close
Sayahna Sayahna
Search

റിട്ടയർമെന്റ്


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

1973 മാർച്ച് മാസം വാലത്ത് അദ്ധ്യാപകജീവിതത്തിൽ നിന്ന് വിരമിച്ചു. സ്വകാര്യ സ്കൂളുകൾ ഗവർമെന്റ് എയ്ഡെഡ് സ്കൂളുകൾ ആകുന്നതിനു മുമ്പായിരുന്നു വാലത്ത് ജോലിയിൽ പ്രവേശിച്ചത്‌. എന്നുവച്ചാൽ കാര്യമായ ശമ്പളം ഒന്നും ലഭിച്ചിരുന്നില്ല, എന്നർത്ഥം. കിട്ടുന്നതാകട്ടെ മാനേജരുടെ വീട്ടു പടിക്കൽ കൂടി പല തവണ നടന്നാൽ മാത്രം. ചിലപ്പോൾ കിട്ടിയില്ലെന്നും വരാം. മുണ്ടശ്ശേരി മാസ്റ്റരുടെ നിയമനിർമ്മാണത്തോടെ എയ്ഡെഡ് അദ്ധ്യാപകർ രക്ഷപ്പെട്ടു, എന്നതാണ് വാസ്തവം. റിട്ടയർമെന്റ് ആയെങ്കിലും വാലത്ത് വിരമിക്കുകയായിരുന്നില്ല, ആരംഭിക്കുകയായിരുന്നു. പിന്നീടാണ് വാലത്തിൽ മറഞ്ഞു നിന്നിരുന്ന ചരിത്രാന്വേഷി സ്വതന്ത്രനാകുന്നത്. ഒപ്പം കേരള സാഹിത്യ അക്കാദമിയുടെ പ്രോജക്റ്റുകളും യഥാസമയം എത്തിച്ചേർന്നപ്പോൾ കേരളചരിത്രപഠനത്തിൽ ഒരു പുതിയ അദ്ധ്യായം തുറക്കപ്പെട്ടു.

1969-ൽ ‘കേരളത്തിലെ സ്ഥല ചരിത്രങ്ങൾ‘ പ്രസാധനം ചെയ്തു. ആ ഗ്രന്ഥത്തിന്റെ മാതൃകയിൽ തുടർന്ന് ചരിക്കണമെന്നു ആഗ്രഹിച്ചിരിക്കുമ്പോഴാണ് കേരള സാഹിത്യ അക്കാദമിയിൽ നിന്ന് അക്കാദമിയിലെ ഗ്രന്ഥശേഖരവും മാസികാശേഖരവും പ്രയോജനപ്പെടുത്തിക്കൊണ്ട് ഗ്രന്ഥം രചിക്കണമെന്ന വ്യവസ്ഥയിൽ സ്കോളർഷിപ്പ്‌ ലഭിച്ചത്. അക്കാദമിയുടെ ഒരു ഭാഗമായ രാമവർമ റിസർച്ച് ഇൻസ്ടിട്യൂട്ട് വക അപൂർവ്വ ഗ്രന്ഥശേഖരം കൂടി കാണാനിടവന്നപ്പോൾ പഴയ ആഗ്രഹം ശക്തിപ്പെട്ടു. മുൻപറഞ്ഞ ഗ്രന്ഥം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്ന് പെറുക്കി എടുത്ത ഏതാനും സ്ഥലങ്ങളെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. പ്രതിപാദന ഭംഗിയിലൂന്നിക്കൊണ്ടുള്ള ഒരു തരം ചരിത്രവീക്ഷണമായിരുന്നു അതിൽ. വസ്തുതകൾക്ക് മുൻ‌തൂക്കം നൽകിയും ആഴത്തിലുള്ള അന്വേഷണബുദ്ധി ആർജ്ജിച്ചുമുള്ള രീതിയിൽ തൃശൂർ ജില്ലയെ കേന്ദ്രമാക്കി ഒരു സ്ഥലചരിത്രമെഴുതാനുള്ള ആഗ്രഹം അക്കാദമി സെക്രട്ടറിയെ അറിയിക്കുകയും, അക്കാദമി നിർവാഹക സമിതി അതിനു അനുമതി നൽകുകയുമായിരുന്നു.

സ്ഥലനാമഗവേഷണത്തിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു, വാലത്തിന്റെ ചരിത്രാന്വേഷണം. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ ചരിത്രരചനയായിരുന്നു ആദ്യം തുടങ്ങിയത്. ഒടുവിലത്തേത് കേരളത്തിന്റെ രാഷ്ട്രീയതലസ്ഥാനമായ തിരുവനന്തപുരത്തിന്റെയും. കൂട്ടിൽ നിന്ന് തുറന്നുവിട്ട ദേശാടനപ്പക്ഷിയുടെ ആഹ്ലാദത്തോടെ വാലത്ത് വീട്ടിൽ നിന്നിറങ്ങി. സെൽഫോൺ പോയിട്ട് ലാന്റ് ഫോൺ പോലും സ്വന്തമായില്ല. അതിന്റേതായ മനസ്സമാധാനവും സമയലാഭവും വാലത്തിനു അനുഗ്രഹമായി.

അക്കാദമിയുടെ ഗസ്റ്റ് റൂമിൽ ദിവസവാടകയ്ക്ക് താമസം. വായ്ക്കു രുചിയുള്ള കറികളില്ലെങ്കിൽ വാലത്തിനു വിശപ്പില്ല. കുഞ്ഞുന്നാളിലേ അങ്ങനെയാണ് ശീലം. വീട് വിട്ടാൽ വായ്ക്കു രുചിയുള്ള ഭക്ഷണം എവിടെ കിട്ടും? പെറ്റമ്മ അരകല്ലിൽ അമ്മി കൊണ്ടരച്ചു കൈപ്പുണ്യത്തോടെ വെച്ച കറികളുടെ സ്വാദ് ഓർമ്മയിൽ മാത്രം. ഭാര്യ കൃശോദരി രാവിലെ എട്ടു മണിയ്ക്ക് സ്കൂളിൽ പോകാനുള്ള തത്രപ്പാടിൽ മിക്സിയിൽ അരച്ചുണ്ടാക്കിയ കറികൾ പലപ്പോഴും വാലത്തിനെ നിരാശപ്പെടുത്തിയിട്ടേയുള്ളൂ. ചില ദിവസങ്ങളിൽ അക്കാദമിയിലെ ജീവനക്കാരോടൊപ്പം ഊണ് കഴിക്കാൻ അവസരമുണ്ടാകും. അത് വാലത്തിനു വലിയ സന്തോഷമാണ്. കാരണം, വീടുകളിൽ കല്ലിൽ അരച്ച് വെച്ച കറികൾ കൂട്ടാം. ഒളരിമനയിലെ ആരോ അക്കാലത്ത് അവിടെ ജോലി ചെയ്തിരുന്നു.

‘ഒളരിമനക്കൽ ചമ്മന്തിയ്ക്കു-
ള്ളോരുരുചി നാവിൽ ഊറുന്നു!’

എന്ന് വാലത്ത് ഇടയ്ക്കിടെ മൂളാറുണ്ടായിരുന്നു.

നാടലഞ്ഞ ചരിത്രാന്വേഷണമായിരുന്നു, വാലത്തിന്റെത്. ഓരോ സ്ഥലത്തും ചെന്നെത്തി നേരിട്ട് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു, പതിവ്.

ഔദ്യോഗികവൃത്തിയിൽനിന്ന് വിരമിച്ച് ആറുവർഷങ്ങൾക്കു ശേഷം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ റിസർച്ച് സ്കോളർ ആയി പഠനം നടത്തി. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആ ഗവേഷണപ്രവർത്തനങ്ങൾ ഇരുപത്തിയാറു വർഷങ്ങൾ നീണ്ടു നിന്നു. കേരളത്തിലെ ജില്ല തിരിച്ചുള്ള സ്ഥലനാമപഠനം വളരെ ഗൌരവപൂർവ്വം അദ്ദേഹം ഏറ്റെടുത്തു. തൃശൂർ ജില്ലയുടെ സ്ഥലചരിത്രമാണ് ആദ്യം രചിച്ചത്.

വാലത്തിന്റെ സ്ഥലനാമഗവേഷണ പദ്ധതി ഏറെ ക്ലേശകരമായിരുന്നു. കാരണം, ഒരു ജില്ലയുടെ സ്ഥലചരിത്രം രചിക്കുമ്പോൾ ആ ജില്ലയിലെ ഓരോ മുക്കിലും മൂലയിലും നേരിട്ട് ചെന്ന് വിവരങ്ങൾ കുറിക്കുന്ന രീതിയായിരുന്നു. അദ്ദേഹം പറയുന്നു:

“മണ്ണിന്റെ മകനായ മനുഷ്യൻ മരിക്കുന്നു. മണ്ണ് മരിക്കുന്നില്ല. മണ്ണിന്റെതായ സ്ഥലപ്പേരും മാഞ്ഞു പോകുന്നില്ല. സഹസ്രാബ്ദങ്ങളുടെ, അഥവാ ശതാബ്ദങ്ങളുടെ കാലപ്പഴക്കത്തിൽ മണ്മറഞ്ഞവയും മറ്റൊന്നായി മാറിപ്പോയവയും വളരെയേറെയാണെങ്കിലും പഴക്കം നിർണ്ണയിക്കാൻ പറ്റാത്ത പരശ്ശതം പേരുകൾ ഇന്നും നമ്മോടൊപ്പം നിൽക്കുന്നു അവയുടെ മൂലമെവിടെ? അവ ഇവിടെ എത്തിച്ചേർന്നത് ഏതേതു വഴിയ്ക്ക്? ഏതേതു ഭാഷാഗോത്രങ്ങളിൽ കൂടി? കാലചക്രഗതിയിൽ ചതവോ, മുറിവോ, പൊട്ടലോ, പോറലോ പോലുമേൽക്കാതെ എങ്ങനെ ചിരംജീവികളായി ഇവിടംവരെയെത്തി? ഈ സമസ്യകളുടെ ഉത്തരം തേടിയുള്ള അന്വേഷണമാണ് എന്റെ ഓരോ സ്ഥലചരിത്രഗ്രന്ഥവും.

ബാല്യത്തിൽ കണ്ട വഴികൾ, വഴിയമ്പലങ്ങൾ, അത്താണികൾ, ചക്രച്ചുറ്റുകൾ, മലവാരങ്ങൾ, ഗുഹാക്ഷേത്രങ്ങൾ…എല്ലാത്തിലും നൂറ്റാണ്ടുകളുടെ കഥകളുണ്ട്. ആ കഥകൾ തേടിയാണ് ഞാനലഞ്ഞത്. ഓരോ ജില്ലയുടേയും സ്ഥലചരിത്രമെഴുതിയത് എന്റെ വീട്ടിലിരുന്നുകൊണ്ടല്ല. ജില്ലയിലെ ഓരോ ഗ്രാമത്തിലും പോയി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. എത്ര കഷ്ടപ്പെട്ടായാലും നേരിൽ കാണാതെ ഞാനൊന്നുമെഴുതിയിട്ടില്ല. ഞാൻ ‍ ഐതിഹ്യം നോക്കാറില്ല. പറഞ്ഞുകേട്ട് വിശ്വസിക്കാറുമില്ല. യുക്‍തി കൊണ്ട് ഖനനം ചെയ്കയാണ് എനിക്കിഷ്ടം.

ഒരിക്കൽ പാലക്കാട്ട് കോട്ടമല കാണാൻ പോയി. മല കയറി മുകളിൽ എത്തിയപ്പോഴാണ് സന്ധ്യയായെന്നറിഞ്ഞത്. താഴേയ്ക്കു വരാൻ പറ്റാത്ത വിധം നേരം ഇരുട്ടുകയും ചെയ്തു. കാൽ വഴുതി, കല്ലിൽ തലയടിച്ചു മരിക്കുമോ, എന്നുപോലും പേടിച്ചുപോയ നിമിഷം. ഒന്നു നിലവിളിച്ചാൽപ്പോലും അവിടെ ആരും വരികയില്ല. ഒടുവിൽ ഇരുട്ടിൽ തപ്പിത്തടഞ്ഞാണ് ഞാൻ മടക്കദൂരം താണ്ടിയത്. പാമ്പിനേയും ഇരുട്ടിനേയും പേടിച്ച ആ രാത്രി ഇന്നും എന്റെ മനസ്സിലുണ്ട്. കഷ്‍ടപ്പെട്ട് ഞാൻ കണ്ടെത്തിയ രേഖകൾ പിൽക്കാലത്ത് കുട്ടികൾക്കുംമറ്റും പ്രയോജനപ്പെട്ടത് സന്തോഷകരമായി. എം. ജി. യുണിവേർസിറ്റി എന്റെ “ചരിത്രകവാടങ്ങൾ” പാഠപുസ്തകമാക്കിയിരുന്നു. യാത്രകളുടേയും അന്വേഷണങ്ങളുടേയും ഒടുവിൽ ഞാൻ രോഗിയായത് ഓർക്കുമ്പോൾ വിഷമവുമുണ്ട്. ഇത്തരം ഗവേഷണങ്ങളിൽ നിന്ന് പിൽക്കാലത്ത് എനിക്ക് സാമ്പത്തികമായ നേട്ടമൊന്നുമുണ്ടായില്ല. മൂന്ന് ജില്ലകളക്കുറിച്ച് പഠിക്കാൻ സാഹിത്യ അക്കാദമി പ്രതിമാസം തൊള്ളായിരം രൂപ വീതം തന്നു. ഒരു ജില്ലയ്ക്ക് ഒരു വർഷം വീതം. പുസ്‍തകങ്ങൾ നാലും അക്കാദമി പ്രസിദ്ധീകരിച്ചു. അതിൽ നിന്ന് റോയൽറ്റി ഇനത്തിൽ കാര്യമായൊന്നും കിട്ടാനില്ല. സ്‍കോളർഷിപു കിട്ടിയ തുക ഗവേഷണത്തിനായി ചെലവാകുകയും ചെയ്തു. എങ്കിലും ആറു മാസത്തിനുള്ളിൽ‍ എന്റെ സ്ഥലനാമഗവേഷണഗ്രന്ഥങ്ങൾക്ക് പുതിയ പതിപ്പുകൾ ഉണ്ടാകുന്നത് ആനന്ദം നൽകുന്നു. അവയ്ക്ക് വായനക്കാരുണ്ടല്ലോ. സ്ഥലനാമങ്ങളുടെ ഉത്ഭവരഹസ്യം തേടിയുള്ള യാത്രയിൽ എനിക്ക് ധനനഷ്ടവും സ്വത്തുനഷ്ടവും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയെപ്പറ്റി പഠിക്കാനുള്ള യാത്രയ്ക്കിടയിൽ കാമറയും കുറിപ്പുകൾ രേഖപ്പെടുത്തിയ നോട്ടുബുക്കുകളുമടങ്ങിയ സ്യൂട്കെയ്‍സ് നഷ്ടപ്പെട്ടു. ഒടുവിൽ ഉടുതുണി മാത്രമായി വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.”

പാലക്കാട് ജില്ലയിൽ ഒരു പുരാതനക്ഷേത്രം ജീർണ്ണാവസ്ഥയിൽ ഉള്ളതായി അറിഞ്ഞ് ഒരു ദിവസം അത് സന്ദർശിക്കുവാൻ വാലത്ത് ചെന്നു. വിജനമായ ഒരു കുന്നിന്റെ ഉച്ചിയിലായിരുന്നു, ക്ഷേത്രം. താഴെ അടിവാരത്ത് ഒരു ചെറിയ വീടുണ്ടായിരുന്നു. വാലത്തിനെ കണ്ടപ്പോൾ വീട്ടുകാർക്ക് വിസ്മയം. ആ വീട്ടുകാർ ഇറങ്ങി വന്ന് ആരാ, എന്താ എന്നൊക്കെ ചോദിച്ചു. ക്ഷേത്രത്തിന്റെ സ്ഥിതി ഒന്നു നോക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്ക് വിസ്മയം വർദ്ധിച്ചു. വാലത്ത് കുന്നു കയറി ക്ഷേത്രം കണ്ട് ഇറങ്ങി വന്നപ്പോൾ മുമ്പ് കണ്ട വീട്ടുകാർ വരാന്തയിൽ പുൽപ്പായ വിരിച്ച് നിലവിളക്ക് കൊളുത്തി വാലത്തിനെ സ്വീകരിച്ചു. സന്ധ്യ മയങ്ങിയതിനാൽ വേഗം മടങ്ങണമെന്നു വാലത്ത് ധൃതി കാണിച്ചപ്പോൾ വീട്ടുകാർ നിർബന്ധിച്ചു വിളിച്ചിരുത്തി സൽക്കരിച്ചു.

ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഗൃഹനാഥൻ രണ്ടു ജാതകക്കെട്ടുകൾ എടുത്തു വാലത്തിന്റെ മുന്നിൽ വെച്ചു. “അമ്പലത്തിന്റെ സ്ഥിതി നോക്കുന്ന ആളല്ലേ? ഇനി ഞങ്ങളുടെ സ്ഥിതി ഒന്ന് നോക്കണം. രണ്ടു പെൺകുട്ടികളുടെ വിവാഹം ഒന്നും അങ്ങോട്ട്‌ ഒക്കുന്നില്ല.” വാലത്തിനു കാര്യങ്ങളുടെ കിടപ്പ് ഇപ്പോഴാണ് മനസ്സിലായത്‌. “വാലത്ത് ജ്യോത്സ്യൻ” രക്ഷപ്പെടാൻ വഴി തിരയേണ്ടിവന്നു. ഉടനെ പറഞ്ഞു: “ഞാൻ ഏതെങ്കിലും ഒരു കാര്യം നോക്കാൻ വന്നാൽ അന്നേ ദിവസം വേറെ കാര്യം നോക്കാറില്ല. അതുകൊണ്ട് നാളെ വരാം.” വേഗം സ്ഥലം വിട്ടു.