close
Sayahna Sayahna
Search

ഋഗ്വേദത്തിലൂടെ


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

1966 ജനുവരിയിൽ ‘ഋഗ്വേദത്തിലൂടെ’ ആദ്യപതിപ്പിറങ്ങി. ഭൂതകാലസംസ്കാരത്തോട് അഭേദ്യമായ ബന്ധമുണ്ട് വാലത്തിന്റെ ഈ കൃതിയ്ക്ക്. ‘ഋഗ്വേദസംഹിതയിലൂടെ’ തികഞ്ഞ ഗവേഷണബുദ്ധിയോടുകൂടി ഒരു ഉല്ലാസയാത്ര സാധിച്ചിരിക്കുകയാണ് ശ്രീ വാലത്ത് എന്ന്, ശൂരനാട്ട് കുഞ്ഞൻ പിള്ള അവതാരികയിൽ വിശേഷിപ്പിക്കുന്നു. ഒരു മതസാഹിത്യത്തെ മനസ്സിലാക്കാനുള്ള പ്രേരണയല്ല, ഇതിൽ പ്രകടമാകുന്നത്. ആര്യപുരാതനന്മാരുടെ സമൂഹജീവിതത്തെക്കുറിച്ചും സംസ്കാരചരിത്രത്തെക്കുറിച്ചും വിശദമായ പഠനം തന്നെ ഇതിൽ സാധിച്ചിരിക്കുന്നു.

സാധാരണക്കാരന് അപ്രാപ്യമായിരുന്ന ഋഗ്വേദം വാലത്തിന്റെ ലളിത വ്യാഖ്യാനത്തിലൂടെ ഋഗ്വേദയാത്രയ്ക്ക് സാധാരണക്കാരനെ പ്രാപ്തനാക്കി, എന്നതിന് 2008 ആയപ്പോൾ ഇതിനു അഞ്ചാമത്തെ പതിപ്പിറങ്ങി എന്നത് തെളിവാണ്. ഋഗ്വേദത്തിലൂടെ എന്ന ഗ്രന്ഥത്തിനെ ഒന്നുകൂടി വിശദീകരിക്കുവാൻ ആഗ്രഹിക്കുന്ന ഒരാൾ വല്ലാതെ ബുദ്ധിമുട്ടും. ചുരുക്കി വർണ്ണിക്കാൻ സാദ്ധ്യമല്ല. കാരണം ഒരു വിവരവും ഒഴിവാക്കാൻ കഴിയില്ല, വിശദീകരിക്കാൻ ശ്രമിച്ചാലോ ആവർത്തനവുമാകും. അറുപതുകളിൽ ഈ ഗ്രന്ഥം മലയാളരാജ്യം ആഴ്ചപ്പതിപ്പിലൂടെ ഭാഗങ്ങളായി പ്രസിദ്ധീകരിച്ചപ്പോൾ ‘ഋഗ്വേദത്തിലൂടെ ഒരു ഉല്ലാസയാത്ര’ എന്നാണു പേരിട്ടിരുന്നത്. പിന്നീട് ഗ്രന്ഥരൂപത്തിൽ വന്നപ്പോഴാണ് അത് ചുരുക്കി ‘ഋഗ്വേദത്തിലൂടെ’ എന്ന് മാത്രമായത്. അറിവും ആനന്ദവും പകർന്ന ഒരു ഉല്ലാസയാത്രയ്ക്ക് ശേഷം, അത് ഒരു ഉല്ലാസയാത്രയായിരുന്നു, എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! വാലത്തിന്റെ രചനാശൈലി ആരെയും ആകർഷിക്കുന്നതാണ്. പൊതുവേ ആർക്കും എളുപ്പം കടന്നുചെല്ലാൻ പറ്റാത്ത വിഷയമാണ് വേദസംഹിത. എന്നാൽ, ഈ ഗ്രന്ഥം വായിക്കുന്ന ഏതു സാധാരണക്കാരനും വേദങ്ങളെയും വേദകാല ഭാരതത്തെയും തീർച്ചയായും ഇഷ്ടപ്പെടും. അതാണ്‌ ഈ ഗ്രന്ഥത്തിന്റെ പ്രചാരത്തിനു കാരണവും.

“ഒന്നും പറയാനില്ലാത്തതുകൊണ്ട് എന്തും പറഞ്ഞുപോകുന്ന ക്ഷണികനിർമ്മിതികളുടെ അപസ്വരങ്ങൾക്കിടയിൽ അപൂർവ്വം ചില അർത്ഥവത്തായ സ്വരങ്ങൾ ഉയർന്നു കേൾക്കുമ്പോൾ അനുവാചകന് എന്തെല്ലാം തോന്നുമോ, അതെല്ലാം തോന്നി വാലത്തിന്റെ ‘ഋഗ്വേദത്തിലൂടെ’ കടന്നു പോയപ്പോൾ.” എന്ന് ഈ കൃതിയുടെ രണ്ടാം പതിപ്പ് നിരൂപണം ചെയ്ത കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. അദ്ദേഹം തുടരുന്നു. “വാലത്തിനു മാത്രം വശംവദയായ ഗദ്യകവിതയുടെ ഗന്ധലഹരിയാർന്ന ഹൃദ്യമായ ശൈലിയിൽ വേദസംഹിതയുടെ ഭൌതികവീര്യം പകർന്നുതരുന്ന ഈ ഗ്രന്ഥത്തിനു ഇത്രയും വേഗത്തിൽ ഒരു രണ്ടാം പതിപ്പ് ഉണ്ടാകാതിരുന്നെങ്കിലേ അത്ഭുതത്തിനവകാശമുള്ളൂ.”

മാനവവംശത്തിന്റെ അങ്ങേത്തലയ്ക്കലുള്ള ഋഗ്വേദത്തെയും അതിന്റെ സംസ്കാരത്തെയും പുതിയ യുഗത്തിന്റെ പാതയിൽ നിന്നുകൊണ്ട് തിരിഞ്ഞു നോക്കുകയും വിലയിരുത്തുകയുമാണ്‌ ഈ കൃതിയിൽ ചെയ്തിട്ടുള്ളത്. ആര്യ പുരാതനന്മാരുടെ സത്യ, ധർമ്മാദിചിന്തകളെ ആവുന്നത്ര ആധുനിക ലോകത്തിന്റെ അനുക്ഷണ ക്ഷീണങ്ങളായ പ്രജ്ഞാനാളികളിലേയ്ക്ക് ആവാഹിച്ചു ഒഴുക്കുവാനുള്ള അഭൂതപൂർവ്വമായ കർമ്മപരിപാടിയായി ഇതിനെ കണക്കാക്കാം.

ആയിരമായിരമാണ്ടുകൾക്ക് മുമ്പ് ജീവിച്ച ആ മനുഷ്യപരമ്പരയുടെ ഉദാത്ത ജീവിതത്തിനുതകിയ ബോധങ്ങൾ, ബന്ധങ്ങൾ, ശീലങ്ങൾ, ശൈലികൾ, നീതികൾ, നിയമങ്ങൾ, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ തുടങ്ങിയവയുമായി അഭിനവയുഗാത്മാവിനെ ചരിത്രപരമായ പശ്ചാത്തലത്തിൽ വെച്ച് പരിചയപ്പെടുത്തുക, അവയുടെ അന്തസ്സത്തയുമായി പൊരുത്തപ്പെടുത്തുക, ആ വഴിയ്ക്ക് മാനവീയ ഉല്കർഷത്തിന്റെ മഹാപഥങ്ങളിലെയ്ക്ക് ആശാഭംഗാത്മാവായ ആധുനിക മനുഷ്യനെ തിരിച്ചു വിടുക, അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ഇടിഞ്ഞു തകർന്ന സമൂഹജീവിതത്തിന്റെ അന്യതാബോധത്തിനു സജീവമായ ഒരു പരിവർത്തനം വരുത്തുക, എന്നീ ഉദ്ദേശ്യങ്ങൾ ഈ ഗ്രന്ഥരചനയുടെ പിന്നിലുണ്ടെന്ന് ഇതിലെ പ്രതിപാദനത്തിന്റെ പ്രത്യേകത പ്രകടമാക്കുന്നു.

“ഭാസുരമായ ഭാവിയ്ക്ക് വേണ്ടി പ്രയത്നിച്ച ഋഗ്വേദകാല മനുഷ്യനിൽ നാം നമ്മെ കണ്ടെത്തുകയത്രേ ചെയ്യുന്നത്” എന്നാണ്‌ ഗ്രന്ഥകാരന്റെ മതം. “ആധുനിക മനുഷ്യൻ ഒരത്ഭുതമാണ്. പക്ഷെ, ഈ അത്ഭുത മനുഷ്യൻ സ്വച്ഛമായ, ധീരമായ മനസ്സിനെ രൂപീകരിക്കാൻ ആ പഴയ മനുഷ്യനിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു എന്ന് വികാരാസക്തവും വിചാരശക്തവും ആയ ഭാഷയിൽ പ്രഖ്യാപിക്കുകയും ഇന്നത്തെ മനുഷ്യന് നിലനിൽപ്പിനായി വേദകാലമനുഷ്യന്റെ ജീവിതസൂക്തം തന്നെ നിർദ്ദേശിക്കുകയും ചെയ്യുന്നു.”

“ഞങ്ങൾ നേടാവൂ കെൽപ്പും
അന്നവും ദീർഘായുസ്സും.”

ഋഗ്വേദം സത്യത്തെ കണ്ടുപിടിച്ചു. ധർമ്മത്തെ ജനിപ്പിച്ചു. മനുഷ്യസമുദായത്തിന്റെ തലയ്ക്കൽ സത്യധർമ്മാദികളെ ആദ്യമായ് പ്രതിഷ്ഠിച്ചു. ഋഗ്വേദം ചരിത്രത്തിൽ ആദ്യമായി പ്രപഞ്ചത്തെ വ്യാഖ്യാനിച്ചു. മനുഷ്യനെയും പ്രപഞ്ചത്തെയും ആദ്യമായി കൂട്ടിയിണക്കി. പ്രപഞ്ചത്തിന്റെ സൌന്ദര്യവും ജീവിതത്തിന്റെ സമ്പൂർണ്ണതയും ഋഗ്വേദം വിളംബരം ചെയ്തു. ഋഗ്വേദത്തിലെ സൂക്തങ്ങളധികവും വെളിച്ചത്തിന്റെ കവിതകളാണ്. പുരാതനഭാരതത്തിന്റെ സംഭാവനയാണത്. ധർമ്മം എന്ന വാക്കിന്റെ ഉത്ഭവം ഋഗ്വേദത്തിൽ നിന്ന് തന്നെ. സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനപ്രമാണം ധർമ്മത്തിൽ അധിഷ്ഠിതമാണ്. അത് സത്യത്തെയും ധർമ്മത്തെയും പൂജിച്ചു. സത്യത്തിൽ അടിയുറച്ച മനസ്സും സത്യസന്ധമായ ജീവിതവും! നിങ്ങൾ ഏതു മതക്കാരനാണ്, ഏതു ‘ഇസ’ക്കാരനാണ്, എന്നതല്ല; നിങ്ങൾ സത്യസന്ധമായി ജീവിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. സത്യംകൊണ്ട് ലോകത്തെ സമുദ്ധരിക്കുക. അതായിരുന്നു, ഋഗ്വേദത്തിന്റെ പ്രഖ്യാപനം.

ഋഗ്വേദത്തിലെ ആസ്തികത്വം ധർമ്മമാണ്. സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനം ധർമ്മത്തിൽ അധിഷ്ഠിതമാണ്. അന്ധമായ വിശ്വാസം അടിച്ചേൽപ്പിക്കാൻ ഋഗ്വേദം ഇഷ്ടപ്പെട്ടില്ല.

ഋഗ്വേദകാലം മനുഷ്യവികാസത്തിന്റെ കാലമായിരുന്നു. ചിന്തയുടെ ഊന്നുവടിയിൽ ഒന്നാമതായി മനുഷ്യൻ എഴുന്നേറ്റു നിൽക്കുവാൻ തുടങ്ങിയ കാലം. ആ കാലത്തിനു വാലത്ത് നന്ദി പറയുന്നുണ്ട്. ഭാരതത്തെ അറിയാൻ, സ്വന്തം പൈതൃകത്തിന്റെ സത്ത ഉൾക്കൊള്ളാൻ, അവനവനെ കണ്ടെത്താൻ, തിരിച്ചറിയാൻ ഈ ഗ്രന്ഥം ഉപകരിക്കും, തീർച്ച.