ഗാന്ധിജിയെ തൊട്ടു; ഒരു ആറാം ക്ലാസ്സുകാരൻ
← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും | |
---|---|
ഗ്രന്ഥകർത്താവ് | ഐൻസ്റ്റീൻ വാലത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2019 |
മാദ്ധ്യമം | ഡിജിറ്റൽ |
പുറങ്ങള്‍ | 200 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഏതാണ്ട് ഇക്കാലത്ത് തന്നെ നടന്നു എന്ന് മനസ്സിലാക്കാവുന്ന ഒന്നാണ് ഗാന്ധിജിയെ കാണാൻ എറണാകുളത്തേയ്ക്കുള്ള യാത്ര.
ചേരാനെല്ലൂർ സെന്റ് ജെയിംസ് യു. പി. സ്കൂളിൽ സെക്കന്റ് ഫോമിൽ, (ഇന്നത്തെ ആറാം ക്ലാസ്) പഠിക്കുന്ന കാലത്ത് ഒരു ദിവസം എറണാകുളത്തു രാജേന്ദ്ര മൈതാനിയിൽ ഗാന്ധിജി വരുന്നു എന്നു കേട്ട് ആവേശമായി. കൂട്ടുകാരൻ ആന്റണിയേയും കൂട്ടി ഗാന്ധിജിയെ നേരിട്ട് കാണാനും പ്രസംഗം കേൾക്കാനും തീരുമാനിച്ചു. പിറ്റേന്ന് വീട്ടിൽ നിന്നിറങ്ങി, സ്കൂളിലേക്ക് പോകാതെ തീവണ്ടിപ്പാളത്തിലൂടെ നേരെ എറണാകുളത്തിനു വെച്ച് പിടിച്ചു. രാജേന്ദ്ര മൈതാനി എവിടെയാണെന്ന് അറിയില്ല. ആരോടും ചോദിക്കേണ്ട ആവശ്യമില്ല. റോഡിലൂടെ പോകുന്നവരൊക്കെ രാജേന്ദ്ര മൈതാനിയിലേക്കാണ്. റെയിലിലൂടെ പോകുന്നവരൊക്കെ രാജേന്ദ്ര മൈതാനിയിലേക്കാണ്. ആ സംഘത്തിന്റെ കൂടെ പോയാൽ മതി. രാവിലെ പുറപ്പെട്ടു. ഉച്ചയ്ക്ക് എറണാകുളത്തെത്തി. പൊരിക്കുന്ന വെയിലിലും മൈതാനം നിറയെ ജനക്കൂട്ടം. തിക്കിത്തിരക്കി ഒരു വിധം മുൻ നിരയിൽ എത്തി. പ്രസംഗം കേൾക്കുക എന്നതിലുപരി ഗാന്ധിയെ കാണുക എന്നതാണ് മുഖ്യലക്ഷ്യം. ആഗ്രഹം സാധിച്ചു. ഗാന്ധിയെ വളരെ അടുത്ത് കണ്ടു. പിറകിൽ നിന്നാണ് കണ്ടത്. അതുകൊണ്ട് മുതുകാണു നന്നായി കണ്ടത്! നല്ല വീതിയും നീളവുമുള്ള മുതുക്! തൃപ്തി വരാഞ്ഞിട്ടു ഗാന്ധിയെ തൊട്ടുനോക്കുയും ചെയ്തു. ഗാന്ധിജിയുടെ വ്യക്തിത്വം വളരെ വലിയ ഒരാവേശമാണ് ഓരോ ഭാരതീയനിലും പകർന്നിരുന്നത്. ഗാന്ധിയെ നേരിൽ കാണാനും തൊട്ടുനോക്കാനും കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ ഒരനുഭവമായി വാലത്ത് പിൽക്കാലത്ത് പല തവണ പറഞ്ഞിട്ടുണ്ട്. കൂടെ, പിറ്റേന്ന് സ്കൂളിൽ എത്തിയപ്പോൾ കിട്ടിയ അവിസ്മരണീയമായ ചൂരൽക്കഷായത്തെക്കുറിച്ചും. ബ്രിട്ടീഷ് ഭരണത്തിനെതിരെ രാജ്യത്ത് വിപ്ലവം സംഘടിപ്പിക്കുന്ന ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ പോയിരിക്കുന്നു. ധിക്കാരികൾ!
ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് പഠിക്കുവാൻ അടുത്തെങ്ങും ഹൈസ്കൂളുകളില്ല. ഉള്ളത് എറണാകുളത്ത് ക്രിസ്ത്യൻ പാതിരിമാരുടെ സെന്റ് ആൽബർട്സ് ഹൈസ്കൂൾ മാത്രം. പക്ഷെ എങ്ങനെ നിത്യവും പോയി വരും? വരാപ്പുഴയിൽ നിന്ന് ഇടപ്പള്ളിക്കടുത്തു പുകണക്കാവ് വരെ പണ്ട് കോകസന്ദേശത്തിലെ സന്ദേശഹരൻ നടന്നുപോയ പൂഴി മൺപാത മാത്രം. ഇന്നത്തെ ദേശീയപാത 17-ന്റെ ആദ്യമാതൃക. വാഹനങ്ങളൊന്നുമില്ല. പിന്നെ, ഇടപ്പള്ളി വഴി എറണാകുളത്തേയ്ക്ക് പോകുന്ന തീവണ്ടിപ്പാതയിലൂടെ നടക്കണം. ചിറ്റൂര്‍ വരെ നടന്ന്, പണ്ട് ഇയ്യാംപാടം എന്ന് പറഞ്ഞിരുന്ന സ്ഥലത്ത് വെച്ച് തീവണ്ടിപ്പാതയിൽ കയറാം. പിന്നെ തീവണ്ടിപ്പാതയിലൂടെ നടന്നു എറണാകുളത്തെത്താം. മുമ്പ് ഗാന്ധിജിയെ കാണാൻ എറണാകുളത്തു പോയ അതേ വഴി. രാവിലേയും വൈകിട്ടും നടക്കണം. അന്ന് നടപ്പ് ആർക്കും ഒരു ആരോഗ്യപ്രശ്നമോ, അഭിമാനപ്രശ്നമോ ആയിരുന്നില്ല. അങ്ങനെ കൃഷ്ണനെ എറണാകുളത്ത് സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ ചേർത്തു.
പത്താം ക്ലാസ് വരെയുള്ള മൂന്നു കൊല്ലം കൃഷ്ണൻ പോയി വന്നത് റെയിൽ പാളത്തിലൂടെ കാൽനടയായിട്ടായിരുന്നു. വീട്ടിൽ നിന്ന് രാവിലെ തെക്കൻ ചിറ്റൂരേക്ക് നടക്കും. ഇയ്യാംപാടത്ത് നിന്ന് വരമ്പിലൂടെ മുറിച്ചു കടന്നു റെയിൽ പാളത്തിൽ എത്തും. പിന്നെ, കൂട്ടുകാരുമൊത്ത് ഒറ്റനടപ്പ്. എറണാകുളം എത്തുന്നത് അറിയുക പോലുമില്ല. ഇയ്യാം പാടത്ത് നിന്ന് എറണാകുളത്തിനു തിരിയുന്നതിനു എതിർദിശയിൽ പോയാൽ ഇടപ്പള്ളിയിൽ എത്താം. അങ്ങനെയാണ് ചങ്ങമ്പുഴയുടെ വീട്ടിൽ എത്തിയിരുന്നത്. ആ തീവണ്ടിപ്പാതയ്ക്ക് വാലത്തിന്റെ ജീവിതത്തിൽ വലിയ സ്ഥാനമാണുള്ളത്. പിൽക്കാലജീവിതത്തിൽ ചങ്ങമ്പുഴയുടെ വീട്ടിൽ നിത്യസന്ദർശകനും പ്രിയചങ്ങാതിയുമായത് എന്നും ആ തീവണ്ടിപ്പാളത്തിലൂടെ നടന്നു പോയിട്ടായിരുന്നു. വാർദ്ധക്യകാലത്ത് തൃശൂർ. പാലക്കാട്, എറണാകുളം തിരുവനന്തപുരം ജില്ലകൾ ഒട്ടാകെ നടന്നുകണ്ട വാലത്തിനു ആ നടപ്പിനുള്ള ഊർജ്ജവും ഓജസ്സും നൽകിയത് ആ ബാല്യകാലത്തിലെ തീവണ്ടിപ്പാതസഞ്ചാരമായിരിക്കാം.
അങ്ങനെയുള്ള ആ തീവണ്ടിപ്പാതയുടെ വരവിനു പിന്നിൽ ഒരു കഥയുണ്ട്. 1989 ഏപ്രിൽ 23-ന് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ വാലത്ത് എഴുതിയ ‘ഒരു തീവണ്ടിപ്പാതയുടെ കഥ’ എന്ന ലേഖനം കേരളചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്നുണ്ട്. തീവണ്ടിപ്പാത നിർമ്മാണത്തിനുള്ള സർവേ, മുതൽ തീവണ്ടിയുടെ വരവ് വരെയുള്ള കഥ സരസമായി വർണ്ണിക്കുന്ന, പാരായണ സുഖവും അറിവും പകരുന്ന ലേഖനം ഇവിടെ ചേർക്കുന്നു.
|