close
Sayahna Sayahna
Search

സ്ഥലനാമഗവേഷണം


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വാലത്തിന്റെ സാഹിത്യ ജീവിതത്തിലെ അനശ്വരസംഭാവനകൾ സ്ഥലനാമപഠന രംഗത്താണ് അർപ്പിതമായത്. തൃശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ നാല് ജില്ലകളുടെ സ്ഥലചരിത്ര പഠനം നടത്തി, പ്രസിദ്ധീകരിച്ചു. അവയോരോന്നും സാഹിത്യപഠന രംഗത്ത്‌ റഫറൻസ് ഗ്രന്ഥങ്ങളായിത്തീർന്നു. സാധാരണ രീതിയിൽ സ്വാധീനങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള ഒരു വിധ പ്രചാരണവും വാലത്ത് നടത്തിയിട്ടില്ല. ഓരോ ഗ്രന്ഥവും അതാതിന്റെ ഗുണമേന്മ കൊണ്ട് പഠിതാക്കളെ ആനയിക്കുകയായിരുന്നു.

പഴമയുടെ നുള്ള് നുറുങ്ങുകളാണ് സ്ഥലനാമാക്ഷരങ്ങൾ. കാലത്തിന്റെ നീലക്കയങ്ങളിൽ അടിഞ്ഞുപോയ നൂറ്റാണ്ടുകളുടെ അമൂല്യ സമ്പത്തുകളത്രേ, ഓരോ ഭൂഖണ്ഡത്തിലെയും ദേശസംജ്ഞകൾ. ഒരു ജനതയുടെ സംസ്കാരത്തിന്റെ ആദിമ സ്രോതസ്സുകളിലേയ്ക്കും ചരിത്ര വിജ്ഞാനീയത്തിലേക്കും വെളിച്ചം വീശുന്ന ഒട്ടേറെ വിവരങ്ങൾ നൽകാൻ സ്ഥലനാമപഠന ശാഖയ്ക്ക് കഴിയുമെന്ന് ഡോ. പി. വി. കൃഷ്ണൻ നായർ പ്രസാധകക്കുറിപ്പിൽ പറഞ്ഞു. 1981-ലായിരുന്നു തൃശൂർ ജില്ലാ സ്ഥലചരിത്രഗ്രന്ഥം പുറത്തുവന്നത്. 2003- ഇറങ്ങിയ മൂന്നാം പതിപ്പിന്റെ പത്രാധിപക്കുറിപ്പ് ഇങ്ങനെ തുടരുന്നു.

“കേരളത്തിലെ സ്ഥലനാമചരിത്രപഠനത്തിൽ വി. വി. കെ. വാലത്തിനെപ്പോലെ ആണ്ടുമുഴുകിയ മറ്റൊരാൾ ഇല്ല. ഈ ഗ്രന്ഥത്തിലെ ഒരോ വിവരങ്ങളും വളരെ മുഷിഞ്ഞ് ചടഞ്ഞിരുന്ന് സാഹിത്യ അക്കാഡമിയുടെ ഗ്രന്ഥശേഖരവും താളിയോലകളും പരതിപ്പരതി കണ്ടെടുത്തവയാണ്. ഭൗതികമായി വലിയപ്രയോജനമില്ലാത്ത, ഇത്തരം കഠിനമായ ജോലികൾ ഏറ്റെടുക്കുന്ന നിഷ്കാമകർമികൾ ഇന്ന് വളരെ കുറവാണ്.

കാരണം, ഒരുപാട് അന്വേഷണം നടത്തിയാലേ ഇത്തിരിയെങ്കിലും ഫലം കിട്ടൂ. അതിലേറേ കുത്തിയിരുന്ന് പരതിപ്പരതി മുഷിയുന്ന പണി. ഗവേഷണപ്രധാനമായ ജോലി. എങ്ങനെ നിരീക്ഷിച്ചാലും അപഗ്രഥിച്ചാലും അവസാനവാക്ക് പറയാനാകാത്ത അവസ്ഥ. ചുരുക്കത്തിൽ ഒരുമാതിരി പണി കൊണ്ടൊന്നും ഫലം കണ്ടെത്താനാകില്ല. ഇക്കാലത്ത് പി. എച്ച്. ഡി. വരെ സൂകരപ്രസവമാണല്ലൊ. എളുപ്പം കാര്യം നേടാവുന്ന ലഘുവും അമൂർത്തവുമായ വിഷയങ്ങളാണ് അധികം പേരും സ്വീകരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ വാലത്തുമാഷ് ചെയ്ത വിജ്ഞാനപ്രസരണത്തിന് എത്രയോ പി. എച്ച്. ഡി.യുടെ മൂല്യമുണ്ട്!

കേരളസാഹിത്യ അക്കാദമിയുടെ ഗ്രന്ഥരചനാഗവേഷണപദ്ധതിയിൽ ഏറ്റവും സാർത്ഥകങ്ങളായ അവസരങ്ങളാണ് വാലത്തുമാഷ് സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ സ്ഥലനാമചരിത്രങ്ങൾക്ക് വീണ്ടും വീണ്ടും പതിപ്പുകൾ ഉണ്ടാകുന്നുവെന്നത് അതിന്റെ പ്രാധാന്യത്തെയും പ്രസക്തിയേയും എടുത്തു കാണിക്കുന്നു. അദ്ദേഹത്തിന് നമ്മുടെ അക്കാദമിക സ്ഥാപനങ്ങൾ ഉയർന്ന ഒരു പ്രോജക്‍ട് നൽകിയിരുന്നെങ്കിൽ ഇന്നു കേരള സ്ഥലചരിത്രപഠനത്തിൽ ഒട്ടൊക്കെ പൂർണ്ണതയുണ്ടാക്കിയെടുക്കാൻ കഴിയുമായിരുന്നു.

വാലത്ത് ഈ വിജ്ഞാനശാഖയിൽ മനസ്സും ശരീരവും അർപ്പിക്കുന്നത് ജീവിതത്തിന്റെ ഏതാണ്ടു രണ്ടാം പകുതിയിലാണ്. എന്നാൽ ഒരു പൂർണ്ണജീവിതം കൊണ്ടു നേടാവുന്നത്ര കാര്യങ്ങൾ അദ്ദേഹം രണ്ടു ദശകം കൊണ്ടു ചെയ്തു. അദ്ദേഹത്തിന്റെ യത്നങ്ങൾ അതിതീവ്രവും ശീഘ്രവുമായിരുന്നെന്ന് ഓരോ കൃതിയും റഫർ ചെയ്യുമ്പോൾ ബോദ്ധ്യമാകുന്നുണ്ട്. തൃശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ നാലു ജില്ലാ സ്ഥലചരിത്രങ്ങൾ അക്കാദമി സ്‍കോളർഷിപ്പോടെ പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയെ പറ്റിയുള്ള പഠനം മുഴുമിപ്പിക്കാൻ ആയുസ്സ് തികഞ്ഞില്ല. ബാക്കിയുള്ള ജില്ലകളുടേയും സ്ഥലനാമചരിത്രങ്ങൾ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് സാഹിത്യ അക്കാദമി ആലോചിച്ചുവരുന്നു. ഇതിനെല്ലാം പ്രേരകമായ വാലത്തുമാഷുടെ സ്മരണയ്ക്കു മുമ്പിൽ നമ്രശിരസ്‍കരാകുന്നു.”

—ഡോ. പി. വി. കൃഷ്ണൻ നായർ

മറ്റു ചില വിലപ്പെട്ട അഭിപ്രായങ്ങൾ കൂടി ഈ അവസരത്തിൽ ചേർക്കുന്നു.

“സ്ഥലചരിത്രകാരന് കൂടുതൽപരിശ്രമം വേണം. പലപല കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കുക, ഐതിഹ്യാദികളും മറ്റും ശേഖരിക്കുക, സാഹിത്യകൃതികൾ, പ്രാചീനലിഖിതങ്ങൾ, തീട്ടൂരങ്ങൾ, ഗ്രന്ഥവരികൾ. കത്തുകൾ‍, ഡയറികൾ മുതലായവ പരിശോധിക്കുക, ഇങ്ങനെ ഒട്ടധികം ജോലി അയാൾക്കു ചെയ്യേണ്ടതുണ്ട്. ക്ഷമയും, സമയച്ചെലവും, പണച്ചെലവും ഒട്ടേറെ ഇതിനാവശ്യമാണ്. വിശാലമായ അറിവും ഓർമ്മശ‍ക്തിയും നിഷ്‍പക്ഷതയും ത്യാജ്യഗ്രാഹ്യവിവേകവുമെല്ലാം ലേഖകനു വേണം. ഇതെല്ലാം ഒത്തുചേർന്നവർ നമ്മുടെ നാട്ടിൽ കുറവായതാണ് സ്ഥലചരിത്രങ്ങൾ കുറവായതിനു കാരണമെന്നു സംശയമില്ല. അർപ്പണമനോഭാവത്തോടുകൂടിയ ദീർഘപഠനം ആവശ്യമായ ഈ വിഷയത്തിൽ കാര്യമായി പലതും പ്രവർത്തിക്കുകയും സിദ്ധിസമ്പാദിക്കുകയും ചെയ്തിട്ടുള്ളവ്യക്തിയാണ്, ശ്രീവാലത്ത്.

കേരളത്തിലെ എല്ലാജില്ലകളെ സംബന്ധിച്ചും ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടായാൽകൊള്ളാമെന്നു വായനക്കാർ ആഗ്രഹിക്കാതിരിക്കില്ല. ശ്രീ വാലത്തുതന്നെ ഈ പ്രവർത്തനം തുടരുന്നത് എല്ലാംകൊണ്ടും ഉചിതമായിരിക്കും.”

—ഡോ. കെ. എൻ. എഴുത്തച്ഛൻ

ദേശചരിത്രവും സ്ഥലനാമചരിത്രവും സമഞ്ജസമായി സമ്മേളിക്കുന്ന ഈ ഗ്രന്ഥം പ്രമേയത്തിലും പ്രതിപാദനത്തിലും വാലത്തിന്റെ ആദ്യ ഗ്രന്ഥത്തെ അപേക്ഷിച്ച് വളരെയേറെ മുമ്പോട്ട്‌ പോയിട്ടുണ്ട്. 1‍986-ൽ പ്രസാധനം ചെയ്ത ഇതിന്റെ അവതാരികയിൽ ഡോ. എസ്. ഗുപ്‍തൻ നായർ ഇങ്ങനെ കുറിച്ചു. “മലയാളത്തിൽ തീരേ അവികസിതമായ ഒരു വിജ്ഞാനശാഖയിലേക്കുള്ള വിലപ്പെട്ട സംഭാവനകളാണ്, വി. വി. കെ. വാലത്തിന്റെ സ്ഥലനാമഗവേഷണഗ്രന്ഥങ്ങൾ. ഒട്ടേറേ ഗ്രന്ഥങ്ങളും, മാസികകളും പരതുന്നതുകൊണ്ടു മാത്രം സഫലമാകുന്ന ഒരു ഗവേഷണപ്രയത്നമായിരുന്നില്ല, വാലത്ത് ഏറ്റെടുത്തത്. കാൽപരിശ്രമം നിനയാതെ ദിക്കെല്ലാം തെണ്ടിയലഞ്ഞ്, കാണേണ്ടതൊക്കെ നേരിൽകണ്ട്, ഗ്രാമവൃദ്ധൻമാരിൽ നിന്ന് പഴങ്കഥകൾ ശേഖരിച്ച് ഗ്രന്ഥഗതങ്ങളായ സൂചനകളുമായി അവയെ സമന്വയിച്ച് ചരിത്രം നിർമ്മിക്കുക എന്ന മഹോദ്യമത്തിലാണ് വാലത്ത് ഏർപ്പെട്ടത്. അങ്ങനെ നമുക്ക് അന്യഥാ അലബ്‍ധമാകുമായിരുന്ന വിശിഷ്ടഗ്രന്ഥങ്ങൾ കിട്ടിയെന്നു പറയാം.

മുൻ ചരിത്രകാരൻമാരുടെ ദൃഷ്ടി വേണ്ടത്ര പതിഞ്ഞിട്ടില്ലാത്ത അനേകം വസ്തുതകൾ കണ്ടെടുത്തു വിവരിക്കാൻ വാലത്തിനു കഴിഞ്ഞിട്ടുണ്ട്. മുമ്പു സൂചിപ്പിച്ചതു പോലെ, അദ്ദേഹം കാൽനടയായി പോയി കാണാത്ത പ്രദേശങ്ങൾ കുറയും. ഫുള്ളാർഡും, ബുക്കാനനും, ലോഗനും വെവ്വേറേ കണ്ടിട്ടുള്ളത്ര വാലത്ത് ഒറ്റയ്ക്കു കണ്ടിട്ടുണ്ടാകും.”

—പ്രൊഫ. എസ്. ഗുപ്തൻ നായർ


പ്രഭാതം മുതൽ പ്രദോഷം വരെ നാട്ടിടകൾ അവിരാമം നടന്നു താണ്ടിയ വാലത്തിന്റെ കാലടികൾ പ്രൊഫ. ഗുപ്തൻ നായരുടെ മേലുദ്ധരിച്ച വരികൾക്ക് മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു കാണണം. കാരണം വാലത്തിന്റെ അധ്വാനത്തെ ഏറ്റവും അടുത്ത് കണ്ട അഭിപ്രായമാണ് അത്.

1991-ൽ പ്രസിദ്ധീകരിച്ച എറണാകുളം ജില്ലാ സ്ഥലച്ചരിത്രം “ഒന്ന് ഓടിച്ചു നോക്കി, അത്യാവശ്യകാര്യങ്ങൾക്കു തിരിയാൻ ഉദ്ദേശിച്ച് വാലത്തിന്റെ സ്ഥലചരിത്ര ഗ്രന്ഥം കയ്യിലെടുക്കുന്നവർ ഇതിന്റെ ആകർഷണത്തിൽപ്പെട്ട് മറ്റെല്ലാം മറന്നു വായിച്ചിരുന്നു പോകും. ഓരോ സ്ഥലങ്ങളേയും അവിടങ്ങളിലെ പൂർവ്വകഥകളേയും ശ്രീവാലത്ത് വിവരിക്കുമ്പോൾ ചരിത്രജിജ്ഞാസയും അത്ഭുതവും നമ്മുടെ ഹൃദയത്തിൽ ഓളംതല്ലും. ചരിത്രഗവേഷണകുശലനും സാഹിത്യമർമ്മജ്ഞനുമായ വാലത്തിന് സ്ഥലചരിത്ര പ്രതിപാദനത്തിന് സ്വന്തമായ ഒരു രീതിയുണ്ട്. സാഹിത്യ സരസമായഒരു ആഖ്യാനശൈലി. ചരിത്രപശ്ചാത്തലം കണ്ടെത്തി വിവരിച്ചും കൊണ്ടാണ് ദേശകഥയിലേക്കു തിരിയുക. തന്റെ മാർഗ്ഗദീപങ്ങളേയും തീരുമാനങ്ങളേയും വ്യക്‍തമായി സൂചിപ്പിക്കുന്നുമുണ്ട്.

പുരാതനകാലത്തേയ്ക്കാണ് താൻ സഞ്ചരിക്കുന്നതെന്നും അസ്ഥിപഞ്ജരമോ അസ്ഥിഖണ്ഡമോ വെച്ചുകൊണ്ടാണ് താൻ പൂർവ്വരൂപത്തേയും പൂർവ്വഭാവത്തേയും പുനഃസൃഷ്ടി ചെയ്യുന്നതെന്നും അദ്ദേഹത്തിനു ബോധമുണ്ട്. അതുകൊണ്ട് അദ്ദേഹം സത്യാന്വേഷകനായ ഒരു യഥാർത്ഥ പണ്ഡിതൻ എന്ന നിലയ്ക്ക് പൂർവ്വസ്ഥിതി കാണാൻശ്രമിക്കുകയാണ്, ചെയ്തിട്ടുള്ളത്.

എറണാകുളം ജില്ലയെപ്പറ്റിയുള്ള സ്ഥലചരിത്രം വായിച്ചുതീർത്ത്, പുസ്തകം അടക്കുമ്പോൾ മനസ്സിൽ പൊന്തിവരുന്ന ആഗ്രഹം ഈ ഗ്രന്ഥകാരൻ ഇതുപോലെ ശേഷമുള്ള ജില്ലകളുടേയും സ്ഥലചരിത്രം നിർമ്മിച്ച് ഭാഷാദേവിക്കു സമർപ്പിച്ചു കാണണമെന്നാണ്. അതിലേയ്ക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കേണ്ട കർത്തവ്യം കേരളസാഹിത്യഅക്കാദമിയോ സർവ്വകലാശാലകളോ ഏറ്റെടുക്കുന്നത് ആശാസ്യമായിരിക്കും. സാധാരണ ഒരു പണ്ഡിതന് ഇത്തരം ജോലി സാദ്ധ്യമല്ല. മൂന്നു ജില്ലകളെ സംബന്ധിച്ച് ഗ്രന്ഥരചന ചെയ്ത് കഴിവുതെളിയിച്ച ശ്രീ വാലത്തിനെ ഈ ജോലി പൂർത്തിയാക്കാൻ പ്രേരിപ്പിക്കുന്നത് മഹത്തായ ഭാഷാസേവനം ആയിരിക്കും.”

—ശൂരനാട്ടു കുഞ്ഞൻപിള്ള

വി. വി. കെ. വാലത്ത് നിർത്തിവെച്ചിടത്ത് കേരളത്തിലെ സ്ഥലനാമഗവേഷണം അവസാനിച്ചു എന്നാണ് ഇക്കഴിഞ്ഞ പതിനാറു വർഷങ്ങളിലെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത്. തൃശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ നാല് ജില്ലകളുടെ സ്ഥലനാമചരിത്രഗ്രന്ഥങ്ങൾ വാലത്ത് സംഭാവന ചെയ്തു. അതിനു ശേഷം ആ പരമ്പരയിലോ ആ സ്വഭാവത്തിലോ മറ്റൊരു കൃതി ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. വാലത്ത് ഒഴിച്ചിട്ട ഇരിപ്പിടം ഒഴിഞ്ഞു തന്നെ കിടക്കുന്നു.