close
Sayahna Sayahna
Search

മാദ്ധ്യമങ്ങള്‍ മതിയാവില്ല


മാദ്ധ്യമങ്ങള്‍ മതിയാവില്ല
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: പലകാര്യങ്ങളിലും നാം യോജിച്ചൊരു ചര്‍ച്ചയാണ് നടത്തിപ്പോരുന്നത്. ഇടയ്ക്ക് അല്പം അഭിപ്രായവ്യത്യാസം വരുന്നത് നല്ലതുതന്നെ. പഴയകാലത്ത് നാടുതോറും കൂട്ടം ഉണ്ടായിരുന്നുവെന്ന് രാജു പറഞ്ഞുവല്ലോ. ഇന്നും പലേടത്തും അതുണ്ട്. മറ്റു പേരുകളിലാണെന്നു മാത്രം. അന്നും ഇന്നും ഈ കൂട്ടങ്ങളില്‍ ഒരു കരയെ മുഴുവനും ഉള്‍ക്കൊള്ളിക്കാറുണ്ടോ? ബ്രാഹ്മണസമൂഹം, നായര്‍ കരയോഗം, ഇടവക, മഹല്ല് ഇങ്ങനെ പോകും അവ. നാം ഉദ്ദേശിക്കുന്ന അയല്‍ക്കൂട്ടം അതല്ല. ഒരു കരയില്‍ താമസിക്കുന്ന എല്ലാവരും ഒന്നിച്ചു സഹകരിച്ച് പുരോഗമിക്കുന്ന ഒരുജീവിതമാണ് നാം ലക്ഷ്യമാക്കുന്നത്. ആ ബോധത്തില്‍ നാട്ടുകാരെ കൂട്ടാനാണ് നാം ശ്രമിക്കേണ്ടത്. ആകര്‍ഷണ ബിന്ദു ഒന്നിച്ചു പുരോഗമിക്കുന്നതിലെ ആനന്ദമാകണം. പുതിയ അറിവുകളും, സൗകര്യങ്ങളും, സന്തോഷവും നേടി സ്വകാര്യജീവിത രംഗത്തേക്കു മടങ്ങിപ്പോകാനുള്ള താത്പര്യം ഉണര്‍ത്തി ഒന്നിച്ചു കൂട്ടുന്നത് നവസമൂഹ രചനയ്ക്ക് സഹായകമാവുകയില്ല.

കബീര്‍: ഈ ബോധം ഉണര്‍ത്തുക എളുപ്പമല്ലാത്തതുകൊണ്ടാണ് ജനങ്ങളെ ഒന്നിച്ചുകൂട്ടാന്‍ ചില ആകര്‍ഷകങ്ങള്‍ വേണ്ടിവരുമെന്ന് പറയുന്നത്.

ഞാന്‍: നിങ്ങളീപ്പറഞ്ഞതെല്ലാം പരീക്ഷിച്ചു കഴിഞ്ഞതും ഇപ്പോഴും ചെയ്തു വരുന്നതുമാണ്. നെയ്ത്തുശാലയുടെ കാര്യം ഞാന്‍ പറഞ്ഞല്ലോ. തൊഴിലിന്റെ ആകര്‍ഷണത്തില്‍ നാട്ടുകാരെ സംഘടിപ്പിക്കാനാണ് ഗാന്ധിസ്മാരകനിധി ശ്രമിച്ചത്. ഗ്രാമസ്വരാജ് ആയിരുന്നു ലക്ഷ്യം. ആളുകള്‍ വരികയും സഹകരിക്കുകയും ചെയ്തു എന്നാല്‍ അവ വിജയിച്ചില്ല. വിശകലനം ചെയ്തുനോക്കിയാല്‍ കാരണം വ്യക്തമാകും. സ്വകാര്യപരതയുടെ കാഴ്ചപ്പാടു പുലര്‍ത്തിക്കൊണ്ടാണ് ആളുകള്‍ മുന്നോട്ടു വന്നത്. ചിലപ്പോള്‍ പ്രവര്‍ത്തകര്‍ പോലും സ്വകാര്യ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വരാറ്. രോഗാണുവിനെ കാണാന്‍ പോകുന്ന ഒരു വ്യക്തിക്ക് അനേകരുടെ കൂട്ടത്തിലിരുന്നാണ് താനതു കാണുന്നതു എന്നതുകൊണ്ട് സാമൂഹ്യബോധം ഉണ്ടാകണമെന്നില്ല. ഹരിശ്ചന്ദ്രന്‍ സത്യത്തിനുവേണ്ടി തന്റെ മകനെ വില്‍ക്കുമ്പോള്‍ എല്ലാവരും കരഞ്ഞുപോകുന്നു. ആ സത്യബോധം സമൂഹ ജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. ഗാന്ധിജിയെപ്പോലുള്ള ചിലവ്യക്തികള്‍ക്ക് കഴിഞ്ഞെന്നുവരും. ഞാന്‍ നിഷേധിക്കുന്നില്ല. ഒരിക്കല്‍ ഞാന്‍ ഒരു നൂല്പുശാലയില്‍ പോയി. അവിടെ പ്രാര്‍ത്ഥനയോടെയാണ് നൂല്പ് ആരംഭിക്കുന്നത്. പ്രാര്‍ത്ഥന കഴിഞ്ഞാല്‍ പത്തുമിനിട്ടു ക്ലാസ്സും ഉണ്ടാകും. ഞാനതിലെല്ലാം പങ്കെടുത്തു. ക്ലാസ്സുകഴിഞ്ഞ് കുട്ടികള്‍ അവരുടെ ചര്‍ക്കകളുടെ അടുത്തേയ്ക്ക് ഓടിപ്പോയി. ഈ പത്തുമിനിട്ടുകൂടി നൂല്‍ക്കാന്‍ കിട്ടിയിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് അല്പംകൂടി ആദായം കിട്ടിയേനെ. എന്നാണവരുടെ ഉള്ളിലിരുപ്പ്. എന്ന് അവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ എനിക്കു മനസ്സിലായി.

എന്റെ വിചാരം ഞാനൊന്നു കൂടി വിശദമാക്കട്ടെ. സ്വകാര്യമാത്രപരതയ്ക്ക് അവസരം കിട്ടിപ്പോയാല്‍ അവന്‍ പിന്നെ പിന്മാറില്ല. അവന്റെ നീരാളിപ്പിടുത്തം വിടുവിക്കാനാവില്ല. നമ്മുടെ ഭരണത്തേയും തൊഴിലിനേയും സാഹിത്യത്തേയും എല്ലാം ഇവന്‍ സ്പര്‍ശിച്ചു കഴിഞ്ഞു. ഇനിയവന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇവ രക്ഷപ്പെടുന്ന പ്രശ്‌നമേയില്ല.

മിനി: ഈ സ്ഥാപനങ്ങളെ സംസ്‌കരിച്ചെടുക്കാന്‍ ഒരു വഴിയുമില്ലെന്നാണോ?

ഞാന്‍: സ്ഥാപനങ്ങള്‍ ജഡങ്ങളാണല്ലോ? മനുഷ്യനാണവയുടെ ആത്മാവ്. മനുഷ്യനില്‍ മാറ്റം വന്നാല്‍ സ്ഥാപനങ്ങളുടെ രൂപഭാവങ്ങളിലും മാറ്റം വരും. ഇതു സാധിക്കണമെങ്കില്‍ പുത്തന്‍ ജീവിതം തന്നെ ആകര്‍ഷണ ബിന്ദുവാകണം. ഇന്നത്തെ വ്യവസ്ഥിതി തുടരാന്‍ കൊള്ളാവുന്നതല്ലെന്നു തോന്നണം. പുതിയ തരം അടുപ്പ്, ചിലവു കുറഞ്ഞയിനം കക്കൂസ്, ശുദ്ധമായ പച്ചക്കറി തുടങ്ങിയവ ഓരോ വീടിനും ലഭ്യമാകുമോ എന്നതല്ല, ഇവ ഓരോ വീടിനും ഉണ്ടാവണമെന്ന് ഓരോ നാടും ആഗ്രഹിക്കുകയും ഒന്നിച്ച് അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യുമോ എന്നതായിരിക്കണം പ്രവര്‍ത്തന ശൈലി. അപ്പോള്‍ മാത്രമേ അത് വിപ്ലവ പ്രവര്‍ത്തനമാവൂ.

ഇന്നത്തെ ശൈലി സ്വകാര്യതയും ഉദാസീനതയും ജനങ്ങളില്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളു. പ്രവര്‍ത്തകര്‍ക്ക് ഉത്സാഹം തോന്നും. എന്നാല്‍ ജനങ്ങളില്‍ ഉത്തരവാദിത്വബോധം ഉണരുകയില്ല. പുതിയ അടുപ്പ് ചെയ്തു കൊടുത്തു കഴിഞ്ഞാല്‍ നല്ലതെന്നോ മോശമെന്നോ പറയും. നിസ്വാര്‍ത്ഥമായി അതു ചെയ്തു കൊടുത്ത പ്രവര്‍ത്തകര്‍ക്ക് എന്തോ കിട്ടുന്നുണ്ട് എന്നാരോപിക്കും. മറ്റുള്ളവര്‍ക്കും തങ്ങള്‍ക്കു കിട്ടിയ സൗകര്യം ലഭിക്കണം എന്ന ബോധമുണ്ടല്ലോ അത് ഉണരുകില്ല. സര്‍ക്കാര്‍ശൈലിയാണ് വ്യക്തികളുടെ ആവശ്യം നിര്‍വഹിച്ചു കൊടുത്ത് അവരെ തൃപ്തരാക്കുക എന്നത്. വിപ്ലവകാരികള്‍ ആ ശൈലി സ്വീകരിച്ചാല്‍ സമൂഹസൃഷ്ടി നടക്കുകയില്ല. അതുകൊണ്ട് നാം സംഘടിപ്പിക്കുന്ന യോഗങ്ങളിലേക്ക് ആളുകള്‍ വരുന്നത് അവരില്‍ ഓരോരുത്തര്‍ക്കും അത്ഭുതങ്ങള്‍ കാണുവാനോ, അറിവുകള്‍ നേടുവാനോ തൊഴില്‍ കണ്ടെത്തുവാനോ, പ്രാര്‍ത്ഥിക്കുവാനോ ആയാല്‍ പോരാ. ഇതൊക്കെ കൂടെ ഉള്ളവര്‍ക്കും നേടാന്‍ വേണ്ടിയാവണം. നാട്ടില്‍ എല്ലാവര്‍ക്കും തൊഴില്‍, എല്ലാ വീട്ടിലും കക്കൂസ്, ലോകത്തിനാകെ വേണ്ടി പ്രാര്‍ത്ഥന എന്നീ മാനുഷികശൈലി പരിശീലിക്കണം. ആളുകളെ വ്യക്തിപരമായി സമീപിച്ചു മനസ്സൊരുക്കാതെ ഈ ഉണര്‍വുണ്ടാകില്ല. മറ്റൊരാകര്‍ഷണം നല്‍കി വിളിച്ചു കൂട്ടി ഈ ഉണര്‍വുണ്ടാക്കാന്‍ സാദ്ധ്യമല്ല.