close
Sayahna Sayahna
Search

Difference between revisions of "ഐതിഹ്യമാല-31"


(Created page with "__NOTITLE____NOTOC__← കൊട്ടാരത്തിൽ ശങ്കുണ്ണി {{SFN/Aim}}{{SFN/AimBox}} ==വലിയ പരിഷ ശങ്കരനാര...")
(No difference)

Revision as of 11:10, 12 August 2017

കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ

Chap31pge198.png

മുൻപൊരു കാലത്തു് അമ്പലപ്പുഴ ശങ്കരനാരായണച്ചാക്യാർ എന്നു് പ്രസിദ്ധനായിട്ടു് ഒരു മഹാനുണ്ടായിരുന്നു. അമ്പലപ്പുഴച്ചാക്യാരെ വലിയ പരി‌ഷച്ചാക്യാരെന്നുകൂടി പറയാറുള്ളതിനാൽ ഈ മഹാനെ സാധാരണയായി വലിയ പരി‌ഷ ശങ്കരനാരായണച്ചാക്യാർ എന്നാണു് എല്ലാവരും പറഞ്ഞുവന്നിരുന്നതു്. ആ ചാക്യാർ കൊല്ലം 1022-ആമാണ്ടു നാടുനീങ്ങിയ മഹാരാജാവു് തിരുമനസ്സിലെക്കാലത്തു തിരുവനന്തപുരത്തു ചെല്ലുകയും തിരുമനസ്സിലെ സേവകൻമാരിൽ ഒരാളും ആ തിരുമേനിയിൽനിന്നു കരീന്ദ്രൻ എന്ന വിശേ‌ഷപ്പേരു് ലഭിച്ച മഹാനുമായിരുന്ന കിളിമാനൂർ ചെറുണ്ണി കോയിത്തമ്പുരാൻ മുഖാന്തരം തിരുമനസ്സറിയിച്ചു് മുഖം കാണിക്കുകയും അവിടെ തിരുവമ്പാടി മണ്ഡപത്തിൽവെച്ചു് പന്ത്രണ്ടു ദിവസത്തെ കൂത്തു നടത്തുന്നതിനു കല്പനയുണ്ടാവുകയും ചെയ്തു. കൂത്തു പ്രബന്ധം പറയുകയായിരുന്നു. ചാക്യാരുടെ വാക്കു്. കേൾക്കുന്നതിനു് ഒരു ദിവസം എഴുന്നള്ളിയിരുന്നു. പിന്നെ എഴുന്നള്ളാതെയിരുന്നപ്പോൾ കോയിത്തമ്പുരാൻ, തിരുമനസ്സിലെ അടുക്കൽ “ചാക്യാരുടെ കൂത്തു് അവിടെയ്ക്കത്ര രസിച്ചില്ലെന്നുണ്ടോ?” എന്നു ചോദിച്ചു. അതിനു തിരുമനസ്സുകൊണ്ടു്, “എന്നില്ല. ചാക്യാർ ശ്ലോകാർത്ഥം പിഴയ്ക്കാതെ വിസ്തരിച്ചു പറയുന്നുണ്ടല്ലോ. വാക്കിനു മാധുര്യമില്ലാതത്തിനാൽ കേൾക്കാൻ സുഖം പോരാ എന്നേ ഉള്ളൂ” എന്നു മറുപടി കല്പിക്കുകയും ചെയ്തു. പന്ത്രണ്ടു് ദിവസത്തെ കൂത്തു് കഴിഞ്ഞപ്പോൾ ചാക്യാർക്കു പതിവുള്ള പണം കൊടുക്കാൻ കല്പിച്ചതല്ലാതെ സമ്മാനമൊന്നും കല്പിച്ചു് കൊടുത്തതുമില്ല. കോയിത്തമ്പുരാനോടു മേൽപ്പറഞ്ഞപ്രകാരം കല്പിച്ചതു് എങ്ങനെയോ ചാക്യാർ മനസ്സിലാക്കി. അതുകൊണ്ടും സമ്മാനമൊന്നും ലഭിക്കായ്കകൊണ്ടും ചാക്യാർക്കു വളരെ കുണ്ഠിതമുണ്ടായി. എങ്കിലും ചാക്യാർ നിരുൽത്സാഹിയായി ഭവിക്കാതെ ഈ തിരുമനസ്സിലെ തൃക്കയ്യിൽനിന്നു സമ്മാനം വാങ്ങുവാൻ സാധിക്കുമോ എന്നൊന്നു പരീക്ഷിച്ചു നോക്കണമെന്നു് നിശ്ചയിച്ചു് തിരുവനന്തപുരത്തു് നിന്നു് കന്യാകുമാരിക്കു പോയി. അവിടെ ഒരു സംവൽസരഭജനം നടത്തിയതിന്റെ ശേ‌ഷം വീണ്ടും തിരുവനന്തപുരത്തു വരികയും കോയിത്തമ്പുരാനെ കാണുകയും കോയിത്തമ്പുരാൻ വിവരം തിരുമനസ്സറിയിക്കുകയും അപ്പോഴും പന്ത്രണ്ടു് ദിവസത്തെ കൂത്തു് നടത്തുവാൻ കല്പനയുണ്ടാവുകയും ചെയ്തു. കൂത്തു് തുടങ്ങി നാലഞ്ചു ദിവസമായിട്ടും വാക്കു് കേൾക്കാൻ ഒരു ദിവസവും എഴുന്നള്ളിയില്ല. അതിനാൽ ചെറുണ്ണിക്കോയിത്തമ്പുരാൻ, “എന്താ ചാക്യാരുടെ വാക്കു കേൾക്കാൻ ഇതുവരെ എഴുന്നള്ളിയില്ലല്ലോ. ഒരു ദിവസമെങ്കിലും എഴുന്നള്ളി കേൾക്കേണ്ടതാണു്” എന്നു പറഞ്ഞു. അതുകേട്ടു് തിരുമനസ്സുകൊണ്ടു് “കഴിഞ്ഞകൊല്ലം കേട്ടതാണല്ലോ” എന്നു കല്പിച്ചു. അപ്പോൾ കോയിത്തമ്പുരാൻ “അതുകൊണ്ടു് മതിയായില്ല. കഴിഞ്ഞകൊല്ലം കല്പിച്ചതു് ചാക്യാരുടെ വാക്കിനു് മാധുര്യമില്ല എന്നാണല്ലോ. ഇക്കൊല്ലം അങ്ങനെയല്ല. വാക്കിനു് ഇതിലധികം മാധുര്യമുണ്ടാകാൻ നിവൃത്തിയില്ലാത്ത നിലയിലായിട്ടുണ്ടു്” എന്നറിയിച്ചു. “എന്നാൽ നാളെത്തന്നെ ഒന്നു് കേട്ടുകളയാം” എന്നു കല്പിക്കുകയും ചെയ്തു.

പിറ്റേ ദിവസം എഴുന്നള്ളി ചാക്യാരുടെ വാക്കു കേട്ടു് വളരെ സന്തോ‌ഷിച്ചു. ഉടനെ ഒന്നാം തരത്തിൽ രണ്ടു വീരശൃംഘല വരുത്തി കൂത്തു് കഴിഞ്ഞയുടനെ ചാക്യാരെ കല്പിച്ചു വിളിപ്പിച്ചു് തൃക്കൈകൊണ്ടു തന്നെ രണ്ടു കയ്യിന്മേലിടുവിക്കുകയും “കൂത്തു് വളരെ നന്നായി. ഇത്രയും മാധുര്യമുള്ള വാക്കു് ചാക്യാൻമാർ പറഞ്ഞു് ഇതിനു മുമ്പു് കേട്ടിട്ടില്ല. വളരെ സന്തോ‌ഷമായി” എന്നു കല്പിക്കുകയും ചെയ്തു. ആദ്യം നിശ്ചയിച്ചതുകൂടാതെ കല്പനപ്രകാരം പിന്നെ നാൽപ്പതു് ദിവസത്തെ കൂത്തുകൂടിയുണ്ടായി. എല്ലാ ദിവസവും എഴുന്നള്ളി വാക്കു് കേൾക്കുകയും വളരെ സന്തോ‌ഷമായി കല്പിക്കുകയും ഓണപ്പുടവ കൊടുത്തയയ്ക്കുകയും ചെയ്തു.

അക്കാലം മുതൽ വലിയ പരി‌ഷ ശങ്കരനാരാണയച്ചാക്യാർ എന്നുള്ള പ്രസിദ്ധി ഭൂലോകമെല്ലാം നിറഞ്ഞു. “ഇങ്ങനെയൊരു ചാക്യാർ മുമ്പുണ്ടായിട്ടുമില്ല. ഇനി ഉണ്ടാവുകയുമില്ല” എന്നു സകല ജനങ്ങളും ഒരു പോലെ പ്രശംസിച്ചുതുടങ്ങുകയും ചെയ്തു. അതു വാസ്തവമായിരുന്നു. വാക്കിനു് മാധുര്യാദിസാൽ ഗുണങ്ങളുടെ തികച്ചിൽ ഇതുപോലെയുണ്ടായിട്ടു് ഒരു ചാക്യാർ അതിനുമുമ്പും അതിൽ പിന്നെയുമുണ്ടായിട്ടില്ലെന്നുതന്നെയാണു് കേൾവി.

ഇത്രയുമായപ്പോഴേക്കും വിദ്വാൻമാർക്കു് ഉണ്ടാകാത്തവയും ഉണ്ടാകരുതാത്തവയുമായ ചില ദുർഗുണങ്ങൾ ആ ചാക്യാർക്കുണ്ടായിത്തീർന്നു. അവ മറ്റൊന്നുമല്ല. അഹംഭാവം, പരപുച്ഛം, ദുരാഗ്രഹം ഇത്യാദികളാണു്. അതിനാൽ സാമാന്യക്കാരു് പറഞ്ഞാലും വിളിച്ചാലും അയാൾ എങ്ങും പോകാതെയും കൂത്തു് കഴിക്കാതെയുമായി. വലിയ രാജാക്കൻമാരോ പ്രഭുക്കൻമാരോ അല്ലാതെ വല്ലവരും വിളിച്ചാൽ വച്ചിടത്തുമൊക്കെപ്പോയി കൂത്തു് കഴിക്കുന്നതു് കുറച്ചിലാണെന്നാണു് അയാൾക്കു പ്രധാനമായിട്ടുണ്ടായ ഒരു വിചാരം.

ഇങ്ങനെയിരിക്കുമ്പോൾ മുറജപത്തിനു പോകാനായി വാദ്ധ്യാന്മാർ, വൈദികന്മാർ, വലിയ വലിയ ആഢ്യന്മാർ മുതലായി അസംഖ്യം ബ്രാഹ്മണശ്രേഷ്ഠന്മാർ ഒരു ദിവസം അമ്പലപ്പുഴ വന്നു ചേർന്നു. ശങ്കരനാരായണച്ചാക്യാരുടെ വാക്കു വളരെ കേമമാണെന്നും മറ്റും ഓരോരുത്തർ സ്തുതിക്കുന്നതല്ലാതെ ആ ചാക്യാരുടെ വാക്കു് അവരാരും കേട്ടിട്ടുണ്ടായിരുന്നില്ല. അതിനാൽ അമ്പലപ്പുഴയെത്തുമ്പോൾ അതൊന്നു കേൾക്കണമെന്നു തീർച്ചപ്പെടുത്തിക്കൊ\-ണ്ടാണു് അവിടെ വന്നു് ചേർന്നതു്. തോണിയിൽനിന്നു് ഇറങ്ങിയ ഉടനെ ചാക്യാരെക്കണ്ടു കൂത്തിന്റെ കാര്യം ഏർപ്പാടു ചെയ്തിട്ടുവേണം മറ്റുള്ള കാര്യങ്ങളൊക്കെ എന്നു നിശ്ചയിച്ചു് ഒട്ടുവളരെ നമ്പൂരിമാർ ചാക്യാരുടെ മഠത്തിലെത്തി. ചാക്യാർ അവരെ യഥോചിതം ആസനസൽക്കാരം ചെയ്തിരുത്തീട്ടു് അവർ അവിടെ ചെന്നതിന്റെ കാരണം ചോദിച്ചു. നമ്പൂരിമാർ അവരുടെ ആഗ്രഹത്തെ ചാക്യാരെ അറിയിച്ചു. അപ്പോൾ ചാക്യാർ “ഇന്നു് എനിക്കു നല്ല സുഖമില്ലാത്ത ദിവസമാണു്. നാളെയോ മറ്റോ ആവാം” എന്നു പറഞ്ഞു.

നമ്പൂരിമാർ: ചാക്യാർ ഇങ്ങനെ മടി പറയരുതു്. ഞങ്ങളിതു് ആഗ്രഹിച്ചു തുടങ്ങീട്ടു് വളരെ നാളായി. ഏതെങ്കിലും മുറജപത്തിനു് ഇങ്ങോട്ടു വരണമല്ലോ. അപ്പോൾ ഇതും സാധിച്ചുകൊള്ളാമെന്നു ഞങ്ങൾ ഉറപ്പായി വിശ്വസിച്ചുംകൊണ്ടാണു് വന്നതു്. അതു് ചാക്യാർ സാധിപ്പിക്കണം. അല്ലെങ്കിൽ ഞങ്ങൾക്കു് വളരെ വ്യസനവും ഇച്ഛാഭംഗവുമുണ്ടാകും. ഞങ്ങൾക്കു ഒരു സ്ഥലത്തു് ഒരു നേരത്തിലധികം താമസിക്കാവുന്നതല്ല. ചാക്യാരുടെ വാക്കു് കേൾക്കാനുള്ള ആഗ്രഹാധിക്യംകൊണ്ടാണു് അത്താഴത്തിനുകൂടി ഇവിടെ താമസിക്കാമെന്നു വച്ചതു്. അത്താഴം കഴിഞ്ഞാലുടനെ പോകാതെയിരിക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ല.

ചാക്യാർ: ഇന്നു് എങ്ങനെയായാലും സാധിക്കയില്ല. നാളെയാണെങ്കിൽ വല്ലതുമാവട്ടെ. പ്രയാസമായിട്ടാണിരിക്കുന്നതു്. എനിക്കു തീരെ സുഖമില്ല. ഒരു ജലദോ‌ഷച്ഛായയോ ഒച്ചയടപ്പോ ഏതാണ്ടൊക്കെയുണ്ടു്.

നമ്പൂരിമാർ: അതെന്താക്കെയായാലും കൂത്തിന്നു വേണം. അതിനു ചാക്യാരു യാതൊരു ഒഴികഴിവും പറയരുതു്. ഇവിടെ വന്നിട്ടു ചാക്യാരുടെ വാക്കു കേൾക്കാതെ പോകുന്നതു് ഞങ്ങൾക്കു വലിയ സങ്കടമാണു്. പണം എത്ര വേണമെങ്കിലും തരാൻ ഞങ്ങൾ തയ്യാറാണു്.

ചാക്യാർ: പണത്തിന്റെ കാര്യം വിചാരിച്ചിട്ടു മറ്റുമല്ല. എനിക്കിന്നു് നിവൃത്തിയില്ലാഞ്ഞിട്ടാണു്.

നമ്പൂരിമാർ: അയ്യോ! ചാക്യാരങ്ങനെ പറയരുതു്. ഞങ്ങൾ പലർകൂടി അപേക്ഷിക്കുന്നതാണു്. വാദ്ധ്യാന്മാരും വൈദികന്മാരും വേറെ പല യോഗ്യന്മാരും വന്നിട്ടുണ്ടു്. അവർക്കൊ\-ക്കെ ചാക്യാരുടെ വാക്കു കേട്ടാൽ കൊള്ളാമെന്നു വളരെ മോഹമുണ്ടു്. അതിനാൽ ചാക്യാർ ഞങ്ങളുടെ അപേക്ഷയെ ഉപേക്ഷിക്കരുതു്.

ചാക്യാർ: ഇതൊരു നാശമായിട്ടു തീർന്നല്ലോ. എന്തു പറഞ്ഞാലും ഒഴിച്ചുപോവുകയില്ലെന്നുവച്ചാലെങ്ങനെയാണു് ? ഇന്നെനിക്കു പ്രയാസമാണെന്നു പറഞ്ഞില്ലേ? വല്ലവരും വന്നു പറഞ്ഞുലുടനെ കൂത്തു കഴിക്കാൻ ഇവിടെ തയ്യാറില്ല. എന്റെ വാക്കു കേൾക്കണമെന്നുള്ളവർ എന്റെ സൗകര്യംകൂടി നോക്കണം. ഇനി ഇക്കാര്യത്തെപ്പറ്റി എന്നോടൊന്നും പറയേണ്ട. ഞാനതിനു തയ്യാറായില്ല. വേണമെങ്കിൽ നിങ്ങൾ മടക്കത്തിലിതിലേ വന്നാൽ സൗകര്യമുണ്ടെങ്കിൽ അന്നാവാം.

ചാക്യാർ ഇപ്രകാരം തീർച്ചയാക്കി പറഞ്ഞപ്പോൾ ശുദ്ധാത്മാക്കളായ ആ ബ്രാഹ്മണ ശ്രേഷ്ഠർക്കു സഹിക്കവയ്യാതെകണ്ടുള്ള വ്യസനവും ഇച്ഛാഭംഗവും ഉണ്ടായെന്നുള്ളതു് പറയേണ്ടതില്ലല്ലോ. അവരെല്ലാവരും വലിയ ആഢ്യന്മാരും ജന്മികളുമായിരുന്നു. അവരെന്തെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ സമ്മതിക്കുകയല്ലാതെ ആരും പതിവില്ല. ഇങ്ങനെ ഒരനുഭവം അവർക്കു് ഇദംപ്രഥമമായിട്ടായിരുന്നു. ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കിൽ ആളയച്ചുവരുത്തിപ്പറയുകയല്ലാതെ അവർ മറ്റൊരാളിരിക്കുന്നിടത്തു് ചെന്നു് ഒരു കാര്യം പറയുകതന്നെ പതിവില്ല. ചാക്യാരുടെ വാക്കു കേൾക്കാനുള്ള ആഗ്രഹാധിക്യം നിമിത്തം അവർ സ്വാഭിമാനമെല്ലാം വിട്ടു് ആ ചാക്യാരുടെ ഇരിപ്പിടത്തുചെന്നു് വളരെ താഴ്മയോടുകൂടി പല വിധത്തിൽ അപേക്ഷിച്ചിട്ടും അയാൾ അതിനെ കൈക്കൊള്ളാതെയിരുന്നതിൽ അവർക്കു വളരെ വ്യസനമുണ്ടായതു് ഒരത്ഭുതമല്ല. ചാക്യാരുടെ ധിക്കാരവചനം കേട്ടിട്ടു് അവർക്കു വ്യസനം മാത്രമല്ല, കുറേശ്ശെ കോപവുമുണ്ടായി. അവരിൽ വയോവൃദ്ധനും തപോവൃദ്ധനുമായ ഒരു നമ്പൂരി വ്യസനത്തോടുകൂടി “ഞങ്ങൾ ഇങ്ങോട്ടു മടങ്ങിവരുമ്പോളല്ലാതെ തരമാവുകയില്ല അല്ലേ? അതു തീർച്ചതന്നെയാണോ?” എന്നു വീണ്ടും ചോദിച്ചു. “തീർച്ചതന്നെ” എന്നു ചാക്യാർ മറുപടി പറഞ്ഞു. അപ്പോൾ ആ നമ്പൂരി ഞങ്ങൾ “തിരിയെ വരുമ്പോഴേയ്ക്കും നിനക്കു പറയാൻ വയ്യാതെയായിപ്പോയെങ്കിലോ?” എന്നു ചോദിച്ചു. അതിനുത്തരം പറയാനായി ചാക്യാർ “എ” എന്നൊരക്ഷരം മാത്രം പറഞ്ഞു. അപ്പോഴേയ്ക്കും നാവു് തളർന്നു പോയതിനാൽ ഒന്നും പറയാൻ വയ്യാതെയായിപ്പോയി. നമ്പൂരിമാർ കുളിയും ഊണും കഴിച്ചു തിരുവനന്തപുരത്തേക്കു പോയി. ചാക്യാർ ഒന്നും സംസാരിക്കാൻ വയ്യാതെ കേവലം മൂകനെപ്പോലെ പിന്നെയും വളരെക്കാലം ജീവിച്ചിരുന്നു. പശ്ചാത്താപമനുഭവിച്ചതിന്റെ ശേ‌ഷം ചരമഗതിയെ പ്രാപിക്കുകയും ചെയ്തു.