close
Sayahna Sayahna
Search

‘അമ്മാവൻ’


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ചേരാനല്ലൂർ അൽ ഫരൂഖിയ ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരിക്കെ വാലത്തിനു ശിഷ്യഗണം സമ്മാനിച്ച ഇരട്ടപ്പേരാണ്, ‘അമ്മാവൻ’! അതിന്റെ പിന്നിൽ അല്പം കുടുംബചരിത്രം ഉണ്ട്. വേലുപ്പൂജാരിയ്ക്ക് കുമാരു എന്ന് പേരുള്ള സഹോദരൻ ഉണ്ടായിരുന്നു. സന്യാസജീവിതം ആഗ്രഹിച്ച് കുമാരു ശിവഗിരിയിൽ നാരായണഗുരുദേവന്റെ സന്നിധിയിൽ എത്തി, ആഗ്രഹം അറിയിച്ചു. ഗുരുദേവൻ അല്പം ചിന്തിച്ചിട്ട് പറഞ്ഞു, കുമാരുവിനു സന്യാസം പറഞ്ഞിട്ടില്ല. ഗൃഹസ്ഥം മതി. എന്നാൽ, തനിക്കു ഗൃഹസ്ഥം ഇഷ്ടമല്ലെന്നും ആശ്രമത്തിൽ ഉൾപ്പെടുത്തണമെന്നും കുമാരു വീണ്ടും അപേക്ഷിച്ചു. അതും ഗുരുദേവൻ വാത്സല്യപൂർവ്വം തള്ളിക്കളഞ്ഞു. തനിക്കു ജീവിയ്ക്കാൻ നിവൃത്തിയില്ല, എന്ന് പറഞ്ഞപ്പോൾ ഗുരുദേവൻ ഒരു ഓലയെടുത്തു മരുന്ന് കുറിച്ചു. മൂർദ്ധാവു മുതൽ പാദം വരെ ഏതു രോഗത്തിനും ഉള്ള മരുന്ന്. ഇതുകൊണ്ട് കുമാരുവിനു ജീവിയ്ക്കാം. ഉപദേശമനുസരിച്ച് കുറിപ്പടിയുമായി കുമാരു പോയത് പെരുമ്പാവൂരിലേക്കായിരുന്നു. രണ്ടു വിവാഹം കഴിച്ചു. രണ്ടാമത്തെ ഭാര്യയിൽ അഞ്ചു പെണ്മക്കളുണ്ടായി. ആ അഞ്ചു പേരും വാലത്തും സഹോദരസ്ഥാനീയർ. അതിൽ ഒരു സഹോദരിയുടെ മകനാണ് പ്രസിദ്ധ മലയാള നാടകകൃത്ത്, ഏരൂർ വാസുദേവ്. മറ്റൊരു സഹോദരിയുടെ മകൾ മൈഥിലി അദ്ധ്യാപികയായി ചേരാനല്ലൂർ അൽ ഫരൂഖിയ ഹൈസ്ക്കൂളിൽ തന്നെ ജോലിയിൽ പ്രവേശിച്ചു. മൈഥിലിയ്ക്ക് വാലത്ത് അമ്മാവനാണല്ലോ. അതുകൊണ്ട് വാലത്ത് മാഷിനെ മൈഥിലി അമ്മാവാ എന്ന് വിളിച്ചു. അത് എല്ലാവരും ഏറ്റു പിടിച്ചു. സഹപ്രവർത്തകർ വാലത്തിനെ കളിയാക്കി അമ്മാവാ, എന്ന് വിളിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ വിളി നിർത്തുകയും ചെയ്തു. പക്ഷെ പ്രശ്നം അപ്പോഴേയ്ക്കു കൈവിട്ടു പോയിരുന്നു. ശിഷ്യഗണം വാലത്ത് മാഷിന്റെ പേര് മാറ്റി, അമ്മാവൻ എന്നാക്കി. അതേ സ്കൂളിൽ പഠിച്ചിരുന്ന എനിക്കും സഹോദരൻ മോപ്പസാങ്ങിനും കിട്ടി, അമ്മാവൻ എന്ന പേർ. ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും കഴിഞ്ഞിട്ടാണ് ആ പേര് അപ്രത്യക്ഷമായത്.