ഷഷ്ടിപൂർത്തി
← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും | |
---|---|
ഗ്രന്ഥകർത്താവ് | ഐൻസ്റ്റീൻ വാലത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2019 |
മാദ്ധ്യമം | ഡിജിറ്റൽ |
പുറങ്ങള്‍ | 200 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
‘മലയാളത്തിന്റെ ഇടിമുഴക്കം’ എന്ന ലേഖനത്തിൽ, ടി. കെ. സി. വടുതല ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
“നാൽപ്പതു വർഷങ്ങളായി മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിത്വമുള്ള കൃതികൾ രചിച്ച് പ്രസിദ്ധി നേടിയ വാലത്തിനു 1977 ഡിസംബർ 18-നു 60 വയസ്സ് തികഞ്ഞു. ഗദ്യകവിതകളുമായി മലയാള സാഹിത്യത്തിൽ ഇടിമുഴക്കവും മിന്നൽ വെളിച്ചവും സൃഷ്ടിച്ച വാലത്ത് ഒരു വിപ്ലവകാരിയായിട്ടാണ് സാഹിത്യരംഗത്ത് പ്രവേശിച്ചത്. അക്കാലത്ത് പലരും പതുക്കെ പറയാൻ ഭയന്നിരുന്ന കാര്യങ്ങൾ ഉറക്കെപ്പറയുകയാണ് വാലത്ത് ചെയ്തത്. താൻ ജനിച്ച ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകൾ ഒപ്പിയെടുത്തവയാണ് അദ്ദേഹത്തിന്റെ കഥകളും കവിതകളും. യുദ്ധാനന്തരലോകത്തെ ഗ്രാമങ്ങളെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് അദ്ദേഹം രചിച്ച കവിതയാണ് ‘ഗ്രാമത്തിന്റെ കണ്ണുനീർ’.
“നിശ്ശബ്ദമായ നിലവിളികളിൽ
വികലിച്ച മുഖാകൃതികൾ,
ക്ഷയിച്ച ശരീരവും കീറത്തുണിയും കൊണ്ട്
പുറത്തിറങ്ങാൻ ലജ്ജിക്കുന്ന പെൺകിടാങ്ങൾ;
ഗ്രാമങ്ങൾ കണ്ണടയ്ക്കുകയാണ്.” \snum(മിന്നൽ വെളിച്ചം)
സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ചു അവിടത്തെ ചരിത്രാവശിഷ്ടങ്ങൾ പരിശോധിച്ച് സ്വന്തമായ നിഗമനങ്ങളിൽ എത്തുവാൻ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ ഓരോ ഗ്രാമത്തിലും ചുറ്റിയടിക്കുന്നതിലും ഐതിഹ്യങ്ങളും മറ്റും ചോദിച്ചറിയുന്നതിലും ഗ്രാമ വൃദ്ധന്മാരോട് ദീർഘമായി സംസാരിക്കുന്നതിലും വാലത്തിനുള്ള കഴിവും താൽപര്യവും അന്യാദൃശമാണ്. താൻ കണ്ടെത്തുന്നതെന്തും യുക്തിയുടെ മൂശയിൽ വെച്ച് സ്ഫുടംചെയ്തെടുക്കാൻ വാലത്തിനു പ്രത്യക ശ്രദ്ധയുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങൾ മൌലിക പ്രാധാന്യം അർഹിക്കുന്നു.”
എറണാകുളം ഉഷാ ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിക്കപ്പെട്ട ഷഷ്ടിപൂർത്തിയാഘോഷത്തിൽ സി. പി. ശ്രീധരൻ, ടി. കെ. സി. വടുതല, സി. കൃഷ്ണൻ നായർ, മേലങ്ങത്ത് നാരായണൻ കുട്ടി, ടാറ്റാപുരം സുകുമാരൻ, ഒ. പി. ജോസഫ്, പി. ഏ. സെയ്ത് മുഹമ്മദ്, കെ. രാമൻകുട്ടി മേനോൻ, ഡോ. പി. കെ. ഗോപാലകൃഷ്ണൻ, തുടങ്ങിയവർ സംബന്ധിച്ചു. കൊച്ചി മേയർ ഏ. കെ. ശേഷാദ്രി പൊന്നാടയണിയിച്ചു. വാലത്തിന്റെ കവിതകളുടെ സംഗീതാവിഷ്കരണവും നടന്നു.
|