പിതാവിന്റെ നിര്യാണം
← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും | |
---|---|
ഗ്രന്ഥകർത്താവ് | ഐൻസ്റ്റീൻ വാലത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2019 |
മാദ്ധ്യമം | ഡിജിറ്റൽ |
പുറങ്ങള്‍ | 200 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
അച്ഛന്റെ കഷ്ടതകൾ മാറണമെങ്കിൽ ദൈവങ്ങൾ അത്ഭുതങ്ങൾ കാണിക്കണം എന്ന സ്ഥിതിയായിരുന്നു. പക്ഷെ, വേലു പൂജാരി പൂജിച്ച ദൈവങ്ങൾ അദ്ദേഹത്തിനു അനുഗ്രഹങ്ങൾ നേരിട്ട് നൽകിയില്ല. അധികം വൈകാതെ അദ്ദേഹത്തിന്റെ കഷ്ടതകൾക്ക് അറുതിയായി. അച്ഛൻ വടക്കേ വാലത്ത് കണ്ടൻ കുമാരൻ വേലു എന്ന വേലുപ്പൂജാരി (ജനനം 1872). 1111 കർക്കിടകം 10-നു് (1936 ജൂലൈ 25-നു്) 63-ആം വയസ്സിൽ വളരെ ആകസ്മികമായി മരിച്ചു. ക്ലാവ് പിടിച്ച ഓട്ടു കിണ്ടിയിൽ കഷായം കുടിച്ചതിനെത്തുടർന്ന് വിഷബാധയേറ്റ് മരിക്കുകയായിരുന്നത്രേ. ഗൃഹനാഥനായ വേലുപ്പൂജാരിയുടെ പെട്ടെന്നുള്ള മരണത്തോടെ വാലം തറവാട് സ്തംഭിച്ചു. അന്ന് കൃഷ്ണന് പതിനെട്ടു വയസ്സ്.
ഓലപ്പുരയായിരുന്നെങ്കിലും, ഒഴിഞ്ഞ വയറായിരുന്നെങ്കിലും ഭാര്യ പാറു അതുവരെ ദു:ഖം അറിഞ്ഞിട്ടില്ല. അറിയിച്ചിട്ടുമില്ല. എന്നാൽ, അപ്പോൾ ഗൃഹനാഥന്റെ അഭാവത്തിൽ അനാഥമായ അവസ്ഥയിലേക്ക് എല്ലാ ദു:ഖങ്ങളും കടന്നുവന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത് കണ്മുന്നിലെ അന്ധകാരത്തിലേക്ക് പാറു എത്തും പിടിയും കിട്ടാതെ നോക്കി നിന്നു. അവിടെ ആ കുടുംബത്തിലെ പൌരോഹിത്യം താൽക്കാലികമായി നിലച്ചു. എന്നെന്നേയ്ക്കുമായി, എന്നു പറയാനാവില്ല. ഭാവിതലമുറകളുടെ ചങ്ങലക്കണ്ണികളിൽ എന്നെങ്കിലുമൊരിക്കൽ മറ്റൊരു വേലുപ്പൂജാരി കടന്നു വരില്ലെന്ന് ആര് കണ്ടു?
അച്ഛനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇല്ലായ്മയുടെ ഒരു ലോകമാണ് കൃഷ്ണന്റെ ഓർമ്മയിൽ വരിക. അച്ഛൻ ജീവിതത്തിലൊരിക്കലും സുഖിച്ചൊന്നുണ്ടിട്ടില്ല. സുഖിച്ചൊന്നുറങ്ങിയിട്ടില്ല. മഴവെള്ളം ചോർന്നിറ്റുന്ന മുറിയിൽ മണ്ണെണ്ണ വിളക്കിന്റെ മഞ്ഞപ്രകാശത്തിൽ കൂർക്ക മെഴുക്കുപുരട്ടിയതും കൂട്ടി കഞ്ഞി കുടിക്കുമ്പോഴും മൃഷ്ടാന്നം കഴിച്ച ലക്ഷപ്രഭുവെപ്പോലെ സമൃദ്ധി ഭാവിക്കുകയും അങ്ങനെ ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അച്ഛന്റെ ചുമലിൽ ഇരുന്നു അച്ഛൻ പോകുന്നിടമെല്ലാം സന്ദർശിക്കും. ഒരു നദി കാണുമ്പോൾ അത് എവിടെ നിന്ന് വരുന്നു എന്നും എങ്ങോട്ട് പോകുന്നുവെന്നും ചോദിക്കും. ഒരു കുളം കണ്ടാൽ, ഒരു അമ്പലം കണ്ടാൽ, ആകാശം കണ്ടാൽ, മഴയും ഇടിവെട്ടും കാണുമ്പോൾ ഓരോന്ന് ചോദിച്ചുകൊണ്ട് ജിജ്ഞാസ പ്രകടിപ്പിക്കും. അച്ഛൻ ക്ഷമയോടെ ഓരോന്നിനും മറുപടി പറഞ്ഞുകൊണ്ടായിരിക്കും നടക്കുക.
അച്ഛന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ കൃഷ്ണൻ എന്ന കുട്ടി അച്ഛന്റെ പൂജാസാമഗ്രികൾ എടുത്തുവെച്ചു. ഒരു രുദ്രാക്ഷമാല. ശംഖ്. പൂജാസമയത്ത് ഉപയോഗിച്ചിരുന്ന അരപ്പട്ട, ഒരു ചെറിയ ത്രിശൂലം, ആമത്തലയും ആമക്കാലുകളും കൊത്തിയ ശംഖ് തട്ട് തുടങ്ങിയവ. അച്ഛന്റെ എല്ലാ ചരമദിനങ്ങളിലും ആ സാമഗ്രികളിലൂടെ പിതൃ സ്മരണ പുതുക്കി, അന്ത്യം വരെ.
പൂജാരിയുടെ കുടുംബം നിലനിന്നു പോകാൻ സ്വതവേ, വലിയ വിഷമം തന്നെ. ചുരുങ്ങിയ വരുമാനം കൊണ്ട് എല്ലാവരുടെയും കാര്യങ്ങൾ കഴിയണം. അതുകൂടി ഇല്ലാതായപ്പോൾ മൂത്തമകൻ മാധവൻ പഠനം നിർത്തിവെച്ച് കുടുംബച്ചുമതല ഏറ്റെടുത്തു. മാധവൻ ഒരു കണക്കെഴുത്തുകാരനായി. അഞ്ചു പേരിൽ നാലാമനായ കൃഷ്ണൻ മാത്രമാണ് പത്താം തരം കടന്നത്. മറ്റെല്ലാവരും കൃഷ്ണന്റെ പഠനത്തിനു വേണ്ടി വഴിമാറി. കൃഷ്ണന്റെ പഠനത്തിനും ഭക്ഷണത്തിനും വേണ്ടി മാധവൻ പട്ടിണി കിടന്നു. ആ ത്യാഗം ഏതാണ്ട് ജീവിതാന്ത്യം വരെ മാധവൻ തുടർന്നു.
പിതാവിന്റെ മരണം സൃഷ്ടിച്ച അനാഥത്വം ദു:ഖകരമായ ചിന്തകളിലേക്ക് വഴിതിരിച്ചു. ഒരു നിയോഗം പോലെ വാലത്ത് ചെറിയ പദ്യങ്ങളിലൂടെ രചന ആരംഭിച്ചു. 1939-ൽ എസ്. എസ്. എൽ. സി. പാസ്സാകുന്നതിനു ഒരു വർഷം മുമ്പ്, കൌമാരപ്രായത്തിൽ അല്പം കൂടി തെളിച്ചു പറഞ്ഞാൽ ഇരുപതു് വയസ്സിനുള്ളിൽ വാലത്തിന്റെ അനേകം കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മുൻപേജിൽ അച്ചടിച്ച് വന്നിരുന്നു.
|