close
Sayahna Sayahna
Search

അന്യായങ്ങള്‍ക്കെതിരായ സമരം


അന്യായങ്ങള്‍ക്കെതിരായ സമരം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

നവ: ദര്‍ശനത്തില്‍ അന്യായങ്ങള്‍ക്കെതിരെയുള്ള സമരങ്ങളെപ്പറ്റി ഇതുപോലെ വ്യത്യസ്തമായ ഒരു വീക്ഷണം ഉന്നയിക്കപ്പെട്ടതായി ഞാന്‍ ഓര്‍ക്കുന്നു.

കേശു: സമരങ്ങളുടെ ശൈലിയിലും മാറ്റം ആവശ്യമാണ്.

മിനി: പൂ വിരിയുന്നതുപോലെ ഒരു ജൈവപ്രക്രിയയാണ് സാമൂഹ്യമാറ്റം എന്ന് ദര്‍ശനം കരുതുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

ഞാന്‍: അതുശരിയാണ്. ബോധപൂര്‍വമായ ഒരു ജൈവപ്രക്രിയ എന്ന് എടുത്തുപറയണം. സ്വാഭാവിക ജൈവപ്രക്രിയയല്ല. മാറ്റം സംഭവിക്കുന്നതെങ്ങനെയെന്ന് നമുക്ക് ചിന്തിക്കാം

അരിയില്‍ റെഡ് ഓക്‌സൈഡ് ചേര്‍ത്ത് വെള്ളയരി ചുമലയരിയാക്കി കൂടിയ വിലയ്ക്ക് വില്ക്കുന്ന ഒരു അരിവ്യാപാരിയെ നമുക്ക് സമീപിക്കാം. കേശു അപ്രകാരം ഒരു അരിവ്യാപാരിയാണെന്നിരിക്കട്ടെ. നമുക്ക് കേശുവിനെ സമീപിച്ച് ചോദിച്ചു നോക്കാം.

ചോദ്യം: നിങ്ങള്‍ എന്തുകൊണ്ടാണ് അരിയില്‍ മായം ചേര്‍ക്കുന്നത്?

കേശു: എനിക്കുമെന്റെ കുടുംബത്തിനും മറ്റുള്ളവരെപ്പോലെയെങ്കിലും ജീവിക്കണം. എല്ലാ കുഞ്ഞുങ്ങളും കുടയും പിടിച്ച് സ്‌കൂളില്‍ പോകുമ്പോള്‍ എന്റെ കുഞ്ഞ് വാഴയില ചൂടിപ്പോകുന്നത് അവള്‍ക്കും എനിക്കും ദുഃഖമാണ്. അതിനാണ് ഞാന്‍ അരിയില്‍ മായം ചേര്‍ക്കുന്നത്.

ഞാന്‍: അതിന് അരി ലാഭത്തില്‍ വിറ്റാല്‍പോരേ. കുടലില്‍ അള്‍സറുണ്ടാക്കുന്ന ഈ വിഷം ചേര്‍ക്കണോ? ചിലപ്പോള്‍ ഒരു ഹോട്ടലില്‍ നിന്ന് ആ ചോറ് തന്റെ കുട്ടിയും കഴിച്ചു എന്ന് വരില്ലേ?

കേശു: ഇതു ചേര്‍ക്കുന്നത് തെറ്റാണെന്ന് മറ്റാരെക്കാളും കൂടുതലായി എനിക്കറിയാം. മാര്‍ക്കറ്റില്‍ എന്റെ വെളുത്തയരി കൊണ്ടുചെന്നാല്‍ അതവിടെ കിടന്നുപോകും. ചുമലയരി വിറ്റുപോകും.

ഞാന്‍: ചുമലയരിക്കു മാര്‍ക്കറ്റുള്ളപ്പോള്‍ താന്‍ പവിഴമോ പന്ത്രണ്ടെണ്‍പത്തഞ്ചോ ഏതെങ്കിലും ചുമലയരിയുള്ള നെല്ലെടുക്കണം.

കേശു: അതിനു വില കൂടും. മറ്റുള്ളവര്‍ താണവിലയ്ക്ക് നെല്ലെടുത്ത് ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുമ്പോള്‍ ഞാനുയര്‍ന്ന വിലയ്ക്കു നെല്ലെടുത്താല്‍ ഏതു വിലയ്ക്കു വില്‍ക്കും. ഇതു കൂടാതെ മില്ലിലും ലോറിക്കും കൂലി ദിവസേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലിയും കൊടുക്കണം. ഇതൊക്കെ സഹിക്കാം. അരിവ്യാപാരി എന്നനിലയില്‍ പിരിവുകാര്‍ 50 രൂപയില്‍ കുറഞ്ഞ് രസീത് എഴുതുകയില്ല. ഒരു കളത്തില്‍ നിന്ന് ലോറിയിലേക്ക് നെല്ല് മറിച്ചു കിട്ടണമെങ്കില്‍ ഇപ്പോള്‍ ക്വിന്റലിനു 6ഉം 7ഉം രൂപ അട്ടിമറിക്കാര്‍ക്കു കൊടുക്കണം. കഴിഞ്ഞപ്രാവശ്യം ഒരു ചാക്കുമറിച്ച കൂട്ടത്തില്‍ ചാക്കു പൊട്ടി നെല്ല് വെള്ളത്തില്‍ പോയി. “പുത്തന്‍ ചാക്കു വാങ്ങെടോ” എന്നാണ് അട്ടിമറിക്കാര്‍ പറഞ്ഞത്. എന്റെ നഷ്ടത്തില്‍ എന്നോടു സഹതപിക്കാന്‍ ആരുമില്ല. അവരേയും കുറ്റം പറയുവാനാവില്ല. രാവിലെ മുതല്‍ കാത്തിരുന്ന് കാത്തിരുന്നാണ് അവര്‍ക്കൊരു പണി കിട്ടുന്നത്. വെറുപ്പോടെയാണ് അവരും പണിയെടുക്കുന്നത്. ഞാനെന്തു ചെയ്യണം സാര്‍ പറഞ്ഞാട്ടെ? അരിയുടെ കൂടെ റെഡ് ഓക്‌സൈഡിനു പുറമേ ചരല്‍കൂടി ചേര്‍ത്താലോ എന്നാണ് ഞാനാലോചിക്കുന്നത്. എന്റെ സഹപ്രവര്‍ത്തകര്‍ പലരും നെല്ലു പുഴുങ്ങി പൊടിമണല്‍ ചേര്‍ത്ത് ഉണക്കി തൂക്കം കൂട്ടിയാണ് വില്ക്കാറുള്ളത്.

രാജു: താനീപ്പണി വേണ്ടെന്നുവയ്ക്കണം. ജനങ്ങളെ ദ്രോഹിക്കരുത്.

കേശു: സാറെ, ഏതു ജനങ്ങളെയാണ് ദ്രോഹിക്കാതിരിക്കേണ്ടത്. മറ്റൊരാളെ ദ്രോഹിക്കാന്‍ അവസരം കിട്ടിയാല്‍ അതുപയോഗിക്കാത്ത ഏതു ജനങ്ങളെയാണു ഞാന്‍ ദ്രോഹിക്കാതിരിക്കേണ്ടത്. കഴിഞ്ഞയാഴ്ച ഒരു പശുക്കച്ചവടക്കാരന്‍ 7 ലിറ്റര്‍ പാല് കറന്നുകാണിച്ച് 3000 രൂപയ്ക്ക് എനിക്കൊരു പശുവിനെ തന്നു. ഇപ്പോള്‍ നാലു ലിറ്റര്‍ ആയി. ഏതോ മരുന്നു കുത്തിവച്ച് പാല് വര്‍ദ്ധിപ്പിച്ചതായിരുന്നു.

ആരും ഒന്നും പറഞ്ഞില്ല. ശ്വാസം നിലച്ചതുപോലെയായിപ്പോയി. ഞാന്‍ പറഞ്ഞു: “ഈ മായംചേര്‍ക്കലുകാരന്‍ കേശുവിനെതിരായി സമരം ചെയ്താല്‍ പ്രശ്‌നം പരിഹൃതമാകുമോ?”

നവ: ഓരോരുത്തരും ചൂഷണത്തിനുള്ള അവസരം കിട്ടാന്‍ തരം കാത്തു നടക്കുകയാണ്. അന്യായത്തിനെതിരായി സമരം സംഘടിപ്പിക്കുന്ന പല ഗ്രൂപ്പുകാരുടേയും സമരഫണ്ടിന്റെ വരവു ചിലവ് ആക്ഷന്‍ കമ്മറ്റിയില്‍ അവതരിപ്പിക്കാറേയില്ല.

കബീര്‍: കുറച്ചുനാള്‍മുമ്പ് ആലപ്പുഴ ഭാഗത്ത് രസകരമായ ഒരു സംഭവം നടന്നു. സിമന്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഘട്ടം. നിയന്ത്രിത വില ചാക്കിന് 12 രൂപ. കരിഞ്ചന്തയില്‍ 80 രൂപയ്ക്കുമേല്‍ വന്നു. ഒരുസംഘം ചെറുപ്പക്കാര്‍ കൊള്ളലാഭത്തിനെതിരായി ഒരു കെണി ഒരുക്കി. കരിഞ്ചന്തയ്ക്കു കൊണ്ടുപോകുകയായിരുന്ന ഒരു ലോറി സിമന്റ് അവര്‍ തടഞ്ഞു. റോഡില്‍ ആളു കൂടി. സിമന്റുടമ യുവാക്കളുടെ നേതാവിനെ വിളിച്ച് തന്നെ രക്ഷിക്കണമെന്നും ഇനി ഒരിക്കലും ഇതു ചെയ്യുകില്ലെന്നും പറഞ്ഞു. അയാളും ഒരു ചെറുപ്പക്കാരനായിരുന്നു. നേതാവ് അടുക്കുകില്ലെന്നു കണ്ടപ്പോള്‍ അയാള്‍ ഒരു നോട്ടുകെട്ടു പുറത്തെടുത്തു. ഇതു കണ്ടതോടു കൂടി യുവാവ് പൊട്ടിത്തെറിച്ചു. സിമന്റു മുഴുവന്‍ റോഡരികില്‍ ഇറക്കിവയ്പിച്ചു. ചാക്കെണ്ണി, ഒരു ചാക്കിന് 12 രൂപാ വച്ചുള്ള വില കണക്കാക്കി ലോറിക്കാരനെ ഏല്പിച്ചിട്ട് ഇനി മേലാല്‍ താന്‍ കരിഞ്ചന്ത നടത്തുകയില്ലെന്ന് സത്യം ചെയ്യിച്ച് വിട്ടു.

യുവാക്കളുടെ ആ സംഘം ആ സിമന്റു മുഴുവന്‍ സാധാരണക്കാര്‍ക്ക് അവരുടെ വീട്ടാവശ്യത്തിന് ചാക്കൊന്നിന് 12 രൂപാ വിലവച്ച് കൊടുത്തു. ഒരു പൈസപോലും അധികം വാങ്ങിയില്ല. അവരില്‍നിന്നു തന്നെയാണ് എനിക്കീ വിവരം ലഭിച്ചത്. സംഭവം വേദനയോടെ അവര്‍ എനിക്ക് വിവരിച്ചുതന്നു. 12 രൂപാ കൊടുത്ത് ഒരു ചാക്കു വീതം വീട്ടാവശ്യത്തിനുവേണ്ടി വാങ്ങിക്കൊണ്ടു പോയവരില്‍ പലരും അത് 80 രൂപയ്ക്ക് മറിച്ചുവിറ്റു.

ഞാന്‍: എന്തുകൊണ്ടിതു സംഭവിച്ചു. പരസ്പര പരിഗണന ഇല്ലാത്ത ഒരു ലോകമാണ് നമ്മുടേത്. ഗവണ്മെന്റാഫീസുകളിലോ, ആശുപത്രികളിലോ, മദ്യഷാപ്പുകളിലോ തിരഞ്ഞെടുപ്പു വേദികളിലോ വച്ച് നമുക്കീ അന്യായങ്ങളെ വേറെ വേറെ എടുത്ത് പരിഹരിക്കുക സാദ്ധ്യമല്ല. അതുകൊണ്ടാണ് സമരമുറ മാറ്റണം എന്നു ദര്‍ശനം പറയുന്നത്.