close
Sayahna Sayahna
Search

ജന്മനാടിന്റെ ആദരം


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഒടുവിൽ ജന്മനാട് വാലത്ത് മാഷിനു പൌരസ്വീകരണം നൽകി. 1997 ഫെബ്രു. 2-ന് വാലത്ത് മാഷിനു പൌരസ്വീകരണം നൽകുന്നു, എന്ന വാർത്ത വലിയ ആഘോഷത്തോടെയാണ് ഗ്രാമവാസികൾ ഏറ്റെടുത്തത്. ചേരാനല്ലൂർ ഗ്രാമപഞ്ചായത്തും. പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാലയും സംയുക്തമായി എല്ലാവിധ ഒരുക്കങ്ങളും നടത്തി. ചേരാനല്ലൂർ എൻ. ബി. എഫ്. ഹാളായിരുന്നു സമ്മേളന വേദി.

വൈകിട്ട് സമ്മേളനം നടക്കുന്ന ചേരാനല്ലൂർ എൻ. ബി. എഫ്. ഹാളിലേക്ക് ഗ്രാമവാസികൾ നേരത്തെ എത്തിതുടങ്ങി. പഞ്ചായത്തിന്റെയും വായനശാലയുടെയും അലങ്കരിച്ച വാഹനങ്ങൾ വാലത്ത് മാഷിന്റെ വീട്ടിലെത്തി. സ്വീകരണ യോഗത്തിൽ പ്രസംഗിക്കാൻ തൃശ്ശൂരിൽ നിന്ന് വന്ന പവനൻ, സമ്മേളന സ്ഥലത്തേയ്ക്ക് പോകുന്ന വഴി 3 മണിക്ക് വാലത്തിന്റെ വീട്ടിൽ വന്നു. അവടെനിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള സമ്മേളനവേദിയിലേക്ക് പുഷ്പാലംകൃതമായ തുറന്ന വാഹനത്തിൽ വാലത്ത് മാഷിനെ ഇരുത്തി, ഇരുവശത്തും രണ്ടു സുഹൃത്തുക്കളും ഇരുന്നു. 4 മണിക്ക് തുറന്ന വാഹനത്തിലിരുത്തി ബാന്റ് മേളത്തോടെ യാത്ര ആരംഭിച്ചു. അത്തരം പരസ്യമായ പ്രചരണങ്ങളുടെ പരിഹാസ്യതകളോട് ജീവിതകാലം മുഴുവൻ പോരടിച്ച വാലത്ത്, ആ യാത്രയിൽ ഏറെ സന്തുഷ്ടനായി കാണപ്പെട്ടു. ഒരു പക്ഷെ, തീർത്തും അനാവശ്യമെന്ന് തോന്നാമെങ്കിലും ഒരു നാട്ടിലെ ഏതാണ്ട് മുഴുവൻ ജനങ്ങളും ആഘോഷമായി നടത്തിയ ആ അനുമോദനം തന്റെ ദീർഘകാലത്തെ കഠിനപ്രയത്നങ്ങൾക്കുള്ള നന്ദി പ്രകടനമായി അദ്ദേഹം കരുതിയിരിക്കാം. അലങ്കരിച്ച വാഹനം മെല്ലെ നീങ്ങുമ്പോൾ സ്ഥലത്തെ മൂന്നു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികളും അദ്ധ്യാപകരും റോഡിനിരുവശവും നിരന്നു നിന്നു പുഷ്പങ്ങൾ ചൊരിഞ്ഞു. ഏറെക്കാലം നിരീശ്വരനും കമ്മ്യൂണിസ്റ്റും ജനവിരുദ്ധനും ഒക്കെയായി ഗ്രാമം മുദ്രകുത്തിയ ഒരു വ്യക്തി പിൽക്കാലത്ത് ഇത്രയധികം മാനിക്കപ്പെട്ടു എന്നത് ആ വ്യക്തിത്വത്തിന് ലഭിച്ച അംഗീകാരമായി കരുതാം. ചടങ്ങുകൾ ആരംഭിച്ചു…പ്ലയിസ് നെയിം സൊസൈറ്റി പ്രസിഡന്റ് പുതുശ്ശേരി രാമചന്ദ്രന്റെയും സെക്രട്ടറി കെ. എം. ലെനിന്റെയും ആശംസകൾ വായിച്ചു. തുടർന്ന് പുരസ്കാരവും പ്രശംസാപത്രവും ഫലകവും സമ്മാനിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ടവ്യക്തികൾ ആശംസകൾ നേർന്നു. ഗ്രാമ പഞ്ചായത്ത് വാലംകരയിലെ തറവാട് വീട്ടിലേക്കുള്ള റോഡിനു അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ‘വി. വി. കെ. വാലത്ത് റോഡ്‌’ എന്ന് പേരിട്ടു. സമ്മേളനവാർത്ത ദൂരദർശൻ മലയാളം ചാനലും ആകാശവാണി വിവിധ നിലയങ്ങളും റിപ്പോർട്ട് ചെയ്തു. എല്ലാ മലയാള ദിനപത്രങ്ങളിലും പിറ്റേന്ന് വാർത്ത പ്രസിദ്ധീകരിച്ചു. വാലത്ത് എന്ന വ്യക്തി അപ്പോൾ മാത്രം അന്ധകാരത്തിൽ നിന്ന് വെളിച്ചത്തേയ്ക്ക് വന്നത് പോലെ!

സത്യത്തിൽ വാലത്തിന്റെ സാഹിത്യയാത്ര അന്ധകാരത്തിലൂടെയായിരുന്നു. അദ്ദേഹം ദ്രുതഗതിയിൽ യാത്ര ചെയ്തിരുന്നത് ആരും കണ്ടില്ല. മറ്റുള്ളവർ തന്റെ ഓരോ നീക്കങ്ങളും അറിയണമെന്നോ, അടയാളപ്പെടുത്തണമെന്നോ വാലത്തിനു നിർബന്ധമില്ലായിരുന്നു. വാലത്തിന്റെ ചുവടുകൾ തന്റേതു മാത്രമായിരുന്നു. തന്റെ ഓരോ എളിയ സാഹിത്യ സൃഷ്ടിയുമായി വാലത്ത് നിഷ്കളങ്കമായ പുഞ്ചിരിയോടെ നിന്നു. വളരെ കുറച്ചു പേർ മാത്രം അത് കണ്ടു. അധികം പേരും കണ്ടില്ല. ചിലർ കണ്ടില്ലെന്നു നടിച്ചു. ചിലർ വഴിമുടക്കി നിന്നു. വാലത്ത് ആരോടും കലഹിച്ചതായി അറിവില്ല. ഒഴിഞ്ഞു മാറിയിട്ടേയുള്ളൂ. അതുകൊണ്ട് വാലത്ത് ആരുടെ മുന്നിലും തോറ്റിട്ടില്ല. തല കുനിച്ചിട്ടില്ല. പദ്യകവിതയുടെ കൂടെ കുറെ നടന്നു. പിന്നെ ഗദ്യകവിതയുടെ കൂടെ പോയി. അവിടുന്ന് കവിത തുളുമ്പുന്ന ഗദ്യവുമായി ഋഗ്വേദത്തിലൂടെ കടന്നുപോയി. തുടർന്നു് സ്ഥലനാമ ഗവേഷണത്തിൽ നിലയുറപ്പിച്ചു. അങ്ങനെ കവിയായ ചരിത്രകാരൻ ചരിതകാരനായ കവിയുമായി.