close
Sayahna Sayahna
Search

നിരൂപകൻ


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പത്തു കൊല്ലത്തോളം ‘മലയാളരാജ്യം’ ചിത്രവാരികയുടെ (കൊല്ലം) പുസ്തകനിരൂപകനായി. ആ കാലഘട്ടം വാലത്ത് എന്ന മനുഷ്യനിലെ വ്യക്തിയേയും വ്യക്തിയിലെ മനുഷ്യനേയും പുനർനിർമ്മിച്ചു. മലയാള സാഹിത്യത്തിൽ മൌലികമായും വിവർത്തനമായും അന്ന് പ്രസാധനം ചെയ്യപ്പെട്ട ഒട്ടുമിക്ക മലയാള ഗ്രന്ഥങ്ങളും ‘മലയാളരാജ്യം’ വാരികയിൽ വാലത്തിന്റെ ‘വായനശാലയിൽ’ പംക്തിയിലൂടെ നിരൂപണം ചെയ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയുള്ള ആ നിരൂപണങ്ങൾ വായനക്കാർക്ക് വളരെ പ്രിയപ്പെട്ട വായനാനുഭവം തന്നെയായിരുന്നു. എത്ര ഉന്നത വ്യക്തിയുടെ രചന ആയാലും ഖണ്ഡനവിമർശനത്തിന്റെ ചൂരൽപ്രഹരം എൽപ്പിക്കുന്നതിൽ അദ്ദേഹത്തിന് ഒരു ഭയവും തോന്നിയിട്ടില്ല. എന്തെന്നാൽ അവയൊന്നും ഉപരിപ്ലവമായ എത്തിനോട്ടങ്ങളായിരുന്നില്ല. നിരൂപണം ചെയ്യേണ്ട കൃതി പക്ഷപാതരഹിതമായ വായനയ്ക്കും രണ്ടാം വായനയ്ക്കും ശേഷം പ്രകൃതവിഷയതിൽ മുൻവിധികൾ കൂടാതെ അനുബന്ധവായനയും കഴിഞ്ഞേ വാലത്ത് നിഗമനങ്ങളിൽ എത്തുകയുള്ളൂ. താൻ എത്തിച്ചേർന്ന നിഗമനങ്ങളിൽ പൂർണ്ണവിശ്വാസം ഉണ്ടായിരുന്നതിനാൽ നിരൂപണം ധീരമായിരുന്നു.

ഏറെയും ഗദ്യഗ്രന്ഥങ്ങൾ പഠനം നടത്തിയത് വഴി വാലത്തിൽ താനറിയാതെ ഒരു പക്വത രൂപപ്പെട്ടു എന്നതാണ് പത്തു വർഷക്കാലത്തെ നിരൂപണം കൊണ്ടുണ്ടായ പ്രധാനനേട്ടം. ഇക്കാലത്ത് തമിഴ് വായിക്കാനും പഠിച്ചു. മറുവശത്ത് ശത്രുക്കളുടെ ഒരു വലിയ നിര രൂപപ്പെട്ടുകഴിഞ്ഞു. മാധ്യമപംക്തിയുടെ മറവിലിരുന്നു കൊലകൊമ്പന്മാർക്കെതിരെ നടത്തിയ വിമർശനം പലപ്പോഴം കടുത്ത ഭാഷയിലുള്ള ഖണ്ഡനരൂപം കൈവരിച്ചതാണ്‌ ശത്രുസമ്പാദനതിനു കാരണം. മലയാളരാജ്യം വാരികയുടെ സുവർണ്ണ കാലം അസ്തമിച്ചപ്പോൾ വാലത്തിന്റെ നിരൂപകജീവിതവും അവസാനിച്ചു. അതിനുശേഷം സാഹിത്യരംഗത്ത്‌ ആരുമായും വലിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ വാലത്തിനു കഴിഞ്ഞില്ല. ഒറ്റയാൾ പോരാളിയായി മാറേണ്ടി വന്നു. അതാണ്‌ വാലത്ത് ഇഷ്ടപ്പെട്ടതും. അവിടെ സ്വാതന്ത്ര്യമുണ്ട്. കൂട്ടുകെട്ടിന്റെ ബാദ്ധ്യതകളില്ല. എങ്കിലും മലയാളസാഹിത്യകാരന്മാരിൽ പ്രധാനപ്പെട്ട എല്ലാവരോടും അദ്ദേഹം പോസ്റ്റ്കാർഡു വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. അവരിൽ പലർക്കും വാലത്തിനോട് ബഹുമാനമായിരുന്നെന്നു കത്തിടപാടുകൾ പരിശോധിച്ചതിൽ നിന്ന് മനസ്സിലായി. സ്ഥാപിതതാല്പര്യങ്ങൾ ദുഷിപ്പിക്കാത്ത ഒരു സ്ഥിരോത്സാഹിയായ സാഹിത്യകാരൻ എന്ന നിലയിൽ അവർക്കെല്ലാം വാലത്ത് സുസമ്മതനായിരുന്നു.