close
Sayahna Sayahna
Search

സ്വത്തുടമ പുതിയ ലോകത്തില്‍


സ്വത്തുടമ പുതിയ ലോകത്തില്‍
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: പുതിയ സമൂഹത്തില്‍ സ്വത്തുടമാസമ്പ്രദായം ഏതു തരത്തിലുള്ളതായിരിക്കും?

ഉത്തരം: സ്വകാര്യ ഉടമ, സര്‍ക്കാര്‍ ഉടമ ഇതുരണ്ടും ഉണ്ടായിരിക്കുക ഇല്ല.

രാജു: പൊതു ഉടമ വേണ്ടിവരില്ലേ

നവ: ഒരിക്കല്‍ ദര്‍ശനത്തില്‍ വ്യക്തി ഉടമ എന്നൊരു പ്രയോഗം വന്നത് ഞാനോര്‍ക്കുന്നു

ഞാന്‍: അതെ. അതാണെന്റെ ചിന്തയില്‍ ഉയര്‍ന്നുനില്ക്കുന്ന ഉടമാ സങ്കല്പം. അതു വ്യക്തമാക്കാം.

ഞാനെന്നും, എന്റേതെന്നും രണ്ടുഭാവങ്ങള്‍ ജീവന് ഉണ്ട്. എല്ലാ ജീവികളിലും ഇതു കാണാം. എല്ലാം വ്യത്യസ്തമായി ഭവിച്ചിരിക്കുന്നതിന്റെ അടിസ്ഥാനപരമായ ഒരു കാരണം ഇതാണെന്നെനിക്കു തോന്നാറുണ്ട്. ഞാന്‍ പ്രപഞ്ചത്തിലെ മറ്റെല്ലാറ്റിലും നിന്നും വ്യത്യസ്തനാണെന്ന് ഞാന്‍ കരുതുന്നു. എന്നോളം പ്രാധാന്യം മറ്റൊന്നിനും കല്പിക്കുവാന്‍ എനിക്കു സാദ്ധ്യമല്ല. ഇങ്ങനെ ഓരോരുത്തരും കരുതുന്നതുകൊണ്ടാണ് പ്രകൃതിയില്‍ നാനാത്വവും സൗന്ദര്യവും ശക്തിയുമെല്ലാം ഇത്രമാത്രം വൈവിദ്ധ്യത്തോടെ ഉണ്ടായിരിക്കുന്നത്. ഓരോന്നും, ഓരോ നിമിഷവും, തന്നെ ആവിഷ്‌കരിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്വത്വത്തിന്റെ നിരന്തരമായ ആവിഷ്‌കാരമാണ് ജീവിതം. അതുതന്നെയാവാം ചലനത്തിന്റെ മൂലശക്തി. എനിക്ക് താത്വികമായി ഇതേപ്പറ്റി പറയുവാന്‍ കഴിവില്ല. തോന്നലുകള്‍ മാത്രമാണ് ഞാന്‍ പറയുന്നത്. സര്‍വാബദ്ധമായി കൂടായ്കയില്ല. എങ്കിലും എനിക്കു തോന്നുന്നത് ഞാന്‍ പറയട്ടെ.

ഞാനെന്നും എന്റേതെന്നുമുള്ള ഈ ഭാവങ്ങളെ തളര്‍ത്താന്‍ ശ്രമിച്ചാല്‍ ജീവന്റെ സ്ഫുരണം വികൃതമായേക്കാനിടയുണ്ട്. ഒരിക്കല്‍ ഞാന്‍ റ്റി.ഡി. മെഡിക്കല്‍ കോളേജിലെ ഒരു പ്രദര്‍ശനത്തോടനുബന്ധിച്ച് ഒരു ഫിലിം കാണുകയുണ്ടായി. പുരുഷബീജം, സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ കടന്ന് അണ്ഡവുമായി ചേരുന്നതു മുതല്‍ ബാലനാകുന്നതുവരെ സജീവമായി അതില്‍ കാണിച്ചിരുന്നു. ഒരു ബിന്ദു ഇരട്ടിക്കുന്നതും അതു സൂക്ഷ്മമായി ഒരു മാംസപിണ്ഡമാകുന്നതും അതിന് കണ്ണും കാതും ഉണ്ടാകുന്നതും കൈകാലുകള്‍ സ്ഫുടിക്കുന്നതും ഒക്കെ നമുക്കതില്‍ കാണാം. അതു കണ്ടപ്പോള്‍ ഈ മാംസപിണ്ഡത്തില്‍ എന്തുകൊണ്ട് കണ്ണും കാതും ഉണ്ടായി വന്നു എന്നു ഞാന്‍ ചിന്തിച്ചു. എനിക്കു തോന്നി ജീവന്റെ ഇച്ഛാശക്തിയുടെ പ്രകടനഫലമാണിതെല്ലാം എന്ന്. സമസ്തചലനങ്ങളുടേയും പിന്നില്‍ ഇച്ഛാശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ എന്ന വ്യക്തി ഒരിച്ഛാശക്തിയാണെന്ന യാഥാര്‍ത്ഥ്യത്തെ നമുക്കംഗീകരിക്കുക. ഇച്ഛാശക്തിയുടെ ആവിഷ്‌കാരമാണ് രൂപം. ആവിഷ്‌കാരങ്ങള്‍ എല്ലാം ഇച്ഛാശക്തി അനുസരിച്ചായിരിക്കണം. മറ്റൊരാളുടെ ഇച്ഛക്കനുസരിച്ചു എന്നില്‍ ആവിഷ്‌കാരം ഉണ്ടാകണമെന്ന മോഹം പ്രകൃതിവിരുദ്ധമാണ്.

ഞാനെന്തിനാണ് ഉണ്ടായിരിക്കുന്നത് എന്നു ചിന്തിക്കുവാന്‍ കഴിയുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍. ഞാന്‍ പ്രത്യേക വ്യക്തിത്വങ്ങളോടുകൂടി ഉണ്ടായിരിക്കുന്നത് ആകെ പ്രപഞ്ചത്തോടു ചേര്‍ന്ന് ആനന്ദം അനുഭവിക്കാനാണ്. ചേര്‍ച്ചയിലെ ആനന്ദത്തിന് അതിനുമുമ്പുള്ള അകലം ആവശ്യമാണ്. പ്രത്യേകതകളുണ്ടായിരിക്കെ ഓരോന്നിനോടുമുള്ള ബന്ധം സാക്ഷാത്കരിക്കാന്‍ കഴിയുന്നതിനനുസരിച്ച് ആനന്ദാനുഭൂതിയും വര്‍ദ്ധിച്ചുവരും. ഈ വീട് എന്റേതാണ് എന്ന ബോധം പുതിയ സമൂഹത്തില്‍ നശിക്കുന്നില്ല. ഈ വീട് എന്റേതാണ്. എല്ലാവരും എനിക്കുള്ളവരായതുകൊണ്ട് ആര് ഇവിടെ വരുന്നതും എനിക്കു സന്തോഷമാണ്. ഈ 45 സെന്റുസ്ഥലം എന്റേതാണ്. എന്റെ അച്ഛന്‍ തന്നതാണ്. ഈ ഭൂമിയില്‍ എന്റെ കൂടെ അദ്ധ്വാനിക്കാന്‍ ആര്‍ക്കും വരാം. എന്റെ തൊട്ടടുത്ത കുമ്മന്‍കോട്ടു പറമ്പ് പാലത്തിട്ട വകയാണ്. അവിടെ അവരോടൊപ്പം പണി ചെയ്യുവാന്‍ എനിക്കും അവസരം ഉണ്ടാകും. എന്റെ പറമ്പിലുണ്ടായിട്ടുള്ള വിളകള്‍ എല്ലാം എനിക്കുള്ളതാണ്. കുമ്മന്‍കോട്ടു പറമ്പിലുണ്ടാകുന്നതെല്ലാം പാലത്തിട്ടക്കാര്‍ക്കുള്ളതാണ്. ഞാന്‍ എന്റെ വിളകള്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്നു. മറ്റുള്ളവര്‍ എനിക്കാവശ്യം പോരാത്തത് തരികയും ചെയ്യുന്നു. ഞാന്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്നത് ഇവിടെ അവര്‍കൂടി പണിചെയ്തതുകൊണ്ടല്ല; അവര്‍ എനിക്ക് വേണ്ടപ്പെട്ടവരായതുകൊണ്ടാണ്. പൊതു ഉടമയില്‍ ഉണ്ടാക്കിയ വിളവ് അവകാശപ്പെട്ടവര്‍ക്ക് കൊടുക്കുന്നതിലെ ശുഷ്‌കമായ കണക്കല്ല ഇവിടെ പ്രസക്തം. എനിക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന വിളകള്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു. ഇവിടെയാണ് വ്യക്തിവികാസം സംഭവിക്കുക. വ്യക്തിബന്ധം ഉറയ്ക്കുക. കൊടുക്കുന്നവനും വാങ്ങുന്നവനും സന്തോഷമുണ്ടാവുക അത് സ്വന്തം ഇച്ഛക്കനുസരിച്ച് ആകുമ്പോഴാണ്. ഇച്ഛാശക്തി ഇവിടെ തളരുന്നില്ല; വളരുന്നു.

പൊതു ഉടമാ സമ്പ്രദായമാണല്ലോ ഇന്ന് കൂടുതല്‍ കാര്യമായി കരുതപ്പെടുന്നത്. നമ്മുടെ ആറുപേരുടേയും സമ്പത്ത് ഒന്നിച്ചു കൊണ്ടുവന്നിട്ട് നമുക്കാറുപേര്‍ക്കും ജോലി തരുന്ന ഒരേജന്‍സി ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്. നാം നേരിട്ട് അതിന് തയ്യാറല്ലെന്നതുകൊണ്ടല്ലേ. സമ്പത്തിന്റെ ദേശസാത്കരണം ആവശ്യമായി വരുന്നതു വ്യക്തികള്‍ അന്യോന്യം വേണ്ടപോലെ പെരുമാറുകില്ല എന്ന നിഗമനത്തിലാണ്. പൊതുഉടമ വേണമെന്നു തോന്നുന്നത് സ്വകാര്യ ഉടമാ സമ്പ്രദായത്തിലുള്ള ദോഷം കൊണ്ടാണ്. സ്വകാര്യ ഉടമ എന്നാല്‍ മറ്റെല്ലാവരും എനിക്കന്യരാണ് എന്ന ബോധമാണ്. എനിക്കു വേണ്ടത് ഞാനാര്‍ജിച്ചേ തീരൂ. ലോകത്ത് മറ്റാരും എന്റെ കുടുംബത്തെ ശ്രദ്ധിക്കാനില്ല. ഈ ബോധമാണ് സ്വകാര്യ ഉടമാ സമ്പ്രദായത്തിന്റെ അടിത്തറ. ഈ ബോധമാണ് ധനിക ദരിദ്ര ഭേദം ഉണ്ടാക്കുന്നത്.

രാജു: ഒറ്റപ്പെടലിന്റെ അടിസ്ഥാനമാണ് നാം കണ്ടെത്തുന്നത്. തുരുത്തുതുരുത്തായി അകന്നകന്ന് ജീവിക്കേണ്ടിവരുന്നത്. മറ്റുള്ളവരെ വേണ്ടപ്പെട്ടവരായി കരുതി ജീവിക്കാനുള്ള ബോധവും സാഹചര്യവും വളര്‍ത്തുന്നതിനുപകരം മറ്റുള്ളവരില്‍ നിന്ന് ഓരോരുത്തരെയും രക്ഷപ്പെടുത്താനുള്ള ഭരണകൂടങ്ങള്‍ നാം ഉണ്ടാക്കി വച്ചതുകൊണ്ടല്ലേ.

നവന്‍: വിദ്യാഭ്യാസവും അതേ ചാലിലായിപ്പോയി. ഒറ്റയ്‌ക്കൊറ്റയ്ക്ക് ജീവിക്കാനുള്ള മാര്‍ഗം ഓരോരുത്തര്‍ക്കും തെളിയിച്ചുകൊടുക്കുകയാണ് വിദ്യാഭ്യാസം എന്നു വന്നു.

മിനി: ഈയിടെയായി നാണയത്തിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. ഒറ്റയ്ക്ക് ആര്‍ജിക്കാനും രക്ഷിക്കാനും വേണ്ടി കണ്ടെത്തിയ ഒരേര്‍പ്പാടാണീ നാണയം. നോട്ടായപ്പോള്‍ സൗകര്യംകൂടി. ചെക്ക് അതിനേക്കാള്‍ വ്യക്തിക്ക് ഒതുക്കി കൈകാര്യം ചെയ്യാം. ഒറ്റയ്ക്കുള്ള ആര്‍ജനത്തിന്റേയും വിനിമയത്തിന്റെയും സൂക്ഷിപ്പിന്റെയും വഴികള്‍ ഇന്ന് ഏറെ ഏറെ തെളിച്ചുകൊണ്ടുവരികയാണ് സാമ്പത്തികശാസ്ത്രം! എത്ര കഷ്ടമായ ദിശയിലേക്കാണ് സാമ്പത്തിക തത്വശാസ്ത്രം നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്.

കബീര്‍: ഞങ്ങള്‍ ആലപ്പുഴവച്ചു ചോദ്യം എഴുതിയപ്പോള്‍ ഉടമാസമ്പ്രദായത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയുണ്ടായി. സാമൂഹ്യ ഉടമയോടാണ് എല്ലാവര്‍ക്കും അപ്പോള്‍ യോജിപ്പു തോന്നിയത്.

ഞാന്‍: വ്യക്തി ഉടമാസമ്പ്രദായത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിരുന്നുവോ?

കബീര്‍: ഇല്ല. ആ ആശയം ഞാനിപ്പോള്‍ ആദ്യമാണ് ശ്രദ്ധിക്കുന്നത്.

രാജു: ഗാന്ധിജിയുടെ ട്രസ്റ്റിഷിപ്പ് സിദ്ധാന്തത്തോട് ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എനിക്കു തോന്നുന്നുണ്ട്.

ഞാന്‍: ഖനികള്‍, വനങ്ങള്‍ തുടങ്ങി വ്യക്തിയുടെ സ്വാധീനവലയത്തിലും സങ്കല്പത്തിലും ഒതുങ്ങാത്ത പലതും സാമൂഹ്യ ഉടമയില്‍ വരും. ഇവിടെ ഓര്‍മിക്കേണ്ട കാര്യം വ്യക്തികള്‍ പരസ്പരം ചൂഷണം ചെയ്യാനിടയുള്ളതുകൊണ്ട് അതിനൊരു പരിഹാരമെന്ന നിലയില്‍ സാമൂഹ്യ ഉടമാസമ്പ്രദായം പുത്തന്‍ സമൂഹത്തെ ആവശ്യമായി വരില്ല എന്നതാണ്. വ്യക്തി ഉടമയുടെ പൂരകമായിരിക്കും സാമൂഹ്യ ഉടമ.

വ്യക്തി ഉടമാ സങ്കല്പം ഗാന്ധിജിയുടെ ട്രസ്റ്റിഷിപ്പ് സങ്കല്പത്തോട് വളരെ ബന്ധപ്പെട്ടതാണ്. ഓരോ വ്യക്തിയും ഉടമയാകുന്നത് തന്റെ സമൂഹത്തിനുവേണ്ടിയായിരിക്കും. എല്ലാവരും ഉടമകളായിരിക്കും. കുറെ ഉടമകള്‍ മറ്റുള്ളവരെ തങ്ങളുടെ ധര്‍മബോധംകൊണ്ട് രക്ഷിക്കുന്നു എന്ന കാഴ്ചപ്പാട് ആരും പുലര്‍ത്തുകയില്ല. എന്നാല്‍ സമ്പത്ത് ഒരുപോലെ ആയിരിക്കണമെന്നില്ല. ഒരാള്‍ക്ക് കൂടുതല്‍ ഉണ്ടായെന്നുവരാം. ആരും അത് അന്യമായി കണക്കാക്കുക ഇല്ല. ഒരാള്‍ വളരെ വലിയ ഒരു വീട് ഉണ്ടാക്കി എന്നുവരും. അയാളുടെ ഒരു താത്പര്യമാണത്. എല്ലാവരും കൂടി അതു സാധിച്ചുകൊടുക്കും. അതുകൊണ്ട് മറ്റാര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല. ഒരു വൈവിദ്ധ്യം എന്നേ കരുതൂ. ചിലര്‍ കുടില്‍കെട്ടി താമസിച്ചുവെന്നു വരും. കൊട്ടാരം കെട്ടാന്‍ ആവാത്തതുകൊണ്ടല്ല; വേണമെന്നു തോന്നാത്തതുകൊണ്ട്. വ്യക്തി ഉടമ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ സമൂഹത്തില്‍ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നില്ല. ഓരോ വ്യക്തിയും മറ്റെല്ലാവര്‍ക്കുംവേണ്ടി എല്ലാവരുടേയും സഹകരണത്തോടു കൂടി എന്നാല്‍ സ്വന്തം ഇച്ഛക്കനുസരിച്ച് ആവിഷ്‌കാരങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന വൈവിദ്ധ്യം ലോകത്തെ ഏറെ ആനന്ദപ്രദമാക്കാനാണ് സാദ്ധ്യത. പൊതു ഉടമയിലെ സമാനതയെക്കാള്‍ സുന്ദരമായിരിക്കും വ്യക്തിഉടമയിലെ വൈവിദ്ധ്യം എന്നെനിക്കു തോന്നുന്നു.