close
Sayahna Sayahna
Search

സംഘടന ആവശ്യമോ?


സംഘടന ആവശ്യമോ?
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: ഈദൃശ അടിസ്ഥാനവിപ്ലവപ്രവര്‍ത്തനങ്ങള്‍ ശരിക്കു തുടങ്ങുന്നതിന് സംഘടന ആവശ്യമല്ലേ?

ഉത്തരം: ഇത് ചര്‍ച്ച ചെയ്ത വിഷയമാണ്. എങ്കിലും തുടരാം. വിചാരിക്കാനും പ്രവര്‍ത്തിക്കാനും വ്യക്തിക്കേ കഴിയൂ. സംഘടനയ്ക്ക് ചിന്താശക്തി ഉണ്ടാവില്ല. വ്യക്തി വേണ്ട പോലെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാതെ വന്നേക്കാം എന്നതുകൊണ്ട് സംഘടന രൂപീകരിച്ച് ആ സംഘടിതശക്തി വ്യക്തിയുടെ മേല്‍ പ്രയോഗിച്ചു നോക്കാമെന്നാണല്ലോ കരുതുന്നത്.

ചോദ്യം: തന്നെയല്ല വ്യക്തി മരിച്ചുപോകും. സംഘടന നിലനില്ക്കും. ദര്‍ശനത്തിന്റെ ഇന്നത്തെ പ്രവര്‍ത്തകര്‍ മരിച്ചു പോയാലും ദര്‍ശനം നിലനില്‌ക്കേണ്ടേ? ഒരു പുരുഷായുസ്സുകൊണ്ട് സാധിക്കുന്നതല്ലല്ലോ അടിസ്ഥാനവിപ്ലവം. തലമുറ തലമുറയായി പ്രവര്‍ത്തിക്കേണ്ടി വരില്ലേ?

ഉത്തരം: ഈ സത്യം അറിഞ്ഞാണ് തിരുസഭ മുതലുള്ള എല്ലാ സംഘടനകളും ഉണ്ടാക്കിയത്. ശ്രീനാരായണാദര്‍ശങ്ങള്‍ സ്വാമികള്‍ക്കു ശേഷവും നിലനിറുത്താനാണ് എസ്.എന്‍.ഡി.പി. രൂപീകരിച്ചത്.

കമ്മ്യൂണിസം സാക്ഷാത്കരിക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയത്. ഈ സംഘടനകള്‍ എല്ലാം വളര്‍ന്ന് ലോകവ്യാപകമായി എന്നു ഞാന്‍ സമ്മതിക്കുന്നു. ലോകത്തിന് നാനാതരത്തില്‍ ഇവ പ്രയോജനം ചെയ്തിട്ടുമുണ്ട്. എന്നാല്‍ ക്രിസ്തുദേവന്റെ ജീവിത ലക്ഷ്യം ലോകത്ത് യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്ന കാര്യത്തില്‍ സഭ ക്രിസ്തുവിനോട് അടുത്തടുത്തു വരുന്നുവോ അകന്നകന്നു പോകുന്നുവോ? സ്വാതന്ത്ര്യാനന്തര ഭാരതവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും രാഷ്ട്രപിതാവായ ഗാന്ധിജിയോട് ഒന്നിനൊന്ന് അടുത്തടുത്താണോ വരുന്നത്? നാരായണഗുരു സ്വാമികളും എസ്.എന്‍.ഡി. പി.യുമായുള്ള ബന്ധവും പരിശോധിക്കാം. ഒന്നും ആശാവഹമല്ലെന്നു പറയേണ്ടി വരും. മറിച്ച് ഒക്കെ ശരിയായി നീങ്ങുന്നു എന്ന് വിചാരിക്കാന്‍ ശ്രമിച്ചാല്‍ തിരുത്തുവാന്‍പോലും കഴിയാതെ വരും. മഹത്തായ ആശയങ്ങള്‍ പ്രായോഗികമാക്കാന്‍ മെനഞ്ഞെടുത്ത ഒരു സംഘടന പോലും മുന്നോട്ടു വരുന്തോറും അതിന്റെ ആത്മാവില്‍നിന്ന് അകലാതിരുന്നിട്ടില്ല; ശരീരം വളര്‍ന്നിട്ടുണ്ടെങ്കിലും.

സംഘടന രൂപീകരിച്ചുപോയാല്‍ ആത്മപ്രകാശനത്തിനു തടസ്സമായ പല ഘടകങ്ങള്‍ അതിലൂടെ കടന്നുവരും. ഒന്ന് അധികാരം. അധികാരം കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ആ വ്യക്തിയുടെ ഭാരം വര്‍ദ്ധിക്കുമെന്നു മാത്രമല്ല; അതു പിടിച്ചെടുക്കുവാനുള്ള വാസന മറ്റുള്ളവരില്‍ പൊന്തിവരികയും ചെയ്യും. അതോടുകൂടി അധികാര വടംവലി തുടങ്ങും. പിന്നീട് ആദര്‍ശങ്ങള്‍ക്കിടമില്ലാതാകും. എന്തിനുവേണ്ടി ഉണ്ടായോ അതൊഴിച്ച് ബാക്കി പലതും സാധിച്ചെന്നുവരും. കേന്ദ്രീകൃത സംഘടനകള്‍, കേന്ദ്രീകൃത ഫണ്ട്, കേന്ദ്രനേതൃത്വം ഇവ മൂന്നും വ്യക്തിത്വത്തിന് വളരാന്‍ ഇടകൊടുക്കാതെ അമര്‍ത്തിക്കളയും. തന്നെയല്ല പതുക്കെ സംഘടനകളുടെ ഉള്ളിലും സംഘട്ടനം ആരംഭിക്കും. ആരോ പറഞ്ഞതുപോലെ സംഘടന രൂപപ്പെട്ടു കുറച്ചു കഴിയുമ്പോള്‍ സംഘടന സംഘട്ടനമുണ്ടാക്കും. ‘ട ’ മാറി ‘ട്ട ’ വരും.

മിനി: എന്താകാം അതിനു കാരണമെന്നു നാം ചിന്തിക്കേണ്ടതാണ്.

ഞാന്‍: കാരണം വ്യക്തമാണ്. സംഘടന ഉണ്ടാക്കുന്നത് ഉന്നതമായ ഒരു ലക്ഷ്യത്തെ മുന്‍നിറുത്തി ആണെങ്കിലും അതില്‍ ആളുകള്‍ അംഗമായി ചേരുന്നത് അവരവര്‍ക്കുവേണ്ടിയാണ്. അംഗങ്ങളുടെ സ്വകാര്യത വര്‍ദ്ധിക്കുന്നതിനനുസരിച്ച് സംഘടനയുടെ ലക്ഷ്യം മറഞ്ഞുപോകും. അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ സംഘടനകള്‍ അതിന്റെ ആത്മാവിന് വിരുദ്ധമായ മാര്‍ഗങ്ങള്‍ അവലംബിച്ചുപോകും.

മിനി: അപ്പോള്‍ തലമുറ തലമുറയായി നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടക്കും.

ഞാന്‍: നമുക്കാകുന്നത് ചെയ്യുക. ഭാവിയില്‍ ആരും അതേറ്റെടുക്കാനില്ലെങ്കില്‍ വേണ്ട. കുറച്ചുപേരുടെ കാലശേഷം അയല്‍ക്കൂട്ടവും ദര്‍ശനവും നിന്നു പോകുന്നെങ്കില്‍ പോകട്ടെ. ആരെങ്കിലും ആവശ്യബോധം തോന്നി തുടരുന്നെങ്കില്‍ അവര്‍ ഭാവന ചെയ്യുന്നതനുസരിച്ച് തുടരട്ടെ. നാം ഭാവന ചെയ്യുന്ന തരത്തില്‍ തന്നെ നീങ്ങണമെന്ന വിചാരം കാലഗതിക്കനുസരണമാകുകയില്ല. പുരാണഗ്രന്ഥങ്ങള്‍ക്കു മുതല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്കുവരെ ഈ അബദ്ധം സംഭവിച്ചുപോയിട്ടുണ്ട്. നാം ഇനി അത് ആവര്‍ത്തിക്കേണമോ? ആശയങ്ങളും അനുഭവപാഠങ്ങളും രേഖപ്പെടുത്തിയിടേണ്ടതാവശ്യം തന്നെ. അതിനേക്കാളും ശ്രേഷ്ഠമാണ് ഒരു തലമുറയുടെ ജീവിതത്തില്‍ ചേര്‍ത്തു ജീവിതമാക്കി സൂക്ഷിക്കുക എന്നത്. അമ്പലപ്പുഴയില്‍ അന്യോന്യ ജീവിതം സംഭവിച്ചാല്‍ അതുമതി ഭാവിലോകത്തിന് പ്രേരണ നല്‍കാന്‍. അതിനുപകരം ശക്തമായ ഒരു സംഘടനയും ആഫീസും ഫണ്ടും അധികാരിയും അച്ചടക്കവും ഒക്കെയാണുണ്ടാക്കി വയ്ക്കുന്നതെങ്കില്‍ ഭാവിതലമുറയ്ക്ക് അതും ഒരു ഭാരമാകും. അതും കൂടി പിളര്‍ന്നാലേ മനുഷ്യത്വത്തിന് പുറത്തുവരാന്‍ കഴിയൂ എന്നുവരും. വളരെ അയവുള്ള തരത്തില്‍ താത്കാലിക ആവശ്യങ്ങള്‍ക്ക് സംഘടനാരൂപം ഉണ്ടാവുന്നതില്‍ എനിക്ക് വിയോജിപ്പില്ല. ആവശ്യം കഴിയുമ്പോള്‍ പിരിഞ്ഞിരിക്കണം. സ്ഥിരം ഫണ്ടും സ്ഥിരം സംഘടനയും ആപത്തുതന്നെ എന്നെനിക്കു തോന്നുന്നു. ചിലപ്പോള്‍ വിപരീത ശക്തികള്‍ സംഘടന പിടിച്ചടക്കി അതിന്റെ ആത്മാവിന്റെ നേരെ തന്നെ പ്രയോഗിച്ചെന്നു വരും.

മിനി: ഒരു നേതൃത്വമെങ്കിലും ആവശ്യമല്ലേ? എന്തെങ്കിലും ഒരു കുത്തിക്കെട്ടില്ലെങ്കില്‍ കാര്യക്ഷമത ഉണ്ടാവാതെ വരില്ലേ?

ഞാന്‍: മാറേണ്ട പഴയ ധാരണകളില്‍ ഒന്നാണ് നേതൃത്വ ബോധവും. പുതിയൊരു സമാജമുണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നത് അത് ഒരു മഹാപുരുഷന്‍ നിര്‍ദ്ദേശിച്ചതുകൊണ്ടായാല്‍ പോരാ. ഒരു സംഘടനയുടെ തീരുമാനമായതുകൊണ്ടുമാകരുത്. പിന്നെയോ മനുഷ്യരാശിയുടെ ഒരാവശ്യമാണെന്ന് തോന്നുന്നതുകൊണ്ടാകണം. ഈ തോന്നലുണ്ടായിക്കഴിഞ്ഞാല്‍ നേതൃത്വവും സംഘടനയും ദോഷം ചെയ്യില്ല. ഒറ്റയ്ക്കായാലും നാം ആ ജോലി ചെയ്യും. ആവശ്യബോധമുള്ള വ്യക്തികള്‍ കൂടിയാലോചിച്ച് പ്രവര്‍ത്തനം പ്ലാന്‍ ചെയ്യണം. നേതാവിന്റെ നിര്‍ദ്ദേശത്തിന് കാത്തിരിക്കരുത്. ദീര്‍ഘദര്‍ശനമുള്ളവര്‍ നമുക്കു വേണം. എന്നാല്‍ വ്യക്തികളുടെ ബാദ്ധ്യത ഏറ്റെടുക്കുന്ന തരത്തിലാവരുത്.