close
Sayahna Sayahna
Search

Difference between revisions of "VVK Valath 40"


(Created page with "<!--%40-->__NOTITLE____NOTOC__← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും {{SFN/Valath}}{{SFN/Valat...")
 
(No difference)

Latest revision as of 08:58, 7 August 2019

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വാലത്ത് ഒരിക്കൽ എഴുതിയ ‘ഈ സായംസന്ധ്യന്ധ്യയിൽ’ എന്ന ലേഖനം വാലത്തിന്റെ ആത്മ നിരീക്ഷണം നിറഞ്ഞു നിൽക്കുന്നതാണ്. അത് ഇവിടെ ­ഉദ്ധരിക്കട്ടെ.

ഈ സായംസന്ധ്യയിൽ

‘എനിയ്ക്ക് ജാതിയില്ല. മതമില്ല. ദൈവമോ, ക്ഷേത്രമോ ഇല്ല. ആ വക സൂചനകളൊന്നും എന്റെയോ എന്റെ മക്കളുടെയോ പേരക്കുട്ടികളുടേയോ പേരുകളിൽ ഒളിച്ചുനിൽക്കുന്നില്ല.

അതുപോലെ എന്റെ പുസ്തകങ്ങളും എന്റെ ജാതി വിളംബരം ചെയ്‍കയില്ല. ജാതിചിന്ത മനുഷ്യന്റെ മനസ്സിൽ വരുന്നതോടെ അവൻ അങ്ങേയറ്റം തരം താഴ്ന്നതായാണ് ഞാൻ കണക്കാക്കിയിട്ടുള്ളത്. ഈ എൺപതാം വയസ്സിൽ തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നത് ഞാനൊരിക്കലും ഒരു ജാതിയുടെ ഭാഗമായി ചിന്തിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല എന്നതു കൊണ്ടാണ്. ഞാൻ മനുഷ്യനാണ്. ഒരു ചരിത്രകാരനായി അറിയപ്പെട്ടാൽ മതി.

“അച്ഛന്റെ തോളിലിരുന്നാണ് ഞാൻ ആദ്യമായി ലോകം കാണുന്നത്. ഒരു വഴി കണ്ടാൽ, ഒരു കുളം കണ്ടാൽ, ഞാനന്വേഷിയ്ക്കും ഈ വഴി എവിടേയ്ക്കാണ്? ഈ കുളം എങ്ങനെയുണ്ടായി?”എന്നൊക്കെ.

ആ അന്വേഷണമാണ് ഞാനിപ്പോഴും തുടരുന്നത്.

ബാല്യത്തിൽ കണ്ട വഴികൾ, വഴിയമ്പലങ്ങൾ, അത്താണികൾ, ചക്രചുറ്റുകൾ, മലവാരങ്ങൾ, ഗുഹാക്ഷേത്രങ്ങൾ…എല്ലാത്തിലും നൂറ്റാണ്ടുകളുടെ കഥകളുണ്ട്. ആ കഥകൾ തേടിയാണ് ഞാനലഞ്ഞത്.

ഓരോ ജില്ലയുടേയും സ്ഥലചരിത്രമെഴുതിയത് എന്റെ വീട്ടിലിരുന്നുകൊണ്ടല്ല. ജില്ലയിലെ ഓരോ ഗ്രാമത്തിലും പോയി വിവരങ്ങൾശേഖരിക്കുകയായിരുന്നു.

എത്ര കഷ്ടപ്പെട്ടായാലും നേരിൽ കാണാതെ ഞാനൊന്നുമെഴുതിയിട്ടില്ല. ഞാൻ ‍ഐതിഹ്യം നോക്കാറില്ല. പറഞ്ഞുകേട്ട് വിശ്വസിക്കാറുമില്ല. യുക്‍തി കൊണ്ട് ഖനനം ചെയ്കയാണ് എനിക്കിഷ്ടം. ഒരിക്കൽ പാലക്കാട്ട് കോട്ടമല കാണാൻ പോയി. മലകയറി മുകളിൽ എത്തിയപ്പോഴാണ് സന്ധ്യയെന്നറിഞ്ഞത്. താഴേയ്ക്കു വരാൻ പറ്റാത്ത വിധം നേരം ഇരുട്ടുകയും ചെയ്തു. കാൽ വഴുതി, കല്ലിൽ തലയടിച്ചു മരിക്കുമോ, എന്നു പോലും പേടിച്ചുപോയ നിമിഷം. ഒന്നു നിലവിളിച്ചാൽപ്പോലും അവിടെ ആരും വരികയില്ല. ഒടുവിൽ ഇരുട്ടിൽ തപ്പിത്തടഞ്ഞാണ് ഞാൻ മടക്കദൂരം താ%\input valath-39.tex ണ്ടിയത്. പാമ്പിനേയും ഇരുട്ടിനേയും പേടിച്ച ആ രാത്രി ഇന്നും എന്റെ മനസ്സിലുണ്ട്.

കഷ്ടപ്പെട്ട് ഞാൻ കണ്ടെത്തയ രേഖകൾ പിൽക്കാലത്ത് കുട്ടികൾക്കുംമറ്റും പ്രയോജനപ്പെട്ടത് സന്തോഷകരമായി. എം. ജി. യുണിവേർസിറ്റി എന്റെ “ചരിത്രകവാടങ്ങൾ” പാഠപുസ്തകമാക്കിയിരുന്നു. യാത്രകളുടേയും അന്വേഷണങ്ങളുടേയും ഒടുവിൽ ഞാൻ രോഗിയായത് ഓർക്കുമ്പോൾ വിഷമവുമുണ്ട്. ഇത്തരം ഗവേഷണങ്ങളിൽ നിന്ന് പിൽക്കാലത്ത് എനിക്ക് സാമ്പത്തികമായ നേട്ടമൊന്നുമുണ്ടായില്ല. മൂന്ന് ജില്ലകളക്കുറിച്ച് പഠിക്കാൻ സാഹിത്യ അക്കാദമി പ്രതിമാസം തൊള്ളായിരം രൂപ വീതം തന്നു. ഒരു ജില്ലയ്ക്ക് ഒരു വർഷം വീതം. പുസ്തകങ്ങൾ നാലും അക്കാദമി പ്രസിദ്ധീകരിച്ചു. അതിൽ നിന്ന് റോയൽറ്റി ഇനത്തിൽ കാര്യമായൊന്നും കിട്ടാനില്ല. സ്‍കോളർഷിപ്പ് കിട്ടിയ തുക ഗവേഷണത്തിനായി ചെലവാകുകയുംചെയ്തു. എങ്കിലും ആറു മാസത്തിനുള്ളിൽ‍ എന്റെ സ്ഥലനാമഗവേഷണഗ്രന്ഥങ്ങൾക്ക് പുതിയ പതിപ്പുകൾ ഉണ്ടാകുന്നത് ആനന്ദം നൽകുന്നു. അവയ്ക്ക് വായനക്കരുണ്ടല്ലോ. സ്ഥലനാമങ്ങളുടെ ഉത്ഭവരഹസ്യം തേടിയുള്ള യാത്രയിൽ എനിക്ക് ധനനഷ്ടവും സ്വത്തുനഷ്ടവും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയെപ്പറ്റി പഠിക്കാനുള്ള യാത്രയ്ക്കിടയിൽ കാമറയും കുറിപ്പുകൾ രേഖപ്പെടുത്തിയ നോട്ടുബുക്കുകളുമടങ്ങിയ സ്യൂട്കെയ്‍സ് നഷ്ടപ്പെട്ടു. ഒടുവിൽ ഉടുതുണി മാത്രമായി വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.

പട്ടിണി ഒരു സാധാരണ സംഭവമായിരുന്ന കാലഘട്ടത്തിൽ ജനിക്കാൻ ഭാഗ്യമുണ്ടായി. ലോകത്തെമ്പാടുമുള്ള മനുഷ്യന്റെ യഥാർത്ഥപ്രശ്നം വിശപ്പു തന്നെ എന്ന തിരിച്ചറിവിലൂടെ ഞാൻ വളർന്നു.

എന്റെ വഴികൾ കഠിനാദ്ധ്വാനത്തിന്റെയും കഷ്ടപ്പാടിന്റേതുമായിരുന്നു. എത്ര ക്ലേശിച്ചാണ് എന്റെ ജീവിതപ്പാതയിൽ കുറച്ചെങ്കിലും നേട്ടങ്ങളുണ്ടാക്കിയതെന്ന് ഓർക്കുകയാണ്. എന്നാൽ, എനിക്ക് ജീവിതം കൈനിറച്ചു തന്നു എന്നൊന്നും തോന്നിയിട്ടില്ല. ചിലപ്പോൾ ആലോചിക്കുമ്പോൾ തോന്നും പല തീരുമാനങ്ങളും ഭ്രാന്തമോ, അതിസാഹസികമോ ആയിരുന്നെന്ന്.

എങ്കിലും ജിജ്ഞാസുവായിരുന്നു ഞാൻ. അതാണ് എന്നെചരിത്രകാരനാക്കിയത്. എന്റെ ഭാഷ ഇന്നും തീക്ഷ്ണമായാണ് എനിക്ക് അനുഭവപ്പെടുന്നത്.

ഞാനൊരു സോഷ്യലിസ്റ്റായിരുന്നു. അതേസമയം കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് എന്നും ഭ്രാന്തമായ അടുപ്പവും കാണിച്ചിരുന്നു. ജീവിതത്തിന്റെ ആദ്യനാളുകളിൽ നേരിട്ട പട്ടിണിയും ദുരിതവും എന്നെ കൂടുതൽ തുല്യതയുള്ള ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാൻ ഇടയാക്കി. അതെല്ലാം ഇന്നും എന്നിൽ പുത്തനുണർവ്വായി നിൽക്കുകയാണ്.

എന്റെ ആദ്യ ഗദ്യകവിതാസമാഹാരമായ ‘ഇടിമുഴക്കം’ ഞാൻ സമർപ്പിച്ചിട്ടുള്ളത് എന്റെ അച്ഛനു തന്നെയാണ്.

ദാരിദ്ര്യത്തിൽ ജനിച്ച്,

ദാരിദ്ര്യത്തിൽ ജീവിച്ച്,

ദാരിദ്ര്യത്തിൽ വെച്ച്‍

ഒരു ദിവസം കാണാതെ പോയ

എന്റെ അച്ഛന്റെ ഓർമ്മയ്ക്ക്.

അച്ഛന്റെ ദുരിതങ്ങൾ എന്റെ ചിന്തയിൽവല്ലാത്ത പരിവർത്തനങ്ങൾ വരുത്തിയെന്ന് പറയാം.

എനിക്ക് ഒരു മനുഷ്യനായിത്തീരുവനായിരുന്നു ആഗ്രഹം. കാരണം മനുഷ്യത്വത്തിന്റെ വില അത്രമാത്രം ഞാനറിഞ്ഞിട്ടുണ്ട്. മനുഷ്യത്വം മരവിച്ച ഒരു ലോകത്താണല്ലൊ, നാം ജീവിക്കുന്നത്. ചളിയും വെള്ളവും ഇരുട്ടും ചോരയും നിറഞ്ഞ ഈ അഗാധതയിൽ വച്ചുള്ള ജീവിതത്തിൽ നിന്നും നമുക്ക് രക്ഷപ്പെടാനാവുമൊ? ഇതെന്റെ പഴയ ചോദ്യമാണ്. ഞാൻ ഒരിക്കൽ വിപ്ലവത്തെ സ്നേഹിച്ചു. രാഷ്ട്രീയമായി പുതിയൊരുണർവിലൂടെ, നമുക്ക് നല്ലൊരു ജീവിതമുണ്ടാകുമെന്ന് ചെറുപ്പകാലത്ത് വിശ്വസിച്ചു. ഇന്നിപ്പോൾ നോക്കുമ്പോൾ മനുഷ്യന്റെ മഹത്വം എവിടെയോ കളങ്കപ്പെട്ടില്ലേ, എന്നു സംശയിക്കുന്നു.’