close
Sayahna Sayahna
Search

കമ്യൂണിസ്റ്റ്


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

1947 മുതൽ 1957 വരെ കമ്യൂണിസ്റ്റ് അനുഭാവിയായി. അക്കാലത്ത് വാലംകരയിൽ കമ്യൂണിസ്റ്റ് അനുഭാവികൾ വേറെയുമുണ്ടായിരുന്നു. വാലംകര ചേരാനല്ലൂരിന്റെ മോസ്കോ എന്ന് പ്രശസ്തി നേടിയ കാലം. അക്കാലത്ത് സഖാവ് പപ്പൻ ചേട്ടൻ പതിവായി ചേരാനല്ലൂരിലും വാലത്തും രാത്രികാലങ്ങളിൽ സ്റ്റഡിക്ലാസ് എടുക്കുമായിരുന്നു. ക്ലാസ് ഉള്ള ദിവസം വാലത്തിന്റെ വീട്ടിൽ പകല് തന്നെ വിവരമെത്തിക്കും. രഹസ്യത്തിലാണ്. ‘ഇന്നു പപ്പൻ ചേട്ടൻ വരും!’ വാലത്തിനും കുടുംബത്തിനും സന്തോഷമാണ്. പപ്പൻ ചേട്ടൻ അത്രയ്ക്ക് ആദരണീയനാണ്. കമ്യൂണിസത്തിനു വേണ്ടി ജീവിതം ഹോമിച്ചു. പപ്പൻ ചേട്ടൻ അനുഭവിച്ചത്ര പോലീസ് മർദ്ദനവും ജയിൽവാസവും അന്നത്തെ കാലത്ത് പപ്പൻ ചേട്ടന്റെ നിലവാരത്തിലുള്ള മറ്റാർക്കും നേരിടേണ്ടി വന്നിട്ടില്ല. കൃശോദരിട്ടീച്ചരിന്റെ സഹോദരനും വാലത്തിന്റെ പ്രിയമിത്രവുമായിരുന്നു, സഖാവ് കെ. കെ. പത്മനാഭൻ എന്ന പപ്പൻ ചേട്ടൻ.

അക്കാലത്ത് വാലംകരയിൽ നിന്നു ചേരാനല്ലൂരിലേക്ക് താമസം മാറി. ചേരാനല്ലൂരിൽ ഹിന്ദുക്കൾ കുറവാണെന്നു പറയാം. ഭഗവതി ക്ഷേത്രത്തോടും മാരാപ്പരമ്പ് ശിവക്ഷേത്രത്തോടും ചേർന്നുള്ള ഏതാനും നായർ ഭവനങ്ങൾ ഒഴിച്ചാൽ ബാക്കി ചേരാനല്ലൂർക്കാർ മുഴുവൻ ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ ആയിരുന്നു.

തലമുറകൾക്കു മുൻപ് ചേരാനല്ലൂർ കർത്താവിന്റെ വീട്ടിലെ ഒരു യുവതി അന്യജാതിക്കാരനായ ഒരാളുമായി അനുരാഗത്തിലായി. വാർത്തയറിഞ്ഞ കർത്താവ്‌ ക്ഷുഭിതനായി, ആ അന്യജാതിക്കാരനെ വധിക്കാൻ മട്ടാഞ്ചേരിയിലെ ഏതോ മാപ്പിളമാർക്ക് കല്പന കൊടുത്തു. അവർ ദൌത്യം നിർവഹിച്ചു. ആ അന്യജാതിക്കാരന്റെ ശിരസ്സ് അറുത്ത് കർത്താവിന്റെ കാൽക്കൽ കാഴ്ച വച്ചു. സംപ്രീതനായ കർത്താവു ചേരാനെല്ലൂരു നാട്ടുവഴിയുടെ (ഇന്നത്തെ വരാപ്പുഴ മുതൽ ‘കോകസന്ദേശ’ത്തിൽ പറയുന്ന പുകണക്കാവ് ക്ഷേത്രം വരെയുള്ള നാട്ടുവഴി) കിഴക്ക്‌ മഞ്ഞുമ്മൽ പുഴ വരെയുള്ള സ്ഥലം മാപ്പിളമാർക്ക് കരമൊഴിവായി സമ്മാനം നൽകി. അങ്ങനെയാണ് ചേരാനല്ലൂരിൽ മുസ്ലിങ്ങൾ വന്നതെന്ന് അന്ന് കൊല നടത്തിയ മാപ്പിളയുടെ അനന്തര തലമുറയിൽപെട്ട മംഗലശ്ശേരി നൈന അബ്ബാസ് മകൻ റിട്ട. അദ്ധ്യാപകൻ എം. എ. അബ്ദുൽഖാദർ മാസ്റ്റർ ഈ ലേഖകനോട് നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. ആദ്യകാലത്ത് എത്തിച്ചേർന്ന മുസ്ലിങ്ങൾ പിൽക്കാല ജന്മികളുമായി.

മേല്പറഞ്ഞ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കറകളഞ്ഞ കോൺഗ്രസ്സുകാരായിരുന്നു. കടുത്ത കമ്മ്യൂണിസ്റ്റ് വിരോധികളും. അവർക്കിടയിൽ കമ്മ്യൂണിസ്റ്റായി വാലത്ത് ജീവിച്ചു. ജീവിച്ചു എന്നല്ല, പോരടിച്ചു എന്ന് പറയണം. കാരണം, ഉപരോധം കൊണ്ട് വാലത്തിനെ അവർ ശ്വാസം മുട്ടിച്ചിരുന്നു. ‘കമ്മൂണിസ്റ്റ്’ എന്ന് അവഹേളിച്ചു. കുടിവെള്ളം വിലക്കി. അക്കാലത്ത് അവിടെ ക്രിസ്ത്യാനികളിൽ രണ്ടേരണ്ടു കമ്മ്യൂണിസ്റ്റുകളെ ഉണ്ടായിരുന്നുള്ളൂ…ഒരാൾ സഖാവ് പീറ്റർ വാര്യത്ത്. അടുത്തയാൾ സഖാവ് സേവിയർ. സഖാവ് എന്ന വിളി പരിഹസിച്ചു വിളിക്കുന്നതാണ്. ഈ മൂവരുമാണ് അന്നത്തെ കമ്മ്യൂണിസ്റ്റുകാർ. 1957-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാലത്ത് ആദ്യമായും അവസാനമായും കമ്മ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായി മൽസരിച്ചു മൂന്നു വോട്ടിനു തോറ്റു. ഒരു കോൺഗ്രസ് കോട്ടയിൽ കയറി മാറ്റുരയ്ക്കാൻ കാണിച്ച ചങ്കൂറ്റവും മൂന്നു വോട്ടിന്റെ പരാജയവും വാലത്തിനു ഒരു കരുത്തുറ്റ പ്രതിച്ഛായ സമ്മാനിച്ചു.