ഒമർ ഖയ്യാം വരൂ, വരൂ!
← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും | |
---|---|
ഗ്രന്ഥകർത്താവ് | ഐൻസ്റ്റീൻ വാലത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2019 |
മാദ്ധ്യമം | ഡിജിറ്റൽ |
പുറങ്ങള്‍ | 200 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
തിരുവനന്തപുരം ജില്ലാ സ്ഥലചരിത്രം പ്രസാധനം കഴിഞ്ഞപ്പോൾ വാലത്ത് ഒന്ന് തിരിഞ്ഞു നിന്നു. 1930 മുതൽ 2000 വരെ ഏഴു പതിറ്റാണ്ടുകൾ എഴുത്തിന്റെ വഴിയെ സഞ്ചരിച്ചു. ഇപ്പോൾ വിരലുകൾ തീരെ വഴങ്ങാതായി. എഴുത്ത് ഏതാണ്ട് അവസാനിച്ച മട്ടാണ്. 2000 ആയപ്പോൾ എഴുത്ത് മിക്കവാറും നിലച്ചിരുന്നു. മതി. വിശ്രമം എന്തെന്നറിയാതെ ചരിത്രാന്വേഷണവുമായി സന്യാസിയെപ്പോലെ അലഞ്ഞു. കാണാത്ത നാടില്ല. പോകാത്ത കാടില്ല. കേറാത്ത കുന്നില്ല. എഴുതാത്ത ദിവസമില്ല. പക്ഷെ, ഇപ്പോൾ ഇനി ഒന്നിനും ആവില്ല. കോഴിക്കോട് ജില്ലാ സ്ഥലചരിത്രം എഴുതുവാൻ ആരംഭിച്ചുവെങ്കിലും അനാരോഗ്യത്താൽ നിർത്തിവെയ്ക്കുകയായിരുന്നു.
മനസ്സ് അപ്പോഴും പ്രവർത്തനനിരതമായി താൻ ചെയ്യേണ്ട കാര്യങ്ങളെ നിരന്തരം ഓർമ്മിപ്പിച്ചു. പക്ഷെ, ശരീരം ഒരിഞ്ചുപോലും വഴങ്ങിക്കൊടുത്തില്ല. ഈ ലോകത്ത് നിന്ന് അദ്ദേഹത്തിന്റെ പിടി വിട്ടുതുടങ്ങിയിരുന്നു. ജീവിതാന്ത്യം ആഗതമായി എന്ന് അദ്ദേഹമറിഞ്ഞു. തന്റെ ജീവിതം സമാപ്തിയോട് അടുക്കുകയാണ്. മരണം തന്റെ സമീപത്ത് എത്തിക്കഴിഞ്ഞു എന്ന് വാലത്ത് ഈ വർഷം അവസാനമാകുമ്പോഴേയ്ക്ക് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
മുൻവർഷങ്ങളിൽ കുനുകുനാ കുത്തിക്കുറിച്ചു നിറച്ചിരുന്ന ഡയറിത്താളുകളുടെ സ്ഥാനത്ത് പേജുകളോളം ശൂന്യത. 99 ആയപ്പോൾ ഓരോ ദിവസവും ഡയറിയിൽ അന്നത്തെ തീയതി മാത്രമെഴുതുന്ന രീതിയായി. വാലത്ത് മരണത്തിലേക്ക് അടുക്കുകയായിരുന്നു.
ഈ ഘട്ടത്തിൽ മിക്കവാറും എല്ലാ പത്രമാസികകളിൽ നിന്നും ലേഖകന്മാർ വീട്ടിലെത്താൻ തുടങ്ങി. ചൂടോടെ വാലത്തുമായുള്ള അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. വാലത്ത് ഒരു സംഭവമാണെന്ന് വെളിപാട് കിട്ടിയ പോലെ. സമകാലിക മലയാള സാഹിത്യം വാലത്തിനെ തമസ്ക്കരിച്ചു, എന്ന് പുതുതായി കണ്ടെത്തി. വാലത്ത്, പക്ഷെ, ഇതിനെല്ലാം അതീതനായിരുന്നു എന്ന് എനിക്ക് പറയാതെ വയ്യ. കുടത്തിലെ വിളക്ക് പോലെ തന്റെ വെട്ടം താൻ മാത്രം കാണുന്ന അവസ്ഥയിൽ നിന്ന് ഒടുക്കമായപ്പോൾ വാലത്ത് മോചിപ്പിക്കപ്പെട്ടു. സജീവമായ സാഹിത്യരചന, അതായത് ‘എഴുത്ത്’ എന്ന, തന്നെ താനാക്കിയ ജീവൽപ്രക്രിയ പൂർണ്ണവിരാമത്തിൽ വലിയ വിഷാദമായി മാറി. ഞരമ്പുകൾ തടിച്ചുവീർത്ത, മുരടിപ്പ് പിടി കൂടിയ കൈവിരലുകൾ വഴങ്ങാൻ കൂട്ടാക്കാതെ വാലത്തിനെ വിസ്മയിപ്പിച്ചു. ഇനിയൊന്നും വായിക്കാനാവില്ലെന്ന് കണ്ണുകളും പിണങ്ങി. മനസ്സ് മാത്രം ഉണർന്നിരുന്നു. ആ മനസ്സ് ദുഃഖപൂർവ്വം ഉഴറുകയായിരുന്നു, ഒരു സമാധാനവാക്കിനു വേണ്ടി. അങ്ങനെയാവാം, മനോവികാരത്തിനിണങ്ങിയ ചില വരികൾ അദ്ദേഹത്തിന് ഓർമ്മ വന്നത്.
‘ഇരിപ്പില്ല, നമുക്കേറെ നിമിഷങ്ങൾ …
ഒരിക്കൽ നാം മരിച്ചെന്നാൽ തിരിച്ചൊരു വരവുമില്ല…’
ഉമർ ഖയ്യാമിന്റെ വരികൾ.
ഉമർ ഖയ്യാമിനെ വാലത്ത് അറിയാത്തതല്ല. റൂബായിയാത്ത് എന്ന് കേൾക്കാത്തതുമല്ല. ഉമർ ഖയ്യാമിനെ നായകനാക്കി എം. എൻ. സത്യാർത്ഥി രചിച്ച നോവൽ 1966 ഫെബ്രുവരി 7-ലക്കം മലയാളരാജ്യം ചിത്രവാരികയിൽ നിരൂപണം ചെയ്തിട്ടുമുണ്ട്. പക്ഷെ, ഇക്കാലമത്രയും ഉമർ ഖയ്യാമിനെക്കുറിച്ചു മിണ്ടാത്ത വാലത്ത് ഇപ്പോൾ റൂബായിയാത്തിലെ വരികൾ ഡയറിയിൽ ഓർമ്മയിൽ നിന്ന് എന്നപോൽ കുറിക്കുന്നു…
‘ഇരിപ്പില്ല, നമുക്കേറെ നിമിഷങ്ങൾ…
ഒരിക്കൽ നാം മരിച്ചെന്നാൽ തിരിച്ചൊരു വരവുമില്ല…’
ഒരിക്കൽ മരിച്ചെന്നാൽ
പിന്നീട് ഒരു മടക്കം ഇല്ല.
അത് എന്നേക്കുമായുള്ള യാത്രയാണ് …’
എന്ന വരികൾ കടുത്ത നൊമ്പരത്തോടെ വാലത്ത് ഡയറിയിൽ കുറിച്ചു. ഒരിക്കലല്ല. പലതവണ.
‘ഇല്ല, ഇനിയൊരു ജീവിതം.
ഒരിക്കൽ മരിച്ചെന്നാൽ
പിന്നീട് ഒരു മടക്കം ഇല്ല.
അത് എന്നേക്കുമായുള്ള യാത്രയാണ് …’
മടക്കമില്ലാത്ത, തിരിച്ചു വരവില്ലാത്ത ഒരു യാത്ര. തീർച്ചയായും അത് ദുസ്സഹമായ ചിന്ത തന്നെ. പക്ഷെ, അത്, മരണാനന്തരജീവിതം ഒരു യാത്രയാണോ? യാത്രയാണെന്ന് തീരുമാനിച്ചത് ആരാണ്? നമ്മളൊക്കെ തന്നെയല്ലേ? മരണം യാത്രയുടെ അവസാനം അല്ലെ? പതിറ്റാണ്ടുകളിലൂടെ കടന്നുപോന്ന ആയുസ്സിന് തുടർവർഷങ്ങളിലേക്ക് നയിക്കപ്പെടാൻ ഒരു ശരീരം; രക്തമജ്ജകളുള്ള നാഡിവ്യൂഹമുള്ള ഒരു വാഹനം അനിവാര്യമാണ്. പക്ഷെ, തന്റെ ശരീരം ശുഷ്കമായിക്കഴിഞ്ഞു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കണ്ണുകൾ, മറ്റ് ഇന്ദ്രിയങ്ങൾ, കൈകൾ, കാലുകൾ, ഓർമ്മശക്തി എല്ലാം ക്ഷീണിച്ചുപോയി.
പതിറ്റാണ്ടുകൾ വിശ്രമമില്ലാതെ, വിശപ്പറിയാതെ, ദാഹമറിയാതെ നാട്ടിടകൾ താണ്ടിയ ശരീരം. രാപ്പകൽ ഭേദമില്ലാതെ പ്രവൃത്തിനിരതമായ മനീഷ. എല്ലാം നിലയ്ക്കാൻ പോവുകയാണ്. ഇനി യാത്രയില്ല. ഉണ്ടെങ്കിൽ തന്നെ ആരാണ് ആ യാത്ര നടത്തുന്നത്? ശരീരമോ? അല്ല. അത് മണിക്കൂറുകൾക്കകം അപ്രത്യക്ഷമാകും. പിന്നെ ആര്? പിന്നെ ആരുമില്ല. ആരും എങ്ങോട്ടും യാത്ര ചെയ്യുന്നില്ല. ആരും എന്നേയ്ക്കുമായി വിശ്രമിക്കുന്നില്ല. അനന്തമായി ഉറങ്ങുന്നുമില്ല. ജീവിതാന്ത്യം വരെ ആത്മാവിലും മോക്ഷത്തിലും വിശ്വാസമില്ലാതിരുന്ന വാലത്ത് മരണാസന്നനിലയിലും അതിനു മാറ്റം വരുത്തിയില്ല.
പക്ഷെ, ഒരു കാര്യം വാലത്തിനു ഉറപ്പായിരുന്നു. ഇത്രയും കാലം തിരക്കേറിയ ഒരു വലിയ ലോകത്തിൽ ചെറിയ മനുഷ്യനായി ജീവിച്ചു. ഒരുപാട് സൂര്യോദയങ്ങൾ കണ്ടു. ഒരുപാട് പൂർണ്ണചന്ദ്രന്മാരെ കണ്ടു. മഴയും വെയിലും. ഇടിമുഴക്കവും മിന്നൽ വെളിച്ചവും. പേമാരിയും വെള്ളപ്പൊക്കവും. പട്ടിണി, മലമ്പനി, കോളറ, വസൂരി, ഭൂമി മുഴുവൻ പൂ ചൂടുന്ന പൊന്നോണം, മീനവെയിൽ, മഞ്ഞുകാലം, അച്ഛനമ്മമാർ, സഹോദരങ്ങൾ, ഭാര്യ, മക്കൾ, കുടുംബം, സ്കൂൾ ജീവിതം, പ്രണയകാലം, രണ്ടു ലോകമഹായുദ്ധങ്ങൾ, സ്വാതന്ത്ര്യ സമരം…സാഹിത്യജീവിതം…അങ്ങനെ, ആയുസ്സിന്റെ ദൃശ്യപടം അദ്ദേഹത്തിന്റെ കണ്മുന്നിലൂടെ വിഷ്കംഭത്തിലെന്നപോലെ കടന്നു പോയി.
അപരിചിത പ്രദേശങ്ങളിലേക്കുള്ള ആദ്യ യാത്രയും, ആ യാത്രയിലെ അനുഭവങ്ങളും വാലത്തിനു ഏറ്റവും പ്രിയങ്കരമായിരുന്നു. പക്ഷെ, യാത്രകൾക്ക് ശരീരം അനുവദിക്കാതെ വന്നപ്പോഴാണ് തന്റെ ജീവിതാനന്ദം യാത്രാനുഭവങ്ങളായിരുന്നുവെന്നു അദ്ദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ് പോയതെല്ലാം കഴിഞ്ഞുപോയത് തന്നെ. ഒരു ദിവസവും തിരികെ വരില്ല. വല്ലാത്ത നഷ്ടബോധം വാലത്തിനെ വലയം ചെയ്തു. ഡയറിത്താളുകളിലൂടെ അദ്ദേഹം വിളിച്ചു…ഒമർ ഖയ്യാം…വരൂ, വരൂ………
|