close
Sayahna Sayahna
Search

അങ്ങനെ ഒരു ദിവസം…


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

2000 ഡിസംബർ 31. ഒരു ഞായറാഴ്ച. ക്രിസ്മസ് അവധി അവസാനിക്കുന്നു. പിറ്റേന്ന് സ്കൂൾ തുറക്കും. ഈ ദിവസത്തെ അനുഭവം ഞാൻ നേരിട്ട് പങ്കുവെയ്ക്കുകയാണ്.

സമയം വൈകിട്ട് നാല് മണി. ഞാൻ അന്ന് രാത്രി കോഴിക്കോട്ടേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോൾ അനുജൻ സോക്രട്ടീസിന്റെ ഫോൺ. ‘അച്ഛന് തീരെ സുഖമില്ല.’ ഞാനും ഭാര്യയും ഉടൻ തന്നെ പറവൂരിലുള്ള വീട്ടിലേക്കു ചെന്നു. അച്ഛൻ മേശപ്പുറത്തു പിണച്ചു വെച്ച കൈകളിൽ തല ചായ്ച്ചു കസേരയിൽ ഇരിക്കുന്നു. സമാധാനമായി. കിടപ്പല്ലല്ലോ. അഛന്റെ കണ്ണുകൾ മഞ്ഞച്ചിരിക്കുന്നു, അത് അത്ര നല്ല ലക്ഷണമല്ല എന്ന് അമ്മ പറഞ്ഞു. ഭക്ഷണം ഒന്നും കഴിയ്ക്കുന്നില്ല. ഞാനും ഭാര്യയും ചേർന്നു അല്പം കഞ്ഞി കഴിപ്പിച്ചു. ഞാൻ അപ്പോൾ ‘കോകസന്ദേശ’ത്തെക്കുറിച്ച് ഒരു സംശയം ചോദിച്ചു. ഒന്ന് ഉണർവ് ആകാൻ. അതിനു ഫലമുണ്ടായി. അച്ഛൻ തലയുയർത്തി. തനിക്കു പ്രിയപ്പെട്ട ചരിത്രവിഷയത്തിൽ ജീവൻ വെച്ച് അച്ഛൻ കോകസന്ദേശത്തിന്റെ രചനാകാലത്തെക്കുറിച്ച് പതിയെ പറഞ്ഞു. വീണ്ടും തല കുമ്പിട്ടു. പിന്നെ ചോദിച്ചു, ‘എന്റെ അമ്മ വന്നിട്ട്, പോയോ’ എന്ന്. എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ അഛന്റെ അമ്മ മരിച്ചതാണ്. ആ അമ്മയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മരണം അടുക്കുമ്പോൾ പെറ്റമ്മയെ അരികിൽ കാണുമെന്നു കേട്ടിട്ടുണ്ട്. പത്തു ദിവസം മുമ്പ് അച്ഛൻ ഡയറിയിൽ കുറിച്ചത് എനിക്കോർമ്മ വന്നു. “…ഇന്ന് അമ്മ വന്നിരുന്നു.” കഴിഞ്ഞ പത്തു ദിവസങ്ങളായി അഛന്റെ ഓർമ്മ അമ്മയെ ചുറ്റിപ്പറ്റി നിന്നു. അഥവാ ആ ദിവസങ്ങളിൽ അമ്മ തന്റെ മകൻ കൃഷ്ണന്റെ ചാരത്തുണ്ടായിരുന്നു.

അനുജൻ ഉടനെ കാറുമായി വന്നു. അച്ഛനെ കാറിൽ ആശുപത്രിയിൽ എത്തിച്ചു. കാറിൽ ഇരിക്കാൻ പാകത്തിന് കാലുകൾ മടക്കാൻ അച്ഛന് കഴിഞ്ഞിരുന്നില്ല. അപ്പോഴേയ്ക്കു അരയ്ക്കു താഴെ മരിച്ചു കഴിഞ്ഞിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നി. മരണം കാലുകളിലൂടെയാണ് കടന്നു വരിക എന്ന് കേട്ടിട്ടുണ്ട്.

ഡോക്ടർ വന്നു പരിശോധിച്ച് ഓക്സിജൻ കൊടുക്കാൻ നിർദേശിച്ചു. പിന്നെ ഞങ്ങളോടായി പറഞ്ഞു, സ്ഥിതി മോശമാണ്. അകലെയുള്ളവരെ അറിയിക്കുന്നത് നന്നായിരിക്കും. ഞങ്ങൾക്ക് അതിൽ വലിയ കാര്യം തോന്നിയിട്ടില്ല. ഇത് അഛന്റെ സ്ഥിരം കലാപരിപാടിയാണ്. ആശുപത്രിയിൽ പോകും, രണ്ടു ദിവസം കഴിഞ്ഞു തിരിച്ചും പോരും. എങ്കിലും ചേട്ടൻ മോപ്പസാങ്ങിനെ അറിയിക്കാമെന്ന് കരുതി, എന്റെ ഭാര്യയെ കാഷ്വാലിറ്റിയിൽ അച്ഛന് കൂട്ടിരുത്തി ഞങ്ങൾ പുറത്തിറങ്ങി. എസ്. ടി. ഡി. ബൂത്ത്‌ പലതും അടഞ്ഞുകിടക്കുന്നു. ഞായറാഴ്ചയാണ്. മൊബൈൽ ഫോൺ പ്രചാരം തുടങ്ങിയിട്ടില്ല. ഒടുവിൽ തുറന്നിരുന്ന ഒരു ബൂത്തിൽ കയറി ചുക്കു ജ്യേഷ്ഠനെ വിളിച്ചു വിവരം പറഞ്ഞു. പുറത്തിറങ്ങിയ ചുക്കു അസ്വസ്ഥനായിരുന്നു. ജ്യേഷ്ഠൻ കരയുകയായിരുന്നത്രേ. അച്ഛന് എന്ത് പറ്റി? സത്യം പറയൂ, അച്ഛന് എന്തെങ്കിലും സംഭവിച്ചോ? നീ നുണ പറയുകയാണ്‌, എന്നൊക്കെ പറഞ്ഞുകൊണ്ട്. പേടിക്കാൻ ഒന്നുമില്ല എന്ന് ജ്യേഷ്ഠനെ ബോദ്ധ്യപ്പെടുത്തിയ ഞങ്ങൾ തൊട്ടടുത്തുണ്ടായിട്ടും അഛന്റെ മരണം അറിഞ്ഞത് അകലെ കോട്ടയത്തിരുന്ന ജ്യേഷ്ഠനാണ്. ആ നിമിഷങ്ങളിൽ അച്ഛൻ മരിച്ചിരുന്നു. ഞങ്ങൾ തിരിച്ചെത്തിയപ്പോൾ അച്ഛന്റെ ശിരസ്സും താടിയും ചേർത്തു കോറത്തുണിക്കീറുകൊണ്ട് കെട്ടിക്കഴിഞ്ഞിരുന്നു. എന്റെ ഭാര്യ ഉറക്കെ കരയുകയായിരുന്നു.

അവിശ്വസനീയമായിരുന്നു ആ മരണം. അപ്പോഴേയ്ക്കു ഒരു ഓട്ടോയിൽ അമ്മയും അനുജന്റെ ഭാര്യയും എത്തി. അകത്തു വന്നു കാണുന്നതിനേക്കാൾ മുമ്പ് അമ്മയെ വിവരം അറിയിക്കണം. ഞാൻ പുറത്തേക്കിറങ്ങിച്ചെന്ന് അമ്മയോട്പറഞ്ഞു. ‘ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വിഷമിക്കരുത്. ആള് പോയി’ …അമ്മ ഒരാന്തലോടെ വാപൊത്തി. അങ്ങനെ ഒരു ദിവസം….

* * *


കുറെ ദിവസങ്ങളായി ഡയറിയിൽ വിറയാർന്ന വിരലുകൾ കൊണ്ട് അന്നന്നത്തെ തീയതി മാത്രം കുറിക്കുമായിരുന്നു. ഇന്നും ഞാൻ മരിച്ചിട്ടില്ല, എന്ന് സ്വയം ബോദ്ധ്യപ്പെടാനായിരിക്കാം. 2000 ഡിസംബർ 31 എന്ന് ഡയറിയിൽ എഴുതിയത് അവസാനമായിട്ടായിരുന്നു.

കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നു വാലത്ത് മാഷിനു അന്ത്യോപചാരമർപ്പിക്കുവാൻ പറവൂരിലെ വസതിയിൽ ആയിരങ്ങൾ എത്തിച്ചേർന്നു. അപ്പോൾ മാത്രമാണ് പറവൂർ മുനിസിപ്പൽ അധികൃതർ തങ്ങളുടെ പുതിയ താമസക്കാരനെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പറവൂർ ദേശീയപാതയിൽ നിന്നു വീട് വരെയുള്ള വീഥി വൃത്തിയാക്കി മരണവാർത്താ ബോർഡ്‌ വച്ചു. സംസ്കാരസമയത്ത് ഉച്ചവരെ പറവൂരിൽ കടകളടച്ച്‌ ഹർത്താൽ ആചരിച്ചു.

ഇടപ്പള്ളിയിൽ നിന്ന് പറവൂർ വഴിയുള്ള NH 17-ലെ വരാപ്പുഴപ്പാലം പണിപൂർത്തീകരിച്ചിരുന്നെങ്കിലും കമ്മീഷൻ ചെയ്തിരുന്നില്ല. വാലത്ത് മാഷിന്റെ ശവസംസ്കാരത്തിൽ ചേരാനല്ലൂരിലും എറണാകുളത്തും ഉള്ളവർക്ക് പങ്കെടുക്കുന്നതിനു വേണ്ടി, ചേരാനല്ലൂർ പഞ്ചായത്ത് പ്രത്യേകയോഗം ചേർന്ന് തീരുമാനം എടുത്തു വരാപ്പുഴപ്പാലം തുറന്നുകൊടുത്തു. വരാപ്പുഴപ്പാലത്തിലൂടെ ഔദ്യോഗികമായി ആദ്യം കടന്നു പോയ വാഹനം, നാടിന്റെ സാഹിത്യനായകന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ വേണ്ടിയുള്ളതായിരുന്നു.