close
Sayahna Sayahna
Search

മനുഷ്യരിലെ രണ്ടു ജാതി


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കേരളം പിച്ചവെച്ചു തുടങ്ങിയ അക്കാലത്ത് നാട്ടിലെ ഏറ്റവും കൌതുകകരമായ കാഴ്ച സ്വർണ്ണനിറവും ഉയരക്കൂടുതലും കൊണ്ട് പാടെ വ്യത്യസ്തരായ നമ്പൂതിരിമാരായിരുന്നു. തനി നമ്പൂതിരി ജന്മികൾ നാട് അടക്കിവാണിരുന്ന കാലം.

രാജാവിലും ഉയർന്നു നിന്നു നമ്പൂതിരിയുടെ പദവി. രാജാവിനെ ശിക്ഷിക്കാൻകൂടി നമ്പൂതിരിയ്ക്ക് അധികാരമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ മലബാർ ഒഴികെ കേരളത്തിലെ കൊച്ചി–തിരുവിതാംകൂർ നാട്ടുരാജാക്കന്മാരെ നമ്പൂതിരിമാർ ഉള്ളം കയ്യിൽ വെച്ച് കറക്കിയിരുന്നു. നമ്പൂതിരി ദൈവമാണ്. ഭൂസ്വത്ത് മുഴുവൻ അവരുടേതാണ്. കൊല്ലിനും കൊലയ്ക്കും സർവ്വാധികാരം. ജന്മിയും അന്തഃപുരസ്ത്രീകളും വല്ലപ്പോഴുമേ പുറത്തിറങ്ങാറുള്ളു. ആ സ്ത്രീകളെ കാണാൻ എന്ത് തേജസ്സാണ്! നീണ്ടുയർന്നു പൊന്നിന്റെ നിറത്തിൽ. വട്ടത്തിലുള്ള മറക്കുട കൊണ്ട് മുഖം മറച്ചിരിക്കും. സംഘം ചേർന്നേ നടക്കൂ. ഈഴവരും പുലയരും എന്നല്ല, ആരും അവരെ കണ്ടാൽ തൊഴുതു പോകും. ഈശ്വരതുല്യർ. അവരുടെ ദേഹം വൃത്തിയുള്ളതാണ്. പൊന്നാണ്. പനയോല കൊണ്ടുള്ള മറക്കുട ചൂടി ജന്മിമാരും അവരുടെ അന്തഃപുരസ്ത്രീകളും ചേരാനല്ലൂർ ഭഗവതി ക്ഷേത്രദർശനം കഴിഞ്ഞു ഇടയക്കുന്നം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ദർശനത്തിനു പോകുന്ന കാഴ്ച കൃഷ്ണൻ അത്ഭുതാദരങ്ങളോടെ കണ്ടു നിന്നിട്ടുണ്ട്, അകലെ നിന്ന്. കാരണം അത്തരം വേളകളിൽ വഴിയിലെന്നല്ല, ആ പരിസരത്ത് പോലും ഐത്തജാതിക്കാർ ആരും ഉണ്ടാവാൻ പാടില്ല.

കേരളജനതയ്ക്ക് അപമാനകരമാംവിധം അയിത്താചാരം അന്ന് നിലനിന്നിരുന്നു. നമ്പൂതിരി, നായർ തുടങ്ങിയ സവർണ്ണരിൽ നിന്ന് അയിത്തജാതിക്കാർ തീണ്ടാപ്പാട് അകലം എപ്പോഴും പാലിക്കേണ്ടിയിരുന്നു. അയിത്തജാതിക്കാരെന്ന് പറയുമ്പോൾ ഈഴവർ മുതൽ താഴോട്ടുള്ളവർ എല്ലാം. അയിത്തം, തീണ്ടൽ തുടങ്ങിയ അനാചാരങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയവും അപരിചിതവുമാണ്. ആ വാക്കുകൾ സമകാലിക മലയാള ഭാഷയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ഈഴവരെ പാടത്തെ ചെളിയുടെ മണമില്ല. പക്ഷെ, കള്ളിന്റെ നാറ്റം! ചെത്തുകാരൻ അകലേ പോയാലും കള്ളിന്റെ മണമടിക്കും. കള്ള് ചെത്താണ് ഈഴവരുടെ കുലത്തൊഴിൽ. എന്നാൽ കൃഷ്ണന്റെ അച്ഛൻ ചെത്തുകാരനായിരുന്നില്ല. മുൻതലമുറകളിൽ ആരെങ്കിലും ചെത്തുകാരുണ്ടായിരുന്നോ എന്ന് അറിയില്ല. എങ്കിലും കൃഷ്ണൻ അടിക്കടി അയിത്തത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടുകൊണ്ടിരുന്നു. സ്കൂളിൽ ചെല്ലുമ്പോൾ സമപ്രായക്കാരായ നായർ സതീർത്ഥ്യർ മൂക്കു പൊത്തി ചിരിക്കും. കൃഷ്ണനെ കള്ളു മണക്കുന്നത് പോലെ. ഇടയക്കുന്നത്ത് ഏതാനും നായർ കുടുംബങ്ങൾ താമസിച്ചിരുന്നു. അവരിലെ ഇളമുറക്കാരാണ് കൃഷ്ണനെ കാണുമ്പോൾ മൂക്ക് പൊത്തി ചിരിക്കാറുള്ളത്. സത്യത്തിൽ കൃഷ്ണനെ കള്ളുമണമില്ല. എന്നിട്ടും ജാതിനിന്ദ തുടർന്നു. കുഞ്ഞുവിപ്ലവകാരിയുടെ രക്തം തുടിച്ച കൃഷ്ണൻ പലപ്പോഴും ഏറ്റുമുട്ടലിന് ഒരുങ്ങി. പക്ഷെ, അശക്തന്റെ ഭീതി പുറകോട്ടു വലിച്ചു. പറ്റിയ സന്ദർഭത്തിന് വേണ്ടി കൃഷ്ണൻ കാത്തിരുന്നു. നമ്പൂതിരി എതിരെ വന്നാൽ ഈഴവൻ ഓടി മാറിക്കൊള്ളണം എന്ന നിയമം കൃഷ്ണന് സ്വീകാര്യമായി തോന്നിയില്ല. ഇതിനെ ഒരിക്കലെങ്കിലും ധിക്കരിക്കണം എന്ന് വാശിയായി.

അപൂർവ്വ വ്യക്തിത്വം ഒരാളുടെ ബാല്യകാലചോദനകളിൽ തിരനോട്ടം നടത്തും. തന്റെ വരവറിയിക്കും. ഭാവിയിൽ സംജാതമാകുന്ന സവിശേഷതകളെ തുടർജീവിതസംഭവങ്ങളിലൂടെ കേളികൊട്ടും. കൃഷ്ണൻ അത്തരം ഒരു അപൂർവവ്യക്തിത്വത്തിന് ഉടമയാണെന്നു കാണേണ്ടിയിരിക്കുന്നു. സമപ്രായക്കാരായ കുട്ടികളിൽ നിന്നും സതീർത്ഥ്യരിൽ നിന്നും വേറിട്ട്‌ ഒരു ഭാവപ്പകർച്ച കൃഷ്ണനിൽ കണ്ടുതുടങ്ങിയിരുന്നു. അതിൽ പ്രധാനം അന്വേഷിയുടെതായിരുന്നു. ഓരോന്നിനെക്കുറിച്ചും നേരിട്ട് അന്വേഷിച്ചറിയും. ആർക്കും കൃഷ്ണനെ എന്തെങ്കിലും പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിയുമായിരുന്നില്ല.

ഒരിക്കൽ അമ്മ മകനെ ക്ഷേത്രത്തിലേയ്ക്ക് ഒപ്പം കൂട്ടി. ക്ഷേത്രനടയിൽ അമ്മ മകനോട്‌ പറഞ്ഞു:

“മോനെ, ഈശ്വരനെ തൊഴുതു പ്രാർത്ഥിക്കൂ,”

“എവിടെ ഈശ്വരൻ?” മകൻ ചോദിച്ചു.

“അതാ. ശ്രീകോവിലിനുള്ളിൽ.”

“അത് കല്ലല്ലേ, അമ്മേ?”

ആ അമ്മ തീർച്ചയായും ഞെട്ടിയിരിക്കണം. പൂജാരിയായ പിതാവിന്റെ മകൻ പൂജാബിംബത്തെ കല്ല്‌ മാത്രമായി കാണുന്നു. വാർദ്ധക്യ കാലത്ത് ഒരു സായാഹ്നത്തിൽ വാലത്ത് ഈ സംഭവത്തെക്കുറിച്ച് പറയുകയുണ്ടായി. അമ്മയെ വേദനിപ്പിച്ചതിലെ ദുഃഖം മുഖത്ത് പ്രകടമായിരുന്നു. കല്ല്‌ കല്ലുമാത്രമാണ്. അതെങ്ങനെ ഈശ്വരനാകും? കല്ലിന്മേൽ ആരോപിക്കപ്പെടുന്ന ദൈവികത കൃഷ്ണന് മനസ്സിലായില്ല. നന്നേ ചെറുപ്പം മുതൽ യുക്തിസഹമായി മാത്രം കാര്യങ്ങളെ വിലയിരുത്താൻ ആ കുട്ടി പരിചയിച്ചു.

തനിക്കു തെറ്റെന്നു തോന്നുന്ന കാര്യങ്ങളെ ശക്തമായി എതിർക്കാൻ കൃഷ്ണൻ ധൈര്യപ്പെട്ടത് മറ്റൊന്നും കൊണ്ടല്ല. അടിച്ചേല്പിക്കപ്പെടുന്ന നിയമങ്ങൾ പ്രതിഷേധം കൂടാതെ ശിരസാവഹിക്കാനുള്ള അസംഘടിതരുടെ ദുരവസ്ഥയ്ക്ക് വഴങ്ങുന്ന സ്വഭാവം കൃഷ്ണനെ മെരുക്കിയതുമില്ല.

അങ്ങനെ ഒരു ദിവസം സഹപാഠിയുടെ പിതാവായ ഒരു നായർ പ്രമാണിയുമായി കൃഷ്ണൻ തടിപ്പാലത്തിൽ വെച്ച് വഴക്ക് തുടങ്ങി. പാലം എന്നു പറഞ്ഞാൽ വീതിയേറിയതൊന്നുമല്ല. മൂന്നോ നാലോ തെങ്ങിൻ തടികൾ അടുപ്പിച്ചിട്ട് കയർ കൊണ്ട് വരിഞ്ഞു മുറുക്കിക്കെട്ടിയുണ്ടാക്കിയതാണ് തടിപ്പാലം. വീഴാതെ നടക്കാൻ മുകളിൽ നീളത്തിൽ വണ്ണക്കയറും ഉണ്ട്. ഒരു സമയം ഒരേ ദിശയിലേക്കു എത്രപേർക്ക് വേണമെങ്കിലും പുറകെ പുറകെയായി പാലം കടക്കാം. എന്നാൽ, ഒരാൾ എതിർ ദിശയിൽ വന്നാൽ ഗതാഗതക്കുരുക്കാവും ഫലം. പാലത്തിൽ നായർ കയറിയാൽ അയിത്തജാതിക്കാരനായ ഈഴവൻ ഇറങ്ങി മാറി നിൽക്കണം. നായർ പാലം കടന്നു ഇറങ്ങിപ്പോയാലെ ഈഴവൻ കയറാവൂ. അതാണ്‌ ‘പാലം നിയമം’. സംഗതി അയിത്തം. അയിത്തമെന്നാൽ അശുദ്ധം. വൃത്തിയില്ലാത്ത ഇടം അശുദ്ധമാണ്. വൃത്തി വേണമെങ്കിൽ ദേഹത്ത് ചേറും ചെളിയും പുരളാൻ പാടില്ല. പാടത്തെ ചെളിയുടെ ഗന്ധത്തിനു രണ്ട് സംവേദനതലങ്ങളുണ്ടായിരുന്നു. ഇന്നും അങ്ങനെ തന്നെ. ഒന്ന്, ആ ഗന്ധം ഭക്ഷ്യവസ്തു കൃഷി ചെയ്തെടുക്കുന്ന മഹത്തായ ജീവിതധർമ്മവുമായി ബന്ധപ്പെട്ടാണ്. അത് സുഗന്ധമാണ്. കർഷകന് അതിഷ്ടമാണ്. അവനു ചെളിയിലിറങ്ങാൻ അറപ്പില്ല. വെറുപ്പില്ല. അതിന്റെ പേരിൽ ആരെല്ലാം അകറ്റി നിർത്തിയാലും അവരോടും അവനു വെറുപ്പില്ല. അവൻ പ്രഭാതം മുതൽ പ്രദോഷം വരെ പാടത്തെ ചെളിയിലായിരുന്നു. അന്തിയോളം പണിയെടുത്തു അവശനായി കൂരയിലെത്തുന്ന അവൻ, വാസനസോപ്പു തേച്ചു ചൂടുവെള്ളത്തിൽ കുളിച്ചു വൃത്തിയുള്ള കിടക്കയിൽ കിടന്നുറങ്ങുകയായിരുന്നില്ല. അവൻ കുളിക്കുക പോലും വല്ലകാലത്തുമായിരുന്നു. അതുമായി ബന്ധപ്പെട്ടു ഒരു ഫലിതം വരെ കേട്ടിട്ടുണ്ട്. ഒരുദിവസം വിശേഷിച്ചു ഒരു കുളിപാസ്സാക്കിയ കൃഷീവലന് പനിപിടിച്ചു. ഒരാഴ്ച കുളിർന്നു വിറച്ചു കിടന്ന ആ പാവം ഇങ്ങനെ അത്ഭുതപ്പെട്ടു. “ആണ്ടും കൊല്ലോമെത്തി ഏനൊന്നു കുളിച്ചപ്പോൾ ഇങ്ങനെയാണെങ്കിൽ ‘തെവ്തോം തെവ്തോം കുളിക്കണ തംബ്രാന്മാര്’എങ്ങനെ സഹിക്കുന്നു?” അങ്ങനെ വല്ലകാലത്തും കുളിച്ചിരുന്ന അവനു ചെളിമണം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അടയാളമായിരുന്നു. രണ്ടാമത്തെ തലം ‘തെവ്തോം തെവ്തോം കുളിക്കണ തമ്പ്രാന്മാരു’ടേതായിരുന്നു. രാവിലെ കുളിച്ചു, വൃത്തിയുള്ള വസ്ത്രം ധരിച്ചു ഹവിർഗന്ധത്തിൽ ക്ഷേത്രദർശനം നടത്തി സ്വാദിഷ്ടമായി ഭക്ഷണം കഴിച്ചു സുഖജീവിതം നയിച്ചിരുന്ന അവർക്ക് ചെളിമണം അസഹ്യമായ ദുർഗന്ധമായിരുന്നു. അവരതിനെ വെറുത്തു. പാടത്ത് പണിയെടുക്കുന്ന അധഃകൃതൻ അടുത്ത് വരുമ്പോൾ അതേ ദുർഗന്ധം. രാവിലെ കുളിച്ചു, വൃത്തിയുള്ള വസ്ത്രം ധരിച്ചു നിൽക്കുന്ന ഒരാൾക്ക് പാടത്തെ ചെളി മണക്കുന്ന വൃത്തിഹീനനായ മറ്റൊരാളെ അടുത്ത് നിർത്താൻ കഴിയില്ല. “അഭ്യക്തനെസ്നാതൻ, അസ്തശൌചം നില്പോനെ നല്ല ശുചി” എന്ന് ശാകുന്തളം വിവർത്തനത്തിൽ പറയുന്നതുപോലെ, വൃത്തിയായി നിൽക്കുന്നവർ വൃത്തിയില്ലാത്തവരെ അവജ്ഞയോടെ ആട്ടിയകറ്റി. അടുത്ത് വന്നാൽ ചർദ്ദിക്കും. അതിനാൽ അശുദ്ധത്തെ അവർ അകറ്റി നിർത്തി. ഈ അശുദ്ധം തന്നെ പാമരഭാഷയിൽ അയിത്തമായി. ഈ രണ്ടു തലങ്ങളെയും പരിഗണിക്കുന്നതുകൊണ്ടാണ് പരിഷ്കൃതകാലത്തെ ‘വലിയ വലിയ’ ആളുകൾ കാലിൽ ഷൂസും കയ്യിൽ ഗ്ലൌസും ധരിച്ചു പാടത്തെ ചെളിയില് ഇറങ്ങുന്നത്. അവർ പാടത്തെ ചെളിയെ ആദരിക്കുന്നു, പക്ഷെ, അശുദ്ധി വരാൻ ആഗ്രഹിക്കുന്നില്ല.

നായർ പ്രമാണിയുമായുള്ള വഴക്കിലേക്ക് വരാം. ആദ്യം കയറിയത് നായരാണ്. അദ്ദേഹം പകുതി എത്തിയപ്പോഴാണ് മറുഭാഗത്തു നിന്ന് കൃഷ്ണൻ കയറുന്നത്. ന്യായം നായരുടെ ഭാഗത്താണ്. നിയമം വെച്ചാണെങ്കിൽ അധഃകൃതനായ കൃഷ്ണൻ ഇറങ്ങി മാറിക്കൊടുക്കണം. കൃഷ്ണൻ ഇറങ്ങാൻ കൂട്ടാക്കിയില്ല. പാലത്തിലൂടെ നായരുടെ മുമ്പിലേക്ക് നടന്നടുക്കുകയാണ്. കൃഷ്ണൻ ഒരു വശം ചേർന്ന് ഒതുങ്ങി നടക്കുകയാണ്. നായർക്കു പോകാൻ സ്ഥലമുണ്ടല്ലോ എന്ന ഭാവത്തിൽ. നായർക്ക് കടന്നു പോകാൻ സ്ഥലം വേണ്ടതിലേറെ വിട്ടുകൊടുത്തിട്ടും നായർ പോകുന്നില്ല. “ആരാ ഈ ഏഭ്യൻ? വഷളൻ? അവനെ അടിച്ചോടിച്ചു ചാണകം തളിച്ച് ശുദ്ധിയാക്കാതെ നോം എങ്ങിന്യാ പാലം കടക്ക്വാ?” എന്നൊക്കെ ചോദിച്ചു അയിത്തം ഭയന്നു ഉറക്കെ അലറാനും നിലവിളിക്കാനും തുടങ്ങി. കൃഷ്ണന് കുലുക്കമില്ല. പിന്തിരിയില്ല. വാശി പിടിച്ചു നിൽക്കുകയാണ്. നായരുടെ വീടിന്റെ പടിക്കൽ കൂടിയാണ് പെരുവഴി പോകുന്നത്. കൃഷ്ണന് അനുവദിക്കപ്പെട്ട നടവഴി അതല്ല. തലചുറ്റി മൂക്ക് തൊടുന്ന തരം ‘പുലയാസ് റോഡുകളുണ്ട്!’ അല്ലെങ്കിൽ പ്രത്യേക ഊടുവഴികളുണ്ട്. അതിലെ പൊയ്ക്കൊള്ളണം. പക്ഷേ, നായരുടെ വീടിന്റെ പടിക്കൽ കൂടിയുള്ള പൊതുവഴിയേ മാത്രമേ കൃഷ്ണൻ നടക്കൂ. സ്ഥിരം അതാണ്‌ പണി. നായർക്കു ശുണ്ടി വരും. നായർ കാണാൻ വേണ്ടി കൃഷ്ണൻ നിരോധിതപാതയിൽ ചുറ്റിപ്പറ്റി നില്ക്കും. നായർ തല്ലാൻ ഓടിച്ചിടും. കൃഷ്ണൻ ഓടും. അത് പതിവാണ്. ഇത്തവണ കളി പാലത്തിന്റെ നടുക്ക് വച്ചാണ്. തോൽക്കാൻ രണ്ടുകൂട്ടരും തയ്യാറല്ല. മറുവശത്ത് നായരും വാശിയിലാണ്. അവർണ്ണന്റെ മുന്നിൽ തോറ്റ് കൂടാ. ഒരിക്കൽ തോറ്റാൽ പിന്നെ എക്കാലവും അവർണ്ണനു മുന്നിൽ തോറ്റുകൊടുക്കേണ്ടിവരും. അതാകട്ടെ, ഒരു ഒറ്റപ്പെട്ട തോൽവിയാവില്ല. ഒരു വ്യവസ്ഥയുടെ തന്നെ തോൽവിയാകും. (അധികം വൈകാതെ ആ തോൽവി സംഭവിക്കുകയും ചെയ്തു 1936-ൽ ക്ഷേത്രപ്രവേശന വിളംബരമുണ്ടായി.) കൃഷ്ണൻ കയറിൽ ബലമായി പിടിച്ചു ഒരറ്റത്ത് നിന്നു. മറ്റേ അറ്റത്ത് നായരുടെ അവസ്ഥ പരിതാപകരമായി. ‘ആരാ, ഈ എഭ്യനെ അടിച്ചു കൊല്ലുകാ?’ എന്നും മറ്റും അലറി വിളിച്ചത് കേട്ട് നായർ സിൽബന്തികൾ ഓടിക്കൂടി. അവർ രണ്ടും കല്പിച്ചു കൂട്ടത്തോടെ പാലം കയറി വന്നു. ഒടുവിൽ വേലുപൂജാരി വിവരമറിഞ്ഞ് ഓടി വന്നു കൃഷ്ണനെ പാലത്തിൽ നിന്നു എടുത്തു ഇറക്കി, എന്നാണു കഥ.

കൃഷ്ണൻ, പക്ഷെ, സ്വന്തവിശ്വാസപ്രമാണത്തിന്റെ പാലത്തിൽ നിന്ന് മരണം വരെ ഇറങ്ങി മാറിയില്ല. 1936-ൽ ക്ഷേത്രപ്രവേശന വിളംബരമുണ്ടായി. അതോടെ അവിടത്തെ പൊതുവഴികൾ മോചിപ്പിക്കപ്പെട്ടു. എങ്കിലും കൊച്ചീരാജാവിനു ബുദ്ധി തെളിയാൻ പിന്നെയും 10 വർഷമെടുത്തു. കാലം കടന്നുപോയി. സ്വാതന്ത്ര്യം കൈവന്നു. ജനാധിപത്യം നാട്ടിലേക്കിറങ്ങി. പാലം സംഭവത്തിലെ കൃഷ്ണന്റെ പ്രതിയോഗി നായർ പ്രമാണി ആൾ ആകെ മാറി. കാലത്തിനനുസരിച്ച് ഖദറുടുത്തു കോൺഗ്രസ്സായി. കുറച്ചുനാൾ കൂടി കഴിഞ്ഞപ്പോൾ നായർ പിന്നെയും മാറി. മാറേണ്ടിവന്നു. അദ്ദേഹത്തിന്റെ മകൾ ഒരു ഈഴവ കാമുകനുമായി ഒളിച്ചോടി രജിസ്റ്റർ വിവാഹം ചെയ്തു. ആദ്യം ഞെട്ടിയെങ്കിലും പിന്നെ അയാൾ പ്രഖ്യാപിച്ചു. ഖദർ ധരിച്ച ഞാൻ ആദർശധീരനുമാണ്. ജാതിഭേദം അനാവശ്യം. ഇനിയെനിക്ക് ജാതി വ്യത്യാസമില്ല.