close
Sayahna Sayahna
Search

അവർ ഞങ്ങളിൽ ജീവിയ്ക്കും!


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വാലത്തിനെ സവിശേഷമാക്കുന്ന ഏറ്റവും പ്രധാന സംഗതികൾ അദ്ദേഹത്തിന്റെ സാർവലൌകികതയാണ് എന്ന് പറയാം. അദ്ദേഹം ഒരു വീടിന്റെയോ, ഒരു നാടിന്റെയോ, ഒരു ജാതിയുടെയോ, ഒരു മതത്തിന്റെയോ, ഒരു സമൂഹത്തിന്റെയോ, ഒരു സംസ്കാരത്തിന്റെയോ, ഒരു വിഭാഗത്തിന്റെയോ, ഒരു തത്വസംഹിതയുടെയോ പ്രതിനിധിയാവാൻ ഇഷ്ടപ്പെട്ടില്ല. വിശ്വ മാനവ സങ്കല്പത്തിലുറച്ച സാർവലൌകിക വീക്ഷണം അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളിലും കാണാം. മക്കൾക്ക് മോപ്പസാങ്, ഐൻസ്റ്റീൻ, സോക്രട്ടീസ് എന്നീ ഫ്രഞ്ച്, ജെർമ്മൻ, ഗ്രീക്ക് പേരുകളിട്ടത് ഏറ്റവം പ്രകടമായ ഉദാഹരണമാണ്.

താൻ ഒരു ഇന്ത്യൻ പൌരനെന്നതിലുപരി ലോകപൌരനാണെന്ന് ആത്മാർത്ഥമായി വിശ്വസിച്ചിരിക്കണം. അതുകൊണ്ടാണ്, റോസൻബർഗ് ദമ്പതികളെ വൈദ്യുതകസേരയിൽ ഇരുത്തി വധിച്ചപ്പോൾ അദ്ദേഹത്തിന് നൊന്തത്; ആ വധത്തെ അദ്ദേഹം അപലപിച്ചത്; അവരെ ക്കുറിച്ചു ‘അവർ ഞങ്ങളിൽ ജീവിക്കും.’ എന്ന് കവിത രചിച്ചത്.

റഷ്യയ്ക് വേണ്ടി ചാരവൃത്തി നടത്തി ശാസ്ത്ര രഹസ്യങ്ങൾ ചോർത്തിയ കുറ്റത്തിന് യു. എസ്. സർക്കാർ ഈ ദമ്പതികളെ വൈദ്യുത കസേരിൽ ഇരുത്തി വൈദ്യുതി ഏൽപ്പിച്ചു വധിച്ചു. ആദ്യ ഷോക്കിൽ തന്നെ ഭർത്താവ് ജൂലിയസ് റോസൻബർഗ് മരിച്ചു. എന്നാൽ, ഭാര്യ ഏഥൽ ആദ്യ ഷോക്കിൽ മരിച്ചില്ല. രണ്ടാം ഷോക്കിലും മരിച്ചില്ല. മൂന്നാമത്തെ ഷോക്കിലാണ് ഏഥൽ കീഴടങ്ങിയത്. ഏഥലിന്റെ ശിക്ഷ നടപ്പാക്കാൻ ദൈവം രണ്ടു വട്ടം വിസമ്മതിച്ചു. കാരണം ആ വധം ഒരു തെറ്റായ തീരുമാനമായിരുന്നു. ഏഥൽ നിരപരാധിയായിരുന്നെന്നു പിന്നീട് കോടതി ലോകത്തോട് ഏറ്റുപറഞ്ഞു. ആ കവിത ഇവിടെ ചേർക്കുന്നു.

അവർ ഞങ്ങളിൽ ജീവിക്കും

‘ചരിത്രത്തിന്റെ നാഴികക്കല്ലുകൾ ചലിച്ചു.
എല്ലാം കഴിഞ്ഞു.
അവർ നമ്മുടെ റോസൻബർഗ്ഗ് ദമ്പതികളെ കൊന്നുകളഞ്ഞു!
രക്ഷിക്കുക, രക്ഷിക്കുക എന്ന നിലവിളി
കോടി കോടി അലയടിച്ചപ്പോൾ,
ഓർക്കുക!
ദുഷ്ടന്മാർ അവരെ ഒടുവിൽ കൊന്നുകളഞ്ഞു.!
രണ്ടു കുഞ്ഞുങ്ങളെ അവർ അനാഥരാക്കി 
പ്രിയപ്പെട്ട ഏതൽ
കുലുക്കമില്ലാത്ത ഐസനോവറിന്റെ കൊലക്കസേരയെ
നീ മുന്നുപ്രവശ്യം മുട്ടുകുത്തിച്ചു.
അന്തിയൂസെ, ഓർക്കുക …
തീ ഹെർക്കുലിസിനെ കാണുന്ന ദിവസം
അടുത്തുവരുന്നു!
നിന്റെ കൈ കൊണ്ടു നീ തന്നെ കെട്ടിയുണ്ടാക്കിയ സിംഗ്സിംഗ്ജയിലിന്റെ ഭിത്തികളിൽ
നീതന്നെകാൽ തട്ടിവീഴും
റോസൻ ബർഗ് ദമ്പതികളുടെ
ചോരയിൽ നിന്നടർത്തിയെടുത്ത
ചുവന്ന റോസാപുഷ്പങ്ങളിൽ
ഞങ്ങൾ തല കുമ്പിടുന്നു
അവർ ഞങ്ങളിൽ ജീവിക്കും……’

1938-ൽ ആരംഭിച്ച് 1961 വരെ രണ്ടു പതിറ്റാണ്ടുകൾ മാതൃഭൂമി ആഴ്ചപ്പതിപ്പ് മുഖപേജിൽ പ്രസിദ്ധീകരിച്ച അറുപതോളം ആദ്യകാല കവിതകൾ പുസ്തകരൂപത്തിലാക്കാതിരുന്നതും കവിതാരംഗത്ത് ജീവിതകാലം മുഴുവൻ തുടരാതിരുന്നതും പിൽക്കാലത്ത് അദ്ദേഹത്തിന്റെ കവിവിലാസം തന്നെ നഷ്ടപ്പെടുത്തി. കവിതാസാഹിത്യ ചരിത്രങ്ങളിൽ വാലത്ത് എന്നൊരു കവിയേയില്ല. താൻ പറയാനുദ്ദേശിക്കുന്ന ആശയങ്ങൾ ഏറ്റവും തീഷ്ണമായി അനുവാചകരിലേക്ക് പകരാൻ മൂർച്ചയുള്ള ഭാഷ തേടി പദ്യരൂപം വെടിഞ്ഞു അദ്ദേഹം എത്തിയത് ഗദ്യകവിതയിലാണ്. അത് രസകരമായ ഒരു നിറപ്പകൎച്ചയാണ്. അതുവരെ പദ്യവടിവിൽ മനോഹരകവിതകൾ എഴുതിയിരുന്നു, എന്നതിന് ആദ്യകാല കവിതകൾ മുഴുവൻ ദൃഷ്ടാന്തമാണ്.

സാമ്രാജ്യത്വം തകർക്കപ്പെടെണ്ട ഒന്നാണെന്നും, അതിന്റെ അടിക്കല്ല് പറിക്കാൻ കേവല മനുഷ്യന് സാധിക്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം ജന്മം കൊടുത്ത അനേകം കവിതകൾ അദ്ദേഹത്തിന്റെതായിട്ടുണ്ട്. തന്റെ വാക്കുകൾ പണക്കാരന്റെ ആത്മവിശ്വാസം തകർക്കുമെന്നും സാമ്രാജ്യത്വം വാലും പൊക്കി ഓടുമെന്നും അദേഹം കരുതിയിരിക്കം. ആ പ്രതീക്ഷ നഷ്ടമായപ്പോൾ അദ്ദേഹം കവിതയെഴുത്തു നിർത്തി, എന്ന് അനുമാനിക്കാം.

കാവ്യരചന വാലത്തിനു ഒരു വിനോദം ആയിരുന്നില്ല. പോരാട്ടമായിരുന്നു. എന്നാൽ ഒരു യുദ്ധത്തിലും അദ്ദേഹം വിജയിച്ചില്ല. ജയിക്കാൻ കഴിയുമായിരുന്നില്ല. താൻ കാണിച്ചുകൊടുത്ത ജീവിതപ്രശ്നങ്ങൾ ആരിലും ഒരു പ്രതികരണവുമുണ്ടാക്കിയില്ല. ആര് എന്ത് എഴുതിയാലും നമുക്ക് ഒരു കുഴപ്പവുമില്ല എന്ന അവസ്ഥ. കവിത പലതുംപോലെ ഒരു സാഹിത്യരൂപം മാത്രമായി പ്രസ്ഥാനവൽക്കരിക്കപ്പെട്ടു. പല പല പുരസ്കാരങ്ങൾ ജന്മം കൊണ്ടു. നാളതുവരെ മനുഷ്യന്റെ ജീവൽ പ്രശ്നങ്ങൾ കവിതയിലൂടെ പലകുറി ആവിഷ്കരിച്ചു. പക്ഷെ, മനുഷ്യന്റെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടില്ല. പകരം പ്രശ്നങ്ങൾ കൂടിക്കൂടി വന്നു. മനുഷ്യൻ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുവാൻ ആരംഭിച്ചു. അത്തരം ജീവിത അവസ്ഥകളോട് സമരസപ്പെടുവാൻ കഴിയാതെ വാലത്ത് സമ്മർദ്ദത്തിൽപെട്ടു. സാമുദായിക, വർഗ്ഗീയ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെതായ ആസ്ഥാനകവികൾ ഉണ്ടായി. കവികൾ സ്വന്തം കവിതകളെ വിപണികളിൽ സ്വയം എഴുന്നള്ളിക്കാൻ തുടങ്ങി. കളിയരങ്ങുകൾ വിസ്മൃതിയിലായി. കവിയരങ്ങുകൾ വേദി കയ്യടക്കി. സ്വയം കവിസിംഹാസനം നിർമ്മിക്കാനും സഹകരണാടിസ്ഥാനത്തിൽ കവിയശസ്സ് നിലനിർത്താനും തല്പരനല്ലാത്ത വാലത്തിനു പത്രത്താളുകളിൽ കിടന്ന ചത്ത കവിതകൾ മടുപ്പുണ്ടാക്കി. വേറിട്ടൊരു വഴി അദ്ദേഹം തിരഞ്ഞു. എഴുതിപ്പോന്ന കവിതകളിലെ ദുർമേദസ്സുകളെ അദ്ദേഹം തിരിച്ചറിഞ്ഞു. കവിത പാട്ടുപോലെ പാടേണ്ടതാണെന്ന വ്യവസ്ഥ തള്ളിക്കളഞ്ഞു. കവിതയിലെ പാട്ട് സംബന്ധിയായ ചേരുവകൾ എടുത്തുകളഞ്ഞു. എന്നിട്ട് നിവർന്നു നിന്നു. അതാണ് ഗദ്യ കവിത.

“ഒരുമനുഷ്യനായിരുന്നപ്പോൾ
ഞാനൊരു കഴുതയായിരുനു.
വിനയപൂർവ്വം ഞാൻ ഭാരം ചുമന്നു.
ഭക്തിപൂർവ്വം ഞാൻ മർദ്ദനംസ്വീകരിച്ചു.
ഇടനാഴികകളിൽ,എച്ചിൽക്കുഴികളിൽ,
ഓവുചാലുകളിൽഞാൻകഴിഞ്ഞുവന്നു.”

എന്ന് വാലത്ത് 1947-ൽ അടിച്ചമർത്തപ്പെട്ട മനുഷ്യനെ അവതരിപ്പിച്ചപ്പോൾ, പിന്നെയും പത്തൊൻപതു കൊല്ലംകഴിഞ്ഞ്, 1966-ലും പിൽക്കാലത്തെ പ്രമുഖ ആധുനിക കവികൾ

‘എൻ, നിൻ, മമ, തവ, മാമക താവക’ താളങ്ങളിൽ കൃഷ്ണനേയും രാധയേയും വെച്ച് പദ്യമാർഗ്ഗത്തിൽ ചുവടുവയ്ക്കുകയായിരുന്നു, എന്ന് അന്വേഷിച്ചാൽ അറിയാൻ കഴിയും.

‘ഒരു ശിശുവായിരുന്നപ്പോൾ
ചത്തുമലച്ച അമ്മയുടെ മുലപ്പാൽ ചപ്പി വലിച്ചു

ഞാൻ വളർന്നു.’

(ഇടിമുഴക്കം)

എന്ന് 1947 ഫെബ്രുവരിയിൽ വാലത്ത് എഴുതി.

“നിരത്തിൽ കാക്ക കൊത്തുന്നു, ചത്തപെണ്ണിന്റെ കണ്ണുകൾ

മുലചപ്പി വലിക്കുന്നൂ നരവർഗ്ഗ നവാതിഥി.”

(ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം)

എന്ന് 1950-ൽ അക്കിത്തം എഴുതി.

രണ്ടു കവിതയിലും ചിത്രം ഒന്നു തന്നെ. മാനുഷികാവസ്ഥയും ഒന്നു തന്നെ. ഏതോ ഒരു ഗതികെട്ട നരവർഗ്ഗ നവാതിഥി തെരുവിൽ ചത്ത അമ്മയുടെ മുലചപ്പി വലിക്കുന്നു എന്ന് അക്കിത്തം 1950-ൽ അകലെ മാറി നിന്ന് ചൂണ്ടിക്കാണിക്കുമ്പോൾ, അതിനു മൂന്നു വർഷങ്ങൾക്കു മുമ്പേ അതിനെക്കാൾ തീവ്രമായി, ചത്ത് മലച്ച അമ്മയുടെ മുലചപ്പി വലിച്ചാണ്, ഞാൻ എന്ന കുട്ടി വളർന്നത് എന്ന് വാലത്ത് വിളിച്ചറിയിക്കുന്നു. എത്ര അടുത്തു നിന്നുകൊണ്ടാണ് വാലത്ത് ജീവിതത്തെ ചിത്രീകരിച്ചത്? പക്ഷെ, വാലത്ത് എഴുതിയത് ഗദ്യകവിതയിലായിരുന്നു.! ആർക്കുവേണം? തുമ്പും വാലുമില്ലാത്ത ഗദ്യകവിത? അത് വലിയ പാതകം തന്നെ. കാണേണ്ടത് കാണാതെ പോയേക്കാം. പക്ഷെ കണ്ടെങ്കിൽ കാണാത്ത വണ്ണം പോകരുതല്ലോ. നിരത്തിൽ ചത്തപെണ്ണിന്റെ മുല ചപ്പിവലിക്കുന്ന നരവൎഗ്ഗനവാതിഥിയെ ഒത്തിരിയൊത്തിരിപ്പേർ കണ്ടു വിസ്മയിച്ചു. എന്നാൽ അതിനു മുമ്പേ, ചത്തുമലച്ച അമ്മയുടെ മുല ചപ്പി വലിച്ചു വളർന്ന കുട്ടിയെ ആരും കാണാതെ പോകയോ കാണാത്തവണ്ണം പോകയോ ചെയ്തു. തമസ്കരണത്തിന്റെ കാലം ഹ്രസ്വമാണ്. സത്യം വൈകിയാണെങ്കിലും പ്രത്യക്ഷമാകും.

പദ്യകവിതകളുടെ സുവർണ്ണകാലത്ത് ഗദ്യകവിതയുടെ അവസ്ഥയെക്കുറിച്ച് “ഗദ്യകവിത—മലയാളത്തിലെ ഒരു അനാഥപ്രസ്ഥാനം’ എന്ന ശീർഷകത്തിൽ 1966 ഒക്ടോബർ 3-ലക്കം മലയാളരാജ്യം ചിത്രവാരികയിൽ വാലത്ത് ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ഇങ്ങനെ പറയുന്നു. “ഭാഷയിൽ ഗദ്യകവിതകൾ അവഗണിക്കപ്പെട്ട ഒരു അനാഥപ്രസ്ഥാനമായി മാറിയിരിക്കുന്നു. ഗദ്യകവിതയിൽ നിന്ന് പണ്ടേയ്ക്ക് പണ്ടേ ഒളിച്ചോടി കഥാസാഹിത്യത്തിൽ ചെന്ന് സ്ഥിരതാമസമാക്കി പ്രശസ്തി നേടിയ ഭാഗ്യശാലികളാണ് പൊൻകുന്നം വർക്കിയും കേശവദേവും മറ്റും. ഗദ്യകവിതയുടെ ലോകം ഇടുങ്ങിയതത്രേ. ആകയാൽ ഇടയ്ക്കിടെ ആവിർഭവിക്കുന്ന ഗദ്യകവിതകൾക്ക് ആൾപ്പാർപ്പില്ലാത്ത വീടുകളിലെ എകാന്തതടവുകാരുടെ അനുഭവമാണുള്ളത്.” വയലാറിൽ ഗർജ്ജിച്ച സിംഹം പിന്നെ തലകാണിച്ചത് സിനിമയിലാണ്. മലയാള കവികളുടെ പരമോന്നതസാഫല്യം സിനിമയ്ക്ക് പാട്ടെഴുതലായിരുന്നെന്നു വ്യക്തമായ സ്ഥിതിയ്ക്ക് വാലത്ത് കവിത നിർത്തിയത് ഉചിതമായ കാര്യം എന്നേ പറയേണ്ടു. അപ്പോഴാണ്‌ കവികൾക്കിടയിൽ വാലത്ത് വ്യത്യസ്തനായിരുന്നെന്ന് കാണാൻ കഴിയുന്നത്.

എന്നാൽ പിന്നീട് എന്താണ് ഉണ്ടായത്? കവിതയിലെ പദ്യം എങ്ങോട്ട് പോയി? ആർക്കുമറിയില്ല. ഗദ്യത്തിൽ എഴുതിയാൽ കുറേക്കൂടി ശക്തമായ കവിതയാകും എന്ന് പുതിയ കവികൾക്കും ആസ്ഥാന കവികൾക്കും വെളിപാടുണ്ടായി. പതിറ്റാണ്ടുകൾക്ക് മുമ്പ് വാലത്ത് അവതരിപ്പിച്ച ആധുനിക കവിതയെ കവിതയെന്നു വിളിക്കാൻ താൻ പോലും ധൈര്യപ്പെട്ടിരുന്നില്ല. ഗദ്യകവിത എന്ന ശീർഷകത്തിൽ ആധുനിക കവിതയെ അകറ്റി നിർത്തിയവർ പിന്നീട് സ്വയം ഗദ്യകവിത എഴുതി അതിനെ ആധുനിക കവിതയെന്നു വിശേഷിപ്പിച്ചു. ആധുനികതയുടെ തലതൊട്ടപ്പൻ മാരുമായി…മുമ്പേ പറന്ന പക്ഷി, വാലത്ത് വിസ്മരിക്കപ്പെടുകയും ചെയ്തു. ആധുനിക മലയാള കവിതയുടെ ആവിർഭാവം ആരുടെ കവിതയിൽ കണ്ടെത്തിയാലും ആധുനികതയുടെ ആചാര്യപദവി ആർക്കു നൽകിയാലും വിരോധമില്ല. വാലത്തിന്റെ 1947-ലെ ഗദ്യകവിതകളെ ‘കവിതകൾ’ എന്നനിലയ്ക്ക് ഒരു വട്ടമെങ്കിലും വായിക്കപ്പെടെണ്ടതാണ്. കവിതയുടെ പരിണാമത്തെക്കുറിച്ചു 2016 നവംബർ 5-നു മാതൃഭൂമി ദിനപത്രത്തിൽ ശ്രീ എം. ജി. എസ്. നാരായണന്റെ പേരിൽ വന്ന കുറിപ്പ് ആധുനിക കവിതയെ പുതിയ തലമുറ എവിടെ എത്തിച്ചു എന്നു മനസ്സിലാക്കാൻ സഹായിക്കും ‘.

“കവിത വായിക്കാതായി. കവിതയോട് മമതയുണ്ടായിരുന്ന പലരും കവിതവായന നിർത്തി. ഇപ്പോൾ ഗദ്യകവിതയാണ്. മുറിച്ചു മുറിച്ചു വാചകങ്ങൾ എഴുതിയാൽ കവിതയായി. വായനക്കാരെ ആകർഷിക്കുന്ന ബിംബ കൽപ്പനകളൊക്കെ ഏറെക്കുറെ ഇല്ലാതായെന്ന് തോന്നുന്നു.”

എന്നാൽ വാലത്തിന്റെ ഗദ്യകവിത വരിമുറിച്ച് എഴുതിയ വാചകങ്ങളായിരുന്നില്ല. അതിൽ ജീവിതത്തിന്റെ നേർസ്പന്ദനം തുടിച്ചിരുന്നു…1961-ൽ രചിച്ച ‘ലുമുംബയെ തറച്ച കുരിശ്’ എന്ന കവിതയോടെ അദ്ദേഹം കാവ്യമേഖല വിട്ടു എന്നാണു കരുതേണ്ടത്. കവിതയിലെ മൂർച്ചയുള്ള നാവായിരുന്നു വാലത്ത്. സാധാരണ മനുഷ്യന്റെ അവകാശങ്ങളുടെ മേലുള്ള ഏത് ആക്രമണത്തെയും വാലത്ത് അംഗീകരിച്ചിട്ടില്ല. ലുമുംബ –– ലോകത്തിന്റെ കണ്ണുനീർത്തുള്ളിയാണ്. കോംഗോയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ജനനായകനെ നന്നേ ചെറുപ്രായത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചപ്പോൾ, വാലത്ത് എഴുതിയ കവിതയാണ് ‘ലുമുംബയെ തറച്ച കുരിശ്’. പിന്നീട് ആ കൊല അനാവശ്യമായിരുന്നെന്നു സമ്മതിച്ച ബെൽജിയം സർക്കാർ വർഷങ്ങൾക്കു ശേഷം ലോകത്തോട്‌ മാപ്പ് പറഞ്ഞു. മാപ്പ് വരുന്നതിനു മുമ്പേ വാലത്ത് ഐക്യരാഷ്ട്രസഭയ്ക്ക് നേരെ വിരൽ ചൂണ്ടിയിരുന്നു.

ലുമുംബയെ തറച്ച കുരിശ് (1961)

ഐക്യരാഷ്ട്രസഭ 
മാപ്പുസാക്ഷിയായി മരവിച്ചു നിന്നപ്പോൾ, 
പട്ടാപ്പകൽ, 
ആ കശാപ്പു നടന്നു 
കൊളോണിയലിസത്തിന്റെ ആ കശാപ്പ് നടന്നു.
ലുമുംബ വധിക്കപ്പെട്ടു.
നാഗരികതയുടെ 
നാൽക്കവലകൾ നടുങ്ങി.
നവോത്ഥാനത്തിന്റെ 
ആദ്യത്തെ അദ്ധ്യായം കണ്ണീരിൽ കുതിർന്നു.
ലുമുംബയുടെ രക്തം കോംഗോയുടെ മാത്രമല്ല; 
ആഫ്രിക്കയുടെ മാത്രമല്ല; 
അഖിലലോകത്തിന്റെ 
അല്ലും പകലും നടന്നുകേറുന്ന 
മുഴുവൻ മനുഷ്യരാശിയുടെ രക്തം! 
അതൊരു തീക്കടലായി 
ഇരമ്പിവരുന്നു! 
അത് 
’തങ്കാനീക്കയിലെ കാലൊമ്പോ’ ആയി 
ആർത്തുവരുന്നു.
കോളനിപ്രഭുക്കളെ, വിറകൊള്ളുക! 
ലുമുംബയെ തറച്ച കുരിശ് നിങ്ങളെ വിടില്ല!…

ഇത്തരം ലോകദുരന്തങ്ങളിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച മലയാള കവികൾ വേറെയില്ല, എന്നതാണ് വാലത്തിനെ വ്യത്യസ്തനാക്കുന്നത്. എന്നാൽ, പറയാനുള്ളത് പറഞ്ഞുകഴിഞ്ഞപ്പോൾ ശിഷ്ടകാലം കവിവിലാസത്തിൽ കഴിച്ചുകൂട്ടാതെ സ്വയം ആ നട്ടുവൻ കളമൊഴിഞ്ഞു.