close
Sayahna Sayahna
Search

Difference between revisions of "ഐതിഹ്യമാല-57"


(Created page with "__NOTITLE____NOTOC__← കൊട്ടാരത്തിൽ ശങ്കുണ്ണി {{SFN/Aim}}{{SFN/AimBox}} ==പാക്കിൽ ശാസ്താവ്==...")
(No difference)

Revision as of 12:29, 12 August 2017

കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പാക്കിൽ ശാസ്താവ്

പാക്കിൽ ശാസ്താവിന്റെ ക്ഷേത്രം തിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ നാട്ടകം പകുതിയിലാണു്. ഈ ക്ഷേത്രം പണ്ടു് ഏറ്റവും പ്രസിദ്ധവും പ്രാധാന്യവുമുള്ളതായിരുന്നു. ഇതിനു പുരാതനത്വവും ഒട്ടും കുറവില്ല. ശ്രീ പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കായിട്ടു് കിഴക്കു് മലകളിലും പടിഞ്ഞാറു് സമുദ്രതീരങ്ങളിലുമായി പല സ്ഥലങ്ങളിൽ ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതു് പ്രസിദ്ധമാണല്ലോ. പാക്കിൽശാസ്താവും ആ കൂട്ടത്തിലുള്ളതായി വിചാരിക്കാം. എന്നാൽ സ്വൽപം ഭേദമില്ലെന്നുമില്ല.

ഒരിക്കൽ ബ്രഹ്മാവു തന്റെ ഹേമകുണ്ഡത്തിൽനിന്നു് ഉദ്ഭൂതമായ ഒരു ശാസ്തൃവിഗ്രഹം അഗ്നിദേവന്റെ കയിൽ കൊടുത്തു്, “ഇതു് പരശുരാമന്റെ കയ്യിൽ കൊടുത്തു്, ഇതിനെ യഥോചിതം എവിടെയെങ്കിലും ഒരു നല്ല സ്ഥലത്തു് പ്രതിഷ്ഠിക്കാൻ പറയണം” എന്നു പറഞ്ഞയച്ചു. അഗ്നിദേവൻ അപ്രകാരം ചെയുകയാൽ പരശുരാമൻ ആ വിഗ്രഹവും കൊണ്ടു് പുറപ്പെട്ടു് “പാക്കു്” എന്നു പറഞ്ഞുവരുന്ന ആ സ്ഥലത്തു് വന്നപ്പോൾ ഈ സ്ഥലം കൊള്ളാമെന്നു തോന്നുകയാൽ ആ ബിംബം അവിടെ പ്രതിഷ്ഠിച്ചു്. എങ്കിലും അതു് അവിടെ ഉറയ്ക്കാതെ ഇളകി ഉദ്ഗമിച്ചുകൊണ്ടിരുന്നു. പല പ്രാവശ്യം പിടിച്ചിരുത്തീട്ടും ബിംബമവിടെ ഇരിക്കായ്കയാൽ പരശുരാമൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ആ സമയം ദൈവഗത്യാ സാക്ഷാൽ പാക്കനാരും ഭാര്യയും കൂടി അവിടെ വന്നുചേർന്നു. പാക്കനാരെ കണ്ടപ്പോൾ പരശുരാമൻ പരമാർത്ഥമെല്ലാം പറഞ്ഞു. ഉടനെ പാക്കനാർ ആ ബിംബത്തിന്മേൽപ്പിടിച്ചു് കീഴ്പ്പോട്ടു് അമർത്തിക്കൊണ്ടു് “ഇവിടെപ്പാർക്കു്” എന്നു പറഞ്ഞു. അതോടുകൂടി ബിംബം അവിടെ ഉറച്ചു. പാക്കനാർ “പാർക്കു്” എന്നു പറഞ്ഞതിനാൽ ആ ദേശത്തിനു “പാർക്കു്” എന്നു തന്നെ പേരു സിദ്ധിച്ചു. അതു കാലക്രമേണ “പാക്കു്” എന്നായിത്തീർന്നു. ഇപ്രകാരമൊക്കെയാണു് പാക്കിൽ ശാസ്താവിന്റെ ആഗമം. അതിനാൽ ഈ ശാസ്താവിനെ പ്രതിഷ്ഠിച്ചതു് പരശുരാമനാണെന്നും പാക്കനാരാണെന്നും അഗ്നിദേവനാണെന്നും ഓരോരുത്തർ ഓരോവിധം പറയുന്നു. പ്രതിഷ്ഠ കഴിഞ്ഞു പരശുരാമൻ പോയതിന്റെ ശേ‌ഷം ശാസ്താവു് ദിവ്യനായ പാക്കനാർക്കു പ്രത്യക്ഷീഭവിക്കുകയും “പാക്കനാരെ ആണ്ടിലൊരിക്കലെങ്കിലും ഇവിടെ കണ്ടാൽ കൊള്ളാമെന്നുണ്ടു്” എന്നരുളിചെയ്കയും അങ്ങനെയാകാമെന്നു് പാക്കനാർ സമ്മതിക്കുകയും ചെയ്തു. പാക്കനാർ മുറം വിറ്റുകൊണ്ടു് സഞ്ചരിച്ചിരുന്ന അവസരത്തിലാണു് അവിടെച്ചെന്നിരുന്നതു്. അതുപോലെ പാക്കനാർ പിന്നെയും ആണ്ടുതോറും കർക്കടക സംക്രാന്തിനാൾ അവിടെ ചെന്നിരുന്നു. പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണല്ലോ. പാക്കനാർ പതിവായി കർക്കടകസംക്രാന്തിനാൾ പാക്കിൽചെന്നിരുന്നതിന്റെ സ്മാരകമായി ഇപ്പോഴും അവിടെ കർക്കടക സംക്രാന്തിതോറും ജനങ്ങൾ കൂടി ഒരു കച്ചവടം നടത്തിവരുന്നുണ്ടു്. അതിനു് “സംക്രാന്തിവാണിഭം” എന്നാണു് പേരു പറഞ്ഞുവരുന്നതു് . ആ ദിവസം അവിടെ പലജാതിക്കാരായി അസംഖ്യം ആളുകൾ കൂടുകയും കച്ചവടത്തിനായി അനേകം സാമാനങ്ങൾ കൊണ്ടുവരുകയും ചെയ്യുന്നുണ്ടു്. എന്നാൽ വരുന്നവരിൽ അധികം പേരും പറയറും പുലയരും സാമാനങ്ങളിൽ അധികവും കുട്ട, മുറം മുതലായവയുമായിരിക്കും.

പ്രതിഷ്ഠനന്തരം പരശുരാമൻ തദ്ദേശവാസികളായ ജനങ്ങളെ അവിടെ വരുത്തി ഈ ശാസ്താവിനെ എല്ലാവരും ദേശപരദേവതയായി ആദരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നു ഉപദേശിച്ചു. അതനുസരിച്ചു ജനങ്ങൾ കൂടി അവിടെ ഉപായത്തിൽ ഒരമ്പലം പണി കഴിപ്പിക്കുകയും സമീപസ്ഥനായ അയർക്കാട്ടു നമ്പൂരിയെക്കൊണ്ടു് കലശം നടത്തിക്കുകയും ചെയ്തു. ആ ദേവനു് ആദ്യം നിവേദ്യം കഴിച്ചതു് നാഴിയരിവച്ചു് അതിന്റെ മുകളിൽ ഒരു തുടം വെണ്ണയും വച്ചാണു്. അതിനാൽ അങ്ങനെയുള്ള നിവേദ്യം ആ ദേവനു വളരെ പ്രധാനവും പ്രിയതരവുമായിത്തീർന്നു. അങ്ങനെ വഴിപാടായിട്ടു് ഇപ്പോഴും പലരും അവിടെ നടത്തിവരുന്നുണ്ടു്. അതിനു നാഴിയരിയും വെണ്ണയും എന്നാണു് പേരു പറഞ്ഞുവരുന്നതു്.

ദേശക്കാർക്കൂടി ഉപായത്തിൽ ആദ്യം പണികഴിപ്പിച്ച ഈ ക്ഷേത്രത്തിനു പിന്നീടു വേണ്ടുന്ന പുഷ്ടിയൊക്കെ വരുത്തിയതു് തെക്കുംകൂർ രാജാവാണു്. ഒരു കാലത്തു നാടുവാണിരുന്ന തെക്കുംകൂർ രാജാവു് ആണ്ടുതോറും മകരസംക്രാന്തിക്കു് ശബരിമല ക്ഷേത്രത്തിൽപ്പോയി സ്വാമിദർശനം കഴിച്ചുവന്നിരുന്നു. ആ തമ്പുരാനു് പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം നിമിത്തം അതു ദു‌ഷ്ക്കരമായിത്തുടങ്ങിയതിനാൽ ഒരാണ്ടിൽ അവിടെച്ചെന്നിരുന്നപ്പോൾ നടയിൽ തൊഴുതുകൊണ്ടുനിന്നു് “എന്റെ സ്വാമിൻ! ഇവിടെ വന്നു ദർശനം കഴിച്ചു പോകാൻ ഞാൻ ശക്തനല്ലാതെയായിത്തീർന്നിരിക്കുന്നു. ഇതു് മുടങ്ങീട്ടു ജീവിച്ചിരിക്കുകയെന്നുള്ളതു് എനിക്കു പരമസങ്കടമാണു്. അതിനാൽ ഇതിനു് എന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരണേ” എന്നു ഭക്തിപൂർവം പ്രാർത്ഥിച്ചു. അന്നു രാത്രിയിൽ തമ്പുരാൻ കിടന്നുറങ്ങിയിരുന്ന സമയം ഒരാൾ അടുക്കൽ ച്ചെന്നു്, “ഇവിടെ വന്നു് എന്നെ ദർശിക്കുന്നതിനു് നിവൃത്തിയില്ലാത്തവർ എന്റെ കിഴക്കേ നടയിൽ വന്നു് എന്നെക്കണ്ടാലും മതി. പാക്കിൽ പാർക്കുന്നതും ഞാൻതന്നെയാണു്” എന്നു പറഞ്ഞതായി അദ്ദേഹത്തിനുതോന്നി. ഉണർന്നു് ഉടനെ കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. അതിനാൽ ഇതു് കരുണാനിധിയായ ശബരിമലശാസ്താവു് തന്റെ പ്രാർത്ഥനയെ കൈക്കൊണ്ടു് അരുളിച്ചെയ്തതാണെന്നു് തന്നെ തമ്പുരാൻ വിശ്വസിച്ചു.

തമ്പുരാൻ ശബരിമലയിൽനിന്നു് തിരിയെ രാജധാനിയിൽ എത്തിയതിന്റെ ശേ‌ഷം ഒട്ടും താമസിയാതെ പാക്കിൽ ശാസ്താവിന്റെ അമ്പലം, നാലമ്പലം, ബലിക്കൽപ്പുരം, വാതിൽമാടം മുതലായവയോടുകൂടി ഭംഗിയായി പണിയിക്കുന്നതിനു കൽപന കൊടുത്തു. രണ്ടുമൂന്നു മാസംകൊണ്ടു് അമ്പലം പണിയും പരിവാര പ്രതിഷ്ഠയും കലശവും നടത്തിക്കുകയും ഉത്സവം മുതലായ ആട്ടവിശേ‌ഷങ്ങൾക്കും മാസവിശേ‌ഷങ്ങൾക്കും നിത്യനിദാനം മുതലായതിനും പതിവുകൾ നിശ്ചയിക്കുകയും അവയ്ക്കെല്ലാം വേണ്ടിടത്തോളം വസ്തുവകകൾ ദേവസ്വംപേരിൽ പതിച്ചുകൊടുക്കുകയും ചെയ്തു. ആകെപ്പാടെ പാക്കിൽ ക്ഷേത്രം ഒരു മഹാക്ഷേത്രമാക്കിത്തീർത്തു എന്നു പറഞ്ഞാൽ മതിയല്ലോ. ക്ഷേത്രം പണി കഴിഞ്ഞിട്ടു് അന്നു് കലശം നടത്തിച്ചതും അയർക്കാട്ടു് നമ്പൂരിയെക്കൊണ്ടുതന്നെയാണു്. അതിനാൽ ആ നമ്പൂരി ആ ക്ഷേത്രത്തിലെ തന്ത്രിയായിത്തീർന്നു. ഇപ്പോഴും അവിടെ തന്ത്രി അദ്ദേഹം തന്നെ. അക്കാലം മുതൽ തെക്കുംകൂർ രാജാക്കന്മാർ പാക്കിൽ ശാസ്താവിനെ അവരുടെ ഒരു പരദേവതയായി ആചരിച്ചുതുടങ്ങുകയും ചെയ്തു. അവർ അക്കാലത്തു മാസത്തിലൊരിക്കലെങ്കിലും അവിടെപ്പോയി സ്വാമിദർശനം കഴിക്കാതെയിരിക്കാറില്ല. അന്നു രാജധാനി കോട്ടയത്തു തളിയിലായിരുന്നതിനാൽ പാക്കിൽ ക്ഷേത്രത്തിലേക്കു നാലഞ്ചു നാഴികയിലധികം ദൂരമുണ്ടായിരുന്നില്ല. അതിനാൽ അങ്ങോട്ടു കൂടെക്കൂടെപ്പോകുന്നതിനു സൗകര്യവുമുണ്ടായിരുന്നു.

പെരുമാക്കന്മാരുടെ ഭരണാനന്തരം കേരളരാജ്യം പല ഖണ്ഡങ്ങളായി ഭാഗിച്ചു ചില രാജാക്കന്മാരും ഇടപ്രഭുക്കന്മാരും പ്രത്യേകം പ്രത്യേകം ഭരിച്ചുതുടങ്ങിയപ്പോൾ അവർ തമ്മിൽ കൂടെക്കൂടെ യുദ്ധമുണ്ടാവുക സാധാരണമായിത്തീർന്നു. അതിനാൽ അവർക്കെല്ലാ\-വർക്കും പ്രത്യേകം പ്രത്യേകം സൈന്യങ്ങളെ ശേഖരിക്കേണ്ടതു് അത്യാവശ്യമായും വന്നുകൂടി. തെക്കുംകൂർ രാജാവും ഇക്കൂട്ടത്തിൽ പ്രാധനപ്പെട്ട ഒരിടപ്രഭുവായിരുന്നതിനാൽ അദ്ദേഹത്തിനു ഒരു സൈന്യശേഖരം വേണ്ടിവന്നു. അതിനാൽ അദ്ദേഹം രാജ്യത്തുള്ള ഓരോ കരകളിലും ഓരോരുത്തരെ ആശാന്മാരായി നിശ്ചയിക്കുകയും അവർക്കെല്ലാം ചില സ്ഥാനമാനങ്ങളും മറ്റും കല്പിച്ചു കൊടുക്കുകയും ആ ആശാന്മാർ ഓരോ കരകളിലും കളരികൾ കെട്ടി നാട്ടുകാരായ പുരു‌ഷന്മാരെയല്ലാം ആയോധനവിദ്യ അഭ്യസിപ്പിക്കണമെന്നു് ഏർപ്പാടു് ചെയ്യുകയും അങ്ങനെ അവിടേക്കു ധാരാളം സൈന്യങ്ങളുണ്ടായിത്തീരുകയും ചെയ്തു. എന്നു മാത്രമല്ല, ഇപ്രകാരം യുദ്ധം അഭ്യസിക്കപ്പെടുന്നവർക്കു് ആണ്ടിലൊരിക്കൽ ഒരു പരീക്ഷ നടത്തണമെന്നും ആ പരീക്ഷ നടത്തുന്നതു് പാക്കിൽ ശാസ്താവിന്റെ സന്നിധിയിൽവച്ചു വേണമെന്നും നിശ്ചയിച്ചു.

Chap57pge447.png

ആണ്ടുതോറും വിജയദശമിക്കു് വിദ്യാംരംഭം കഴിഞ്ഞിട്ടു് രാജാവു് ഒരു നല്ല ദിവസം നിശ്ചയിച്ചു് പ്രസിദ്ധപ്പെടുത്തും. ആ ദിവസം രാജ്യത്തുള്ള സകല കരകളിൽനിന്നും ആശാന്മാർ അവരവരുടെ ശി‌ഷ്യന്മാരോടുകൂടി പാക്കിൽ വന്നുചേരും. അപ്പോൾ രാജാവും അവിടെയെത്തും. പിന്നെ പോരാളികളായിട്ടുള്ളവരെ യഥായോഗ്യം രണ്ടുഭാഗമായി തിരിച്ചു നിർത്തും. അവർ തെക്കും വടക്കുമായി പിരിഞ്ഞു് അണിനിരക്കും. എല്ലാവരും സന്നദ്ധരായി നിന്നു കഴിയുമ്പോൾ യുദ്ധം തുടങ്ങുന്നതിനു് രാജാവു് കല്പനകൊടുക്കും. ഉടനെ യുദ്ധമാരംഭിക്കുകയും ചെയ്യു. ഇങ്ങനെയൊക്കെയായിരുന്നു ഇതിന്റെ പതിവു്. ഈ പരീക്ഷായുദ്ധത്തിനു് പാക്കിൽ പട എന്നാണു് പേരു പറഞ്ഞുവന്നിരുന്നതു്. ഈ യുദ്ധത്തിനായി പാക്കിൽ ക്ഷേത്രത്തിനുസമീപം മതിൽക്കുപുറത്തായിട്ടു് ഏതാനും സ്ഥലം ഒഴിച്ചിട്ടിരുന്നു. ആ സ്ഥലത്തിനു് ‘പടനിലം’ എന്നാണു് നാമകരണം ചെയ്തിരിക്കുന്നതു് . ഈ യുദ്ധത്തിൽ ജയിക്കുന്നവർക്കു് സൈന്യത്തിൽ ചില സ്ഥാനങ്ങളും ചില സമ്മാനങ്ങളും മറ്റും രാജാവു് കൽപിച്ചു കൊടുക്കുകയും ചെയ്തിരുന്നു. യുദ്ധത്തിൽ ജയിക്കുന്നതിനു പ്രധാനമായി സഹായിക്കുന്ന ദേവന്മാർ വേട്ടയ്ക്കൊരു മകനും ശാസ്താവുമാണെന്നാണല്ലോ വച്ചിരിക്കുന്നതു് . അതിനാൽ തെക്കുംകൂർ രാജാവും രാജ്യവാസികളും മാത്രമല്ല, മറ്റു ചില രാജാക്കന്മാരും കോയിത്തമ്പുരാക്കന്മാരും കൂടി പാക്കിൽ ശാസ്താവിനെ ഒരു പരദേവതയായിട്ടാണു് ആചരിച്ചുവരുന്നതു്. നാട്ടുരാജാക്കന്മാർ തമ്മിൽ യുദ്ധമില്ലാതായപ്പോൾ മുതൽ അതിനൊക്കെ സ്വല്പം കുറവു് വന്നു തുടങ്ങി. എങ്കിലും, പള്ളം, ലക്ഷ്മീപുരം, അനന്തപുരം, പാലിയക്കര, ഗ്രാമം മുതലായ കോയിത്തമ്പുരാക്കന്മാരുടെ കൊട്ടാരങ്ങളിലും മറ്റും കൊച്ചുതമ്പുരാക്കന്മാരുടെ അന്നപ്രാശനവും കൊച്ചുതമ്പുരാട്ടിമാരുടെ പള്ളിക്കെട്ടു കഴിഞ്ഞാൽ പാക്കിൽ കൊണ്ടുചെന്നു ദർശനം കഴിപ്പിച്ചു് കൊണ്ടുപോവുക ഇപ്പോഴും പതിവുണ്ടു്.

ശബരിമലശാസ്താവും പാക്കിൽ ശാസ്താവും ഒന്നുതന്നെയെന്നാണു് ജനങ്ങളുടെ വിശ്വാസം. ശബരിമലയ്ക്കു് പോകുവാൻ സാധിക്കാത്തവരും മറ്റുമായി അനേകം ജനങ്ങൾ മകരസംക്രാന്തിക്കു പാക്കിൽ പോയി ദർശനം കഴിക്കുക ഇപ്പോഴും പതിവാണു്.

പാക്കിൽ ശാസ്താവിനു് മുൻകാലങ്ങളിൽ ഇപ്രകാരമെല്ലാം പ്രസിദ്ധിയും പ്രാധാന്യവും ഉണ്ടായിരുന്നുവെങ്കിലും തെക്കുംകൂർ രാജ്യം തിരുവിതാംകൂറിൽ ചേർന്നതോടുകൂടി അതിനൊക്കെ വളരെ ഭേദഗതിവന്നുപോയി. എങ്കിലും ദേവസാന്നിദ്ധ്യത്തിനു് ഇപ്പോഴും അവിടെ യാതൊരു മാറ്റവും വന്നിട്ടില്ല. ആ ദേശക്കാർ ഇപ്പോഴും ആ ശാസ്താവിനെ തങ്ങളുടെ ദേശപരദേവതയായിട്ടുതന്നെ ആചരിച്ചുവരുന്നുണ്ടു്. ആണ്ടു തോറുമുള്ള ഉത്സവത്തിനു് സർക്കാരിൽനിന്നു സ്വല്പം നെല്ലും പണവും പതിച്ചുവച്ചിട്ടുണ്ടെങ്കിലും പോരാത്തതെല്ലാം ചെലവുചെയ്തു് ഉത്സവം കേമമാക്കുന്നതും അഹസ്സുകൾ നടത്തുന്നതും ഇപ്പോഴും ദേശക്കാർ തന്നെയാണു്. പാക്കിൽ ശാസ്താവിന്റെ മാഹാത്മ്യങ്ങൾ പറയുകയാണെങ്കിൽ വളരെയുണ്ടു്. വിസ്തരഭയത്താൽ അതിനായി ഇപ്പോൾ തുനിയുന്നില്ല.