close
Sayahna Sayahna
Search

Difference between revisions of "VVK Valath 25"


(Created page with "<!--%25-->__NOTITLE____NOTOC__← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും {{SFN/Valath}}{{SFN/Valat...")
 
(No difference)

Latest revision as of 08:45, 7 August 2019

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ആ വർഷം 1134 ഇടവം 12-നു (1959 മേയ് 26) അമ്മ പാറു അന്തരിച്ചു. തറവാട്ടിൽ നിന്ന് ചേരാനല്ലൂരിലെ വീട്ടിലേക്കു മാറിത്താമസിച്ച ശേഷം വാലത്തിനോടൊപ്പമായിരുന്നു, അമ്മ കഴിഞ്ഞിരുന്നത്. അച്ഛൻ മരിച്ചു ഇരുപത്തിമൂന്നാം വർഷത്തിലായിരുന്നു അമ്മയുടെ മരണം. ഒരു കൊല്ലത്തോളം ശയ്യാവലംബിയായി. ഒടുവിൽ ഭക്ഷണവും പിന്നെ ജലപാനവും നിന്നു. ബോധം മറഞ്ഞു. കൺകുഴികൾക്കകത്തു ദുർബ്ബലമായ പോളകൾ അടഞ്ഞു. എല്ലിൻകൂട് മാത്രമായ ദേഹം ചലനമറ്റു. ശ്വാസം വലിച്ചെടുക്കുന്നതിന്റെ വളര ചെറിയ ഒരനക്കം മാത്രം.

മരണം ആസന്നമായി എന്ന് വ്യക്തമായി. മക്കളെല്ലാവരും അടുത്തെത്തി. മറ്റു ബന്ധുക്കളെ എല്ലാവരെയും അറിയിച്ചു. ആ കിടപ്പ് പതിനാലു ദിവസം കിടന്നു. ഏറ്റവും ഇളയ മകൾ ഭാരതിയുടെ ഭർത്താവ് പരമേശ്വരൻ ഒരു കാര്യം എല്ലാവരോടും പറഞ്ഞു. “എന്തെങ്കിലും ആഗ്രഹം സാധിക്കാതെ ബാക്കിയുണ്ടെങ്കിൽ ആത്മാവ് ശരീരം വിടില്ല. അങ്ങനെ വല്ലതും ഉണ്ടായിരിക്കാം.” എല്ലാവരും പരസ്പരം നോക്കി. അമ്മയ്ക്ക് അങ്ങനെ അന്ത്യാഭിലാഷം എന്തെങ്കിലും ഉള്ളതായി ആർക്കും അറിവില്ല. പരമേശ്വരൻ അളിയന് കാര്യം പിടികിട്ടി. അദ്ദേഹം പറഞ്ഞു. “അമ്മ കിടക്കുന്നത് മകൻ മാറിത്താമസിച്ച വീട്ടിലാണ്. സ്വന്തം വീട്ടിൽ കിടന്നു മരിച്ചാലേ ആത്മാവിനു തൃപ്തി വരൂ. അപ്പോഴേ മരണം സംഭവിക്കൂ.”

കാര്യം ശരിയാണ്, എന്ന് എല്ലാവർക്കും തോന്നി. പക്ഷെ എങ്ങനെ? ആ അവസ്ഥയിൽ തറവാട്ടു വീട്ടിൽ എത്തിക്കുക എളുപ്പമായിരുന്നില്ല. തൂവെള്ള മുണ്ടും തൂവെള്ള ജുബ്ബയും ധരിച്ചു, വെളുത്ത് സുന്ദരനായ പരമേശ്വരൻ പള്ളുരുത്തിയിൽ അബ്ക്കാരി ജോലിക്കാരനായിരുന്നു. സിദ്ധനൊന്നുമായിരുന്നില്ല. എങ്കിലും ഒരു സിദ്ധനെപ്പോലെ അദ്ദേഹം അമ്മയുടെ കാതിൽ ഉറക്കെ ചോദിച്ചു.

“അമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ?”

അതുതന്നെ മൂന്നു പ്രാവശ്യം ചോദിച്ചു. മൂന്നാമത്തെ തവണ പ്രതികരണമുണ്ടായി. തല ചെറുതായൊന്നു വിറച്ചു. മുഖത്തെ ഒരു പച്ച ഞരമ്പ് ഒന്ന് വലിഞ്ഞു മുറുകി. പരമേശ്വരൻ വീണ്ടും ചോദിച്ചു.

“അമ്മയ്ക്ക് വാലത്ത് വീട്ടിൽ പോകണോ?”

വീണ്ടും തലയൊന്നു വിറച്ചു. ഞരമ്പ് പിണഞ്ഞ കൈകളും അനങ്ങാൻ ശ്രമിക്കുന്നതുപോലെ. അതെ, എനിക്ക് വാലത്ത് വീട്ടിൽ പോകണം എന്ന് പറയാൻ ശ്രമിക്കുന്നതു പോലെ. ഞാൻ വിവാഹിതയായി വലതുകാൽവച്ച് കയറി വന്ന വാലത്ത് വീട്. ചുരുങ്ങിയ കാലമെങ്കിലും ഭർത്താവിനോടൊപ്പം ജീവിച്ച്, ആറു മക്കളെ പ്രസവിച്ച്, ദാരിദ്ര്യത്തിൽ കണ്ണീരിന്റെ ഉപ്പും ചേർത്ത് എല്ലാവരെയും ഊട്ടിയ വീട്, അവിടെക്കിടന്നു തന്നെ മരിക്കാനാണ് എനിയ്ക്ക് ആഗ്രഹം. അമ്മയുടെ മുഖത്തെ ഭാവമാറ്റം അത്രയ്ക്ക് പ്രകടമായിരുന്നു. വീണ്ടും പരമേശ്വരൻ രംഗത്തെത്തി, ഒരു പൊടിക്കൈ പ്രയോഗിച്ചു. അദ്ദേഹം ഉറക്കെ പറഞ്ഞു.

“അമ്മേ, അമ്മയെ വാലത്ത് തറവാട്ടു വീട്ടിലേക്കു കൊണ്ടുപോകുകയാണ്. കട്ടിലോടെ കൊണ്ടുപോവുകയാണ്‌. ദേ, കട്ടിൽ പൊക്കുകയാണ്, അമ്മ അനങ്ങല്ലേ, വീഴല്ലേ, കട്ടില് ദേ, പൊക്കിക്കഴിഞ്ഞു, അമ്മ വാലത്തേയ്ക്ക് പോവുകയാണ്, അനങ്ങല്ലേ, വീഴല്ലേ, അമ്മ വാലത്തേയ്ക്ക് പോവുകയാണ്, വാലത്തേയ്ക്ക്, വാലത്തേയ്ക്ക്……“

മെലിഞ്ഞുണങ്ങിയ ആ ദേഹം ആകെ ഒന്ന് വിറച്ചു. ഒരു തവണ. പിന്നെ, നിശ്ചലമായി, എന്നെന്നേയ്ക്കുമായി.