close
Sayahna Sayahna
Search

തിരുവനന്തപുരം ജില്ലാ സ്ഥലചരിത്രം


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വാലത്തിന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ കാലഘട്ടത്തിലെ കൃതിയാണ്. തിരുവനന്തപുരം ജില്ലാ സ്ഥലചരിത്രം. ഗർഭത്തിലിരിക്കെ ചത്തുപോയെങ്കിലും ഒരു കാവ്യനീതിയുടെ ഫലമെന്നോണം ജീവനോടെ ജനിച്ച ശിശു. ഇത് എഴുതപ്പെട്ടത് 1998-ലാണ്.

1991-ൽ എറണാകുളം ജില്ല എഴുതിയതിനു ശേഷം 1998-ലാണ് അടുത്ത ഗ്രന്ഥമായ തിരുവനന്തപുരം ജില്ല എഴുതുന്നത്‌. ഇവിടെ ആറേഴു കൊല്ലത്തെ ഇടവേള കാണുന്നുണ്ട്.

1991-ൽ ഏറണാകുളം ജില്ലാ സ്ഥലച്ചരിത്രം പ്രസിദ്ധീകരിച്ചപ്പോൾ ആമുഖത്തിൽ വാലത്ത് ഇങ്ങനെ എഴുതി.

‘1977 മുതൽ 1987 വരെയുള്ള അക്കാദമി നിർവ്വാഹക സമിതിയുടെ സഹകരണമില്ലായിരുന്നെങ്കിൽ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളുടെ ചരിത്ര ഗ്രന്ഥങ്ങൾ വെളിച്ചം കാണുമായിരുന്നില്ല. ആകയാൽ ആ കാലഘട്ടത്തിലെ അക്കാദമി നിവാഹക സമിതിഅംഗങ്ങളായിരുന്ന പവനൻ, എസ്. ഗുപ്തൻ നായർ, സി. പി. ശ്രീധരൻ, ഡോ. സുകുമാർ അഴീക്കോട്‌, തകഴി, പി. സി. കുട്ടികൃഷ്ണൻ, ഡോ. കെ. എം. ജോർജ്, ഡോ. എം. ലീലാവതി, കെ. എം. തരകൻ, എം. കെ. മാധവൻ നായർ, എന്നിവർക്കും പുറമേ നിന്ന് പ്രോൽസാഹനങ്ങൾ തന്ന പ്രൊഫ. എൻ. കൃഷ്ണപിള്ള, സി. അച്യുതമേനോൻ, ഡോ. പുതുശ്ശേരിരാമചന്ദ്രൻ, ഡോ. ചുമ്മാർചൂണ്ടൽ, എന്നിവർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.’

തുടർന്ന് തിരുവനന്തപുരം ജില്ലാ രചനയ്ക്കായിരുന്നു ആഗ്രഹം. അതിനു തിരുവനന്തപുരത്ത് പോയി കുറെനാൾ താമസിക്കണം. അവിടെയുള്ള ആർക്കൈവ്സ് തുടങ്ങിയ പുരാരേഖാ കേന്ദ്രങ്ങളിലും പ്രധാന ലൈബ്രറികളിലും വേണ്ടത്രകാലം പഠനം നടത്തണം. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പഠനപര്യടനം സാധിക്കണം. ഗ്രന്ഥരചനയ്ക്ക് ഇതൊക്കെ ആവശ്യമായിരുന്നുതാനും. പുറത്തു നിന്നുള്ള ധനസഹായം കൊണ്ടല്ലാതെ ഈ യത്നം നിറവേറ്റുക പ്രയാസമായിരുന്നു. 1987-ൽ മാറിവന്ന നിർവ്വാഹക സമിതിയിൽ നിന്ന് പതിവുപോലെ സ്കോളർഷിപ്പോ, ധനസഹായമോ കിട്ടുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല.

ഇതിനു അവതാരികയെഴുതിയ മഹാപണ്ഡിതനും അതിലേറെ മഹാമനസ്കനുമായ പത്മശ്രീ ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ മുൻപിൽ ഞാൻ വിനയപൂർവം തലകുനിക്കുന്നു. കേരളത്തിലെ സ്ഥലചരിത്രങ്ങൾ എന്ന പരമ്പരയിലെ ‘ഒരുപക്ഷെ അവസാനത്തെ കൃതിയായേക്കാവുന്ന ഈ ഗ്രന്ഥത്തെ’യും സഹൃദയലോകം സർവാത്മനാ സ്വീകരിക്കുമെന്നു പ്രത്യാശിക്കുന്നു.’

1991-നു ശേഷം തിരുവനന്തപുരം ജില്ലയെക്കുറിച്ച് ഗവേഷണം ആരംഭിക്കേണ്ട സമയമായപ്പോൾ പുതുതായി വന്ന അക്കാദമി സെക്രട്ടറി, ആദ്യം ജോലി ആരംഭിച്ചോളൂ അക്കാദമിയുടെ അനുവാദവും സ്കോളർഷിപ്പും പിന്നാലെ വരും, എന്നു പറഞ്ഞതനുസരിച്ചു വാലത്ത് തയ്യാറെടുപ്പുകൾ ആരംഭിച്ചു. എന്നാൽ, താമസിയാതെ, അദ്ദേഹത്തിന് വാഗ്ദാനം പിൻവലിക്കേണ്ടിവന്നു. കൊടുത്തയാൾക്കു തന്നെ വീണ്ടും വീണ്ടും സ്കോളർഷിപ്പ്‌ കൊടുക്കാനാവില്ലെന്നു പറഞ്ഞ് അദ്ദേഹം അക്കാദമി വഴിയുള്ള ഗവേഷണം തടഞ്ഞു. തൃശൂർ, പാലക്കാട്, എറണാകുളം എന്നീ ജില്ലാസ്ഥലചരിത്രങ്ങൾ പുറത്തുവന്ന ഘട്ടത്തിൽ ഈ വിഷയത്തിൽ വാലത്തിന്റെ അദ്ധ്വാനത്തെ അംഗീകരിച്ചുകൊണ്ടും, മറ്റാരും ഈ മേഖലയിൽ കടന്നുവരാത്തതു കൊണ്ടും വാലത്ത് തന്നെ ഈ പ്രവർത്തനവുമായി മുന്നോട്ട് പോകണമെന്ന് കേരളത്തിലെ പണ്ഡിതരും സാംസ്കാരിക നായകൻമാരും വിവിധ സന്ദർഭങ്ങളിൽ പ്രസ്താവിച്ചിരുന്നു. ഇതായിരുന്നു വാലത്തിന്റെ ധാർമ്മിക പിൻബലം. എന്നാൽ, ഡോ. എസ്. ഗുപ്തൻനായരും, പി. ടി. ഭാസ്കരപ്പണിക്കരും ഡോ. കെ. എൻ. എഴുത്തച്ഛനും, ഡോ. പി. വി. കൃഷ്ണൻനായരും മറ്റനേകം പേരും, വാലത്തിന് കൂടുതൽവലിയ പ്രോജക്‍റ്റ് നൽകണമെന്ന് വ്യക്‍തമായി എഴുതിവച്ചതൊന്നും കമ്മിറ്റി പരിഗണിച്ചില്ല.

നീതിക്കു വേണ്ടി വാലത്ത് അന്നത്തെ അക്കാദമി പ്രസിഡന്റിനെ സമീപിച്ചു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് വാലത്ത് ഒരു പത്തു തവണ പോയിക്കാണും. ഒരു തവണയെങ്കിലും നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല, കമ്മിറ്റി വരട്ടെ, അടുത്ത കമ്മിറ്റിയിൽ പറയാം എന്നൊക്കെ കത്തുകൾക്ക് അദ്ദേഹത്തിന്റെ മറുപടി വരും അത്രതന്നെ. നിർഭാഗ്യവശാൽ അദ്ദേഹത്തിനും സഹായിക്കാൻ കഴിഞ്ഞില്ല. പിന്നീട് അന്നത്തെ സാംസ്കാരിക വകുപ്പു മന്ത്രി ടി. കെ. രാമകൃഷ്ണണനെ കണ്ട് വിവരം പറഞ്ഞു. ടി. കെ. യുടെ പ്രതികരണം കൂട്ടിവായിച്ചപ്പോൾ സംശയാസ്പദമായ ഒരു ഐകരൂപ്യം എല്ലാവരുടെയും വാക്കുകളിൽ വാലത്ത് തിരിച്ചറിഞ്ഞു. അക്കാദമിക്ക് വേണ്ടി മൂന്നു ജില്ലാചരിത്രം എഴുതിയ ആൾ എന്ന പരിഗണന ഇനി തനിക്കു ലഭിക്കില്ല എന്ന യാഥാർത്ഥ്യം അദ്ദേഹത്തിന് ബോദ്ധ്യമായി.

സർവ്വകലാശാലയുടെ പടി പോലും കണ്ടിട്ടില്ലാത്ത, ശാസ്ത്രീയ ഗവേഷണം എന്തെന്നറിയാത്ത വി. വി. കെ. വാലത്ത് ചരിത്ര രചന പരമ്പരയായി തുടരുന്നതിൽ അസഹിഷ്ണുത വളരെ വലുതായിരുന്നു. ഒരു സ്ഥലത്തെ ചരിത്രം വാലത്ത് എഴുതുന്നത്‌ ആദ്യം സ്ഥല സന്ദർശനം നടത്തിയ ശേഷം മാത്രമായിരുന്നു. വാലത്ത് കേരളത്തിൽ നടന്ന് കണ്ട അത്രയും സ്ഥലങ്ങൾ മറ്റൊരു ചരിത്രകാരനും കണ്ടിട്ടില്ല. ഇനി കാണാൻ സാദ്ധ്യതയുമില്ല. അതുകൊണ്ടാണ് പ്രൊഫ. എസ്. ഗുപ്തൻ നായർ “അദ്ദേഹം കാൽനടയായി പോയി കാണാത്ത പ്രദേശങ്ങൾ കുറയും. ഫുള്ളാർഡും, ബുക്കാനനും, ലോഗനും വെവ്വേറേ കണ്ടിട്ടുള്ളത്ര വാലത്ത് ഒറ്റയ്ക്കുകണ്ടിട്ടുണ്ടാകും” എന്ന് എഴുതിയത്. തന്റെ ആയുസ്സും ആരോഗ്യവും അനുവദിക്കുന്ന അത്രയും നാൾ ചരിത്രപഠനം നടത്തണം എന്ന് മോഹിച്ചു അക്കാദമിയുടെ പുറകെ നടന്ന്, വർഷങ്ങൾ അഞ്ചു പാഴായി.

ശുഭകാംക്ഷികൾ എന്ന് വിശ്വസിച്ച ആളുകൾ കൈവിട്ടതിന്റെ ദു:ഖം വലുതായിരുന്നു. അതുവരെ കാണാതിരുന്ന തന്റെ കുടുംബത്തിലേക്ക് ആദ്യമായി വാലത്ത് നോക്കി. ആ കുടുംബത്തിന്റെ പിന്തുണയിൽ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്തിന്റെ പഠനം സ്വന്തമായി തുടങ്ങി. പൂർത്തീകരിച്ചു. പുതിയ അക്കാദമി ഭരണസമിതി അധികാരമേറ്റപ്പോൾ സെക്രട്ടറി എം. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ അക്കാദമി തിരുവനന്തപുരം പ്രോജക്റ്റ് ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു. അതിന്റെ തുടർച്ചയായി കോഴിക്കോട് ജില്ലാ സ്ഥലചരിത്രമെഴുതാനുള്ള പ്രോജക്‍റ്റും നൽകി.

അങ്ങനെയിരിക്കെ, അസംബ്ലി തെരഞ്ഞെടുപ്പു വന്നു. ടി. കെ. രാമകൃഷ്ണൻ തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർഥിയാണ്. ചേരാനല്ലൂർ തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്‌. മുമ്പൊക്കെ ടി. കെ. വന്നാൽ വാലത്തിന്റെ വീട്ടിൽ കയറാതെ പോവില്ല. സഖാവ് പപ്പൻ ചേട്ടനും ടി. കെ. യും വാലത്തിന്റെ ഭാര്യ കൃശോദരിയുടെ അടുത്ത ബന്ധുക്കളുമാണ്.

പക്ഷെ, അത്തവണ ടി. കെ. വാലത്തിനെ കാണാൻ വന്നില്ല. പകരക്കാരനായ് എം. എം. ലോറൻസ് വാലത്തിന്റെ വീട്ടിലെത്തി. ലോറൻസിന്റെ സഹോദരൻ, കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന എബ്രഹാം മാടമാക്കലും ലോറൻസും ഒരുപോലെ വാലത്തിന്റെ സുഹൃത്തുക്കളായിരുന്നു. ലോറൻസിന്റെ കൂടെ ചേരാനലൂർ സി. പി. ഐ. ലോക്കൽ സെക്രട്ടറിയും വന്നിരുന്നു. ഈ സമാഗമത്തിന് ഗ്രന്ഥകാരൻ ദൃൿസാക്ഷിയാണ്. (ഞാനാണ് അതിഥികൾക്ക് ചായ കൊടുത്തത്!) സ്വീകരണവും ചായകുടിയും ഒക്കെ കഴിഞ്ഞു. നാട്ടുവർത്തമാനവും പറഞ്ഞു കഴിഞ്ഞു. ലോറൻസ് തെരഞ്ഞെടുപ്പു സംബന്ധമായി ഒന്നും പറയുന്നില്ല. വാലത്തും ഒന്നും പറയുന്നില്ല. തികഞ്ഞ നിശ്ശബ്ദത. ഒരു മണിക്കൂർ അങ്ങനെ നിശ്ശബ്ദരായി അവർ അഭിമുഖം ഇരുന്നു. വാലത്തിന്റെ മനസ്സിൽ ഒരു അഗ്നി പർവതം പുകയുന്നു എന്ന് ലോറൻസ് ഗ്രഹിച്ചു. തന്റെ ഒരു വാക്കുമതി, അത് പൊട്ടിത്തെറിക്കാൻ. ഏറെ നേരം ഇരുന്നു, ഒടുവിൽ ലോറൻസ് പോകാൻ എഴുന്നേറ്റു.

‘എന്നാൽ, വരട്ടെ?’

‘ശരി. ’

വാലത്ത് ഹസ്തദാനം ചെയ്തു. തികച്ചും യാന്ത്രികം. മഞ്ഞുരുകാൻ തുടങ്ങിയോ? ലോറൻസ് ചവിട്ടുകല്ലിൽ നിന്നു. എന്നിട്ട് മുഖത്ത് നോക്കാതെ പറഞ്ഞു. ‘വാലത്തിനു എന്തോ പരിഭവം ഉണ്ടെന്നു ടി. കെ. പറഞ്ഞു. ’മറുപടി കിട്ടാഞ്ഞിട്ടാകണം ലോറൻസ് തുടർന്നു. “ഇത്തവണ അൽപ്പം ബുദ്ധിമുട്ടാണ്.” വാലത്ത് വ്യക്തമായി പറഞ്ഞു. “പരിഭവം ഉണ്ടെങ്കിൽ തന്നെ അതൊന്നും ഇലക്ഷനെ ബാധിക്കില്ല. ലോറൻസ് ഒന്നുകൊണ്ടും വിഷമിക്കേണ്ട. ടി. കെ. തന്നെ ജയിക്കും…” ലോറൻസ് നിശ്ശബ്ദനായി ഇറങ്ങിപ്പോയി. വാലത്തും ടി. കെ. യും തമ്മിലുള്ള പ്രശ്നം അവർ നേരിട്ട് തീർക്കേണ്ടിയിരുന്നു എന്നു് അദ്ദേഹത്തിന് തോന്നിയോ, എന്തോ.

പിന്നീട്, വർഷങ്ങൾക്കു ശേഷം ഒരിക്കൽ ടി. കെ. രാമകൃഷ്ണൻ പോലീസ് അകമ്പടിയോടെ വാലത്തിന്റെ വീട്ടിൽ നേരിട്ട് എത്തി. എസ്കോർട്ട് പോലീസിനെ കണ്ടിട്ടാവാം, ആരും കുശലമൊന്നും പറഞ്ഞില്ല. ഇരുപതു മിനിട്ടോളം നിശ്ശബ്ദനായി കസേരയിൽ ഇരുന്നു. വാലത്തിന്റെ ഭാര്യ കൃശോദരിട്ടീച്ചർ ഒരു ഗ്ലാസ്‌ നാരങ്ങാവെള്ളം കൊടുത്തു. പോകാൻ നേരം ടി. കെ. ചോദിച്ചു. “എന്തായിരുന്നു?”

“പ്രത്യേകിച്ച് …ഒന്നുമുണ്ടായില്ല.” ടീച്ചർ കണ്ണ് തുടച്ചു.

* * *


വീട്ടപ്പെടാത്ത കടം വീട്ടാൻ പിന്നീട് ഒരവസരം ലഭിച്ചേക്കില്ല, എന്ന്, ടി. കെ. ചിന്തിച്ചുവോ, എന്തോ.