close
Sayahna Sayahna
Search

പാമ്പുമ്മേക്കാട്ടു നമ്പൂരി


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പാമ്പുമേക്കാട്ടു നമ്പൂരിയുടെ ഇല്ലം കൊച്ചി രാജ്യത്തു മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട തീവണ്ടി സ്റ്റേഷനിൽ നിന്നു് ഏകദേശം എട്ടു നാഴിക കിഴക്കുതെക്കു മാളറോഡിനു പടിഞ്ഞാറു വശത്താണു്. അവിടെ പണ്ടുണ്ടായിരുന്നവർ വലിയ ഈശ്വരഭക്തന്മാരും മന്ത്രതന്ത്രനിപുണരുമായിരുന്നു. എങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖംകൊണ്ടു് അവർ വളരെ കഷ്ടപ്പെട്ടാണു നിത്യവൃത്തി കഴിച്ചിരുന്നതു്.

അങ്ങനെയിരുന്ന കാലത്തു് ആ ഇല്ലത്തെ ഗൃഹസ്ഥനായ നമ്പൂരി ചരിത്രപ്രസിദ്ധമായ തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽ ചെന്നു തന്റെ ദാരിദ്ര്യദുഃഖത്തിനു ശമനമുണ്ടാക്കിത്തരണമെന്നുള്ള പ്രാർത്ഥനയോടുകൂടി ഭക്തിപൂർവ്വം ദേവനെ ഭജിച്ചുതുടങ്ങി.

ഭജനം ഏകദേശം പന്ത്രണ്ടുകൊല്ലം തികയാറായപ്പോൾ ഒരു ദിവസം ക്ഷേത്രത്തിൽ അത്താഴപൂജയും മറ്റൂം കഴിഞ്ഞു് എല്ലാവരും പോയതിന്റെ ശേഷം നമ്പൂരി കുറച്ചു വെള്ളം മുക്കിയെടുക്കുന്നതിനു് ഒരു ജലപാത്രവും കൊണ്ടു ക്ഷേത്രത്തിന്റെ മതിൽക്കകത്തുള്ള തീർത്ഥക്കുളത്തിൽ ചെന്നപ്പോൾ അവിടെ കടവിൽ തേജസ്വിയായ ഒരാൾ നിൽക്കുന്നതു കണ്ടിട്ടു് “ആരാണതു്” എന്നു ചോദിച്ചു. അപ്പോൾ ആ പുരുഷൻ “ആളറിഞ്ഞു മേക്കാടിനെന്തു വേണം? വെള്ളം വേണമെങ്കിൽ മുക്കിയെടുത്തുകൊണ്ടു് പൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു. വാക്കുകൊണ്ടും തേജോമയമായ രൂപം കൊണ്ടും ആ ആൾ കേവലം മനുഷ്യനല്ല എന്നും ഒരു ദിവ്യനാണെന്നും തോന്നുകയാൽ നമ്പൂരി ഉടനെ ഒന്നും പറയാതെ വിചാരമഗ്നനായി അവിടെ നിന്നു. അപ്പോൾ ആ ദിവ്യപുരുഷന്റെ കൈയിൽ തീക്കട്ടപോലെ തിളങ്ങുന്നതായ എന്തോ ഒരു സാധനമിരിക്കുന്നതു് കണ്ടിട്ടു നമ്പൂരി “ആ കൈയിലിരിക്കുന്നതു് എന്താണു്?” എന്നു ചോദിച്ചു, അതിനും ശരിയായ ഉത്തരം പറയാതെ ആ ദിവ്യൻ “മേക്കാടു മാണിക്യക്കല്ലു കണ്ടിട്ടുണ്ടോ?” എന്നു ചോദിച്ചു. നമ്പൂരി “കണ്ടിട്ടില്ല” എന്നു പറഞ്ഞപ്പോൾ ദിവ്യൻ “കാണാനാഗ്രഹമുണ്ടോ?” എന്നു വീണ്ടും ചോദിച്ചു, നമ്പൂരി “കണ്ടാൽ കൊള്ളാമെന്നുണ്ടു്” എന്നു പറഞ്ഞു കൈനീട്ടി. അപ്പോൾ ആ ദിവ്യൻ “ഇതു് അങ്ങോട്ടു തന്നാൽ മടക്കിത്തരാമെന്നു നിശ്ചയമുണ്ടോ” എന്നു ചോദിച്ചു. “നിശ്ചയമുണ്ടു്” എന്നു് നമ്പൂരി പറഞ്ഞപ്പോൾ ആ ദിവ്യൻ രത്നം നമ്പൂരിയുടെ കൈയിലേക്കു് ഇട്ടുകൊടുത്തു. മുമ്പു കണ്ടിട്ടിലാത്ത ആ ദിവ്യരത്നം കണ്ടപ്പോൾ നമ്പൂരിക്കു വളരെ കൗതുകം തോന്നി. ആ നമ്പൂരി അക്കാലത്തെ കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ ഒരിഷ്ടനാകയാൽ ഈ ദിവ്യരത്നം തമ്പുരാനെക്കൂടി ഒന്നു കാണിക്കണമെന്നു തോന്നുകയാൽ നമ്പൂരി ആ ദിവ്യനോടു് “എനിക്കു് ഈ രത്നം ഒരാളെക്കൂടി കാണിച്ചാൽ കൊള്ളാമെന്നുണ്ടു്. അതിനാൽ ഇതൊന്നു കൊണ്ടുപോയിക്കൊണ്ടുവരുന്നതിനു് അനുവാദം തരണം” എന്നു പറഞ്ഞു. ഉടനെ തന്നെ ആ ദിവ്യൻ “വേഗത്തിൽ മടക്കിക്കൊണ്ടുവരാമെങ്കിൽ കൊണ്ടുപൊയ്ക്കൊള്ളൂ. എനിക്കു് ഇനി ഇവിടെ അധികംതാമസിക്കുന്നതിനു് നിവൃത്തിയില്ല” എന്നു പറഞ്ഞു. “ക്ഷണത്തിൽ വന്നേക്കാ”മെന്നും പറഞ്ഞു നമ്പൂരി ആ രത്നം കൊണ്ടുപോയി തമ്പുരാനെ കാണിച്ചു.

തമ്പുരാനു് ആ ദിവ്യരത്നം കണ്ടിട്ടു മടക്കിക്കൊടുക്കാൻ ഒട്ടും മനസ്സില്ലായിരുന്നു. “ഇതിനു വില എന്തുവേണമെങ്കിലും കൊടുത്തേക്കാ. ഇതു നമുക്കു വേണം” എന്നു തമ്പുരാൻ പറഞ്ഞു. അതു നമ്പൂരി സമ്മതിച്ചില്ല. “ഇതു മടക്കി കൊടുക്കാഞ്ഞാൽ എനിക്കു സത്യഭംഗം സംഭവിക്കും; അതു സങ്കടമാണു്” എന്നു നമ്പൂരി നിർബന്ധപൂർവ്വം പറയുകയാൽ തമ്പുരാനതു മടക്കി കൊടുത്തു. നമ്പൂരി അതുകൊണ്ടുപോയി ആ ദിവ്യനു കൊടുത്തു, രത്നം കൈയിൽ വാങ്ങിയ ക്ഷണത്തിൽ ആ ദിവ്യൻ അദൃശ്യനായി ഭവിച്ചു. ആ രത്നത്തിന്റെ ശോഭകൊണ്ടു് അതുവരെ പകൽപോലെ പ്രകാശിച്ചിരുന്ന ആ സ്ഥലം അപ്പോൾ അന്ധകാരപൂർണ്ണമായിത്തീർന്നു, നമ്പൂരി വല്ലാതെ അന്ധനും ഭീതനുമായി ഭവിക്കുകയും ചെയ്തു. രണ്ടുമൂന്നു നാഴിക കഴിഞ്ഞപ്പോൾ നമ്പൂരിക്കു കുറേശ്ശെ കണ്ണുകാണാറായി. പിന്നെ അദ്ദേഹം തീർത്ഥത്തിലിറങ്ങി വെള്ളം മുക്കിയെടുത്തു കൊണ്ടുപോയി.

Chap113pge1001.png

അന്നു രാത്രിയിൽ കിടന്നിട്ടു നമ്പൂരിക്കു ഉറക്കം വന്നില്ല. കഷ്ടം! ആ ദിവ്യൻ ആരാണെന്നുള്ള പരമാർത്ഥമറിയാൻ കഴിഞ്ഞില്ലല്ലോ. നിർബന്ധിച്ചു ചോദിച്ചിരുന്നുവെങ്കിൽ അദ്ദേഹം പരമാർത്ഥം പറയുമായിരുന്നു. ആ ദിവ്യരത്നം വിശ്വാസപൂർവ്വം എന്റെ കയ്യിൽ തന്നയച്ച ആ ദിവ്യൻ നിർബന്ധിച്ചാൽ താനാരാനെന്നുള്ള പരമാർത്ഥം പറയാതിരിക്കുമോ? ഒരിക്കലുമില്ല. അങ്ങനെ ചെയ്യാതെയിരുന്നതുകൊണ്ടു വലിയ വിഡ്ഢിത്തമായിപ്പോയി. ഇനി അതിനെക്കുറിച്ചു വിചാരിക്കുകയും വിഷാദിക്കുകയും ചെയ്താൽ ഫലമൊന്നുമില്ലല്ലോ. “അതീതകാര്യാനുശയേന കിം സ്യാൽ” എന്നും മറ്റൂം വിചാരിച്ചുകൊണ്ടു് അദ്ദേഹം അങ്ങനെ കിടന്നു.

അങ്ങനെ കുറച്ചുനേരം കഴിഞ്ഞപ്പോൾ അദ്ദേഹം ഉറങ്ങി. എങ്കിലും അധികം താമസിയാതെ ഉണരുകയും ചെയ്തു. അപ്പോൾ നിലാവിന്റെ വെളിച്ചം കുറേശ്ശെ ഉണ്ടായിരുന്നതിനാൽ നമ്പൂരിക്കു പ്രഭാതമായിയെന്നു തോന്നി. അദ്ദേഹം ആ ഭജനക്കാലത്തു ഏഴരനാഴിക വെളുപ്പാനുള്ളപ്പോഴാണു് പതിവായി കുളിച്ചിരുന്നതു്. ആ സമയം കഴിഞ്ഞുപോയി എന്നു തോന്നുകയാൽ അദ്ദേഹം പരിഭ്രമിച്ചു കുളിക്കാനായി തീർത്ഥക്കുളത്തിലെത്തി. അപ്പോഴും അവിടെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. നമ്പൂരി യഥാപൂർവ്വം “ആരാണതു്?” എന്നു ചോദിച്ചു. അപ്പോൾ ആ ആൾ “ഇതാരാണെന്നും മറ്റൂം അറിഞ്ഞിട്ടെന്തുവേണം? മേക്കാടിനു കുളിക്കാൻ നേരമായിട്ടില്ല. പോയിക്കിടന്നുറങ്ങൂ; അഹസ്സു പകർന്നിട്ടു വേണ്ടേ കുളിക്കാൻ?” എന്നു ചോദിച്ചു. ആ ശബ്ദം കേട്ടും ശരീരതേജസ്സു കണ്ടും ഇതു താൻ മുമ്പേ കണ്ട ദിവ്യൻ തന്നെയാണെന്നു മനസ്സിലാവുകയാൽ നമ്പൂരി അടുത്തുചെന്നു പാദത്തിങ്കെൽ വീണു വന്ദിച്ചുകൊണ്ടു “ശ്രീപരമേശ്വരനാണു്, അവിടുന്നു് ആരാണെന്നുള്ള പരമാർത്ഥം എന്നോയു പറയണം” എന്നപേക്ഷിച്ചു. അപ്പോൾ പരമാർത്ഥം പറയാതെയിരിക്കാൻ നിവൃത്തിയില്ലാതെവൈകയാൽ അദ്ദേഹം താൻ സാക്ഷാൽ വാസുകിയാണെന്നു പറഞ്ഞു. ഉടനെ നമ്പൂരി “എന്നാൽ അവിടുത്തെ സാക്ഷാൽ സ്വരൂപം എനിക്കു കാണിച്ചുതരണ”മെന്നു വീണ്ടും അപേക്ഷിച്ചു.

അപ്പോൾ വാസുകി “അതുവേണ്ട; അതു കണ്ടാൽ അങ്ങു ഭയപ്പെടും” എന്നു പറഞ്ഞിട്ടു സമ്മതിക്കാതെ വീണ്ടും നിബന്ധിക്കുകയാൽ വാസുകി തന്റെ ദേഹം ചുരുക്കി ശ്രീപരമേശ്വരന്റെ കൈവിരലിന്മേൽ കിടക്കുന്ന മോതിരത്തോളമാക്കി കാണിച്ചുകൊടുത്തു. എന്നിട്ടും നമ്പൂരി ഭയപ്പെട്ടു മൂർച്ഛിച്ചു നിലത്തുവീണു. പിന്നെ മൂന്നേമുക്കാൽ നാഴിക കഴിഞ്ഞപ്പോൾ നമ്പൂരിക്കു ബോധം വന്നു, അപ്പോൾ വാസുകി, “എന്താണു വരം വേണ്ടതു്?” എന്നു ചോദിച്ചു. അതിനു മറുപടിയായിട്ടു നമ്പൂരി “അവിടത്തെ സാന്നിദ്ധ്യം‌ സദാ എന്റെ ഇല്ലത്തുണ്ടായിരിക്കനം. എന്റെ ദാരിദ്ര്യദുഃഖം തീർത്തുതരികയും വേണം. ഇത്രയുമല്ലാതെ എനിക്കു വിശേഷിച്ചൊരു അപേക്ഷയുമില്ല” എന്നു പറഞ്ഞു. അതു കേട്ടു വാസുകി, “ആട്ടെ അങ്ങനെ ചെയ്യാം; മേക്കാടിന്റെ ഭജനം പന്ത്രണ്ടു കൊല്ലം തികയുന്നതിനു് ഇനി മൂന്നു ദിവസം മതിയല്ലോ. അതു കഴിഞ്ഞിട്ടു ഇല്ലത്തേക്കു പൊയ്ക്കൊള്ളൂ. അപ്പോഴേക്കും ഭഗവാന്റെ അനുവാദം വാങ്ങിക്കൊണ്ടു് ഞാനും അവിടെ വരികയും മേക്കാടിന്റെ അഭീഷ്ടം സാധിപ്പിക്കുകയും ചെയ്യാം. ഇനി കുളിക്കാനമാന്തിക്കേണ്ട, സമയമായിരിക്കുന്നു” എന്നു പറഞ്ഞു് നമ്പൂരിയെ കുളിക്കാനയയ്ക്കുകയും ഉടനെ അന്തർദ്ധാനം ചെയ്യുകയും ചെയ്തു.

നമ്പൂരി ഭജനം കഴിഞ്ഞു് ഇല്ലത്തെത്തി തന്റെ ഓലക്കുട കിഴക്കിനിയിൽ വെച്ചിട്ടു പോയി കുളിയും നിത്യകർമ്മാനുഷ്ഠാനാദികളും മറ്റൂം കഴിച്ചുവന്നു കുട മാറ്റിവയ്ക്കാനായി എടുത്തപ്പോൾ അതിന്മേലൊരു പാമ്പിനെക്കണ്ടു ഭയപ്പെട്ടു. ഉടനെ ആ പാമ്പു താഴെയിറങ്ങി, യഥാപൂർവ്വം ദിവ്യപുരുഷന്റെ രൂപം ധരിച്ചുകൊണ്ടു നമ്പൂരിയോടു്, “മേക്കാടു് ഭയപ്പെടേണ്ട, ഞാൻ വാസുകി തന്നെയാണു്. അങ്ങയുടെ സത്യസന്ധതയും ഭക്തിയും നിമിത്തം ഭഗവാൻ ശ്രീപരമേശ്വരൻ അങ്ങയെക്കുറിച്ചു് ഏറ്റവും പ്രസാദിച്ചിരിക്കുന്നു. ഭവാന്റെ അഭീഷ്ടം സാധിപ്പിച്ചുതരുന്നതിനായി സ്വാമി അരുളിച്ചെയ്തിട്ടുതന്നെയാണു് ഇപ്പോൾ ഞാൻ ഇവിടെ വന്നിരിക്കുന്നതു്. നമ്മൾ ആദ്യം കണ്ട ദിവസം ഞാൻ കാണിച്ചുതന്ന മാണിക്യക്കല്ലു് ഇതാ. ഇതു് ഇനി ഇവിടെത്തന്നെ ഇരിക്കട്ടെ. ഇതു സൂക്ഷിച്ചുവെച്ചുകൊള്ളണം. ഇതിരിക്കുന്നിടത്തു് ഒരിക്കലും ദാരിദ്ര്യദുഃഖം ബാധിക്കയില്ല.” എന്നു പറഞ്ഞു് ആ ദിവ്യരത്നം കൊടുത്തിട്ടു വാസുകി പിന്നെയും പറഞ്ഞു, “ഇനി ഇവിടെ ഒരു നാഗയക്ഷിയും വന്നുചേരും. അപ്പോഴും മേക്കാടു് ഭയപ്പെടേണ്ട.”

ഇത്രയും പറഞ്ഞപ്പോഴേക്കും ആ ഇല്ലത്തെ മൂത്ത അന്തർജ്ജനം അവിടെ വന്നു ചേർന്നു. ആ സാദ്ധ്വി ഒരു സ്വജനഗൃഹത്തിൽ ഒരു സദ്യയ്ക്കു പോയിരിക്കുകയായിരുന്നു. ആ അന്തർജ്ജനം വന്നു് അവരുടെ മറക്കുട (മനക്കുട) ഇറയത്തു വച്ചിട്ടു അകത്തേക്കു കയറി. അപ്പോൾ ആ കുടയിൽ നിന്നു് ഒരു പാമ്പു താഴെയിറങ്ങി ഇഴഞ്ഞു കിഴക്കിനിയിലെത്തി. ഉടനെ ആ പാമ്പും സർവാംഗസുന്ദരിയായ ഒരു ദിവ്യസ്ത്രീയുടെ രൂപം ധരിച്ചു വാസുകിയുടെ അടുക്കൽ നിന്നു. വാസുകി പിന്നെയും പറഞ്ഞു തുടങ്ങി: “ഞങ്ങളുടെ രണ്ടുപേരുടെയും പ്രതിമകളുണ്ടാക്കിച്ചു് ഈ കിഴക്കിനിയിൽ പ്രതിഷ്ഠിച്ചു് കുടുംബപരദേവതകളായി വിചാരിച്ചു് എന്നും പതിവായി പൂജിച്ചു വന്ദിച്ചുകൊള്ളണം. അങ്ങനെ ചെയ്തുകൊണ്ടാൽ ഇവിടെ ശ്രേയസ്സുകൾക്കു് ഒരിക്കലും കുറവു വരികയില്ല. പാമ്പുകൾ മുറയ്ക്കു് ഇനിയും ഇവിടെ വന്നു ചേരും. അവയെല്ലാം യഥേഷ്ടം ഇവിടെ എവിടെയെങ്കിലും താമസിച്ചുകൊള്ളും. ഒന്നിനേയും പ്രത്യേകിച്ചു് പ്രതിഷ്ഠിക്കണമെന്നില്ല. ഈ ഇല്ലവും ഇല്ലപ്പറമ്പും സർപ്പങ്ങളുടെ സങ്കേതമാക്കി സങ്കൽപ്പിച്ചുകൊണ്ടിരുന്നാൽ മതി. ഇവിടെ മലമൂത്രവിസർജ്ജനങ്ങൾക്കും തുപ്പാനും എച്ചിൽക്കൈ കഴുകാനും മറ്റും പ്രത്യേകം ഓരോ സ്ഥലങ്ങളുണ്ടാക്കിക്കൊള്ളണം. അതാതു കാര്യങ്ങൾ അതാതു സ്ഥലങ്ങളിലല്ലാതെ മുറ്റത്തും പറമ്പിലും തുപ്പുകപോലും ചെയ്യരുതു്. ഇവിടെ അടുക്കളയിലുള്ള അടുപ്പുകളിലല്ലാതെ പുറത്തെങ്ങും തീ കത്തിക്കരുതു്. മുറ്റത്തും പറമ്പിലുമെങ്ങും വെട്ടുകയും കിളയ്ക്കുകയും കുഴിക്കുകയും ചെയ്യരുതു്. അടുത്തുള്ള പറമ്പിൽ ഒരുപഭവനംകൂടിയുണ്ടാക്കണം. വിശേഷിച്ചുണ്ടാകുന്ന അടിയന്തരാദികളെല്ലാം അവിടെവെച്ചു നടത്തിക്കൊള്ളണം. പേറും തീണ്ടാരിയും ഈ ഇല്ലത്തു നടത്താൻ പാടില്ല. അവയ്ക്കുള്ള കാലമെടുക്കുമ്പോൾ അന്തർജ്ജനങ്ങൾ ആ ഉപഭവനത്തിലേക്കു മാറിത്താമസിച്ചുകൊള്ളണം. ഈ ഇല്ലത്തിനകത്തും പുറത്തും മുറ്റത്തും പറമ്പിലും മറ്റൂം പാമ്പുകളെ ചിലപ്പോൾ കണ്ടേക്കും. എന്നാൽആരും ഭയപ്പെടേണ്ട. ഈ ഇല്ലത്തുള്ളവരെ പാമ്പുകൾ, അവയെ ചവിട്ടുകയോ മറ്റോ ചെയ്യാതെ കടിക്കുകയില്ല. അങ്ങനെ കടിച്ചാലും ഈ ഇല്ലത്തുള്ളവരെ വിഷം ബാധിക്കുകയില്ല. നേരെമറിച്ചു് ആ വിഷം ആ പാമ്പുകളെത്തന്നെ ബാധിക്കും. അങ്ങനെ വന്നാൽ ആ പാമ്പുകളെ വിഷം ഇറക്കി വിട്ടേക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ആ പാമ്പുകൾ മരിച്ചുപോയേക്കും. അന്യന്മാരെ പാമ്പുകൾ ദംശിച്ചാൽ ഈ ഇല്ലത്തുള്ളവർ വിഷമിറക്കരുതു്. എന്നാൽ സർപ്പകോപം നിമിത്തം ജനങ്ങൾക്കുണ്ടാകുന്ന രോഗൾക്കും മറ്റൂം പ്രതിവിധി ചെയ്യുന്നതിനു് വിരോധമില്ല. ഞങ്ങളെ പ്രതിഷ്ഠിക്കുന്ന ഈ കിഴക്കിനിയിൽ രണ്ടു വിളക്കുകൾ കെടാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കണം. ഈ വിളക്കുകളിന്മേൽപ്പിടിച്ചുണ്ടാകുന്ന മഷിയും ആ വിളക്കുകളിലെ എണ്ണയും സർപ്പകോപം നിമിത്തമുണ്ടാകുന്ന ത്വഗ്രോഗങ്ങൾക്കും മറ്റും സിദ്ധൗഷധങ്ങളായിരിക്കുന്നതാണു്. ഞാനീപ്പറഞ്ഞിട്ടുള്ളവയെല്ലാം ഈ ഇല്ലത്തുള്ളവരും ഇനി ഉണ്ടാകുന്നവരും അറിഞ്ഞിരിക്കേണ്ടവയാകയാൽ തലമുറ തോറും എല്ലാവരും അവരവരുടെ സന്തതികൾക്കു് ഉപദേശിച്ചുകൊള്ളണം.” ഇങ്ങനെ വേണ്ടതെല്ലാം പറഞ്ഞതിന്റെ ശേഷം “ഇനി ആവശ്യപ്പെടുമ്പോൾ കാണാം” എന്നുകൂടി പറഞ്ഞിട്ടു വാസുകിയും നാഗയക്ഷിയും മറഞ്ഞു.

ആ നമ്പൂരി വാസുകി പറഞ്ഞതുപോലെ കിഴിക്കിനിയിൽ വാസുകിയേയും നാഗയക്ഷിയേയും പ്രതിഷ്ഠിക്കുകയും മറ്റും ചെയ്തു. അക്കാലംമുതൽക്കു് ആ ഇല്ലക്കാർക്കു ‘മേക്കാട്ടുനമ്പൂരി’ എന്നായിരുന്ന പേരു് ‘പാമ്പുമ്മേക്കാട്ടു നമ്പൂരി’ എന്നായിത്തീരുകയും അതു പ്രസിദ്ധപ്പെടുകയും സ്ഥിരപ്പെടുകയും ചെയ്തു. അവിടെ ഇപ്പോഴും വാസുകി പറഞ്ഞിട്ടുള്ളതുപോലെയെല്ലാം ആചരിച്ചവരുന്നുണ്ടെന്നാണു് കേൾവി. ആ ഇല്ലത്തു വാസുകിയുടെ സാന്നിദ്ധ്യം സിദ്ധിച്ച കാലം മുതൽ ദാരിദ്ര്യമുണ്ടായിട്ടില്ല. സമ്പത്തു ക്രമേണ വർദ്ധിച്ചുതുടങ്ങുകയും ചെയ്തു. ഇപ്പോഴും അവിടെ സമ്പത്തു വർദ്ധിച്ചുകൊണ്ടുതന്നെയാണിരിക്കുന്നതു്. അവിടെ ഇപ്പോൾ ഭജനത്തിനായിട്ടും സർപ്പകോപം നിമിത്തമുണ്ടാകുന്ന ദോഷങ്ങൾക്കു പ്രതിവിധികൾ ചെയ്യിക്കുന്നതിനായിട്ടും പ്രതിദിനമെന്നപോലെ അസംഖ്യമാളുകൾ വരികയും ഓരോന്നു ചെയ്യിക്കുകയും അവയ്ക്കെല്ലാം ദക്ഷിണയായും മറ്റും വളരെപ്പണം കൊടുക്കുകയും ചെയ്യുന്നുണ്ടു്. അവിടെ ഇപ്പോൾ ആ ഇല്ലത്തെ വകയായിട്ടുതന്നെ ആണ്ടുതോറും വൃശ്ചികമാസം ഒന്നാംതീയതി മുതൽ നാൽപത്തൊന്നു ദിവസം സർപ്പബലി നടത്തിപ്പോരുന്നതു കൂടാതെ ഓരോരുത്തരുടെ വഴിപാടായിട്ടും മിക്ക ദിവസങ്ങളിലും അവിടെ സർപ്പബലി നടത്തപ്പെടുന്നുണ്ടു്.

മേക്കാട്ടില്ലത്തു കിഴക്കിനിയിൽ വാസുകിയേയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും പാമ്പുമ്മേക്കാട്ടു നമ്പൂരിയെക്കുറിച്ചുള്ള കേൾവി ഭൂലോകത്തിൽ സർവ്വത്ര പരന്നു. സർപ്പകോപം നിമിത്തമുണ്ടാകുന്ന ത്വഗ്‌ദോഷാദിരോഗങ്ങൾക്കും മറ്റും ആ ഇല്ലത്തുള്ളവർ എന്തെങ്കിലും ചെയ്താൽ ഭേദപ്പെടുമെന്നുള്ള ഒരു വിശ്വാസം ജനങ്ങളുടെയിടയിൽ ദൃഢീഭവിക്കുകയും ചെയ്തു.

അക്കാലത്തുണ്ടായിരുന്ന ഒരു പാണ്ഡ്യരാജാവിനു് കുഷ്ഠത്തിന്റെ ഛായയിൽ ഒരു മാതിരി ത്വഗ്രോഗം ബാധിച്ചിട്ടു പല ചികിത്സകളും മറ്റും ചെയ്തിട്ടും ഭേദമായില്ല. അങ്ങനെയിരുന്ന കാലത്തു പാമ്പുമ്മേക്കാട്ടു നമ്പൂരിയെക്കുറിച്ചു പാണ്ഡ്യരാജാവിനു് അറിവുകിട്ടുകയാൽ അദ്ദേഹം ആളയച്ചു് അന്നു ഗൃഹസ്ഥനായിരുന്ന നമ്പൂരിയെ പാണ്ടിയിൽ കൊണ്ടുപോവുകയും നമ്പൂരിയുടെ ചികിത്സകൊണ്ടു രാജാവു് ക്ഷണത്തിൽ പൂർണ്ണസുഖത്തെ പ്രാപിക്കുകയും ചെയ്തു. രാജാവു് നമ്പൂരിക്കു് ഒട്ടുവളരെ പണവും സമ്മാനങ്ങളും കൊടുത്താണു മടക്കിയയച്ചതെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ.

നമ്പൂരി പരിവാരസമേതം പാണ്ഡ്യരാജ്യത്തുനിന്നു പുറപ്പെട്ടു ദക്ഷിണതിരുവിതാംകൂറിൽ ഇപ്പോൾ ഒരു പ്രധാന പട്ടണമായി പ്രശോഭിക്കുന്ന ‘നാഗരുകോവിൽ’ എന്ന സ്ഥലത്തു വന്നപ്പോൾ വഴിക്കടുത്തുള്ള വനാന്തരത്തിൽ ഒരാർത്തനാദം കേട്ടു ദയാലുവുമായ ആ നമ്പൂരി സപരിവാരം ആ കാട്ടിലേക്കു ചെന്നു. അപ്പോൾ അവിടെ ഒരു സ്ത്രീ ഇരുന്നു കരയുന്നുണ്ടായിരുന്നു. അവളുടെ ദുഃഖകാരണം ചോദിച്ചപ്പോൾ “താനൊരു ചണ്ഡാലിയാണെന്നും ഈ സ്ഥലത്തു വന്നു പുല്ലറുത്തു കൊണ്ടുപോയി വല്ലവർക്കും കൊടുത്തു കിട്ടുന്നതു വാങ്ങിയാണു് താൻ നിത്യവൃത്തി കഴിച്ചുവരുന്നതെന്നും ആ പതിവുപോലെ അന്നും വന്നു പുല്ലറുത്തപ്പോൾ തന്റെ അരിവാൾ ഒരു ശിലാവിഗ്രഹത്തിന്മേൽ കൊണ്ടു സ്വൽപം മുറിയുകയാൽ അതിൽ നിന്നു രക്തപ്രവാഹമുണ്ടായിരിക്കുന്നുവെന്നും അതു കണ്ടു പേടിച്ചാണു താൻ കരയുന്നതെ”ന്നും പറഞ്ഞു. ആ ശാഡ്വലപ്രദേശത്തു് പുല്ലു് മുട്ടോളം വളർന്നുനിൽക്കുന്നുണ്ടായിരുന്നു. നമ്പൂരി തന്റെ ഭൃത്യന്മാരെക്കൊണ്ടു പുല്ലു മാറ്റിച്ചുചെന്നു നോക്കിയപ്പോൾ ആ വിഗ്രഹം പഞ്ചശിരസ്സായ ഒരു സർപ്പത്തിന്റേതായിരുന്നു. അതിന്റെ ഒരു തല സ്വൽപം മുറിഞ്ഞു് അപ്പോഴും രക്തം പ്രവഹിക്കുന്നുണ്ടായിരുന്നു. നമ്പൂരി തന്റെ മന്ത്രശക്തികൊണ്ടു രക്തപ്രവാഹം നിർത്തുകയും സാന്ത്വനവാക്കുകൾകൊണ്ടു ചണ്ഡാലിയെ സമാശ്വസിപ്പിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തതിന്റെ ശേഷം സമീപസ്ഥന്മാരായ ചിലരെ ഈ വിവരം ഗ്രഹിപ്പിക്കുകയും അവർ മുഖാന്തിരം തൽക്കാലാവശ്യത്തിനു വേണ്ടുന്ന ഉപകരണങ്ങൾ വരുത്തി ആ നാഗപ്രതിമയ്ക്കു് അഞ്ചുപേർകൂടി പുണ്യാഹം കഴിക്കുകയും പാമ്പുമ്മേക്കാട്ടു നമ്പൂരിതന്നെ ഒരു പൂജ കഴിക്കുകയും ചെയ്തു.

പിന്നെ നമ്പൂരി അക്കാലത്തു് ആ ദേശത്തുണ്ടായിരുന്ന പ്രധാനന്മാരെയൊക്കെക്കണ്ടു് ഈ നാഗപ്രതിമ കാണപ്പെട്ടിരിക്കുന്ന വിവരം അറിയിക്കുകയും ഈ നാഗപ്രതിമ ഇവിടെ പ്രതിഷ്ഠിച്ചതു് ഏറ്റവും തപശ്ശക്തിയുള്ള ഒരു ദിവ്യനായിരിക്കണമെന്നും പ്രതിഷ്ഠിച്ച ആ മഹാന്റെ തപശ്ശക്തികൊണ്ടാണു് ഈ വിഗ്രത്തിന്റെ ചൈതന്യം ഇതുവരെ വിട്ടുപോകാത്തതെന്നും ചൈതന്യമില്ലാതിരുന്നുവെങ്കിൽ രക്തപ്രവാഹമുണ്ടാവുകയില്ലായിരുന്നുവല്ലോ എന്നും ഈ വിഗ്രഹത്തെ യഥായോഗ്യം പൂജിച്ചു വന്ദിച്ചുകൊണ്ടിരുന്നാൽ നാഗരാജാവു് സന്തോഷിക്കുകയും തന്നിമിത്തം ഈ ദേശക്കാർക്കു ശ്രേയസ്സു വർദ്ധിക്കുകയും ചെയ്യുമെന്നും മറ്റു പറയുകയും ജനങ്ങൾ അതെല്ലാം വിശ്വാസപൂർവ്വം സമ്മതിക്കുകയും ചെയ്തു.

അനന്തരം നമ്പൂരി ആ ദേശക്കാരുടെ സഹായസഹകരണങ്ങളോടുകൂടി ആ സ്ഥലത്തെ കാടും പുല്ലുമെല്ലാം വെട്ടിക്കളയിച്ചു് അവിടം ജനസഞ്ചാരയോഗ്യമാക്കിത്തീർക്കുകയും ആ നാഗപ്രതിമയ്ക്കു മഞ്ഞും മഴയും വെയിലുമേൽക്കാതെയിരിക്കത്തക്കവണ്ണം അവിടെ ഒരു മേൽപ്പുര കെട്ടിക്കുകയും ചെയ്തു. ഇവയ്ക്കെല്ലാം വേണ്ടിവന്ന പണം ചെലവുചെയ്തതു പാമ്പുമ്മേക്കാട്ടു നമ്പൂരിതന്നെയാണു്. ജനങ്ങൾ വാക്കുകൊണ്ടും ദേഹംകൊണ്ടുമല്ലാതെ ധനംകൊണ്ടു സഹായിക്കണമെന്നു് അദ്ദേഹം ആവശ്യപ്പെട്ടില്ല. നമ്പൂരിയുടെ കൈവശം പാണ്ഡ്യരാജാവു് കൊടുത്തതായിട്ടുതന്നെ പണം ധാരാളമുണ്ടായിരുന്നു.

നാഗർക്കു (നാഗരാജാവിനു) കുടിലുപോലെ ഓലമേച്ചിലായിട്ടെങ്കിലും ഒരു കോവിൽ (അമ്പലം) അവിടെയുണ്ടായപ്പോൾ അതിനെ എല്ലാവരും ‘നാഗരുകോവിൽ’ എന്നു പറഞ്ഞുതുടങ്ങി. കാലക്രമേണ ആ ദേശത്തിന്റെയും പേർ അതുതന്നെയായിത്തീർന്നു. ആ കോവിൽ പാമ്പുമ്മേക്കാട്ടു നമ്പൂരിതന്നെ പതിവായി പൂജ നടത്തിത്തുടങ്ങുകയാൽ അവിടെ നാഗരാജാവിന്റെ സാന്നിദ്ധ്യവും ചൈതന്യവും സീമാതീതമായി വർദ്ധിച്ചു. അപ്പോൾ ആ ദേശക്കാരെല്ലാം നാഗരാജാവിനെ തങ്ങളുടെ ദേശപരദേവതയായി വിചാരിക്കുകയും ആചരിക്കുകയും വന്ദിക്കുകയും വഴിപാടുകൾ കഴിക്കുകയും മറ്റും തുടങ്ങി. അതിനാൽ ആ നാഗരുകോവിലിനെക്കുറിച്ചുള്ള പ്രസിദ്ധി ലോകത്തിൽ സർവ്വത്ര പരന്നു. അപ്പോൾ അവിടെ അന്യദേശക്കാരായ ജനങ്ങളും ഭജനത്തിനായും ദർശനത്തിനായും മറ്റും കണക്കില്ലാതെ വന്നു തുടങ്ങി. വഴിപാടുകളും സീമാതീതമായി വർദ്ധിച്ചു. എന്നിട്ടും കഴിച്ചുകൂട്ടാൻ വളരെ പ്രയാസമായിത്തീർന്നു. പാമ്പുമ്മേക്കാട്ടു നമ്പൂരി പൂജ കഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുകയില്ലല്ലോ. വഴിപാടുകളും മറ്റും വർദ്ധിച്ചതിനോടുകൂടി പാമ്പുമ്മേക്കാട്ടു നമ്പൂരിക്കും ശാന്തിക്കാർക്കും സമ്പാദ്യവും വർദ്ധിച്ചു.

പഞ്ചശിരസ്സായിട്ടുള്ള ആ നാഗപ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നതു് അഞ്ചടി സമചതുരവും നിലനിരപ്പിൽനിന്നു സ്വൽപം താഴ്ചയുമുള്ള ഒരു സ്ഥലത്താണു്. അവിടെ മണ്ണിനു ധാരാളമായി ഈർപ്പം കാണുന്നുണ്ടു്. ഇതിനോടടുത്തുള്ള സ്ഥലങ്ങളിൽ ഇതിനേക്കാൾ കുഴിച്ചാലും ലേശംപോലും ജലമയം കാണുന്നില്ല. ഈ പ്രതിമയിരിക്കുന്ന സ്ഥലത്തെ മണ്ണു രക്തവർണ്ണമായിട്ടാണു് ഇരിക്കുന്നതു്. അതു നാഗരാജാവിന്റെ ഒരു ശിരസ്സിനു മുറിവുപറ്റി രക്തം വീണതിനാൽ അങ്ങനെയായതാണെന്നാണു് പറയുന്നതു്. അവിടെ ദർശനത്തിനായി ചെല്ലുന്നവർക്കു പ്രസാദമായി കൊടുക്കുന്നതു് ഈ മണ്ണാണു്. അതിനാൽ ദിവസംപ്രതി മണ്ണു് ആ സ്ഥലത്തുനിന്നെടുക്കുന്നുണ്ടു്. ഈ മണ്ണു സകലവിധ ത്വഗ്രോഗങ്ങൾക്കും ഒരു സിദ്ധൗഷധമാണെന്നാണു ജനവിശ്വാസം. ഇക്കാലത്തും ആ പ്രസാദം തേച്ചിട്ടു പല ത്വഗ്രോഗികൾക്കും സുഖം സിദ്ധിക്കുന്നുമുണ്ടു്. അതിനാൽ ദൂരസ്ഥലങ്ങളിൽനിന്നും പ്രതിദിനം അനേകമാളുകൾ വന്നു് ഈ പ്രസാദം വാങ്ങി കൊണ്ടുപോകുന്നുമുണ്ടു്. ഇതൊന്നുകൊണ്ടും ആ സ്ഥലത്തിനു ലേശംപോലും താഴ്ച വരുന്നില്ല. അവിടെനിന്നു് എടുക്കുന്നേടത്തോളം മണ്ണു് അടുത്ത ദിവസത്തേക്കു് അവിടെ ഉണ്ടായിക്കൊള്ളും. ഇതൊരത്ഭുതമാണല്ലോ.

പിന്നെ ഇവിടെ ഒരു ചെടിയുണ്ടു്. ആ ജാതി ചെടി ഭൂലോകത്തിൽ മറ്റൊങ്ങുമില്ല. ഇതിന്റെ പേർ ആർക്കും അറിഞ്ഞുകൂടാ. ഇതു് അനേകം പേർ വന്നു കാണുന്നുണ്ടു്.

ഇപ്രകാരമെല്ലാം മാഹാത്മ്യത്തോടുകൂടിയിരിക്കുന്ന നാഗരാജൻ ഒരു കുടിൽപോലെയുള്ള ഓലപ്പുരയിൽ ഒരു കുഴിയിലിരിക്കുന്നതു ഭംഗിയില്ലെന്നും ഒരു നല്ല അമ്പലം പണിയിച്ചു് ഈ വിഗ്രഹമെടുത്തു മാറ്റി പ്രതിഷ്ഠിക്കണമെന്നും തോന്നുകയാൽ പാമ്പുമ്മേക്കാട്ടു നമ്പൂരി അവിടെ ഒന്നാന്തരത്തിൽ ഒരമ്പലം പണിയിക്കുകയും ബിംബം മാറ്റി പ്രതിഷ്ഠിക്കുന്നതിനു് വേണ്ടതെല്ലാം വട്ടംകൂട്ടുകയും മുഹൂർത്തം നിശ്ചയിക്കുകയും ചെയ്തു. മൂഹൂർത്തദിവസത്തിന്റെ തലേദിവസം രാത്രിയിൽ നാഗരാജാവു് നമ്പൂരിയുടെ അടുക്കൽ ചെന്നു് “എന്നെ മാറ്റി പ്രതിഷ്ഠിക്കരുതു്, എനിക്കു് ഇവിടെത്തന്നെയിരുന്നാൽ മതി” എന്നു പറഞ്ഞതായി അദ്ദേഹത്തിനു് ഒരു സ്വപ്നമുണ്ടായി. അതിനാൽ അദ്ദേഹം ആ മാറ്റിപ്രതിഷ്ഠ വേണ്ടെന്നു വയ്ക്കുകയും പുത്തനായി പണിയിച്ച അമ്പലത്തിൽ ഒരു വിഷ്ണുവിഗ്രഹവും ശിവലിംഗവും പ്രതിഷ്ഠിക്കുകയും ചെയ്തു. നാഗരാജാവു് ഇപ്പോഴും പൂർവ്വസ്ഥിതിയിൽ ആ സ്ഥലത്തുതന്നെ ഇരിക്കുന്നു.

ആ നമ്പൂരി അവിടെ നിത്യനിദാനം, മാസവിശേഷം, ആട്ട (ആണ്ടു) വിശേഷം മുതലായവയ്ക്കെല്ലാം വേണ്ടുന്ന വസ്തുവകകൾ ശേഖരിക്കുകയും ആണ്ടുതോറും മീനമാസത്തിലായില്യം മുതൽ പത്തു ദിവസത്തെ ഉൽസവം പതിവാക്കുകയും ചെയ്തു. അദ്ദേഹത്തിനു പ്രായാധിക്യം നിമിത്തം അവിടെത്താമസിക്കാനും പതിവായി പൂജനടത്താനും പ്രയാസമായപ്പോൾ ഇല്ലത്തേക്കു പോയി. പിന്നെ അദ്ദേഹത്തിന്റെ പുത്രന്മാരും പൗത്രന്മാരും ചിലപ്പോൾ നാഗരുകോവിൽ പോയിത്താമസിക്കുകയും ക്ഷേത്രകാര്യങ്ങളന്വേഷിക്കുകയും ചെയ്തിരുന്നു. അപ്പോൾ പൂജയ്ക്കും മറ്റും വേറെ അളുകളെ നിയമിച്ചു. ക്രമേണ ആ ഇല്ലത്തുള്ളവർ ആണ്ടിലൊരിക്കൽ മീനമാസത്തിൽ ഉൽസവത്തിനുമാത്രം അവിടെപ്പോവുകയും ഉൽസവത്തിന്റെ ക്രിയകൾ നടത്തുകയും ശേഷം കാര്യങ്ങളെല്ലാം അന്യന്മാരെക്കൊണ്ടു നടത്തിക്കുകയുമായി. അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ ദേവസ്വം തിരുവിതാംകൂർ സർക്കാരിൽ ചേർത്തു. അപ്പോൾ അവിടെ പാമ്പുമ്മേക്കാട്ടില്ലത്തേക്കു തന്ത്രം മാത്രമായിത്തീർന്നു. അതിനു സർക്കാരിൽനിന്നും അവർക്കു ചില അനുഭവങ്ങളും നിശ്ചയിച്ചു. അതിനൊന്നിനും ഇപ്പോഴും ഭേദം വന്നിട്ടില്ല. നാഗരുകോവിൽ ഉൽസവത്തിനു തന്ത്രം നടത്താൻ പാമ്പുമ്മേക്കാട്ടു നമ്പൂരിതന്നെ വേണമെന്നും ആൾപ്പേരായാൽപ്പോരെന്നുമാണു് വെച്ചിരിക്കുന്നതു്. അവിടെ ഉൽസവത്തിനു് ആ ഇല്ലത്തു നിന്നുതന്നെ ആരെങ്കിലും പോവുകയും തന്ത്രം നടത്തുകയും അതിനു നിശ്ചയിട്ടിട്ടുള്ള അനുഭവം വാങ്ങുകയും ഇപ്പോഴും നടന്നുവരുന്നുണ്ടു്. വേറെ അധികാരമൊന്നും ഇപ്പോൾ ആ ഇല്ലക്കാർക്കു് അവിടെയില്ല.

പാമ്പുമ്മേക്കാട്ടില്ലത്തു് ഒരു കാലത്തു് പൂർവ്വാചാരങ്ങളിലും പൂർവ്വന്മാരുടെ ഉപദേശങ്ങളിലും പ്രതിപത്തിയും വിശ്വാസവും കുറവായിട്ടു് ഒരു നമ്പൂരി ഉണ്ടായിത്തീർന്നു. അദ്ദേഹത്തിനു കുലപരദേവതകളായ നാഗത്താന്മാരിൽ ഭക്തിയും കുറവായിരുന്നു. അതിനാൽ ഒരടിയന്തിരം ഇല്ലത്തുവെച്ചുതന്നെ നടത്തണമെന്നു നിശ്ചയിച്ചു. നെടുമ്പുരയ്ക്കു തൂണിടാൻ കുഴികൾ കുഴിച്ചപ്പോൾത്തന്നെ മണ്ണിനടിയിലിരുന്നിരുന്ന ചില പാമ്പിൻമുട്ടകൾ പൊട്ടുകയും ചില സർപ്പങ്ങൾക്കു ജീവഹാനി സംഭവിക്കുകയും ചെയ്തു. അപ്പോഴേക്കും പാമ്പുകൾ കൂട്ടത്തോടെ ഇളകിപ്പുറപ്പെട്ടു. ഇല്ലത്തിനകത്തും പുറത്തും മുറ്റത്തും പറമ്പിലും സർവ്വത്ര പാമ്പുകൾ നിറഞ്ഞു. അടുക്കളയിലും അടുപ്പുകളിലുമെല്ലാം പാമ്പുകൾ നിറയുകയാൽ അവിടെ അരിവെയ്ക്കാനും ഉണ്ണാനുമൊന്നും നിവൃത്തിയില്ലാതെയായി. അവിടെ പുരകൾ കെട്ടാനും മറ്റും കൂലിവേലക്കാർ മുതലായവർ പേടിച്ചിട്ടു പടിക്കകത്തു കടക്കാതെയുമായി. അപ്പോൾ നമ്പൂരി വല്ലാതെ വിഷണ്ണനായിത്തീർന്നു. പിന്നെ ആ നമ്പൂരി ചെയ്തതും ചെയ്യിച്ചതുമായ ആ അക്രമപ്രവൃത്തികൾക്കെല്ലാം പ്രശ്നവിധിപ്രകാരം പ്രതിവിധികളും പ്രായശ്ചിത്തങ്ങളും ചെയ്തതിൽപിന്നെയാണു് പാമ്പുകളൊതുങ്ങി പൂർവ്വസ്ഥിതിയിലാവുകയും ഇല്ലത്തു യഥാപൂർവ്വം പാർക്കാറാവുകയും ചെയ്തതു്. പിന്നെ അടിയന്തിരം പതിവുപോലെ ഉപഭവനസ്ഥലത്തുവെച്ചു നടത്തി. അതിൽപ്പിന്നെ അവിടെയാരും മുൻപതിവിനു വിരോധമായി ഒന്നും ചെയ്യാറില്ല. അങ്ങനെ പ്രവർത്തിച്ച ആ നമ്പൂരി ആധിയും വ്യാധിയും പിടിപെട്ടു് അചിരേണ കാലധർമ്മത്തെ പ്രാപിക്കുകയും ചെയ്തു.

കേരളത്തിൽ സർപ്പബലി നടത്തുക, സർപ്പക്കാവു മാറ്റുക മുതലായവ ചെയ്‌വാനുള്ള അധികാരം പാമ്പുമ്മേക്കാട്ടു നമ്പൂരിക്കു മാത്രമേയുള്ളു എന്നാണു് വെച്ചിരിക്കുന്നതു്. അതിനാൽ ആണ്ടുതോറും ആ ഇല്ലത്തുള്ളവർ ചെല്ലേണ്ടുന്ന സ്ഥലങ്ങൾ വളരെയുണ്ടു്. അവിടെയൊക്കെ ചെന്നുചേരാൻ അവരെക്കൊണ്ടു സാധിക്കായ്കയാൽ അവർ അവരുടെ ആൾപ്പേരായി മറ്റു നമ്പൂരിമാരെ അയച്ചും പല സ്ഥലങ്ങളിലും ആവശ്യങ്ങൾ നടത്തിക്കുന്നുണ്ടു്.

പാമ്പുകൾ പാമ്പുമ്മേക്കാട്ടില്ലത്തെ പരദേവതമാരും കാവൽക്കാരുമായിട്ടാണു് അവിടെ വർത്തിക്കുന്നതു്. അവർ ആ ഇല്ലത്തേക്കു ധാരാളമായി ധനം വരുത്തിക്കൊടുക്കുന്നുണ്ടു്. അവിടെനിന്നു് ഒരു പുല്ലുപോലും അന്യന്മാർ കൊണ്ടുപോകാതെ അവർ കാത്തു സൂക്ഷിക്കുന്നുമുണ്ടു്.

ഒരിക്കൽ ‘ചേകണ്ണൻ’ എന്നു പ്രസിദ്ധനായ തസ്ക്കരത്തലവനും കൂട്ടുകാരും കൂടി പല സ്ഥലങ്ങളിൽക്കയറി കൊള്ളചെയ്തു് ഒട്ടുവളരെ പണവും പണ്ടങ്ങളും കെട്ടിയെടുത്തുകൊണ്ടു പോകുംവഴി പാമ്പുമ്മേക്കാട്ടില്ലത്തും കയറി. അവിടെ പണമായിട്ടും പണ്ടങ്ങളായിട്ടുമുണ്ടായിരുന്നതെല്ലാം കൈക്കലാക്കിക്കൊണ്ടു പുറത്തുവന്നു നോക്കിയപ്പോൾ, അകത്തേക്കു കടന്നപ്പോൾ പുറത്തുവെച്ച ചുമടുകളിന്മേലെല്ലാം ഓരോ നാഗവീരന്മാർ തലപൊക്കിപ്പിടിച്ചുകൊണ്ടിരിക്കുന്നതായി കണ്ടു. ആ ചുമടുകളെല്ലാമുപേക്ഷിച്ചു് ആ ഇല്ലത്തുനിന്നെടുത്തതും കൊണ്ടു പൊയ്ക്കളയാമെന്നു വിചാരിച്ചു് അവർ പോകാനായി ഭാവിച്ചപ്പോൾ പട്ടാളക്കാരെപ്പോലെ ഒട്ടുവളരെ പാമ്പുകൾ മുമ്പിൽ വന്നു് അണിനിരന്നു. തിരിഞ്ഞുനോക്കിയപ്പോൾ പിന്നിലും അതുപോലെതന്നെ സർപ്പങ്ങൾ നിരന്നിരിക്കുന്നതു കണ്ടു. തസ്കരന്മാരെല്ലാം മുമ്പോട്ടും പുറകോട്ടും പോകാൻ നിവൃത്തിയില്ലാതെ അവിടെ അകപ്പെട്ടു. വെളുപ്പാൻകാലമായപ്പോൾ ഗൃഹസ്ഥൻ നമ്പൂരി കുളിക്കാൻ പോകാനായിട്ടു് ഒരു വിളക്കുമെടുത്തുകൊണ്ടു പുറത്തു വന്നു. അപ്പോൾ മുറ്റത്തു ചിലർ നിൽക്കുന്നതു കണ്ടു് ‘ആരാണതു്?’ എന്നു ചോദിച്ചുകൊണ്ടു് അടുത്തു ചെന്നു. ഉടനെ ആ തസ്ക്കരന്മാർ നമ്പൂരിയുടെ കാൽക്കൽ വീണു വന്ദിച്ചിട്ടു പരമാർത്ഥമൊക്കെ പറയുകയും അവിടെനിന്നു സദയം വിട്ടയയ്ക്കണമെന്നു് അപേക്ഷിക്കുകയും ചെയ്തു. അപ്പോൾ നമ്പൂരി ‘നിങ്ങൾ കൊണ്ടു വന്നതും ഇവിടെനിന്നെടുത്തതുമെല്ലാം അവിടെ വെച്ചിട്ടു പൊയ്ക്കൊൾവിൻ. നിങ്ങളെ ആരും ഉപദ്രവിക്കുകയില്ല’ എന്നു പറഞ്ഞു. അപ്രകാരം അവർ ഒന്നുമെടുക്കാതെ യാത്രയായി. അപ്പോൾ അവിടെയെങ്ങും ഒരു പാമ്പിനെയും കണ്ടില്ല. അവർ പോയി നേരം വെളുക്കുന്നതിനുമുമ്പു് അവരവരുടെ ദിക്കിലെത്തി. ഇങ്ങനെ ഇവിടെ അനേകം സംഗതികളുണ്ടായിട്ടുണ്ടു്.

ഇനി ഈ അടുത്ത കാലത്തുണ്ടായവയും സ്വയം കണ്ടു ബോധിച്ചിട്ടുള്ളവയുമായ ചില സംഗതികൾകൂടി പറയാം.

ഏതാനും കൊല്ലങ്ങൾക്കുമുമ്പു് ഒരു മീനമാസത്തിൽ ഒരു പാമ്പുമ്മേക്കാട്ടു നമ്പൂരി നാഗരുകോവിലിലേക്കുള്ള യാത്രയിൽ അമ്പലപ്പുഴെ വന്നിരുന്നു. അന്നു് അവിടെ ഉത്സവവുമായിരുന്നു. നമ്പൂരി രാത്രിയിൽ എന്തോ ആവശ്യത്തിനായി മതിൽക്കകത്തുനിന്നു കുളപ്പരുയിൽക്കൂടി കിഴക്കേ നടയിലുള്ള കുളത്തിലേക്കു് ഇറങ്ങിപ്പോയപ്പോൾ ഒരു പാമ്പിനെ കാണാതെ ഒന്നു ചവിട്ടി. ഉടനെ ആ സർപ്പവീരൻ ആളറിയാതെ നമ്പൂരിയുടെ കാലിന്മേൽ ഒരു കടിയും കൊടുത്തു. അപ്പോൾ നമ്പൂരി, “ഓ! ഒരു വിദ്വാൻ നമ്മെ പിടികൂടിയല്ലോ. സാധു ആളറിയാതെയാണു്. ഇനി അയാളുടെ വിഷമിറക്കി വിടണമല്ലോ. അല്ലാഞ്ഞാൽ സാധു മരിച്ചുപോയേക്കും. താസിൽദാരെ ഇങ്ങോട്ടു വിളിക്കണം” എന്നു പറഞ്ഞു. ഉടനെ ഒരാൾ ചെന്നു “പാമ്പുമ്മേക്കാട്ടു നമ്പൂരി അന്വേഷിക്കുന്നു” എന്നു താസിൽദാരോടു പറഞ്ഞു. ഉത്സവകാലമായിരുന്നതിനാൽ അദ്ദേഹം മതിൽക്കകത്തുതന്നെയുണ്ടായിരുന്നു. അതിനാലദ്ദേഹം ഉടനെ നമ്പൂരിയുടെ അടുക്കലെത്തി. നമ്പൂരി അവിടെയുണ്ടായ സംഗതി അദ്ദേഹത്തെ ഗ്രഹിപ്പിക്കുകയും ഒരിടങ്ങഴി പാലും രണ്ടു കരിക്കും (ഇളനീരും) മൂന്നുരുളിയും വേണമെന്നു് ആവശ്യപ്പെടുകയും താസിൽദാരദ്ദേഹം ഇവയെല്ലാം ക്ഷണത്തിൽ വരുത്തിക്കൊടുക്കുകയും ചെയ്തു. നമ്പൂരിയെ കടിച്ച പാമ്പു് അപ്പോഴും ആ കുളക്കടവിൽതന്നെ കിടക്കുന്നുണ്ടായിരുന്നു. നമ്പൂരി അതിനെ കണ്ടിട്ടു “വിഷം വല്ലാതെ ബാധിച്ചതിനാൽ സാധുവിനു നടക്കാൻ വയ്യാതെയായിപ്പോയി” എന്നുപറഞ്ഞുകൊണ്ടു് ആ ഉരുളികൾ മൂന്നും മലർത്തിവെച്ചു് ഒന്നിൽ പാലും മറ്റൊന്നിൽ ശുദ്ധജലവുമാക്കിവെച്ചിട്ടു് ഒരു മന്ത്രം ജപിച്ചുകൊണ്ടു് ആ പാമ്പിനോടു് “ഈ പാലിനകത്തു് ഇറങ്ങിക്കിടക്കു്” എന്നു പറഞ്ഞു. ഉടനെ ആ പാമ്പു പതുക്കെ തല പൊക്കിയിഴഞ്ഞു് ആ പാലിനകത്തിറങ്ങിക്കിടന്നു. ഒരു മാത്രനേരം കഴിഞ്ഞപ്പോൾ ആ പാലു കരി കലക്കിയതുപോലെ കറുത്തു. അപ്പോൾ നമ്പൂരി “ഇനി ആ ഇളനീർ വെള്ളത്തിലിറങ്ങിക്കിടക്കു്”എന്നു പറഞ്ഞു. ഉടനെ പാമ്പു് അങ്ങനെ ചെയ്തു. ആ ഇളനീർവെള്ളവും വല്ലാതെ കറുത്തുവശായി. അപ്പോൾ നമ്പൂരി “ഇപ്പോൾ വിഷമെല്ലാം പോയിരിക്കുന്നു. ഇനി ആ ശുദ്ധജലത്തിലിറങ്ങി കുളിച്ചിട്ടു് എങ്ങോട്ടെങ്കിലും ഇഷ്ടംപോലെ പോകാം” എന്നു പറഞ്ഞു. ഉടനെ പാമ്പു ശുദ്ധജലത്തിലിറങ്ങിക്കുളിക്കുകയും ചെയ്തിട്ടു് ആ കടവിനോടടുത്തു തെക്കു വശത്തായി നിൽക്കുന്ന ആലിന്മേലേക്കു കയറിപ്പോയി. നമ്പൂരി പാമ്പു കടിച്ച സ്ഥലത്തു പുറപ്പെട്ടിരുന്ന ചോര കുളത്തിലിറങ്ങി കഴുകിക്കളഞ്ഞിട്ടു് അമ്പലത്തിലേക്കും പോയി. അദ്ദേഹത്തെ വിഷം ബാധിച്ചില്ല.

എന്നാൽ പാമ്പുമ്മേക്കാട്ടു നമ്പൂരിമാരെല്ലാവരും മേൽപറഞ്ഞതുപോലെ പാമ്പുകൾക്കു വിഷമിറക്കുകയും മറ്റും ചെയ്തിരുന്നില്ല. “ഏകയോനിപ്രസൂതാനാം തേഷാം ഗന്ധം പൃഥകു് പൃഥകു്” എന്നുള്ളതുപോലെയാണു് അവരുടെ സ്വഭാവം.

ഒരിക്കൽ വൈക്കത്തു ക്ഷേത്രത്തിന്റെ മതിൽക്കകത്തുവെച്ചു് ഒരു പാമ്പുമ്മേക്കാട്ടു നമ്പൂരിയെ ഒരു സർപ്പം ദംശിക്കുകയുണ്ടായി. ആ നമ്പൂരി ആ പാമ്പിന്റെ വിഷമിറക്കാനും മറ്റും ശ്രമിച്ചില്ല. അദ്ദേഹം കുളത്തിലിറങ്ങി കാലിന്മേലുണ്ടായിരുന്ന ചോര തേച്ചുകഴുകിക്കളഞ്ഞിട്ടു മുറയ്ക്കു പോയി സദ്യയുണ്ടു. അദ്ദേഹത്തെ വിഷം ബാധിച്ചില്ല. പാമ്പു വളരെ പ്രയാസപ്പെട്ടു മതിൽക്കു പുറത്തോളം പോയി അവിടെക്കിടന്നു ചത്തു.

പിന്നെ ഒരു പാമ്പുമ്മേക്കാട്ടുനമ്പൂരി ഒരിക്കൽ അടൂരു് ഒരില്ലത്തു് ഒരു വേളിയടിയന്തിരത്തിനു പോയിരുന്നു. അടിയന്തിരത്തിന്റെ തലേദിവസം അത്താഴം കഴിഞ്ഞപ്പോൾ കിടക്കുന്നതിനു് ആ ഇല്ലത്തു് സൗകര്യമില്ലാതെയിരുന്നതിനാൽ ചില കൂട്ടുകാരോടുകൂടി നമ്പൂരി മറ്റൊരു സ്ഥലത്തേക്കു പോയി. മധ്യേമാർഗ്ഗം ഒരു പാമ്പു നമ്പൂരിയെ കടിച്ചു. കൂടെയുള്ളവർ ഭയപ്പെട്ടെങ്കിലോ എന്നു വിചാരിച്ചു നമ്പൂരി അപ്പോൾ ഒന്നും പറഞ്ഞില്ല. കൂട്ടുകാരെല്ലാം ഇടയ്ക്കുവെച്ചു് ഓരോ വഴിക്കു പിരിഞ്ഞുപോയതിന്റെ ശേഷം അദ്ദേഹം നിശ്ചിതസ്ഥലത്തെത്തി വിവരം പറയുകയും വെള്ളം വാങ്ങി കാലിന്മേലുണ്ടായിരുന്ന ചോര കഴുകിക്കളഞ്ഞിട്ടു് അകത്തു കയറിക്കിടന്നു സുഖമായിട്ടുറങ്ങുകയും ചെയ്തു. അദ്ദേഹത്തെയും വിഷം ബാധിച്ചില്ല. പാമ്പിന്റെ കാര്യം അദ്ദേഹം അന്വേഷിച്ചുമില്ല.

കോട്ടയത്തു വയസ്ക്കരെ കഴിഞ്ഞുപോയ അച്ഛൻമൂസ്സു് അവർകളുടെ കാലത്തു് അന്നത്തെ പാമ്പുമ്മേക്കാട്ടു് അച്ഛൻ നമ്പൂരി ഒരു വഴിയാത്രയിൽ വയസ്ക്കരയില്ലത്തു വന്നിരുന്നു. കുളിയും തേവാരവും ഊണും മറ്റും കഴിഞ്ഞു സ്വൈരസല്ലാപം ചെയ്തുകൊണ്ടിരുന്നതിനിടയ്ക്കു മൂസ്സവർകൾ നമ്പൂരിയോടു് “ഇവിടെ ഈ തെക്കേക്കുളത്തിന്റെ കിഴക്കേക്കരയിൽ ഒരു സർപ്പമിരിക്കുന്നുണ്ടു്. അതിന്റെ അടുക്കൽ ചില മരങ്ങളുണ്ടു്. ആ മരങ്ങളുടെ ഇലകളും മറ്റും വീണു വേനൽക്കാലങ്ങളിൽ കുളത്തിലെ വെള്ളം ചീത്തയാകുന്നു. സർപ്പത്തിന്റെ അടുക്കൽ നിൽക്കുന്നവയായതുകൊണ്ടു് ആ മരങ്ങൾ വെട്ടിക്കളയാമോ എന്നു സംശയവുമുണ്ടു്. മേക്കാടു് ആ സർപ്പത്തെ അവിടെനിന്നു് ഒന്നു മാറ്റിയിരുത്താമെങ്കിൽ ആ മരങ്ങളൊക്കെ വെട്ടിക്കളയിക്കാമായിരുന്നു. എന്താ അങ്ങനെ ചെയ്യാൻ വയ്യേ?” എന്നു ചോദിച്ചു. അതിനു മറുപടിയായിട്ടു് അച്ഛൻ നമ്പൂരി “ഓഹോ, സർപ്പത്തെ ഞാൻ മാറ്റിയിരുത്താം. അതു ഞാൻ ചെയ്യേണ്ടതാണല്ലോ. എന്നാൽ മൂസ്സും ചെയ്യേണ്ടതായിട്ടു് ഒരു കാര്യമുണ്ടു്. അതെന്തെന്നാൽ സർപ്പത്തെ മാറ്റിയിരുത്തുന്ന സ്ഥലത്തേക്കു് ഈ കുളവും മാറ്റണം. അതു ഞാൻ വിചാരിച്ചാൽ കഴിയുന്നതല്ല. അതിനാൽ അതു മൂസ്സു വേണം” എന്നു പറഞ്ഞു. അപ്പോൾ മൂസ്സവർകൾ “കുളം മാറ്റുക അസാധ്യമാണല്ലോ” എന്നു പറഞ്ഞു. ഉടനെ നമ്പൂരി “എന്നാൽ മറ്റേതും അങ്ങനെതന്നെ. ഈ സർപ്പം ആ കുളത്തിന്റെ കരയ്ക്കല്ലാതെ ഇരിക്കയില്ല. പിന്നെ, നമ്മെപ്പോലെതന്നെ സർപ്പങ്ങളേയും വിചാരിക്കണം. നമ്മൾ സ്ഥിരമായിത്താമസിക്കുന്ന സ്ഥലത്തുനിന്നു മാറിത്താമസിക്കണമെന്നു് ആരെങ്കിലും നിർബന്ധിച്ചാൽ അതു നമുക്കു സമ്മതവും സന്തോഷകരവുമാകുമോ? അതു പോലെ വിചാരിക്കൂ” എന്നു പറഞ്ഞു. അതുകേട്ടു മൂസ്സവർകൾ “എന്നാൽ വേണ്ട” എന്നു പറഞ്ഞു. അതു് അപ്പോൾ അങ്ങനെ അവസാനിച്ചു.

അനന്തരം രണ്ടുമൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ഒരു നായരുടെ വക സർപ്പക്കാവു മാറ്റുന്നതിനായി പാമ്പുമ്മേക്കാട്ടു മഹൻനമ്പൂരി കോട്ടയത്തു വന്നിരുന്നു. അദ്ദേഹത്തിനും ഊണു വയസ്ക്കരെയായിരുന്നു. ഊണു കഴിഞ്ഞു് ഓരോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ അച്ഛൻ മൂസ്സവർകൾ വയസ്ക്കരെ കുളത്തിൻ കരയിലിരിക്കുന്ന സർപ്പത്തെ മാറ്റിയിരുത്തുന്ന കാര്യം മഹൻ നമ്പൂരിയോടും പറഞ്ഞു. മഹൻനമ്പൂരി അതിനു യാതൊരു വിരോധവും പറഞ്ഞില്ല. “സൗകര്യമുണ്ടെങ്കിൽ അതു നാളെത്തന്നെ നടത്തിക്കളയാം” എന്നായിരുന്നു മഹൻനമ്പൂരിയുടെ മറുപടി. അപ്പോൾ അച്ഛൻമൂസ്സവർകൾ “നാളെ നടത്താൻ തരമില്ല. മേക്കാടു് ഇനി ഈ ദിക്കിലെങ്ങാനും വരുമ്പോൾ മതി” എന്നു പറഞ്ഞു. അച്ഛൻ നമ്പൂരിയുടെ അഭിപ്രായമറിഞ്ഞപ്പോൾത്തന്നെ അച്ഛൻമൂസ്സവർകൾ സർപ്പത്തെ മാറ്റിയിരുത്തുന്ന കാര്യം വേണ്ടെന്നു തീർച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു. പിന്നെ അച്ഛൻ നമ്പൂരിയുടെ അഭിപ്രായം തന്നെയാണോ മഹൻനമ്പൂരിക്കുമെന്നറിയാനായിട്ടു മാത്രമായിരുന്നു അദ്ദേഹത്തോടും ഇതു പറഞ്ഞതു്. വയസ്ക്കര കുളത്തിൻകരയിലിരിക്കുന്ന സർപ്പം ഇപ്പോഴും അവിടെത്തന്നെ ഇരിക്കുന്നു.

പാമ്പുമ്മേക്കാട്ടു നമ്പൂരിമാരുടെ സ്വഭാവം മാറുന്നുണ്ടെങ്കിലും സർപ്പങ്ങളുടെ സ്വഭാവത്തിന്നും മാഹാത്മ്യത്തിന്നും ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. അടുത്ത കാലത്തുതന്നെ ഒരു മാപ്പിള (ക്രിസ്ത്യനി) പാമ്പുമ്മേക്കാട്ടില്ലത്തെ പറമ്പിൽനിന്നു് ഒരു നാളികേരമോ മറ്റോ മോഷ്ടിച്ചെടുത്തുകൊണ്ടു പുറത്തിറങ്ങി. ഉടനെ പാമ്പു ചെന്നു മാപ്പിളയെ തടുത്തു. മാപ്പിള പാമ്പിനെ തല്ലിക്കൊന്നു. ഉടനെ മാപ്പിളയ്ക്കു കണ്ണു കാണാൻ വയ്യാതെയായി. പിന്നെ അയാൾ അയാളുടെ വീട്ടിലേക്കു പോയതുതന്നെ പരാശ്രയത്തോടുകൂടിയാണു്. പല ചികിത്സകളും മറ്റും ചെയ്തിട്ടും മാപ്പിളയ്ക്കു കണ്ണു കാണാറായില്ല. ഒടുക്കം ഒരു പ്രശ്നക്കാരന്റെ വിധിപ്രകാരം സ്വർണ്ണംകൊണ്ടു് ഒരു നാഗപ്രതിമയുണ്ടാക്കിച്ചു പാമ്പുമ്മേക്കാട്ടില്ലത്തു കൊണ്ടു ചെന്നു കൊടുത്തു പ്രായശ്ചിത്തം ചെയ്തു. അപ്പോൾ മാപ്പിളയ്ക്കു കണ്ണു കാണാറായി.

ഒരിക്കൽ നാഗരുകോവിലിൽ ഉത്സവത്തിനു തന്ത്രം നടത്താൻ പോയിരുന്നതു് ഒരു മഹൻ നമ്പൂരിയായിരുന്നു. അദ്ദേഹത്തിനു കാലത്തു പത്തുമണിക്കുമുമ്പു് ഊണു കഴിക്കണം. അങ്ങനെയാണു പതിവു്. അതിനാലദ്ദേഹം ആ ഉത്സവകാലത്തു തന്ത്രി നടത്താനുള്ളവയെല്ലാം പത്തുമണിക്കുമുമ്പും ഊണു് പത്തുമണിക്കും കഴിച്ചിരുന്നു. അതു നാട്ടുകാർക്കു് അത്ര സമ്മതമായില്ല. ഉച്ചയ്ക്കുമുമ്പു് ഉച്ചപ്പൂജ കഴിക്കുന്നതു ശരിയല്ലെന്നായിരുന്നു ജനങ്ങളുടെ അഭിപ്രായം. ആ വിവരം ചിലർ നമ്പൂരിയെ ഗ്രഹിപ്പിക്കുകയും ചെയ്തു. അതൊന്നും അദ്ദേഹം വകവെച്ചില്ല. അദ്ദേഹം അദ്ദേഹത്തിന്റെ പതിവുപോലെ പിറ്റേദിവസവും പത്തുമണിക്കുമുമ്പു് ഉച്ചപ്പൂജ കഴിച്ചു. അന്നു ക്ഷേത്രത്തിലെ ശ്രീകാര്യക്കാരൻ പട്ടർ തന്ത്രിനമ്പൂരിയെ ക്രമത്തിലധികം ശാസിക്കുകയും ശകാരിക്കുകയും ചെയ്തു. അതു കേട്ടപ്പോൾ നമ്പൂരിക്കു സാമാന്യത്തിലധികം മനസ്താപമുണ്ടായി. ഉടനെ അദ്ദേഹം അവിടെയുള്ള സ്വന്തം മഠത്തിലേക്കു് പോയി ഊണു കഴിക്കാതെ അവിടെ കിടന്നു. സ്വൽപനേരം കഴിഞ്ഞപ്പോൾ ശ്രീകാര്യക്കാരന്റെ ഗൃഹത്തിൽ സർവ്വത്ര പാമ്പുകൾ ചെന്നു നിറഞ്ഞു. പട്ടരുടെ ഭാര്യയും കുട്ടികളും മറ്റും പേടിച്ചു പുറത്തിറങ്ങിയോടി അമ്പലത്തിൽ ചെന്നു ശ്രീകാര്യക്കാരോടു് ഈ വിവരം പറഞ്ഞു. അതു കേട്ടവരിൽ ചിലൽ “ഇതിന്റെ കാരണം തന്ത്രിനമ്പൂരിയെ ശകാരിച്ചതു തന്നെയാണു്. ക്ഷമത്തിൽ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു ക്ഷമായാചനം ചെയ്യണം. അല്ലാതെ ഇതിനു പ്രതിവിധിയൊന്നും ഉണ്ടെന്നു തോന്നുന്നില്ല.” എന്നു പറഞ്ഞു. അതുകേട്ടു ശ്രീകാര്യക്കാർ ഇരുന്നൂറ്റമ്പതുരൂപയും നാലഞ്ചുകെട്ടു വെറ്റിലയും പത്തമ്പതു പാക്കും എടുത്തുകൊണ്ടു് നമ്പൂരിയുടെ അടുക്കൽ ചെന്നു് രൂപയും വെറ്റിലയും പാക്കും അദ്ദേഹത്തിന്റെ പാദത്തിങ്കൽവെച്ചു നമസ്ക്കരിച്ചിട്ടു്, “എന്റെ അവിവേകംകൊണ്ടു ഞാൻ പറഞ്ഞതെല്ലാം അവിടുന്നു സമയം ക്ഷമിച്ചു് എന്നേയും എന്റെ കുടുംബത്തെയും രക്ഷിക്കണം. ഞങ്ങൾക്കു ഗൃഹത്തിൽ കയറിത്താമസിക്കാൻ നിവൃത്തിയില്ലാതെയായിരിക്കുന്നു” എന്നു പറഞ്ഞു. അതു കേട്ടു ശുദ്ധാത്മാവായ നമ്പൂരി ആർദ്രമാനസനായി ഭവിച്ചിട്ടു് “ശ്രീകാര്യക്കാരൻ ശകാരിച്ചപ്പോൾ എനിക്കു സ്വൽപം മനസ്താപമുണ്ടായി. അതുകൊണ്ടു് അവിടെ വല്ലവരും വന്നിരിക്കാം. എന്നോടും എന്റെ ഇല്ലത്തുള്ളവരോടും ആരെങ്കിലും എന്തെങ്കിലും ക്രമവിരോധമായി പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ പകരം ചോദിക്കുക ഞങ്ങളുടെ പരദേവതകളാണു്. ഇപ്പോൾ എന്റെ മനസ്താപം തീർന്നു. ഇനി അവരെ അവിടെ കാണുകയില്ല; പൊയ്ക്കോളൂ” എന്നു പറഞ്ഞു ശ്രീകാര്യക്കാരെ അയച്ചതിന്റെശേഷം നമ്പൂരി ഊണുകഴിച്ചു. ശ്രീകാര്യക്കാർ ഭാര്യയോടും കുട്ടികളോടും കൂടി ഗൃഹത്തിൽച്ചെന്നു നോക്കിയപ്പോൾ അവിടെയെങ്ങും ഒരു പാമ്പിനേയും കണ്ടില്ല. അവർ യഥാപൂർവ്വം അവിടെ കയറിത്താമസിക്കുകയും ചെയ്തു.

ഇപ്രകാരംതന്നെ കാർത്തികപ്പള്ളിത്താലൂക്കിൽ ഒരു സ്ഥലത്തു് ഒരു സംഗതിയുണ്ടായി. ആ താലൂക്കിൽ ഏവൂർ ദേശത്തു പനവേലിൽ ഉണ്ണിയുടെ ഭവനപ്പുരയിടത്തിൽ തെക്കുപടിഞ്ഞാറെക്കോണിൽ ഒരു സർപ്പക്കാവുണ്ടു്. അതോടു ചേർന്നു കാടു വളർന്നു് ഒരു കാലത്തു് ആ പറമ്പിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങൾ മുഴുവനും കാടായിത്തീർന്നു. സർപ്പക്കാവോടു ചേർന്നു കിടക്കുന്നതുകൊണ്ടു് ആ കാടുവെട്ടിച്ചുകളവാൻ അവിടെയുള്ളവർക്കു് ധൈര്യമുണ്ടായില്ല. ആ പ്രദേശങ്ങളിൽ പറമ്പുകളിൽ പ്രധാനമായി ചെയ്യുന്നതു തെങ്ങുകൃ‌ഷിയാണു്. തെങ്ങിൽനിന്നു നല്ല ആദായമുണ്ടാവുകയും ചെയ്യും. എങ്കിലും അവിടെ ഈ കാടുനിമിത്തം തെങ്ങുവെയ്ക്കാൻ നിവൃത്തിയില്ലായിരുന്നു.

അങ്ങനെയിരുന്ന കാലത്തു് അവിടെ അടുക്കൽ ഒരു തിരുവല്ലാദേശി എമ്പ്രാന്തിരിയുടെ മഠത്തിൽ സർപ്പകോപശാന്തിക്കായിട്ടു സർപ്പബലി മുതലായ ക്രിയകൾ നടത്തുവാൻ ഒരു പാമ്പുമ്മേക്കാട്ടു നമ്പൂരി വന്നിരുന്നു. അപ്പോൾ മേൽപ്പറഞ്ഞ പനവേലിത്തറവാട്ടിലെ അന്നത്തെ കാരണവരും വയോവൃദ്ധനുമായ ഉണ്ണി ചെന്നു നമ്പൂരിയെക്കണ്ടു തന്റെ പറമ്പിലെ കാടിന്റെ കാര്യം പറയുകയും അതു കളയുന്നതിനു നിവൃത്തിയുണ്ടാക്കിക്കൊടുക്കണമെന്നു് അപേക്ഷിക്കുകയും അങ്ങനെ ചെയ്യാമെന്നു നമ്പൂരി സമ്മതിക്കുകയും ചെയ്തു. എന്നാൽ അതു് എപ്പോളാണെന്നും അതിനു് എന്തെല്ലാമാണു് വേണ്ടതെന്നും ഉണ്ണി ചോദിച്ചതിനു് മറുപടിയായി നമ്പൂരി “അതിനു് അധികമൊന്നും വേണ്ടതായിട്ടില്ല. ഒരു പൂജയ്ക്കു വേണ്ടതെല്ലാം വേണം. നിവേദ്യം പാൽപ്പായസമായാൽ കൊള്ളാം. നൂറും പാലും വേണം. തറ്റുടുക്കാൻ ഒരു വസ്ത്രവും വേണം. അല്ലാതെയൊന്നും വേണ്ടതായിട്ടില്ല. നാളെ ഉച്ചതിരിരിഞ്ഞുതന്നെ അതു നടത്തിയേക്കാം” എന്നു പറഞ്ഞു.

അപ്രകാരമെലാം വട്ടംകൂട്ടിക്കൊണ്ടു് ഉണ്ണി പിറ്റേദിവസം ഉച്ചതിരിഞ്ഞപ്പോൾ എമ്പ്രാന്തിരിയുടെ മഠത്തിൽച്ചെന്നു. അപ്പോൾ പാമ്പുമ്മേക്കാട്ടു നമ്പൂരി ഊണു കഴിച്ചു കിടാന്നുറങ്ങുകയായിരുന്നു. കുറചുനേരം കഴിഞ്ഞപ്പോൾ ഉണർന്നെഴുന്നേറ്റു. പിന്നെ ഒന്നു മുറുക്കിയതിന്റെ ശേ‌ഷം പാമ്പുമ്മേക്കാട്ടു നമ്പൂരി പരികർമ്മക്കാരനായ നമ്പൂരിയെയും വിളിച്ചുകൊണ്ടു് ഉണ്ണിയോടുകൂടിത്തന്നെ പോയി. ഉണ്ണിയുടെ ഗൃഹത്തിലെത്തിയതിന്റെ ശേ‌ഷവും പാമ്പുമ്മേക്കാട്ടു നമ്പൂരി മുറുക്കിക്കൊണ്ടു് അവിടെയിരുന്നു. പരികർമ്മിയായ നമ്പൂരി നിവേദ്യം വെയ്ക്കുകയും പൂജയ്ക്കു വേണ്ടതെല്ലാമൊരുക്കുകയും മറ്റും ചെയ്തുകഴിഞ്ഞപ്പോൾ പാമ്പുമ്മേക്കാട്ടു നമ്പൂരി കുളക്കടവിലേക്കു പോയി. വസ്ത്രമെടുത്തു തറ്റുടുത്തു കാൽ കഴുകി ആചമിച്ചു കൗപീനം നനച്ചു പിഴിഞ്ഞുകൊണ്ടു സർപ്പക്കാവിങ്കലെത്തി. കൗപീനം ഉണങ്ങാനായിട്ടു സർപ്പക്കാവിന്റെ മുകളിൽത്തന്നെ ഇട്ടിട്ടു സർപ്പത്തെ പ്രതിഷ്ഠിച്ചിരിക്കുന്നതിന്റെ മുമ്പിലിരുന്നു. പൂജയും നൂറും പാലും കൊടുക്കുകയും മറ്റും ക്ഷണത്തിൽ കഴിച്ചു. പിന്നെ അവിടെ തറവാട്ടിൽ മൂപ്പായിരിക്കുന്ന വൃദ്ധനായ ഉണ്ണിയെ വിളിച്ചു “ഈ നാഗപ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലത്തു പന്ത്രണ്ടടി സമചതുരത്തിലുള്ളതൊഴിച്ചു ശേ‌ഷമുള്ള കാടെല്ലാം വെട്ടിച്ചു കളയുന്നതിനു വിരോധമില്ല” എന്നു പറയുകയും പന്ത്രണ്ടടി സമചതുരം സ്ഥലത്തിനു പുറത്തായി നാലു വശത്തും നിന്നിരുന്ന ഓരോ കാട്ടുചെടി നമ്പൂരിതന്നെ വെട്ടിമുറിക്കുകയും ചെയ്തു.

പാമ്പുമ്മേക്കാട്ടു നമ്പൂരി ചെന്നു് ആ കാടൊക്കെ വെട്ടിച്ചുകളയുന്നകാര്യം വേണ്ടതുപോലെ ആക്കിക്കൊടുത്താൽ ഒരു പതിന്നാലു രൂപയിൽ കുറായാതെ ദക്ഷിണ ചെയ്യണമെന്നായിരുന്നു ആ വൃദ്ധനുണ്ണി ആദ്യം വിചാരിച്ചതു്. നമ്പൂരി ഊണുകഴിച്ചു കിടന്നുറങ്ങുകയും മുറുക്കുകയും ചെയ്തിട്ടു കുളിക്കാതെ പൂജയും മറ്റും കഴിച്ചതു് ആ മൂപ്പിലേക്കു് ഒട്ടും സമ്മതമായില്ല. എങ്കിലും വൃദ്ധൻ അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. എന്നാൽ ദക്ഷിണ പാമ്പുമ്മേക്കാട്ടുനമ്പൂരിക്കു പതിനാറു പണവും പരികർമ്മിക്കു നാലു പണവും മാത്രമേ ചെയ്തുള്ളു. അവർ അതു വാങ്ങിക്കൊണ്ടു് പോവുകയും ചെയ്തു.

നേരം ഏകദേശം സന്ധ്യയായപ്പോൾ സർപ്പക്കാവിൽനിന്നു സംഖ്യയില്ലാതെ പല തരത്തിലുള്ള സർപ്പങ്ങളിറങ്ങിപ്പുറപ്പെട്ടു് ഉണ്ണിയുടേ ഗൃഹത്തിനകത്തും പുറത്തും ചെന്നു നിറഞ്ഞു. അവിടെയുണ്ടായിരുന്നവരെല്ലാം പേടിച്ചു പുറത്തിറങ്ങി. അവിടെ വിളക്കു കൊളുത്തുന്നതിനും അത്താഴം വെയ്ക്കുന്നതിനും മറ്റും നിവൃത്തിയില്ലാതെയായി. അപ്പോൾ വൃദ്ധനുണ്ണി വ്യസനക്രാന്തനും ഭയപരവശനുമായിത്തീർന്നു. ഉടനെ ഓടി എമ്പ്രാന്തിരിയുടെ മഠത്തിലെത്തി. അപ്പോൾ പാമ്പുമ്മേക്കാട്ടുനമ്പൂരി സന്ധ്യാവന്ദനം കഴിച്ചു ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാൽ ഉണ്ണി വിവരമെല്ലാം പരികർമ്മിയായ നമ്പൂരിയോടു പറഞ്ഞു. അപ്പോൾ നമ്പൂരി ഉണ്ണിയോടു് “പാമ്പുമ്മേക്കാട്ടു നമ്പൂരിമാർ ഒരു സ്ഥലത്തു ചെന്നു സർപ്പത്തിനു് ഒരു പൂജമാത്രം കഴിച്ചാലും പതിനാറു പണം മാത്രമയിട്ടു് ആരും ദക്ഷിണ ചെയ്യാറില്ല. നിങ്ങൾ അങ്ങനെ ചെയ്തതു് സ്വല്പം പോരാതെയായിപ്പോയി. അതുകോണ്ടു് അദ്ദേഹത്തിനു തൃപ്തികേടൊന്നുമില്ല. പാമ്പുമ്മേക്കാട്ടു നമ്പൂരിമാർ പണത്തിനു് ആരോടും കണക്കും വഴക്കും പറായാറില്ല. കുറച്ചു കൊടുത്താലും അധികം കൊടുത്താലും അവർക്കു സന്തോ‌ഷം തന്നെ. പക്ഷേ, വേണ്ടതുപോലെ ചെയ്തില്ലെങ്കിൽ അവരുടെ പരദേവതമാർക്കു തൃപ്തിയാവുകയില്ല. അതുകൊണ്ടായിരിക്കും അവർ ഇളകിപ്പുറപ്പെട്ടതു്” എന്നു പറഞ്ഞു. അതുകേട്ടു വൃദ്ധനുണ്ണി ഓടിപ്പോയി അമ്പതു് രൂപയും രണ്ടുമൂന്നു കെട്ടു വെറ്റിലയും പത്തുപന്ത്രണ്ടു് പാക്കും എടുത്തുകൊണ്ടുവന്നു. വീണ്ടും അമ്പ്രാന്തിരിയുടെ മഠത്തിലെത്തി. അപ്പോഴേക്കും പാമ്പുമ്മേക്കാട്ടു നമ്പൂരിയുടെ ജപം കഴിഞ്ഞിരുന്നു. ഉണ്ണി ആ രൂപയും വെറ്റിലയും പാക്കും നമ്പൂരിയുടേ പാദത്തിങ്കൽ കൊണ്ടുചെന്നു വെച്ചു നമസ്കരിച്ചിട്ടു് “പൊന്നുതിരുമേനി! രക്ഷിക്കണം. അവിടെയെല്ലാം പാമ്പുകൾ നിറഞ്ഞിരികുന്നു. ഇതുവരെ അവിടെ വിളക്കുകൊളുത്തുകപോലും ഉണ്ടായിട്ടില്ല” എന്നു കരഞ്ഞുകൊണ്ടു പറഞ്ഞു. അതുകേട്ടു പാമ്പുമ്മേക്കാട്ടുനമ്പൂരി “ആ പറമ്പിലെല്ലാം യഥേഷ്ടം സഞ്ചരിച്ചിരുന്നവരെല്ലാവരുംകൂടി ആ നാലു കോൽ സമചതുരത്തിലുള്ള സ്ഥലത്തു് ഒതുങ്ങി താമസിക്കാനാണല്ലോ ഏർപ്പാടു ചെയ്തിരിക്കുന്നതു്. അതിനാൽ ഒരു സ്വൈരസഞ്ചാരം കഴിഞ്ഞിട്ടു് ആ സ്ഥലത്തു പോയി താമസിച്ചുകൊള്ളാമെന്നു വിചാരിച്ചു അവർ ഇറങ്ങിപ്പുറപ്പെട്ടതായിരിക്കാം. അതുസാരമില്ല, ഉണ്ണി പൊയ്ക്കോളു. ഇനി അവർക്കു നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തിനു പുറത്തു് അവരെ ആരെയും കാണുകയില്ല” എന്നു പറഞ്ഞു. അതുകേട്ടു വൃദ്ധനും ശുദ്ധാത്മാവുമായ ആ ഉണ്ണി സന്തോ‌ഷിച്ചു മടങ്ങി സ്വഗൃഹത്തിലെതി. അപ്പോൾ അവിടെയെങ്ങും ഒരുപാമ്പും ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, അതിൽപിന്നെ അവിടെയെങ്ങും ഒരു പാമ്പിനെയും കാണാറുമില്ല.

ഇപ്പോൾ പന്ത്രണ്ടടി സമചതുരത്തിലുള്ള ഒരുചെറിയ സർപ്പക്കാവു മാത്രമേ അവിടെയുള്ളു. ശേ‌ഷമുണ്ടായിരുന്ന കാടെല്ലാം വെട്ടിക്കളഞ്ഞു് അവിടെയെല്ലാം തെങ്ങു വെയ്ക്കുകയും നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ അനുഭവമെടുത്തു തുടങ്ങുകയും ചെയ്തു. അതിനു് ഇപ്പോഴും വ്യത്യാസമൊന്നും വന്നിട്ടില്ല.

ഇങ്ങനെ പാമ്പുമ്മേക്കാട്ടു് നമ്പൂരിയെയും അവരുടെ പരദേവതകളായ സർപ്പങ്ങളെയും കുറിച്ചു ഇനിയും പല സംഗതികൾ പറയാനുണ്ടു്. അവയെല്ലാംകൂടി ഈ ഉപന്യാസം കൊണ്ടു പറാഞ്ഞു തീർക്കുന്ന കാര്യം അസാദ്ധ്യമാകയാൽ ഇപ്പോൾ വിരമിക്കുന്നു.