close
Sayahna Sayahna
Search

സംഘസാഹിത്യവേദി


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

സംഘകാലം വാലത്തിനെ സംബന്ധിച്ചിടത്തോളം ഒരു ലഹരിയായിരുന്നു. സം­ഘം കൃതികളെക്കുറിച്ച് നിരവധി പ്രഭാഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. പുതിയ തലമുറകൾക്ക് ഏതാണ്ട് പൂർണമായും അജ്ഞാതമായ ആ അമൂല്യ സാഹിത്യസമ്പത്തിനെ വീണ്ടെടുക്കണമെന്ന വാശിയോടുകൂടി 1977-ൽ വാലത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ‘സംഘസാഹിത്യവേദി’. മേലങ്ങത്ത് നാരായണൻ കുട്ടി, സി.കൃഷ്ണൻനായർ എന്നിവരുടെ സഹായത്തോടെ മദ്ധ്യകേരളത്തിൽ സംഘം കൃതികളെക്കുറിച്ച് അനേകം ക്ലാസുകൾ സംഘടിപ്പിച്ചു. എന്നാൽ, പ്രോൽസാഹനമോ അനുകൂല പ്രതികരണമോ ലഭിക്കാതെ തുടർപ്രവർത്തനങ്ങൾ മുടങ്ങി, ക്രമേണ അത് നിലച്ചു. ഈ മേഖലയിൽ അദ്ദേഹം രചിച്ച ഒരു കൈപ്പുസ്തകമാണ് ‘സംഘസാഹിത്യം എന്നാൽ എന്ത്?’

ചരിത്രകവാടങ്ങൾ

‘ഭാരതത്തിന്റെ പൈതൃകം’ തുടങ്ങി വിജ്ഞാനപ്രദമായ ഇരുപതു ലേഖനങ്ങളാണ് ഉള്ളടക്കം. നിരന്തരമായ, സ്വന്തമായ തപസ്സിന്റെ, എകാഗ്രമനസ്കമായ അന്വേഷണത്തിന്റെ, ചിന്തയുടെ ഫലമാണത്‌. കൂടുതൽ ചിന്തിക്കുവാനും പഠിക്കുവാനും നമ്മെ പ്രേരിപ്പിക്കും വിധം ഭാരതീയമായ വിവിധവിഷയങ്ങളുടെ കവാടം തുറന്നിടുകയാണ് അദ്ദേഹം ചെയ്തത്. കവിതയേയും സാഹിത്യത്തെയും സമീപിക്കുമ്പോൾ ചരിത്രകാരന്റെയും, ചരിത്രത്തെ സമീപിക്കുമ്പോൾ കവിയുടെയും, ഇതരവിഷയങ്ങളെ സമീപിക്കുമ്പോൾ മുൻചൊന്ന രണ്ടിന്റെയും അംശങ്ങൾ കൈവിളക്കുപോലെ പ്രകാശം ചൊരിയുന്നതായി ഇതിലെ പ്രബന്ധമോരോന്നും തെളിയിക്കും.

സി. പി. ശ്രീധരന്റെ അവതാരികയോടെ 1977-ൽ പ്രസാധനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം 1994-ൽ മഹാത്മാഗാന്ധി സർവ്വകലാശാല ഡിഗ്രി തലത്തിൽ പാഠപുസ്തകമായി അംഗീകരിച്ചു.

‘പണ്ഡിറ്റ്‌ കറുപ്പൻ’ പ്രകാശനം

കേരള ഹിസ്റ്ററി അസോസിയേഷൻ ‘നവകേരള ശില്പികൾ’ പരമ്പരയിൽ ഒമ്പതാമത് പ്രസിദ്ധീകരിച്ച ജീവചരിത്രഗ്രന്ഥം വാലത്ത് രചിച്ച ‘പണ്ഡിറ്റ് കറുപ്പൻ’ ആയിരുന്നു. ചീഫ് എഡിറ്റർ, പ്രൊഫ. പി. എസ്. വേലായുധൻ ആമുഖം എഴുതി. 1985 ജനുവരി 6-നു സമസ്ത കേരളസാഹിത്യ പരിഷത്ത് ഹാളിൽ നിറഞ്ഞ സദസ്സിൽ ‘പണ്ഡിറ്റ് കറുപ്പൻ’ പ്രസാധനം ചെയ്യപ്പെട്ടു. ജസ്റ്റിസ് കെ. കെ. നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈക്കം ചന്ദ്രശേഖരൻ നായർ പുസ്തകം പ്രകാശനം ചെയ്തു. പി. എസ്.വേലായുധൻ, ടി. എം.ചുമ്മാർ, ടി. കെ. സി.വടുതല, പ്രൊഫ. പി.കുഞ്ഞികൃഷ്ണ മേനോൻ, കെ. എൻ.സുകുമാരൻ എന്നിവർ സംസാരിച്ചു. പ്രൊഫ. പോൾസൻ സ്വാഗതവും ടാറ്റാപുരം സുകുമാരൻ നന്ദിയും പറഞ്ഞു.

അവാർഡുകളുടെ വലിയ ശേഖരമൊന്നും വാലത്തിന്റെ കൈവശമില്ല. വലുതെന്നല്ല, ചെറുത് പോലുമില്ല. ആകെ ലഭിച്ചത് പണ്ഡിറ്റ്‌ കറുപ്പന്റെ ജീവചരിത്രഗ്രന്ഥം രചിച്ചതിനു കേരള ഹിസ്റ്ററി അസോസിയേഷൻ നൽകിയ 1000 രൂപയുടെ അവാർഡ് ആണ്. അത് വാലത്ത് മഹാകാര്യമായി കരുതിയിട്ടുമില്ല. കാരണം അത്തരം ഒരു ജീവചരിത്ര ഗ്രന്ഥം തയ്യാറാക്കുക എന്നത് പ്രതിഫലങ്ങൾക്ക് അതീതമായ കർത്തവ്യമാണ്. പണ്ഡിറ്റ്‌ കറുപ്പനെ നേരിട്ടറിയാവുന്നതുകൊണ്ട് അന്നത്തെ കാലഘട്ടത്തിന്റെ സാമൂഹ്യാവസ്തകളുടെ സത്യസന്ധമായ അവതരണത്തിലൂടെ കറുപ്പൻ മാഷിന്റെ കുറ്റമറ്റ ഒരു ജീവചരിത്രം രചിക്കുവാൻ തനിക്കു മാത്രമേ കഴിയുള്ളൂ, എന്നും വാലത്തിനു തോന്നിയിരിക്കണം. പണ്ഡിറ്റ്‌ കറുപ്പന് ഇതുവരെ നാലോ അഞ്ചോ ജീവചരിത്രഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും വസ്തുതാ സമഗ്രമായ ജീവചരിത്രം വാലത്ത് എഴുതിയതാണ് എന്ന് അംഗീകരിക്കപ്പെടുന്നു.