close
Sayahna Sayahna
Search

Difference between revisions of "ഐതിഹ്യമാല-48"


(Created page with "__NOTITLE____NOTOC__← കൊട്ടാരത്തിൽ ശങ്കുണ്ണി {{SFN/Aim}}{{SFN/AimBox}} ==രാമപുരത്തു വാര്യർ=...")
(No difference)

Revision as of 12:07, 12 August 2017

കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

രാമപുരത്തു വാര്യർ

രാമപുരത്തു വാര്യരുടെ സ്വദേശം മീനച്ചിൽ താലൂക്കിൽ ചേർന്ന രാമപുരം തന്നെയാണു്. ഇദ്ദേഹത്തിന്റെ ജനനം കൊല്ലം 9-ആം ശതാബ്ദത്തിന്റെ ഒടുവിലായിരിക്കണം. ഇദ്ദേഹം സാമാന്യം വ്യുത്പത്തിയും നല്ല കവിതാവാസനയും ഉള്ള ആളായിരുന്നു. ഇദ്ദേഹത്തിന്റെ പ്രധാനകൃതി കുചേലവൃത്തം വഞ്ചിപ്പാട്ടാണു്. അതുകൂടാതെ ചില ഒറ്റശ്ശോകങ്ങളും കീർത്തനങ്ങളും മറ്റുമല്ലാതെയൊന്നും ഇദ്ദേഹം ഉണ്ടാക്കിയിട്ടുള്ളതായി കാണുന്നില്ല. ഇദ്ദേഹം വഞ്ചിപ്പാട്ടുണ്ടാക്കാനുള്ള കാരണം താഴെപറയുന്നു.

രാമപുരത്തു വാര്യർ ദാരിദ്ര്യം സഹിക്കവയ്യാതായിട്ടു് സ്വദേശം വിട്ടു പുറപ്പെട്ടു് വൈക്കത്തുചെന്നു ചേർന്നു. ഈ ദാരിദ്ര്യദുഃഖം വൈക്കത്തപ്പൻതന്നെ തീർത്തു തരണം എന്നു പ്രാർത്ഥിച്ചുകൊണ്ടു് ഇദ്ദേഹം അവിടെയൊരു സംവത്സരഭജനം തുടങ്ങി. “വൈക്കത്തു് ഊട്ടുപുരയിൽ സദ്യയുള്ള ദിവസം മാത്രം ഒരു നേരം ഊണുകഴിക്കാം. സദ്യയില്ലെങ്കിൽ അന്നുണ്ണുകയും വേണ്ട” എന്നുള്ള നിശ്ചയത്തോടു കൂടിയാണു് വാര്യർ ഭജനം തുടങ്ങിയതു്. അദ്ദേഹം ഭജനം തുടങ്ങിയതിൽ പിന്നെ അവിടെ ഒരു ദിവസവും മുടങ്ങാതെ സദ്യയുണ്ടായിരുന്നുവെന്നാണു് കേട്ടിട്ടുള്ളതു്.

Chap48pge336.png

ഭജനം കാലം കൂടുന്ന ദിവസം മാർത്താണ്ഡവർമ്മ മഹാരാജാവു് വൈക്കത്തെഴുന്നള്ളി. വാര്യർ മഹാരാജാവിനെ സ്തുതിച്ചു് നാലഞ്ചു ശ്ലോകങ്ങളുണ്ടാക്കി എഴുന്നള്ളത്തോടുകൂടെയുണ്ടായിരുന്ന രാമയ്യൻ ദളവ മുഖാന്തരം തൃക്കൈയ്യിലെത്തിച്ചു. തിരിയെ എഴുന്നള്ളത്തു പുറപ്പെട്ടു ബോട്ടിൽ എഴുന്നള്ളുന്ന സമയം കടവിൽ വാര്യരും ഹാജരുണ്ടായിരുന്നു. വാര്യരുംകൂടി ബോട്ടിൽ കയറിക്കൊള്ളുന്നതിനു കല്പിക്കുകയും വാര്യരുംകൂടി കേറുകയും ചെയ്തു. ബോട്ടു നീക്കി കുറെ പോയപ്പോൾ വാര്യർ ഒരു വഞ്ചിപ്പാട്ടുണ്ടാക്കിപ്പാടുന്നതിനു് തമ്പുരാൻ കല്പിച്ചു. ആ കൽപ്പന പ്രകാരമാണു് കുചേലവൃത്തം വഞ്ചിപ്പാട്ടുണ്ടാക്കിയതു്. വഴിക്കൊക്കെ വാര്യർ പാട്ടുണ്ടാക്കുകയും പാടുകയും ചെയ്തുകൊണ്ടുപോയി. പള്ളിബോട്ടു് തിരുവനന്തപുരത്തു് കല്പാലക്കടവിലടുത്തപ്പോഴേയ്ക്കും പാട്ടു മുഴുവനാക്കുകയും ചെയ്തു. ആ പാട്ടിൽ “എങ്കലുള്ള പരമാർത്ഥം പാട്ടുകൊണ്ടുണ്ടാം” എന്നു പ്രയോഗിച്ചിരിക്കുന്നതുകൊണ്ടു് വാര്യർ കുചേലനെപോലെ ദരിദ്രനാണെന്നു സൂചിപ്പിച്ചിരിക്കുന്നു.

തിരുവനന്തപുരത്തു വന്നു ചേർന്നയുടനെ വാര്യർക്കു താമസിക്കുന്നതിനു് ഒരു സ്ഥലവും ആഴ്ചമുറക്കു് എണ്ണയും രണ്ടു നേരവും പക്കത്തു ഭക്ഷണവും മറ്റും കൊടുക്കുന്നതിനു കല്പിച്ചു ചട്ടം കെട്ടി. അങ്ങനെ വാര്യർ കുറച്ചു ദിവസം അവിടെ താമസിച്ചു. ഒടുക്കം മുഖം കാണിച്ചു് യാത്രയറിയിച്ചുപോയ സമയം വാര്യർക്കു യാതൊന്നും കൽപ്പിച്ചു കൊടുത്തില്ല. കുചേലൻ ദ്വാരകയിൽ നിന്നെന്നപോലെ വാര്യർ വി‌ഷാദത്തോടുകൂടി തിരുവനന്തപുരത്തുനിന്നു മടങ്ങിപ്പോയി. സ്വഗൃഹത്തിന്നടുക്കൽ ചെന്നപ്പോഴും വാര്യർക്കു കുചേലനുണ്ടായതുപോലെയുള്ള പരിഭ്രമവും അന്ധാളിത്തവുമൊക്കെയുണ്ടായി. വാര്യർ തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലംകൊണ്ടു കല്പനപ്രകാരം വാര്യരുടെ ഗൃഹം വലിയ മാളികയായിട്ടു പണിയിക്കുകയും ഗൃഹത്തിൽ വേണ്ടുന്ന സകലപാത്രങ്ങളും അവിടെയുള്ളവർക്കെല്ലാം ആഭരണങ്ങളും കരമൊഴിവായിട്ടു് വളരെ വസ്തുക്കളും കൊടുക്കുകയും കഴിഞ്ഞിരുന്നു. അനന്തരം വാര്യർ കുചേലനെപ്പോലെ അർത്ഥമിത്രപുത്രകളത്രാദികളോടും മഹാരാജാവിങ്കലും ഈശ്വരങ്കലും വളരെ ഭക്തിയോടുംകൂടി സുഖമായി പാർക്കുകയും ചെയ്തു.