിവുള്ള, പഴക്കുലകൾ, നാളികേരം, ശർക്കര മുതലായവയെല്ലാം അവിടെ കൊണ്ടുചെന്നു കഴിഞ്ഞു. അവയെല്ലമെടുത്തു രാമശ്ശാർ ചന്ദ്രശേഖരന്റെ മുമ്പിൽവച്ചുകൊടുത്തു. ചന്ദ്രശേഖരൻ പതിവുപോലെ അതിൽ നിന്നു് നല്ലതായിട്ടു ഒരു പഴക്കുലയും ഏതാനും നാളികേരവും ശർക്കരയും എടുത്തു മാറ്റിവച്ചു. അതു് കണ്ടിട്ടു്, അതിന്റെ കാരണം എന്തെന്നു് കല്പിച്ചു ചോദിക്കുകയും രാമശ്ശാർ മുഹമ്മദീയസ്ത്രീയുടെ കാര്യവും മാറ്റിവച്ച സാമാനങ്ങൾ വിറ്റുകിട്ടുന്ന പണം താൻ ആ സ്ത്രീക്കു കൊണ്ടുചെന്നു കൊടുക്കണമെന്നുള്ള വിവരവും തിരുമനസ്സറിയിക്കുകയും ചെയ്തു. ഉടനെ തിരുമനസ്സുകൊണ്ടു “ചന്ദ്രശേഖരാ! അതു് വച്ചേക്കണമെന്നില്ല. അതിന്റെ വില ഇവിടെ നിന്നു് കൊടുത്തേക്കാം” എന്നു കല്പിക്കുകയും അപ്പോൾതന്നെ ആ വകയ്ക്കു നാലുറുപ്പിക കല്പിച്ചു് രാമശ്ശാരെ ഏല്പിക്കുകയും ചെയ്തു. ഉടനെ ചന്ദ്രശേഖരൻ വായിൽനിന്നു് കല്ലെടുത്തു് താഴെ വച്ചിട്ടു് ആ പഴക്കുലയും മറ്റും മുഴുവനും തിന്നുകയും കല്ലെടുത്തു് പിന്നെയും വായിലാക്കുകയും ചെയ്തു. അതു് കണ്ടിട്ടു് അതിന്റെ കാരണവും ഉദ്ദേശവുമെന്തെന്നും കല്പിച്ചു ചോദിച്ചു. അപ്പോൾരാമശ്ശാർ “എന്തോ അടിയനു അറിഞ്ഞുകൂട. കുറച്ചു നാളായിട്ടു് ഇങ്ങിനെ കാണുന്നുണ്ടു്” എന്നു തിരുമനസ്സറിയിച്ചു. പതിവുപോലെ ഉത്സവം കഴിയുന്നതുവരെ ചന്ദ്രശേഖരനേയും കൊണ്ടു രാമശ്ശാർ തിരുവനന്തപുരത്തു താമസിക്കുകയും അനന്തരം യാത്രയറിയിച്ചു പതിവുള്ള സമ്മാനവും വാങ്ങിക്കൊണ്ടു ചന്ദ്രശേഖരസമേതം കൊട്ടരക്കരയ്ക്കുതന്നെ മടങ്ങിപ്പോകുകയും ചെയ്തു.

പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോൾ (973-ആമാണ്ടു് കുംഭമാസത്തിൽ) രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടുനീങ്ങിപ്പോയി എന്നുള്ള വർത്തമാനം കേട്ടിട്ടു് ചന്ദ്രശേഖരനുണ്ടായ സങ്കടം ഒട്ടും ചില്ലറയല്ലായിരുന്നു. അതു് കേട്ടപ്പോൾ മുതൽ അവൻ ഉറക്കെ നിലവിളി തുടങ്ങി. മൂന്നഹോരാത്രം മുഴുവൻ കിടക്കുകയും ഉറങ്ങുകയും വെള്ളം കുടിക്കുകയും ചെയ്യാതെ ചന്ദ്രശേഖരൻ നിലവിളിച്ചുകൊണ്ടുതന്നെ നിന്നു. അവന്റെ നിലവിളി കേട്ടു ദിഗ്വാസികളെല്ലാം വളരെ പരിശ്രമിച്ചു. പിന്നെ കാരണമറിഞ്ഞതിന്റെ ശേ‌ഷമേ അവർക്കൊക്കെ സമാധാനമായുള്ളൂ. ഏകദേശം ഇങ്ങിനെയുള്ള ഒരു ദുഃഖം ചന്ദ്രശേഖരനു കുഞ്ചികുട്ടിപിള്ള സർവാധികാര്യക്കാർ മരിച്ചു പോയി എന്നു കേട്ടപ്പോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മുന്നു ദിവസം കഴിഞ്ഞതിനുശേ‌ഷം രാമശ്ശാരുടെ നിർബന്ധം കൊണ്ടു ചന്ദ്രശ്ശേഖരൻ കുറേശ്ശെ വെള്ളം കുടിക്കുകയും തീറ്റതിന്നുകയും ചെയ്തു തുടങ്ങി. സാമാന്യം പോലെ വെള്ളം കുടിക്കുകയും തീറ്റ തിന്നുകയും ചെയ്തു തുടങ്ങിയതു് ഒരു കൊല്ലം കഴിഞ്ഞതിന്റെ ശേ‌ഷമാണു്. ആ ഒരു കൊല്ലം മുഴുവനും ചന്ദ്രശേഖരൻ ദിവസംതോറും പതിവായി കാലത്തും വൈകുന്നേരവും തെക്കോട്ടു നോക്കിനിന്നു മൂന്നു പ്രാവശ്യം വീതം ഉറക്കെ നിലവിളിച്ചിരുന്നു. ചന്ദ്രശേഖരനെ ആണ്ടുതോറും ഹരിപ്പാടു്, അമ്പലപ്പുഴ, ആറന്മുള, വൈക്കം മുതലായ മഹാക്ഷേത്രങ്ങളിൽ ഉത്സവകാലത്തു് എഴുന്നള്ളിപ്പിനു കൊണ്ടുപോവുക പതിവായിരുന്നു. എങ്കിലും ഈ ഒരു കൊല്ലം അവനെ എങ്ങും കൊണ്ടുപോകാൻ സാധിച്ചില്ല.

അനന്തരം വളരെക്കാലം കഴിഞ്ഞു സ്വാതിതിരുനാൾരാമവർമ മഹാരാജാവു തിരുമനസ്സിന്റെ കാലത്തു പതിവുപോലെ ചന്ദ്രശേഖരനെ തിരുവനന്തപുരത്തു് ഒരു ഉത്സവത്തിനു കൊണ്ടുപോയിരുന്നപ്പോൾ അവിടെവെച്ചു ഒരു വിശേ‌ഷമുണ്ടായി. ആറാട്ടുകഴിഞ്ഞു ശംഖുമുഖ (സമുദ്ര) തീരത്തുനിന്നു തിരിച്ചെഴുന്നള്ളിച്ചു. കുറച്ചു കിഴക്കോട്ടു വന്നപ്പോൾ തന്നെ പണ്ടു കല്ലുകൊണ്ടെറിഞ്ഞയാൾ എഴുന്നള്ളിപ്പു കണ്ടുകൊണ്ടു് ആൾക്കൂട്ടത്തിൽ നിൽക്കുന്നതു് ചന്ദ്രശേഖരൻകണ്ടു. ഉടനെ അവൻ വായിൽ സൂക്ഷിച്ചിരുന്ന കല്ലു് തുമ്പികൈയ്യിലെടുത്തു് അയാൾക്കിട്ടു് ഒരേറു കൊടുത്തു. ആ ഏറുകൊണ്ടു് കാലിന്റെ മുട്ടൊടിഞ്ഞു് ആ മനു‌ഷ്യൻ അവിടെ വീണു. ഉടനെ ചന്ദ്രശേഖരൻ ആ സ്ഥലത്തേക്കു് പാഞ്ഞുചെന്നു, അപ്പോൾ അവിടെ ഉണ്ടായ ബഹളം കേവലം അവർണ്ണനീയമായിരുന്നു. മേളക്കാരും തീവെട്ടിക്കാരും പട്ടാളക്കാരും, അകമ്പടിക്കാരും കാഴ്ചക്കാരുമെല്ലാം പ്രാണഭീതിയോടുകൂടി നാലു പുറത്തേക്കും ഓടി. മഹാരാജാവു തിരുമനസ്സിലേക്കു മാത്രം ഒരിളക്കവുമുണ്ടയില്ല. അവിടന്നു എഴുന്നള്ളി നിന്നിടത്തു തന്നെ നിന്നു. ചന്ദ്രശേഖരൻ ആൾക്കൂട്ടത്തിലേക്കു പാഞ്ഞുചെന്നതു് ആ കല്ലെടുത്തു വായിലാക്കാനായിട്ടു മാത്രമായിരുന്നു. അല്ലാതെ ആരെയും ഉപദ്രവിക്കണമെന്നു അവനുണ്ടായിരുന്നില്ല. ആരെയും അവൻ ഉപദ്രവിച്ചുമില്ല. എങ്കിലും അവന്റെ അന്തർഗ്ഗതം ജനങ്ങൾ എങ്ങിനെ അറിയുന്നു? “ഒരാണ്ടിൽ തിരുവന്തപുരത്തു് ആറാട്ടുനാൾ ഒരു വലിയ കൊമ്പനാന പിണങ്ങി സ്വാതിതിരുനാൾ തിരുമനസ്സിന്റെ നേരെ പാഞ്ഞുചെന്നു. അവിടന്നു നരസിംഹത്തിന്റെ അവതാരമായിരുന്നതിനാൽ അവിടേക്കു് ഒരു കൂസലുമുണ്ടായില്ല. ആന അടുത്തുചെന്നപ്പോൾ തിരുമനസ്സുകൊണ്ടു തൃക്കണ്ണു തുറന്നു് ആനയുടെ നേരെ ഒന്നുനോക്കി. അപ്പോൾ ആന തിരുമുമ്പിൽ ചെന്നു കൊമ്പുകുത്തി” എന്നും മറ്റും ഇപ്പോഴും ജനങ്ങൾ പറഞ്ഞുവരുന്നുണ്ടല്ലോ. ആ പറച്ചിലിന്റെ അടിസ്ഥാനം ഈ സംഭവം മാത്രമാണു്. ഈ ബഹളം താൻ മനപ്പൂർവം ഉണ്ടാക്കിയതല്ലെന്നും ജനങ്ങൾ വെറുതെ ഉണ്ടാക്കിത്തീർത്തതാണെന്നും ഇതുനിമിത്തം തന്റെ പേരിൽ തിരുവുള്ളക്കേടുണ്ടാകരുതെന്നുമുള്ള ഭാവത്തോടുകൂടി ചന്ദ്രശേഖരൻ നമസ്കരിക്കുക മാത്രമേ ഉണ്ടായുള്ളു. കൊമ്പുകുത്തുകയും മറ്റുമുണ്ടായില്ല ചന്ദ്രശേഖരൻ യഥാസ്ഥാനം ചെന്നു നിന്നുകഴിഞ്ഞപ്പോൾ മേളക്കാരും തീവെട്ടിക്കാരും അകമ്പടിക്കാരും മറ്റും വന്നു കൂടുകയും ആറാട്ടിന്റെ എഴുന്നള്ളിപ്പു ഭംഗിയായി കഴിഞ്ഞുകൂടുകയും ചെയ്തു.

ആറാട്ടു് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചന്ദ്രശേഖരനേയും അവന്റെ ഏറുകൊണ്ടു് കാലൊടിഞ്ഞ മനു‌ഷ്യനെയും തിരുമുൻപാകെ കൊണ്ടുചെല്ലുവാൻ കല്പനയുണ്ടാവുകയാൽ രാമശ്ശാർ ചന്ദ്രശേഖരനെയും, രാജഭാടന്മാർ ഓടിനടന്നു അന്വേ‌ഷിച്ചു കണ്ടുപിടിച്ചു കെട്ടിയെടുത്തു കാലൊടിഞ്ഞ ആ മനു‌ഷ്യനെയും തിരുമുമ്പാകെ കൊണ്ടുചെന്നു. അപ്പോൾ തിരുമനസ്സുകൊണ്ടു ആ മനു‌ഷ്യനോടു്, “ചന്ദ്രശേഖരൻ നിന്നെ എറിയാനെന്താണു് കാരണം? ഒരു കാരണവും കൂടാതെ ചന്ദ്രശേഖരൻ അങ്ങിനെ ചെയ്യുകയില്ല” എന്നു് കല്പിചു. അപ്പോൾ ആ മനു‌ഷ്യൻ “അടിയൻ അടിയന്റെ ചെറുപ്പത്തിൽ ഒരു കല്ലെടുത്തു് ചന്ദ്രശേഖരനെ ഒന്നെറിഞ്ഞു. അതു് അവന്റെ കാലിന്മേൽ കൊണ്ടു. അതിനു പകരമാണു് അവൻ അടിയന്റെ കാലൊടിച്ചതു്. ആ കല്ലുകൊണ്ട അവൻ അന്നു് തന്നെ എറിയാൻ ഭാവിച്ചു. അടിയൻ ഓടിക്കളഞ്ഞതുകൊണ്ടു് അപ്പോൾ അതു സാധിച്ചില്ല. അന്നു് മുതൽക്കു തന്നെ അവൻ ആ കല്ലു് അവന്റെ വായിലാക്കി സുക്ഷിച്ചു തുടങ്ങി. എന്നെങ്കിലുമവൻ പ്രതിക്രിയ ചെയ്യുമെന്നുള്ള വിചാരം അടിയന്റെ പഴമനസ്സിലുണ്ടായിരുന്നതിനാൽ അടിയൻ ഒളിച്ചുമാറിയേ വിടകൊണ്ടു നില്ക്കാറുള്ളൂ. ഏകദേശം നാല്പതു കൊലം മുമ്പാണു് അടിയൻ ചന്ദ്രശേഖരനെ എറിഞ്ഞതു്. അടിയനു് അന്നു് പത്തോ പന്ത്രണ്ടോ വയസ്സു് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അടിയനെ കണ്ടാൽ അറിയുകയില്ലായിരിക്കും എന്നു വിചാരിച്ചും എഴുന്നള്ളിപ്പു് കാണാനുള്ള മോഹം കൊണ്ടുമാണു് അടിയൻ ഇന്നലെ അവിടെ വിടകൊണ്ടു നിന്നിരുന്നതു് ചന്ദ്രശേഖരൻ ഒരിക്കൽ കണ്ടിട്ടുള്ളവരെ പിന്നെ എത്ര കൊല്ലം കഴിഞ്ഞിട്ടു് കണ്ടാലും അറിയുമെന്നും അവനെ ഉപദ്രവിച്ചാൽ എന്നെങ്കിലും അവനതിനു പകരം ചെയ്യാതിരിക്കില്ലെന്നും ഇന്നലെ ഏറുകൊണ്ടാപ്പോൾ അടിയനു മനസ്സിലായി”.

തിരുമനസ്സുകൊണ്ടു്
നീ ഏതു ദിക്കുകാരൻ?
കാലോടിഞ്ഞവൻ
അടിയന്റെ കുപ്പമാടം കലടയാണു്. അടിയൻ ഒരഗതിയാണു്. കൂലിവേല ചെയ്താണു് അടിയൻകാലം കഴിച്ചിരുന്നതു്. ഇനി അതിനും നിവൃത്തിയില്ല.

ഇതു് കേട്ടു തിരുമനസ്സുകൊണ്ടു് അവന്റെ ചികിത്സക്കു് വേണ്ടിവരുന്ന പണവും പിന്നിടു് അവന്റെ ജിവാവസാനം വരെ പ്രതിമാസം ഇരുപത്തഞ്ചു പണം വീതം സർക്കാരിൽനിന്നു് കൊടുത്തു കൊള്ളുവാൻ കല്പിച്ചു ചട്ടംകെട്ടീട്ടു അവനെ അവിടെനിന്നു എടുത്തു കൊണ്ടു് പൊയ്ക്കൊള്ളുവാൻ കല്പിച്ചു. അവനെ കൊണ്ടുപോയ്ക്കഴിഞ്ഞയുടനെ ചന്ദ്രശേഖരൻ തന്റെ വായിൽ സൂക്ഷിച്ചിരുന്ന കല്ലെടുത്തു് തിരുമുമ്പിൽ വെച്ചിട്ടു് കാൽമടക്കി നമസ്കരിചു. തിരുമനസ്സുകൊണ്ടു് ആ കല്ലു് വെള്ളത്തിൽ കഴുകിച്ചു വൃത്തിയാക്കിച്ചു വരുത്തിയതിന്റെ ശേ‌ഷം തൃക്കൈയ്യിലെടുത്തു നോക്കി. ആ കല്ലിനു ക്രമത്തിലധികം ഭാരമുണ്ടായിരുന്നതിനാൽ അതിനകത്തു് എന്തോ സാധാനമുണ്ടെന്നും ആ കല്ലു് പൊട്ടിച്ചു നോക്കിയാൽകൊള്ളമന്നും തിരുമനസ്സിൽ തോന്നിട്ടു, “ചന്ദ്രശേഖരാ! ഈ കല്ലൊന്നു പൊട്ടിച്ചു നോക്കുന്നതിനു സമ്മതമുണ്ടോ?” എന്നു കല്പിച്ചു ചോദിച്ചു. സമ്മതം തന്നെ എന്നു ചന്ദ്രശേഖരൻ തലകുലുക്കി. ഉടനെ തിരുമനസ്സു കൊണ്ടു് ഒരു കൂടം വരുത്തി തിരുമുമ്പാകെ വെച്ചു് തന്നെ അടിച്ചുടപ്പിച്ചു. അപ്പോൾ അതിനകത്തു് ഏറ്റവും പ്രകാശത്തോടുകൂടിയ ഒരു ദിവ്യരത്നം കാണപ്പെട്ടു. അപ്പോൾ തിരുമനസ്സുകൊണ്ടും അവിടെയുണ്ടായിരുന്ന മറ്റാളുകളും അത്യന്തം വിസ്മയിച്ചു. തീക്കട്ടപോലെ പ്രകാശമുള്ള ആ രത്നം സന്തോ‌ഷസമേതം തൃക്കൈയ്യിലെടുത്തു് നോക്കീട്ടു “ചന്ദ്രശേഖരാ! ഈ രത്നം നാം എടുത്തുകൊള്ളുന്നതിനു നിനക്കു സമ്മതമുണ്ടോ?” എന്നു കല്പിച്ചു ചോദിച്ചു. ചന്ദ്രശേഖരൻ സന്തോ‌ഷത്തോടുകൂടി സമ്മതിച്ചു തലകുലുക്കി. പിന്നെ ചന്ദ്രശേഖരനു പതിവുള്ള പഴക്കുല മുതലായവയും മുഹമ്മദീയസ്ത്രീക്കുള്ള പണവും രാമശ്ശാർക്കു പതിവുള്ള സമ്മാനവും കല്പിച്ചു കൊടുത്തു അവരെ അയച്ചു.

കല്ലിനകത്തു നിന്നു് കിട്ടിയ ദിവ്യരത്നം തിരുമനസ്സുകൊണ്ടു് തങ്കം കൊണ്ടു് കെട്ടിച്ചു അവിടുന്നു വിശേ‌ഷദിവസങ്ങളിൽ ചാർത്താനുള്ള രത്നമാലയുടെ നടുനായകമാക്കി കോർത്തുവച്ചു. ആ മാല സ്വാതിതിരുനാൾ തിരുമനസ്സുകൊണ്ടു വിശേ‌ഷദിവസങ്ങളിലെല്ലാം പതിവായി എടുത്തു ചാർത്താറുണ്ടായിരുന്നു. ആ മാല ഇപ്പോഴും വലിയ കൊട്ടാരംവക ഭാണ്ഡാരത്തിലിരിക്കുന്നുണ്ടെന്നാണു് കേൾവി.

ചന്ദ്രശേഖരൻ ഒരു ദിവസം കാലത്തു പുഴയിൽപ്പോയി കുളിച്ചു രാമശ്ശാരുടെ വാസസ്ഥലത്തേക്കു മടങ്ങിപോയതു് ഒരു വലിയ ചൂണ്ടപ്പനയുടെ ചുവട്ടിൽകൂടിയായിരുന്നു. ആ പനയിൽനിന്നും പതിവായി മൂന്നു പറ കള്ളുവീതം കിട്ടുമായിരുന്നു. അതിനാൽ അതു് ചെത്തുന്ന ഈഴവൻ ഒരു പാത്രം പനയുടെ ചുവട്ടിൽകൊണ്ടു് വച്ചു് ഒരു പ്രാവശ്യം പനയുടെ മുകളിൽ കയറി പകുതി കള്ളു പാളയിലാക്കിക്കൊണ്ടു താഴെയിറങ്ങി അതു് പാത്രത്തിലൊഴിച്ചിട്ടു ശേ‌ഷം കൂടിയെടുക്കുന്നതിനു മുകളിൽ കയറിയ സമയത്താണു് ചന്ദ്രശേഖരൻ പനയുടെ ചുവട്ടിലെത്തിയതു്. ചന്ദ്രശേഖരനെ താഴെ കണ്ടിട്ടു് ഈഴവൻ മുകളിലിരുന്നുകൊണ്ടു്, “ചന്ദ്രശേഖരാ! നിനക്കു് കള്ളുവേണമെങ്കിൽ ആ പാത്രത്തിൽ ഇരിക്കുന്നതു് എടുത്തു കുടിക്കുന്നതിനു വിരോധമില്ല. കുറച്ചുകുടി വേണമെങ്കിൽ ഞാനിറങ്ങി വന്നാൽ തരികയും ചെയ്യാം. എന്റെ പാത്രം പൊട്ടിച്ചേക്കരുതു്” എന്നു പറഞ്ഞു. അതു് കേട്ടു ചന്ദ്രശേഖരൻ ആ പാത്രത്തിലുണ്ടായിരുന്ന കള്ളെടുത്തു് കുടിച്ചിട്ടു പാത്രത്തിനു കേടൊന്നും വരുത്താതെ താഴെ വച്ചിട്ടു് രാമശ്ശാരുടെ അടുക്കലേക്കു പോയി.

ചന്ദ്രശേഖരൻ കള്ളു കുടിച്ചതു് അന്നു് ഇദംപ്രഥമമായിട്ടായിരുന്നു. അതിനുമുമ്പു് ഒരിക്കലും അവൻ അതിന്റെ സ്വാദു നോക്കുകപോലും ചെയ്തിരുന്നില്ല. അന്നു് കുടിച്ചപ്പോൾ ഇതു് നല്ലതാണെന്നു തോന്നുകയാൽ അവൻ പിന്നെയും ചിലപ്പോൾ കുളികഴിഞ്ഞു പോകുമ്പോൾ അതിലെ ചെല്ലുകയും ചെല്ലുമ്പോളൊക്കെ ആ ഈഴവൻ ചന്ദ്രശേഖരനു കുറേശ്ശെ കള്ളു കൊടുക്കുകയും ചെയ്തിരുന്നു. മറ്റൊരാളുടെ മുതൽ വിലകൊടുക്കാതെ വാങ്ങിയനുഭവിക്കുന്നതു് ന്യായമാല്ലെന്നുള്ള വിചാരമുണ്ടായിരുന്നതിനാൽ ചന്ദ്രശേഖരൻ എല്ലാ ദിവസവും അതിലെ പോകുകയും കള്ളുവാങ്ങിക്കുടിക്കുകയും ചെയ്തിരുന്നില്ല. ചില ദിവസങ്ങളിൽ വാങ്ങിക്കുടിക്കുന്നതിനു പ്രതിഫലമായി ചന്ദ്രശേഖരൻ ആ ഈഴവനു് കള്ളു കുറുക്കി പാനിയാക്കുന്നതിനും മറ്റും ആവശ്യമുള്ള വിറകു മലമുകളിൽനിന്നു ശേഖരിച്ചു കൊണ്ടുചെന്നു കൊടുക്കുകയും ചെയ്തിരുന്നു.

അങ്ങിനെയിരുന്നപ്പോൾ കൊട്ടരക്കരതന്നെ ഒരു നായർഭവനത്തിൽ ഒരു സദ്യയുണ്ടായി. ആ ദേശത്തു് എവിടെയെങ്കിലും സദ്യയുണ്ടായാൽ രാമശ്ശാരെ ക്ഷണിക്കുകയും അയാൾ പോകുമ്പോൾ ചന്ദ്രശേഖരനെ കൂടെ കൊണ്ടുപോകുകയും പതിവായിരുന്നു. ആ പതിവുപോലെ ഇവിടെയും ക്ഷണിക്കുകയും ചന്ദ്രശേഖരനോടുകൂടി പോകുകയും ചെയ്തിരുന്നു. അങ്ങിനെ ചെന്നാൽ രാമശ്ശാരുണ്ണാനിരിക്കുമ്പോൾ സദ്യയുടെ ഉടമസ്ഥൻ ചന്ദ്രശേഖരനും ചോറും പായസ്സവും പഴക്കുലയും മറ്റും കൊടുക്കുക പതിവാണു്. എന്നാൽ ഇവിടെ അങ്ങിനെ ഉണ്ടായില്ല.

പ്രധാനന്മാരുടെ സദ്യയൊക്കെക്കഴിഞ്ഞു അവരെല്ലാവരും പിരിഞ്ഞുപോവുകയും സർവ്വാണിസദ്യ ആരംഭിക്കുകയും ചെയ്തിട്ടും ചന്ദ്രശേഖരനു് ആരും ഒന്നും കൊടുത്തില്ല. കൊടുക്കാനുള്ള ഭാവം പോലും അവിടെ കണ്ടുമില്ല. അതിനാൽ രാമശ്ശാർ ചന്ദ്രശേഖരനെ നിറുത്തിയിരുന്ന സ്ഥലത്തു ചെന്നു് “ഇനി നമുക്കു് പോകാം മകനേ” എന്നു പറഞ്ഞു യാത്രയായി. പിന്നാലെ ചന്ദ്രശേഖരനും ചെന്നു. പറമ്പിൽനിന്നിറങ്ങി പടിക്കൽ ചെന്നപ്പോൾ അവിടെ ഏറ്റവും വലിയതായ ഒരാഞ്ഞി(അയനി)ത്തടി കിടക്കുന്നതു് കണ്ടു. അതു് ആ വീട്ടുടമസ്ഥൻ പുരയുടെ ജീർണോദ്ധാരണം വകയ്ക്കായി വരുത്തിയിട്ടതായിരുന്നു. നാലു വലിയ ആനകൾ കൂടിപിടിപ്പിച്ചായിരുന്നു ആ തടി കൊണ്ടുവന്നിട്ടതു്. ചന്ദ്രശേഖരൻ വക്കപ്പഴുതിൽ തുമ്പിക്കൈ ചുറ്റിപ്പിടിച്ചു ആ തടി വലിച്ചുകൊണ്ടുപോയി. സർവ്വാണി സദ്യയിൽ ഉത്സാഹിച്ചു കൊണ്ടുനിന്ന വീട്ടുടമസ്ഥൻ തടി ചന്ദ്രശേഖരൻ കൊണ്ടുപോയതു് അപ്പോൾ അറിഞ്ഞില്ല. സദ്യസ്ഥലത്തുനിന്നു രാമശ്ശാരുടെ വീട്ടിലേക്കു മൂന്നു നാഴിക ദുരമുണ്ടായിരുന്നു. ഈ തടി വലിച്ചുകൊണ്ടു് ഒന്നുരണ്ടു നാഴിക പോയപ്പോഴേക്കും ചന്ദ്രശേഖരൻ വല്ലാതെ ക്ഷീണിച്ചു. സദ്യസ്ഥലത്തു ചോറും പായസ്സവും മറ്റും കിട്ടുമല്ലോ എന്നു വിചാരിച്ചു ചന്ദ്രശേഖരൻ അന്നു് കാലത്തു കുറച്ചു വെള്ളം കുടിച്ചതല്ലാതെ തീറ്റ ഒന്നും തിന്നിരുന്നില്ല. തടി സാമാന്യത്തിലധികം വലുതുമായിരുന്നുമല്ലോ. അതെല്ലാം കൊണ്ടുമാണു് ചന്ദ്രശേഖരൻ ക്രമത്തിലധികം ക്ഷീണിച്ചതു്. അങ്ങിനെ പ്രയാസപ്പെട്ടു് കുറചുകൂടി പോയപ്പോൾ അവിടെ വഴിയരികിൽത്തന്നെ ഒരു മദ്യശാലയുണ്ടായിരുന്നു. അതു് ചന്ദ്രശേഖരനു കള്ളു കൊടുക്കുന്ന ഈഴവന്റെതായിരുന്നു. അതിനാൽ ചന്ദ്രശേഖരൻ തടി വഴിയിലിട്ടിട്ടു മദ്യശാലയുടെ അടുക്കലേക്കു ചെന്നു. അപ്പോൾ ആ ഈഴവൻ ചന്ദ്രശേഖരൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നതായി കണ്ടിട്ടു് നല്ല കള്ളു ധാരാളമായി കൊടുത്തു. കള്ളുകുടി കഴിഞ്ഞപ്പോൾചന്ദ്രശേഖരനു ഉത്സാഹമായി.പിന്നെ തടി വലിച്ചു കൊണ്ടു് ക്ഷണത്തിൽനടന്നു രാമശ്ശാരുടെ വാസസ്ഥലത്തെത്തി തടി അവിടെ പടിക്കലിട്ടിട്ടു ചന്ദ്രശേഖരൻ അവന്റെ പതിവു സ്ഥലത്തു ചെന്നു നിന്നു. ഉടനെ രാമശ്ശാർ അവന്റെ പതിവുള്ള തീറ്റ സാമാനങ്ങലെല്ലാം കൊണ്ടു ചെന്നു കൊടുക്കുകയും ചെയ്തു.

സദ്യയുടെ തിടുക്കവും കോലാഹലവുമെല്ലാം കഴിഞ്ഞപ്പോളാണു് തറവാട്ടിൽ കാരണവർ തടി ചന്ദ്രശേഖരൻ കൊണ്ടുപോയി എന്നറിഞ്ഞതു്. അപ്പോൾ ആ മനു‌ഷ്യനു് തടി പോയതിനെ കുറിച്ചുള്ള മനസ്താപവും ചന്ദ്രശേഖരനു് ഒന്നും കൊടുക്കനിടയാകാത്തതിനെക്കുറിച്ചുളള പശ്ചാത്താപവും സാമാന്യത്തിലധികമുണ്ടായി. അപ്പോഴേക്കും നേരം വൈകിപ്പോയതു കൊണ്ടു് പിന്നെ ഒന്നും ചെയ്യാൻ തരമില്ലായിരുന്നു.. അതിനാൽ ആ മനു‌ഷ്യൻ വി‌ഷമിച്ചുകൊണ്ടുതന്നെ അന്നത്തെ രാത്രി ഒരുവിധം കഴിച്ചുകൂട്ടി. പിറ്റേ ദിവസം കാലത്തെ അഞ്ചു പറ നെല്ലളന്നു ഒരു പാത്രത്തിലാക്കിക്കെട്ടി ഒരു ഭൃത്യനെ ഏല്പിച്ചിട്ടു്, “നീയിതു കൊണ്ടുചെന്നു ചന്ദ്രശേഖരന്റെ മുമ്പിൽവെച്ചിട്ടു്, ഇന്നലെ ഇവിടെ സദ്യശ്രമം മുതലായ കാര്യാന്തരവ്യഗ്രത നിമിത്തം ചന്ദ്രശേഖരനെ വേണ്ടതുപോലെ സല്ക്കരിച്ചയക്കാൻ സാധിക്കാത്തതിൽ വളരെ മനസ്താപമുണ്ടു്. ആ തെറ്റിന്റെ പ്രായശ്ചിത്തമായി അഞ്ചു പറ നെല്ലു് കൊടുത്തയക്കുന്നു. ഇതു് സദയം സ്വീകരിക്കുകയും എന്റെ തെറ്റിനെ ക്ഷമിക്കുകയും എന്റെ തടി ഇന്നുതന്നെ ഇവിടെ എത്തിച്ചു തരികയും ചെയ്യണമെന്നു അപേക്ഷിക്കുന്നു. തടിയും കൊണ്ടു് ഇവിടെ വരുമ്പോൾ വേണ്ടതുപോലെ എല്ലാം ചെയ്തുകൊള്ളാം എന്നു നടുവിലെ വീട്ടിലെ മാധവൻപിള്ള പറഞ്ഞയച്ചിരിക്കുന്നു എന്നു പറയണം” എന്നു പറഞ്ഞു. ആ ഭൃത്യൻ അപ്രകാരം ചെയ്തു.

ഉടനെ ചന്ദ്രശേഖരൻ ആ നെൽച്ചുമടെടുത്തു് കൊണ്ടുപോയി അവനു കള്ളു കൊടുക്കാറുള്ള ഈഴവനു് കൊടുത്തിട്ടു തടിയും കൊണ്ടു് യാത്രയായി. പിന്നാലെ രാമശ്ശാരും പോയി. ചന്ദ്രശേഖരൻ തടി നടുവിലെ വീട്ടിലെ പടിക്കൽ മുമ്പു് കിടന്നിരുന്ന സ്ഥലത്തു കൊണ്ടുചെന്നിട്ടു. അപ്പോഴേക്കും ആ വീട്ടിലെ കാരണവർ (മാധവൻപിള്ള) പടിക്കൽചെന്നു അകത്തേക്കു് വിളിക്കുകയാൽ രാമശ്ശാർ ചന്ദ്രശേഖരനെയും കൊണ്ടു് പടിക്കകത്തു് മുറ്റത്തു ചെന്നു. ഉടനെ മാധവൻപിള്ള ചന്ദ്രശേഖരനു പഴക്കുല, പായസം, നാളികേരം, കരിമ്പു് മുതലായവയും രാമശ്ശാർക്കു് യഥായോഗ്യം ഭക്ഷണവും മുണ്ടും നേര്യതും കൊടുക്കുകയും മുഹമ്മദീയസ്ത്രീക്കു് കൊടുക്കുന്നതിനു പത്തു പണം രാമശ്ശാരെ തന്നെ ഏല്പിക്കുകയും ചെയ്തു സന്തോ‌ഷിപ്പിച്ചു പറഞ്ഞയച്ചു.

രാമശ്ശാർ ചന്ദ്രശേഖരനെ തീറ്റിക്കു മിക്ക ദിവസവും കാട്ടിലേക്കു് പറഞ്ഞയക്കുകയും അവൻ പോയി തിന്നു വയർനിറച്ചു നേരം വൈകുമ്പോൾ മടങ്ങി രാമശ്ശാരുടെ വീട്ടിലെത്തി അവന്റെ സ്ഥാനത്തു ചെന്നു കിടക്കുകയും പതിവായിരുന്നു. ആ പതിവിൻപ്രകാരം ഒരു ദിവസം കാട്ടിലേക്കു് പറഞ്ഞയച്ച ചന്ദ്രശേഖരൻ അന്നു് രാത്രിയായിട്ടും തിരിച്ചു വരായ്കയാൽ അയാൾ ഏറ്റവും വി‌ഷണ്ണനായിത്തിർന്നു. വി‌ഷാദം കൊണ്ടു് അയാൾ അന്നു് അത്താഴമുണ്ടില്ലെന്നല്ല, രാത്രിയിൽ കിടന്നിട്ടു് ഉറക്കവും വന്നില്ല. പിറ്റേ ദിവസം അതിരാവിലെ രാമശ്ശാർ കാട്ടിൽചെന്നു ചന്ദ്രശേഖരൻ സഞ്ചരിക്കാറുള്ള സ്ഥലങ്ങളിലെല്ലാം നോക്കി. എങ്ങും ചന്ദ്രശേഖരനെ കണ്ടില്ല. അപ്പോൾ രാമശ്ശാർ വി‌ഷാദവിഹ്വലൻ മാത്രമല്ല, ഭയപരവശനുമായിത്തീർന്നു. രാമശ്ശാർ ചന്ദ്രശേഖരനെ സ്വന്തമെന്നപോലെയാണു് രക്ഷിച്ചു നടന്നിരുന്നതെങ്കിലും ആ ആന സർക്കാർവകയായിരുന്നല്ലോ. ആ ആനയെ കാണ്മാനില്ലെന്നറിഞ്ഞാൽ ഗവണ്മെന്റു് വെറുതെ വിടുമോ? ആകപ്പാടെ രാമശ്ശാർ വലിയ പരുങ്ങലിലായിത്തീർന്നു. അയാൾ ഊണും ഉറക്കവും ഇല്ലാതെ പല സ്ഥലങ്ങളിൽ അന്വേ‌ഷിച്ചു നടന്നു. ഒരു ഫലവുമുണ്ടായില്ല, അങ്ങനെ പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ചന്ദ്രശേഖരനെ കാണാനില്ലെന്നുള്ള വിവരം ഗവണ്മെന്റിനു് അറിവു കിട്ടി. ഉടനെ രാമശ്ശാരെ പിടിച്ചു ചോദ്യം ചെയ്യുന്നതിനു് ഉത്തരവു് വരികയാൽ സർക്കാരാളുകൾ രാമശ്ശാരെ അന്വേ‌ഷിച്ചു തുടങ്ങി. ആ വിവരമറിഞ്ഞു രാമശ്ശാർ എവിടെയോ പോയി ഒളിച്ചു. സർക്കാരാളുകൾ പല വിധത്തിൽ അന്വേ‌ഷണം നടത്തിയിട്ടും ചന്ദ്രശേഖരനെയും രാമശ്ശാരെയും കണ്ടു കിട്ടിയില്ല. ചന്ദ്രശേഖരനും രാമശ്ശാരും നാടുവിട്ടുപോയതാണെന്നു ഒടുക്കം എല്ലാവരും തീർച്ചപ്പെടുത്തി. സർക്കാരിന്റെ അന്വേ‌ഷണവും ഒരുവിധം ശമിച്ചു. അങ്ങിനെ രണ്ടു് മൂന്നു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ചന്ദ്രശേഖരൻ ഒരു വലിയ പിടിയാനയോടുകൂടി കൊട്ടാരക്കര വന്നു ചേർന്നു. ആ പിടിയാന ഒരു കാട്ടാനയായിരുന്നു. മനു‌ഷ്യരെക്കണ്ടപ്പോൾ അതു് വിരണ്ടു് ഓടാൻ ഭാവിച്ചു. എങ്കിലും ചന്ദ്രശേഖരൻ അതിനെ വിട്ടയച്ചില്ല. ചന്ദ്രശേഖരൻ ഒരു കാട്ടാനയെ പിടിച്ചുകൊണ്ടു വന്നിരിക്കുന്നു എന്നു കേട്ടുകേട്ടു് അസംഖ്യമാളുകൾ അവിടെക്കൂടി. ആ കൂട്ടത്തിൽ രാമശ്ശാരും അവിടെ വന്നുചേർന്നു. ചന്ദ്രശേഖരന്റെ സഹായത്തോടുകൂടി രാമശ്ശാർ പത്തുപതിനഞ്ചു ദിവസംകൊണ്ടു് ആ പിടിയാനയെപ്പഴക്കി സ്വാധീനപ്പെടുത്തി. കൊച്ചുകുഞ്ഞു മരിച്ചതിന്റെശേ‌ഷം അയാൾക്കു പകരം രാമശ്ശാരുടെ സഹായത്തിനായി കേശവൻ എന്ന ഒരാളെയാണു് നിയമിച്ചിരുന്നതു്. ഈ പിടിയാനയെ പഴക്കി സ്വാധീനിച്ചതിന്റെ ശേ‌ഷം രാമശ്ശാരുടെ ശുപാർശപ്രകാരം ആ പിടിയാനയുടെ ആനക്കാരനായി കേശവനെ നിയമിച്ചു. ആ പിടിയാനയ്ക്കു കല്പനപ്രകാരം “ഭവാനി” എന്നു പേരിട്ടു. ചന്ദ്രശേഖരനും ഭവാനിയും കാലക്രമേണ പരസ്പരം വലിയ സ്നേഹമായിത്തീർന്നു. ഭവാനിയെക്കാണാതെ ചന്ദ്രശേഖരനും ചന്ദ്രശേഖരനെക്കാണാതെ ഭവാനിയും മാത്രനേരം പോലും നിൽക്കാതെയായി. രണ്ടാനകളും നിൽപും കിടപ്പും തീറ്റയും കുളിയുമെല്ലാം ഒരുമിച്ചുതന്നെ. എഴുന്നള്ളിപ്പിനും മറ്റും ആ രണ്ടാനകളെയും ഒരുമിച്ചല്ലാതെ എങ്ങും കൊണ്ടുപോയിരുന്നില്ല. കൊണ്ടുപോവാൻ സാധിക്കുകയുമില്ലായിരുന്നു. ആ ആനകൾ ഭാര്യഭർത്താക്കന്മാരുടെ നിലയിലാണു് വർത്തിച്ചിരുന്നതു്.

ഇങ്ങിനെയിരുന്ന കാലത്തു ഒരാണ്ടിൽ അരിപ്പാട്ടുത്സവത്തിൽ എഴുന്നള്ളിപ്പിനു ചന്ദ്രശേഖരനേയും ഭവാനിയേയും കൊണ്ടുപോയിരുന്നു. ഈ ആനകളെ ഏഴാമുത്സവദിവസം കാലത്തെ കൊണ്ടുചെല്ലണമെന്നാണു് ആവശ്യപ്പെട്ടിരുന്നതു്. എങ്കിലും ചില അസകൗര്യങ്ങൾ നിമിത്തം ഒമ്പതാമുത്സവദിവസം രാത്രി ഏകദേശം പത്തുമണിയായപ്പോഴാണു് ആനകളെയും കൊണ്ടു് രാമശ്ശാരും കേശവനും അവിടെ എത്തിയതു്. അപ്പോഴേക്കും അവിടെ എഴുന്നള്ളത്തു് ആരംഭിച്ചിരുന്നു. അക്കാലത്തു് അരിപ്പാട്ടു ദേവസ്വത്തിൽത്തന്നെ വലിയ വേലായുധൻ എന്നു പേരായിട്ടു ഒരു നല്ല കൊമ്പനാനയുണ്ടായിരുന്നു. അതിനാൽ ആ ആനയുടെ പുറത്തായിരുന്നു അരിപ്പാട്ടു ദേവനെ എഴുന്നള്ളിച്ചിരുന്നതു്. ഉപദേവന്മാരെയൊക്കെ മറ്റാനകളുടെ പുറത്തും എഴുന്നള്ളിച്ചിരുന്നു. അരിപ്പാട്ടു ദേവനെ എഴുന്നള്ളിച്ചു കിഴക്കെ ആനക്കൊട്ടിലിൽ നിറുത്തി കഴിയുമ്പോൾ കിഴക്കുനിന്നു ഒരു ഭഗവതിയെ എഴുന്നള്ളിച്ചു കൊണ്ടു് ഒരു പുറപ്പാടു പതിവുണ്ടു്. ആ പുറപ്പാടും വളരെ കേമവും പ്രധാനവുമായിട്ടുള്ളതുമാണു്. ആ എഴുന്നള്ളത്തു് ആരംഭിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോളാണു് ചന്ദ്രശേഖരനും ഭവാനിയും അവിടെ എത്തിയതു്. ഉടനെ കാര്യക്കാർ (അക്കാലത്തു് തഹശീൽദാരെ കാര്യക്കാർ എന്നാണു പറഞ്ഞിരുന്നതു്) ഈ ആനകൾ ചെന്നിരിക്കുന്ന വിവരം അറിഞ്ഞു അവിടെ ചെന്നു ആ ആനകൾക്കും തലയിൽക്കെട്ടു കെട്ടിക്കുകയും ഭഗവതിയുടെ എഴുന്നള്ളത്തു ചന്ദ്രശേഖരന്റെ പുറത്തേക്കു് മാറ്റിക്കുകയും ഭവാനിയെ അകമ്പടിയാക്കുകയും ചെയ്തു. അങ്ങിനെ ഭഗവതിയുടെ എഴുന്നള്ളത്തു കുറച്ചുകൂടി പടിഞ്ഞാട്ടു ചെന്നപ്പോൾ ചന്ദ്രശേഖരനും വലിയ വേലായുധനും പരസ്പരം കാണാറായി. ഉടനെ ചന്ദ്രശേഖരൻ ഒരു വലിയ ശബ്ദം പുറപ്പെടുവിച്ചു. അതുകേട്ടു വലിയ വേലായുധനും അതുപോലെ തന്നെ ഒരു ശബ്ദം പുറപ്പെടുവിച്ചു. പിന്നെ വലിയ വേലായുധൻ കിഴക്കോട്ടും ചന്ദ്രശേഖരൻ പടിഞ്ഞാട്ടും അതിവേഗത്തിൽ നടന്നു തുടങ്ങി. അപ്പോൾ ആനകൾ രണ്ടും പിണങ്ങിയെന്നും ഇവർ തമ്മിൽ വലിയ യുദ്ധമുണ്ടാകുമെന്നും അഥവാ ആനകൾ രണ്ടും ഓടിത്തുടങ്ങിയേക്കുമെന്നും മറ്റും വിചാരിച്ചു മരണഭയത്തോടുകുടി വാദ്യക്കാരും തീവെട്ടിക്കാരും കാഴ്ചക്കാരുമെല്ലാം നാലുപുറത്തേക്കും ഓടി. ആ സമയം അവിടെയുണ്ടായ ലഹളയും ബഹളവും ഒട്ടും ചില്ലറയല്ലായിരുന്നു. ആ വലിയ ആനകൾ രണ്ടും പിണങ്ങി ആൾക്കൂട്ടത്തിൽ ഓട്ടം തുടങ്ങിയാൽ എന്തെല്ലാം അനർത്ഥങ്ങളാണു് വന്നുകൂടിയേക്കവുന്നതു്? പലർക്കും അംഗഭംഗങ്ങളും ചിലർക്കു് മരണം തന്നെയും വന്നേക്കാമല്ലോ. അതിനാൽ ജനങ്ങൾ ഭയപ്പെട്ടോടിയതും ബഹളമുണ്ടാക്കിയതും ഒട്ടും അത്ഭുതമല്ല. പക്ഷേ ഇവിടെ ആനകൾ പിണങ്ങുകയും ഓടുകയും യുദ്ധം ചെയ്യുകയുമൊന്നും ഉണ്ടായില്ല. ആ ആനകൾ രണ്ടും അടുത്തു് കൂടിയപ്പോൾ വലിയ സ്നേഹത്തോടുകൂടി തുമ്പിക്കൈകൾനീട്ടി പരസ്പരം പിടിച്ചു സന്തോ‌ഷസൂചകമായി ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചതിന്റെ ശേ‌ഷം തിരിച്ചുപോയി. പൂർവ്വസ്ഥിതിയിൽ അവരവരുടെ സ്ഥാനത്തു് ചെന്നു നിൽക്കുക മാത്രമേ ഉണ്ടായുള്ളൂ. ആനകൾ പിണങ്ങുകയല്ലെന്നറിഞ്ഞപ്പോൾ വാദ്യക്കാരും തീവെട്ടിക്കാരും മറ്റും തിരിച്ചുവരികയും എഴുന്നള്ളിപ്പു് ഭംഗിയായി കഴിഞ്ഞു കൂടുകയും ചെയ്തു.

എഴുന്നള്ളിപ്പു് കഴിഞ്ഞു ചന്ദ്രശേഖരനേയും ഭവാനിയേയും വലിയ വേലായുധനേയും കൊണ്ടുപോയി തളച്ചു തീറ്റ കൊടുത്തതു് ഒരുസ്ഥലത്തു് തന്നെയായിരുന്നു. എങ്കിലും ചന്ദ്രശേഖരനേയും ഭവാനിയേയും ഒരു മരത്തിന്മേലും വലിയ വേലായുധനെ മറ്റൊരു മരത്തിന്മേലും ആണു് തളച്ചതു്. പിറ്റേ ദിവസം കാലത്തു് ആ മൂന്നു ആനകളെയും ഒരുമിച്ചു കുളിപ്പിച്ചു കിഴക്കേ നടയിൽകൊണ്ടുവന്നു. ഉടനെ ചന്ദ്രശേഖരൻ കിഴക്കോട്ടു നടന്നു തുടങ്ങി. ചന്ദ്രശേഖരന്റെ പിന്നാലെ ഭവാനിയും അവളുടെ പിന്നാലെ വലിയ വേലായുധാനും നടന്നു. ചന്ദ്രശേഖരന്റെ പുറത്തു് രാമശ്ശാരും ഭവാനിയുടെ പുറത്തു് കേശവനും വലിയ വേലായുധന്റെ പുറത്തു് ആ ആനയുടെ ആനക്കാരനുമുണ്ടായിരുന്നു. അരിപ്പാട്ടു് ‘ആനപ്പേരി’ വീട്ടുകാർ ആനപ്പാവിൽ പ്രസിദ്ധരും വിദഗ്ദ്ധന്മാരും പാരമ്പര്യക്കരുമായിരുന്നു. ആ വീട്ടിലെ ഒരാൾതന്നെയായിരുന്നു വലിയ വേലായുധന്റെ പുറത്തിരുന്നിരുന്നതു്. ചന്ദ്രശേഖരൻ എന്തെങ്കിലും ഉദ്ദേശത്തോടുകൂടിയല്ലതെ ഇങ്ങിനെ പോവുകയില്ലെന്നും അവൻ ഒരു സ്ഥലത്തേക്കു് പോകാനായി നിശ്ചയിചു പുറപ്പെട്ടാൽ പിന്നെ തടുത്താൽ നിൽക്കുകയില്ലെന്നും കാരണം കൂടാതെ ആരെയും ഉപദ്രവിക്കുകയില്ലെന്നും നല്ല നിശ്ചയമുണ്ടായിരുന്നതിനാൽ രാമശ്ശാർചന്ദ്രശേഖരനെ നിരോധിച്ചില്ല. ചന്ദ്രശേഖരൻ പോയാൽ പിന്നെ ഭവാനി നിൽക്കുകയില്ലെന്നുള്ള കാര്യം തീർച്ചയാണല്ലോ. വലിയ വേലായുധന്റെ സ്വഭാവവും ഏകദേശം ചന്ദ്രശേഖരന്റെ സ്വഭാവം പോലെ തന്നെയായിരുന്നതിനാൽ അവന്റെ നിയന്താവു് അവനെയും തടുത്തില്ല. അതിനാൽ ചന്ദ്രശേഖരൻ മുമ്പിലും ഭവാനിയും വലിയ വേലായുധനും പിന്നാലെയുമായി നടന്നു രണ്ടുരണ്ടര നാഴിക കിഴക്കു തെക്കു പള്ളിപ്പാടു് എന്ന ദേശത്തുള്ള ‘നാടാലയ്ക്കൽ’ (നാടകശാലയ്ക്കൽ) എന്ന വീട്ടിൽ എത്തി. അതു് കുഞ്ചുകുട്ടിപിള്ള സർവാധികാര്യക്കാരുടെ ഭാര്യാഗ്രഹമായിരുന്നു. സർവാധികാര്യക്കാരദ്ദേഹം വളരെ മുമ്പേ മരിച്ചുപോയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും മുന്നു പുത്രന്മാരും അപ്പോഴും ആ ഗൃഹത്തിലുണ്ടായിരുന്നു. പുത്രന്മാരിൽ മൂത്തയാളുടെ പേർ രാമൻ എന്നായിരുന്നു. ആ മനു‌ഷ്യനു വൈദ്യവി‌ഷയത്തിൽ നല്ലപോലെ നൈപുണ്യവും കൈപ്പുണ്യവുമുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തെ എലാവരും ‘കൊചുരാമൻവൈദ്യൻ’ എന്നാണു് പറഞ്ഞിരുന്നതു്. ആ ഗൃഹത്തിന്റെ സമീപത്തുതന്നെ സർവാധികാര്യക്കാരദ്ദേഹത്തിന്റെ ഒരു പ്രതിമ പ്രതി‌ഷ്ഠിച്ചിട്ടുണ്ടായിരുന്നു. ആനകൾ അവിടെ ചെന്നയുടനെ ചന്ദ്രശേഖരൻ ആ പ്രതിമയുടെ മുമ്പിൽ ചെന്നു മുട്ടുകുത്തി നമസ്കരിച്ചു. അതുകണ്ടു് ഭവാനിയും വലിയ വേലായുധനും അപ്രകാരം ചെയ്തു. അതുകഴിഞ്ഞിട്ടു് മുന്നാനകളും ഗൃഹത്തിന്റെ കിഴക്കുവശത്തു മുറ്റത്തു നിരന്നു നിന്നു.

തലേ ദിവസം രാത്രിയിൽ ആ ഗൃഹത്തിൽ സ്വല്പമൊരു വിശേ‌ഷമുണ്ടായി. അതുകൂടി ഇവിടെ വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതെന്തെന്നാൽ സർവാധികാര്യക്കാരുടെ ഭാര്യ ഒരു സ്വപ്നം കണ്ടു എന്നുള്ളതാണു്. സർവാധികാര്യക്കാരദ്ദേഹം ആ സ്ത്രീയുടെ അടുക്കൽച്ചെന്നു് “എന്നെ വന്ദിക്കുന്നതിന്നായി നാളെ കാലത്തു മുന്നാനകൾ ഇവിടെ വരും. ഒന്നു് നമ്മുടെ ചന്ദ്രശേഖരൻ തന്നെ. പിന്നെ ഒന്നു് പിടിയും. മറ്റൊന്നു് അരിപ്പാട്ടുപതിവായിട്ടുള്ള എഴുന്നള്ളത്തിന്നു നിർത്തിയിരിക്കുന്ന വലിയ വേലായുധനുമായിരിക്കും. ഒരു പാത്രത്തിൽ മുപ്പത്താറേകാലിടങ്ങഴിയും വേറെ രണ്ടുപാത്രങ്ങളിൽ ഇരുപത്തിനാലേകാലിടങ്ങഴി വീതവും അരിയിട്ടു് അതിനുവേണ്ടുന്ന ശർക്കരയും നാളികേരവും നെയ്യും ചേർത്തു് പായസം വച്ചു് അതും മൂന്നു പാത്രങ്ങളിൽ പ്രത്യേകം പ്രത്യേകം പാനകം (ശർക്കര) കലക്കി അതും ആനകൾക്കു കൊടുക്കണം. മുപ്പത്താറേകാലിടങ്ങഴി അരികൊണ്ടുള്ള പായസം ചന്ദ്രശേഖരനുള്ളതാണെനെന്നറിയാമല്ലോ. ഈ ആനകളെ കാണാനും മറ്റുമായി വിശേ‌ഷാൽ വന്നുകൂടുന്നവർക്കു് ചതുർവിഭവങ്ങളോടുകൂടി ഭക്ഷണം കൊടുക്കുകയും വേണം” എന്നു പറഞ്ഞു എന്നായിരുന്നു സ്വപ്നം. വെറുതെ ഇങ്ങിനെ ഒരു സ്വപ്നം കാണുകയില്ലെന്നും ഇതു സർവാധികാര്യക്കാരദ്ദേഹം പറഞ്ഞതു് തന്നെയാണെന്നും വിശ്വസിച്ചു് ആ വീട്ടുകാർ ഇപ്രകാരം എല്ലാം തയ്യാറാക്കി വച്ചു.

സർവാധികാര്യക്കാരദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രൻ ചിലപ്പോൾ അച്ഛന്റെ അധിവാസമുണ്ടായി തുള്ളുകയും ആവശ്യമുള്ള കാര്യങ്ങൾ പറയുകയും ചെയ്യാറുണ്ടായിരുന്നു. അന്നു് അവിടെ ആനകൾക്കുള്ള പായസവും വിശേ‌ഷാൽ വരുന്നവർക്കുള്ള സദ്യയുടെ വിഭവങ്ങളുമെല്ലാം കാലമായിക്കഴിഞ്ഞപ്പോൾ ആ മനു‌ഷ്യനു കലികൊണ്ടുപോയി കുളിച്ചു വന്നു. അപ്പോഴേക്കും അവിടെ പതിവുപോലെ ഭസ്മം, ചന്ദനം, കട്ടിമുണ്ടു്, കവണിമുണ്ടു് മുതലായവയെല്ലാം തയ്യാറാക്കിവെച്ചിരുന്നു. കുളിച്ചു തുള്ളിക്കൊണ്ടു വന്ന മനു‌ഷ്യൻ ഭസ്മവും ചന്ദനവും ധരിച്ചു കട്ടിയും കവണിയുമുടുത്തു് ഒരു കസേരയിൽ കാലിന്മേൽക്കാൽ കയറ്റി മുറയ്ക്കിരുന്നു. അപ്പോൾ ഒരാൾ വിശറിയെടുത്തു് പുറകിൽനിന്നു വീശിത്തുടങ്ങി. ഉടനെ ഒരാൾ വെറ്റില നൂറുതേച്ചു കൊടുത്തുതുടങ്ങി. മറ്റൊരാൾ അടയ്ക്ക നുറുക്കി കൊടുത്തുതുടങ്ങി. വേറെ ഒരാൾ പുകയില മുറിച്ചു കൊടുത്തു. തുള്ളിക്കൊണ്ടിരുന്ന മനു‌ഷ്യൻ അതൊക്കെ വാങ്ങി മുറയ്ക്കു് മുറുക്കുതുടങ്ങി. അപ്പോഴേക്കും അവിടെ ഒരു വലിയ കോളാമ്പി ഒരാൾ കൊണ്ടുചെന്നു വച്ചു. അധിവാസം കൊണ്ടിരുന്നയാൾ കൂടെക്കൂടെ തുപ്പുകയും പിന്നെയും മുറുക്കുകയും മുറയ്ക്കു് ചെയ്തുകൊണ്ടിരുന്നു. അപ്പോൾ ആ മനു‌ഷ്യനെ കണ്ടാൽ സാക്ഷാൽ കുഞ്ചിക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ തന്നെയാണെന്നു തോന്നുമായിരുന്നു. അപ്പോഴേക്കും സ്ഥലം കാര്യക്കാർ (കാർത്തികപ്പള്ളി തഹസീദാർ) മുതലായി അനേകമാളുകൾ അവിടെ ചെന്നുകൂടി. ആകപ്പാടെ ഇതെലാം കണ്ടു ചന്ദ്രശേഖരൻ കണ്ണീരൊലിപ്പിചു കൊണ്ടു് ഉറക്കെക്കരഞ്ഞു തുടങ്ങി. അതു കണ്ടു ഭവാനിയും വലിയ വേലായുധനും കരഞ്ഞു തുടങ്ങി. അപ്പോൾ ആ തുള്ളിക്കൊണ്ടിരുന്ന മനു‌ഷ്യൻ “എന്റെ കുട്ടികൾ ഒട്ടും വ്യസനിക്കേണ്ടാ, നിങ്ങളെ കാണാനാണലോ ഞാൻ വന്നിരിക്കുന്നതു് എന്റെ കുട്ടികൾ അടുത്തു് വരുവിൻ” എന്നു് പറഞ്ഞു. ഉടനെ ചന്ദ്രശേഖരൻ വിനയത്തോടുകൂടി അടുത്തുചെന്നു് ആ മനു‌ഷ്യന്റെ മുമ്പിൽ മുട്ടുകുത്തി നമസ്കരിച്ചു. പിന്നാലെ ഭവാനിയും വലിയ വേലായുധനും ചെന്നു അപ്രകാരം ചെയ്തു. ആ മനു‌ഷ്യൻ വാത്സല്യപൂർവ്വം മുന്നാനകളുടെയും തുമ്പിക്കൈയിൽതൊട്ടു തലോടീട്ടു ചന്ദ്രശേഖരനോടു്, “ചന്ദ്രശേഖരാ! നീയിവിടെ വന്നസ്ഥിതിക്കു് എന്തെങ്കിലും ഇവിടെ കൊടുക്കാതെ പോകുന്നതു് ശരിയല്ല. അതിനാൽ “ഇതാ ഇവിടെ” എന്നു പറഞ്ഞു ഒരു സ്ഥലം ചുണ്ടിക്കാണിച്ചു കൊടുത്തു. ചന്ദ്രശേഖരൻ ആ സ്ഥലത്തു ചെന്നു കുനിഞ്ഞു കൊമ്പുകൊണ്ടു് കുത്തി മണ്ണിളക്കി മറിച്ചു. അപ്പോൾ മണ്ണോടുകൂടി ഒരു പിച്ചളചെല്ലം ഇളകിവന്നു. ചന്ദ്രശേഖരൻ ആ ചെല്ലമെടുത്തു് തുള്ളിക്കൊണ്ടിരുന്ന മനു‌ഷ്യന്റെ കൈയ്യിൽ കൊടുത്തു. ആ മനു‌ഷ്യൻ ആ ചെല്ലം തുറന്നു അതിലുണ്ടായിരുന്ന ചെറിയ താളിയോലഗ്രന്ഥമെടുത്തു കൊച്ചുരാമൻവൈദ്യന്റെ കൈയ്യിൽ കൊടുത്തിട്ടു്, “നിനക്കു പുരു‌ഷപ്രായമാകുന്നതിനു മുമ്പു് ഞാൻ ഭൂലോകവാസം വെടിഞ്ഞു പോയതിനാൽ ഇതു നിന്റെ കൈയ്യിൽ തരുന്നതിനു എനിക്കു തരമായില്ല. ഞാൻ നിന്റെ അമ്മയുടെ കൈയ്യിൽ നിനക്കു തരാനായി ഏൽപ്പിച്ചിരുന്ന ഗ്രന്ഥങ്ങളെല്ലാം നിനക്കു കിട്ടീട്ടുണ്ടല്ലോ. അവ നിമിത്തമാണല്ലോ നീയീ സ്ഥിതിയിലായതും കാലക്ഷേപം ചെയ്തു പോരുന്നതും. അവകൊണ്ടു് പോരാത്തതെല്ലാം ഇതിലുണ്ടു്. ഇതിൽ പറയപ്പെട്ടിരിക്കുന്നതെല്ലാം കഠിനക്രിയകളാണു്. അവയിലൊന്നും സാധാരണയായി ചെയ്തുപോകരുതു്. വേറെ നിവൃത്തിയില്ലാതെയും അത്യാവശ്യമായും വന്നാൽ നല്ലപോലെ ആലോചിച്ചു മാത്രമേ ഇതിലുള്ളതോരോന്നും ചെയ്യാവൂ. ഈ ഗ്രന്ഥം എനിക്കു് എന്റെ ഗുരുനാഥനായ തേവലശ്ശേരി നമ്പിയദ്ദേഹം തന്നതാണു്. ഇതു് കൈമോശം വരാതെ നല്ലപോലെ സുക്ഷിചു കൊള്ളണം” എന്നു പറഞ്ഞിട്ടു് ആനകളെ മുറയ്ക്കു് നിറുത്തുവാൻ ആജ്ഞാപിച്ചു. ചന്ദ്രശേഖരനെ നടുക്കും ഭവാനിയെ അവന്റെ ഇടത്തുവശത്തും വലിയവേലായുധനെ വലത്തുവശത്തും നിർത്തി യഥാക്രമം അവയ്ക്കുള്ള പായസവും ധാരാളമായി പാനകവും കൊടുപ്പിക്കുകയും വന്നിരിക്കുന്നവർക്കൊക്കെ യഥായോഗ്യം ഭംഗിയായി ഭക്ഷണം കൊടുക്കുന്നതിനുചട്ടം കെട്ടുകയും ചെയ്തതിന്റെ ശേ‌ഷം ആ മനു‌ഷ്യൻ കൊച്ചുരാമൻവൈദ്യനോടു വീണ്ടും “ഈ ചന്ദ്രശേഖരനും വലിയവേലായുധനും ഒരു മലയിൽത്തന്നെ ജനിച്ചു ഒരുമിച്ചു കളിച്ചു നടന്നു വളർന്നവരാണു്. വലിയ വേലായുധൻ കുഴിയിൽ വീണു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോളാണു് ചന്ദ്രശേഖരൻ കുഴിയിൽവീണതു്. വലിയ വേലായുധൻ വീണ കുഴി തിരുവിതാംകുറിൽ തന്നെയായിരുന്നു. ചന്ദ്രശേഖരൻ വീണ കുഴി മുക്കാൽഭാഗം തിരുവിതാംകൂറിലും കാൽഭാഗം കൊച്ചിരാജ്യത്തുമായിരുന്നു. അതിനാൽ ഇവനെ കൊച്ചീ സർക്കാർ ആളുകൾ കുഴിയിൽനിന്നും കയറ്റിക്കൊണ്ടുപോയി കൈവശപ്പെടുത്തി. പിന്നെ മഹാരാജാവുതിരുമാനസ്സിലെ കല്പനപ്രകാരം ഇവനെ അവിടെ നിന്നു ഉപായത്തിൽകൊണ്ടു പോന്നതു ഞാനാണു്. ഇവരുടെ ബാല്യകഥകൾ ഒന്നും ഇപ്പോഴും ഇവൻ മറന്നിട്ടില്ല. അതിനാലാണു് അവർ കണ്ടപ്പോൾ പരസ്പരം അറിഞ്ഞതും ഇപ്പോഴും സ്നേഹിതരായി വർത്തിക്കുന്നതും. എനിക്കും ചന്ദ്രശേഖരനും തമ്മിലുള്ള ബന്ധം നീയും അറിഞ്ഞിരിക്കെണ്ടാതാകയാൽ ഞാനിത്രയും പറഞ്ഞതാണു്. ഇനി ഞാൻ പോകട്ടെ” എന്നു പറഞ്ഞിട്ടു് പൂമുഖത്തു പോയിക്കിടന്നു. ആ മനു‌ഷ്യനു ബോധം വീണതു് പിന്നെ മൂന്നേമുക്കാൽനാഴിക കഴിഞ്ഞിട്ടാണു്. അപ്പോഴേക്കും അവിടെ കൂടിയിരുന്നവരെല്ലാം പിരിയുകയും ആനക്കാർ ആനകളെയും കൊണ്ടു് പോവുകയും ചെയ്തിരുന്നു.

Chap90pge780.png

അന്നു് അരിപ്പാട്ടു ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ആറാട്ടയിരുന്നല്ലോ. അന്നത്തെ എഴുന്നള്ളിപ്പു തലേ ദിവസത്തേക്കാൾ ഭംഗിയായിരുന്നു. ചന്ദ്രശേഖരന്റെ പുറത്തു് അരിപ്പാട്ടു ദേവനെ എഴുന്നള്ളിച്ചു നടുവിലും ഭവാനിയുടെ പുറത്തു് ഭഗവതിയെ എഴുന്നള്ളിച്ചു ഇടതുവശത്തും വലിയവേലായുധന്റെ പുറത്തു് ഒരുപദേവനെ എഴുന്നള്ളിച്ചു വലതുവശത്തും നിർത്തിയായിരുന്നു അന്നത്തെ എഴുന്നള്ളിപ്പു്. ഭവാനിക്കും വലിയവേലായുധനും പൊക്കം ഒരേ പോലെയായിരുന്നു ചന്ദ്രശേഖരനു ഈ രണ്ടാനകളേക്കാൾ ഒരു മുഴം പൊക്കം അധികവുമായിരുന്നു. അങ്ങിനെയായാലാണല്ലോ എഴുന്നള്ളിപ്പിന്റെ ഭംഗിക്കു തികച്ചിൽവരുന്നതു്.എന്നാൽ അന്നും ഒരു ന്യൂനതയുണ്ടായിരുന്നു. അതു് ചന്ദ്രശേഖരനെ കെട്ടിച്ച തലയിൽക്കെട്ടിനു വലിപ്പം പോരായിരുന്നു എന്നുള്ളതാണു്. വലിയവേലായുധൻ അക്കാലത്തുണ്ടായിരുന്ന ആനകളെക്കാലെല്ലാം വലുതായിരുന്നു. അങ്ങിനെയിരുന്ന ആ ആനയ്ക്കു് കെട്ടിയാൽ കണ്ണുമൂടിപ്പോകുമെന്നുള്ളതിനാൽ കെട്ടിയ്ക്കാതെ വെറുതെ വെച്ചിരുന്നതായിരുന്നു അരിപ്പാട്ടെ വലിയ സ്വർണ്ണതലയിൽക്കെട്ടു്. ആ തലയിൽക്കെട്ടായിരുന്നു ചന്ദ്രശേഖരനെ അണിയിച്ചിരുന്നതു്. എന്നിട്ടും ചന്ദ്രശേഖരനു പാകമാകുന്നതിന്നു എട്ടംഗുലം വീതിയും പത്തിനാറംഗുലം നീളവും കൂടി വേണ്ടിയിരുന്നു. എന്നാൽ ഈ ന്യൂനത അരിപ്പാട്ടു മാത്രമുണ്ടായി എന്നല്ല; അമ്പലപ്പുഴ, ആറന്മുള, വൈക്കം മുതലായ മഹാക്ഷേത്രങ്ങളിലെ വലിയ തലയിൽക്കെട്ടുകളായാലും ചന്ദ്രശേഖരനു കെട്ടിച്ചാൽ ഇങ്ങനെതന്നെയാണു് ഇരിക്കാറുള്ളതു്.

അരിപ്പാട്ടു് ഉത്സവം കഴിഞ്ഞതിന്റെ ശേ‌ഷം അരിപ്പാട്ടുനിന്നു രണ്ടുമൂന്നു നാഴിക തെക്കു “മുതുകുളം” എന്ന ദേശത്തു് താമസിച്ചിരുന്ന ‘മൂലയ്ക്കൽപിള്ള’ എന്നൊരാൾ ചെന്നു ചന്ദ്രശേഖരനെ ഒന്നു് സൽക്കരിക്കുന്നതിനായി അയാളുടെ വീട്ടിൽ കൊണ്ടുചെന്നാൽക്കൊള്ളാമെന്നു രാമശ്ശാരോടു പറഞ്ഞു. അതനുസരിച്ചു് രാമശ്ശാരും കേശവനും ചന്ദ്രശേഖരനേയും ഭവാനിയേയും കൊണ്ടു് അവിടെപ്പോയിരുന്നു. വിരുന്നുസൽക്കാരം ബഹുകേമമായിരുന്നു. ചന്ദ്രശേഖരനും ഭവാനിക്കും തീറ്റക്കു് തെങ്ങിൻപട്ട കൂടാതെ പഴക്കുല, നാളികേരം, പായസം മുതലായവയും ധാരാളമായി കൊടുത്തു. രാമശ്ശാരുടെയും കേശവന്റെയും ഊണിന്റെ വട്ടവും കേമമായിരുന്നു. മൂലയ്ക്കൽ പിള്ള ചന്ദ്രശേഖരനെ ക്ഷണിച്ചു ഇപ്രകാരം സല്ക്കരിച്ചതിനു കാരണമുണ്ടായിരുന്നു. മൂലയ്ക്കൽ പിള്ള കുഞ്ചിക്കുട്ടിപ്പിള്ള സർവാധികാര്യക്കാരദ്ദേഹത്തിന്റെ ഒരാപ്തമിത്രമായിരുന്നു. ചന്ദ്രശേഖരൻ സർവാധികാര്യക്കാരദ്ദേഹത്തിന്റെ വാത്സല്യഭാജനവുമായിരുന്നല്ലോ. എന്നു മാത്രമല്ല, സർവാധികാര്യക്കാരദ്ദേഹം ഒടുക്കം ദിക്കുവിട്ടുപോയപ്പോൾ മൂലയ്ക്കൽപിള്ളയുടെ വീട്ടിൽകയറി അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന സ്വർണ്ണപ്പിടിവാളും മറ്റും പിള്ളയെ ഏല്പിച്ചു കൊടുക്കുകയും “ഞാൻതിരിച്ചു വന്നുവെങ്കിൽ ഇവയെല്ലാം തിരിയെത്തരണം വന്നില്ലെങ്കിൽ നിങ്ങൾക്കു് എടുക്കാം.” എന്നു പറയുകയും ചെയ്തിട്ടാണു് പോയതു്. സർവാധികാര്യക്കാരദ്ദേഹം തിരിച്ചുവരായ്ക കൊണ്ടു് ആ സാധനങ്ങളെല്ലാം ആ പിള്ളയ്ക്കു കിട്ടി. ആ സ്വർണ്ണപ്പിടിവാൾ മൂലയ്ക്കൽ പിള്ളയുടെ വീട്ടിൽ ഇപ്പോഴും ഇരിക്കുന്നുണ്ടു്. അന്നു് ആ പിള്ള ആ സ്വർണ്ണപ്പിടിവാളെടുത്തു ചന്ദ്രശേഖരനെ കാണിക്കുകയും അവൻ ഏറ്റവും ദുഖത്തോടുകൂടി മുട്ടുകുത്തി നമസ്കരിക്കുകയും ചെയ്തു. മൂന്നു ദിവസം സുഖമായിട്ടു അവിടെ താമസിച്ചതിന്റെ ശേ‌ഷം നാലാം ദിവസം ചന്ദ്രശേഖരൻ അവിടെ നിന്നു യാത്രയായി. അപ്പോഴും പിള്ള ചന്ദ്രശേഖരനും ഭവാനിക്കും പഴക്കുല മുതലായവ കൊടുക്കുകയും രാമശ്ശാർക്കും കേശവനും മുണ്ടും നേര്യതും സമ്മാനിക്കുകയും മുഹമ്മദീയസ്ത്രീക്കു് കൊടുക്കുന്നതിനു മൂന്നര രൂപ രാമശ്ശാരെ ഏല്പിക്കുകയും ചെയ്തു സന്തോ‌ഷിപ്പിച്ചയച്ചു.

മൂലക്കൽ പിള്ളയുടെ വീട്ടിൽനിന്നു പോയവഴിക്കു പിന്നെയും ചന്ദ്രശേഖരൻ നാടാലയ്ക്കൽ കയറി. ഭവാനിയും ആനക്കാരന്മാരും കൂടെ പറയണമെന്നില്ലല്ലോ. കൊച്ചുരാമവൈദ്യർ ഉണ്ടായിരുന്നുവെന്നുള്ളതു് അപ്പോഴും ചന്ദ്രശേഖരനും ഭവാനിക്കും പഴക്കുല മുതലായവയും ആനക്കാർക്കു് ഭക്ഷണവും സമ്മാനങ്ങളും വഴിച്ചെലവിനുവേണ്ട പണവും മുഹമ്മദീയസ്ത്രീയുടെ കാര്യം രാമശ്ശാർ പറഞ്ഞറിയുകയാൽ അവൾക്കു കൊടുക്കുന്നതിനു പ്രത്യേകം അഞ്ചു രൂപയും കൊടുത്തു. ചന്ദ്രശേഖരൻ അപ്പോഴും സർവാധികാര്യക്കാരദ്ദേഹത്തിന്റെ പ്രതിമയ്ക്കു് മൂന്നു പ്രദിക്ഷണം വചു മുട്ടുകുത്തി നമസ്കരിചിട്ടു് അപ്പോൾതന്നെ പുറപ്പെടുകയും നാലു ദിവസം കൊണ്ടു് ഭവാനി, രാമശ്ശാർ, കേശവൻ എന്നിവരോടുകൂടി സസുഖം കൊട്ടാരക്കരെ ചെന്നുചേരുകയും ചെയ്തു.

ചന്ദ്രശേഖരൻ രണ്ടുമൂന്നു മാസത്തേക്കു് സ്വസ്ഥാനം വിട്ടു് എവിടെയോ പോയിരുന്നു എന്നും പിന്നെ ഒരു പിടിയാനയെ (ഭവാനി)യും കൊണ്ടു് മടങ്ങി വന്നു എന്നും തിരികെ വന്നു എന്നും മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ ചന്ദ്രശേഖരൻ പോയിരുന്നതു് ഈ പിടിയാനയെ കൊണ്ടുവരാനായിട്ടല്ലായിരുന്നു. അവൻ പോയതിന്റെ കാരണം വേറെയായിരുന്നു. അതോടുകൂടി ഇതും സാധിച്ചുവെന്നെയുള്ളൂ. ചന്ദ്രശേഖരൻ സംസ്ഥാനം വിട്ടുപോയതിന്റെ വാസ്തവകാരണം താഴെ പറഞ്ഞുകൊള്ളുന്നു.

മുൻകാലങ്ങളിൽ കൊട്ടാരക്കാരെ നിന്നും ചെങ്കോട്ടയ്ക്കു പോകുന്നതിനു പത്തനാപുരം, ആര്യങ്കാവു് മുതലായ സ്ഥലങ്ങളിൽകൂടി ഒരു മൂന്നടിപ്പാത മാത്രമെയുണ്ടായിരുന്നുള്ളു. അതുതന്നെ കാട്ടാന, കടുവാ, കരടി മുതലായ ദുഷ്ടമൃഗങ്ങൾ നിറഞ്ഞ വനാന്തരങ്ങളിൽ കൂടിയായിരുന്നു. പത്തനാപുരത്തുനിന്നു പുറപ്പെട്ടാൽ മനു‌ഷ്യർക്കു് അഭയസ്ഥാനമായിട്ടു പതിനാലു നാഴിക കിഴക്കു ‘കഴുതയുരുട്ടി’ എന്ന സ്ഥലത്തുള്ള ഒരൂട്ടുപുര മാത്രമേ മുൻപുണ്ടായിരുന്നുള്ളൂ. മുൻകാലങ്ങളിൽ ചെങ്കോട്ടയ്ക്കു പോകുന്നവർ പത്തനാപുരത്തുനിന്നു് പുറപ്പെട്ടാൽ കഴുതയുരുട്ടിയിൽച്ചെന്നു് ഊണു കഴിച്ചു് ഉടനെ പുറപ്പെട്ടു വൈകുന്നേരം ആര്യങ്കാവിൽ എത്തി താമസിക്കുകയും പിറ്റേദിവസം അവിടെനിന്നു പോയി ചെങ്കോട്ടയിലെത്തുകയുമായിരുന്നു പതിവു്. വഴിയുടെ ഭയങ്കരത്വം നിമിത്തം പത്തും പതിനഞ്ചും പേരൊരുമിച്ചലാതെ അക്കാലത്തു് അതിലെ പോകാറില്ല. എന്നാൽത്തന്നെയും പ്രാണഭീതിയോടു കൂടിയാണു് മനു‌ഷ്യർ അതിലെ പോകുന്നതു്.

ഒരു കാലത്തു് ആര്യങ്കാവിനും കഴുതയുരുട്ടിക്കും മദ്ധ്യേയുള്ള കൊടുങ്കാട്ടിൽ കൊലകൊമ്പനും ഒറ്റയാനും (കൂട്ടുവിട്ടു ഒറ്റയ്ക്കു് നടക്കുന്നവനും) ആയ ഒരു വലിയ കാട്ടാന വന്നുചേർന്നു. ആ ആന അതിലെ പോകുന്ന വഴിപോക്കരെ പലവിധത്തിൽ ഉപദ്രവിക്കുകയും കുത്തിക്കൊല്ലുകയും ചെയ്തുകൊണ്ടിരുന്നു. ഒരിക്കൽ ഏതാനും പരദേശബ്രാഹ്മണർ കൊട്ടാരക്കര വരാനായി ചെങ്കോട്ടയിൽനിന്നു പുറപ്പെട്ടു. ആര്യങ്കാവു് കഴിഞ്ഞു സ്വല്പം പടിഞ്ഞാറോട്ടു വന്നപ്പോൾ മേല്പറഞ്ഞ കൊമ്പൻ കാടും പടലുമാകപ്പാടെ തകർത്തുകൊണ്ടു പാഞ്ഞുവരുന്നതുകണ്ടു്, അവർ പ്രാണഭീതിയോടുകൂടി ഓടിത്തുടങ്ങി. അവരുടെ പിന്നാലെ ആനയുമെത്തി. ആയുർബ്ബലംകൊണ്ടും ഇശ്വരകാരുണ്യത്താലും ആ ബ്രാഹ്മണർ ആ കൊലകൊമ്പന്റെ കൈയിൽപ്പെടാതെ ഓടിയോടി ഒരുവിധത്തിൽ കഴുതയുരുട്ടിയിലുള്ള ഊട്ടുപുരയിൽ ചെന്നെത്തി. അതിൽപ്പിന്നെയാണു് അവുടെ ശ്വാസം വീണതു്. ആ ഊട്ടുപുരയിൽ കയറിയാൽപ്പിന്നെ പേടിക്കാനൊന്നുമില്ല. ദുഷ്ടമൃഗങ്ങളെ ഭയപ്പെട്ടു ഊട്ടുപുരയുടെ ചുറ്റും വലിയ കിടങ്ങും ആ കിടങ്ങിന്റെ അകവശത്തു് തടികൾകൊണ്ടു് ഏറ്റവും ബലത്തൊടുകൂടിയ അഴിയുമുണ്ടായിരുന്നു. മനു‌ഷ്യർക്കു് കിടങ്ങുകടന്നു ഊട്ടുപുരയിൽ ചെല്ലുന്നതിനു ഒരു തടിപ്പാലവും ഇട്ടിട്ടുണ്ടായിരുന്നു. ആ ഒറ്റത്തടി പാലത്തിൽന്മേൽക്കൂടി മനു‌ഷ്യർക്കല്ലാതെ മൃഗങ്ങൾക്കു് കടന്നുചെല്ലാൻ നിവൃത്തിയുമില്ലായിരുന്നു. ഒരിക്കൽ ഒരു കരടി ആ ഊട്ടുപുരയിൽനിന്നു ഒരു ബ്രാഹ്മണനെ പിടിച്ചുകൊണ്ടുപോയി. അതിൽപ്പിന്നെയാണു് അവിടെ കിടങ്ങും അഴിയുമുണ്ടാക്കിയതു്.

ബ്രാഹ്മണർ ഊട്ടുപുരയിലെത്തിയപ്പോഴേക്കും കാട്ടാന കിടങ്ങിന്റെ മറുകരയിൽ എത്തിക്കഴിഞ്ഞു. ആന കോപാന്ധനായി പാലം വലിച്ചുകളഞ്ഞിട്ടു അവിടെ നിന്നുകൊണ്ടു് രണ്ടു മൂന്നു പ്രാവശ്യം വലിയ ശബ്ദം പുറപ്പെടുവിച്ചു. കിടങ്ങിനപ്പുറം കടക്കാൻ ആ കൊമ്പനാന വളരെ ശ്രമിച്ചുനോക്കി. എങ്കിലും സാധിച്ചില്ല. ഒടുക്കം ആ കൊലകൊമ്പൻ ഇച്ഛാഭംഗത്തോടെ മടങ്ങിപ്പോയി. എങ്കിലും ആ ബ്രാഹ്മണർക്കും ഊട്ടുപുരയിലുണ്ടായിരുന്ന മറ്റു വഴിപോക്കാർക്കും അവിടെ സ്ഥിരതാമസക്കാരായ ഭരിപ്പുകാർ മുതലായവർക്കും ഭയം നിമിത്തം അന്നു് രാത്രിയിൽ ഉറക്കം നേരെ വന്നില്ല. എല്ലാവരും അത്താഴം കഴിച്ചു് വാതിലുമടച്ചു കിടന്നു. പിറ്റേദിവസം നേരം വെളുത്തിട്ടും ആ ബ്രാഹ്മണർക്കു് അവിടെ നിന്നുപോകുവാൻ ധൈര്യമുണ്ടായില്ല. അവർ അന്നു് ഉച്ചയ്ക്കു് ഊണു കഴിഞ്ഞിട്ടേ അവിടെ നിന്നും പോയുള്ളൂ.

അന്നു വൈകുന്നേരമായപ്പോഴേക്കും ആ ബ്രാഹ്മണർ കൊട്ടാരക്കരയെത്തി. ഉടനെ കുളിച്ചു അവർ ഗണപതിയുടെ നടയിൽച്ചെന്നു നിന്നു് “അല്ലയോ ഭഗവാനെ! വിഘ്നേശ്വരാ! ഒരു കൊമ്പനാനായുടെ ഉപദ്രവം നിമിത്തം മനു‌ഷ്യർക്കു് ഇവിടെ നിന്നു് കിഴക്കോട്ടുപോകുന്നതിനും കിഴക്കുള്ളവർക്കു് ഇങ്ങോട്ടു് വരുന്നതിനും നിവൃത്തിയില്ലാതായിരിക്കുന്നു. ഇതിനു ഭഗവാൻ തന്നെ ഒരു നിവൃത്തിയുണ്ടാക്കിത്തരണം. ഇവിടെ വിചാരിച്ചാൽ ഇതിനു യാതൊരു പ്രയാസവുമില്ല. ചന്ദ്രശേഖരനെ ഇവിടെ നിന്നു് അയച്ചാൽമതി. അവൻ ചെന്നു് ആ കൊലക്കൊമ്പന്റെ കഥകഴിച്ചുവരും. അതിനാൽ അതിലേക്കു കൃപയുണ്ടാകണം” എന്നു സങ്കടത്തോടുകൂടി മനസ്സിരുത്തി ഭക്തിപൂർവ്വം പ്രാർത്ഥിച്ചു. അതിനാൽ ആ ഗണപതി ഭഗവാൻ തോന്നിച്ചിട്ടു ആ കാട്ടാനയെ കൊല്ലാനായിട്ടാണു് ചന്ദ്രശേഖരൻ പോയിരുന്നതു്. അന്നു് അതിനായി കാട്ടിൽത്താമസിച്ചിരുന്നപ്പോൾ ആ പിടിയാനയുമായി പരിചയപ്പെടുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുകയാൽ ചന്ദ്രശേഖരൻ ആ പ്രണയിനിയെക്കൂടെ കൊണ്ടുപോന്നു എന്നേയുള്ളൂ.

ചന്ദ്രശേഖരൻ കാട്ടാനയെ കൊല്ലാനായി പോയിട്ടു് കഴുതയുരുട്ടിയിൽനിന്നു് സ്വല്പം കിഴക്കോട്ടു ചെന്നു. വഴിയിൽനിന്നുകൊണ്ടു് അത്യുച്ചത്തിൽ ഒന്നു കൂകി അതുകേട്ടു ആ കാട്ടാനയും കൂകി. ചന്ദ്രശേഖരൻ പിന്നെയും കൂകി. അപ്പോഴും കാട്ടാന ഏറ്റു കൂകി. ചന്ദ്രശേഖരൻ മൂന്നാമതു കൂകിയപ്പോഴേക്കും കാട്ടാന അടുത്തെത്തിക്കഴിഞ്ഞിരുന്നു. ഉടനെ അവർ തമ്മിൽ യുദ്ധവുമാരംഭിച്ചു. വഴിയിൽ നിന്നുകൊണ്ടു് അവർ തമ്മിലുണ്ടായ ആ യുദ്ധം ഏറ്റവും ഭയങ്കരമായിരുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും കിഴക്കോട്ടു പോകുന്നതിനായി രണ്ടുഭാഗത്തും വന്നുകൂടിയ ഏറിയോരു ജനങ്ങൾ ദൂരെ മാറിനിന്നുകൊണ്ടും വലിയ മരങ്ങളിലും മറ്റും കയറിയിരുന്നുകൊണ്ടും ആ യുദ്ധം കണ്ടു ഭയപ്പെടുകയും അത്ഭുതപ്പെടുകയും ചെയ്തു. ആ യുദ്ധകാലത്തു പേടിച്ചിട്ടു് ആരും ആ വഴിയെ കിഴക്കോട്ടും പടിഞ്ഞാട്ടും പോവുകയുണ്ടായില്ല. ആ ആനകൾ തമ്മിൽ കൊമ്പുകൾ കൂട്ടിയിടിച്ച അടികളുടെ ശബ്ദം വളരെദൂരെ കേൾക്കാമായിരുന്നു. അങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ആ കാട്ടാന പിൻതിരിഞ്ഞു കാട്ടിലേക്കു് ഓടി. പിന്നാലെ ചന്ദ്രശേഖരനും ഓടി. പിന്നത്തെക്കഥയൊന്നും ആർക്കും അറിയാൻപാടില്ലായിരുന്നു.

അനന്തരം അഞ്ചെട്ടുദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം ചന്ദ്രശേഖരൻ കഴുതയുരുട്ടിയിലുള്ള ഊട്ടുപുരയുടെ സമീപത്തു കിടങ്ങിന്റെ മറുകയിൽ വന്നുനിന്നു് ഉറക്കെ ഒരു ശബ്ദം പുറപ്പെടുവിച്ചു. അതു കേട്ടു ഭയപ്പെട്ടു ഭരിപ്പുകാരൻ മുതലായവർ മുമ്പു ബ്രാഹ്മണരെ ഓടിച്ചു കൊണ്ടുവന്ന കാട്ടാനയായിരിക്കുമെന്നു വിചാരിച്ചു കിടങ്ങിന്റെ ഇക്കരെ നിന്നുകൊണ്ടു നോക്കി. അപ്പോൾ ഇതു കാട്ടാനയല്ലെന്നും ചന്ദ്രശേഖരനാണെന്നും അവർക്കു മനസ്സിലായി. ചന്ദ്രശേഖരനെക്കണ്ടു് അവർക്കൊക്കെ നല്ല പരിചയമുണ്ടായിരുന്നു. ചന്ദ്രശേഖരനെ രാമശ്ശാർ പലപ്പോഴും കൊണ്ടുചെല്ലുകയും ആ സമയങ്ങളിലെല്ലാം ചന്ദ്രശേഖരനു് ഊട്ടുപുരയിൽ നിന്നു ചോറും മറ്റും കൊടുക്കുകയും ചെയ്തിരുന്നു. അതോർത്താണു് അവൻ അവിടെ ചെന്നു വിളിച്ചതു്. കാട്ടാനയുമായുള്ള യുദ്ധം തുടങ്ങിയതിൽപ്പിന്നെ അവൻ ആഹാരമൊന്നും കഴിച്ചിരുന്നില്ല. അതിനാലിപ്പോൾ ചന്ദ്രശേഖരനു വിശപ്പും ദാഹവും കലശലായിട്ടുണ്ടായിരുന്നു. അവൻ വളരെ ക്ഷീണിക്കുകയും ചെയ്തിരുന്നു. ചന്ദ്രശേഖരന്റെ പാരവശ്യം കണ്ടിട്ടു് ഭരിപ്പുകാരൻ “ചന്ദ്രശേഖരാ! നീ കുറചു ദൂരെ മാറിനിന്നാൽ നിനക്കു വെള്ളവും ചോറും തരാം” എന്നു വിളിച്ചുപറഞ്ഞു. അതുകേട്ടു ചന്ദ്രശേഖരൻ മാറിനിന്നു. ഭരിപ്പുകാരന്റെ ഭൃത്യന്മാർ ചന്ദ്രശേഖരനു മതിയാകത്തക്കവണ്ണം ചോറും വെള്ളവും പാലത്തിന്മേൽക്കൂടി കിടങ്ങിന്റെ മറുകരയിൽ കൊണ്ടുചെന്നു കൊടുത്തു. ചന്ദ്രശേഖരൻ ചോറും തിന്നു വെള്ളവും കുടിച്ചു വയർ നിറച്ചുകൊണ്ടാണു പിടിയാനയോടുകൂടി കൊട്ടാരക്കരെ ചെന്നുചേർന്നതു്. പിന്നെ ആ കാട്ടാനയെ ആ ദിക്കിലെങ്ങും കാണാതെയായതിനാൽ വഴിപോക്കർ യഥാപൂർവ്വം ആ വഴിയെ സഞ്ചരിച്ചുതുടങ്ങുകയും ചെയ്തു. ചന്ദ്രശേഖരൻ പിടിയാനയോടുകൂടി കൊട്ടാരക്കരെയെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും വഴിക്കാരെ ഉപദ്രവിചുകൊണ്ടിരുന്ന കാട്ടാനയെ ചന്ദ്രശേഖരൻ കുത്തിക്കൊന്നു ജനോപദ്രവം തീർത്തിരിക്കുന്നു എന്നുള്ള വർത്തമാനം സർവ്വത്ര പ്രസിദ്ധമായി. അനന്തരം അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ആര്യങ്കാവിനും കഴുതയുരുട്ടിക്കും മധ്യേയുള്ള കൊടുങ്കാട്ടിൽ ഒരു വലിയ ആനയുടെ അസ്ഥികൂടവും കൊമ്പും കിടക്കുന്നതായി പത്തനാപുരം തഹശീൽദാർക്കു് അറിവുകിട്ടി. ഈവർത്തമാനം അറിഞ്ഞപ്പോൾ ഈ അസ്ഥികൂടവും കൊമ്പുകളും ചന്ദ്രശേഖരൻ കുത്തിക്കൊന്ന കാട്ടാനയുടേതാണെന്നു തഹശീൽദാർ തീർച്ചപ്പെടുത്തി. ഈ കൊമ്പുകളെടുത്തു സർക്കാരിലേല്പിക്കേണ്ടതു് അത്യാവശ്യമാകയാൽ അവ കിടക്കുന്ന സ്ഥലത്തു പോകണമെന്നും അദ്ദേഹം നിശ്ചയിച്ചു. എന്നാൽ അവ കിടക്കുന്നതു് എവിടെയാണെന്നറിയാതെ പോയാലെങ്ങനെയാണെന്നുള്ള സംശയവും ദുഷ്ടമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ സഞ്ചരിക്കാനുള്ള ഭയവും അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടാകാതെയിരുന്നില്ല. ഇതിനെക്കുറിച്ചു വളരെ നേരം ആലോചിച്ചതിന്റെ ശേ‌ഷം ചന്ദ്രശേഖരനെ വരുത്തി അവനോടുകൂടി പൊയ്ക്കളയാമെന്നു് ഒടുക്കം അദ്ദേഹം തീർച്ചപ്പെടുത്തി. “ചന്ദ്രശേഖരൻ കൂടെയുണ്ടായിരുന്നാൽ പിന്നെ ദുഷ്ടമൃഗങ്ങളെ ഭയപ്പെടാനില്ല. കാട്ടാനയെ കൊന്നിട്ട സ്ഥലം അവൻ കാണിച്ചു തരികയും ചെയ്യും” എന്നായിരുന്നു തഹശീൽദാരുടെ വിശ്വാസം. അതിനാലദ്ദേഹം രാമശ്ശാർ ചന്ദ്രശേഖരനോടുകൂടി പത്തനാപുരത്തു ചെല്ലുന്നതിനു് എഴുതിയയച്ചു ചട്ടംകെട്ടി. അതനുസരിച്ചു രാമശ്ശാർ ചന്ദ്രശേഖരനെയും കൊണ്ടു് ഒരു ദിവസം നേരം വെളുത്തപ്പോൾ തഹശീൽദാർ താമസിക്കുന്ന വീട്ടിന്റെ പടിക്കലെത്തി. ഭവാനിയോടുകൂടി കേശവനും ഒരുമിച്ചുതന്നെയുണ്ടായിരുന്നു. തഹശീൽദാരദ്ദേഹം കാലത്തു്, ഉണർന്നെണീറ്റു പുറത്തു വന്നപ്പോൾ ആദ്യം കണ്ടതു ചന്ദ്രശേഖരനെയാണു്. “ഇന്നു കാഴ്ച കണ്ടതു ചന്ദ്രശേഖരനെയാണല്ലോ. ഇതൊരു സുദിനം തന്നെ, ഇനി കാര്യമെല്ലാം സഫലമാകും” എന്നു മനസ്സിൽ വിചാരിച്ചുകൊണ്ടു് അദ്ദേഹം ചന്ദ്രശേഖരനും ഭവാനിക്കും ഉടനെ വേണ്ടതുപോലെ തീറ്റകൊടുക്കുന്നതിനു ചട്ടംകെട്ടീട്ടു ദിനകൃത്യങ്ങൾക്കായി പോയി. അദ്ദേഹം കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും കഞ്ഞി കാലമായിരുന്നു. (അക്കാലത്തു കാലത്തേ കഞ്ഞിയാണു്. കാപ്പിയും മറ്റും പതിവില്ലായിരുന്നു). ഉടനെ തഹശീൽദാരദ്ദേഹം കഞ്ഞി കുടിക്കുകയും രാമശ്ശാർക്കും കേശവനും കഞ്ഞി കൊടുപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ചന്ദ്രശേഖരനും ഭവാനിയും തീറ്റ തിന്നുകഴിഞ്ഞിരുന്നു. ഉടനെ തഹസീൽദാരദ്ദേഹം ചന്ദ്രശേഖരന്റെ അടുക്കൽച്ചെന്നു്, ചന്ദ്രശേഖരാ! നീയാ കാട്ടാനയെ കുത്തിക്കൊന്നിട്ടതു് എവിടെയാണെന്നു കാണിച്ചുതരണം. അതിനായിട്ടാണു് നിന്നെ ഞാനിവിടെ വരുത്തിയിരിക്കുന്നതു് ” എന്നു പറഞ്ഞു. അതു കേട്ടു ചന്ദ്രശേഖരൻ സമ്മതിച്ചതായി തലകുലുക്കുകയും ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. ഉടനെ തഹശീൽദാർ യാത്രയ്ക്കൊരുങ്ങിപ്പുറപ്പെട്ടു. അപ്പോൾ ചന്ദ്രശേഖരൻ അദ്ദേഹത്തിന്റെ മുമ്പിൽ ചെന്നു നട നാലും മടക്കിയിരുന്നു. ചന്ദ്രശേഖരൻ മടക്കിയാലും മടക്കിയ മുൻകാലിന്മേലും പിന്നെയൊരു കയറ്റു കോവണിപ്പടിയിന്മേലും കൂടി ചവിട്ടിയെങ്കിലേ അവന്റെ കഴുത്തിൽക്കയറാൻ സാധിക്കയുള്ളൂ. അവന്റെ തലയുടെ ഉയർച്ച അത്രയ്ക്കുമാത്രമുണ്ടായിരുന്നു. അതിനാൽ ഒരു കയറ്റുകോണി അവന്റെ കചക്കയറിന്മേൽ കെട്ടി സദാ തൂക്കിയിട്ടിരിക്കും. തഹശീൽദാരദ്ദേഹം പതിവുപോലെ കാലിന്മേലും കയറ്റുകോവണിമേലും ചവിട്ടി ചന്ദ്രശേഖരന്റെ കഴുത്തിൽ കയറിയിരുന്നു. ഉടനെ ചന്ദ്രശേഖരൻ കിഴക്കോട്ടു നടന്നുതുടങ്ങി. ഭവാനിയുടെ പുറത്തുകയറി രാമശ്ശാരും കേശവനും പിന്നാലെയും പോയി. അവർ ഏകദേശം പതിനൊന്നു മണിയായപ്പോഴേക്കും കഴുതയുരുട്ടിയിലെത്തി. വിചാരിച്ചിരിക്കാത്ത സമയത്തു തഹശീൽദാർ ചെന്നുചേർന്നതുകൊണ്ടു കാര്യമെന്തെന്നറിയാതെ ഭരിപ്പുകാരനും മറ്റും ആദ്യം സ്വല്പമൊന്നു അന്ധാളിച്ചു. പിന്നെ കാര്യം മനസ്സിലാവുകയാൽ അവർക്കു സമാധാനമായി, ഉടനെ അവർ ഊണു കാലമാക്കി. തഹശീൽദാരും രാമശ്ശാരും കേശവനും ഊണു കഴിച്ചു. തെങ്ങിൻപട്ട, ചോറു്, പഴക്കുല മുതലായവ ചന്ദ്രശേഖരനും ഭവാനിക്കും ധാരാളമായി കൊടുക്കയും ചെയ്തു. ഉടനെ അവർ അവിടെ നിന്നു യഥാപൂർവ്വം യാത്രയായി. പിന്നത്തെ യാത്ര വലിയകൊടുങ്കാട്ടിൽക്കൂടിയായിരുന്നു. “ഏതെങ്കിലും വരുന്നതൊക്കെ വരട്ടെ” എന്നു വിചാരിച്ചു തഹശീൽദാരും ആനക്കാരും ധൈര്യസമേതം ആനകളുടെ പുറത്തുതന്നെയിരുന്നു. എന്നാൽ തഹശീൽദാരുടെയും മറ്റും മേൽ വള്ളികളുടെ അഗ്രം പോലും മുട്ടാതെ സൂക്ഷിച്ചാണു് ചന്ദ്രശേഖരനും ഭവാനിയും അവരെക്കൊണ്ടുപോയതു്. അങ്ങനെ പോയി “ഒറ്റക്കല്ലു്” എന്നു പറയുന്ന സ്ഥലത്തുനിന്നു് ഏകദേശം ആറുനാഴിക കിഴക്കുവടക്കായിട്ടു് ഒരു സ്ഥലത്തുചെന്നപ്പോൾ ചന്ദ്രശേഖരൻ അവിടെനിന്നു. അപ്പോൾ അവിടെ മലയിൽനിന്നൊഴുകുന്ന ഒരു തോട്ടിൽ (അരുവിയിൽ) ഒരാനയുടെ അസ്ഥികൂടവും കൊമ്പുകളും കിടക്കുന്നതു തഹശീൽദാരും മറ്റും കണ്ടു. ചന്ദ്രശേഖരൻ ആ കൊമ്പുകൾ ഇളക്കിയെടുത്തു്, ഒന്നു് ഭവാനിയുടെ കൈയിൽ കൊടുത്തു. ഒന്നു് അവൻതന്നെ വഹിക്കുകയും ചെയ്തുകൊണ്ടു് അവിടെനിന്നു് തിരിയെ യാത്രയായി. ആ കൊമ്പുകളുടെ വലിപ്പം അസാമാന്യമായിരുന്നതിനാൽ അവ കണ്ടു തഹശീൽദാരും മറ്റും വളരെ അത്ഭുതപ്പെട്ടു. ആ കൊമ്പുകൾക്കു് വലിയ കൊലയാനകളുടെ കൊമ്പുകളിൽ ഇരട്ടി വലിപ്പമുണ്ടായിരുന്നു.

അവർ ഏകദേശം മൂന്നുമണിയായപ്പോഴേക്കും തിരിയെ കഴുതയുരുട്ടിയിലെത്തി. ആനക്കാരും അവിടെയിരുന്നു കുറച്ചുനേരം വിശ്രമിച്ചു. ചന്ദ്രശേഖരനും ഭവാനിയും കുറേശ്ശെ വെള്ളം കുടിക്കുകയും ചെയ്തു. ആ ആനക്കൊമ്പുകൾ കണ്ടപ്പോൾ ഭരിപ്പുകാരൻ മുതലായവർക്കു് അവിടെ മുൻപു ചിലപ്പോൾ വരാറുള്ള വലിയ കാട്ടാനയെക്കുറിച്ചു് ഓർമ്മ വരികയാൽ ആ ആനയെ സംബന്ധിച്ചുള്ള കഥകളെല്ലാം അവർ പറഞ്ഞു തഹശീൽദാരെ കേൾപ്പിച്ചു. അപ്പോൾത്തന്നെ തഹശീൽദാർ ചന്ദ്രശേഖരന്റെ കഴുത്തിലും രാമശ്ശാരും കേശവനും ഭവാനിയുടെ പുറത്തും കയറി അവിടെ നിന്നും രാത്രി പുറപ്പെട്ടു് ഏഴുമണിയായപ്പോഴേക്കും പത്തനാപുരത്തു തഹശീൽദാരുടെ വീട്ടിലെത്തി. അപ്പോഴേക്കും തഹശീൽദാർക്കും ആനക്കാർക്കും അത്താഴത്തിനും ആനകൾക്കു തീറ്റയ്ക്കും വേണ്ടതെല്ലാം തയ്യാറായിരുന്നു. ചന്ദ്രശേഖരനും ഭവാനിയും ആ ആനക്കൊമ്പുകൾ തഹശീൽദാരുടെ വീട്ടിന്റെ വരാന്തയിൽ കൊണ്ടുചെന്നു വെച്ചിട്ടു് മുറ്റത്തു നിന്നു. തഹശീൽദാർ അത്താഴത്തിനിരുന്ന ഉടനെ ആനക്കാർക്കും ചോറുകൊടുക്കാൻ പറഞ്ഞു. അരിവെയ്പുകാരൻ അവരെ അത്താഴത്തിനു വിളിച്ചപ്പോൾ, “ഞങ്ങൾ ഈ ആനകളെക്കൊണ്ടുപോയി തളച്ചു തീറ്റ കൊടുത്തിട്ടുവരാം” എന്നു പറഞ്ഞു. ഉടനെ അയാൾ ചെന്നു ചന്ദ്രശേഖരനെ വിളിച്ചിട്ടു് അവൻ പോയില്ല. ഈ ആനക്കൊമ്പുകളുടെ അടുക്കൽനിന്നു പോകുവാൻ സമ്മതമില്ലാഞ്ഞിട്ടാണു് ചന്ദ്രശേഖരൻ ചെല്ലാത്തതെന്നു രാമശ്ശാർക്കു മനസ്സിലായി. അതിനാൽ അയാളും കേശവനും കൂടിപ്പോയി തീറ്റയ്ക്കുള്ളതു വലിച്ചു മുറ്റത്തുകൊണ്ടുവന്നു് ഇട്ടുകൊടുത്തിട്ടു് അവരും അത്താഴത്തിനു പോയി. എല്ലാവരും അത്താഴം കഴിച്ചിട്ടു വന്നപ്പോൾ ആനകൾ രണ്ടും തീറ്റ തിന്നുകൊണ്ടു മുറ്റത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ തഹശീൽദാർ “ഈ ആനകളെ തളയ്ക്കേണ്ടായോ” എന്നു രാമശ്ശാരോടു ചോദിച്ചു. അതിനു മറുപടിയായിട്ടു രാമശ്ശാർ “ഒന്നും വേണ്ട. അവർ അവിടെ നിൽക്കുകയോ കിടക്കുകയോ എന്തെങ്കിലും ചെയ്തുകൊള്ളും. ഉപദ്രവമൊന്നും ചെയ്കയില്ല” എന്നു പറഞ്ഞു. “എന്നാലവിടെ നില്ക്കട്ടെ” എന്നു പറഞ്ഞു തഹശീൽദാർ കിടക്കാൻ പോയി. തഹശീൽദാർ പുരയ്ക്കകത്തും ആനക്കാർ വരാന്തയിലും കിടന്നുറങ്ങി. ആനകൾ രണ്ടും തീറ്റ തിന്നു കഴിഞ്ഞിട്ടു മുറ്റത്തും കിടന്നു. ആനക്കൊമ്പുകൾ വരാന്തയിൽത്തന്നെ ഇരുന്നതിനാൽ ചന്ദ്രശേഖരൻ ഉറങ്ങിയില്ല. ചന്ദ്രശേഖരൻ ഉറങ്ങാത്തതിനാൽ ഭവാനിക്കും ഉറക്കം വന്നില്ല. എങ്കിലും തഹശീൽദാരും ആനക്കാരും കിടന്നയുടനെ ഉറങ്ങി. അവർ പകൽ വളരെ നേരം ആനപ്പുറത്തിരുന്നു ബുദ്ധിമുട്ടിയവരായിരുന്നുവല്ലോ. നേരം വെളുത്തപ്പോൾ രാമശ്ശാരും കേശവനും ഉണർന്നെണീറ്റു യാത്രയ്ക്കു തയ്യാറായി. അപ്പോഴേക്കും തഹശീൽദാരദ്ദേഹം ഉണർന്നെണീറ്റു പുറത്തു വന്നു. ചന്ദ്രശേഖരനും ഭവാനിയും മുറ്റത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. രാമശ്ശാർ തഹശീൽദാരദ്ദേഹത്തെ വന്ദിച്ചിട്ടു് ചന്ദ്രശേഖരനോടു്, “മകനേ, ചന്ദ്രശേഖരാ! ഇനി നമുക്കു കൊട്ടാരക്കരയ്ക്കു പോകാം” എന്നു പറഞ്ഞു. ചന്ദ്രശേഖരൻ അതുകേട്ടിട്ടു് കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. അതിനാൽ അപ്പോൾ പോകാൻ ചന്ദ്രശേഖരനു സമ്മതമില്ലെന്നു രാമശ്ശാർക്കു മനസ്സിലായി. സമ്മതമുണ്ടായിരുന്നുവെങ്കിൽ അവൻ തലകുലുക്കുകയും സമ്മതിച്ചതായി ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണു് പതിവു്. ചന്ദ്രശേഖരന്റെ ഹിതം പോലെയല്ലാതെ രാമശ്ശാർ ഒന്നും പ്രവർത്തിക്കാറില്ല. അതിനാൽ അയാൾ വീണ്ടും, “എന്നാലിനി എപ്പോൾ പോകാം?” എന്നു ചോദിച്ചു. അപ്പോൾ തഹശീൽദാരദ്ദേഹം, “ഈ കൊമ്പുകൾ തിരുവനന്തപുരത്തു കൊണ്ടുപോയി തിരുമുമ്പാകെ കാഴ്ചവെച്ചതിന്റെ ശേ‌ഷം, അല്ലേ, ചന്ദ്രശേഖരാ?” എന്നു ചോദിച്ചു. അപ്പോൾ ചന്ദ്രശേഖരൻ, സമ്മതിച്ചതായി തലകുലുക്കുകയും ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. പിന്നെ ഒട്ടും അമാന്തിക്കാതെ തഹശീൽദാരും ആനക്കാരും കുളിയും ഊണും കഴിക്കുകയും ചന്ദ്രശേഖരനെയും ഭവാനിയേയും കുളിപ്പിച്ചു വയർ നിറയത്തക്കവണ്ണം തീറ്റകൊടുക്കുകയും ചെയ്തിട്ടു് അവരെല്ലാവരുംകൂടി തിരുവനന്തപുരത്തേക്കു യാത്രയായി. അപ്പോഴും തഹശീൽദാർ ചന്ദ്രശേഖരന്റെ കഴുത്തിലും ആനക്കാർ ഭവാനിയുടെ പുറത്തും കയറിയും ആനക്കൊമ്പുകളിൽ ഒന്നു ചന്ദ്രശേഖരനും ഒന്നു ഭവാനിയും എടുത്തുകൊണ്ടുപോയിരുന്നു.

പത്തനാപുരത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവർ തിരുവനന്തപുരത്തെത്തി. തഹശീൽദാർ ഒരു സേവകൻ മുഖാന്തരം തിരുമനസ്സറിയിച്ചു് അനുവാദം വാങ്ങിക്കൊണ്ടു് ആനക്കാരോടും കൊമ്പുകളുമെടുത്തിരുന്ന ആനകളോടും കൂടി തിരുമുമ്പാകെച്ചെന്നു മുഖം കാണിച്ചു. ആനകൾ കൊമ്പുകൾ തിരുമുമ്പിൽ വെച്ചു കാൽമടക്കി നമസ്കരിചു. തഹശീൽദാർ ആ ആനകൊമ്പുകളെസ്സംബന്ധിച്ചു് ഉണ്ടായ സംഗതികളെല്ലാം വിവരമായി തിരുമനസ്സറിയിച്ചു. സംഗതികളെല്ലാം കേട്ടും ആനക്കൊമ്പുകളുടെ വലിപ്പം കണ്ടും തിരുമനസ്സുകൊണ്ടു് വളരെ സന്തോ‌ഷിക്കുകയും അത്ഭുതപ്പെടുകയും തഹശീൽദാർക്കും ആനക്കാർക്കും യഥായോഗ്യം സമ്മാനങ്ങൾ കല്പിച്ചുകൊടുക്കുകയും ചെയ്തതിന്റെ ശേ‌ഷം കല്പിച്ചു പഴക്കുലകൾ വരുത്തി തിരുമുമ്പിൽ വെച്ചുതന്നെ രണ്ടാനകൾക്കും പ്രത്യേകം പ്രത്യേകം ധാരാളമായി കൊടുപ്പിച്ചു. ചന്ദ്രശേഖരൻ അവനു കൊടുത്തതിൽനിന്നു് ഒരു പഴക്കുലയെടുത്തു മാറ്റിവെച്ചിട്ടു ശേ‌ഷം തിന്നു. അതു കണ്ടിട്ടു തിരുമനസ്സുകൊണ്ടു്, “ആ ഒരു പഴക്കുല മാറ്റി വെച്ചതെന്താണു്?” എന്നു കല്പിച്ചു ചോദിച്ചു. അപ്പോൾ രാമശ്ശാർ ചന്ദ്രശേഖരനു ഇഷ്ടമായിട്ടുള്ള മുഹമ്മദീയസ്ത്രീയുടെ കഥയും ഈ പഴക്കുല വിറ്റുകിട്ടുന്ന പണം അയാൾ ആ സ്ത്രീക്കു കൊണ്ടുചെന്നു കൊടുക്കാനായിട്ടാണു് അതു മാറ്റിവെച്ചതെന്നും ഇതു പതിവാണെന്നും മറ്റുമുള്ള വിവരവും തിരുമനസ്സറിയിച്ചു. ഇതൊന്നും ആ തിരുമനസ്സുകൊണ്ടു് അറിഞ്ഞിരുന്നില്ല. ഉടനെ തിരുമനസ്സുകൊണ്ടു്, “ചന്ദ്രശേഖരാ, അതു വെച്ചേക്കണമെന്നില്ല. ആ സ്ത്രീക്കു കൊടുക്കുവാനുള്ള പണം ഇവിടെത്തന്നേക്കാം” എന്നു കല്പിക്കുകയും അതിലേക്കു ഉടനെ മൂന്നരരൂപ രാമശ്ശാരുടെ പക്കൽ കല്പിച്ചു കൊടുക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ടു് ആനക്കാർക്കു വഴിച്ചെലവിനും ആനകൾക്കു തീറ്റിവകയ്ക്കും വേണ്ടുന്ന പണം കല്പിച്ചുകൊടുത്തു് അവരെ യാത്രയാക്കുകയും തഹശീൽദാരെ ശമ്പളക്കൂടുതലുള്ള മുളകുമടിശ്ശീലകാര്യക്കാരുദ്യോഗത്തിനു കല്പിച്ചു നിയമിക്കുകയും ചെയ്തു.

രാമശ്ശാരും കേശവനും ചന്ദ്രശേഖരനേയും ഭവാനിയേയും കൊണ്ടു് അന്നുതന്നെ തിരുവനന്തപുരത്തുനിന്നു പോരുകയും മൂന്നാംദിവസം കൊട്ടാരക്കരയെത്തുകയും ചെയ്തു. അവർ പിന്നെയും യഥാപൂർവ്വം സുഖമായിത്തന്നെ വളരെക്കാലം ജീവിച്ചിരുന്നു. അതിനിടയ്ക്കു് ചന്ദ്രശേഖരനു ഭവാനിയിൽ ഒരു പുത്രൻ ജനിച്ചു. അതു കൊല്ലം 994-ആമാണ്ടു കുംഭമാസം 23-ആം തീയതി വെള്ളിയാഴ്ചയും മകയിരം നക്ഷത്രവും പൂർവ്വപക്ഷത്തിൽ നവമിയും കൂടിയ ശുഭസമയമായിരുന്നു.

ആ കുട്ടിയാനയുണ്ടായിട്ടു് ഒരു കൊല്ലം കഴിഞ്ഞപ്പോൾ (995-ൽ) അനായാസേന രാമശ്ശാർ ചരമഗതിയെ പ്രാപിച്ചു. അപ്പോൾ ചന്ദ്രശേഖരനുണ്ടായ ദുഃഖം അപരിമിതം തന്നെയായിരുന്നു. രാമശ്ശാർ കഴിഞ്ഞതിന്റെ ശേ‌ഷം രണ്ടു മൂന്നു പേർ ചന്ദ്രശേഖരന്റെ ആനക്കാരായിത്തീർന്നു. അവരാരും രാമശ്ശാരെപ്പോലെ ചന്ദ്രശേഖരന്റെ ഹിതാനുവർത്തികളായിരുന്നില്ല. അതിനാൽ അവരെയെല്ലാം ചന്ദ്രശേഖരൻ ഓരോരിക്കലായിക്കൊന്നു. ഒടുക്കം രാമശ്ശാരുടെ മകൻ കൃ‌ഷ്ണൻ ചന്ദ്രശേഖരന്റെ ആനക്കാരനായിത്തീർന്നു. അവൻ രാമശ്ശാരെപ്പോലെതന്നെ സ്നേഹപൂർവ്വം ചന്ദ്രശേഖരന്റെ ഹിതത്തെ അനുവർത്തിച്ചിരുന്നു. രാമശ്ശാരോടുണ്ടായിരുന്നതു പോലെയുള്ള സ്നേഹം കൃ‌ഷ്ണനോടും ചന്ദ്രശേഖരനുണ്ടായിരുന്നു. അതിനാൽ ചന്ദ്രശേഖരന്റെ ജീവാവസാനം വരെ ആ കൃ‌ഷ്ണൻ തന്നെ ആനക്കാരനായിരുന്നു.

കൊല്ലം 1022-ആമാണ്ടു സ്വാതിതിരുനാൾ മഹാരാജാവു തിരുമനസ്സു കൊണ്ടു നാടുനീങ്ങിയെന്നു കേട്ടപ്പോഴും ചന്ദ്രശേഖരൻ വളരെ ദുഃഖിച്ചു. ആ ദുഃഖവും അവൻ ഒരു കൊല്ലം മുഴുവൻ ആചരിച്ചിരുന്നു. ഇപ്രകാരമെല്ലാം ഗുണവും യോഗ്യതയുമുണ്ടായിരുന്ന ചന്ദ്രശേഖരൻ കൊല്ലം 1027-ആമാണ്ടു കാലധർമ്മത്തെ പ്രാപിക്കുകയും ചെയ്തു.