close
Sayahna Sayahna
Search

യുക്തിവാദി


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ജോലി നഷ്ടപ്പെട്ടത് വാലത്തിനു വലിയ പ്രഹരമായി. സാമ്രാജ്യത്വത്തിനെതിരെ ശബ്ദിച്ച അപരാധത്തിന് തക്ക ശിക്ഷ സാമ്രാജ്യത്വം കല്പിച്ചു. അതൊന്നും വാലത്തിനെ തളർത്തിയില്ല. ചൊടിപ്പിച്ചുമില്ല. ജീവിതം തിരിഞ്ഞു നിന്നു. മുന്നോട്ട് ഏതു വഴി തിരഞ്ഞെടുക്കണമെന്ന് നിർണ്ണയിക്കാനാവാത്ത അനിശ്ചിതാവസ്ഥ…വിദ്യാഭ്യാസം തുടരുവാൻ സാമ്പത്തികശേഷിയുടെ പിൻബലമില്ല. അച്ഛന്റെ വിശ്വാസ പ്രമാണങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നതിനാലും, അയിത്തം തുടങ്ങിയ അനാചാരങ്ങളിൽ അമർഷം തോന്നിയതിനാലും പൌരോഹിത്യ ജോലിയോട് അടുപ്പം തോന്നിയില്ല. പുതിയ ഒരു തുടക്കത്തിനായുള്ള അന്വേഷണം അടിയന്തിരമായി ആരംഭിച്ചു.

ഒരു മനുഷ്യൻ സഹജീവിയ്ക്കു് വഴി മാറണമെന്ന അവസ്ഥയ്ക്കെതിരെ കൃഷ്ണന്റെ മനസ്സിൽ കടുത്ത സംഘർഷം നടന്നിരിക്കണം. അങ്ങനെ സ്വന്തം മനസ്സിൽ തോന്നിയ പടി, ജാതി, മതം, വർഗ്ഗം തുടങ്ങിയ വിവേചനങ്ങൾക്ക് അതീതനായി സ്വയം പ്രഖ്യാപിച്ചു. ഒരു പുരോഹിതന്റെ മകൻ ആ പാത പിന്തുടർന്നില്ല എന്ന് മാത്രമല്ല, ആത്മീയതയും കൈവിട്ടു. അത് ഒരേസമയം വൈരുദ്ധ്യവും ദുരന്തവുമാണ്. അന്നത്തെ കാലത്ത് നിരീശ്വരത്വം സ്വന്തം ജീവിതാദർശമായി ഒരാൾ തെരഞ്ഞെടുത്താൽ ഒന്നുകിൽ അത് ആരംഭശൂരത്വമാകും അല്ലെങ്കിൽ കപടമുഖമാകും. എന്നാൽ വാലത്തിന്റെ നിരീശ്വരത്വം തലച്ചോറിനുള്ളിൽ ജന്മം കൊണ്ടതാണ്, എന്നെനിക്കു തോന്നുന്നു. കാരണം, വാലത്തിന്റെ നിരീശ്വരവാദം അല്പായുസ്സായിരുന്നില്ല. സന്ദർഭാനുസരണം എടുത്തണിഞ്ഞ മുഖംമൂടിയുമായിരുന്നില്ല. അത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനുള്ളതായിരുന്നില്ല. സ്ഥിരതയുള്ള നിരീശ്വരനാകാൻ വാലത്തിനെ പ്രാപ്തനാക്കിയത്, താൻ സ്വയം ഒരു ബിംബമാണെന്നന്ന ബോദ്ധ്യമത്രേ. ഒരു ഈശ്വരബിംബം മറ്റു ബിംബങ്ങളോടു പ്രാർത്ഥിക്കുന്നതെന്തിന്? മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവെച്ചു, എന്ന വയലാറിന്റെ വരികൾ ലോകത്തോട് വിളിച്ചുപറഞ്ഞതിനേക്കാൾ വലിയ സത്യമേതാണ്?

‘ഈ സായം സന്ധ്യയിൽ’ എന്ന ലേഖനത്തിൽ വാലത്ത് ഇങ്ങനെ എഴുതി:

“എനിയ്ക്ക്  ജാതിയില്ല. മതമില്ല. ദൈവമോ, ക്ഷേത്രമോ ഇല്ല. ആ വക സൂചനകളൊന്നും എന്റെയോ എന്റെ മക്കളുടെയോ പേരക്കുട്ടികളുടേയോ പേരുകളിൽ ഒളിച്ചു നിൽക്കുന്നില്ല. അതുപോലെ എന്റെ പുസ്‍തകങ്ങളും എന്റെ ജാതി വിളംബരം ചെയ്‍കയില്ല. ജാതിചിന്ത മനുഷ്യന്റെ മനസ്സിൽ വരുന്നതോടെ അവൻ അങ്ങേയറ്റം തരം താഴ്‍ന്നതായാണ് ഞാൻ കണക്കാക്കിയിട്ടുള്ളത്. ഈ എൺപയതാം വയസ്സിൽ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നത് ഞാനൊരിക്കലും  ഒരു ജാതിയുടെ ഭാഗമായി ചിന്തിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്‍തിട്ടില്ല എന്നതു കൊണ്ടാണ്. ഞാൻ മനുഷ്യനാണ്. ഒരു ചരിത്രകാരനായി അറിയപ്പെട്ടാൽ മതി.”

ജാതിയും മതവും വലിച്ചെറിഞ്ഞപ്പോൾ കൂടെ അതിനകത്തെ ആചാരങ്ങളും അനാചാരങ്ങളും ദൈവങ്ങളും ഇറങ്ങിപ്പോയി. അങ്ങനെ കൃഷ്ണൻ ഒരു സ്വതന്ത്ര മനുഷ്യനായി രൂപപ്പെട്ടു. എന്നാൽ, ഒരു ഭഗവാന്റെ പേര് ചുമന്നു കൊണ്ട് ആ ഭഗവാനെയും അദ്ദേഹത്തിന്റേതായ സർവതിനെയും ധിക്കരിക്കുന്നത് നീതിയല്ലല്ലോ. അതുകൊണ്ടായിരിക്കാം, കൃഷ്ണൻ എന്ന പേര് തന്നെ ഉപേക്ഷിച്ചു. പൂർണ്ണമായല്ല. കാരണം ആ പേര് പിതാവ് ഇരുപത്തിയെട്ടാം നാൾ പേരിടീൽ വിധിപ്രകാരം മൂന്നുരു കാതിലോതിയതാണ്. അതിനോട് പിതൃബന്ധമുണ്ട്. ആദരമുണ്ട്. അത് കളയുന്നത് പിതൃത്വത്തെ അവഹേളിക്കുന്നതിനു തുല്യം. അതിനാൽ പേര് ചുരുക്കാക്ഷരങ്ങളിൽ മറച്ചു. വടക്കേ വാലത്ത് വേലു കൃഷ്ണൻ അങ്ങനെ വി. വി. കെ. വാലത്ത് ആയി, എന്ന് കരുതാം. പേര് കേട്ടാൽ ജാതി തിരിച്ചറിയരുത് എന്നു് അദ്ദേഹം ഉറപ്പിച്ചു. പെരുമാറ്റം കേരളാ ഗസറ്റിൽ പരസ്യപ്പെടുത്തി. പിന്നെ അദ്ദേഹം വി. വി. കെ. വാലത്തായി. അതിനു ശേഷം അദ്ദേഹം ‘കൃഷ്ണനെ’ തിരിഞ്ഞു നോക്കിയിട്ടില്ല.

ജാതിയും മതവും ദൈവങ്ങളും ഒക്കെ പോയ ഒഴിവിലേക്ക് പുതിയ ഒരു കഥാപാത്രം കടന്നു വന്നു. ഒരു മാസികയാണ്. യുക്തിവാദി മാസിക. നിരീശ്വരവാദികൾക്ക് മാത്രം പ്രിയപ്പെട്ട ഒരു പ്രസിദ്ധീകരണം. എം. സി. ജോസഫിന്റെ പത്രാധിപത്യത്തിൽ തപാലിൽ വന്നുകൊണ്ടിരുന്ന ഈ മാസികയ്ക്കു മുഖചിത്രം ഇല്ല. എല്ലാ ലക്കത്തിലും മുഖപ്പേജിൽ തന്നെ സ്ഥിരം ഒരു നാലുവരി കവിത കാണാം.

“യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധിശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാത്തതില്ലൊന്നും
മനുഷ്യരാശി വരിച്ചതിൽ”

യുക്തിവാദി മാസികയുടെ കവർ പേജിൽ അച്ചടിച്ചിരുന്ന ഈ നാലു വരികൾ വാലത്ത് എന്ന മനുഷ്യനെ പുതുക്കിപ്പണിതു. യുക്തിപൂർവ്വം ചിന്തിച്ച മനുഷ്യന്റെ ബുദ്ധിയിലും ഭാവനയിലും വിളഞ്ഞതല്ലാതെ ഒന്നും ഈ ലോകത്തിലില്ല. അങ്ങനെ മനുഷ്യനെന്ന മഹാശക്തനെ മറ്റെന്തിനെക്കാളും മീതെ പ്രതിഷ്ഠിച്ചുകൊണ്ട് അവരിലെ ഈശ്വരന്മാരെ തേടി അദ്ദേഹം സഞ്ചാരം ആരംഭിച്ചു.

യുക്തിമാർഗ്ഗത്തിലെ ആ യാത്ര നാട്ടതിർത്തികൾ കടന്നു ദേശീയമായും അന്തർദേശീയമായും മനുഷ്യരാശിയുടെ ഭാഗധേയങ്ങൾ തിരഞ്ഞു. ദൈവസങ്കല്പങ്ങൾ കേവലം സങ്കൽപ്പങ്ങൾ മാത്രമാണെന്ന് തിരിച്ചറിയുക മാത്രമല്ല, പിൽക്കാലത്ത്‌ സ്വന്തം ഭാര്യയേയും മക്കളേയും ഈശ്വരാരാധനയിൽ നിന്ന് അകറ്റിനിറുത്തുവാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്തു. ഈശ്വരസങ്കല്പങ്ങളുടെ ഉറവിടം ചരിത്രവും നരവംശശാസ്ത്രവും കൊണ്ട് അളക്കുവാനും തെളിയിക്കുവാനും സ്വന്തം ജീവിതത്തിലൂടെ പരിശ്രമിച്ചു. ജീവിതത്തിൽ അന്ത്യം വരെ നാസ്തികനായി ജീവിക്കുവാൻ വാലത്തിനു കഴിഞ്ഞു. ‘ഞാൻ മരിക്കുമ്പോൾ പൊതുശ്മശാനത്തിൽ സംസ്കരിക്കണമെന്നും അതിനു മുമ്പ് പൂജാദി കർമ്മങ്ങൾ നടത്തരുത്’എന്നും മക്കളെ പറഞ്ഞേൽപ്പിച്ചു.