close
Sayahna Sayahna
Search

വിവാഹിതൻ


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

1955 ഓഗസ്റ്റ്‌ 28-ന് വാലത്ത് വിവാഹിതനായി. കലൂർ കാര്യപ്പറമ്പിൽ കുഞ്ഞപ്പന്റെയും കാർത്യായനിയുടെയും മകൾ കൃശോദരിയായിരുന്നു വധു. എറണാകുളം സെന്റ്‌ മേരീസ് കോൺവെന്റ് ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കി, നന്നേ ചെറിയ പ്രായത്തിൽ അദ്ധ്യാപകവൃത്തി സ്വീകരിച്ചിരുന്നു, കാര്യപ്പറമ്പിൽ കൃശോദരി…ഇന്നത്തെ കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം നിലകൊള്ളുന്ന പ്രദേശം ഒരുകാലത്ത് നോക്കെത്താദൂരത്തോളം ‘കേന്ദ്ര കലവറ’ എന്ന പേരിൽ വലിയ പൈപ്പുകൾ ശേഖരിച്ചുവെച്ചിരുന്ന ഒഴിഞ്ഞ ഭൂമിയായിരുന്നു. അരികിൽ ഹരിതാഭമായ പുഞ്ചപ്പാടവും. ആ പുഞ്ചയുടെ അരികിലായിരുന്നു, കാര്യപ്പറമ്പിൽ വീട്. വീടിരുന്ന അതേ സ്ഥാനത്താണ് ഇപ്പോൾ സ്റ്റേഡിയത്തിനു തൊട്ടു മുന്നിൽ കാണുന്ന ­പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുന്നിൽ റോഡിന്റെ മറുഭാഗത്ത് കാര്യപ്പറമ്പിലിനു സ്വന്തമായിരുന്ന കൃഷിയിടം സർക്കാർ ഏറ്റെടുത്തതാണ് ഇപ്പോഴത്തെ സെന്റ്‌ ആൽബർട്സ് കോളേജ് ഗ്രൌണ്ട്. ചേരാനെല്ലൂർ, കലൂർ, വെലിങ്ങ്ഗ്ടൻ ഐലൻഡ്, എന്നീ ഗവ. എൽ. പി. സ്കൂളുകളിൽ പ്രധാനാദ്ധ്യാപികയായി സേവനം കാഴ്ചവെച്ച് കൃശോദരിട്ടീച്ചർ 1983-ൽ വിരമിച്ചു.

വാലത്ത് ചരിത്രഗവേഷണ യാത്രകളിൽ മുഴുകിയപ്പോഴൊക്കെ കുടുംബം കാത്തു. മടങ്ങിയെത്തുമ്പോൾ ക്ഷമാപൂർവം പരിചരിച്ചു. നോട്ടു പുസ്തകം ഫുൾസ്കാപ്പിലേക്ക് പകർത്തി. മക്കൾ വളർന്നത് വാലത്ത് അറിഞ്ഞിട്ടില്ല. ചരിത്രഗവേഷണം ജീവിതമായി മാറിക്കഴിഞ്ഞിരുന്നു. പിന്നെ, എന്ത് കുടുംബം? ഓരോ യാത്രയും രണ്ടാഴ്ചയോളം നീണ്ടുനിൽക്കും. ഒരു കുടുംബനാഥന്റെ കുറവ് കൂടി കൃശോദരി പരിഹരിച്ചു.

ചുരുക്കത്തിൽ, കൃശോദരി എന്ന കുടുംബിനി ഉണ്ടായിരുന്നില്ലെങ്കിൽ, വാലത്ത് എന്ന ചരിത്രകാരൻ രൂപപ്പെടില്ലായിരുന്നു. വാലത്ത് മരിച്ചു ഏഴാം വർഷം, 2007 ഡിസംബർ 18-ന്, കൃശോദരിട്ടീച്ചർ അന്തരിച്ചു.

വാലത്തിന്റെ മൂത്ത സഹോദരി ജാനകിയെ കലൂരിലെ വസ്ത്രവ്യാപാരി കൊച്ചപ്പൻ ആണ് വിവാഹം ചെയ്തത്. ജാനകി കൊച്ചപ്പൻ ദമ്പതികളുടെ ഏകപുത്രനാണ് പിൽക്കാലത്ത് പ്രശസ്തനായ സാഹിത്യകാരൻ ടാറ്റാപുരം സുകുമാരൻ. വി. വി. കെ. വാലത്ത് എന്ന വിപ്ലവ കവിയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടായിരുന്നത് കൊണ്ട് കല്യാണ ആലോചന വന്നപ്പോൾ കാര്യപ്പറമ്പില് വീട്ടുകാർക്ക് മറിച്ചൊന്നു ആലോചിക്കേണ്ടി വന്നില്ല. ജാനകി വഴിയാണ് ഈ വിവാഹ ബന്ധം രൂപപ്പെട്ടത്. പെണ്ണുകാണൽ ഒരു ഗംഭീര ചടങ്ങാക്കി മാറ്റി. കാറിൽ വന്നിറങ്ങിയ ചെക്കനെ കണ്ടപ്പോൾ പക്ഷെ, കല്യാണപ്പെണ്ണു് സ്തംഭിച്ചുപോയി. പ്രതീക്ഷകൾ തകിടം മറിഞ്ഞു. കറുത്ത് മെലിഞ്ഞ് കൊതുക് പോലൊരു മനുഷ്യൻ. എല്ലാവരുടെയും മുഖം വാടി. പെണ്ണുകാണൽ കഴിഞ്ഞു ചെക്കനും കൂട്ടരും പെട്ടെന്ന് മടങ്ങി. അധികം വൈകാതെ വിവരം കിട്ടി, പെണ്ണിനെ ഇഷ്ടമായില്ല. നല്ല വെളുത്തിട്ടല്ല. ഉയരവും പോര. പക്ഷെ, ജാനകിപ്പെങ്ങൾ അനുജന്റെ വാദം അംഗീകരിച്ചില്ല. അവർ നിരന്തരം പ്രയത്നിച്ചതിന്റെ ഫലമായി 1955 ആഗസ്റ്റ് 28-നു ആ വിവാഹം നടന്നു. (വാലത്തിന്റെ പ്രിയപ്പെട്ട ജാനകിപ്പെങ്ങൾ 1981 ജൂൺ 30-നു 82-ആം വയസ്സിൽ അന്തരിച്ചു.)

വാലത്ത് ഉയർന്ന ചിന്താഗതിക്കാരനായിരുന്നു. സാമാന്യജനങ്ങളിൽ ഒരാളായി അദ്ദേഹം തന്നെ ഒരിക്കലും കണ്ടിട്ടില്ല. ഉയർന്ന ചിന്താഗതി എന്ന ഒറ്റ വൈശിഷ്ട്യത്തിൽ അദ്ദേഹം തന്നത്താൻ ഒരു ഉയർന്ന തട്ടിൽ കയറി നിന്നു. ഭാര്യയടക്കം തനിക്കു ഒപ്പമല്ലാത്ത ആരെയും വകവെച്ചില്ല. കൃശോദരിയും കാര്യപ്പറമ്പു വീട്ടുകാരും തോറ്റ് മുട്ടുകുത്തി.

1956-മേയ് 26-നു അവർക്ക് ഒരു ആൺകുഞ്ഞു പിറന്നു. കാര്യപ്പറമ്പു വീട്ടിൽ വെച്ച് പേരിടീൽ ചടങ്ങ് നടക്കുകയാണ്. എന്ത് പേരിടും? പരിഷ്കാരത്തിന്റെ കാലമാണ്. മാക്കോത, കുഞ്ഞപ്പൻ ഒക്കെ പഴഞ്ചനായി. പുതിയ പേര് വേണം. ഹിന്ദി വിശാരദ് പാസ്സായ കൃശോദരി മകന് ഒരു പേര് കണ്ടുവെച്ചിരുന്നു. കരം ചന്ദ്. അല്ലെങ്കിൽ കിഷൻ ചന്ദ്. വാലത്തിനു രണ്ടും ഇഷ്ടമായില്ല. ആ പേരുകൾ ഭാരതീയമാണ്. ലോകത്തിൽ ഭാരതം മാത്രമല്ല. ലോകം വിശാലമാണ്. വിശാലമായ കാഴ്ചപ്പാട് വേണം. പേര് സാർവ്വജനീനമാകണം. സാർവലൌകികമാകണം. ഞാനൊരു പേര് പറയാം. ഗീഥെ മോപസാങ്. എങ്ങനെയുണ്ട്? എല്ലാവരും ഞെട്ടി. എന്ത്? പേര് ആർക്കും മനസ്സിലായതുമില്ല. മുതിർന്ന ഏട്ടൻ പറഞ്ഞു. അതൊന്നും വേണ്ട. വായിൽ കൊള്ളുകയില്ല. മോഹൻദാസ്‌ എന്നാവാം. വാലത്തിനു വല്ലാത്ത അസഹ്യത തോന്നി. എന്നാൽ നറുക്കിടാം എന്നായി. ഉടൻ വാലത്ത് പേപ്പർ ചെറുതായി മുറിച്ചു എല്ലാവരുടെയും നിർദ്ദേശങ്ങൾ ഓരോന്നിലായി എഴുതി ചുരുട്ടി കൈക്കുമ്പിളിൽ ഇട്ടു കുലുക്കി, കൃശോദരിയെക്കൊണ്ട് ഒന്നെടുപ്പിച്ചു. വായിപ്പിച്ചു. മോപ്പസാങ്! വാലത്ത് ആഗ്രഹിച്ച പേര് തന്നെ നറുക്കെടുപ്പിൽ കിട്ടി. എല്ലാവരും തല കുലുക്കി. സമ്മതം. മോപ്പസാങ്ങെന്നു കുഞ്ഞിനു നാമകരണം നടന്നു. വാലത്ത് വൈകുന്നേരമായപ്പോൾ വീട്ടിലേക്കു മടങ്ങി. ഭാര്യവീട്ടിൽ ഉറങ്ങുവാൻ താല്പര്യമില്ല!

അതിഥികൾ പോയിക്കഴിഞ്ഞു വിശ്രമിക്കുമ്പോൾ കൃശോദരിക്കൊരു സംശ­യം. എന്നാലും ആ വായിൽ കൊള്ളാത്ത പേരെങ്ങനെ നറുക്കെടുപ്പിൽ കിട്ടി? ബാക്കിവന്ന കടലാസ്സു ചുരുളുകൾ മുറ്റത്ത് തുളസിച്ചെടിയുടെ കടയ്ക്കൽ കിടക്കുന്നത് കണ്ടു കൃശോദരി എല്ലാം പെറുക്കിയെടുത്തു. ആദ്യത്തേത് ചുരുൾ നിവർത്തി നോക്കി. അതിലും എഴുതിയ പേര് മോപ്പസാങ്!. പിന്നെ ധൃതിയിൽ എല്ലാ ചുരുളുകളും നിവർത്തി നോക്കി. എന്നിട്ട് ശ്ശെടാ! എന്ന ഭാവത്തിൽ വാലത്ത് പോയ വഴിയെ നോക്കി. ഒടുവിൽ ചവിട്ടു കല്ലിൽ താടിയ്ക്ക് കയ്യും കൊടുത്തിരുന്നു പറഞ്ഞു. “കാഞ്ഞ പുള്ളി തന്നെ!”

* * *


45 വർഷം നീണ്ട ദാമ്പത്യജീവിതത്തിൽ ഒത്തുതീർപ്പ്, വിട്ടുവീഴ്ച എന്നീ വ്യവസ്ഥകൾ സുലഭമായി പ്രയോഗിക്കപ്പെട്ടു. പക്ഷെ, എല്ലാ ഒത്തുതീർപ്പുകളും വിട്ടുവീഴ്ചകളും ഏക പക്ഷീയമായിരുന്നു, എന്ന് മാത്രം. എല്ലാം ഭാര്യയുടെ ഭാഗത്തു നിന്ന്. ഭർത്താവ് സകലമാന സ്വതന്ത്രൻ. താൻ വലിയ കവിയും സാഹിത്യകാരനുമാകയാൽ തന്റെ സമയത്തിനാണ് കൂടുതൽ മൂല്യം. കൃശോദരിട്ടീച്ചർക്ക് എന്ത് വിശേഷമാണ് ഉള്ളത്? വെറും സർക്കാർ വിലാസം അദ്ധ്യാപിക! അതാണ്‌ വാലത്തിന്റെ മനോഭാവം. അങ്ങനെ ഭാര്യ എല്ലാ വീട്ടു കാര്യങ്ങളും തലയിൽ ഏറ്റെടുക്കേണ്ടി വന്നു. മൂന്നു ആൺമക്കൾ ആയതുകൊണ്ട് വാലത്ത് കൂടുതൽ സ്വതന്ത്രൻ ആയതു പോലെയാണ്. വീട്ടുകാര്യങ്ങൾ ഒന്നും നോക്കാറില്ല. ഒന്നും വാലത്തിനു ബാധകമല്ല. ജീവിതം കൃശോദരിട്ടീച്ചറിന്റെ മാത്രം ബാദ്ധ്യത പോലെയാണ്. തനിക്ക് ഒരു ജീവിതം ആവശ്യമുള്ളതിനാലും മക്കളെ വളർത്തണം എന്നതിനാലും ഒരു പാട് ഒരുപാട് ആ ഭാര്യ സഹിച്ചിട്ടുണ്ട്. ആ ഭാര്യയെപ്പോലെ ഒരു ഭാര്യ അല്ലായിരുന്നെങ്കിൽ വാലത്ത് എന്നൊരു സാഹിത്യകാരൻ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല.

1957-ൽ ‘ഇടിമുഴക്കം’ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഈ കവിതാ സമാഹാരം അക്കാലത്ത് വളരെയേറെ ജനപ്രീതി നേടിയിരുന്നു. 1957 ഫെബ്രുവരിയിൽ അടുത്ത കവിതാസമാഹാരം ‘ചക്രവാളത്തിനപ്പുറം’ എന്ന പേരിൽ പ്രസാധനം ചെയ്തു. ഇടിമുഴക്കത്തിന്റെ തുടർച്ചയാണെന്നു പറയാം. വില ഒരു രൂപ.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകമെങ്ങുമുള്ള മനുഷ്യരാശിയിലുണ്ടായ സ്വാതന്ത്ര്യമോഹം, സാർവ്വദേശീയ സൌഹാർദ്ദത്തിനും സമാധാനത്തിനുമായുള്ള അഭൂതപൂർവമായ ഉയിർത്തെഴുന്നേൽപ്—എന്നീ ലോകസംഭവങ്ങളുയർത്തിയ ആവേശത്തിൽ നിന്നുദിച്ചതാണ് ഇതിലെ പ്രതിപാദ്യം

കേവലം ഒരു നിസ്സാര നിമിഷത്തിന്റെ
ഇടുങ്ങിയ ഇടനാഴിയിൽ വെച്ച്
എല്ലാം പുകയായി, ചാരമായി കലാശിക്കും.
ആരു ശേഷിക്കും?
യുദ്ധത്തിന്റെതായ ലാഭക്കച്ചവടത്തിന്റെ
അവസാനത്തിൽ അടിഞ്ഞു കൂടുന്ന
അന്തമറ്റ ശ്മശാനം മാത്രം അവശേഷിക്കും.
തലയോടിൽ നിന്നു തലയോടിലെക്കും

അസ്ഥിയിൽ നിന്ന് അസ്ഥിയിലേക്കും
അവശേഷിച്ച മാംസത്തിന്റെ
കരിഞ്ഞ മണവും പാർത്തു
പട്ടികൾ സഞ്ചരിക്കും.
ചോരകുടിയൻ പട്ടികൾ.
ശവംതീനിപ്പട്ടികൾ.
മനുഷ്യന്റെ സങ്കടം കൊണ്ട് പട്ടികൾ
സംഗീതമാലപിക്കും.

ഹൃദയരക്തം മുക്കിയെഴുതിയ ഈ വരികളിൽ പരാജിതനായ ഒരു വ്യക്തിയുടെ ദുഃഖമാണ് നിഴലിക്കുന്നത്. വലിയ പ്രതീക്ഷയോടെ യുദ്ധാനന്തരലോകത്തെ അയാൾ ഉറ്റുനോക്കി. എന്നാൽ സാമ്രാജ്യത്വശക്തിയുടെ കരുത്തിനു മുൻപിൽ സാധാരണ മനുഷ്യൻ മുട്ടുകുത്തി.