close
Sayahna Sayahna
Search

ഒരു തല്ലു കേസ്


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ചേരാനല്ലൂർ അൽ ഫരൂഖ്യാ ഹൈസ്കൂളിൽ ജോലി ചെയ്തിരുന്ന നാളുകളിൽ വാലത്ത് നേരിട്ട ഗുരുതരമായ പ്രശ്നമായിരുന്നു, തല്ലു കേസ്. സ്കൂളിൽ സഹപ്രവർത്തകനായ ഒരു അറബി മൌലവിയെ വാലത്ത് തല്ലി, എന്നതാണ്‌ കേസ്. സത്യാവസ്ഥ ആർക്കുമറിയില്ല. മൌലവിയെ തല്ലിയെന്നത് കേട്ട് മുസ്ലിങ്ങൾ സംഘടിച്ചു. വാലത്തിനെ കൈകാര്യം ചെയ്യാൻ പറ്റിയ അവസരമായി അവർ തല്ലുകേസ്‌ എടുത്തു. ബഹളമായി. പള്ളിയിലും വീടുകളിലും വെച്ച് കൂടിയാലോചനകൾ നടന്നു. പോലിസ് സ്റ്റേഷനിൽ പരാതിയെത്തി. കടുത്ത കമ്മ്യൂനിസ്റ്റ് വിരോധികളായ ചില മുസ്ലിങ്ങൾ ഒത്തുതീർപ്പിനു നിൽക്കാതെ കോടതിയിൽ ക്രിമിനൽ കേസ് കൊടുക്കാനുള്ള ശ്രമത്തിലായി. പക്ഷെ, മുസ്ലിം സമൂഹം വലിയ പ്രതിസന്ധിയിലായിരുന്നു. വാലത്ത് പ്രതികരിക്കുന്നില്ല, എന്നതായിരുന്നു പ്രശ്നം. വാലത്തിന്റെ പിന്നിൽ ആരും അണിനിരക്കുന്നുമില്ല. മതപരമായോ, രാഷ്ട്രീയമായോ, പ്രാദേശികമായോ വാലത്തിനു വക്കാലത്തുമായി ആരും സഹായത്തിനില്ല. ഒറ്റയാൾ പോരാട്ടം നടത്തുകയാണ്. ആൾ സമൂഹത്തിൽ മാന്യനാണ്. അദ്ദേഹം മൌലവിയെ തല്ലുന്നത് ആരും കണ്ടിട്ടുമില്ല. പരാതിക്കാർ പുലിവാല് പിടിച്ച അവസ്ഥയായി. വാലിൽ പിടിച്ചുപോയി. ഇനി വിടാൻ കഴിയില്ല. ആ ദിവസങ്ങളിൽ ഒരു ആരോപണം കൂടി ഉയർന്നു വന്നു. ‘സ്കൂളിൽ വിദ്യാർഥികൾ ഇരിക്കുന്ന ബെഞ്ചുകളിൽ വാലത്തുമാഷ് നായിങ്കരണപ്പൊടി തൂകി!. വിദ്യാർഥികൾ ആസനം ചൊറിഞ്ഞു നെട്ടോട്ടമായി!.’ പൊതുജനമദ്ധ്യത്തിൽ വാലത്ത് തേജോവധം ചെയ്യപ്പെടുകയായിരുന്നു. വാലത്ത് പിറ്റേന്ന് തന്നെ നോട്ടീസടിച്ചു, നായിങ്കരണപ്പൊടി സംഭവത്തിൽ തനിക്കു പങ്കില്ലെന്ന് നാട്ടാരെ അറിയിച്ചു. കേസ് വിചാരണ അടുത്തു. വാലത്തിനു സമൻസ് കിട്ടി. ചേരാനല്ലൂർ മുസ്ലിം പള്ളിയിലെ മുഖ്യപുരോഹിതന്റെ രണ്ടു പെണ്മക്കളാണ് കേസിലെ ദൃക്‌‌സാക്ഷികൾ. വാലത്തു മാഷ് അറബി മൌലവിയെ തല്ലുന്നത് അവർ കണ്ടിരിക്കുന്നു! പോരെ? കുട്ടികളെ മൌലവിമാർ മാറിമാറി പരിശീലിപ്പിക്കുകയായിരുന്നു. വാലത്ത് മാപ്പ് പറഞ്ഞാൽ കേസിൽ നിന്ന് രക്ഷിക്കാം എന്നായി. വാലത്ത് മാപ്പ് പറയണമെങ്കിൽ കാക്ക മലർന്നു പറക്കണം! വിചാരണയ്ക്ക് രണ്ടു ദിവസം മുമ്പ് ഒരു രാത്രിയിൽ അലിയാരു കുഞ്ഞ് എന്നൊരു മുസ്ലിം പ്രമാണി രഹസ്യമായി വാലത്തിനെ വന്നു കണ്ടു. അദ്ദേഹത്തിന് ഒരു കാര്യത്തിന്റെ നിജസ്ഥിതി അറിയണം. സത്യത്തിൽ മാഷ്‌ മൌലവിയെ തല്ലിയിട്ടുണ്ടോ? താൻ മൌലവിയെ എന്നല്ല, ആരെയും തല്ലിയിട്ടില്ല, എന്ന് വാലത്ത് തുറന്നു പറഞ്ഞു. അലിയാര് കുഞ്ഞു ഉടനെ മടങ്ങിപ്പോയി.

വിചാരണ ദിവസം സമാഗതമായി. പോലീസിന്റെ സാന്നിദ്ധ്യത്തിൽ സ്കൂൾ ഓഫീസ്സിൽ കോടതി കൂടി. വാലത്ത് അക്ഷോഭ്യനായി പ്രതിസ്ഥാനത്ത് നിന്നു. വാലത്തിനു വക്കീൽ ഇല്ല. സാക്ഷികളായ രണ്ടു പെൺകുട്ടികളും ഹാജരായി.

വിസ്താരം തുടങ്ങി.

പോലീസിനോട് സത്യം മാത്രമേ പറയാവൂ. ഇദ്ദേഹത്തെ അറിയുമോ?

അറിയാം ഞങ്ങടെ മാഷാണ്.

മാഷ്‌ മൌലവിയെ തല്ലുന്നത് നിങ്ങൾ കണ്ടോ?

ഇല്ല.

തല്ലുന്നത് നിങ്ങൾ കണ്ടു എന്നാണല്ലോ പരാതി?

അത് ബാപ്പ പറഞ്ഞു, കണ്ടെന്നു പറയാൻ.

അപ്പോൾ മൌലവിയെ തല്ലിയില്ലേ?

ഇല്ല.

ഇപ്പോൾ ഇങ്ങനെ മാറ്റിപ്പറയാൻ എന്താൻ കാരണം.

പോലീസിനോട് നുണ പറഞ്ഞാൽ ലാത്തികൊണ്ട് അടിയ്ക്കുമെന്നു പറഞ്ഞു.

ആര്?

ഒരിയ്ക്കാക്കാ.

കേസ് തീർന്നു. ആൾക്കൂട്ടം പിരിഞ്ഞു.

അലിയാര് കുഞ്ഞിനെ വാലത്ത് അവിടെയെല്ലാം നോക്കിയെങ്കിലും എങ്ങും കണ്ടില്ല. പിന്നീട് ചേരാനല്ലൂരിലെ മുസ്ലിം സമൂഹം വാലത്തിനെ സ്നേഹാദരങ്ങളോടെ ഉൾക്കൊള്ളുകയായിരുന്നു.