പ്രിയപ്പെട്ടവരുടെ വേർപാട്
← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും | |
---|---|
ഗ്രന്ഥകർത്താവ് | ഐൻസ്റ്റീൻ വാലത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2019 |
മാദ്ധ്യമം | ഡിജിറ്റൽ |
പുറങ്ങള്‍ | 200 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
വൈകാതെ പറവൂരിൽ താമസമായി. സ്ഥിരമായി മരുന്നും ഇൻഹേലരും ഉപയോഗിച്ചിരുന്ന വാലത്ത് പറവൂരിൽ എത്തിയപ്പോൾ രണ്ടും ഉപേക്ഷിച്ചു. ഒരു കൊല്ലത്തിലേറെ സുഖമായി അവിടെ കഴിഞ്ഞു. പക്ഷേ, എഴുത്ത് പൂർണ്ണമായി നിന്ന് കഴിഞ്ഞിരുന്നു. പേന പിടിക്കാൻ കഴിയാത്ത വിധം വിരലുകൾ ദൃഡമായിക്കഴിഞ്ഞിരുനു. കോഴിക്കോട് ജില്ലാ സ്ഥലചരിത്രമെഴുതുക എന്ന ദൌത്യം മുഴുമിക്കാനാവാതെവന്ന നിരാശ വലുതായിരുന്നു. ഓടിത്തളർന്ന കുതിരയുടെ വാർധക്യം. ഒരുപാട് ഓർമ്മകൾ. ഒരുപാട് അനുഭവങ്ങൾ. അനുഭവങ്ങൾ ഓർമ്മകളിലൂടെ പുനരവതരിച്ചു…ഒരിക്കലും തിരിച്ചു കിട്ടാത്ത പോയകാലം വാലത്തിനു വലിയ വിഷാദമായി. ഒരിക്കൽ ഡയറിയിൽ കുറിച്ചു. ‘കൃശോദരിയെ ഞാൻ ഒരുപാട് കഷ്ടപ്പെടുത്തി. വീടിനെയും കുടുംബത്തെയും അവളുടെ തലയിൽ ഇട്ടിട്ടു ഞാൻ പുറം ലോകത്ത് ചുറ്റി. എന്നിട്ട് എന്ത് നേടി?’.
ജേഷ്ഠൻ മാധവൻ
പാലക്കാട് ജില്ലാ സ്ഥല ചരിത്രത്തിന്റെ രചനയുമായി 1984 ഫെബ്രുവരിയിൽ ഒരു വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് പാസഞ്ചറിൽ വാലത്ത് അക്കാദമിയിൽ എത്തി. താൽക്കാലികമായി താമസിക്കുന്ന ഗസ്റ്റ് റൂമിൽ രാത്രി പ്രൊഫ. സുകുമാർ അഴീക്കോട് വന്നു. അദ്ദേഹവുമായി സംസാരിച്ചു കൊണ്ടിരിക്കെ ജ്യേഷ്ഠൻ മാധവൻ മരിച്ചു എന്ന് ഫോൺ വന്നു. ഉടൻ മടങ്ങി. അഴീക്കോടിന്റെ കാറിൽ ട്രാൻസ്പോർട്ട് സ്റ്റാന്റിൽ എത്തി. അവിടെനിന്നു എറണാകുളം ഫാസ്റ്റ് കിട്ടി രാത്രി ഒരു മണിയോടെ വീട്ടിലെത്തി. ജേഷ്ടൻ എല്ലാവരെയും വിട്ടു പോയി. കൌമാര പ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ ആ സ്ഥാനത്ത് നിന്ന് അച്ഛന്റെ കുറവ് പരിഹരിച്ചത് ജേഷ്ഠനായിരുന്നു. ആ കാരണവരും കടന്ന് പോയി. അച്ഛനോ ജേഷ്ഠനോ വേണ്ടി ഒന്നും ചെയ്തുകൊടുക്കാൻ കഴിഞ്ഞിട്ടില്ല, എന്ന ഓർമ്മ വാലത്തിനു വലിയ വിഷാദമായിരുന്നു.
ടി. കെ. സി. വടുതല, 1988 ജൂലായ് 1
ചിരകാല സുഹൃത്തും കുടുംബ സുഹൃത്തും. രാവിലെ 6 മണിക്ക് നിര്യാതനായി. വൈകിട്ട് 5 മണിക്ക് ശവസംസ്കാരം നടന്നു. സുഖമില്ലായിരുന്നു. എങ്കിലും സംസ്കാരത്തിൽ കുടുംബ സമേതം പങ്കെടുത്തു. ടി. കെ. സി. വാലത്തിന്റെ ആത്മസുഹൃത്തായിരുന്നു. വളരെനാൾ അക്കാദമി ഗസ്റ്റ് റൂമിൽ അവർ ഒരുമിച്ചു താമസിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ലളിതകലാ അക്കാദമി സെക്രട്ടറി. വാലത്ത് സാഹിത്യ അക്കാദമിയിലെ സ്കോളർ. വളരെ വളരെ ഓർമ്മകൾ. 1977-ൽ വാലത്തിന്റെ ഷഷ്ടിപൂർത്തി എറണാകുളത്ത് വെച്ച് ആഘോഷിക്കാൻ മുൻകൈ എടുത്തത് അദ്ദേഹമായിരുന്നു. സ്നേഹസമ്പന്നൻ. പ്രസാദാത്മകതയും ആത്മവിശ്വാസവും നർമ്മബോധവും തിളങ്ങി നിന്ന വ്യക്തി. എം. പി. ആയപ്പോൾ പല തവണ വാലത്തിനെ ദില്ലിയ്ക്ക് ക്ഷണിച്ചു. ഒരു പൈസയും ചെലവാക്കണ്ട. കൂടെ ചെന്നാൽ മതി. വാലത്ത് ക്ഷണം നീട്ടി നീട്ടി കഴിച്ചുകൂട്ടി. 6 കൊല്ലമാണല്ലോ എം. പി. യുടെ കാലാവധി. പോകാം, വരട്ടെ എന്നു കരുതി. 2 കൊല്ലത്തെ എം. പി. സ്ഥാനമേ കഴിഞ്ഞുള്ളു. അദ്ദേഹം പെട്ടെന്ന് വേർപെട്ടുപോയി. വാലത്ത് അന്നത്തെ ഡയറിയിൽ എഴുതി. ‘എന്റെ മുന്നിൽ ശൂന്യത. ശൂന്യത മാത്രം.’
ടാറ്റാപുരം സുകുമാരൻ, 1988 ഒക്ടോബർ 26
പകൽ 12.30-നു ടാറ്റാപുരം സുകുമാരൻ എറണാകുളം സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ, നിര്യാതനായി. സുകുമാരൻ ആശുപത്രിയിൽ കിടപ്പിലായ എല്ലാ ദിവസവും വാലത്ത് കൂടെയുണ്ടായിരുന്നു. മൂത്ത സഹോദരിയുടെ ഏക മകനാണ്. ചേച്ചിയുടെ മകന് എന്ന നിലയ്ക്ക് മരുമകൻ ആണെങ്കിലും സുകുമാരൻ വാലത്തിനു സുഹൃത്തിനെപ്പോലെയാണ്. പ്രായത്തിലും വലിയ അന്തരമില്ല. പുസ്തക പ്രകാശനങ്ങൾ അവർ പരസ്പരം കൂടിയാലോചിച്ച് സംഘടിപ്പിച്ചിരുന്നു. ഒരിക്കൽ ഗൌരവമേറിയ ഒരു പ്രശ്നം ടാറ്റാപുരം അമ്മാവന്റെ മുന്നിൽ അവതരിപ്പിച്ചു. റഷ്യൻ ക്ലാസ്സിക്കുപുസ്തകങ്ങൾ വാങ്ങണം എന്ന് കലശലായ ആഗ്രഹം. പക്ഷെ പണമില്ല. രണ്ടുപേരും കൂടിയാലോചിച്ചു. പുസ്തകങ്ങൾ ഇരുവർക്കും വളരെ പ്രധാനമാണ്. വാങ്ങിയേതീരു. പണം ആർ തരും? നിവൃത്തിയില്ല എന്നർത്ഥത്തിൽ സുകുമാരൻ തലയാട്ടി. സുകുമാരന്റെ കാതുകളിലെ കടുക്കൻ വാലത്തിന്റെ കണ്ണിൽ പെട്ടു. രണ്ടു സ്വർണ്ണക്കടുക്കനുകൾ കാതിലുണ്ടായിട്ടാണോ പണത്തിനു ബുദ്ധിമുട്ട്? കാതിലെ കടുക്കനെക്കാൾ പ്രധാനം കയ്യിൽ വരുന്ന ക്ലാസ്സിക്കുകളാണെന്ന് അമ്മാവനുപദേശിച്ചത് മരുമകൻ ശിരസാവഹിച്ചു. ഉടൻ തന്നെ കടുക്കനുകൾ ഊരി വിറ്റ് സുകുമാരൻ ക്ലാസ്സിക്കുകൾ വാങ്ങി. ആ സംഭവം തന്റെ സാഹിത്യജീവിതത്തിൽ ഉണ്ടാക്കിയ പരിവർത്തനത്തെക്കുറിച്ച് കൃതജ്ഞതാപൂർവ്വം ടാറ്റാപുരം സുകുമാരൻ പലതവണ സ്മരിച്ചിട്ടുണ്ട്.
1989 ഫെബ്രുവരി 23 വ്യാഴം. ഡയറിയിൽ ചില കുറിപ്പുകൾ ഇങ്ങനെ കാണുന്നു. “……ഒരു ഉന്മേഷവുമില്ല. ഏകാന്തത പണ്ടേ ഇഷ്ടമായിരുന്നു. ഇപ്പോൾ അത് വിഷാദത്തെ വർദ്ധിപ്പിക്കാനേ ഉതകുന്നുള്ളൂ. വേണ്ടപ്പെട്ട മിത്രങ്ങൾ മരിച്ചുപോയി. സ്വന്തം മരുമകൻ ടാറ്റാപുരവും. സ്വന്തം വീട്ടിൽ സ്വന്തം ഭാര്യാപുത്രന്മാരുടെ പരിചര്യ ഏറ്റു കഴിയാനും ഭാഗ്യമുണ്ടായില്ല.”
1999 മേയ് 29. ‘പ്രഭാതം വെറും കൈയുമായി വന്നു. സായാഹ്നവും വെറും കൈയുമായി പോകുന്നു. എനിക്കും വെറുംകൈയോടെ മടങ്ങാം. ജീവിതം എന്നെ എന്ത് പഠിപ്പിച്ചു? ജീവിതം എന്നെ ഞാനെന്നു പഠിപ്പിച്ചു. ഇത് പഠിക്കാൻ 80 വയസ്സ് വരെ കാത്തിരുന്നു. അതൊരു വലിയ കാര്യം തന്നെ. ബാല്യത്തിൽ രാവിലെ അമ്മ അമ്പലത്തിൽ കൊണ്ടുപോയി. അകലെ ഇരുട്ടറയിൽ നരകത്തിന്റെ കണ്ണ് പോലെ ജ്വലിച്ച നിലവിളക്ക് ചൂണ്ടി അമ്മ തൊഴാൻ പറഞ്ഞു. “അത് കല്ലല്ലേ, അമ്മെ?” അന്ന് തുടങ്ങിയ യുക്തിവാദം അന്ത്യം വരെ കൂട്ടുവിട്ടില്ല.”
|