close
Sayahna Sayahna
Search

പൂക്കൾ വിളിക്കുന്നു


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

അക്കാലത്ത് വടക്കേവാലത്തെ പ്രധാനപ്പെട്ട രണ്ടു വ്യക്തികളായിരുന്നു, വാലത്ത് നാരായണൻ വൈദ്യരും വേലു ആശാനും. വാലത്ത് നാരായണൻ വൈദ്യരുടെ ചികിത്സ തേടി അകലെ നിന്ന് ആളുകൾ എത്തിയിരുന്നു. വേലു ആശാൻ വേലുപ്പൂജാരി എന്ന പേരിലും അറിയപ്പെട്ടിരുന്നു. എഴുത്തുപള്ളിക്കൂടത്തിലെ ഗുരു എന്നതിന് പുറമേ പ്രദേശത്തെ പൌരോഹിത്യവും അദ്ദേഹം നിർവഹിച്ചു.

വേലുപ്പൂജാരിയുടെയും ഏഴിക്കര താശ്ശൻ മകൾ പാറുവിന്റെയും ആറു മക്കളിൽ അഞ്ചാമനായി 1918-ൽ ജനിച്ച കുട്ടിയാണ് പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വി. വി. കെ. വാലത്ത്. വേലുപ്പൂജാരി വലിയ വിഷ്ണുഭക്തനായിരുന്നു. ആണ്മക്കൾ രണ്ടുപേർക്കും മഹാഭാരതത്തിൽ നിന്ന് പേരുകൾ നൽകി. ഒരാൾ മാധവൻ, അടുത്തയാൾ കൃഷ്ണൻ. പെണ്മക്കൾക്ക് രാമായണത്തിൽ നിന്നും. ജാനകി (ടാറ്റാപുരം സുകുമാരന്റെ മാതാവ്), ചിരുത, കല്യാണി, ഭാരതി. താൻ വേലു, സുബ്രഹ്മണ്യനാണല്ലോ. ഭാര്യ പാറു, പാർവതിയാണ്. ചുരുക്കത്തിൽ ദൈവങ്ങളുടെ സംഗമമാണ് ആ വീട്. പക്ഷെ, ദാരിദ്ര്യമൊഴിഞ്ഞു ഒരു നേരമില്ല. ചെറിയ കുട്ടികളുടെ പേരിടലും, ചോറ് കൊടുക്കലും, എഴുത്തിനിരുത്തും യഥാവിധി അച്ഛന്റെ മേൽനോട്ടത്തിൽ നടന്നു. ജ്യേഷ്ടന്റെയും ജ്യേഷ്ടത്തിമാരുടെയും ലാളനയിൽ ബാല്യം പിന്നിട്ട്, 1924-ലാണ് കൃഷ്ണൻ സ്കൂളിൽ ചേരുന്നത്. ജ്യേഷ്ഠൻ മാധവൻ അച്ഛനെപ്പോലെ സൌമ്യപ്രകൃതക്കാരനായിരുന്നു. ഒരു പക്ഷെ, ആ ജന്മപരമ്പരകളുടെ സ്ഥായിഭാവം സൌമ്യത ഒന്നു മാത്രമായിരുന്നു എന്ന് തോന്നാം. കാരണം അവരിൽ ആരും ഉഗ്രരൂപികളായിരുന്നില്ല. സഹോദരിമാർ നിലത്തു വെയ്ക്കാതെയാണത്രേ കുഞ്ഞിനെ കൊണ്ട് നടന്നത്.

‘വീട്ടിലോ നാട്ടിലോ വല്ല
കാട്ടിലോ മേട്ടിലോ സ്വയം
പൂവ് സൃഷ്ടിച്ച കൈയങ്ങു
വിളിക്കുന്നുണ്ട് നിങ്ങളെ…’

ബാല്യത്തിൽ കൃഷ്ണനെ വളരെ സ്വാധീനിച്ച ഒരു പദ്യശകലം. വീട്ടിലായാലും നാട്ടിലായാലും കാട്ടിലോ മേട്ടിലോ ആയാലും ഒരു പൂവ് അതിന്റെ മനോഹാരിത കൊണ്ട് നിങ്ങളെ മാടിവിളിക്കും. മഹാകവി കുമാരനാശാന്റെ ‘ഒരു ഉത്ബോധനം’ എന്ന കവിതയിലെ വരികൾ കൃഷ്ണന് മനഃപാഠമായി. പദ്യനുറുങ്ങുകൾ പാടിനടന്നിരുന്ന ബാല്യം പദ്യനിർമ്മാണത്തിലേക്ക് വഴിയൊരുക്കി. കൂടാതെ അച്ഛനിൽ നിന്നും കുമാരനാശാന്റെ ഏതാനും പദ്യങ്ങൾ കൂടി സ്ഥിരമായി കേട്ട് പഠിച്ചത് ആത്മാവിൽ അലിഞ്ഞു ചേർന്നിരുന്നു.

മനസ്സിൽ ആത്മഗദങ്ങൾ പദ്യരൂപത്തിൽ സാന്ദ്രമാകാൻ തുടങ്ങിയത് അങ്ങനെയാകാം. കുഞ്ഞുന്നാളിലെ പദ്യങ്ങളോട് ആഭിമുഖ്യമായിരന്നു. പദ്യങ്ങളോട് എന്തെന്നറിയില്ലാത്ത അടുപ്പം എന്നും മനസ്സിൽ നിറഞ്ഞു നിന്നു. ചെറു പ്രായത്തിൽ എന്ത് കിട്ടിയാലും ശ്രദ്ധയോടെ വായിക്കുന്ന പ്രകൃതമായിരുന്നു. കൂടുതൽ വായിക്കുവാൻ ഒരു നിവൃത്തിയുമില്ല. സ്കൂൾ തലത്തിൽ പ്രസംഗമത്സരത്തിലും പദ്യരചനാമത്സരത്തിലും സജീവമായി പങ്കെടുത്ത കൃഷ്ണൻ സാഹിത്യത്തിലേക്ക് തിരിഞ്ഞത് സ്വാഭാവിക പരിണാമം മാത്രം.

കുട്ടിക്കാലത്ത് കൃഷ്ണൻ അച്ഛനെ അത്ഭുതത്തോടെയാണ് കണ്ടത്. തന്റെ റോൾ മോഡൽ എന്ന നിലയ്ക്ക് തന്നെയാണ് അച്ഛനെ ഉൾക്കൊണ്ടത്. മിതഭാഷണം, മിതഭക്ഷണം, ആദർശനിഷ്ഠ എന്നിവ അച്ഛനിൽ നിന്നാണ് വാലത്ത് സ്വീകരിച്ചത്. അച്ഛൻ ധാരാളിത്തം അറിഞ്ഞിട്ടില്ല. ആരെയും അറിഞ്ഞുകൊണ്ട് ഉപദ്രവിച്ചിട്ടില്ല.

ഒരിക്കൽ അയല്പക്കക്കാരനായ മുട്ടക്കച്ചവടക്കാരൻ മാപ്ല വേലു വീട്ടിലില്ലാത്ത തക്കം നോക്കി അതിര് കയ്യേറി. അതിരിലെ ഒരുനിര അടയ്ക്കാമര തൈകൾ പറിച്ചു പുഴയിലെറിഞ്ഞു. നൂറു തൈകൾ. വേലുവും മക്കളും കൂടി നട്ടതും നനച്ചുകൊണ്ടിരുന്നതുമാണ്. എന്നിട്ട് ആ സ്ഥലം കൂടി ചേർത്ത് പുതിയ വേലി കെട്ടി. വേലുവിന്റെ ഭാര്യയും മക്കളും പ്രതികരിക്കാനാവാതെ നിസ്സഹായരായി. എവിടെയോ പൂജകഴിഞ്ഞു വന്നപ്പോൾ അമ്മ സംഭവം അച്ഛനെ അറിയിച്ചു. അച്ഛൻ പടിഞ്ഞാറേ അതിരിൽ ചെന്ന് നോക്കി. അവിടെ മാപ്ലയുടെ പുതിയ വേലി കണ്ടു. നൂറോളം അടയ്ക്കാമരത്തൈകൾ അപ്രത്യക്ഷമായിരിക്കുന്നു. അച്ഛൻ ആ വേലി വലിച്ചുപറിച്ചെടുത്തു ദൂരെയ്ക്കെറിയുമെന്നു മക്കൾ വിചാരിച്ചു. അവിടെ മക്കൾക്ക് തെറ്റി. അച്ഛൻ പറഞ്ഞു. ‘സാരമില്ല. ആ പാവം എടുത്തുകൊള്ളട്ടെ, ഇല്ലാഞ്ഞിട്ടല്ലേ?’ അച്ഛൻ തിരിച്ചു നടന്നു. ഒരു ഇല്ലായ്മക്കാരന് മറ്റൊരു ഇല്ലായ്മക്കാരൻ സൌജന്യം നൽകുന്നു. ഒരു പുതിയ പാഠമാണ് പൂജാരി അതിലൂടെ മക്കളെ പഠിപ്പിച്ചത്. ന്യായമായ കാര്യത്തിലാണെങ്കിലും വഴക്കടിച്ചു ഒന്നും നേടാൻ നിൽക്കരുത് എന്ന പാഠം.

അധികം വൈകാതെ വാർത്ത പരന്നു. മുട്ടക്കാരൻ മാപ്ല അങ്ങാടിയിൽ തല­ചുറ്റി വീണു. വീട്ടിൽ കൊണ്ടുവന്നത് സ്വന്തം കുട്ടയിൽ മടക്കിച്ചുരുട്ടിക്കിടത്തിയാണ്. അച്ഛൻ പോയി കണ്ടു. എന്നിട്ട് പറഞ്ഞു. “മാപ്ല കുട്ടയിൽ തന്നെ മയ്യത്തായി. അയാൾക്ക് അത്രയും സ്ഥലമേ വേണ്ടിയിരുന്നുള്ളൂ…”

പൂജകൾ കഴിഞ്ഞ് വേലുപ്പൂജാരി മടങ്ങി വരുമ്പോൾ തലയിൽ ഒരു ഭാണ്ഡവും ഉണ്ടാകും. കാക്കാമാപ്പിളയുടെ പാലം ഇറങ്ങി പാടവരമ്പത്തൂടെ അച്ഛൻ വരുന്നത് അകലെ നിന്നേ മക്കൾക്ക് കാണാം. വരമ്പ്‌ പോകുന്ന വഴിയ്ക്കൊക്കെ വളഞ്ഞും തിരിഞ്ഞും പിന്നെയൊരു ദുർഘട പാലവും കൂടി കടന്നു വീടെത്തുമ്പോൾ ഒരുപാട് വൈകും.

വീട്ടിലെത്തി, കോലായിൽ ഭാണ്ഡം ഇറക്കി, അച്ഛൻ കുളിക്കാൻ പോകും. അപ്പോൾ അമ്മയും മക്കളും കൂടി ഭാണ്ഡം തുറന്നു പരിശോധിക്കും. എത്ര വിസ്മയത്തോടെയാണ് കുട്ടികൾ ആ നിധി പരിശോധിച്ചിരുന്നത്! നെല്ല്, പല ജാതി അരികൾ കൂടിക്കുഴഞ്ഞത്, മലര്, അവിൽ, ചന്ദനത്തിരി, പഴം, ഓറഞ്ച് അങ്ങിനെ…അമ്മ ക്ഷമയോടെ വീണ്ടും വീണ്ടും പരതും. പല വീടുകളിൽ നിന്നും പൂജകൾക്ക് പ്രതിഫലമായി ലഭിച്ചതായിരിക്കാം. അത് കിട്ടുവാൻ അച്ഛൻ ഭാണ്ഡം തുറന്നു കാത്തുനിന്നിട്ടുണ്ടാകും. അച്ഛനോട് അനുകമ്പയും സ്നേഹവും കൊണ്ട് കണ്ണ് നിറയും. അമ്മ അരിയിൽ കൈ കുഴിച്ചു തപ്പി ഒടുവിൽ വെള്ളിനാണയങ്ങൾ ഒന്നൊഴിയാതെ കണ്ടെടുക്കും. അത് എണ്ണി, മടിശ്ശീലയിൽ കെട്ടി, കുളി കഴിഞ്ഞ് വരുന്ന അച്ഛനെ ഏൽപ്പിക്കും. അച്ഛൻ അത് അമ്മയെ തന്നെ തിരിച്ച് ഏല്പിക്കും. എന്നിട്ട് വിഷാദത്തോടെ പറയും…ഇതേ ഒള്ളു.

ആ ഇല്ലായ്മ അച്ഛന്റെ ആയുസ്സു മുഴുവൻ കൂടെയുണ്ടായിരുന്നു. അച്ഛനും അമ്മയും സാമാന്യം നല്ലതോതിൽ ദാരിദ്ര്യം കൊണ്ടു നടന്നിരുന്നു, ഒരു അനുഷ്ഠാനം പോലെ. പല ദിവസങ്ങളിലും രാവിലെ കഞ്ഞികുടി കഴിഞ്ഞ് സ്കൂളിലേയ്ക്ക് ഇറങ്ങുമ്പോൾ അമ്മ പറയുമായിരുന്നു.

“കൃഷ്ണാ, മകനേ ഉച്ചയ്ക്കു വരണ്ടാട്ടോ.”

അടുക്കളയിൽ ഒന്നുമുണ്ടാകില്ല. ഉച്ചപ്പട്ടിണി. എന്തൊരു കൊടിയ അന്യായമാണത്! വാലംകരയിലും സമീപദേശങ്ങളിലും അറിയപ്പെടുന്ന അക്ഷരഗുരുവും പുരോഹിതനുമായ വേലുപ്പൂജാരിയുടെ മക്കൾ ഉച്ചപ്പട്ടിണിയാവുക എന്നത്‌ വളരെ വലിയ വൈരുദ്ധ്യമായി അന്നേ അനുഭവപ്പെട്ടിരുന്നു. ദൈവങ്ങളിലുള്ള രക്ഷാബോധം ചെറുപ്പത്തിലേ കൃഷ്ണനു നഷ്ടമായിക്കൊണ്ടിരുന്നു. തൊട്ടുമുമ്പിലെ ഒഴിഞ്ഞ ഓട്ടു കിണ്ണവും അടുക്കളയിലെ കത്താത്ത അടുപ്പും കൃഷ്ണന്റെ മനസ്സിൽ വിദ്വേഷം പാകി. അത് മുള പൊട്ടി. വളർന്നു. ഭൂമിയിൽ താൻ മാത്രമല്ല, വിശന്നിരിക്കുന്നത് എന്ന തിരിച്ചറിവ് ഒരു ഞെട്ടലോടെയാണ്‌ ആ കൌമാരക്കാരൻ അംഗീകരിച്ചത്. ലോകജനതയിൽ വലിയൊരു പങ്ക് ദാരിദ്ര്യത്തിലും രോഗത്തിലും ഒടുങ്ങുമ്പോൾ ന്യൂനപക്ഷം മിടുക്കന്മാർ പ്രഭുക്കളായി സുഖിക്കുന്നു. പ്രഭുക്കളും രാജാക്കന്മാരുമായി ചിലർ പിറവിയെടുക്കുന്നു. അതിന്റെ വ്യാകരണം തീരെ മനസ്സിലായില്ല.