close
Sayahna Sayahna
Search

തൊണ്ണൂറ്റൊമ്പതിലെ പെരുമഴ


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ചേരാനല്ലൂർ പള്ളി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന് വിദ്യാഭ്യാസം ആരംഭിച്ച ബാല്യകാലത്തെ മറക്കാനാകാത്ത ഒരു അനുഭവം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടതാണ്. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം. അന്ന് കൃഷ്ണന് ആറു വയസ്സ്. പിൽക്കാലത്ത് ‘ഒരു വെള്ളപ്പൊക്കത്തിന്റെ ഓർമ്മയ്ക്ക്’ എന്ന ശീർഷകത്തിൽ വാലത്ത് എഴുതിയ അനുഭവക്കുറിപ്പിലൂടെ കടന്നുപോകുന്നത് ആ കാലഘട്ടത്തിലെ കേരളീയ ജീവിതം തന്നെയാണ്. പുതിയ തലമുറയ്ക്ക് ഏറെക്കുറെ അജ്ഞാതമായ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള സരസവിവരണം.

“തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം” എന്നു പറയുകയോ, കേൾക്കുകയോ ചെയ്യാത്ത മലയാളി കാണുമോ? സംശയമാണ്. കൊല്ലവർഷം 1099-ലെ വെള്ളപ്പൊക്കം കേരളത്തെ പ്രത്യേകിച്ച് മദ്ധ്യകേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. അതിലും വലിയൊരു വെള്ളപ്പൊക്കം അതിനു മുമ്പുണ്ടായിരുന്നതായി കേട്ടിരുന്നില്ല. അതിനു ശേഷമാകട്ടെ, ഇന്നോളമുണ്ടായിട്ടുമില്ല. ഇന്നത്തെമാതിരിയുള്ള വാർത്താമാധ്യമങ്ങൾ ഇല്ലാതിരുന്നതിനാൽ മരിച്ചവരുടെ എണ്ണം കൃത്യമായി അറിയാൻ സാധിച്ചില്ല. കഠിനവർഷമായിരുന്നു, അക്കാലങ്ങളിൽ. മിഥുനം, കർക്കിടകം മാസങ്ങളിൽ സൂര്യനെ കാണുന്നത് അപൂർവ്വം. അഹോരാത്രം കോരിച്ചൊരിയുന്ന മഴ. നാട്ടിൽ തുള്ളിക്കൊരു കുടമായി പെയ്യുമ്പോൾ തുമ്പിക്കൈവണ്ണത്തിലത്രെ, മലയിൽ പെയ്യുക! കാർമേഘങ്ങളേയും കൊണ്ട് കാറ്റ് കിഴക്കോട്ട് പോയാൽ പിറ്റേന്ന് മലവെള്ളം തലനീട്ടും. തടുക്കാൻ അണക്കെട്ടുകളില്ല. മിഥുനം 27-നു പുഴയിലെ വെള്ളം ചുവന്നു കണ്ടപ്പോൾ പതിവുള്ള മലവെള്ളത്തിന്റെ ആരംഭം എന്നു മാത്രമേ ധരിച്ചുള്ളു.

വെള്ളപ്പൊക്കം ഒരു വാർഷികോത്സവമാണ്. വള്ളം കളിക്കാം. ഒഴുകിവരുന്ന മലവിറകും ശേഖരിക്കാം. കാടുകൾ അന്ന് പൂർണ്ണവിസ്‍തൃതിയിലും ഗാംഭീര്യത്തിലും നിന്നു. കാടുകളിലേയ്ക്ക് ലോറികളെ തള്ളിവിടാൻ റോഡുകളില്ല. അതുകൊണ്ട് വനംകൊള്ള സംഭവിച്ചില്ല. കാട്ടിൽ വേനൽക്കാലത്ത് അടിഞ്ഞമരുന്ന ഉണക്കമരങ്ങളും കൊമ്പുകളും മറ്റു വനവിഭവങ്ങളും മലവെള്ളം വാരിയെടുത്ത് തീരദേശത്തെത്തിക്കും. ഒരു കൊല്ലം കത്തിക്കാനുള്ള വിറകു മുഴുവൻ അങ്ങനെ ആളുകൾക്ക് സൗജന്യമായി കിട്ടിയിരുന്നു. ഞാൻ ഓർക്കുകയാണ്….

ഒരു വഞ്ചി കിട്ടാൻ ചേട്ടൻ ഓട്ടമായി. എങ്ങും കിട്ടാനില്ലെങ്കിൽ മാത്രമേ ആരും ഹസ്സൻ മാപ്പിളയെ സമീപിക്കൂ. അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്തവനാണെന്നാണ് നാട്ടിൽ സംസാരം. പുഴവക്കിലെ ഓടുമേഞ്ഞ ഏക വഞ്ചിപ്പുര ഹസ്സൻ മാപ്പിളയുടേതാണ്. അതിന്റെ തൊട്ടുപുറകിൽ തന്നെ വെള്ളതേയ്ക്കാത്ത ചെങ്കല്ലു കൊണ്ട് പണിത അയാളുടെ വീടും. സമ്പന്നൻമാരുടെ യാത്രയ്ക്കുള്ള ചിത്രപ്പണിയോടുകൂടിയ ചായം തേച്ച കൂടാരവഞ്ചി, സാധാരണക്കാരുടെ യാത്രയ്ക്കുള്ള കമാനാകൃതിയിൽ പനമ്പുകൊണ്ടുള്ള മേൽപ്പുരയോടുകൂടിയ വളവര വഞ്ചി, വളവരയില്ലാത്ത വഞ്ചി തുടങ്ങി, ഒരാൾക്ക് സ്വയം തുഴഞ്ഞു പോകാൻ പറ്റുന്ന കൊതുമ്പുവഞ്ചി വരെ പല വാടകനിരക്കിലുമുള്ള പലതരം വഞ്ചികൾ ഹസ്സൻ മാപ്പിളയ്ക്കുണ്ട്.  

‘ഒരു പുത്തൻ കൂലി’ വഞ്ചിയാണ് കിട്ടിയത്. കൊച്ചീ രാജാവിന്റെ നാണയമാണ് ‘പുത്തൻ’. പുത്തൻ പിൻവലിക്കപ്പെട്ടിട്ടും അതിന്റെ മൂല്യമായ 10 ബ്രിട്ടീഷ് പൈയെ ഒരു പുത്തൻ എന്നു വിളിക്കുന്ന കീഴ്‍വഴക്കം 99 കാലത്ത് നിലനിന്നിരുന്നു. വാണം പോലെ ഒഴുക്കിലൂടെ പാഞ്ഞുവരുന്ന മലവിറകുകൾ വഞ്ചിനിറയെ വാരിക്കൂട്ടി, വീടിന്റെ മുറ്റത്തു കൊണ്ടുപോയി കൂട്ടിയിട്ടു. ഈട്ടി, തേക്ക്, ചന്ദനം, ഇരുമുള്ള്, മരുത് തുടങ്ങി പേരറിയുന്നതും അല്ലാത്തതുമായ കാട്ടുമരങ്ങളുടെ അവശിഷ്‍ടങ്ങളാണവ. വിറകുപിടുത്തം നിറുത്തി. സന്ധ്യയോടടുക്കുന്നു. വഞ്ചി തിരിച്ചേൽപ്പിച്ചുകളയാം. നാളേക്കുവച്ചാൽ വഞ്ചിക്കൂലി ഡബിളാകും പൈയുടെ മൂല്യമുള്ള ഒരു അരയണത്തുട്ടും (അണ = 12 പൈ) 3 പൈയുടെ ഒരു കാലണത്തുട്ടും മാത്രമേയുള്ളു. അതായത് 9 പൈ. കുറവുള്ള ഒരു പൈ കടം പറയാം. വഞ്ചിയും കൊണ്ടുചെന്നു. പക്ഷെ, അണ്ടിയോടടുത്തപ്പോഴാണ് മാങ്ങയുടെ പുളി! ഹസ്സൻ മാപ്പിള തെല്ലും വഴങ്ങുന്നില്ല. പത്തു പൈയും തികച്ചു കൊണ്ടു ചെന്നാലേ, വഞ്ചി സ്വീകരിക്കുകയുള്ളു.

വഞ്ചിയും കൊണ്ടു തിരിച്ചു പോരേണ്ടിവന്നു. പോരുന്നവഴിയ്ക്കുണ്ട്, പറമ്പുകളെല്ലാം മുങ്ങിയിരിക്കുന്നു. മരങ്ങളുടെ കടയ്ക്കൽ ഒഴുക്കു കെട്ടിമറിയുന്ന ഒച്ച! വീട്ടിലെത്തി നോക്കുമ്പോൾ തെല്ലു മുമ്പു മുറ്റത്തു കൂട്ടിയിട്ട വിറകെല്ലാം ഒഴുകിപ്പോയിരിക്കുന്നു! വഞ്ചി വരാന്തയിലെ തൂണിൽ കെട്ടി. സമീപത്തുള്ള ചെറ്റക്കുടിലുകളിലെല്ലാം വെള്ളം കയറി. രാത്രിയ്ക്കു മുമ്പേ തന്നെ താമസക്കാർ ഒഴിഞ്ഞുപോയി. സന്ധ്യ മയങ്ങി. കാക്ക കരയുന്നു. പശു പതിവില്ലാത്ത വിധം ദയനീയമായി മുക്രയിടുന്നു. പട്ടി മോങ്ങുന്നു, ഒരു പറ്റം ഞാറപ്പക്ഷികൾ ദീനസ്വരം മുഴക്കി വടക്കേചക്രവളത്തിലേക്ക് പറന്നു പോയി. നായർ ചത്തു തെക്കോട്ടും, ഞാറ കരഞ്ഞു വടക്കോട്ടും എന്ന പഴമൊഴി ഓർത്തു. ഇരുട്ടു വ്യാപിച്ചു. കാറ്റും മഴയും വർദ്ധിച്ചു. അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. ആർക്കും ഉറക്കം വന്നില്ല. ദൂരെ നിന്ന് വിളിയൊച്ചയും നിലവി ളികളും മാറ്റൊലിക്കൊള്ളുന്നു. വരാന്തയിലെ ആദ്യത്തെ ചവിട്ടുപടി മുങ്ങി. രണ്ടാമത്തേതിനെ വിഴുങ്ങാൻ തല നീട്ടുകയാണ് വെള്ളം. കാറ്റിരമ്പുന്നു. മഴത്തുള്ളികൾ മുറ്റത്തെ പ്രളയജലത്തിൽ മദ്ദളം കൊട്ടുന്നു. മഴ തകർത്തു പെയ്തോട്ടെ. കാറ്റില്ലാതിരുന്നാൽ മതി. പുരയ്ക്കു മീതെ ഒരു തെങ്ങ് ചാഞ്ഞുനിൽക്കുന്നു. ഒരു കുലയിൽ മുപ്പതും നാൽപ്പതും കാഫലം തരുന്നു. പത്തുപെറ്റ പെണ്ണ് നിറയൗവനത്തിന്റ ആരോഗ്യത്തോടെ പതിനൊന്നാമത്തേതിന്റെ ഭാരവും താങ്ങി, നിൽക്കുന്ന പോലുണ്ട് തെങ്ങ് വെട്ടാൻ മനസ്സു വന്നില്ല. എന്നാൽ ഇപ്പോൾ ബോദ്ധ്യമായി, സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കുമീതേ വന്നാൽ വെട്ടണം!

എവിടെയോ എന്തെല്ലാമോ ഒക്കെ മറിഞ്ഞു വീഴുന്ന ഒച്ച! മിനിട്ടു കൊണ്ട് രണ്ടാമത്തെ ചവിട്ടുപടിയും മുങ്ങി! ഇത് ഇതിനുമുമ്പ് ഒരു കാലത്തെ വെള്ളപ്പൊക്ക­ത്തിലും ഉണ്ടാകാത്ത സംഭവമാണെന്ന് അച്ഛൻ പറയുന്നു. ഗൃഹാന്തർഭാഗം ആകെ പരിഭ്രാന്തിയിലാണ്. കൂട്ടനാമജപമായി “നാരായണ, നാരായണ…“ പാലാഴി എന്ന പാരാവാരത്തിൽ പെരുമ്പാമ്പിന്റെ പുറത്തു പത്നീസമേതം പള്ളി കൊള്ളുന്ന നാരായണനുണ്ടൊ, ഒരു പുഴയിൽ ഇത്തിരി വെള്ളം പൊങ്ങിയത് ഗൗനിക്കുന്നു! വിളിക്കേണ്ടത് നാരായണനെയല്ല, ഹസ്സൻ മാപ്പിളയെയാണ് എന്നു പറയാൻ തോന്നി. ആപത്തിൽ ഉതകാൻ പോകുന്നത് അങ്ങേരുടെ വഞ്ചിയാണല്ലൊ! പുരയ്ക്കു മീതേ വെള്ളം വന്നാൽ അതുക്കു മിതേ വള്ളം എന്നു ചൊല്ലുണ്ട്. കോഴി കൂകി. പാതിരാക്കോഴിയാകണം. ജലപ്രളയത്തിന്റെ മീതെയാകയാൽ കൂകലിന്റെ പ്രതിദ്ധ്വനിക്ക് വലിയ ശക്തിയുണ്ടായി. ‘ലെന്താർണ്ണ’ വിളക്കെടുത്ത് വാതിൽ പാതി തുറന്ന് പുറത്തേയ്ക്കു നോക്കി. ഹസ്സൻ മാപ്പിള തൂണും ചാരിനിന്ന് ഉറക്കം തൂങ്ങുന്നു! വെള്ളം മൂന്നാമത്തെ ചവിട്ടുപടിയും വിഴുങ്ങി. “സാരമില്ല.” അച്ഛൻ ആശ്വസിപ്പിച്ചു. “വെളുക്കുമ്പോൾ വെള്ളം ഇറങ്ങിത്തുടങ്ങും.” ഒന്നു മയങ്ങിപ്പോയിരിക്കും. അപ്പോൾ കേൾക്കുന്നു, നിലവിളി — “അയ്യോ, പായിൽ വെള്ളം!” പെട്ടെന്നു വാതിൽ തുറന്നു. വരാന്ത മുങ്ങിയിരിക്കുന്നു! ഭാഗ്യത്തിന് കിഴക്ക് വെള്ള കീറിയിട്ടുണ്ട്. വേഗം തന്നെ കെട്ടു കെട്ടി. ആറംഗത്തിന്റെ കുടുംബം വഞ്ചിയിൽ കേറിയപ്പോൾ‍ “അല്ലയോ, ഹസ്സൻ മാപ്പിളേ, അങ്ങയെ പടച്ചോൻ സഹായിക്കും” എന്നു പറയാൻ തോന്നി. അമരത്ത് അച്ഛൻ ഇരുന്നു. മഴ തെല്ലു ശമിച്ചിട്ടുണ്ട്. “സൂക്ഷിക്കണം. ആരും അനങ്ങിപ്പോകരുത്!” അച്ഛൻ ആജ്ഞാപിച്ചു.

എഴുത്താശാനായ അച്ഛന്റെ നാരായം പിടിച്ചു ശീലിച്ച കയ്യിൽ പങ്കായം കണ്ടപ്പോൾ അത്ഭുതം തോന്നി. വഞ്ചിക്ക് പിടിപ്പു കമ്മി. വിരൽ വെച്ചാൽ കണ്ടിക്കുന്ന ഒഴുക്കും. പുഴ, തോട്, പാടം, പറമ്പ്, എല്ലാം ഏകമയമാക്കിയ പ്രളയോപരി ഒഴുക്കിന്റെ ചുഴിയിൽ കുടുങ്ങാതെ, തെങ്ങിലും മരത്തിലും ഇടിക്കാതെ, വഞ്ചി, സമീപത്തെ ഏക പൊക്കസ്ഥലമായ ചന്തമൈതാനത്തെത്തി. നെടുവീർപ്പിട്ട് കരയ്ക്കിറങ്ങി. അവിടെ നൂറോളം വള്ളങ്ങളും ആയിരത്തോളം അഭയാർത്ഥികളും കൂടിയിട്ടുണ്ട്. നമ്പൂരിയും നായരും ഈഴവരും പുലയരും നമ്പ്രാന്തിയും ജോനകനും എല്ലാം അവിടെ അപ്പോൾ ഏകജാതി, ഏകമതം ഏകദൈവം എന്ന സിദ്ധാന്തം നടപ്പാക്കിയിരിക്കുന്നു. മനുഷ്യനെ ഒന്നിപ്പിക്കുന്നത് ദേശീയ ദുഃഖമാണ്. പലേടത്തും വള്ളം മുങ്ങിയ മരണവാർത്തകൾ കേൾക്കുന്നു. അല്പം കഴിഞ്ഞില്ല, മൈതാനത്തിന്റെ അങ്ങേതലയ്ക്കൽ നിന്ന് നിലവിളി. “തട്ടാൻപടി പൊട്ടാ‍ൻ പോകുന്നു! ഓടിക്കോ…” തട്ടാൻപടി പൊട്ടിയാൽ സ്ഥലത്തു കൂടിയിരിക്കുന്നവരുടെ കഥ കഴിയും! വന്ന വഞ്ചിയിൽ തന്നെ തിരിച്ചു കേറി. നേരേ തെക്കോട്ടു വിട്ടു. 10 നാഴിക ദൂരെ ഒരു ബന്ധുവീടുണ്ട്. അവിടം പൊക്ക പ്രദേശമാണ്. രണ്ടാഴ്ച കഴിഞ്ഞാണ് വെള്ളം  ഇറങ്ങിയത്. ഗവൺമെന്റും സാമൂഹ്യസംഘടനകളും ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തി. വടക്കേയിന്ത്യയിൽ നിന്നു പോലും ധനസഹായമെത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗാന്ധിത്തൊപ്പിയും ഖദർവസ്ത്രവും ധരിച്ച സന്നദ്ധഭടൻമാർ പനമ്പും ഓലയും മുളയും കൊണ്ട് വീടുപോയ പാവങ്ങൾക്ക് വീടു കെട്ടിക്കൊടുത്തു. പല ജന്മിമാരും ധർമ്മം കൊടുക്കാൻ പത്തായം തുറന്നിട്ടു. കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങൾ തുറക്കപ്പെട്ടു. സർക്കാർ കുടിയാനവൻമാർക്ക് കരം ഇളവുചെയ്തു കൊടുത്തു. ആപത്തു കഴിഞ്ഞ് ഞങ്ങൾ തിരിച്ചെത്തിയത് ഒരു മാസം കഴിഞ്ഞാണ്. ആദ്യം ചെയ്യേണ്ട കൃത്യം, വഞ്ചി നന്ദിപൂർവ്വം ഉടമസ്ഥനെ തിരിച്ചേൽപ്പിക്കലാണ്. മാറിയ സാഹചര്യത്തിൽ വഞ്ചിക്കൂലി ചോദിക്കാതെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കരുതിയത്. വെള്ളപ്പൊക്കക്കെടുതിയുടെ ഫലമായി ഒരു ചില്ലിക്കാശും കയ്യിലില്ല. അച്ഛൻ തന്നെയാണ് വഞ്ചി ഏൽപ്പിക്കാൻ പോയത്, വെള്ളപ്പൊക്കത്തിൽ ഹസ്സൻ മാപ്പിളയുടെ ഓർമ്മശക്തി ഒലിച്ചുപോയിരുന്നില്ല. കണക്ക് കൃത്യമായി കൂട്ടി.

“മിതിനം ഇരുപത്തിയേയാം തീയതിയാണ് മകൻ മഞ്ചി കൊണ്ടുപോയത്. അന്നത്തെ തീയതി തൊട്ട് 31-നു വരെയുള്ള ആ മാസത്തിലെ 5 ദിവസത്തെ കൂലി ഞമ്മ വെള്ളപ്പൊക്കത്തിന്റെ പേരിൽ വിടുന്നു. കർക്കടകം 32 ദെവസോം ഇന്ന് ചിങ്ങം 4 വരെയുള്ള 4 ദെവസോം കൂടി 36 ദെവസത്തിന് ദെവസം പത്തു പൈ പ്രകാരം ആകെ വരേണ്ടത് ഒരു ബ്രിട്ടീഷ് രൂപ പതിനാലണ.”

അച്ഛൻ വിനയപൂർവ്വം പറഞ്ഞു.

“ഒരു മാസത്തിനകം തന്നോളാം.”

“അതു പറ്റൂല്ലാ.”

“മലവെള്ളത്തിന്റെ പേരിൽ ഒരു വിട്ടുവീഴ്‍ച വേണം. ഹസ്സൻ മാപ്പിളെ. നമ്മളൊക്കെ നാട്ടുകാരല്ലെ?”

“അതല്ലേടോ, ആശാനേ, ഞമ്മ നിങ്ങ പറയാതെ തന്നെ 5 ദെവസത്തെ കൂലി എളവു ചെയ്തത്? എങ്ങനെ മലവെള്ളം വരാതിരിക്കും? മേടിച്ചാ കൊടുക്കാത്തവരുള്ളപ്പ മലവെള്ളോല്ല, തീമയേം പെയ്യും.”

“ശരി. എന്നാൽ പണമുണ്ടായിട്ടു വഞ്ചിയും കൊണ്ടു വരാം.”

വഞ്ചി തിരിച്ചു കൊണ്ടുവന്നു. ആളുകളെ കൂട്ടി മുറ്റത്തു കൂടി കെട്ടി വലിപ്പിച്ചു് വീടിന്റെ പടിഞ്ഞാറേ ചായ്‌‌വിലെത്തിച്ചു…കടപ്പുറത്തു ചത്തടിഞ്ഞ തിമിംഗലം പോലെ വഞ്ചി അവിടെ കമിഴ്‍ന്നു കിടന്നു, നാലഞ്ചു വർഷത്തോളം. ക്രമേണ ദ്രവിക്കാൻ തുടങ്ങി. കഷണങ്ങൾ ദിവസേന അടർന്നു വീണു. വീണത് വീണത് അന്നന്ന് അടുപ്പിലേയ്ക്കും പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം കേട്ടു: പാവം ഹസ്സൻ മാപ്പിള  മയ്യത്തായി‍. അധികം താമസിയാതെ അദ്ദേഹത്തിന്റെ ആ ചരിത്രാവശിഷ്ടവും മയ്യത്തായി…!