Difference between revisions of "വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും"
Line 1: | Line 1: | ||
− | __NOTITLE____NOTOC__ | + | __NOTITLE____NOTOC__{{SFN/Valath}}{{SFN/ValathBox}}{{DISPLAYTITLE:വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും}} |
− | {{SFN/Valath}}{{SFN/ValathBox}}{{DISPLAYTITLE: | + | |
+ | =അവതാരിക= | ||
വി.വി.കെ.വാലത്തിന്റെ അതുല്യസംഭാവന ഏതെന്ന ചോദ്യത്തിന് നിസ്സംശയം പറയാവുന്നത് സ്ഥലനാമപഠനങ്ങളെന്നാണ്. എന്നാല്‍ അദ്ദേഹം കവിയായി തുടങ്ങി കഥാകൃത്തും നോവലിസ്റ്റും വേദവ്യാഖ്യാതാവുമായി വളര്‍ന്നു ചരിത്രവീഥികളിലൂടെ സ്ഥലനാമപഠനത്തില്‍ എത്തിച്ചേരുകയാണുണ്ടായത്. അദ്ദേഹത്തിലെ സ്ഥലനാമപണ്ഡിതനില്‍ ചരിത്രകാരനും കവിയും സമന്വയിക്കുന്നു. ചരിത്രസ്ഥലികളിലൂടെ സുദീര്‍ഘസഞ്ചാരം നടത്തിയല്ലാതെ വാലത്തിന് സ്ഥലനാമപഠനം അസാദ്ധ്യമായിരുന്നു. അതിന് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും കവികളില്‍ അസൂയ ജനിപ്പിക്കുന്നതുമാണ്. | വി.വി.കെ.വാലത്തിന്റെ അതുല്യസംഭാവന ഏതെന്ന ചോദ്യത്തിന് നിസ്സംശയം പറയാവുന്നത് സ്ഥലനാമപഠനങ്ങളെന്നാണ്. എന്നാല്‍ അദ്ദേഹം കവിയായി തുടങ്ങി കഥാകൃത്തും നോവലിസ്റ്റും വേദവ്യാഖ്യാതാവുമായി വളര്‍ന്നു ചരിത്രവീഥികളിലൂടെ സ്ഥലനാമപഠനത്തില്‍ എത്തിച്ചേരുകയാണുണ്ടായത്. അദ്ദേഹത്തിലെ സ്ഥലനാമപണ്ഡിതനില്‍ ചരിത്രകാരനും കവിയും സമന്വയിക്കുന്നു. ചരിത്രസ്ഥലികളിലൂടെ സുദീര്‍ഘസഞ്ചാരം നടത്തിയല്ലാതെ വാലത്തിന് സ്ഥലനാമപഠനം അസാദ്ധ്യമായിരുന്നു. അതിന് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും കവികളില്‍ അസൂയ ജനിപ്പിക്കുന്നതുമാണ്. | ||
Revision as of 09:18, 7 August 2019
വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും | |
---|---|
ഗ്രന്ഥകർത്താവ് | ഐൻസ്റ്റീൻ വാലത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2019 |
മാദ്ധ്യമം | ഡിജിറ്റൽ |
പുറങ്ങള്‍ | 200 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
അവതാരിക
വി.വി.കെ.വാലത്തിന്റെ അതുല്യസംഭാവന ഏതെന്ന ചോദ്യത്തിന് നിസ്സംശയം പറയാവുന്നത് സ്ഥലനാമപഠനങ്ങളെന്നാണ്. എന്നാല്‍ അദ്ദേഹം കവിയായി തുടങ്ങി കഥാകൃത്തും നോവലിസ്റ്റും വേദവ്യാഖ്യാതാവുമായി വളര്‍ന്നു ചരിത്രവീഥികളിലൂടെ സ്ഥലനാമപഠനത്തില്‍ എത്തിച്ചേരുകയാണുണ്ടായത്. അദ്ദേഹത്തിലെ സ്ഥലനാമപണ്ഡിതനില്‍ ചരിത്രകാരനും കവിയും സമന്വയിക്കുന്നു. ചരിത്രസ്ഥലികളിലൂടെ സുദീര്‍ഘസഞ്ചാരം നടത്തിയല്ലാതെ വാലത്തിന് സ്ഥലനാമപഠനം അസാദ്ധ്യമായിരുന്നു. അതിന് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും കവികളില്‍ അസൂയ ജനിപ്പിക്കുന്നതുമാണ്.
വി. വി. കെ. വാലത്ത് എന്ന ബഹുമുഖവ്യക്തിത്വത്തെ വളരെ അടുത്തറിയാവുന്ന മകന്‍ ഐന്‍സ്റ്റീന്‍ വാലത്ത് എഴുതിയ ഈ ജീവചരിത്രം അദ്ദേഹത്തിലെ കവിയെയും കഥാകൃത്തിനെയും നോവലിസ്റ്റിനെയും ചരിത്രകാരനെയും സ്ഥലനാമപണ്ഡിതനെയും മറ്റും ഒരു കഥ പറയുന്നപോലെ അനായാസമായി പരിചയപ്പെടുത്തുന്നു. ഒപ്പംതന്നെ പുത്രന്‍, സഹോദരന്‍, പിതാവ്, ഭര്‍ത്താവ്, സുഹൃത്ത്, സഹപ്രവര്‍ത്തകന്‍ എന്നിങ്ങനെ ജീവിതത്തിലെ വിവിധ റോളുകളില്‍ അദ്ദേഹത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ അനാവരണം ചെയ്യുന്നുമുണ്ട്.
മാതൃഭൂമി വാരികയില്‍ മാത്രം 1938 മുതല്‍ 1961 വരെ അറുപതോളം കവിതകള്‍ വാലത്ത് പ്രസിദ്ധീകരിക്കയുണ്ടായി. കൂടാതെ മലയാളരാജ്യംപോലുള്ള അക്കാലത്തെ പ്രമുഖ ആനുകാലികങ്ങളില്‍ അദ്ദേഹത്തിന്റേതായി ധാരാളം കവിതകള്‍ വെളിച്ചം കണ്ടിരുന്നു. ഇടിമുഴക്കം, മിന്നല്‍വെളിച്ചം, ചക്രവാളത്തിനപ്പുറം, ഞാന്‍ ഇനിയും വരും, വാലത്തിന്റെ കവിതകള്‍ എന്നീ കൃതികളിലായി അവയില്‍ കുറെയൊക്കെ പുസ്തകരൂപത്തില്‍ വന്നിട്ടുണ്ട്. 1940-കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിനാലായിരിക്കണം ആദ്യത്തെ മൂന്നും ഗദ്യകവിത എന്നാണ് അടയാളപ്പെടുത്തിക്കാണുന്നത്. ഇന്നാണെങ്കില്‍ ആ വേര്‍തിരിവ് ഉണ്ടാകുമായിരുന്നില്ല.
വൃത്തനിബദ്ധമായ കവിതകള്‍ രചിക്കാന്‍ കഴിയാഞ്ഞതുകൊണ്ടായിരുന്നില്ല വാലത്ത് വൃത്തത്തെ മിക്ക കവിതകളിലും തിരസ്കരിച്ചതെന്ന് ‘ഞാന്‍ ഇനിയും വരും’, ‘വാലത്തിന്റെ കവിതകള്‍’ എന്നീ സമാഹാരങ്ങളിലെ ചന്ദസ്കൃതകവിതകള്‍ വ്യക്തമാക്കുന്നു. അലറാനും ഗര്‍ജ്ജിക്കാനും ഉറക്കെ കരയാനും പ്രേരിപ്പിക്കുന്ന പ്രമേയങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ വൃത്തം തന്റെ ഉച്ഛൃംഖലമായ വിചാരവികാരങ്ങള്‍ക്ക് ചങ്ങല തീര്‍ക്കുന്നുവെന്നു തോന്നിയപ്പോഴായാരിക്കണം അദ്ദേഹം അതുപേക്ഷിച്ചത്. പ്രമേയസ്വഭാവമനുസരിച്ച് ഒരേ കാലത്തുതന്നെ വ്യത്യസ്ത രചനകളില്‍ വൃത്തം സ്വീകരിച്ചും തിരസ്കരിച്ചും അദ്ദേഹം കവിതകള്‍ രചിച്ചിരുന്നു.
1950-കളില്‍ അന്നത്തെ യുവാക്കളുടെയിടയില്‍ അദ്ദേഹത്തിന്റെ കവിതകള്‍ക്ക് സ്വീകാര്യതയുണ്ടായിരുന്നതായി എനിക്ക് നേരിട്ടറിയാം. ഗദ്യകവിതകള്‍ പലതും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രകടപ്രസംഗത്തിനു് ഉപയോഗിച്ചിരുന്നു. 1954-ല്‍ സഖാവ് കെ. ദാമോദരന്‍ മുഖ്യപ്രാസംഗികനായി കൊടുങ്ങല്ലൂരിലെ മതിലകത്തുചേര്‍ന്ന സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ രക്തസാക്ഷിദിനത്തില്‍ ഒരു യുവാവ് വാലത്തിന്റെ റോസംബര്‍ഗ് ദമ്പതിമാരെപ്പറ്റിയുള്ള കവിത വികാരോജ്ജ്വലമായി അവതിരിപ്പിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. കവിതയിലെ വൃത്തനിരാസത്തില്‍ 1960-70-കളിലെ ആധുനികരുടെ മുന്‍ഗാമിയായിരുന്നു വാലത്തെങ്കിലും അദ്ദേഹത്തിനു ലഭിച്ച ഇത്തരമൊരു സ്വീകാര്യത അവര്‍ക്കാര്‍ക്കും ലഭിച്ചതായി അറിയില്ല. മാത്രമല്ല, അവരില്‍ ടി. പി. രാജീവനൊഴികെ (ഒരു ഭാഷാപോഷിണി ലേഖനത്തില്‍) മറ്റാരും ആ മുന്‍ഗാമിത്വത്തെ അംഗീകരിച്ചതായും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. കവികളല്ലാത്ത ചില സമകാലികര്‍ എഴുതിയ ഗദ്യകവിതകളില്‍ ഗദ്യമല്ലാതെ കവിതയുണ്ടായിരുന്നില്ല. അതിനാല്‍ അക്കൂട്ടരുടെ രചനകള്‍ വാചാലതകൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.
സഹപ്രവര്‍ത്തകരോ അയല്‍ക്കാരോ ബന്ധുക്കളോ അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളായി ഉണ്ടായിരുന്നില്ല. എന്നാല്‍ അക്കാലത്തെ സാഹിത്യകാരന്മാരെല്ലാവരുമായി അടുപ്പമുണ്ടായിരുന്നു. മഹാകവി ചങ്ങമ്പുഴയുമായി ഉണ്ടായിരുന്ന ഹൃദയബന്ധത്തെ സംബന്ധിച്ചു വാലത്തിന്റെ തന്നെ ഒരനുസ്മരണക്കുറിപ്പ് ഈ കൃതിയെ സമ്പന്നമാക്കിയിട്ടുണ്ട്.
മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലെ ചരിത്രഗ്രന്ഥങ്ങളും പുരാരേഖകളും വേണ്ടുവോളം ഉപയോഗിച്ചായിരുന്നു വാലത്ത് “സംഘകാലകേരളം” പോലുള്ള കേരളചരിത്രസംബന്ധിയായ കൃതികള്‍ രചിക്കയും, കേരളത്തിലെ നാലു ജില്ലകളിലെ സ്ഥലനാമങ്ങള്‍ പഠനവിധേയമാക്കയും ചെയ്തത്. അറിവിന്റെ ഈ സജ്ജീകരണം മതിയായിരുന്നു ബൃഹത്തും ഈടുറ്റതുമായ ചരിത്രഗ്രന്ഥങ്ങള്‍ രചിക്കാന്‍. അഭിജ്ഞന്മാര്‍ക്കിടയില്‍ കൂടുതല്‍ സമ്മതിയും കീര്‍ത്തിയും അതു നല്കുമെന്നിരിക്കേ, സ്ഥലനാമപഠനം എന്ന അധികമാരും കൈവെച്ചിട്ടില്ലാത്ത ഒരു വിജ്ഞാനശാഖയിലേക്കായിരുന്നു അദ്ദേഹം തിരിഞ്ഞത്.
ജീവിതത്തിന്റെ അവസാനത്തെ മൂന്നു പതിറ്റാണ്ടായിരുന്നു വാലത്ത് സ്ഥലനാമപഠനത്തില്‍ മുഴുകിയത്. “കേരളത്തിലെ സ്ഥലചരിത്രങ്ങള്‍” എന്ന കൃതി അദ്ദേഹം 1969-ല്‍ പ്രസിദ്ധീകരിച്ചെങ്കിലും കൃത്യമായി സ്ഥലനാമപഠനം എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ആദ്യ രചന സാഹിത്യ അക്കാദമിപ്രസിദ്ധീകരണമായി വന്ന “കേരളത്തിലെ സ്ഥലചരിത്രങ്ങള്‍: തൃശൂര്‍ ജില്ല” (1981) ആകുന്നു. അക്കാദമിയുടെ പ്രാചീനഗ്രന്ഥശേഖരവും സ്കോളര്‍ഷിപ്പും ഉപയോഗപ്പെടുത്തിയായിരുന്നു ആ പഠനം നിര്‍വ്വഹിച്ചത്. ജില്ലയിലെ ഓരോ സ്ഥലവും നേരില്‍ കണ്ടും, സ്ഥലവാസികളോടു സംസാരിച്ചും നടത്തിയ ആ ഗവേഷണസപര്യ പൂര്‍ത്തിയാക്കാന്‍ ജോലിയില്‍നിന്നു പിരിഞ്ഞ 1973-നു ശേഷമുള്ള വര്‍ഷങ്ങള്‍ വേണ്ടിവന്നു. തന്റെ ഗവേഷണരീതിയെപ്പറ്റി വാലത്ത് എഴുതി: “ബാല്യത്തില്‍ കണ്ട വഴികള്‍, വഴിയമ്പലങ്ങള്‍, അത്താണികള്‍, ചക്രച്ചുറ്റുകള്‍, മലവാരങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍ എല്ലാത്തിലും നൂറ്റാണ്ടുകളുടെ കഥകളുണ്ട്. ആ കഥകള്‍ തേടിയാണ് ഞാനലഞ്ഞത്. ഓരോ ജില്ലയുടെയും സ്ഥലചരിത്രമെഴുതിയത് എന്റെ വീട്ടിലിരുന്നുകൊണ്ടല്ല. ജില്ലയിലെ ഓരോ ഗ്രാമത്തിലും പോയി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. എത്ര കഷ്ടപ്പെട്ടായാലും നേരില്‍ കാണാതെ ഞാനൊന്നുമെഴുതിയിട്ടില്ല.” ഇങ്ങനെ ശേഖരിച്ച സ്ഥലനാമങ്ങളെ തമിഴ് സംഘംകൃതികള്‍, പ്രാചീന ലിഖിതങ്ങള്‍, ഗ്രന്ഥവരികള്‍, തിട്ടൂരങ്ങള്‍ തുടങ്ങിയ കേരളചരിത്രസാമഗ്രികളില്‍നിന്ന് ആര്‍ജ്ജിച്ച വിജ്ഞാനത്തിന്റെ പിന്‍ബലത്തോടെയായിരുന്നു വാലത്ത് പഠനവിധേയമാക്കിയത്. സംഘംകൃതികളില്‍ വിവരിച്ചിട്ടുള്ള കുറിഞ്ചി (മല), മുല്ല (കാട്), പാല (വരണ്ടപ്രദേശം), മരുതം (കാര്‍ഷികമേഖല), നെയ്തല്‍ (കടലോരം) എന്നീ അഞ്ചുതരം ഭൂഖണ്ഡങ്ങള്‍ (ഐന്തിണകള്‍) കേരളത്തിന്റെ സ്ഥലനാമോല്പത്തിക്ക് ആധാരമായി കണ്ടാണ് അദ്ദേഹം ഓരോ സ്ഥലവും പരിശോധിച്ചത്. വെറുതെ പറയുകയല്ല ഓരോ സ്ഥലവും ഇവയില്‍ ഏതു വിഭാഗത്തില്‍ പെടുന്നുവെന്നു കണ്ടെത്തുകയും, അങ്ങനെ അതിന്റെ ഉല്പത്തിയിലേക്കും ചരിത്രത്തിലേക്കും വായനക്കാരനെ കൂട്ടിക്കൊണ്ടുപോകയും ചെയ്യുന്നു.
ഐന്തിണവ്യവസ്ഥ കേരളത്തിന്റെ സ്ഥലനാമപഠനത്തിന് ഉപയോഗിക്കാമെന്ന സൂചന കോമാട്ടില്‍ അച്യൂതമേനോന്‍ (‘കൊച്ചിയിലെ സ്ഥലനാമങ്ങള്‍’) നല്കിയിരുന്നു. ഏതായാലും ആ സമീപനത്തിന്റെ വ്യാപകമായ സാദ്ധ്യത വിസ്മയകരമായി പ്രയോഗിച്ചത് വാലത്താണെന്നതില്‍ സംശയമില്ല. അതാണ് ഈ മേഖലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും മൗലികമായ സംഭാവനയായി അടയാളപ്പെടുത്തേണ്ടത്.
മൂന്നു പതിറ്റാണ്ടുകാലത്തെ പരിചയം വാലത്തുമായി എനിക്കുണ്ടായിരുന്നുവെന്ന് അഭിമാനപൂര്‍വ്വം അനുസ്മരിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായി ആരംഭിച്ച പ്ലെയ്സ് നെയിം സോസൈറ്റി (പ്ലാന്‍സ്) യുടെ സ്ഥാപകസെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തനമാരംഭിച്ച 1983 മുതല്‍ ആ ബന്ധം വളര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ സ്ഥലനാമങ്ങളെപ്പറ്റിയുള്ള ഗ്രന്ഥരചനയ്ക്കു മാസങ്ങളോളം അവിടെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അത് ദൃഢമായി. ഡോ. പുതുശ്ശേരി രാമചന്ദ്രനും (പ്രസിഡന്റ്) കേരളസര്‍വ്വകലാശാല തമിഴ് വകുപ്പ് മേധാവിയായിരുന്ന ഡോ. കെ. നാച്ചിമുത്തുവും (വൈസ് പ്രസിഡന്റ്) പ്ലാന്‍സിന്റെ അക്കാദമിക് മുഖമായിരുന്നുവെങ്കില്‍, വാലത്ത് അതിന്റെ സര്‍ഗ്ഗാത്മകപാണ്ഡിത്യത്തിന്റെ മുഖമായിരുന്നു. കൊടുങ്ങല്ലൂരിലും വടകരയിലും തിരുവനന്തപുരത്തും വെച്ചുനടത്തിയ ഒട്ടേറെ പ്രാദേശിക-ദേശീയ സെമിനാറുകളില്‍ അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു് ചര്‍ച്ചകളെ സാര്‍ത്ഥകവും സജീവവുമാക്കുകയുണ്ടായി.
1992-ല്‍ ഡോ. കെ.സി. ശങ്കരനാരായണന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ പ്ലാന്‍സ് സംഘടിപ്പിച്ച സാഹസികമെന്നു വിശേഷിപ്പിക്കാവുന്ന 15 ദിവസം നീണ്ടുനിന്ന പമ്പായാത്രയിലും അദ്ദേഹം പങ്കെടുത്തു. പമ്പയുടെ പതനസ്ഥാനം മുതല്‍ ഉദ്ഭവം വരെ നടത്തിയ ആ പഠനപര്യടനം നല്ല ആരോഗ്യമുള്ളവര്‍ക്കുപോലും ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ യാത്രാസംഘത്തിലെ ഏറ്റവും പ്രായമേറിയ വാലത്ത് ഏറ്റവും പ്രായംകുറഞ്ഞവരുമായി ചിരിച്ചും ഉല്ലസിച്ചും കാണപ്പെട്ടിരുന്നു. മദ്ധ്യവയസ്കരുമായോ പ്രായമേറിയവരുമായോ അദ്ദേഹം കാര്യമായി കൂട്ടുകൂടിയില്ല. പമ്പാതീരത്തെ ഓരോ സാംസ്കാരികകേന്ദ്രത്തില്‍ സംഘം തമ്പടിച്ചപ്പോഴും വാലത്ത് നാട്ടുകാരുമായി സംസാരിച്ചു കുറിപ്പുകളെടുക്കുന്നത് കാണാമായിരുന്നു.
1985-ല്‍ കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം സ്റ്റുഡന്റ്സ് സെന്ററില്‍ നടന്ന പ്ലാന്‍സിന്റെ ത്രിദിന ദേശീയ സെമിനാറില്‍ വാലത്തിനെ ആദരിക്കാന്‍ പ്രശസ്തിപത്രം തയ്യാറാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന് എത്തിച്ചേരാനായില്ല. പിന്നീട് അദ്ദേഹത്തെ ആദരിക്കാനായി മാത്രം തിരുവന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ അത് അദ്ദേഹത്തിന് നല്കി. അന്ത്യനാളുകളില്‍ ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ ആദരിക്കാന്‍ മാത്രമായി പ്ലാന്‍സ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച യോഗത്തിലും പ്രമുഖ വ്യക്തികള്‍ ആ അതുല്യസംഭാവനകളെ പ്രശംസിച്ചു.
അലച്ചിലും എഴുത്തും വായനയും വാലത്തിന് ലഹരിയായിരുന്നു. സാധാരണക്കാര്‍ക്ക് പ്രിയങ്കരങ്ങളായ ജീവിതസൗകര്യങ്ങളെ നിസ്സാരവല്‍ക്കരിക്കാനും പരിത്യജിക്കാനും ഈ ലഹരിയായിരിക്കണം അദ്ദേഹത്തിന് ശക്തിനല്‍കിയത്. സ്ഥലഗവേഷണത്തിനു വീട്ടില്‍നിന്നിറങ്ങി പുറപ്പെട്ടാല്‍ തിരിച്ചെത്തുക ആഴ്ചകള്‍ക്കു ശേഷമായിരിക്കും. അക്കാലയളവില്‍ സ്വന്തം കുടുംബകാര്യങ്ങള്‍ എങ്ങനെയായിരുന്നുവെന്നതൊന്നും ഗവേഷകന് ചിന്താവിഷയമായിരുന്നില്ല എന്ന് മകനെന്ന നിലയില്‍ അനുഭവത്തില്‍നിന്നുതന്നെ ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നു.
അച്ഛനമ്മമാരോട് ഒരു മകനെന്ന നിലയിലും സഹോദരങ്ങളോട് സഹോദരനെന്ന നിലയിലും തന്റെ ഉത്തരവാദിത്വങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. അതിനുകാരണം നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തില്‍ ആവേശിച്ചിരുന്ന കവിയും ചരിത്രകാരനും മറ്റുമായിരുന്നു. സാധാരണ മനുഷ്യരിൽ നിന്നു വ്യത്യസ്തമായി തനിക്കെന്തോ ചെയ്തുതീര്‍ക്കാനുണ്ടെന്ന ഒരു അബോധപ്രേരണ അദ്ദേഹത്തെ നയിച്ചിരിക്കണം. ഇക്കാര്യത്തില്‍ അച്ഛനമ്മമാര്‍ക്കോ സഹോദരങ്ങള്‍ക്കോ പ്രത്യേക പരിഭവത്തിനിടമില്ല. ഭാര്യയോടും മക്കളോടും ഇതേ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഭാര്യ കൃശോദരി ടീച്ചര്‍ എല്ലാ കുടുംബഭാരവും മനുഷ്യസഹജമായ ചെറിയ പ്രതിഷേധത്തോടെയാണെങ്കിലും ഏറ്റെടുത്തതിനാല്‍ വാലത്തെന്ന ഒരെഴുത്തുകാരനുണ്ടായി. ടീച്ചര്‍ ഇല്ലായിരുന്നുവെങ്കില്‍ വി.വി.കെ. വാലത്ത് എന്നൊരെഴുത്തുകരന്‍ ഉണ്ടാകില്ലായിരുന്നുവെന്ന ഗ്രന്ഥകാരന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന വായനക്കാര്‍ക്കുകൂടി ബോദ്ധ്യപ്പെടുന്നതാണ്.
തൃശൂര്‍ ജില്ലയിലെ എന്നപോലെ കേരളത്തിലെ ഓരോ ജില്ലയിലെ സ്ഥലനാമങ്ങളെയും പറ്റി പഠനഗ്രന്ഥങ്ങള്‍ രചിക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍കൂടി പൂര്‍ത്തിയാക്കാനേ കാലം അദ്ദേഹത്തെ അനുവദിച്ചുള്ളു.
പിതാവിനോടുള്ള സ്നേഹബഹുമാനങ്ങളാല്‍ അന്ധമായ ഒരു വരിപോലും ഈ കൃതിയിലില്ല. ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിലെ പോരായ്മകള്‍ കണ്ടെത്തി രസകരമായി അവതരിപ്പിക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. അതായിരിക്കാം ഇതിന്റെ മികവും. ഐന്‍സ്റ്റീന്‍ വാലത്തിന് വിജയങ്ങള്‍ ആശംസിച്ചുകൊണ്ട് ഈ ജീവചരിത്രകൃതി സന്തോഷപൂര്‍വ്വം അവതരിപ്പിക്കുന്നു.
കെ. എം. ലെനിന്‍
തൃശൂര്‍, 25-12-2017
|