close
Sayahna Sayahna
Search

ശരണം വിളി കൂടാതെ ഒരു ശബരിമല യാത്ര


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

1961 ഡിസംബർ 22-നായിരുന്നു സംഭവബഹുലമായ ശബരിമല യാത്ര. ഇതിനകം അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റും നിരീശ്വരവാദിയുമായി മാറിക്കഴിഞ്ഞിരുന്ന വാലത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു, വേലിക്കകത്ത് പ്രഭാകരനും, വാലത്ത് സുബ്രഹ്മണ്യനും, ഗോപാലനും. അവർ അക്കൊല്ലം ശബരിമലയ്ക്ക് പോകാൻ വ്രതം തുടങ്ങിയിരിക്കുകയായിരുന്നു. 41 ദിവസത്തെ വ്രതം. വാലത്ത് ശബരിമലയെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. കൂട്ടുകാർ പോകുന്നു എന്ന് കേട്ടപ്പോൾ കൂടെ പോകാൻ ഒരു മോഹം. പക്ഷെ, അവർ കൊണ്ടുപോകുകയില്ല. കാരണം, ഇയാളെയും കൊണ്ടു പോയാൽ അപകടം ഉറപ്പ്. ആരെയെങ്കിലും പുലിപിടിക്കും.

അക്കാലത്ത് ശബരിമല യാത്ര രണ്ടും കൽപ്പിച്ചാണ്. പോകുന്ന സംഘത്തിലെ എല്ലാവരും തിരികെ എത്തുമെന്നുറപ്പില്ല. മലമ്പനി പിടിച്ചു മരിക്കാം. പുലി പിടിച്ചുകൊണ്ടു പോകാം. പുലിപ്പേടി എന്നൊരു പേടി തന്നെ ഇങ്ങനെയുണ്ടായതാണ്. ഇന്നത്തെ കാലത്ത് ശബരി മലയാത്ര എത്രയോ സുഖപ്രദമാണ്. പലരും പമ്പ വരെ വാഹനത്തിലും പിന്നെ ഡോളിയിലുമാണല്ലോ. ‘ഡോളി എക്സ്പെൻസ് മാനേജ്’ ചെയ്യാൻ പറ്റാത്തവർ ആവുന്ന കാലം മലകയറുകയും പിന്നെ നിർത്തുകയും ചെയ്യുന്നു. അർദ്ധരാത്രി പുറപ്പെട്ട്, പിറ്റേന്ന് വെളുപ്പിന് പമ്പയിലെത്തി കുളിച്ചു മല കയറി, ഉച്ചയ്ക്ക് മുമ്പേ തൊഴലും അഭിഷേകവും പ്രസാദ ഊട്ടും കഴിച്ചു, സന്ധ്യയോടെ മടങ്ങിയെത്തുന്നവരുമുണ്ട്.

പണ്ട് സൌകര്യങ്ങൾക്കായിരുന്നില്ല; ഭക്തിയ്ക്കായിരുന്നു പ്രാധാന്യം. ഗ്രാമാന്തരങ്ങളിൽ എങ്ങും രാത്രികാലങ്ങളിൽ അയ്യപ്പൻ പാട്ടുകൾ കേൾക്കാമായിരുന്നു. ‘കെട്ടുനിറ’ ഭക്തിനിർഭരമായ ചടങ്ങാണ്. വീട്ടിൽ ആഘോഷമാണ്. ബന്ധുക്കളും അയൽക്കാരും സംബന്ധിക്കും. വളരെ നേരം അയ്യപ്പൻ പാട്ട് അഥവാ ശാസ്താംപാട്ട് കേൾക്കാം. പിന്നീട് കെട്ടുനിറ ആരംഭിക്കും. ഇരുമുടിക്കെട്ടിലേക്ക് ഓരോ സാധനങ്ങൾ എടുത്തുവയ്ക്കുമ്പോഴും സ്വാമിയേ, ശരണമയ്യപ്പാ വിളി ഉയരും. ഓരോ ശരണം വിളിയിലും ഒരായിരം പ്രാർത്ഥനയുണ്ട്. എന്റെ ഭർത്താവിന്, എന്റെ അച്ഛന്, അങ്ങനെ ‘എന്റെ’ എല്ലാവർക്കും സുഖമായി ശബരിമലയിൽ അയ്യപ്പദർശനം കഴിയ്ക്കാൻ സാധിക്കണമേ എന്നൊക്കെയുള്ള പ്രാർത്ഥന. അത് പിന്നീട് തേങ്ങലായി മാറും. വൈകാതെ അത് കരച്ചിലാകും. കെട്ടു നിറച്ച് ഉറ്റവർ വീട്ടിൽ നിന്നു പടിയിറങ്ങുമ്പോൾ കരച്ചിൽ അലമുറയായി മാറും. കാരണം അവർ എല്ലാവരും പോകുന്നതു പോലെ തിരിച്ചെത്തുമെന്ന് ഒരു ഉറപ്പുമില്ല. അത്തരം ഒരു കാലമായത് കൊണ്ടാകും, വാലത്തിനെ കൂടെ കൂട്ടാൻ സുഹൃത്തുക്കൾ മടിച്ചത്. വാലത്ത്, പക്ഷെ തന്റെ ആഗ്രഹത്തിൽ നിന്നു പിന്മാറിയില്ല. ഒഴിയാബാധയായപ്പോൾ അവർ മയപ്പെട്ടു. അങ്ങനെ വാലത്തും ശബരിമലയിലേക്ക്.

വ്രതം എടുക്കാതെ, താടിയും മുടിയും വളർത്താതെ, കറുപ്പ് വസ്ത്രം ധരിക്കാതെ ഇരുമുടിക്കെട്ടില്ലാതെ വാലത്തും കൂടെ പുറപ്പെട്ടു. അയ്യപ്പൻ ഹിന്ദു മതദൈവമല്ലെന്നു വാലത്ത് തന്റെ കൂട്ടുകാരോട് പറഞ്ഞു. അയ്യപ്പന് ബുദ്ധമതവുമായിട്ടാണ് ബന്ധം. അനുഗ്രഹമുദ്രയുമായി ‘ഇരിക്കുന്ന’ ദൈവങ്ങൾ ബുദ്ധമതത്തിലാണ്. കറുത്ത വസ്ത്രവും ശരണം വിളിയും ബുദ്ധമതത്തിലേതാണ്. ചുരുക്കത്തിൽ വാലത്ത് ശബരിമലയിലെത്തുന്നത് ഒരു ടൂറിസ്റ്റായിട്ടാണ്. 1961 ഡിസംബർ 22-നു യാത്ര പുറപ്പെട്ടു. അന്ന് രാത്രി എരുമേലിയിൽ ക്യാമ്പ്. പിറ്റേന്ന് അഴുതയിൽ ക്യാമ്പ്. 24-നു പമ്പയിലും 25-നു സന്നിധാനത്തും എത്തി.

പതിനെട്ടാംപടിക്കുതാഴെ പോലീസ് വാലത്തിനെ തടഞ്ഞു. ഇരുമുടി എവിടെ? വാലത്ത് പറഞ്ഞു. ഇരുമുടി ഇല്ല. എന്നാൽ കയറണ്ട. പോലീസ് തീർത്തു പറഞ്ഞു. വാലത്ത് ഉടനെ പോംവഴി കണ്ടു. അൽപ്പം മാറി നിന്നു് ഭാണ്ഡം തുറന്നു. ചെറിയ കാപ്പിക്കലം, പഞ്ചസാരപ്പാത്രം, പലവ്യഞ്ജനപ്പാത്രങ്ങൾ എന്നിവ നിറച്ച് ഇരുമുടി ഉണ്ടാക്കി. അത് തലയിൽ വെച്ച് പടികയറി സന്നിധാനത്തെത്തി. ഒരു രാത്രി അവിടെ കഴിച്ചു 26-നു വണ്ടിപ്പെരിയാർ വഴി മടങ്ങി. 27-നു വീട്ടിൽ എത്തി. ഒരു നിരീശ്വരനായി ശബരിമലയിൽ എത്തി, നിരീശ്വരനായിതന്നെ മടങ്ങിപ്പോന്നു. നിറയെ സ്മരണകളുമായി വാലത്ത് ‘ശബരിമല–ഷോളയാർ–മൂന്നാർ’എന്ന ഗ്രന്ഥം എഴുതാനിരുന്നു. കൃത്യം ഒരു മാസമായപ്പോൾ ഫെബ്രുവരി 26-നു യുക്തിവാദി മാസികയ്ക്കു ലേഖനം പോസ്റ്റ് ചെയ്തു. “ഞാൻ കണ്ട ശബരിമല.”

യുക്തിമാർഗ്ഗത്തിലെ ആ യാത്ര നാട്ടതിർത്തികൾ കടന്നു ദേശീയമായും അന്തർദേശീയമായും മനുഷ്യരാശിയുടെ ഭാഗധേയങ്ങൾ തിരഞ്ഞു. ദൈവസങ്കല്പങ്ങൾ കേവലം സങ്കൽപ്പങ്ങൾ മാത്രമാണെന്ന് തിരിച്ചറിയുക മാത്രമല്ല, സ്വന്തം ഭാര്യയേയും മക്കളേയും അന്ധവിശ്വാസങ്ങളിൽ നിന്നകറ്റിനിർത്തുവാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്തു.

സ്വന്തം മക്കൾ നിത്യവും ചൊല്ലുന്ന സന്ധ്യാപ്രാർത്ഥനയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്കർഷിച്ചു. പരമ്പരാഗതനാമകീർത്തനങ്ങൾ പാടെ നീക്കം ചെയ്യപ്പെട്ടു. പുതിയ സന്ധ്യാവന്ദനം ഏർപ്പെടുത്തി. സന്ധ്യാദീപമായി നിലവിളക്ക് കൊളുത്താം. വിരോധമില്ല. ഇനി നാമജപം ആരംഭിക്കാം. ആദ്യം ‘അഖിലാണ്ടമണ്ഡലം അണിയിച്ചൊരുക്കി’! തുടർന്ന് കുമാരനാശാന്റെ ‘പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി’. അതുകഴിഞ്ഞ് ചങ്ങമ്പുഴയുടെ ‘ആരു വാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?’ അടുത്തതായി ഋഗ്വേദത്തിൽ നിന്ന് ഒരു സൂക്തം. ഇംഗ്ലീഷിലാണ്. ‘ലെറ്റ്‌ ആൾ ദി നോബിൾ തോട്സ് കം ടു അസ് ഫ്രം എവെരിസൈഡ്.’ അത് കഴിഞ്ഞു ദേശീയഗാനം, ജനഗണമന! അതിന്റെ അവസാനം നെറ്റിയിൽ കൈ ചേർത്ത് സല്യൂട്ട്. ജയ് ഹിന്ദ്‌! ഇത്രയുമാണ് സന്ധ്യയ്ക്ക് വരാന്തയിൽ നിലവിളക്ക് കൊളുത്തി, തടുക്കു പായിട്ടിരുന്നു ചൊല്ലുന്ന സന്ധ്യാപ്രാർത്ഥന! ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരു പ്രാന്ത് കാണില്ല, എന്നു് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ, ഞാനുൾപ്പടെ മൂന്നു മക്കളും കുറേക്കാലം അത് അനുസരിച്ചിട്ടുണ്ട്.