close
Sayahna Sayahna
Search

അയയ്ക്കാഞ്ഞ കത്ത്


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

1948 സെപ്തംബർ 18-നു ടി. ടി. സി. യ്ക്ക് പരിശീലനം ആരംഭിച്ചു. അദ്ധ്യാപകജീവിതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു, അത്. അദ്ധ്യാപകപരിശീലന കാലഘട്ടത്തിൽ വാലത്ത് ധാരാളം ചെറുകഥകളും ഒരു നോവലും എഴുതി. ചെറുകഥ എന്ന പേരിൽ കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മാസികയിൽ വൈക്കം മുഹമ്മദ്‌ ബഷീർ, ഉറൂബ്, ടാറ്റാപുരം സുകുമാരൻ, തോമസ്‌ പള്ളിക്കൽ, തോമസ്‌ പാലാ, എം. ടി. വാസുദേവൻ നായർ എന്നിവരോടൊപ്പം സ്ഥിരമായി വാലത്തിന്റെ ഓരോ കഥയും പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ‘ഇവിടെ ഒരു കാമുകൻ മരിക്കുന്നു’ എന്ന നോവലും. ഒരു ഭഗ്നപ്രണയത്തിന്റെ ദുഃഖസ്മരണകൾ അടിത്തറയിട്ട പ്രമേയമായത് കൊണ്ടാകാം ശീർഷകം കാമുകന്റെ മരണത്തിൽ കലാശിച്ചത്. ഇനി വണ്ടി ഇല്ലാ, അയയ്ക്കാഞ്ഞ കത്ത് എന്നീ രണ്ടു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. അയയ്ക്കാത്ത കത്ത് 18/9/1948-ൽ ജയകേരളം മാസികയിലാണ് ആദ്യം വെളിച്ചം കണ്ടത്. ഇതിവൃത്തം രണ്ടിലും ഒറ്റവാക്കിൽ പ്രേമപരാജയം ആണെന്ന് പറയാം.

1949-ൽ ടി. ടി. സി. പൂർത്തിയാക്കി ചേരാനല്ലൂർ അൽ ഫറൂഖ്യ ഹൈസ്കൂളിൽ അദ്ധ്യാപകനായി. അക്കാലത്ത് കേരള എം. എൽ. സി. (നിയമസഭാ കൌൺസിൽ അംഗം) ആയിരുന്ന വി. കെ. കുട്ടിസാഹിബ് ആയിരുന്നു സ്കൂൾ മാനേജർ. ജീവിതത്തിനു ഒരടുക്കും ചിട്ടയും കൈവന്നു. വീട്ടിൽ നിന്ന് ജോലിയ്ക്ക് നടന്നു പോയി വരാം. ആ ജോലിയിൽ തുടർന്നു 1973-ൽ സർവീസിൽ നിന്ന് വിരമിച്ചു. സാമൂഹ്യശാസ്ത്ര അദ്ധ്യാപകനായി ഏതാണ്ട് 24 വർഷം ജോലി ചെയ്തു. ഒരു വിദഗ്ദ്ധ അദ്ധ്യാപകനായിരുന്നു എന്നു് ആരും പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ, ലോകചരിത്രകാര്യങ്ങളിൽ വാലത്ത് മാഷ്‌ തികഞ്ഞ പണ്ഡിതനാണ്. ആ നാളുകളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹം പ്രസംഗകനായിരുന്നു. ഒരു സാമൂഹ്യശാസ്ത്ര അദ്ധ്യാപകന് അക്കാലത്ത് വിദ്യാലയത്തിൽ നിർവഹിക്കേണ്ട ചുമതലകൾക്കപ്പുറം വാലത്ത് തന്റെ സാഹിത്യപ്രവർത്തനങ്ങൾക്കാണ് കൂടുതൽ സമയം ചെലവഴിച്ചത്‌. ഉപജീവന മാർഗ്ഗം അദ്ധ്യാപനം ആയിരുന്നു എങ്കിലും അദ്ദേഹം വിദ്യാലയത്തിൽ ഒതുങ്ങിക്കൂടിയില്ല. തനിക്കു എന്തൊക്കെയോ ഗൌരവതരമായ പ്രവർത്തനങ്ങൾ ചെയ്യാനുണ്ടെന്നും താൻ വേറിട്ട വ്യക്തിത്വമാണെന്നു അദ്ദേഹം വിശ്വസിച്ചു. അതാണ്‌ അദ്ദേഹത്തെ മറ്റ് അദ്ധ്യാപകരിൽ നിന്ന് വ്യത്യസ്തനാക്കിയത്.