ഓര്‍മ്മക്കുറിപ്പുകള്‍
← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും | |
---|---|
ഗ്രന്ഥകർത്താവ് | ഐൻസ്റ്റീൻ വാലത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2019 |
മാദ്ധ്യമം | ഡിജിറ്റൽ |
പുറങ്ങള്‍ | 200 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ടി. എം. ചുമ്മാർ, പ്രൊഫ. മാത്യു ഉലകംതറ, സി. പി. ശ്രീധരൻ എന്നിവർ വാലത്തിനെക്കുറിച്ചെഴുതിയ ലേഖനങ്ങളിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
അതിശയിപ്പിക്കുന്ന ശൈലീഭംഗി — ടി. എം. ചുമ്മാർ
“1938 മുതൽ വി. വി. കെ. വാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദീപിക, ദീപം, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി കവിതകളെഴുതിയിരുന്നു. പദ്യശാഖവിട്ട് ഗദ്യശാഖയിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ കവിതകളെപ്പററിയുള്ള ഓർമ്മ പലരിൽ നിന്നും വിട്ടുപോയിട്ടുണ്ടെന്നാണ് തോന്നുന്നത്. കാവ്യലോകത്തിൽ പ്രതിഷ്ഠ പ്രാപിച്ചിട്ടുള്ള പല കവികളെക്കാളും കാവ്യദേവത അക്കാലത്ത് അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നുവെന്നാണ് അവ വായിച്ചപ്പോൾ എനിക്കു തോന്നിയത്.
പാവങ്ങളുടേയും അസ്വതന്ത്രരുടേയും ഭാഗത്തു നിന്നു കൊണ്ടാണ് കവി പലപ്പോഴും പോരാടിയിരുന്നത്. അർത്ഥകൽപ്പന, അലങ്കാരചാതുരി, ആശയമഹത്വം, തുടങ്ങിയ കാര്യങ്ങളിൽ വാലത്തും ചങ്ങമ്പുഴയും തമ്മിൽ വളരെ സാദൃശ്യങ്ങളുണ്ടായിരുന്നു. രണ്ടുപേരിലും അതിശയിപ്പിക്കുന്ന ശൈലീഭംഗി കാണാമായിരുന്നു.
ശ്രീ വാലത്ത് കവിതാരംഗത്തു നിന്നു പിന്തിരിയാതിരുന്നെങ്കിൽ മലയാളത്തിലെ ഒരു പ്രശസ്തകവിയായി പേരെടുക്കുമായിരുന്നു, എന്നുള്ളതിൽ എനിക്കു സംശയമില്ല”.
നഷ്ടയശസ്സായിപ്പോയ ഒരു മഹാകവി.—പ്രൊഫ. മാത്യു ഉലകംതറ
ഗദ്യകവിതാകൃത്തും ഗവേഷകനുമായി അറിയപ്പെടുന്ന വി. വി. കെ. വാലത്ത് ഒരു കാലഘട്ടത്തിൽ ഉച്‍ഛൃംഖലനായിരുന്ന കവിയായിരുന്നു. 1938-39 കാലഘട്ടങ്ങളിലെ മാതൃഭൂമി, കേരളപത്രിക, നവജീവൻ, പൗരനാദം, മുതലായവയുടെ പഴയ ഏടുകളിൽ അൽപം ഗവേഷണം നടത്തിയപ്പോഴാണ് ജീവിച്ചിരിക്കെത്തന്നെ നഷ്ടയശസ്സായിപ്പോയ ഒരു മഹാകവിയുടെ തൂലികാവ്യാപാരം വെളിച്ചത്തുവന്നത്.
യശശ്ശരീരനായ ചങ്ങമ്പുഴയോടൊപ്പം ആ കാലഘട്ടത്തിന്റെ സവിശേഷശൈലിയിൽ ധാരാളം കവിതകൾ വാലത്ത് രചിച്ചിട്ടുണ്ട്. മിക്കവാറും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രഥമപക്ഷങ്ങളെത്തന്നെ അവ അലങ്കരിക്കുകയും ചെയ്തു.
അദ്ദേഹം തന്റെ സാഹിത്യസഞ്ചാരപഥം മാറാതെയിരുന്നെങ്കിൽ ചങ്ങമ്പുഴയ്ക്കൊപ്പം അറിയപ്പെടുന്ന ഒരു മലയാളകവിയാകുമായിരുന്നെന്നു അദ്ദേഹത്തിന്റെ കവിതകളോരോന്നും വിളിച്ചു പറയുന്നുണ്ട്.”
വാലത്തിന്റെ കവിതകൾക്ക് പലപ്പോഴും ലോകചരിത്രത്തിന്റെ ഒരു പശ്ചാത്തലം കാണാം. ‘മിന്നൽ വെളിച്ച’ത്തിലെ ‘പൊളിഞ്ഞ ഭൂപടം’, ‘ഇരുപതാം നൂറ്റാണ്ടിന്റെ വെളിച്ചം’, ‘ഹതഭാഗ്യരായ ജർമ്മൻ ജനതകൾ’, മുതലായ കവിതകൾ ഇതിനു തെളിവാണ്. ഫാസിസവും യുദ്ധകാംക്ഷയുമില്ലാത്ത ഒരു ലോകരാഷ്ട്രഭാവി അദ്ദേഹത്തിന്റെ കവിതകളിൽ വ്യക്തമായും അവ്യക്തമായും കാണാൻ കഴിയും.
ചങ്ങമ്പുഴയേയും ഇടപ്പള്ളിയേയും അപേക്ഷിച്ച് ആശാന്റെ കവിതകളിൽ വിഷാദാത്മകത്വം കുറവാകാൻ കാരണം, ഇടപ്പള്ളിയും ചങ്ങമ്പുഴയും സ്വാനുഭവങ്ങളിൽ നിന്ന് എഴുതിയപ്പോൾ ആശാൻ മനോനയനങ്ങൾ കൊണ്ട് ദർശിച്ചാണ് എഴുതിയിരുന്നത്, എന്ന തന്റെ നിരീക്ഷണം വാലത്ത്, ‘ജയകേരള’ത്തിൽ ‘ചങ്ങമ്പുഴ ജീവിക്കണം’ എന്ന ലേഖനത്തിലും ‘കേരളപത്രിക’യിൽ കേരളത്തിന്റെ യഥാർത്ഥശബ്ദം’ എന്ന ലേഖനത്തിലും വെളിപ്പെടുത്തി.
വാലത്തിന്റെ പ്രേമകവിതകൾ
“ചങ്ങമ്പുഴയുടേയും ഇടപ്പള്ളിയുടേയും ഗാനശൈലിയോട് വാലത്തിന്റെ രചനയ്ക്ക് ചില സാമ്യങ്ങളുണ്ട്. അത് ആ കാലഘട്ടത്തിന്റെ സവിശേഷതയിൽ നിന്നുണ്ടായതു മാത്രമാണ്. സൂക്ഷ്മ പരിശോധനയിൽ സ്വന്തം നാദമുള്ള ഒരു കവിയാണ് വാലത്ത് എന്ന് കാണാൻ വിഷമമില്ല. അദ്ദേഹത്തിന്റെ പ്രേമകവിതകൾക്ക് പോലും സ്വന്തമായ ഒരു ചുണയും തന്റേടവുമുണ്ട്…
‘നിന്നാത്മനായകനിന്നു രാവിൽ
വന്നിടും, വന്നാൽ നീയെന്തുചെയ്യും?
എന്നാരംഭിക്കുന്ന ഒരു കവിത ഇടപ്പള്ളിയും മറ്റൊന്ന് ചങ്ങമ്പുഴയും എഴുതിയിട്ടുണ്ടല്ലോ. അതിനെ അനുസ്മരിപ്പിക്കുന്ന ഒന്ന് വാലത്തും രചിച്ചിട്ടുണ്ട്. എന്നാൽ, വാലത്തിന്റെത് അവയിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന് നോക്കുക.
“പ്രാണാധിനാഥേ പടയിലെന്റെ പ്രാണൻ പിരിഞ്ഞാൽ
നീയെന്തുകാട്ടും?”
ധീരനാമങ്ങയെപ്പറ്റി ഞാനോ കോരിത്തരിച്ചൊരു പാട്ടുപാടും!”\[6pt]
“ആവിലമാനസയായി നീയിഭൂവിൽ വിധവയായ് തീരുകില്ലേ?”\[6pt]
“പോരിൽ മരണത്തിന് മാറിലോളം ചോരതിളച്ച യുവഭടന്റെ
ഏതും കൂസാത്ത യുവഭടന്റെ ഏകവിധവയെന്നുള്ള കാര്യം
ഞാനഭിമാനകരവികാരാധീനയായ് നിന്ന് ഞെളിഞ്ഞു ചൊല്ലും.!”
ഈ തന്റേടമാണ് വി. വി. കെ. കവിതയുടെ മുഖമുദ്ര. കാമുകി ഉപേക്ഷിച്ചു പോയ ശേഷം വിലപിക്കുന്ന കാമുകന്റെ ദീനസ്വരം നമുക്ക് സുപരിചിതമാണ്. എന്നാൽ അവൾ ഉപേക്ഷിച്ചു പോകുമെന്നറിഞ്ഞുകൊണ്ട് തന്നെ വാലത്തിന്റെ കാമുകൻ സ്നേഹിക്കുന്നു.
“തരുനിരച്ചായകളാൽ തഴുകുമൊരു കൈത്തോടി-
ന്നിരുകരയിലമരുന്നു ഞങ്ങളിന്നും.
എന്നാലക്കൈതോടി-
ന്നെങ്ങനെയൊരു വലിയ
ദുർന്നരക വാരിധിയായിടുന്നു?
ചിരകാല പ്രാർഥിതമാമഭിലാഷത്തിൻ മുമ്പിൽ
ചിറകെട്ടിനിൽപ്പതേതന്ധകാരം?
കദനത്തിൻ കറയറ്റ കണ്ണീരിൽ കഴുകിയ
ഹൃദയം കൊണ്ടവളെ ഞാൻ വേട്ടതല്ലോ.
അത് പാടേ വിസ്മരിച്ചവൾ പക്ഷേ,യണിയിക്കാ –
മപരന്റെഗളസീമയിൽ വരണമാല്യം.
സമുചിതമാമാചാരമര്യാദയെന്നതിനെ
സമുദായം തലയാട്ടി സമ്മതിക്കാം.
പാരം മമ ജീവിതമോപാഴായിപ്പോയെന്നാൽ
പാടില്ല ഞാനവളെപ്പഴി പറയാൻ.
തലയിൽ സ്വയം സ്വന്തം ശവമഞ്ചവും ചുമ-
ന്നലയുകയാണനിശം ഞാനവളെച്ചൊല്ലി
ഇരുകാലിരവു പകൽ ഇളകുമൊരു ശവമായി-
ട്ടിഴയുകയാണിരുളിൽ ഞാനവളെച്ചൊല്ലി.
മമ വീഥികൾ വിജനങ്ങൾ വിഫലങ്ങൾ മരവിച്ച
മരണത്തിൻ മറവിയിലിനി മായാൻ മാത്രം.
അനുരാഗ വേദനകളലതല്ലുമെൻ നെഞ്ചി-
ലവളിന്നൊരുനെടുവീർപ്പായ് നിലകൊള്ളുന്നു.”
നമ്മുടെ ഏതു പ്രേമഗാനത്തോടും കിടനിൽക്കാൻ പോന്ന ഭാവതീവ്രതയും രചനാസാരള്യവും ഈ ഗാനത്തിനുണ്ട്. പ്രണയം തീവ്രമാണ്. പ്രണയഭംഗം ദുസ്സഹവുമാണ്. എന്നാൽ അതിന്റെ മുന്നിൽ വിലപ്പെട്ട ജീവിതം ഹോമിച്ചു “മരണദിനത്തിന്റെ മണിമുഴക്ക”മെന്നു വിലപിച്ചു കൊണ്ട് രംഗത്ത് നിന്ന് മാറുന്നുമില്ല.
മഹാകവി വള്ളത്തോളിനെപ്പോലെ കാറു കണ്ട കർഷകനേയും കർഷകന്റെ കണ്ണീരിനെയും ആസ്പദമാക്കി ഒന്നിലേറെ കവിതകൾ അദ്ദേഹമെഴുതിയിട്ടുണ്ട്.
“ഇച്ഛപോൽ സ്വച്ഛമായ്കൃത്യമായ്പ്പാരിനെ –
പ്പച്ചവർണ്ണോജ്ജ്വലപ്പട്ടുടുപ്പിച്ചു നീ.
എന്നിട്ടുമയ്യോ നിനക്ക് ലഭിച്ചതോ,
എന്നുമീക്കീറപ്പഴന്തുണിത്തുണ്ട് താൻ.
വിത്തപ്രഭാവം ജയിക്കുവാൻ ജന്മിയ്ക്ക്
പത്തായമെല്ലാം നിറച്ചുകൊടുപ്പു നീ.
എന്നിട്ടുമയ്യോ വിശന്നിടും കുഞ്ഞിന്റെ
കണ്ണീർ തുടയ്ക്കുവാനപ്രാപ്തനാണുനീ.
പങ്കം നിറഞ്ഞോരിപ്പാടത്തിലല്ലയോ
തങ്കം വിളയിച്ചു കാട്ടുന്നു നിന്റെ കൈ.”
പക്ഷെ, ത്യാഗത്തിനു കിട്ടുന്ന കൂലി നിസ്സഹായതയും നിരാശയും മാത്രം. ഇങ്ങനെ പ്രയത്നം അവഗണിക്കപ്പെടുകയും ചൂഷണം വെന്നിക്കൊടി പാറിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിക്കെതിരെ, “വരൂ നീ വേഗം വരൂ വർഷത്തിൻ കൊടുങ്കാറ്റെ,” എന്ന് വിപ്ലവക്കൊടുങ്കാറ്റിനെ ചങ്ങമ്പുഴ ആഹ്വാനം ചെയ്തു. നമ്മുടെ കവി സർവ്വവും കഴുകി വെടിപ്പാക്കുന്ന ഒരു മലവെള്ളത്തെയാണ് ക്ഷണിച്ചു വരുത്തുന്നത്.
മലയും കാടും തകർത്തിരമ്പിക്കുതിച്ചെത്തും
മലവെള്ളമേ, നിന്നെ കാത്തു കാത്തിരിപ്പു ഞാൻ.
തുള്ളുകയല്ലോ ചെയ്‌വൂ സ്വാർത്ഥത്തിൻ സുഖാസവ
ത്തള്ളലാലീനാലഞ്ചു വൃക്ഷങ്ങൾ പുഴവക്കിൽ
അവയ്ക്കാകാശത്തോളമുയരാൻ വണ്ണം വയ്ക്കാൻ
അവിരാമമീമന്നിലക്രമം പുലർത്തീടാൻ
നാടാകെ നീളും കൊമ്പും ചില്ലയും പരത്തിയീ
നാട് കീഴടക്കുവാൻ കോട്ടകെട്ടുവാൻ വിണ്ണിൽ
ഏതുമേയുയരുവാൻ ഗതിയറ്റ് ഏറെലക്ഷ –
മേഴപ്പുൽക്കൊടിവൃന്ദം മണ്ണടിയണം പോലും.
അഞ്ചാറു മുതലാളി വൃക്ഷങ്ങൾക്ക് വളരുവാൻ ലക്ഷോപലക്ഷം ഏഴകളായ പുൽക്കൊടികൾ വളവും വെള്ളവും കിട്ടാതെ വലയണമെന്നോ!
“മലവെള്ളമേ നിന്റെയൊഴുക്കിൽക്കടപൊട്ടി
മറിഞ്ഞിടുമാദുഷ്ടമാമരക്കൂട്ടം നാളെ.
അലറൂ സമുദ്രമേ, അടിക്കൂ കൊടുങ്കാറ്റെ,
ഉലകം ഞെട്ടും വിധമിളകൂ, ഇടിവാളേ!”
‘ഇടിമുഴക്ക’മെന്ന ഗദ്യകവിതയിലൂടെ അനുവാചകരെ ഞെട്ടിച്ച കവിയുടെ സാമൂഹ്യബോധം ഒരു സാമൂഹ്യവിപ്ലവമലവെള്ളപ്പാച്ചിലിനെ സ്വാഗതം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.
ചങ്ങമ്പുഴക്കാലഘട്ടത്തിൽ തന്നെ തത്തുല്യമായ വലിയൊരു വാഗ്ദാനവുമായി രംഗപ്രവേശം ചെയ്തശേഷം ഇടക്കാലത്തുവച്ച് പ്രവാഹം നിലച്ചു പോയ വാലത്തിന്റെ കാവ്യകല്ലോലിനിയെക്കുറിച്ച് ഇത്രയെങ്കിലും പറയാതെ വയ്യ. ആ കവിതകളിൽ എമ്പാടും മറഞ്ഞു കിടക്കുന്ന ഒരു പ്രത്യേകതരം സൌന്ദര്യാവബോധത്തെക്കുറിച്ചും.
കവികൾ സൌന്ദര്യോപാസകരാണ്. വാലത്തും ഇതിനൊരു അപവാദമല്ല. എന്നാൽ, ബാഹ്യസൌന്ദര്യത്തെക്കാളുപരി ഒരുതരം ആഭ്യന്തരസൌന്ദര്യത്തെയാണ് ഉപാസിക്കുന്നതെന്ന്, ‘കാക്ക’ എന്ന കവിതയിൽ കണ്ടെത്താം. വസ്തുക്കളുടെ പുറന്തോടുകൾക്കുള്ളിൽ കടന്നു കാണാനുള്ള കഴിവ് കവികൾക്ക് മാത്രമേയുള്ളൂ. ഈ കാഴ്ചയിൽ കവികൾ പ്രതിജനഭിന്നവിചിത്രമാർഗ്ഗമാണ് സ്വീകരിച്ചു പോരുന്നത്. പ്രതിഭയുടെ ലക്ഷണവും അതാണല്ലോ. സൌന്ദര്യദേവതയെത്തന്നെ അഭിസംബോധന ചെയ്യുന്ന ഒരു കവിതയിൽ യൌവനത്തിൽ വന്നു വിഭ്രമിപ്പിക്കുന്ന ഒരു മായാമരീചികയാണ് സൌന്ദര്യമെന്നു അദ്ദേഹം വെളിപ്പെടുത്തുന്നു.
“വിശ്വസിച്ചീടുവാൻ തെല്ലുമേ കൊള്ളാത്ത
വേശ്യയെപ്പോലുള്ള സൌന്ദര്യ ദേവതേ,
പാവമിക്കൊച്ചു പ്രപഞ്ചം സദാ നിന്റെ
കാലടി തേടി നടക്കുന്നതത്ഭുതം.”
ഇതാണ് പൊതുവേ പറഞ്ഞാൽ വാലത്തിന്റെ സൌന്ദര്യനിരീക്ഷണം. സൌന്ദര്യത്തിന്റെ പിന്നാലെ പായുന്നത് അർത്ഥശൂന്യമാണ്. ഇത് ബാഹ്യസൌന്ദര്യം കാണാനുള്ള കണ്ണ് അദ്ദേഹത്തിനില്ലാത്തതുകൊണ്ടല്ല.
“ലോലമാണെങ്കിലും കൊള്ളിയാൻ വള്ളിയിൽ
ലോകം മുഴുവൻ വെളുത്തുകാണുന്നു ഞാൻ.
പുല്ലിൻ തലപ്പിലും കാവ്യാങ്കുരങ്ങൾ പോൽ
നല്ല മരതകകാന്തി കാണുന്നു ഞാൻ.
അൽപനേരത്തെയ്ക്കോരാനന്ദ മെങ്കിലും
അത്ഭുതമാണവ കാട്ടും പ്രബുദ്ധത.”
ഇങ്ങനെ ക്ഷണികമെങ്കിലും അത്ഭുതകരമായ സൌന്ദര്യത്തിന്റെ മുഖം ഒരു കവിയായ അദ്ദേഹത്തെ ആകർഷിക്കുന്നുണ്ട്. എങ്കിലും അതിന്റെ മറുവശമാണ് എപ്പോഴും അദ്ദേഹത്തിന്റെ ഭാവനയെ പിടിച്ചു നിർത്തുക. ആകാശത്ത് തടിച്ചു കൂടുന്ന മേഘമാലകളോട് അദ്ദേഹം പറയുന്നത്,
“നിന്റെ ഭീകര വാളിളക്കത്താൽ
നിന്റെ പായും വെടികളാൽ
നാടഖിലം നടുങ്ങും മർദ്ദന
നാടകം കളിക്കുന്നു നീ.”
യൌവനത്തിന്റെ സൌന്ദര്യം വേശ്യയുടേതു പോലെ കബളിപ്പിക്കുന്നതാണെന്ന് പറഞ്ഞ കവി ബാല്യത്തിന്റെ സൌകുമാര്യത്തിൽ നിർവൃതി കൊള്ളുന്നതും നമുക്ക് കാണാം.
“ഓമനപ്പൈതലിൻ കൈത്തളിർകൊണ്ടുള്ള
കോമളസ്പർശനമേറ്റേറ്റ് മേൽക്കുമേൽ
പാരമിടിഞ്ഞു തുടങ്ങുമാവക്ഷോജ
ഭാരമുലഞ്ഞൊരു കോൾമയിർക്കൊള്ളലിൽ
അമ്മതൻ സൌന്ദര്യസമ്പത്ത് കട്ടോര-
ക്കൊച്ചുവിരുതനെയാദ്യമായ്ക്കാണവേ,
നിർവൃതിസ്തബ്ധതപൂണ്ടു ഞാൻ.”
എന്നാണ് അദ്ദേഹം പറയുക. പ്രകൃതിയുടെ ആനന്ദനർത്തനം പോലും ഒരു പ്രത്യേക രീതിയിലാണ് അദ്ദേഹത്തെ ആകർഷിക്കുക.
“വിരവിൽ വാസരത്തിന്നുടെനഗ്നത
വിനയപൂർവ്വം മറയ്ക്കുവാനായിതാ
ദിനകരൻ നെയ്തിടുന്നു സകൌതുകം
കനകരശ്മിയാൽമഞ്ജു ചേലാംശുകം.
ഉണരുമുൽഫുല്ല പൂങ്കോഴികൾ ഗള-
മുടനുടൻ നീട്ടിയൂതുന്നു കാഹളം.
കടൽമർമ്മരം കൊണ്ട് മുഖരിതം.
അടവിയാഹ്ലാദം പൂണ്ടു പുളകിതം.
മലർവനിയിൽ പൊഴിപ്പൂ കിളികുലം
മധുരമാദകനാദം മദാകുലം.
സമരം ചെയ്യുവാൻ പൂകട്ടെ,യുജ്ജ്വല
സ്സമയത്തോടോത്ത് ജീവിതപ്പോർനിലം.
പ്രഭാത കാഹളം പോലും അദ്ദേഹത്തിന് സമരകാഹളമാണ്. ആകാശത്തിന്റെ പ്രസന്നഭാവങ്ങളെ മാത്രം ധ്യാനിച്ചിരിക്കുന്ന കവിയെ ആ നിരർത്ഥക ധ്യാനനിദ്രയിൽ നിന്ന് കാളമേഘങ്ങൾ വന്നു വിളിച്ചുണർത്തുന്നു.
“കോടക്കരിംകാർകുളങ്ങളീ വാനിലെ
വേടക്കിടാത്തിമാർ നാടുകാക്കുന്നവർ
ഇന്നലെ മിന്നിയ നീലാംബരത്തിന്റെ
സുന്ദരമാകിയ പൂങ്കാവനികയിൽ
ആമന്ദമാനസ ലാസ്യവിലോലരാ-
യാടിക്കുഴഞ്ഞോരാവെള്ളി മേഘങ്ങളെ,
നീടുറ്റ വാനിന്റെ നീലത്തടാകത്തിൽ
നീന്തിക്കുളിച്ചോരാ ദേവാംഗനകളെ
ധ്യാനിച്ചിരിക്കും കവേ ഭവാനെങ്ങളെ
കാണുന്നതേതും പിടിക്കുന്നതില്ലയോ?”
ബൂർഷ്വാ സൌന്ദര്യദർശനത്തിന്റെ തലയ്ക്കൊരടിയാണ് കാർമേഘക്കിടാത്തിമാരുടെ ഈ ചോദ്യം.
“ഭംഗിയും മേന്മയും തൊട്ടു തെറിക്കാത്ത
ഞങ്ങൾ മുഴുവൻ കറുത്തിരുണ്ടുള്ളവർ
ഉള്ളിൽ ചെളികെട്ടി നിൽക്കും കറുപ്പിനാ-
ണല്ലോ പുറം മോടി വേണ്ടത് നിത്യവും.
ഭൂവിന്നു സമ്പൽസമൃദ്ധി ചൊരിയുവാൻ
ദ്യോവിങ്കൽ വന്നു പിറന്നവരാണിവർ.
പ്രയോജനക്ഷമതയാണ് സൌന്ദര്യമെന്നുള്ള സോക്രട്ടീസിന്റെ ദർശനമല്ല, കാർമേഘത്തിന്റെ സൌന്ദര്യം കാണാൻ കഴിവുള്ള കർഷകന്റെ പക്ഷത്തു നിൽക്കുന്ന വിപ്ലവകാരിയായ ഒരു കവിയുടെ സൌന്ദര്യദർശനമാണിത്. കാർമേഘങ്ങൾ പറയുകയാണ്,
“പുഷ്ടാനുഭൂതിയിൽ ഞങ്ങളെ കാൺകവേ,
പൊട്ടിച്ചിരിക്കുന്നു പൂഞ്ചോലവല്ലികൾ.
പട്ടിണികൊണ്ട് ഹോ! കോട്ടുവായിട്ടീടും
പൊട്ടക്കുളങ്ങളും തുഷ്ടിയുൾക്കൊൾവിതേ.
കേവലം പുല്ലുപോൽ ഭൂവിന് വേണ്ടിയീ
ജീവിതം ഞങ്ങൾ ത്യജിക്കുന്നു സാദരം.
എന്നിട്ടുമെങ്ങളെ കാൺകവേ ദിക്കുക-
ളെന്തിനീവണ്ണം മുഖം കറുപ്പിക്കുവാൻ?
ഒന്നോർക്കിലാസാധു കർഷകൻ മാത്രമു-
ണ്ടൊന്നു തിരിഞ്ഞൊരു നന്ദി ചൊല്ലീടുവാൻ.”
തന്റെ ജന്മദേശത്തിന്റെ അപൂർവസൌന്ദര്യത്തെ അദ്ദേഹം വർണ്ണിക്കുന്നത് അസാധാരണമായ രീതിയിലാണ്.
“ഞണ്ടുകൾ മാളം വെച്ച് താവളമുറപ്പിക്കും
കണ്ടവും മീൻ കളിക്കും കൈത്തോടും കയങ്ങളും
മൂകമായ് ചൂടാണ്ടുള്ളോരുപ്പുവെള്ളത്തിൽക്കുളി-
ച്ചാകവേ ഭസ്മം പൂശി നിൽക്കുന്ന ചിറകളും
വട്ടമിട്ടെല്ലായ്പ്പോഴുംകാത്തു നിന്നീടുന്നൊരു
പട്ടിണിത്തുരുത്താണെൻ ജന്മദേശമാം ഗ്രാമം.”
പ്രഭാതത്തിന്റെ മൂടൽമഞ്ഞിനെ ശ്മശാന ധൂമമായും, കിളികളുടെ കളകൂജനങ്ങളെ മരിച്ച വീട്ടിലെ കരച്ചിലായും മറ്റും ഉല്ഭാവനം ചെയ്യുന്ന ഒരസുലഭസമീപനം ഈ കവിയിൽ ചിലപ്പോൾ നമുക്ക് കാണാം.
“ഇരവിൻ ശ്മശാനത്തിൽ നിന്ന് പൊങ്ങിയ ധൂമ-
പടലം പുലർകാല മഞ്ഞലമായാറായി.
ചത്തുവീണൊരു രാവിൻ ശവത്തിൻ തലയ്ക്കലായ്‌കത്തി നിന്നൊരാ ച്ചെറു-
ദീപവും കെടാറായ്.
നീളത്തിൽത്തൻ മാതാവിൻ മരണോദന്തം കണ്ഠ–
നാളത്തെ ഉയർത്തിപ്പൂങ്കോഴികളറിയിക്കേ,
ദീനദീനമാക്കൊച്ചുപുലരി വിഹംഗമസ്വാനങ്ങലാളെ
പൊട്ടിക്കരയുന്നതു കേൾക്കായ്.”
എന്തൊരു ഭീകരമായ പ്രഭാതം!
അത്‍ഭുതം (1942 ജൂലൈ)
ഈ കവിത ഒരു പക്ഷിയെക്കുറിച്ചാണ്. തീരെ കറുത്തത്, ആകൃതി കാമ്യമല്ല, മുഷിപ്പൻ നടപ്പ്, കർണ്ണശൂലമായ ഒച്ച, കള്ളക്കടക്കൺ എന്നൊക്കെ വിശേഷിപ്പിക്കുന്നു. ഒരു കാക്കയെക്കുറിച്ചു ഇത്ര പറയാനുണ്ടോ, ഒരുപക്ഷെ, കുട്ടിക്കവിതയാകാം എന്നൊക്കെ തോന്നി, പലവട്ടം ഈ കവിത ഞാൻ വായിക്കാതെ വിട്ടിട്ടുണ്ട്. എന്നാൽ എപ്പോഴോ അവസാനത്തെ രണ്ടു വരികൾ വായിച്ചപ്പോൾ ഞാൻ തരിച്ചിരുന്നുപോയി. ആ വരികൾ ഇങ്ങനെയായിരുന്നു.
‘അത്‍ഭുത,മൊരു തിര്യക്കിനോടൊപ്പ-
മെത്തുവാനെത്ര പോകണം, മാനവൻ?……’
പരിസര ശുദ്ധി, കൂട്ടായ്മ, പരദുഃഖവിലാപം എന്നീ ഗുണങ്ങൾ ജന്മസന്ദേശമാക്കിയ ആ പക്ഷി എത്രയോ വലുത്, സമീപകാലത്തെ മനുഷ്യസ്വഭാവവുമായി ഒത്തുനോക്കുമ്പോൾ! മനുഷ്യൻ ഇനി എത്രകാലം കഴിഞ്ഞാലാണ് ഒരു ചെറുപക്ഷിയ്ക്ക് തുല്യമെത്തുന്നത് എന്ന വാലത്തിന്റെ ചോദ്യം ഇന്നും പ്രസക്തമാണ്.
തിരുമുൽക്കാഴ്ച
അതിസുന്ദരിയായ ഒരു ഹൈന്ദവ യുവതിയെ അക്ബറുടെ ഭടന്മാർ അപഹരിച്ചു ചക്രവർത്തിയ്ക്ക് കാഴ്ചവച്ചു. വള്ളത്തോളിന്റെ ‘ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി’ എന്ന പ്രസിദ്ധ കവിതയെ അനുസ്മരിപ്പിക്കുന്ന ഈ ഇതിവൃത്തം വാലത്തിന്റെ ‘തിരുമുൽക്കാഴ്ച’യിലേതാണ്. എന്നാൽ വള്ളത്തോളിന്റെ മുഗൾ ചക്രവർത്തിയുടെ സൌന്ദര്യദർശനമല്ല, വാലത്തിന്റെ ചക്രവർത്തിക്കുള്ളത്.
തിരുമുൽക്കാഴ്ച (1939 ഡിസംബർ 31)
പാരാകെ മുഗൾക്കൊടിപാറിക്കാനക്ബർക്കുള്ള
പാരിച്ച പടപാഞ്ഞു പോർമദംതുള്ളും കാലം.
അന്നൊരു ദിനമവർക്കത്ഭുതസൌന്ദര്യത്തിൻ
പോന്നലതല്ലും നല്ലോരപ്സരസ്സിനെക്കിട്ടി.
“അള്ള!” വൻസന്തോഷത്തിൻ തീയിൽ വീണുഴന്നവർ
ചൊല്ലിനാർ, നമുക്കിപ്പോളീ നിധി കാട്ടിത്തന്നു.
നിശ്ചയം, കിനാവിലും കണ്ടിടാ തിരുമേനി…
നിസ്തുലമിതുപോലോരഴകിൻ വിലാസത്തെ,
ഉന്നതമുഗൾവംശരാജകൊട്ടാരം പാരം
ഹിന്ദുകന്യകമാർതൻ നന്ദനോദ്യാനം നൂനം!
മാധുരി ചൊരിഞ്ഞീടുമിന്നു തൊട്ടതിലൊരു
മാദകമദാലസകൌതുകം സൌഗന്ധികം!
കരയുന്നുവോ ഭാഗ്യം കൈപിടിയ്ക്കുമ്പോൾ,ക്കന്യേ?
ചെറുതോ സമ്രാട്ടിന്റെ വെപ്പാട്ടിയാകും ഭാഗ്യം?
കാണിയും വൈകിക്കൂടാ, കാമ്യമാംതൃക്കാൽക്കൽ നാം,
കാണിക്ക വെച്ചീടാനീക്കാന്തിദം കാഴ്ച ദ്രവ്യം.
തമ്പുരാൻ പ്രസാദിയ്‌ക്കു, മത്ഭുതപ്പെടും, നാമ്മോ-
ടമ്പിയന്നിടും നൽകും ബിരുദും സ്ഥാനങ്ങളും.”
അല്പവും കനിവെന്യേസാധ്വിയെ റാഞ്ചിപ്പെട്ടെ-
ന്നശ്വത്തിൻപുറത്തേറ്റിപ്പറന്നാർ കഴുകന്മാർ.
പട്ടാളസ്സലാംചെയ്തു ചക്രവർത്തി തൻമുന്നിൽ-
ത്തുഷ്ടരായർപ്പിച്ചാരപ്പാരിജാതത്തെബ്ഭടർ
കാരുണ്യം കസവോളിപൂശുമാനനത്തോട-
ക്കാതരാകുലമായ കാന്തിധാമത്തെക്കാൺകെ,
നല്ലോരാദരവാർന്നദ്ധീരഗംഭീരോദാരൻ
ചൊല്ലെഴും മുകിലേന്ത്യാഭരതൻ ചൊല്ലീ മന്ദം,
“എത്ര സുന്ദരനാകുമായിരുന്നേനെ ഹാ, ഞാനി-
നിത്തയ്യൽക്കൊടിയെന്റെ മാതാവായിരുന്നെങ്കിൽ!”
ആ മഹിളയെ തന്റെ മുന്നിൽ കണ്ടയുടനെ ചക്രവർത്തി പറയുകയാണ്,
“എത്ര സുന്ദരനാകാമായിരുന്നേനേ,ഹാ,ഞാ-
നിത്തയ്യൽക്കൊടിയെന്റെ മാതാവായിരുന്നെങ്കിൽ!
വാലത്തിന്റെ സൌന്ദര്യദർശനത്തിന്റെ സവിശേഷത ഇക്കവിതയിൽ കാണുന്നുണ്ട്.
“ആകാശമേ, നീ ധരിച്ചീടുമാടകൾ
ആകവേ കീറിപ്പറിഞ്ഞതാണെങ്കിലും
ഉള്ളം കുളിർക്കുമാറുല്ലസിക്കുന്നവ,
വെള്ളപ്പളുങ്കുപോൽ ശുദ്ധമായ്, മുഗ്ദ്ധമായ്.”
എന്ന് പാടുവാൻ അദ്ദേഹത്തിനേ കഴിയൂ. കവിയോട് ഒരു പുൽത്തകിടി പറയുന്നത് നോക്കുക.
ചായം പുരട്ടിയ കൃത്രിമാഡംബര
സായാഹ്നഭംഗി ചമഞ്ഞു നിന്നീടവേ,
താണുകിടക്കുന്നോരെന്നെ ദർശിക്കു-
വാൻ താവക തൂലികയ്ക്കിഷ്ടമാകാ, കാവേ,
എങ്കിലുമാർക്കുമൊരാശ്വാസ വിശ്രമ,
സങ്കേതമാണ് മൽജീവിതസൈകതം
ഓളമറ്റേകാന്ത ശാന്തി തുളുമ്പിടു-
മോലക്കമോലുന്ന പച്ചക്കടലു ഞാൻ “
വി. വി. കെ. വാലത്ത്, പാവങ്ങളുടെ പടയാളി—പുൽകൊടികളും മണൽതരികളും,) ഇങ്ങനെ മറ്റുള്ളവർ അവഗണിച്ചു കടന്നു പോകുന്നിടങ്ങളിൽ സൌന്ദര്യം ദർശിക്കുവാൻ, മറ്റുള്ളവരുടെ നിയന്ത്രണങ്ങളെ അപഹരിക്കുന്ന കൃത്രിമഭംഗികളുടെ മൂടുപടം മാറ്റി നോക്കുവാൻ വാലത്തിന്റെ കവിത എപ്പോഴും ശ്രമിക്കുന്നു.
“പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാണ്മൂ
പശ്ചിമാംബരത്തിലെ പനിനീർപ്പൂന്തോട്ടങ്ങൾ!
എന്ന് ചങ്ങമ്പുഴ പ്രകൃതിയുടെ സൌന്ദര്യലഹരിയിൽ ഉന്മത്തനാകുമ്പോൾ വാലത്ത് അതിന്റെ മറുപുറത്തുള്ള വൈകൃതങ്ങളുടെ സൌന്ദര്യം ആവിഷ്കരിക്കാൻ ശ്രമിക്കുന്നത് കാണാം. ഇവരുടെ കവിതകളെ താരതമ്യം ചെയ്യാൻ ശ്രമിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട ഒരു വ്യത്യാസമാണിത്. ചങ്ങമ്പുഴ സൌന്ദര്യത്തിന്റെ കാമുകനാണ്. വിപ്ലവത്തിന്റെ കാഹളമാണ്. തത്ത്വശാസ്ത്രത്തിന്റെ ആരാധകനാണ്. എല്ലാമാണ്. എന്നാൽ വാലത്ത് വ്യക്തമായ സാമൂഹ്യവീക്ഷണമുള്ള ഒരു നാട്ടിൻപുറത്തിന്റെ വിപ്ലവകവി എന്ന നിലയിൽ എന്തിനെയും നോക്കി ക്കാണുന്നു. പ്രേമനൈരാശ്യത്തെപ്പോലും ഒരു വെല്ലുവിളിയായിക്കാണാൻ ശ്രീ വാലത്തിന്റെ കവിതയ്ക്ക് സാധിക്കുന്നത് ഇതുകൊണ്ടാണ്.
കൈരളിയുടെ കഷ്ടകാലമെന്നു പറയട്ടെ, ഒരു കാലഘട്ടത്തിന്റെ രോമഹർഷമായിരുന്ന കവി, ഇടയ്ക്ക് വെച്ച് തന്റെ മാദ്ധ്യമം ഒന്ന് മാറിയെടുക്കുകയും പുതിയ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുവാനായി ഗദ്യമേഖലയിലൂടെ വഴിമാറി സഞ്ചാരമാരംഭിക്കുകയും ചെയ്തു. ഇന്ന് വാലത്തിന്റെ കവിതകൾ മധുരിക്കുന്ന ഓർമ്മകൾ മാത്രമാണ്. ആ ഓർമ്മകളെ അനശ്വരമാക്കുമാറു അദ്ദേഹത്തിന്റെ പഴയ കവിതകൾ നഷ്ടപ്പെട്ടു പോകാതെ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തുക മാത്രമാണ് ഇനി നമുക്ക് കരണീയമായിട്ടുള്ളത്.”
വാലത്തിന്റെ സാഹിത്യ ജീവിതത്തിലെ പദ്യസാഹിത്യം എന്ന ഒരു ഉജ്ജ്വലമായ മേഖലയ്ക്ക് ഇവിടെ തിരശ്ശീല വീണു. എന്നാൽ, വാലത്ത് എന്ന കവി മരിച്ചില്ല. പദ്യകവിതയുടെ പ്രാസവടിവുകളും ലജ്ജാശീലവും സ്ത്രൈണതയും മടുത്ത്, അതുപേക്ഷിച്ച് എഴുന്നേറ്റു നിന്ന് ചിലത് വിളിച്ചു പറയണമെന്ന ഉൽക്കടമായ ഉൾവിളി അദ്ദേഹത്തെ ഗദ്യകവിയാക്കി, എന്ന് പറയാം.
ഞാൻ ഇനിയും വരും എന്ന ഗദ്യകവിതയുടെ അവസാന വരികൾ നോക്കുക.
“കൈ നിറയെ വിജയവും കാൽനിറയെ ചോരയും കൊണ്ട്
ഞാൻ കയറി വരും.
അന്ന് നീ
ഈ നെറ്റിയിലെ വിയർപ്പു തുടക്കുമോ?
ഈ കവിളിലെ കണ്ണീരൊപ്പുമോ…“
പദ്യകവിത ഉപേക്ഷിച്ചതിൽ വാലത്തിനു പിന്നീട് മനസ്താപമുണ്ടാകുകയോ, പദ്യത്തിലേക്കു തിരിച്ചുവരികയോ ഒന്നും ഉണ്ടായില്ല. ഗദ്യകവിതയിൽ കൂടുതൽ സ്വതന്ത്രമായി വിഹരിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം പദ്യകവിത ഗദ്യകവിതയിലേക്ക് കൂറുമാറി, ആധുനിക കവിതയായി. അപ്പോഴേക്ക് വാലത്ത് ഗദ്യകവിതയും ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഗദ്യം മാത്രമായി. അവയെല്ലാം വാലത്തിന്റെ സാഹിത്യജീവിതത്തിലെ ശ്രദ്ധേയമായ പരിണാമഘട്ടങ്ങളായിരുന്നു.
സി. പി. ശ്രീധരന്റെ ഒരു ആസ്വാദനം നോക്കാം.
ജരാനരയില്ലാത്ത രചന–സി. പി. ശ്രീധരൻ
“ശ്രീ വാലത്തിന്റെ പേരോർക്കുമ്പോൾ ആദ്യമായി മനസ്സിൽ കടന്നുവരിക, അദ്ദേഹത്തിന്റെ ഗദ്യകവിതകളത്രെ. ഗദ്യപദ്യങ്ങളുടെ അംശങ്ങൾ സമന്വയിപ്പിച്ച് കവിത്വത്തിന്റെ ചുട്ടുപൊള്ളുന്ന വികാരവായ്പ്പു പ്രകാശിപ്പിക്കുവാൻ ഉചിതമായ സുപ്രധാന മാധ്യമമായിരുന്നു, ഗദ്യകവിത.
പൊൻകുന്നം വർക്കിയുടെ ‘തിരുമുൽക്കാഴ്‍ച’, വി. വി. കെ. വാലത്തിന്റെ ‘ഇടിമുഴക്കം’ എന്നിവ നമ്മുടെ ഗദ്യകവിതയിൽ കിട്ടാവുന്ന ഏറ്റവും മികച്ച കൃതികളത്രേ. കേശവദേവ് അടക്കമുള്ള ഒന്നാം കിടക്കാരും ഇടത്തരക്കാരുമെല്ലാം അന്നു ഗദ്യകവിതാസരണിയിൽ പയറ്റിക്കൊണ്ടിരിക്കെയാണ് വി. വി. കെ. വാലത്ത് അവിടെ തന്റെ സിംഹാസനം ഉറപ്പിക്കുന്നത്. വാലത്തിൽ ഒരു കവിയും ഗദ്യകാരനും കുടിയിരിക്കുന്നുവെന്ന്, അന്നേ തെളിഞ്ഞു. കമ്മ്യൂണിസ്റ്റു പാർട്ടിയുമായുണ്ടായിരുന്ന ബന്ധം ഒരു ധിക്കാരിയുടേയും റബലിന്റേയും വിഗ്രഹഭഞ്ജകന്റെയും നിലയിൽ പ്രശ്നങ്ങൾ നോക്കിക്കാണാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗദ്യകവിതയിൽ നിന്നു ചെറുകഥയിലേക്കും, തീ പാറുന്ന പ്രബന്ധരചനയിലേക്കും കടന്ന്, ഹൃദയാഗ്നിജ്വാലകൾക്കു വാഗ്രൂപം നൽകിയ വാലത്ത്, സ്വതന്ത്രചിന്തയുടേയും സ്വതന്ത്രമായ ചരിത്രഗവേഷണത്തിന്റെയും പാതയിലേക്കു കടന്നു. മാർക്സിസവും കമ്മ്യൂണിസവും കടന്ന് സ്വന്തം അസ്തിത്വത്തിന്റെ തായ്‌വേരുകൾ കണ്ടെത്താൻ അന്വേഷണവുമായി തിരിച്ചത് ഈ ഘട്ടത്തിലായിരുന്നു.
ആ സത്യാന്വേഷികളുടെ സംഘത്തിൽ ചരിത്രഗവേഷണത്തിൽ സ്വന്തം സംസ്‍കാരത്തിന്റെ മൂലകന്ദം തേടുന്നതിന്റെ രസാവേശങ്ങൾ പുതിയ യാത്രയിൽ വാലത്തിനെ ഹരം പിടിപ്പിച്ചു. ആദ്യത്തെ ഗദ്യകവിതയിൽ കണ്ട ആ യുവസഹജമായ ഊർജ്ജപ്രസാരണം ഈ ചരിത്രാന്വേഷണത്തിലും നമുക്കു കാണാൻകഴിയും.
വാലത്ത് ഏതു രംഗത്തു നിന്നാലും ഏതിനെക്കുറിച്ചെഴുതിയാലും സ്വന്തം ചിന്തയുടേയും മാനസികവ്യാപാരത്തിന്റെയും സത്യസന്ധതയിൽ നിന്നും ആത്മാർഥതയിൽ നിന്നും ഉടലെടുക്കുന്ന ഒരുതരം വികാരതീവ്രത അവയെ സചേതനങ്ങളും ക്ഷോഭജനകങ്ങളും ഹൃദയസ്പർശകങ്ങളുമാക്കും. അതുകൊണ്ടാണ് ആ രചനകൾക്കു ജരാനര ബാധിക്കാത്ത ഒരു നിത്യയുവത്വം പ്രകടമാകുന്നത്.”
സ്വന്തം ചിന്തയുടേയും മാനസികവ്യാപാരത്തിന്റെയും സത്യസന്ധതയിൽ നിന്നും ആത്മാർത്ഥതയിൽ നിന്നും ഉടലെടുക്കുന്ന ഒരുതരം വികാരതീവ്രത, അതൊന്നു തന്നെയാണ് വാലത്തിന്റെ സാഹിത്യജീവിതത്തിന്റെ മുഖമുദ്രയും.
|