close
Sayahna Sayahna
Search

പട്ടാളക്കാരൻ


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

എസ്. എസ്. എൽ. സി. പരീക്ഷ വളരെയേറെ പ്രാധാന്യത്തോടെ നടത്തപ്പെട്ടിരുന്നകാലം. അന്ന് എസ്. എസ്. എൽ. സി. പരീക്ഷ പാസ്സായാൽ അതൊരു പദവിയായിരുന്നു. അഭിമാനമായിരുന്നു. എല്ലാ വിഷയങ്ങളിലും ജയിക്കണം. എങ്കിലേ വിജയിക്കൂ. ഏതെങ്കിലും ഒരു വിഷയത്തിൽ തോറ്റാൽ പൂർണ പരാജയം. പിന്നെ എല്ലാ വിഷയങ്ങളും വീണ്ടും എഴുതണം. പിൽക്കാലത്ത് ഗ്രൂപ്പ് സമ്പ്രദായം, മോഡറേഷൻ, തുടർമൂല്യ നിർണ്ണയം, ഗ്രേസ് മാർക്ക്, സേ പരീക്ഷ എന്നീ ഓമനപ്പേരുകളിൽ മാർക്ക് ദാനങ്ങൾ കടന്നുവന്നു. വിജയം നൂറുമേനി കൊണ്ടാടുകയാണിപ്പോൾ. ഗുണനിലവാര താരതമ്യം അവിടെ നിൽക്കട്ടെ. ഏതായാലും വാലത്ത് ഏറെ പ്രയത്നിച്ചു പരീക്ഷയെഴുതി. അക്കാലത്ത് പരീക്ഷാഫലം എല്ലാ ദിനപത്രങ്ങളും പൂർണമായി പ്രസിദ്ധീകരിക്കുമായിരുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി അടുത്തു. ഫല പ്രഖ്യാപനത്തിന്റെ തലേന്ന് വാലത്ത് നാടുവിട്ടു. തീവണ്ടിയിൽ അദ്ദേഹം മദിരാശിയിൽ എത്തി. ആ യാത്രയ്ക്ക് കാരണം ഭാവിയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. വിജയിക്കുമോ, എന്ന സംശയവും. വിജയിച്ചാൽ തന്നെയും തുടർ പഠനത്തിനു നിവൃത്തിയില്ല. എന്തെങ്കിലും വരുമാനമാർഗ്ഗം കണ്ടെത്തിയേ തീരൂ. സാഹിത്യം തന്റെ ആത്മാവിഷ്കാരഭൂമികയാണ്. ജീവനോപാധിയല്ല. പിറ്റേന്ന് ഫലപ്രഖ്യാപനം. രാവിലെ ‘ദി ഹിന്ദു’ പത്രത്തിൽ അച്ചടിച്ചുവന്ന പരീക്ഷാ ഫലത്തിൽ നോക്കിയപ്പോൾ വാലത്തിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. എസ്. എസ്. എൽ. സി. വിജയിച്ചിരിക്കുന്നു. ഉടനെ നാട്ടിലേക്ക് മടങ്ങിപ്പോന്നു.

എന്നിട്ടും എന്തു ചെയ്യണം, എങ്ങോട്ടു പോകണം എന്ന കാര്യത്തിൽ വ്യക്തത വന്നില്ല. കിട്ടാവുന്ന കൃതികളും ക്ലാസ്സിക്കുകളും വായിച്ചു. തനിക്ക് എന്തൊക്കെയോ ചെയ്യാനുണ്ട്, തനിക്കു എന്തൊക്കെയോ പറയാനുണ്ട്, എന്ന ഉൾബോധം വാലത്തിന്റെ മേൽ നിയന്ത്രണം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

അങ്ങനെയിരിക്കെ എറണാകുളത്ത് വെച്ചു മിലിട്ടറി റിക്രൂട്ടിംഗ് നടക്കുന്ന വിവരം അറിഞ്ഞു വാലത്ത് അവിടെ ഹാജരായി. കടുത്ത മാനസികസംഘർഷം അനുഭവിക്കേണ്ടി വന്നു. കാരണം, താൻ ഏറ്റവും വെറുക്കുന്ന സാമ്രാജ്യത്വ ശക്തിയുടെ പ്രതീകമാണ് ഗ്രേറ്റ് ബ്രിട്ടൻ. അങ്ങനെയിരിക്കെ ബ്രിട്ടന്റെ കൂലിപ്പട്ടാളത്തിൽ പണിയെടുക്കുക എത്ര നിന്ദ്യമാണ്. സാമ്രാജ്യത്വം ‘വെച്ച് നീട്ടുന്ന നക്കാപ്പിച്ച’യ്ക്കു മുന്നിൽ ഒരു ലോകപൌരൻ ആദർശങ്ങൾ ബലികഴിയ്ക്കുക എന്നത് എത്ര അപമാനകരമാണ്? മറുവശത്ത്, ആരിൽ നിന്നായാലും അദ്ധ്വാനിച്ചു പ്രതിഫലം പറ്റുന്നതിൽ തെറ്റില്ല, എന്ന ചിന്തയും. മറ്റു തൊഴിൽ സംരംഭങ്ങളുടെ കുറവും വാലത്തിനെ സ്വാധീനിച്ചു. എന്തായാലും വാലത്ത് ബ്രിട്ടീഷ്‌ സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1939-1945 വരെയുള്ള കാലത്തു സഖ്യകക്ഷികളും അച്ചുതണ്ടു ശക്തികളും തമ്മിൽ നടന്ന നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ രണ്ടാം ലോക മഹായുദ്ധകാലത്താണ് വാലത്ത് സിവിലിയൻ ക്ലാർക്കായി ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിൽ ചേരുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ ജോലി ചെയ്യാനുള്ള മാനസികശക്തി വാലത്തിനുണ്ടായിരുന്നതായി കരുതാൻ ന്യായമില്ല. വാലത്ത് പട്ടാളത്തിൽ പണിയെടുത്തിട്ടുണ്ട് എന്നത് തന്നെ വലിയൊരു തമാശയാകാം.

ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിലെ അംനിഷൻ ഡിപ്പോയിലായിരുന്നു, ജോലി. അങ്ങോട്ടുള്ള യാത്ര ആവേശം നിറഞ്ഞതായിരുന്നു. പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്ര. എറണാകുളത്ത് നിന്നു തീവണ്ടി മാർഗം കോഴിക്കോട്ടു എത്തി, അവിടെനിന്നു, മനോഹരമായ താമരശ്ശേരി ചുരം കയറി, വയനാട് വഴി ബാംഗ്ലൂരിൽ എത്തിയിട്ടാണ് ജോലിയിൽ പ്രവേശിച്ചത്‌. അവിടെ എത്തിപ്പെട്ടത് അന്നത്തെ സാഹചര്യത്തിൽ ചില്ലറക്കാര്യമല്ല. ആ ജോലി സമ്പാദനം ഒരു രക്ഷപ്പെടലായിരുന്നു. ദാരിദ്ര്യത്തിൽ നിന്നു, നാട്ടിലെ തൊഴിലില്ലായ്മയിൽ നിന്ന്, പിതാവ് അനുഷ്ഠിച്ചു പോന്ന പൌരോഹിത്യ കർമ്മത്തിൽ നിന്ന്. അതിലുപരി ലോകം കാണുക എന്ന കൌതുകം ആത്മാവിൽ തുടിച്ചു നിന്നത് കൊണ്ടും! പഞ്ചായത്തിനു വെളിയിൽ, സംസ്ഥാനത്തിനും രാജ്യത്തിനും വെളിയിൽ ലോകം എന്ന മഹാസാമ്രാജ്യത്തിലെ മഹാജനസാഗരത്തിൽ എളിയ ഒരാളായി, തൊഴിലാളി വർഗ്ഗപ്പോരാളിയാവുക എന്നതായിരുന്നു സ്വപ്നം. അവിടെ അദ്ദേഹം പലപല മഹാത്മാക്കളെ കണ്ടു. ഗാന്ധിജി, നെഹ്‌റു, കാറൽ മാർക്സ്, എംഗൽസ്, ലെനിൻ, സ്റ്റാലിൻ…അതുപോലെ, ദുഷ്ടശക്തികളെയും കണ്ടു. ഒന്നാം ലോക മഹായുദ്ധത്തിൽ പിറക്കുകയോ പൊലിയുകയോ ചെയ്ത വിപ്ലവങ്ങൾ വാലത്തിനെ ഹരം കൊള്ളിച്ചു. അദ്ദേഹം മനുഷ്യന്റെ പക്ഷത്തായിരുന്നു. അതുകൊണ്ട് വിപ്ലവത്തിന്റെയും. രണ്ടു ലോക മഹായുദ്ധങ്ങളിലൂടെ കൊന്നൊടുക്കപ്പെട്ട ശതകോടി മനുഷ്യർ ലോകത്തിന്റെ ആകമാനം ദു:ഖമാണ്. നിരാലംബരായ പാവപ്പെട്ട മനുഷ്യർ. തന്റെ അച്ഛനും അമ്മയും പെങ്ങളും അക്കൂട്ടത്തിൽ ഉള്ളതായി വാലത്ത് കണ്ടു.

ക്ലാർക്കിന്റെ ജോലിയാണ്. തോക്കെടുത്ത് അതിർത്തിയിൽ പോകുകയൊന്നും വേണ്ട. കൊള്ളാം, നല്ല കാര്യം. കുറെനാൾ ജോലി ചെയ്തു. എന്നാൽ, തങ്ങൾക്കു തെറ്റ് പറ്റി എന്ന് റിക്രൂട്ടിംഗ് ഓഫീസർമാർ തിരിച്ചറിഞ്ഞത് പിന്നീടാണ്. ബ്രിട്ടനാണ് ഇന്ത്യ ഭരിക്കുന്നത്‌. പക്ഷെ, ഒരു ബ്രിട്ടീഷ്‌ വിരോധിയെ ആണ് അവർ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്തത്. 1943 ഒക്‍ടോബർ 3-ലെ മാതൃഭൂമി ആഴ്‍ചപ്പതിപ്പിൽ വാലത്തെഴുതിയ ‘ഇരുപതാം നൂറ്റാണ്ടിന്റെ വെളിച്ചം’, എന്ന കവിത ആരോ കുത്തിപ്പൊക്കി സായ്‌‌പ്പിനെ വായിച്ചു കേൾപ്പിച്ചപ്പോഴാണ് അബദ്ധം തിരിച്ചറിയുന്നത്. ഒരു ഗാന്ധിജീസ്തുതി…“ഗാന്ധിജി ജീവിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ വെളിച്ചം ജ്വലിക്കുന്നു.” ഇതാണ് ആദ്യ വരി. ഒരു പ്രശസ്ത മലയാളകവി നമ്മുടെ ഗുമസ്തപ്പടയിൽ ഉണ്ട് എന്ന അഭിമാനകരമായ വാർത്തയറിഞ്ഞു ധ്വര (സായ്പ്) സന്തുഷ്ടനായി. അദ്ദേഹം തന്റെ മുറിയിലേക്ക് വാലത്തിനെ വിളിപ്പിച്ചു. കഴിയുന്നത്ര മനസ്സിലാകാവുന്ന ഇംഗ്ലീഷിൽ ചില കാര്യങ്ങൾ ചോദിച്ചു.

“ഗാന്ധിജി ബ്രിട്ടീഷ്‌ഗവണ്മെന്റിനു എതിരാണെന്ന് അറിയാമോ? ബ്രിട്ടീഷ്‌ പട്ടാള ഉദ്യോഗസ്ഥനായിരുന്നുകൊണ്ട് ഗാന്ധിയെ പ്രകീർത്തിച്ചു കവിതയെഴുതുന്നത് ശിക്ഷാർഹമല്ലേ? മേലിൽ ആവർത്തിക്കാതിരിക്കുമോ?”

മൂന്നേ മൂന്നു ചോദ്യങ്ങൾ. വാലത്ത് ആറാം ക്ലാസ്സ് മുതൽ ഗാന്ധിയുടെ ആരാധകനാണ്. അറിയാവുന്ന ഇംഗ്ലീഷിൽ മറുപടി നൽകി.

“എതിരാണെന്നറിയാം. ശിക്ഷാർഹമാണെന്നും അറിയാം. പക്ഷേ, മേലിലും ആവർത്തിക്കും.”

സായ്പ്‌ അത്ഭുതപ്പെട്ടു. ഈ മലയാളികളുടെ ഒരു…! അദ്ദേഹം ഉടൻ തന്നെ ഒരു പാരിതോഷികം കവറിലിട്ടു വാലത്തിനു കൊടുത്തു. ഹസ്തദാനവും ചെയ്തു.

സംഭവം നടക്കുന്നത് രാവിലെ ഒൻപതു മണിക്ക്. ഉച്ചയോടെ പെട്ടിയും പ്രമാണങ്ങളുമെടുത്ത് വാലത്ത് നാട്ടിലേക്ക് മടങ്ങി. സല്യൂട്ട് ഗ്രേറ്റ് ബ്രിട്ടൻ. എബൌട്ടേൺ—മാർച്ച്‌!