close
Sayahna Sayahna
Search

പ്രവര്‍ത്തനാനുഭവങ്ങളില്‍ ചിലത്


പ്രവര്‍ത്തനാനുഭവങ്ങളില്‍ ചിലത്
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഏതു വിലയിരുത്തലാണ് ശരി?

ഒരു ഗ്രാമപ്രദേശത്ത് പ്രവര്‍ത്തനങ്ങളോടനുബന്ധമായി ഞങ്ങള്‍ ഏഴുദിവസം ഒരു സമ്മേളനപരമ്പര വച്ചു. ആയിരത്തിലധികം പേര്‍ക്ക് ഇരിക്കത്തക്ക ഒരു വിരിപന്തലിട്ടു. തൂണും മുളയും ഓലയും എല്ലാം വീടുകളില്‍ നിന്നെടുത്തു. വീട്ടുകാരും വന്നു. കൂലിയും വിലയും ഒന്നും വേണ്ടിവന്നില്ല. രാത്രി ഇരുട്ടും വരെ യോഗങ്ങള്‍ നീളുമായിരുന്നു. അവസാനദിവസം 35 രൂപയുടെ വറുത്ത കപ്പലണ്ടിക്കുരു വാങ്ങി. ഒരു പെട്ടിയിലിട്ട്, ഈ പന്തലിനു പുറത്ത്, ഒരു മാവിന്‍ചുവട്ടില്‍, ഒരു ഡസ്‌ക്കിന്മേല്‍ വച്ചു. ആ പെട്ടിയില്‍ എഴുതിവച്ചു. 10 പൈസയ്ക്ക് 20 എണ്ണം. വിവരം വിളിച്ചറിയിക്കുകയും ചെയ്തു. പിള്ളമുറിയില്‍ പൈസ ഇട്ടിട്ട് ആര്‍ക്കും അതിനുള്ളത് എണ്ണിയെടുക്കാം. നോട്ടക്കാരാരുമില്ല. ഒരുപകലും ഒരുരാത്രിയും ഈ സ്വതന്ത്രവ്യാപാരം നടന്നു. പിറ്റേന്നു രാവിലെ ഞങ്ങള്‍ പെട്ടി പരിശോധിച്ചു. കപ്പലണ്ടി ബാക്കി ഇല്ല. പെട്ടിയിലും പിള്ളമുറിയിലുമായി ചിതറിക്കിടന്നിരുന്ന നാണയങ്ങള്‍ ഞങ്ങള്‍ എണ്ണിനോക്കി. 21 രൂപമാത്രം. “ഇത്രകാലം പ്രവര്‍ത്തനം നടത്തിയിട്ടെന്തായി” ചിലര്‍ ചോദിച്ചു. “ആളുകളില്‍ മോഷണത്തിനുള്ള വാസന വളര്‍ത്തുകയല്ലേ ചെയ്തത്?” “ഇതൊക്കെ ഒരു വക ഭ്രാന്താണ്.” “മുഴുവന്‍ കപ്പലണ്ടിയും ഒരാള്‍ക്കുവേണമെങ്കില്‍ എടുക്കാമായിരുന്നില്ലേ?” “എത്ര പേരിട്ടിട്ടാവും ഇത്രയും രൂപ ഉണ്ടായത്?” “ഒരു രൂപാതുട്ട് എത്ര കുറവായിരുന്നു?” “ഈ രൂപാ ആരും എടുത്തുകൊണ്ടു പോയില്ലല്ലോ.” “പെട്ടിയോടെ താങ്ങിക്കൊണ്ടു പോകാമായിരുന്നില്ലേ?”

“സാറേ. വയറ്റത്തടിക്കരുതേ...”

ഒരു കുട്ടനാടന്‍ ഗ്രാമത്തിലെ തോടുകള്‍ പോള നിറഞ്ഞ് ഗതാഗതം മുടക്കിയിരുന്നു. എല്ലാ തോടുകളും തെളിക്കാന്‍ ഞങ്ങള്‍ നിശ്ചയിച്ചു. കുറെ വാരിമാറ്റുകയും കുറേ ആറ്റിലേക്ക് തള്ളുകയുമായിരുന്നു. ഓരോ തോടും നന്നായി തെളിഞ്ഞുകഴിയുമ്പോള്‍ അതിന്റെ ആറ്റിലേക്കുള്ള മുഖപ്പില്‍ ഒരു തടസ്സം കെട്ടും. നല്ല ചക്കരക്കയറില്‍ ഉണക്കത്തൊണ്ട് കോര്‍ത്ത് അയച്ചുകെട്ടിയാണ് തടസ്സം ഉണ്ടാക്കിയത്. വള്ളങ്ങള്‍ പോരുമ്പോള്‍ തൊണ്ടുകള്‍ താഴും. വള്ളം മാറിക്കഴിയുമ്പോള്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് പോള അകത്തേക്കു കയറാതെ തടസ്സംപിടിക്കും. ആഴ്ചകള്‍ നീണ്ടുനിന്ന ജോലി ഇങ്ങനെ തുടര്‍ന്നു.

ഒരുദിവസം രാവിലെ ഞങ്ങള്‍ ഒരു തോട്ടുമുക്കിനെത്തി. വെള്ളത്തിലിറങ്ങാന്‍ നേരത്ത് അവിടുത്തെ ഒരു ചായക്കച്ചവടക്കാരന്‍ ഞങ്ങളെ വിളിച്ചു പ്രശംസിച്ചു പറഞ്ഞു: “എത്ര ദിവസമായി തുടങ്ങിയിട്ട്. ഞങ്ങള്‍ ഇതെല്ലാം അറിയുന്നുണ്ട്. അങ്ങോട്ടെങ്ങും വന്നു സഹകരിക്കാന്‍ എനിക്കും മക്കള്‍ക്കും കഴിയാറില്ലെന്നേയുള്ളു. ഇവിടം ഞങ്ങള്‍ വാരി തീര്‍ത്തുകൊള്ളാം. നിങ്ങള്‍ അടുത്ത തോട്ടിലേക്കു പൊയ്‌ക്കൊള്ളൂ.”

ഞങ്ങള്‍ പറഞ്ഞു: “വളരെ സന്തോഷം. നമുക്കൊരു കാര്യം ചെയ്യാം. ഏതായാലും ഞങ്ങള്‍ ഇവിടെ വന്നല്ലോ. നിങ്ങളും വരിക. നമുക്കൊന്നിച്ച് ഇതു വാരി തീര്‍ത്തിട്ട് ഞങ്ങള്‍ അങ്ങോട്ടു പൊയ്‌ക്കൊള്ളാം.” ചായപ്പീടികക്കാരന്‍ അതിനോടു യോജിച്ചില്ല. ഞങ്ങള്‍ ഇവിടെ ബദ്ധപ്പെടുന്നത് അയാളെ അപമാനിക്കലാണെന്നാണയാളുടെ വാദം. “ഞാനും എന്റെ മക്കളും ഇവിടെ ഉള്ള സ്ഥിതിക്ക് നിങ്ങളെക്കൊണ്ടു വാരിക്കുന്നത് ശരിയോ. കാണുന്നവരെല്ലാം ഞങ്ങളെ കുറ്റം പറയുകയില്ലേ.

“അതല്ലേ നിങ്ങളും കൂടി ഒപ്പം കൂടാന്‍ പറഞ്ഞത്.”

“അതേ സാര്‍, ഇപ്പോള്‍ രാവിലെ കടയില്‍ തിരക്കാണ്. ഉച്ചയ്ക്കാണ് ഞങ്ങള്‍ക്ക് സമയം കിട്ടുക. ഞങ്ങളുടെ വിശ്രമമുറയ്ക്ക് ഞങ്ങള്‍ വാരിക്കൊള്ളാം. നിങ്ങള്‍ എല്ലാവരും ഇവിടം ഞങ്ങള്‍ക്ക് വിട്ടുതന്നിട്ട് പൊയ്‌ക്കൊള്ളൂ. ഞങ്ങള്‍ ഏറ്റു.” “കൂട്ടുകാരാ, തടസ്സപ്പെടുത്താതെ വരൂ. കടയില്‍ ആവശ്യം വരുമ്പോള്‍ കയറിപ്പോകാമല്ലോ.” ഞങ്ങള്‍ ദേഹത്ത് വെളിച്ചെണ്ണ പുരട്ടി ഇറങ്ങാന്‍ ഒരുങ്ങുന്നതു കണ്ടപ്പോള്‍ എന്നെ കടയുടെ പുറകിലേക്കു വിളിച്ചു മാറ്റിനിര്‍ത്തി അദ്ദേഹം പറഞ്ഞു: “സാറെ, വയറ്റത്തടിക്കരുതേ.” എനിക്കൊന്നും മനസ്സിലായില്ല. അയാള്‍ വസ്തുത എനിക്ക് രഹസ്യമായി പറഞ്ഞു തന്നു. ഞങ്ങള്‍ക്ക് അയാളെ വേദനപ്പെടുത്തിക്കൊണ്ട് പോള വാരേണ്ടിവന്നു. സംഭവം ഇതാണ്: ആ തോട്ടില്‍കൂടി ഉണക്കമീന്‍ നിറച്ച കെട്ടുവള്ളങ്ങള്‍ ചങ്ങനാശ്ശേരിക്ക് പോകും. അവിടെനിന്ന് കപ്പ നിറച്ച് ഇങ്ങോട്ടും പോരും. വള്ളം ഊന്നുന്നവര്‍ക്ക് ഈ ഭാഗം കടക്കാന്‍ വളരെ പ്രയാസമാണ്. അയാള്‍ കടയില്‍ ഒരു വടം വച്ചിട്ടുണ്ട്. അതു കെട്ടി മക്കളുമായി വലിച്ച് വള്ളങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടും. വള്ളക്കാര്‍ കടയില്‍നിന്ന് ചായയും കഴിക്കും. വല്ലതും കൊടുക്കുകയും ചെയ്യും. പോള പോയാല്‍ വരുമാനവും പോകും!

തണ്ണീര്‍പന്തല്‍

അമ്പലപ്പുഴ മഹാക്ഷേത്രത്തിലെ ഉത്സവം മീനച്ചൂടിന്റെ കാലത്താണ്. ഗ്രാമക്കൂട്ടപ്രദേശത്തിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ടാര്‍റോഡിലൂടെ നിരവധി ആളുകള്‍ അമ്പലത്തിലേക്ക് നടന്നുപോകാറുണ്ട്. പത്തു ദിവസമാണുത്സവം. ഈ പത്തുദിവസവും കാല്‍നടയാത്രക്കാര്‍ക്ക് വെള്ളം കൊടുത്താലോ എന്നൊരാലോചന ചിലരുടെ മനസ്സിലുണ്ടായി. തറക്കൂട്ടങ്ങളില്‍ അതാലോചനയ്ക്കുവച്ചു. പൊതുവില്‍ അംഗീകാരമുണ്ടായി. ക്ഷേത്രത്തിനു പടിഞ്ഞാറുഭാഗത്ത് റോഡരുകില്‍ വലിയൊരു മാവിന്‍ചുവട്ടില്‍ തണ്ണീര്‍പന്തലിടാം എന്ന് നിശ്ചയിച്ചു. ഉടമസ്ഥന്‍ വേലി പൊളിച്ച് മാറ്റിക്കൊള്ളുവാന്‍ സമ്മതിച്ചു. ഒരു വീട്ടുകാരന്‍ തന്റെ പണിപ്പുരയില്‍ നിന്ന് ആവശ്യമുള്ള വാരികളും കഴുക്കോലുകളും തന്നു. ഏതാനും വീട്ടുകാര്‍ ഓല തന്നു. സി.പി.ഐ ആഫീസില്‍ നിന്ന് വാടക കൂടാതെ ഒരുന്തുവണ്ടി ഉപയോഗിക്കുവാന്‍ തന്നു. ഞങ്ങള്‍ കുറച്ചുപേര്‍ അതു തള്ളാന്‍ തയ്യാറായി. ആര്‍ക്കും വശമുണ്ടായിരുന്നില്ല. എന്‍.എച്ചിലൂടെ കുറച്ചുദൂരം തള്ളിക്കൊണ്ടുവരണം. വീടുകളില്‍നിന്ന് സാധനങ്ങള്‍ വണ്ടിയില്‍ നിറച്ച് പലര്‍ചേര്‍ന്ന് തള്ളി സ്ഥലത്തുകൊണ്ടുവന്നു. ആവശ്യത്തിനുതകുന്ന ഒരു പന്തല്‍ ഭംഗിയായി തീര്‍ത്തു. ഒരു കലാകാരന്‍ സ്വന്തം ചിലവില്‍ ഒരു നല്ലബോര്‍ഡ് എഴുതിത്തന്നു. സംഭാരം കൊടുക്കാനാണ് തീരുമാനിച്ചത്. പത്തുദിവസവും വരുന്നവര്‍ക്കെല്ലാം കൊടുക്കാന്‍ എത്ര പാലിന്റെ സംഭാരം വേണമെന്ന് ഞങ്ങള്‍ക്കൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. തുടര്‍ന്നിരുന്നു കൊടുക്കാന്‍ ആരുണ്ടാവും എന്ന സംശയം പലരും ഉന്നയിച്ചു. വില കൊടുക്കാതെ പാല്‍ കിട്ടില്ല. പാത്രങ്ങള്‍ ധാരാളം വേണം. പാലു കാച്ചി, ഉറകുത്തി, മോരുണ്ടാക്കി, ചേര്‍ത്ത് സംഭാരമാക്കണം. നിത്യേന നല്ല ജോലി ഉണ്ട്. 18-20 തറയില്‍ ഒരു പാല്‍വ്യാപാരി ഉണ്ട്. ദിവസേന ആവശ്യമുള്ള പാല്‍ അദ്ദേഹം തരാമെന്നും വില ഒടുവില്‍ കൊടുത്താല്‍ മതി എന്നും പറഞ്ഞു. ഒരു ദിവസത്തെ പാല്‍ അദ്ദേഹം സൗജന്യമായും തരാമെന്നു പറഞ്ഞു. അടുത്ത ഒരു വീട്ടില്‍ ഉറകുത്ത് കലക്ക് തുടങ്ങിയവ ഏര്‍പ്പാടാക്കി. പച്ചവെള്ളം കോരിവയ്ക്കാന്‍ വലിയൊരു പാത്രം വേണമായിരുന്നു. ഗ്രാമക്കൂട്ടത്തിന് പുറത്തൊരു വീട്ടില്‍ 64 ഇടങ്ങഴി കൊള്ളുന്ന വലിയൊരു ചെമ്പുപാത്രം ഈയംപൂശിയ തുണ്ടെന്നും അവരത് പുറത്താര്‍ക്കും കൊടുക്കാറില്ലെന്നും ഞങ്ങള്‍ അറിഞ്ഞു. ഏതായാലും ഒന്നു ചോദിച്ചു നോക്കാം എന്നു നിശ്ചയിച്ചു. ഞങ്ങള്‍ അവിടെ ചെന്നു. കാര്യം പറഞ്ഞു തീരുംമുമ്പേ അമ്മ സന്തോഷത്തോടെ പറഞ്ഞു: “കൊണ്ടുപൊയ്‌ക്കൊള്ളിന്‍. സൂക്ഷിച്ചുകൊള്ളണം.” അവിടുത്തെ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന ആ വലിയ ഭംഗിയുള്ള പാത്രം തണ്ണീര്‍പന്തലിനെ മഹിമയുള്ളതാക്കി. അടൂരുള്ള ഒരു ബന്ധു നല്ല ഇഞ്ചി വേണ്ടുവോളം കൊടുത്തയച്ചു. സംഭാരം കലക്കിവയ്ക്കാന്‍ വലിയ ഒരണ്ഡാവ് വേണമായിരുന്നു. സ്റ്റീല്‍ ആയാല്‍ ഉത്തമം. 23-ആം തറയിലെ ഒരു വീട്ടില്‍ വലിയൊരു സ്റ്റീല്‍ അണ്ഡാവ് ഉണ്ടെന്നറിഞ്ഞു. അത് ആ വീട്ടിലെ ഒരംഗത്തിന് സമ്മാനം കിട്ടിയതാണ്. പുറത്തെങ്ങും കൊടുത്തിട്ടില്ല. അവിടുത്തെ അമ്മ പറഞ്ഞു: “നിങ്ങള്‍ കൊണ്ടുപോയ്‌ക്കൊള്ളിന്‍. അവള്‍ വരുമ്പോള്‍ ഞാന്‍ പറഞ്ഞുകൊള്ളാം.” ആ പാത്രം തണ്ണീര്‍പന്തലിന് ഒരലങ്കാരമായിക്കൂടി പ്രയോജനപ്പെട്ടു. രണ്ടുദിവസം മുമ്പേ ഞങ്ങള്‍ പാല്‍വാങ്ങി ഉറകുത്താന്‍ തുടങ്ങി. കൊടിയേറ്റുമുതല്‍ സംഭാരവിതരണം ആരംഭിച്ചു. ഗ്രാമക്കൂട്ടപ്രദേശത്തിലെ പല കുടുംബങ്ങളിലുള്ള സ്ത്രീകള്‍ വന്നിരുന്ന് സന്തോഷമായി സംഭാരം നല്ല സ്റ്റീല്‍ ഗ്ലാസ്സുകളില്‍ പകര്‍ന്നുകൊടുത്തു. വാഹനങ്ങള്‍ നിറുത്തി ആളുകള്‍ സംഭാരം വാങ്ങിക്കുടിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് തുടങ്ങിയ ഉദ്യോഗസ്ഥന്മാരും തണ്ണീര്‍പന്തല്‍ സന്ദര്‍ശിച്ച് സംഭാരം കുടിച്ചുപോയി. അടുത്തുള്ള തിയേറ്ററില്‍നിന്ന് തണ്ണീര്‍പന്തലിനകത്തേക്ക് നല്ല ബഞ്ചുകള്‍ കിട്ടി. പുത്തന്‍ മണ്‍പാത്രങ്ങളില്‍ രാമച്ചവെള്ളവും തയ്യാറാക്കിയിരുന്നു.

പുരുഷന്മാരും തൈരു കടയാന്‍ പഠിച്ചു. ആര്‍ക്കും ഒന്നും ഭാരമായിരുന്നില്ല. ദിവസം രണ്ടുനേരവും തുത്തുതളിച്ച് വൃത്തിയാക്കിയിരുന്നതിനാല്‍ ഒരീച്ചപോലും ശല്യം ചെയ്തില്ല. ആയിരക്കണക്കിനാളുകള്‍ സംഭാരം കുടിച്ചുകൊണ്ടിരുന്നു. രണ്ടു കണ്ണും കണ്ടുകൂടാത്ത ഒരു സുഹൃത്ത് 15-ആം തറയിലുണ്ട്. അദ്ദേഹമാണ് നിത്യവും ആവശ്യമായ കറിവേപ്പില ശേഖരിച്ച് തന്നുകൊണ്ടിരുന്നത്.

തണ്ണീര്‍പന്തലിനോടു ചേര്‍ന്നുള്ള മാന്തണലില്‍ ഞങ്ങള്‍ ചര്‍ച്ചായോഗങ്ങള്‍ നടത്തി. ഒരു സുഹൃത്ത് രണ്ടു വിരി ഞങ്ങള്‍ക്കു പത്തു ദിവസത്തേക്ക് സൗജന്യമായി തന്നു. അതു വിരിച്ചാണ് ഞങ്ങള്‍ യോഗം ചേര്‍ന്നത്. ആയിരം രൂപയോളമേ വേണ്ടി വന്നുള്ളു. പണം പിരിച്ചതേ ഇല്ല. ഓരോരുത്തര്‍ അറിഞ്ഞു കേട്ടു കൊണ്ടുവന്നു തന്നു. തികഞ്ഞു.