close
Sayahna Sayahna
Search

ഞാൻ ഇനിയും വരും


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പ്രണയത്തിന്റെ പുസ്തകം അങ്ങനെ അടച്ചുവയ്ക്കാൻ കഴിയില്ല എന്നതിന് തെളിവാണ് വർഷങ്ങൾക്കു ശേഷം വാലത്ത് 36 ഖണ്ഡങ്ങളിലായി എഴുതിയ ‘ഞാൻ ഇനിയും വരും’ എന്ന കാവ്യം.

നീയെന്റെവികാരവും
ഞാനതിലെ വിഷാദവുമാണ്.
എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്.
അതാണെന്റെ ആനന്ദം!’

എന്ന് തികച്ചും റൊമാന്റിക് ആയി ആരംഭിക്കുന്ന കവിത,

“നിത്യ കന്യകേ,
നിന്റെ പൂക്കൾ പൊഴിയാതിരിക്കട്ടെ,
നിന്റെ ഹൃദയം പാറ പോലെ പരിമൃദുലവും,
നിന്റെ സൌന്ദര്യം മഴവില്ലുപോലെ ശാശ്വതവുമാണ്.”

എന്ന പ്രലപനത്തിലൂടെ ഒരു വിടപറച്ചിലിൽ എത്തുന്നു.

“പിരിഞ്ഞു പോകലെന്ന
ആചാര മര്യാദയുടെ മദ്ധ്യേ
നാം അവസാന ഭക്ഷണത്തിനിരുന്നു.
നീയെനിക്കെതിരെ ഇരുന്നു. നിശബ്ദയായി.
നിർവ്വികാരയായി. നിഗൂഢയായി.
ഉള്ളിൽ ലഹള. ചുണ്ടിൽ മൂകത.
ഒരു വാക്ക് നീ മൊഴിഞ്ഞില്ല.
ഒരു പുഞ്ചിരി തൂകിയില്ല.
ഒരു വാക്ക്. ഒരു നോക്ക്.
ഞാനതിൽ ഒരു സായൂജ്യം കെട്ടിപ്പടുത്തേനെ.”

ഒരു ട്രെയിനിംഗ് കോളേജിലെ ഹ്രസ്വകാല ശരാശരിപ്രണയത്തിനു അപ്പുറം ഇതിനു ആയുസ്സുണ്ടായിരുന്നില്ല. ഏതൊക്കെയോ പ്രതിബന്ധങ്ങളിൽ തട്ടി ആ പ്രണയം തകർന്നു. വാലത്ത് തഴയപ്പെട്ടു. ധീരമായി അന്തസ്സായി പിൻവാങ്ങുകയും ചെയ്തു! എങ്കിലും പ്രണയനൊമ്പരം വർഷങ്ങൾക്കു ശേഷവും കത്തിനിന്നു. ഹൃദയം കൊണ്ട് എഴുതിയ വരികളാണ് എന്നതാണ് ഈ കാവ്യത്തിന്റെ ആകർഷണീയത.

‘നീയെന്റെ വികാരവും
ഞാനതിലെ വിഷാദവുമാണ്.
എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്.
അതാണെന്റെ ആനന്ദം!’

പക്ഷെ, അന്തിമയുദ്ധത്തിൽ വിജയം തനിക്കൊപ്പമായിരിക്കുമെന്നു അദ്ദേഹത്തിന് ഉറപ്പുണ്ട്. അങ്ങനെ ഒരു ദിവസം,

“കൈ നിറയെ വിജയവും കാൽ നിറയെ ചോരയും കൊണ്ട്
ഞാൻ കയറി വരും.
അന്ന് നീ
ഈ നെറ്റിയിലെ വിയർപ്പു തുടക്കുമോ?…
ഈ കവിളിലെ കണ്ണീരൊപ്പുമോ…?”

എന്ന ചോദ്യത്തോടെ കാവ്യം അവസാനിക്കുന്നു. നെറ്റിയിലെ വിയർപ്പും കവിളിലെ കണ്ണീരും തുടയ്ക്കപ്പെടുകയില്ല, എന്നു അദ്ദേഹത്തിന് നന്നായറിയാം. കൈയി­ലെ വിജയവും കാലിലെ ചോരയും വിലപ്പോവുകയില്ലെന്നും ബോദ്ധ്യമുണ്ട്. കണ്ണീരും നൊമ്പരവും തനിക്കു മാത്രമുള്ളതാണെന്ന തിരിച്ചറിവിൽ വാലത്ത് അതിലാനന്ദം കണ്ടെത്തുകയായിരുന്നു.

നീലാകാശത്തിന്റെ ഞെട്ടിയിൽ നിന്നു
നീയൊരു നക്ഷത്രം പോലെ
പൊട്ടിവീണു.
ഒരു തെന്നൽ പോലെ നീ വരികയും,
ഒരു മിന്നൽ പോലെ നീ പോകയും ചെയ്തു.
നീയെന്റെ മനസ്സിൽ ഒരു ഓട്ടയുണ്ടാക്കുകയും
അതിൽ ഒളിച്ചിരിക്കുകയും ചെയ്തു.’

‘ഞാൻ ഇനിയും വരും’ 1975-ൽ സമസ്തകേരള സാഹിത്യപരിഷദ് ഹാളിൽ വെച്ച് പ്രൊഫ. സുകുമാർ അഴീക്കോട്‌ പ്രകാശനം ചെയ്തു. അധ്യക്ഷൻ ടി. കെ. സി. വടുതല. എം. എം. ബഷീർ, ഓ. പി. ജോസഫ്, പോഞ്ഞിക്കര റാഫി, എൻ. കെ. ഏ. ലത്തീഫ്, തുടങ്ങിയവർ പ്രസംഗിച്ചു.