close
Sayahna Sayahna
Search

ഒരു ഏഴിലംപാല


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

1960-ൽ തറവാട്ടിൽ നിന്ന് കുടുംബസമേതം വാലത്ത് ചേരാനെല്ലൂരേയ്ക്ക് താമസം മാറി. അദ്ദേഹത്തിനും ഭാര്യയ്ക്കും ജോലിയ്ക്ക് പോയി വരാനുള്ള എളുപ്പത്തിനു വേണ്ടിയായിരുന്നു അത്. റോഡരുകിൽ തന്നെ. കുറെ നാളുകളായി അവിടെ സ്ഥിരതാമസക്കാർ ആരുമുണ്ടായിരുന്നില്ല. കുര്യാക്കോസ് എന്ന ഒരു കല്പണിക്കാരനാണ് അവിടെ കുറച്ചുനാളായി താമസിച്ചിരുന്നത്. ആരോടോ കുര്യാക്കോസ് മുമ്പ് വാങ്ങിയിരുന്ന കടം വീട്ടാതിരുന്നതിനാൽ പലിശ കയറി വീട്ടാൻ കഴിയാത്ത അവസ്ഥയിലായി. ഒടുവിൽ ഈട് കൊടുത്തിരുന്ന വീടും പുരയിടവും വിട്ടുകൊടുത്തു ആ കുടുംബം ഇറങ്ങിപ്പോയ വീടാണ് വാലത്ത് വാങ്ങുന്നത്. അത്രയ്ക്ക് നല്ല ലക്ഷണം തികഞ്ഞ പുരയിടമായിരുന്നില്ല അത്. അതൊരു ശപിക്കപ്പെട്ട വീടാണെന്നും സൂചനയുണ്ടായിരുന്നു. പോരെങ്കിൽ വീടിന്റെ നേരെ മുമ്പിൽ റോഡിനു എതിർവശത്ത് ഒരു പാലമരവും. ഏഴിലംപാല. കൈകൾ ഇരുവശങ്ങളിലേക്കും നീട്ടി കണ്ണ് തുറിച്ചു നോക്കി നിൽക്കുന്ന ഒരു വെളുത്ത പടുവൃദ്ധന്റെ ഭാവത്തിൽ രണ്ടു തട്ടുകളിലായി ശിഖരങ്ങളും നിറയെ ഇലകളുമായി ഒരു പാലമരം…ആ പാലമരവും രണ്ടു കിലോമീറ്റർ വടക്ക് ചേരാനെല്ലൂർ കാർത്യായനി ക്ഷേത്രവും തെക്ക് പോണേക്കര ഭഗവതി ക്ഷേത്രവും (കോക സന്ദേശത്തിലെ പുകണക്കാവ് തന്നെ) ഒരേ ദിശയിലാണെന്നും അത് ദേവതകളുടെ യാത്രാമാർഗ്ഗമാണെന്നും ആ മാർഗ്ഗത്തിൽ വീടുകളോ സ്ഥാപനങ്ങളോ വന്നാൽ യാത്രയ്ക്ക് വിഘ്നം വരുമെന്നും ദേവകൾ കുപിതരായാൽ ഗൃഹനാഥൻ മരിക്കുമെന്നും അനുഭവസാക്ഷ്യം നിരത്തി സുഹൃത്തുക്കൾ വാലത്തിനെ ആ വസ്തു വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ചേരാനല്ലൂർ ഭഗവതി ക്ഷേത്രത്തിൽ കാർത്യായനീ ദേവിയാണ് പ്രതിഷ്ഠ. ഇവിടത്തെ ഉത്സവത്തിന്‌ പിടിയാനയാണ് തിടമ്പ് ഏറ്റുന്നത്. പോണേക്കാവ് ഭഗവതി ക്ഷേത്രത്തിനു പടിഞ്ഞാറായി തമ്മിൽ രണ്ടു കിലോമീറ്റർ അകലത്തിൽ രണ്ടു ശ്രീകൃഷ്ണക്ഷേത്രങ്ങളുണ്ട്. ഒന്ന്, തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രം. അടുത്തത് ഇടയക്കുന്നം ശ്രീകൃഷ്ണക്ഷേത്രം. ഇവയോരോന്നിനോടും ചേർന്നു വലിയ വിസ്താരമേറിയ കുളങ്ങളുമുണ്ടായിരുന്നു. അതിനോടെല്ലാം കെട്ടുപിണഞ്ഞു കുറെ ഭയങ്ങളും. രാത്രികാലങ്ങളിൽ അതുവഴി ദേവതാസഞ്ചാരമുണ്ട് എന്നാണു വിശ്വാസം. അതുകൊണ്ടാകാം, അകലെ വാലംകരയിൽ നൂറോളം ഹിന്ദു ഭവനങ്ങൾ തിങ്ങി നിറഞ്ഞ് ഉണ്ടായിരുന്ന കാലത്ത് പോലും പുകണക്കാവിനും ചേരാനല്ലൂർ ഭഗവതിക്ഷേത്രത്തിനും മദ്ധ്യേ ഹിന്ദുഭവനങ്ങൾ ഒന്നും ഉണ്ടാകാതിരുന്നത്. ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് വൈകിയാണെങ്കിലും അവിടെ പാർത്തു തുടങ്ങിയത്. ഇടക്കാലത്ത് പരദേശികളായ കുടുംബികളുടെ ഒരു സംഘം കോളനി സ്ഥാപിച്ചു. ആ സ്ഥലം ചെട്ടിപ്പടി എന്നറിയപ്പെട്ടു. ദേവതാസഞ്ചാരത്തിനു വിഘ്നം വരുത്തിയാൽ വീടുകളിൽ കുടുംബനാഥന് അകാലചരമമോ, കുടുംബാംഗത്തിന് മനോരോഗമോ ആണ് ശിക്ഷ. വെടിക്കാരന്റെ അടുത്താണോ ഉടുക്ക്? എന്നാൽ, ഞാൻ ആ വീട് തന്നെ വാങ്ങും എന്നു വാലത്ത് ഉറപ്പിച്ചു. വാങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറിയ പങ്കും കഴിച്ചുകൂട്ടിയത് ആ വീട്ടിലായിരുന്നു. ഒരു ബുദ്ധിമുട്ടും വാലത്തിനു ഉണ്ടായിട്ടില്ല. യുക്തിപൂർവ്വം ഓരോ കാര്യത്തെയും വിശകലനം ചെയ്യണമെന്ന വാശിക്കാരനായിരുന്നു, അദ്ദേഹം. എന്നാൽ, 1972-ൽ ആ വീട് പൊളിച്ചു ആ സ്ഥാനത്ത് പുതിയ വീട് നിർമ്മിച്ചതിനു ശേഷം സ്ഥിതി മാറി. പുതിയ വീട്ടിൽ മുൻവശത്തെ മുറിയിൽ കിഴക്ക് ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ എഴുത്തു മുറിയും കിടപ്പുമുറിയും. പഴയവീട്ടിൽ പടിഞ്ഞാറേ ഭാഗത്തും. ആ കിഴക്കേമുറി പണിതതു ദേവതകളുടെ സഞ്ചാരമാർഗ്ഗത്തിലായിരുന്നുവോ!…കാരണം അപൂർവമായേ വാലത്ത് ആ മുറിയിൽ ഉറങ്ങിയിട്ടുള്ളൂ. അക്കാലത്ത്‌ വാലത്തിന്റെ സ്ഥലനാമഗവേഷണം മുറയ്ക്ക് നടന്നുകൊണ്ടിരുന്നതിനാൽ താമസം അക്കാദമി ഗസ്റ്റ് റൂം, തിരുവനന്തപുരത്ത് കോപ്പാറ ലോഡ്ജ്, ആലത്തൂർ ആശ്രമം എന്നിവിടങ്ങളിലായിരുന്നു. വീട്ടിൽ വരവും പോക്കും ഇടയ്ക്ക് മാത്രം. ഭാര്യ കൃശോദരി തൊട്ടടുത്ത മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. ഒരു ദിവസം ആത്മസുഹൃത്തായ പോഞ്ഞിക്കര റാഫിയും ഭാര്യ സബീനാ റാഫിയും വാലത്തിന്റെ വീട്ടിലെത്തി. റാഫി സാറിന്റെ സഹോദരൻ വാലത്തിന്റെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നത്.

സ്നേഹപൂർവമുള്ള ആജ്ഞാനുസരണം കൃശോദരിയുടെ കിടപ്പ് വാലത്തിന്റെ മുറിയിൽ തന്നെയാക്കി. അധികനാൾ അത് തുടർന്നില്ല. ആ ദിവസങ്ങളിൽ ശ്വാസം മുട്ടൽ കൂടുതലായി. പലപ്പോഴും ആശുപത്രിയിലും പോകും. ചുരുക്കത്തിൽ വാലത്ത് സ്ഥിരമായി ആ വീട്ടിൽ താമസിച്ചിട്ടില്ല. ഒടുവിൽ ആ വീട് വിട്ടു പറവൂർക്ക് മാറുകയും ചെയ്തു. അതിനിടയിൽ ഒരു സന്യാസി യാദൃച്ഛികമായി വാലത്തിന്റെ വീട്ടിൽ വന്നു. അദ്ദേഹം വീടും പാലമരവും മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു. പാലമരച്ചുവട്ടിൽ വേണ്ടത് കുളമാണ്. വീടല്ല. ഈ വീട് തെറ്റായ സ്ഥാനത്താണ്. വാലത്തിന്റെയും ഭാര്യയുടെയും കിടപ്പു മുറി കണ്ടപ്പോൾ സന്യാസി അന്ധാളിച്ചു. ഇവിടെ ദാമ്പത്യമോ? ഒരിക്കലും വാഴില്ല. ഈ മുറിയിലൂടെ ദേവതാ സഞ്ചാരമുണ്ട്.

അറിഞ്ഞോ അറിയാതെയോ ആ ദേവതകളുമായി വാലത്ത് ഏറ്റുമുട്ടിയില്ല. അല്ലെങ്കിൽ ദേവതകൾക്ക് വാലത്തിനോട് വാത്സല്യം തോന്നിയിരിക്കാം. ഏതായാലും അക്കാദമി ഗസ്റ്റ് റൂം, പാലക്കാട് ആലത്തൂർ ആശ്രമം, തിരുവനന്തപുരം കൊപ്പാറ ലോഡ്ജു എന്നിവിടങ്ങളിലെ ഗവേഷണാനുബന്ധ താമസം അവസാനിപ്പിച്ചു എഴുത്തുമായി ബന്ധം വിട്ട് സ്വഗൃഹത്തിലെത്തിയ വാലത്ത്, ആരോഗ്യപ്രശ്നങ്ങളാൽ പറവൂരിലേക്ക് താമസം മാറ്റി. അന്ധവിശ്വാസത്തിന്റെ കൌതുകം ജനിപ്പിക്കുന്ന ചില വസ്തുതകൾ കൂടി. ചേരാനെല്ലൂരിൽ വളരെ മാന്യന്മാർ എന്ന അവസ്ഥയിലുള്ള, എന്നാൽ മനോരോഗികളുമായ ചിലരുണ്ടായിരുന്നു. അവർ ഇടയ്ക്കിടയ്ക്ക് വാലത്തിന്റെ വീട്ടിലേക്കു വരും. വാലത്ത് മാഷെ കാണാനുള്ള വരവാണ്. മാഷില്ലേ, എന്ന ചോദ്യത്തിന് ഇല്ല എന്ന് ഉത്തരം കിട്ടുമ്പോൾ അവർ നിരാശരാകും. ഒന്ന് കണ്ടാൽ മതി. അവർക്ക് സമാധാനമാകും. ചില ചോദ്യങ്ങൾ, സംശയങ്ങൾ, ആശങ്കകൾ, ഭയങ്ങൾ…എല്ലാത്തിനും വാലത്ത് സൌമ്യമായി മറുപടി പറയും. അത് കേട്ടാൽ അവർക്ക് തൃപ്തിയാകും. യാത്രപോലും പറയാതെ ഇറങ്ങിപ്പോകുകയും ചെയ്യും. വാലത്തുമാഷ് വൈദ്യനായിരുന്നില്ല. മന്ത്രവാദിയുമായിരുന്നില്ല. വാലത്തുമാഷ് അവർക്കെല്ലാം ഒരു സമാധാനമായിരുന്നു. മറ്റൊരു വീട്ടിലും മറ്റാരെ കാണാനും അവർ പോയിരുന്നില്ല എന്നതു ചിന്തിക്കുമ്പോൾ ദേവതകളുടെ സഞ്ചാരമധ്യേ ദേവതകളെ വെല്ലുവിളിച്ചു ജീവിച്ച വാലത്ത്, ദുർബലചിത്തരായ ഏതാനും പേർക്ക് ഒരഭയകേന്ദ്രമായിരുന്നു, എന്ന് തോന്നിപ്പോകുന്നു…ചിലപ്പോൾ ആ ഏഴിലംപാലയുടെ സന്നിധിയിലേക്കായിരിക്കാം അശാന്ത മസ്തിഷ്കങ്ങൾ ഓടിയണഞ്ഞിരുന്നത്. ആർക്കറിയാം, കഴിഞ്ഞുപോയ കാലത്തിന്റെ ഗതിവിഗതികൾ! ആ പാലമരം ഇപ്പോൾ എല്ലാവരെയും പോലെ ചരിത്രത്തിന്റെ അന്ധകാരത്തിൽ മറഞ്ഞുപോയി.