close
Sayahna Sayahna
Search

ജീവിത ശൈലി


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വാലത്ത് തന്റെ വീട്ടിൽ ആറു മക്കളിൽ ഒരാളായിരുന്നു. വാലത്തിനു പുറമേ, ഏറ്റവും ഇളയ സഹോദരി ഭാരതി മാത്രമേ അദ്ധ്യാപികയായുള്ളൂ. അച്ഛന്റെ മരണശേഷം വാലത്ത് വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. അതിൽ യാതൊരു വിധ കുറ്റബോധവും വാലത്തിനെ അലട്ടിയിട്ടില്ല. പിൽക്കാലത്ത്‌ വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമായത്തിനു ശേഷവും ആ സ്വഭാവത്തിൽ നിന്ന് വ്യതിചലിച്ചില്ല. മാസങ്ങളോളം വീടുവിട്ട്‌ ദേശാടനം നടത്താൻ വാലത്തിനു കഴിഞ്ഞത് കുടുംബബന്ധങ്ങളിൽ നിന്ന് കുതറിമാറിയതുകൊണ്ട് മാത്രമായിരുന്നു. തന്മൂലം തറവാട്ടു കുടുംബത്തിനും സ്വന്തം അണുകുടുംബത്തിനും എന്തെല്ലാം വൈഷമ്യങ്ങൾ നേരിട്ടിരിക്കാം! വാലത്ത്, കുടുംബം എന്ന ഭാഗത്തേയ്ക്ക് കണ്ണയച്ചതേയില്ല. ചത്തോ, ജീവിച്ചോ എന്നുപോലും അന്വേഷിക്കില്ല, എന്ന് കൃശോദരി പരാതി പറയും. എന്ത് പറഞ്ഞാലും വാലത്തിനു ഒരു കുലുക്കവുമില്ല. കേട്ട ഭാവം കാണിക്കുകയില്ല. പരിഭവങ്ങൾ കുറെ പറഞ്ഞ് ക്ഷീണിക്കുമ്പോൾ കൃശോദരി താനേ നിർത്തും. പോകുമ്പോൾ പറയും. “ഞാൻ ഇത്രയും നേരം സംസാരിച്ചത് ഒരു മരത്തിനോട് ആയിരുന്നെങ്കിൽ ആ മരം ഒന്ന് തലയാട്ടുകയെങ്കിലും ചെയ്യുമായിരുന്നു.”

ജന്മനാടായ വാലം, ചേരാനല്ലൂർ എന്നീ പ്രദേശത്തുകാർക്ക് സുപരിചിതനാണ് വാലത്ത് മാഷ്‌. എന്നും രാവിലെ അഞ്ചു മണിയോടെ ചെട്ടിപ്പടിയിൽ ദുദാച്ചൻ മൂപ്പന്റെ ചായക്കടയിൽ മാഷ്‌ എത്തും. ആരോടും നാട്ടുവർത്തമാനമൊന്നും ഇല്ല. ചെറിയ ലോഹ്യങ്ങൾ മാത്രം. കാരണം, മനസ്സ് അവിടെയെങ്ങും ആയിരിക്കില്ല. താൻ എഴുതിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ലേഖനത്തിന്റെ ചുവടു പിടിച്ചു ഭാവന സഞ്ചരിച്ചുകൊണ്ടിരിക്കും.

പലരും ചിരിക്കുന്നത് അദ്ദേഹം കണ്ടുകാണില്ല. അഭിവാദ്യം മടക്കിക്കൊടുക്കുകയുമില്ല. പക്ഷെ, ആർക്കും ദേഷ്യമില്ല. കാരണം വാലത്ത് മാഷ്‌ അങ്ങനെയാണ്. ജീവിതത്തിൽ വെറും സാധാരണക്കാരൻ. പക്ഷെ അദ്ദേഹം തങ്ങളെക്കാൾ ഉയർന്ന ഒരു വലിയ വ്യക്തി ആയിട്ടാണ് അവർ അദ്ദേഹത്തെ കരുതിയിരുന്നത്. പാഴ് വാക്കുകൾ ഒന്നും പറയുകയില്ല. താണ വിഷയങ്ങൾ—വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ—പരാതികൾ, മുറുമുറുപ്പുകൾ ഇവയൊന്നും വാലത്തിൽ നിന്നു ആരും കേട്ടിരിക്കില്ല. അതിനൊക്കെ അതീതനായ ഒരു വിശാല ചിന്താസരണിയായിരുന്നു, അദ്ദേഹത്തെ നയിച്ചിരുന്നത്.

സാധാരണ നിലവാരത്തിലുള്ള ഷർട്ടും മുണ്ടുമാണ് സ്ഥിരം വേഷം. വില കൂടിയ ‘ശീല’ ബന്ധുക്കൾ ആരെങ്കിലും സമ്മാനിച്ചാൽ സ്വീകരിക്കാൻ വളരെ പ്രയാസമാണ്. ‘ഓ, അതൊന്നും എനിക്ക് ആവശ്യമില്ല. വൃത്തിയുള്ളത് ധരിക്കണമെന്നെയുള്ളൂ.’ അതാണ്‌ വാലത്തിന്റെ ശീലം. താൻ വളർന്നു വന്ന കാലഘട്ടത്തിലെ ‘ഇല്ലായ്മ’ അദ്ദേഹത്തെ ലളിതജീവിതം നയിക്കുവാൻ പഠിപ്പിച്ചു എന്നുവേണം കരുതാൻ. ഭാര്യയ്ക്ക് സാരി വാങ്ങുമ്പോഴും അതേ പിശുക്ക് തന്നെ. ഭർത്താവ് വാങ്ങിക്കൊടുക്കുന്ന സാരിയുടുത്തു പുറത്തെങ്ങും പോകാൻ കഴിയില്ല, എന്ന് ടീച്ചർ എപ്പോഴും പറയും. ഏറ്റവും വില കുറഞ്ഞതേ വാങ്ങൂ.

ദുദാച്ചന്റെ കടയിലെ ചായ കഴിച്ചു നേരെ നടക്കും. ഗ്രാമാന്തരങ്ങളിലൂടെ കിലോമീറ്ററുകളോളം നിത്യവും നടക്കും. അതായിരുന്നു, എൺപതു വയസ്സിലും ആരോഗ്യ രഹസ്യം. ജീവിതരീതി കൊണ്ട് അദ്ദേഹം എല്ലാവർക്കും വിസ്മയമായി. മൂന്നു മക്കൾക്കും വിശ്വപ്രസിദ്ധരായവരുടെ പേരുകളിട്ട് തന്റെ ചിന്താചക്രവാളം അതിരുകളില്ലാത്തതാണെന്ന് അദ്ദേഹം തെളിയിച്ചു.

താൻ ഒരു സാമൂഹ്യ പരിഷ്കർത്താവോ, സാമൂഹ്യപ്രവർത്തകനോ പോലുമല്ലെന്നു അദ്ദേഹം നന്നായി അറിഞ്ഞിരുന്നു. ആവകയിലുള്ള യാതൊരു തിരക്കും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത്, പക്ഷെ, ഭൂതകാലത്തെക്കുറിച്ചുള്ള അടങ്ങാത്ത ജിജ്ഞാസ ഒന്ന് മാത്രമായിരുന്നു. ഇന്നലെകളിലൂടെ പിന്നാക്കം പോകുന്ന അനന്തമായ ഭൂതകാലം, അതായത് ചരിത്രം, വാലത്തിന്റെ ഇഷ്ടതട്ടകമായിരുന്നു. വീടിനെ മറന്ന്, കുടുംബത്തെ മറന്ന്, തന്നെത്തന്നെ മറന്ന് അദ്ദേഹം ആഴ്ചകളോളം താളിയോലകളിലും ശിലാലിഖിതങ്ങളിലും പരതി ചരിത്രത്തിലൂടെ ആവുന്നത്ര പിന്നോട്ട് പോകാൻ കൊതിച്ചു.

അനുകരിക്കാൻ തോന്നിക്കുന്നതും എന്നാൽ അനുകരിക്കാൻ ബുദ്ധിമുട്ടേറിയതുമായ ജീവിതശൈലി മരണം വരെ പിന്തുടർന്ന വ്യക്തിയാണ് വാലത്ത്. പ്രഭാതത്തിനു മുമ്പ് ഉറക്കമെഴുന്നേറ്റു പല്ലുതേപ്പും മറ്റും കഴിച്ചു നടക്കാനിറങ്ങും. വളരെ വേഗത്തിലാണ് നടപ്പ്. അതുകണ്ടാൽ അദ്ദേഹം ഏതോ അത്യാവശ്യ കാര്യം പ്രമാണിച്ച് പോകുന്നതാണെന്നേ കാണുന്നവർക്ക് തോന്നൂ. പതുക്കെ നടക്കുന്ന പതിവില്ല. വഴിയരികിൽ ‘ചങ്ങായി’മാരുമായി നാട്ടുവർത്തമാനം പറയലില്ല. വിനോദങ്ങൾ യാതൊന്നുമില്ല; വായനയല്ലാതെ. വായനയ്ക്കും എഴുത്തിനും മാത്രമായി ജീവിതം ഉഴിഞ്ഞു വെച്ചു. വീട്ടിൽ എല്ലാവരും ഉറങ്ങുമ്പോഴും വാലത്ത് വായനയിൽ ആയിരിക്കും. മരണാവശ്യമൊഴികെ മറ്റൊരു കാര്യത്തിനും വേണ്ടി തന്റെ സമയം പാഴാക്കി പുറത്തിറങ്ങില്ല. ആരോടും വഴക്കിനില്ല. സസ്യാഹാരിയും അല്പാഹാരിയുമാണ്. അപൂർവ്വമായി മത്സ്യവും കഴിയ്ക്കും. നന്തൻ, കൊഴുവ, പള്ളത്തി, മുള്ളൻ, എന്നീ പൊടിമീനുകളാണ് പ്രിയകരം. ചുട്ട പപ്പടം വളരെ ഇഷ്ടം. തന്റെ അമ്മ പാറു അര കല്ലിൽ അരച്ച് പാകം ചെയ്ത കറികളാണ് അദ്ദേഹത്തിന്റെ രസലോകം. ഇതൊക്കെ അതേ പാകത്തിൽ വെച്ചുകൊടുക്കാൻ ഒരു സർക്കാർ എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപിക കൂടിയായ കൃശോദരിട്ടീച്ചർ വളരെ ക്ലേശിച്ചിരുന്നു. ആർഭാടം കുറഞ്ഞ ജീവിതമാർഗ്ഗമാണ്‌ പിന്തുടർന്നതും. മാതൃക കാണിച്ചതും.

അത്യാവശ്യകാര്യങ്ങൾ ചെയ്തു തീർത്തിട്ട് വേഗം എഴുതാനിരിക്കുക, ആയിരുന്നില്ല, മറിച്ച് എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ വേഗം അത്യാവശ്യകാര്യങ്ങൾ ചെയ്യുക, അത് കഴിഞ്ഞാൽ എഴുത്ത് തുടരുക—എന്നതായിരുന്നു എഴുത്തിന്റെ രീതി. മുഴുസമയ എഴുത്തുകാരനായിരുന്നു അദ്ദേഹം എന്ന് സാരം. ഒരു വലിയ പ്രൊജക്റ്റ്‌ സമയബന്ധിതമായി ചെയ്തുകൊണ്ടിരിക്കുക; അതോടൊപ്പം കാലികവിഷയങ്ങളെക്കുറിച്ച് ചെറു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുക, ഇതായിരുന്നു വാലത്തിന്റെ രചനാരീതി എന്ന് കൂടി പറയാം. അതിനേക്കാൾ ശ്രദ്ധേയമായിരുന്നത് അദ്ദേഹത്തിന്റെ നിരീശ്വരത്വം ആയിരുന്നു. ഈശ്വരാ, ദൈവമേ എന്നീ വാക്കുകൾ അബദ്ധത്തിൽ പോലും അദ്ദേഹം ജീവിതാന്ത്യം വരെ ഉച്ചരിച്ചിട്ടില്ല. (മകൻ എന്ന നിലയ്ക്ക് എനിയ്ക്ക് അത് ഉത്തമ ബോദ്ധ്യമാണ്.)

പ്രസംഗകല വാലത്തിനു നന്നായി വഴങ്ങിയിരുന്നു. രാഷ്ട്രീയം, സാംസ്കാരികം എന്നീ മേഖലകളിൽ വാലത്ത് ഒരു തീപ്പൊരി പ്രസംഗകനായിരുന്നു. പ്രസംഗമുള്ള ദിവസം ഭാരവാഹികൾ സ്റ്റാൻഡേർഡ് കാറിൽ (അതായിരുന്നു അന്നത്തെ ചെറിയ കാർ) വന്നു വാലത്തിനെ കൊണ്ടുപോകും. ചിലപ്പോൾ അംബാസ്സഡറും. യോഗം കഴിഞ്ഞു തിരിച്ചുകൊണ്ടുവന്നാക്കുമ്പോൾ കയ്യിൽ കശവുമാലയും ഉണ്ടാവും. വാലത്തിന്റെ പുസ്തക അലമാരയുടെ മുകൾത്തട്ടിൽ രണ്ടുമൂന്നു കശവുമാലകൾ എപ്പോഴും ഉണ്ടായിരുന്നു. അന്നത്തെ കശവുമാല ഒരുപാട് പണിത്തരങ്ങൾ ഉള്ളതായിരുന്നു. അതിനു ഒരു തലമുറയുടെ സാംസ്ക്കാരിക ബോധത്തിന്റെ മുഖച്ഛാ­യയുണ്ട്.