close
Sayahna Sayahna
Search

ഇടപ്പള്ളിയിലെ ചങ്ങാതി


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

അറുപതോളം ആദ്യകാല കവിതകൾ അന്നത്തെ പ്രമുഖ മാധ്യമങ്ങളിൽ അവതരിപ്പിച്ചു. അവയിൽ ഏറിയ പങ്കും കേവല കവിതയ്ക്ക് അപ്പുറം നൊമ്പരപ്പെടുത്തുന്ന ജീവിത സന്ദർഭങ്ങളായിരുന്നു. ആ രംഗത്ത് വാലത്തിന്റെ പ്രിയസുഹൃത്തായിരുന്നു, ചങ്ങമ്പുഴ. 1996–ലെ ഡയറിയുടെ ഒരു താളിൽ 1946 മേയ് മാസത്തിലെ ചങ്ങമ്പുഴയോടൊത്തുള്ള ഒരു അനുഭവം പങ്കു വെയ്ക്കുന്നുണ്ട്. കൌമാരപ്രണയം, ദാരിദ്ര്യക്ലേശം, സാമ്രാജ്യത്വ വിരോധം, യുദ്ധവിരോധം, വിശ്വമാനവികത, സ്വാതന്ത്ര്യമോഹം എന്നീ കൃത്യതയുള്ള ആശയങ്ങളിലൂടെ കടന്നുപോയ വാലത്ത് കവിതയിൽ ചങ്ങമ്പുഴയുടെ സ്വാധീനം വലുതായിരുന്നു. ചങ്ങമ്പുഴ വാലത്തിന്റെ ആരാദ്ധ്യമിത്രമായിരുന്നു. വാലത്ത് നിന്നു തീവണ്ടിപ്പാളത്തിലൂടെ കാൽനടയായ്‌ ഇടപ്പള്ളിയിലെത്തും, മിക്കവാറും എല്ലാ ദിവസവും. ആ കൂടിക്കാഴ്ചകൾ ചങ്ങമ്പുഴയുടെ ജീവിതാന്ത്യം വരെ തുടർന്നിരുന്നു. ‘ചങ്ങമ്പുഴ—ഒരു അനുസ്മരണം’ എന്ന ശീർഷകത്തിൽ 1957 ഒക്ടോബർ 5–ൽ   നവയുഗം വാരിക സാഹിത്യപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തെയാണ് ഇവിടെ അവലംബമാക്കുന്നത്.

ഒരിക്കൽ ഒരു സ്വകാര്യ സംഭാഷണത്തിനിടെ ചങ്ങമ്പുഴ വാലത്തിനോട് പറഞ്ഞു. “ഒരു പൈ പോലും കയ്യിലില്ലാതെ അലഞ്ഞുതിരിയണം. കള്ളവണ്ടി കേറണം. പിടിച്ചിറക്കും. അടുത്തവണ്ടിയിൽ കേറണം കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെ എങ്ങോട്ടെന്നില്ലാതെ, എന്തിനെന്നില്ലാതെ, സഞ്ചരിക്കണം. അങ്ങനെ ഈ ഭൌതിക പ്രപഞ്ചത്തിന്റെ അതിർത്തി രേഖകൾ വരെ അലയാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആശിക്കുകയാണ്. ഹായ്! എന്ത് രസമാണത്!”

വാലത്ത് അത്ഭുതാധീനനായി അത് കേട്ടിരുന്നുപോയി. ചങ്ങമ്പുഴയെ സംബന്ധിച്ചിടത്തോളം സാഹിത്യസേവനം പട്ടിണി അല്ല. ആകർഷകമായ വരുമാനം അസൂയാവഹമായിട്ടാണ് ചങ്ങമ്പുഴയ്ക്ക് സിദ്ധിച്ചിരുന്നത്. ആ മഹത്തായ ഐശ്വര്യസിദ്ധി ഒരു വശത്ത്. സ്നേഹവതിയായ ശ്രീദേവിയും അരുമക്കുഞ്ഞുങ്ങളും ചേർന്ന കുടുംബസൌഭാഗ്യം മറുവശത്ത്. രണ്ടു ഭാഗ്യാനുഭൂതികളുടേയും നടുക്ക് സ്വന്തം മായാമോഹങ്ങളുടെ ഒരു കൃത്രിമ ഗോളം സൃഷ്ടിച്ച് അതിൽ വാഴുവാനുള്ള ഒരു ആന്തരിക പ്രേരണ അദ്ദേഹത്തിന് എങ്ങനെ കിട്ടിയെന്ന് വാലത്ത് അത്ഭുതപ്പെട്ടു.

“ടിക്കറ്റു പരിശോധകരുടെ കണ്ണുവെട്ടിച്ച് തീവണ്ടിയാത്ര ചെയ്യാൻ കുട്ടിക്കാലത്ത് എന്തുതമാശയായിരുന്നെന്നൊ! ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വണ്ടി വന്നു നിന്നാൽ പിൻവാതിലിൽ കൂടി അടുത്ത പറമ്പിലേക്ക് ഒരു ഓട്ടം വെച്ച് കൊടുക്കും.” ചങ്ങമ്പുഴ ഇത് തുറന്നുപറഞ്ഞു പൊട്ടിച്ചിരിച്ചു.

“ദാരിദ്ര്യത്തിന്റെ കളിത്തൊട്ടിലിലാണ് ചങ്ങമ്പുഴ വളർന്നത്‌. അനതിവിദൂരഭാവിയിൽ താൻ അതിൽ നിന്നു മോചനം നേടുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. മറ്റുള്ളവർ സാഹിത്യാഭ്യസനത്തിന്റെ ഹരിശ്രീ കുറിക്കുന്ന പ്രായത്തിൽ ചങ്ങമ്പുഴ വിഖ്യാതനായ കവിയായിത്തീർന്നിരുന്നു. ആയിരമായിരം അനുവാചകരുടെ ആരാധനാലോകമണിയിച്ച പരിവേഷവും വഹിച്ചു പൊടുന്നനെ അദ്ദേഹം ഉയർന്നു നിന്നപ്പോൾ മലയാള സാഹിത്യം കോൾമയിർ കൊണ്ടു. അതിന്റെ ഔദ്ധത്യം വർദ്ധിച്ചു.

“മതിമോഹന ശുഭനർത്തനമാടുന്നയി മഹിതേ, മമ മുന്നിൽ നിന്നു നീ മലയാള കവിതേ,” എന്ന് അദ്ദേഹം തന്നെ പാടി. ചങ്ങമ്പുഴക്കവിതകളിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് ദിഗ്ഭ്രമം ബാധിക്കും. അദ്ദേഹത്തിന് സ്ഥിരമായ ഒരു താവളം ഉണ്ടായിരുന്നില്ല. ഇന്ന് കണ്ടിടത്ത് നാളെ കാണില്ല. സ്ഥിരമായ വിശ്വാസങ്ങളുടെയും എല്ലാത്തരം ലൌകിക, അലൌകിക ബന്ധങ്ങളുടെയും കൈപ്പിടിയിൽ നിന്നു കുതറിച്ചാടാനുള്ള സാമർത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാപഞ്ചിക രഹസ്യങ്ങളെ നിഗൂഡമായ എല്ലാത്തരം ആസ്തിക്യങ്ങളെ, അദ്ദേഹം ധിക്കരിച്ചു. ധിക്കരിക്കാൻ ആഹ്വാനം ചെയ്തു.

“വിത്തനാഥന്റെ ബേബിക്ക് പാലും
നിർദ്ധനച്ചെറുക്കന്നുമിനീരും
ഈശകല്പിതമാകിലമ്മട്ടു-
ള്ളീശ്വരനെ ചവിട്ടുക നമ്മൾ.”

തനിക്കു തോന്നിയ വഴിയേ ചങ്ങമ്പുഴ സഞ്ചരിച്ചു. ആരോടും വഴി ചോദിച്ചില്ല. എല്ലാ ചൂണ്ടുപലകകളെയും കബളിപ്പിച്ചു കൊണ്ട് ശ്മശാന ശൂന്യതകളിലൂടെ ഏകനും ദു:ഖിതനുമായി കണ്ണീർ വാർത്തും എന്നാൽ പലപ്പോഴും മനോഹരപൊന്മാനായ മാരീചനെപ്പോലെ തുള്ളിച്ചാടിയും അദ്ദേഹം സഞ്ചരിച്ചു. അദ്ദേഹം കടന്നുപോയ മാർഗ്ഗങ്ങളിലെ കാലടിപ്പാടുകളിൽ നിന്നു അവാച്യമായ ഒരുനാദബ്രഹ്മത്തിന്റെ ഗാനമേള മുഴങ്ങിക്കൊണ്ടിരുന്നു.  ഗാനത്തിന്റെ ലഹരിയിൽ തന്നിലെ താൻ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകട്ടെയെന്ന് ചങ്ങമ്പുഴ എഴുതിയിരുന്നു.

പരുപരുത്ത ജീവിത യാഥാർഥ്യത്തിന്റെ പാറപ്പുറത്ത് ഭാവനയുടെ പനിനീർപ്പൂവും പച്ചപ്പട്ടും കൊണ്ട് കവിത രചിക്കുവാൻ ചങ്ങമ്പുഴയ്ക്ക് കഴിഞ്ഞു. കവിതയിലെ ഭാവനയെ കെട്ടിപ്പുണർന്നു ജീവിതം തന്നെ അദ്ദേഹത്തിനൊരു ഭാവനയായിപ്പോയി.

“എന്മനം നൊന്തുനൊന്തങ്ങനെ ഞാനെന്റെ
കണ്ണീരിൽ മുങ്ങി മരിക്കുവോളം”
ചങ്ങമ്പുഴ പാടി.” 

തൃശൂർ നിന്നു മടങ്ങി വന്ന്, ചങ്ങമ്പുഴ ഇടപ്പള്ളിയിൽ ഭാര്യാഗൃഹത്തിൽ താമസമാക്കിയ കാലത്താണ് വാലത്തും ചങ്ങമ്പുഴയും തമ്മിൽ സമ്പർക്കം പുലരുന്നത്. വീടിന്റെ വലതു വശത്ത് ഒരു വൈക്കോൽപ്പുര നിന്നിരുന്നു. ഒരു മുറിയിൽ പുസ്തകങ്ങളും നടുക്ക് അദ്ദേഹവും. മറ്റെമുറിയിൽ വൈക്കോലും. വൈക്കോൽ തുരുമ്പും സിഗരറ്റ് കുറ്റികളും കരിഞ്ഞ തീപ്പെട്ടിക്കൊള്ളികളും അവിടെങ്ങും ചിതറിക്കിടക്കും. “ഇതൊരു വൃത്തികേടാണല്ലേ? എന്നാൽ എനിക്ക് ഇതിലൊരു സൌന്ദര്യം തോന്നുന്നു!” അദ്ദേഹം പറയാറുണ്ടായിരുന്നു.

ഒരു ദിവസം അദ്ദേഹം പറഞ്ഞു. “ഞാനുമുണ്ട്, നിങ്ങളുടെ കൂടെ. നമുക്ക് ഒന്ന് തുണ്ടത്തുംകടവ് (വരാപ്പുഴയ്ക്കടുത്ത് ) വരെ പോകണം. ഈ വീടൊന്നു നന്നാക്കണം. കുറെ ഇഷ്ടിക വാങ്ങണം. നാല് നാഴിക നടന്ന് വാലത്തും ചങ്ങമ്പുഴയും വരാപ്പുഴ കടത്തു കടവിലെത്തി. വരാപ്പുഴക്കായൽ അവിടെ വെച്ച് പെരിയാറിനെ സഹർഷം ഏറ്റുവാങ്ങി അറബിക്കടലിനെ ലക്ഷ്യം വെച്ച് മന്ദം മന്ദം ഒഴുകുകയായിരുന്നു. വെയിലും വെളിച്ചവുമുള്ള കാലം.

ആകാശം അതിന്റെ ശോഭയേറിയ നീലച്ചായം ലോഭം കൂടാതെ കായലിൽ പകർന്നു കൊണ്ടിരുന്നു. ഒരു നല്ല ചിത്രം വരച്ചപോലെ തെങ്ങുകളും ഇരു കരകളിലും നിൽപ്പുണ്ടായിരുന്നു.

വഞ്ചിക്കാരൻ പയ്യൻ വഞ്ചി തുഴയുകയാണ്. അറിയാതെ അവന്റെ ചുണ്ടിൽ ഒരു സംഗീതം മുഴങ്ങി.

“ഇരുമെയ്യാണെങ്കിലും നമ്മൾ ഒറ്റ-
ക്കരളല്ലേ, നീയെന്റെ ജീവനല്ലേ…“

അവൻ തുടർന്നുള്ള വരികളും പാടികൊണ്ടിരുന്നു. ചങ്ങമ്പുഴയുടെ മുഖത്ത് ഒരു അസാധാരണമായ പ്രസന്നതയുണ്ടായി.

വഞ്ചി കരയ്ക്കടുത്തു. രണ്ടുപേരും ഇറങ്ങി. ചങ്ങമ്പുഴ ഒരു രൂപ അവന്റെ കയ്യിൽ വെച്ചുകൊടുത്തു. ഒരണയാണ് രണ്ടുപേർക്ക് കടത്തുകൂലി. ബാക്കി പതിനഞ്ചണ തിരിച്ചു കൊടുക്കാൻ അവന്റെ കയ്യിൽ ചില്ലറ തികയുകയില്ലെന്ന് അവൻ പറഞ്ഞു.

“വേണ്ട. അത് താനെടുത്തോ!” അത് പറഞ്ഞുകൊണ്ട് ചങ്ങമ്പുഴ വാലത്തിനെയും വിളിച്ച് ഒരു നടത്തം കൊടുത്തു. അല്പം നടന്നു കഴിഞ്ഞു ചങ്ങമ്പുഴ പറഞ്ഞു. “അവൻ എന്റെ കവിത ചൊല്ലിയപ്പോൾ വാസ്തവത്തിൽ എനിക്കുണ്ടായ ആനന്ദം അതെഴുതിയപ്പോൾ എനിക്കുണ്ടായിരുന്നില്ല. ഞാനാ ഒരു രൂപ അവനു പാരിതോഷികം നൽകിയതാ.”

വീട് പരിഷ്കരിക്കപ്പെട്ടു. അതിനു പുത്തൻ ഗെറ്റപ്പ് വീണു. വൈക്കോൽപ്പുരയിൽ നിന്ന് എഴുത്തുമുറിക്കു മോക്ഷം കിട്ടി. എഴുത്ത് മുറിയിൽ മേശപ്പുറത്തു അദ്ദേഹത്തിന്റെയും പ്രിയതമയുടെയും ചിത്രം വെച്ചിട്ടുണ്ട്. ഒരു ഭാഗത്ത്‌ വിശ്വസാഹിത്യകാരന്മാർ ബുക്കലമാരകളിൽ വരിവരിയായി സ്ഥാനം പിടിച്ചിട്ടുണ്ട്.

രാത്രിയാണ് എഴുത്ത്. വാലത്ത് അവിടെ ചെല്ലുമ്പോൾ രാവിലെ പത്തു മണി കഴിഞ്ഞിരിക്കും. അപ്പോഴാണ്‌ ഉറക്കമുണരുക.   വർത്തമാനം പറയുന്ന കൂട്ടത്തിൽ ഭാര്യ ഒരു കപ്പു ചായയുമായി വരും. തോർത്തും സോപ്പും ഉമിക്കരിയും സിഗരട്ടും തീപ്പെട്ടിയുമൊക്കെ എടുത്തു യാത്രയാകും. നല്ല വെയില് വീണിരിക്കും. രണ്ടുപേരും ഇടവഴിയിലൂടെ കിഴക്കോട്ടു നടക്കും. അവിടങ്ങളിൽ പണ്ടുകാലത്ത് വ്യാഴാഴ്ച ചന്ത എന്ന് പറഞ്ഞിരുന്ന ഒരു സ്ഥലമുണ്ട്.

കാടിന്റെ എതിരെ വഴിവക്കിൽ തന്നെ ഓലക്കീറു കൊണ്ടു കുത്തിമറച്ച ഒരു കുടിൽ നിന്നിരുന്നു. തല കുനിച്ചു അദ്ദേഹം ആദ്യം അതിലേക്കു കയറും. പുറകെ തല കുനിച്ചു വാലത്തും അനുഗമിക്കും. കുറ്റികളിൽ പലക വെച്ച് കെട്ടി നിർമ്മിക്കപ്പെട്ട ബെഞ്ചിൽ ഇരിക്കും. ഉടനെ ഒരാൾ ഇലയിൽ പുട്ടും കടലയും പപ്പടവും മുമ്പിൽ കൊണ്ടുവന്നു വയ്ക്കും. വളരെ വിനയഭാവത്തിൽ. കൂടെ ഒരു ഗ്ലാസ്സ് ചായയും.

“എനിക്കിത്തരം ചായക്കടകളാണിഷ്ടം.” ചങ്ങമ്പുഴ പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു. ചായക്കുടിലിൽ നിന്ന് അവർ നേരേ വടക്കോട്ടു നടക്കും. അവിടെ വിശാലമായ ഒരു കുളവും ഒരമ്പലവുമുണ്ട്. മനോഹരമായ പൂഴി അവിടമെങ്ങും പൂക്കൾ വിതറിയിട്ടുണ്ടാകും. എന്നിട്ട് കുളത്തിന്റെ വക്കിലിരുന്നു പല്ല് തേക്കാൻ തുടങ്ങും. കുളത്തിലിറങ്ങി വസ്ത്രങ്ങൾ അലക്കും. കുളി കഴിഞ്ഞു കേറുമ്പോൾ മണി ഒന്ന് കഴിഞ്ഞിരിക്കും. ശ്രീദേവി ഊണും വെച്ച് കാത്തിരിക്കുകയാവും.

അധികനാൾ കഴിഞ്ഞില്ല. പുതുക്കിപ്പണിത ഭാര്യാഗൃഹത്തിൽ നിന്ന് അദ്ദേഹം സ്വഗൃഹത്തിലേക്കു കുടുംബസമേതം താമസം മാറ്റി. നന്നേ ക്ഷീണിച്ചിരുന്നു. ചില്ലറ ചികിത്സകളും തുടങ്ങിയിട്ടുണ്ട്. ആ വരാന്തയിൽ ഇരുന്നുകൊണ്ട് തലേ രാത്രി എഴുതി ത്തീർത്ത കവിത വളരെ ആവേശപൂർവ്വം ഉറക്കെ വായിച്ചു കേൾപ്പിക്കാൻ ക്ഷീണം തോന്നാറില്ല. ഈ കാലഘട്ടത്തിലാണ് ചങ്ങമ്പുഴക്കവിതകളിലെ ചൂടേറിയ ഭാഗങ്ങൾ അദ്ദേഹം രചിച്ചത്. ‘ചുട്ടെരിക്കിൻ’ ഒരു ഉദാഹരണമാണ്. അത് ‘ചിത്രോദയ’ത്തിനു പോസ്റ്റു ചെയ്യാൻ പോകുന്നതിനു മുമ്പ് വാലത്തിനെ വായിച്ചു കേൾപ്പിക്കുകയുണ്ടായി. തന്റെ ‘ഇടിമുഴക്ക’ത്തിന്റെ മുഖപേജിൽ ആ കവിത ചേർക്കാൻ വാലത്ത് അനുവാദം ചോദിച്ചു. “എങ്കിൽ രണ്ടു വരി കൂടി ഇരിക്കട്ടെ.” അദ്ദേഹം അവിടെ ഇരുന്നുകൊണ്ട് തന്നെ കുത്തിക്കുറിച്ചു. എന്നിട്ട് വായിച്ചു.

“മമ ശബ്ദം മഹിയൊട്ടുക്കിടിവെട്ടിയലറുമീ-
മമ ശബ്ദം കേൾക്കുവാൻ മിഴി തുറക്കിൻ!”

\tstar

ചങ്ങമ്പുഴയ്ക്ക് ക്ഷീണം ഏറിക്കൊണ്ടിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. “ഒരു ആടിനെ വാറ്റി കഴിയ്ക്കണം. അതിനു വേണ്ട മരുന്നുകളെല്ലാം തയ്യാറായി. ഒന്നുമാത്രം കിട്ടിയിട്ടില്ല. തെങ്ങിന്റെ ചാരായം വേണം.”

വാലത്തിന്റെ സ്ഥലത്തിനടുത്ത് ചിറ്റൂരോ മറ്റോ കിട്ടുമെന്ന് പറഞ്ഞു. വാലത്തിന്റെ അന്വേഷണം ഫലിച്ചു. സാധനം തരാമെന്നു ഒരാൾ ഏറ്റു. എന്നാൽ അയാൾക്ക്‌ അത് ചങ്ങമ്പുഴയുടെ വീട്ടിൽ എത്തിക്കാൻ ഒരു ഭയം. കാരണം, അത് തിരുവിതാംകൂറും ഇത് കൊച്ചിയുമാണ്. അന്ന് കൊച്ചി സംയോജനം നടന്നിരുന്നില്ല. പോരെങ്കിൽ വ്യാജമദ്യവും.

ഒരു ധീരകൃത്യം നടത്തിക്കളയാമെന്ന് വാലത്ത് തീരുമാനിച്ചു. സാധനം ഒരു പതിനാറു ഔൺസ് കുപ്പിയിൽ എടുത്ത് ഒരു സ്യൂട്ട് കേസിൽ ഭദ്രമായി വെച്ച്, അതിരാവിലെ പുറപ്പെട്ടു. ഇത് രോഗിയായ മഹാകവിയ്ക്ക് മരുന്നുണ്ടാക്കാനാണ്, അദ്ദേഹം രണ്ടു ദിവസം കൂടി ജീവിച്ചു നാല് വരിക്കവിത കൂടുതൽ എഴുതാൻ സാധിച്ചാൽ അത് നമുക്കും നേട്ടമാണല്ലോ, എന്ന് പറഞ്ഞാലൊന്നും എക്സൈസുകാർ വിടില്ല. എങ്കിലും അനിഷ്ട സംഭവം ഒന്നും കൂടാതെ സാധനം വാലത്തിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തി. അദ്ദേഹം അതേറ്റു വാങ്ങി ഭാര്യയെ ഏൽപ്പിച്ചു.

ദിവസങ്ങൾ കഴിഞ്ഞു. വാലത്ത് ശ്രീദേവിയോടു ചോദിച്ചു.

“ആടിനെ വാറ്റിയില്ലേ?”

“വാറ്റിക്കൊണ്ട് വരാൻ എവിടെയോ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പറയുന്നത് കേട്ടു.”

“പിന്നെ, …ആ കുപ്പിയിലെ…?”

“ഓ, അതവിടെ കാലിക്കുപ്പിയായി ഇരുപ്പുണ്ട്.”

കുടി നിർത്തിയെന്നാണ് അദ്ദേഹം വാലത്തിനോട് പറഞ്ഞിരുന്നത്.

“അല്ലാ, പട്ടയെക്കാളും നല്ലത് തെങ്ങിന്റെയണല്ലേ?”

എന്നിട്ടദ്ദേഹം അപരാധബോധത്തിന്റെ ഒരു വക പരിഹാസത്തോടെ ഒരു ചിരി ചിരിച്ചു.

“ഇഷ്ട, എനിക്കബദ്ധം പറ്റി. തീർച്ച. ഇനി തൊടില്ല. ഞാനത് കുടിച്ചുപോയി.”

അദ്ദേഹം വളരെ വികാരാധീനനായി കാണപ്പെട്ടു.

“സ്നേഹിതാ, ഞാൻ തന്നെ എന്നെ നശിപ്പിച്ചു. ഒരുകാലത്ത് ചായയും ചാരായവും മാത്രം കൊണ്ട് ഞാൻ ദിവസങ്ങളോളം ജീവിച്ചിട്ടുണ്ട്. ഭാര്യയും അമ്മയും ഊണും തയ്യാറാക്കി കരഞ്ഞുകൊണ്ട് പറയും, ഉണ്ണാൻ. ഉണ്ണില്ല. ആരോടും മിണ്ടില്ല. അങ്ങനെ തോന്നാൻ കാരണമെന്ത്? എനിക്ക് തന്നെ അജ്ഞാതമാണ്.” അദ്ദേഹം സ്വന്തം സ്മരണകളുടെ ചുരുളഴിക്കും.

“രണ്ടു മണിയാകുമ്പോൾ പുറത്തിറങ്ങും. കാൽനടയായി നേരെ ടൌണിലേക്ക് നടക്കും. ഒരു കഷണം കഞ്ചാവെടുത്തു കടലാസ്സിൽ പൊതിഞ്ഞു ഷൂവിൽ വെച്ചിരിക്കും. ഷൂവിനുള്ളിലെ സാധനം നന്നായി മർദ്ദിക്കപ്പെടാൻ നടന്നു പോകും. വഴിമധ്യേ, ഒരു ക്രിസ്ത്യാനിയുടെ കടയുണ്ട്. അവന്റെ കടയ്ക്കു നേരെ വരുമ്പോൾ ഞാൻ ഒരു അടയാളം കൊടുക്കും. രാത്രി തിരിച്ചുവരുമ്പോൾ എല്ലാം ഒരുക്കിയിട്ടുണ്ടാകും. രണ്ടു പ്ലേറ്റ് നിറയെ സാധനങ്ങൾ. ഒന്നെനിക്കും ഒന്നയാൾക്കും. കുടി കഴിഞ്ഞാൽ ഞാൻ ഷൂപൊക്കും. അവൻ കയ്യിട്ടു പൊതിയെടുത്ത് രണ്ടു വീടിയിലായി തെറുക്കും. ഒന്നു എന്റെ ചുണ്ടത്തു വെച്ച് കൊളുത്തിത്തരും. ഒന്നവനും. ഇത്രയുമായാൽ പിരിയാൻ സമയമായെന്നർത്ഥം. ഞാനിറങ്ങി ഒരു നടത്തം കൊടുക്കും. പാതിരാ കഴിഞ്ഞിരിക്കും. കുറ്റാക്കൂരിരുട്ടും. എന്നാലും ഊടുവഴിയിൽ കൂടിയേ വീട്ടിലേക്കു മടങ്ങുകയുള്ളൂ.

വീട്ടിൽ വിളക്ക് വിളറി എരിയുന്നുണ്ടാകും. ചാരെ ഭാര്യയും. അവൾ കരയുകയായിരിക്കും. എങ്കിലും എനിക്ക് അത്ഭുതം തോന്നുന്നു. ഒരിക്കലും ഒരു അനിഷ്ട സംഭവം ഉണ്ടാകാത്തതിൽ. വല്ല മരത്തിലും തലയിടിക്കാം. പാമ്പ് കടിക്കാം. വഴിയിൽ തന്നെ ബോധമറ്റു വീണുവെന്നും വരാം. യാതൊന്നുമുണ്ടായില്ല. ഇതാരുടെ ഭാഗ്യംകൊണ്ടാണെന്നറിയില്ല…സ്വന്തം മനസ്സാക്ഷിയുടെ പ്രതിക്കൂട്ടിൽ നിന്ന് അദ്ദേഹമിതു പോലെ പ്രസ്താവിച്ച സന്ദർഭങ്ങൾ ദുർല്ലഭമായിരുന്നില്ല. 

“ഏഴാം സ്വർഗ്ഗം കടന്നു തവ കടമിഴിയിൽ ക്കൂടിയെന്നല്ല, ഞാനാം
പാഴാം പുൽതണ്ടിൽ നിന്നുല്പല, മധുരസ്വപ്നഗാനം പകർന്നു; 
കേഴാം ഞാൻ, നാളെ വീഴാ; മടിയി- ലഖിലവും തേളുചൂഴും മനസ്സിൽ 
താഴാം, താഴട്ടെ, കേഴട്ടരികിൽ വരികയേ, ഹൃദ്യമെ, മദ്യമെ നീ…” 

* * *


“രാത്രി രണ്ടുമൂന്നു തവണ ഛർദ്ദിച്ചു. രാവിലെ നേരെ കോയമ്പത്തൂർക്ക് പോയി.” അദ്ദേഹം വാലത്തിനോട് പറയുകയായിരുന്നു. “ഡോക്ടർ ശരിക്ക് പരിശോധിച്ചു. ക്ഷയരോഗം മൂർദ്ധന്യത്തിൽ എത്തിക്കഴിഞ്ഞിരുന്നുവെന്നും പ്രയാസമാണെന്നും പറഞ്ഞു. വാസ്തവത്തിൽ ക്ഷയരോഗബാധിതനാണ് ഞാനെന്നു അറിഞ്ഞിരുന്നില്ല. കോയമ്പത്തൂരേക്ക് പോകണമെന്ന് വിചാരിച്ച ആ രാത്രിയാണ് എനിക്ക് ആ രോഗത്തെക്കുറിച്ച് സ്വയം സംശയം ജനിച്ചത്.”

വീടിന്റെ തെക്കുവശത്ത് ഒരു ഷെഡ്‌ കെട്ടിയുയർത്തപ്പെട്ടു. ചങ്ങമ്പുഴ മരിക്കുന്നതിനു രണ്ടു മാസം മുമ്പായിരുന്നു, അത്. പകൎച്ചയിൽ നിന്ന് രക്ഷിക്കാൻ ഡോക്ടരുടെ നിർദ്ദേശപ്രകാരമാണ് വീടിനു തൊട്ടടുത്ത്‌ പുര കെട്ടിയത്. ആ പുര കെട്ടിത്തീർന്നപ്പോൾ ചങ്ങമ്പുഴ പറഞ്ഞു, “ഇതെന്റെ ബലിപ്പുരയാണ്”. കേട്ടുനിന്ന വാലത്തിനു അത് സഹിക്കാനായില്ല. എങ്കിലും യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു. വാലത്ത് അനുസ്മരണം ഇങ്ങനെ പൂർത്തിയാക്കി. “ആ കാഴ്ച കുറെനാൾ കണ്ടു. പിന്നെ ഒരു നാൾ അതിനടുത്ത് തന്നെ ദയനീയും വ്യസനകരവുമായ ചിതാഭസ്മവും കാണുമാറായി. അതിന്നരികിലായി കണ്ണീരിൽ കുളിച്ചു നിൽക്കുന്ന വിധവയായ ഒരു മാതാവും അച്ഛൻ നഷ്ടപ്പെട്ട സന്താനങ്ങളും. ആ ദു:ഖിതയായ സ്ത്രീയെക്കുറിച്ച് ആ ചിതാഭസ്മം പാടുന്നത് പോലെ തോന്നി:

“മൺ മറഞ്ഞുഞാനെങ്കിലുമിന്നു-
മെന്നണുക്കളിലേവമോരോന്നും
ത്വൽ പ്രണയസ് മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു ദേവി…!”

(സ്പന്ദിക്കുന്ന അസ്ഥിമാടം)

വാർദ്ധക്യകാലത്ത് ഒരിക്കൽ വാലത്ത് ചങ്ങമ്പുഴയുമായുള്ള സൌഹൃദം അനുസ്മരിച്ചിരുന്നു. ഈ സൌഹൃദത്തെക്കുറിച്ചു വാലത്തല്ലാതെ മറ്റുള്ളവർ പറഞ്ഞു അധികം കേൾക്കാൻ ഇട വന്നിട്ടില്ല. ചങ്ങമ്പുഴയുടെ തോണിയാത്രയിൽ കടത്തുകാരൻ തന്റെ കവിത ചൊല്ലിയതും ചങ്ങമ്പുഴ സന്തുഷ്ടനായി സമ്മാനം നൽകിയതുമായ കഥ വേറെയും കേട്ടിട്ടുണ്ട്. ആ കഥയിൽ വാലത്തില്ല, എന്നത് അത്ഭുതകരമായി തോന്നി. എളുപ്പം തമസ്ക്കരിക്കാവുന്ന അത്രയ്ക്ക് നിസ്സാരനായിരുന്നു വാലത്ത്. ചെറുത്തുനിൽപ്പ് വാലത്തിനു വശമില്ല. ഒഴിഞ്ഞുമാറ്റമാണ് ശീലം.

ഇടയ്ക്കിടയ്ക്ക് ഓരോ കൃതിയുമായി രംഗത്ത്‌ വരും. അതിൽ അല്ലും പകലും അവിശ്രമം അദ്ധ്വാനിച്ച നിസ്വാർത്ഥനായ ഒരു ദരിദ്രാത്മാവിന്റെ കയ്യൊപ്പുമുണ്ടാകും.