ഒരു തീവണ്ടിപ്പാതയുടെ കഥ
← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും | |
---|---|
ഗ്രന്ഥകർത്താവ് | ഐൻസ്റ്റീൻ വാലത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്ഷം |
2019 |
മാദ്ധ്യമം | ഡിജിറ്റൽ |
പുറങ്ങള് | 200 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ രേഖപ്പെടുത്തുക |
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ റോഡിൽ നിന്നു നോക്കിയാൽ കല്ലുകൊണ്ടു പണിതു കുമ്മായം തേയ്ക്കാത്ത ഒരു വീടു കാണാമായിരുന്നു. അതിന്റെ മുൻവശത്തെ ചുവരിൽ ഒരു വലിയ ഓട്ടയും. ഷൊർണൂർ–എറണാകുളം തീവണ്ടിപ്പാത സ്ഥാപിക്കുന്നതിന്റെ പ്രാരംഭമായ സർവേ നടന്നത് ആ വഴിയ്ക്കാണ്. സർവേയ്ക്കു് വേണ്ടി ആ വീടിന്റെ ചുവരിൽ തുളച്ച തുള ചരിത്രസ്മാരകമായി ശേഷിച്ചതല്ലാതെ അതിലേ തീവണ്ടി വന്നില്ല. കോട്ടും സൂട്ടും ഇട്ട് സായ്പൻമാരായ ഉദ്യോഗസ്ഥൻമാരും ശിപായിമാരും കൊടിയും കുന്തോം കുഴലും കോലുമായി വന്നു ഭൂമി അളക്കുകയും സർവേയുടെ ആവശ്യാർത്ഥം വീടിന്റെ ഭിത്തി തുളയ്ക്കുകയും ചെയ്തപ്പോഴാണ് ബുദ്ധിമാൻമാരായ ഞങ്ങൾക്ക് കാര്യത്തിന്റെ ‘ഗുട്ടൻസ്’ പിടികിട്ടിയത്. തീവണ്ടി ചേരാനെല്ലൂരിൽ കൂടി വരാൻ പോകുന്നു! തീവണ്ടിയെപ്പറ്റി സംഭ്രമകരങ്ങളായ പല കിംവദന്തികളും പ്രചരിക്കുന്ന കാലം. തീവണ്ടി കാണാൻ 90 കി. മീ. ദുരം കാൽനട യാത്ര ചെയ്ത് ഷോർണൂരിലേക്കു പോയ ചില സാഹസികൻമാരും കഥകൾ പ്രചരിപ്പിച്ചു.
ഭയങ്കരമാണ് തീവണ്ടിയുടെ ഒച്ച. കോഴിമുട്ട വിരിയുകയില്ല. ഒച്ചയുടെ ഊക്കിൽ മുട്ട കുലുങ്ങിപ്പൊട്ടും. ഗർഭിണികളുടെ ഗർഭം അലസും. നാട്ടിൽ അങ്കലാപ്പായി. ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഞങ്ങളുടെ നാട് ഇങ്ങനെ ഒരു പേടി പേടിച്ചിട്ടില്ല.
തീവണ്ടിഭീഷണി നീങ്ങിക്കിട്ടാൻ അമ്പലങ്ങളിൽ വഴിപാടുകൾ നേർന്നു. ജനം ഒരുമിച്ചു നാടുവാഴിയായ ചേരാനെല്ലൂർ കർത്താവിനെക്കണ്ട് സ്ഥിതിഗതികളുടെ ഗൗരവം ഉണർത്തിച്ചു. ധാരാളം ‘കുഞ്ഞമ്മമാർ’ (കർത്താവിന്റെ കുടുംബത്തിലെ സ്ത്രീകൾ) ഉൾപ്പെടുന്നതാണ്, ‘അടിമഠം’. മാസം ശരാശരി രണ്ടു പ്രസവം വീതം അടിമഠത്തിൽ നടക്കുന്നു. അതോർത്തപ്പോൾ കർത്താവിനു ഭയം വർദ്ധിച്ചു. അദ്ദേഹം കുടിയാനവൻമാരോടു പറഞ്ഞു.
“തീവണ്ടി ചേരാനെല്ലൂരിൽ കൂടി ഓടിക്കാൻ ചേരാനെല്ലൂർ കർത്താവായ ഞാൻ ‘മൂപ്പിലെ യജമാനൻ’ എന്ന പട്ടവും കെട്ടി ഇവിടെ വാഴുമ്പോൾ സമ്മതിക്കില്ല.”
ഉടൻ തന്നെ തൃപ്പൂണിത്തുറ കനകക്കുന്നു കൊട്ടാരത്തിലെത്തി, കൊച്ചി മഹാരാജാവിനെ ‘മുഖം കാണിച്ചു’ നിവേദനം നടത്തി. നാലു കോഴിയെ വളർത്തി നിത്യവൃത്തി കഴിക്കുന്നവരാണ് ചേരാനെല്ലൂരിലെ പാവങ്ങൾ. പിന്നെ ഗർഭം അലസിയാലത്തെ സ്ഥിതി! ജനസംഖ്യയുടെ ഭാവിയെന്ത്?
മഹാരാജാവു തിരുമനസ്സിന് സർവ്വവും ബോദ്ധ്യമായി. തീവണ്ടിയുടെ തലയന്ത്രം ഇരുമ്പുകൊണ്ടുള്ള ഒരു ഭയങ്കര രാക്ഷസനാണെന്ന് ആഴ്വാഞ്ചേരി തമ്പ്രാക്കൾ പറഞ്ഞ് നാം കേട്ടിരിക്കുന്നൂ. മഹാരാജാവ് ദിവാനോട് ഉത്തരവായി: ചേരാനെല്ലൂരിൽ കൂടി റെയിലിടാനുള്ള തീരുമാനം മദിരാശി ഗവർണ്ണറെക്കൊണ്ട് റദ്ദാക്കിക്കണം.
ചേരാനെല്ലൂർക്കാർ വിജയം കൊണ്ടാടി. അമ്പലത്തിൽ പ്രത്യേകം വിളക്കു കഴിപ്പിച്ചു. ചേരാനെല്ലൂരിന്റെ തൊട്ടു തെക്കു സ്ഥിതി ചെയ്യുന്ന ഇടപ്പള്ളിയിൽക്കൂടിയായി അവസാന സർവേ. ചേരാനെല്ലൂർക്കാർ തള്ളിയ മാരണം ഇടപ്പള്ളിക്കാരുടെ തലയിലായി.
അതോടെ ചേരാനെല്ലൂർക്കാർ ഇടപ്പള്ളിക്കാരെ കളിയാക്കാനും തുടങ്ങി. ഇടപ്പള്ളി അങ്ങാടിയിൽ വെച്ച് ചേരാനെല്ലൂർക്കാരെ ഇടപ്പള്ളിക്കാർ തല്ലി. ചേരാനെല്ലൂരിൽ ചെന്നുപെടുന്ന ഇടപ്പള്ളിക്കാരെ അവരും തല്ലി. ദിവസേന തീവണ്ടിത്തർക്കവും അടിയും പതിവായി.
ഇടപ്പള്ളി ജനം ഇടപ്പള്ളി രാജാവിനെ സമീപിച്ചു. തിരുവിതാംകൂറിനു കീഴിലാണെങ്കിലും ഇടപ്പള്ളി രാജാവും മോശക്കാരനല്ല. നാലു് ച. മൈൽ വിസ്താരമുള്ള ഇടപ്പള്ളി രാജ്യത്ത് നാൽപ്പത് ക്ഷേത്രങ്ങൾ. ഒക്കെ ചുട്ടകോഴിയെ പറപ്പിക്കുന്ന ‘പ്രത്യക്ഷമുള്ളവ’. രാജാവിന്റെ മഠം, മാടമ്പിമാരുടെ ‘എട്ടുകെട്ടുകൾ,’ നമ്പൂതിരി ഇല്ലങ്ങൾ, അങ്ങാടികൾ, ജോനകപ്പള്ളി, നസ്രാണിപ്പള്ളി! ഇവയ്ക്കെല്ലാമിടയിൽക്കൂടി തീവണ്ടി കൊണ്ടുപോവാൻ പറ്റില്ലെന്ന് ഇടപ്പള്ളിരാജാവും വാദിച്ചുനോക്കി. ചേരാനെല്ലൂർ മാർഗ്ഗം റദ്ദായ സ്ഥിതിയ്ക്ക് ആലുവായിൽ നിന്ന് എറണാകുളത്തേയ്ക്ക് ഇടപ്പള്ളിയിൽക്കൂടിയല്ലാതെ വേറേ മാർഗ്ഗമില്ല. തീവണ്ടി ആളുകളുടെ തലയ്ക്കു മീതെ കൂടി ഓടിക്കേണ്ടിവരും. റെയിൽവേ എന്നാൽ ബ്രിട്ടീഷ് ഗവർമ്മെണ്ടെന്നാണർത്ഥം! ഇടപ്പള്ളി രാജാവിനു സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോട് കളിക്കാൻ പറ്റില്ല. ഉന്നത തലങ്ങളിൽ നടന്ന കൂടിയാലോചന വിജയിച്ചു. ഇലയ്ക്കും മുള്ളിനും കേടുകൂടാത്ത പോംവഴി കണ്ടുപിടിക്കപ്പെട്ടു.
ഇടപ്പള്ളിയുടെ വടക്കുഭാഗത്തു—എളമക്കര, പേരണ്ടൂർ ഭാഗത്ത്—കിഴക്കു പടിഞ്ഞാറായി ‘വടുതല’ വരെയുള്ള മൂന്നു മൈൽ ദൂരം വരുന്ന പ്രദേശം വിജനവും ശൂന്യവുമാണ്. കായലും ചതുപ്പും പാടവും ചുള്ളിക്കാടും കൊണ്ടുള്ള കാലം ചെല്ലാമൂല! പേടിച്ചാരും പട്ടാപ്പകൽ പോലും ചെല്ലാറില്ല. മുൻകാലങ്ങളിൽ ഇടപ്പള്ളി രാജാവ് വധശിക്ഷ നടപ്പാക്കിയിരുന്നതവിടെയാണ്. അതുകൊണ്ട് അവിടെ മുഴുവൻ ചോരകുടിക്കുന്ന ‘അറുകൊലകൾ’ എന്നറിയപ്പെടുന്ന പ്രേതങ്ങൾ വിഹരിക്കുന്നു. ഇടപ്പള്ളിക്കാരുടെ പേടിസ്വപ്നമാണവിടം. തീവണ്ടി അതിലേ പോകുമെങ്കിൽ ഇടപ്പള്ളിക്കാർക്കൊരു കുഴപ്പവുമില്ല. ഇടപ്പള്ളി രാജാവ് തന്റെ പ്രജകളെ സമാധാനിപ്പിച്ചു:
“ആ പ്രദേശം മുഴുവൻ വെള്ളച്ചാലല്ലെ? അവിടം മുഴുവൻ നികത്തി, റെയിൽ വെക്കാൻ പാകത്തിൽ മണ്ണിട്ട് പൊക്കി, സായിപ്പൻമാർ മുടിയട്ടെ. ഇനി, തീവണ്ടി ഓടിച്ചെന്നു തന്നെ വരികിൽ അവിടെയുള്ള ഭൂതപ്രേതപിശാചുക്കൾ വണ്ടിയെടുത്ത് വെള്ളത്തിൽ എറിയുകയും ചെയ്യും!”
ഭൂമിയുടെ വില തിട്ടപ്പെടുത്തി അനുവദിച്ച ഒരു നല്ല സംഖ്യ രാജാവ് നിരസിക്കുകയാണ് ചെയ്തത്. ഇടപ്പള്ളി ഇളങ്ങള്ളൂർ സ്വരൂപം ഭൂമി വിറ്റ് പണം വാങ്ങുന്ന കീഴ്വഴക്കമില്ല. രാജകുടുംബത്തിന് അപമാനമാണത്.
ഭൂമി സൗജന്യം കൊടുത്തതിന് പ്രത്യുപകാരമായി രാജാവിന് മദ്രാസ് ഗവർണർ ഒരു സൗകര്യം ചെയ്തുകൊടുക്കാൻ തീരുമാനിച്ചു. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു മൈൽ അകലെയുള്ള രാജാവിന്റെ മഠത്തിലേക്ക് ഒരു രാജകീയശാഖ റെയിൽ ഇട്ടുകൊടുക്കുക! രാജാവിന്റെ വാസസ്ഥലത്തു നിന്ന് നേരിട്ടു തീവണ്ടിയാത്ര ചെയ്യാം.
പക്ഷെ, രാജാവ് സമ്മതിച്ചില്ല. “ഇവിടെക്കൂടി വേണ്ടെന്നും പറഞ്ഞ് വടക്കെത്തലയ്ക്കലെ പ്രേതക്കാട്ടിലേയ്ക്ക് തള്ളിക്കളഞ്ഞ മാരണം ഇപ്പോൾ നമ്മുടെ മഠത്തിലേയ്ക്കു കൊണ്ടുവരികയൊ?”
ആദ്യമായി തീവണ്ടി ഓടുന്ന ദിവസം ഇടപ്പള്ളിയിലെ ആബാലവൃദ്ധം ജനങ്ങൾ ദൂരെ മാറിനിന്ന് നോക്കി. ഭൂതപ്രേതപിശാചുക്കൾ തീവണ്ടി മറിക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തുനിന്നു.
എന്നാൽ ഒന്നും സംഭവിച്ചില്ല. വണ്ടി നേരേ ഓടിപ്പോയി. ജനം അത്ഭുതസ്തബ്ധരായി നിന്നപ്പോൾ ഒരു ബുദ്ധിശാലി വിളിച്ചുപറഞ്ഞു:
“പ്രേതങ്ങൾക്ക് ഇരുമ്പിനെ പേടിയാണ്. തീവണ്ടി ഇരുമ്പുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്!”
കേട്ടവർ പ്രതിവചിച്ചു: “സായിപ്പിന് ബുദ്ധിയുണ്ട്.”
ഷോർണൂർ—എറണാകുളം തീവണ്ടിപ്പാത 1899–ലാണ് പൂർത്തിയായത്. പണി തീരാൻ മൂന്നു വർഷം എടുത്തു. ആ തീവണ്ടിപ്പാതയിലൂടെ എറണാകുളത്തേയ്ക്കും ഇടപ്പള്ളിയിലേക്കും ചെറുപ്പം മുതൽ നിത്യവും ക്ഷീണമറിയാതെ നടന്നു കൊണ്ട് ഭാവിയിൽ നാലു ജില്ലകൾ മുഴുവൻ നടന്നുകാണാൻ വാലത്ത് താൻ പോലുമറിയാതെ മുൻകൂട്ടി കാൽനട പരിശീലിക്കുകയായിരുന്നോ!
|